Thursday, March 14, 2024

തെരെഞ്ഞെടുപ്പ് ബോണ്ടുകൾ : സംഘടിത കൊള്ളയും നിയമവിധേയമാക്കിയ കൊള്ളയും

 

മോഡി സർക്കാരിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും ശ്രമങ്ങളെ പരാജയപ്പെടുത്തി ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ ഒടുവിൽ പുറത്തു വന്നു കഴിഞ്ഞു.

ഓരോ പാർട്ടിക്കും ആരൊക്കെ എത്രയൊക്കെ തുകയ്ക്കാണ് ബോണ്ടുകൾ കൊടുത്തത് എന്ന വിവരം കൃത്യമായി കാണിക്കാതെ ബോണ്ടുകൾ വാങ്ങിയവരുടെയും ബോണ്ടുകൾ കിട്ടിയ പാർട്ടികളുടെയും വിവരങ്ങൾ പ്രത്യേകം പ്രത്യേകം ആണ് SBI സമർപ്പിച്ചത്. എങ്കിൽ തന്നെയും പുറത്തു വന്ന വിവരങ്ങൾ പല വിദഗ്ദ്ധരും വിശ്ലേഷണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതിൽ നിന്നും വിലപ്പെട്ട പല വിവരങ്ങളും പുറത്തു വരും എന്ന് തന്നെയാണ് പ്രതീക്ഷ. പ്രത്യേകിച്ചും ഈ ഡാറ്റ പുറത്തുവിടാതിരിക്കാൻ നടത്തിയ ശ്രമങ്ങൾ കണക്കിലെടുക്കുമ്പോൾ.

ഇതുവരെ വില്ക്കപ്പെട്ട ബഹുഭൂരിഭാഗവും ബോണ്ടുകൾ എത്തിച്ചേർന്നത് ബിജെപി യുടെ അക്കൗണ്ടിൽ ആണെന്നതിനാലും പ്രതിപക്ഷത്തിന്റെയും റിസർവ് ബാങ്കിന്റെയും എതിർപ്പ് വകവെക്കാതെ ഈ സ്കീം നടപ്പിലാക്കിയത് ബിജെപി ആണെന്നതിനാലും മോഡി സർക്കാരിന് ഈ പാപത്തിൽ നിന്നും കൈ കഴുകി മുക്തരാകാൻ കഴിയില്ല തന്നെ.

കിട്ടിയ ഡാറ്റയുടെ വിശ്ലേഷണത്തിന്റെ തുടക്കത്തിൽ പുറത്തുവരുന്ന പ്രാരംഭ വിവരങ്ങൾ തന്നെ ഞെട്ടിക്കുന്നതാണ്. പ്രധാനമായും മോഡി സർക്കാരിന്റെ നാല് കുതന്ത്രങ്ങൾ ആണ് വെളിച്ചത്താവുന്നത്.

1. ഉദ്ധിഷ്ഠ കാര്യത്തിന് ഉപകാരം: സർക്കാരിന്റെ ഏതെങ്കിലും കോൺട്രാക്ട് ലഭിക്കുന്ന കമ്പനികൾ കൈക്കൂലിയായി ബോണ്ടുകൾ നൽകുന്ന തന്ത്രം.


ഉദാ (i)             മേഘ എഞ്ചിനീയറിങ്ങ് & ഇൻഫ്രാ കമ്പനി - 2023 ഏപ്രിലിൽ 140 കോടി രൂപ നൽകി. ഒരു മാസത്തിനുള്ളിൽ, മേയ് 2023 , അവർക്ക് 14,400 കോടിയുടെ താനെ-ബോറിവലി ഇരട്ട തണൽ പ്രൊജക്റ്റ് കിട്ടി!  മൊത്തം 800 കോടിയോളം രൂപ ബോണ്ടായി നൽകി.

ഉദാ (ii)            ജിൻഡാൽ സ്റ്റീൽ & പവർ കമ്പനി - 2022 ഒക്ടോബർ 7 ന് 25 കോടി രൂപ ബോണ്ടായി നൽകി.   2022 ഒക്ടോബർ 10 ന് Gare Palma IV/6 എന്ന കൽക്കരി ഖനി അവർക്ക് ലഭിച്ചു.

2. അധോലോകം സ്റ്റൈൽ ഗുണ്ടാപ്പിരിവ് - ഏതെങ്കിലും കമ്പനിയെ ED, CBI, Income Tax ഏജൻസികളെ ഉപയോഗിച്ച് റെയ്‌ഡ്‌ നടത്തി ഭീഷണിപ്പെടുത്തി പണം പിരിച്ചെടുക്കുക എന്നതാണ് ഈ രീതി.

ഉദാ (i)             2023 ഡിസംബറിൽ IT ഡിപ്പാർട്മെൻറ് ഷിർദി സായി ഇലക്ട്രിക്കൽസ്-ൽ റെയ്‌ഡ്‌ നടത്തി. ജനുവരി 2024 ൽ അവർ 40 കോടി രൂപ ബോണ്ടായി നൽകി.

ഉദാ (ii)            ഫ്യൂച്ചർ ഗെയിമിങ് & ഹോട്ടൽസ് കമ്പനി - 2022 ഏപ്രിൽ 2 ന് ED റെയ്‌ഡ്‌. അഞ്ചു ദിവസം കഴിഞ്ഞ് 2022 ഏപ്രിൽ 7 ന് അവർ 100 കോടിയുടെ ബോണ്ട് വാങ്ങി.  2023 ഒക്ടോബറിൽ IT Dept അതെ കമ്പനി റെയ്‌ഡ്‌ ചെയ്തു. അതേ മാസം കമ്പനി 65 കോടിയുടെ ബോണ്ടുകൾ നൽകി. ഈ കമ്പനി ഇതുവരെ മൊത്തം 1200 കൊടിയോളം രൂപയുടെ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്!

3.           സാദാ കൈക്കൂലി - സർക്കാരിൽ നിന്നും എന്തെങ്കിലും ഗുണം കിട്ടിയ കമ്പനികൾ ഉടനെ തന്നെ ഭീമമായ തുക കൈക്കൂലിയായി നൽകുന്ന രീതി. 

ഉദാ (i)             2021 മാർച്ച് 3 ന് വേദാന്ത കമ്പനിക്ക് രാധികാപ്പൂർ കൽക്കരി ഖനി ലഭിച്ചു. ഏപ്രിൽ 2021 ൽ അവർ 25 കോടിയുടെ ബോണ്ടുകൾ നൽകി. 

ഉദാ (ii)            2020 ആഗസ്റ്റിൽ മേഘ എഞ്ചിനീയറിങ്ങ് & ഇൻഫ്രാ കമ്പനിക്ക് 4500 കോടിയുടെ സോജിലാ പാസ്സ് തുരങ്കത്തിന്റെ കരാർ ലഭിച്ചു. 2020 ഒക്ടോബറിൽ അവർ 20 കോടിയുടെ ബോണ്ടുകൾ വാങ്ങി നൽകി.

ഉദാ (iii)           അതേ കമ്പനി (മേഘ എഞ്ചിനീയറിങ്ങ് & ഇൻഫ്രാ) ക്ക് 2022 ഡിസംബറിൽ BKC ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ കരാർ ലഭിച്ചു. അതേ മാസം അവർ 56 കോടിയുടെ ബോണ്ടുകൾ വാങ്ങി നൽകി.

4.           കള്ളപ്പണം വെളുപ്പിക്കൽ - കമ്പനികളുടെ ലാഭത്തിൽ നിന്നും നിശ്ചിത ശതമാനം മാത്രമേ പാർട്ടികൾക്ക് സംഭാവനയായി നൽകാൻ പാടുള്ളൂ എന്ന മുമ്പുണ്ടായിരുന്ന നിബന്ധന എടുത്തുകളഞ്ഞപ്പോൾ കള്ളപ്പണം വെളുപ്പിക്കാനുള്ള കുതന്ത്രമായി ഇലക്ടറൽ ബോണ്ടുകൾ. പേരിൽ മാത്രമായുള്ള ഷെൽ കമ്പനികൾ കോടികളാണ് സംഭാവനയായി ബോണ്ടുകളിലൂടെ നൽകിയത്. ഇത് കള്ളപ്പണം വെളുപ്പിക്കൽ അല്ലാതെ മറ്റൊരു സാധ്യതയുമില്ലാത്ത കാര്യമാണ്.

ഉദാ (i)             130 കോടി രൂപ മാത്രം മൂലധനമുള്ള ഒരു കമ്പനി ക്വിക്ക് സപ്ലൈ ചെയിൻ ലിമിറ്റഡ് 410 കോടി രൂപ ബോഡുകളായി നൽകിയതായി കാണുന്നു. ഇത്തരം ധാരാളം ഇടപാടുകൾ ഇനിയും പുറത്തുവരും എന്ന കാര്യത്തിൽ സംശയം വേണ്ട.  

ഇതൊന്നും കൂടാതെ 2018 മാർച്ചിൽ വിറ്റഴിച്ച ബോണ്ടുകളുടെ വിവരങ്ങൾ SBI ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2500 കോടി വിലവരുന്ന ഈ ബോണ്ടുകളുടെ 95% തുകയും ലഭിച്ചത് BJP ക്ക് ആണെന്നിരിക്കെ എന്താണ് SBI ഒളിക്കാൻ ശ്രമിക്കുന്നത് എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

മുൻ പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ ഈ "സംഘടിതവും നിയമവിധേയവുമാക്കിയ കൊള്ളയുടെ" കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോൾ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ വരുന്ന തെരെഞ്ഞെടുപ്പിൽ ആരെങ്കിലും BJP ക്കോ മോഡിക്കോ വേണ്ടി വോട്ട് ചെയ്‌താൽ അത് മുമ്പ് പറയാനുണ്ടായിരുന്നത് പോലെ അഴിമതിക്കെതിരായ വോട്ടാവില്ല, മറിച്ച് അഴിമതിയെ നിയമവിധേയമാക്കുന്നവർക്കുള്ള പ്രോത്സാഹനം മാത്രമായിരിക്കും.

 

വിവരങ്ങൾക്ക് കടപ്പാട്: https://x.com/Jairam_Ramesh/status/1768474448381018216?s=20

Saturday, January 9, 2021

വിശുദ്ധഗ്രന്ഥങ്ങളും ശാസ്ത്രവും- ഏട്ടിലെ പശു പുല്ല് തിന്നാറില്ല!

എല്ലാ മതങ്ങളും പ്രചരിപ്പിക്കുന്ന ഒരു വാദമാണ് അവരവരുടെ മതഗ്രന്ഥങ്ങൾ ദൈവം നേരിട്ട് അരുളിച്ചെയ്ത സത്യവചനങ്ങൾ ആണെന്നും അതിനാൽ തന്നെ അവയ്ക്ക് പുറത്ത് ഒരു പുതിയ സത്യവും നമുക്കറിയാത്തതായി ഉണ്ടാവില്ല എന്നും.  ഒരർത്ഥത്തിൽ എല്ലാമറിയുന്ന ദൈവം മുഴുവൻ സത്യവും നമ്മോട് പറഞ്ഞില്ല എന്ന് മതങ്ങൾക്ക് പരസ്യമായി സമ്മതിക്കാൻ കഴിയുകയുമില്ലല്ലോ!

ലോകത്തിലെ ഏത് പുതിയ അറിവിനെയും കണ്ടുപിടുത്തങ്ങളെയും താന്താങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളിൽ പറഞ്ഞ ഏതെങ്കിലും ഒരു കാര്യവുമായി ചേർത്ത് വ്യാഖ്യാനിച്ച് സ്വന്തമാക്കാൻ അതുകൊണ്ടുതന്നെ വിശ്വാസികൾക്ക് വലിയ ഉത്സാഹമാണ്. 

ഒരു വേള നാം കരുതും അത് നിരുപദ്രവകരമായ ഒരു അവകാശവാദം മാത്രമല്ലേ എന്ന്. എന്നാൽ അങ്ങനെയല്ല എന്നതാണ് യാഥാർത്ഥ്യം!

അറിയേണ്ടതെല്ലാം (തങ്ങളുടെ വിശുദ്ധഗ്രന്ഥത്തിലൂടെ) അറിഞ്ഞുകഴിഞ്ഞു എന്ന് വിശ്വസിക്കുന്ന ഒരു സമൂഹവും പുതിയ അറിവുകൾ തേടാൻ ശ്രമിക്കില്ല (YN Harari).


ഒരു കാലത്ത് അറിവിന്റെയും ശാസ്ത്രപുരോഗതിയുടെയും വിളനിലമായിരുന്ന പല സംസ്കാരങ്ങളും പിന്നീട് പിന്തളളപ്പെടാനുള്ള ഒരു പ്രധാന കാരണം തന്നെ ഇനിയൊന്നുമറിയാനില്ല എന്ന സമൂഹത്തിന്റെ നിലപാട് ആയിരുന്നു എന്ന് കാണാം! ഇന്ത്യയും അറേബ്യൻ നാടുകളുമൊക്കെ ഈ പ്രതിഭാസത്തിന്റെ ഇരകൾ ആയിരുന്നു. 

എന്നാൽ ഇടക്കാലത്ത് തങ്ങളുടെ അറിവില്ലായ്മ എത്ര വലുതാണ് എന്ന് കണ്ടുപിടിച്ച യൂറോപ്യൻ സമൂഹം  ശാസ്ത്രത്തിലും അതിലൂടെ നിർമ്മാണരംഗത്തും നേടിയെടുത്ത പുത്തൻ അറിവുകൾ ആണ് ഈ ലോകത്തെ (അതിന്റെ ഗുണവും ദോഷവും അംഗീകരിച്ചു കൊണ്ടുതന്നെ) ഇന്നത്തെ നിലയിൽ എത്തിച്ചത് എന്ന് നിസ്സംശയം പറയാം. 

ഈ ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കണമെങ്കിൽ ഊർജ്ജസ്രോതസ്സ് അടക്കമുള്ള രംഗങ്ങളിൽ ഇനിയും ശ്രാസ്ത്രം ഒരുപാട് മുന്നോട്ട് പോവേണ്ടിയിരിക്കുന്നു. ഇടക്കാലത്ത് നഷ്ടപ്പെട്ടുപോയ മുൻതൂക്കം തിരിച്ചുപിടിക്കാൻ ഇന്ത്യയെപ്പോലുള്ള സമൂഹങ്ങൾക്ക് കഴിയണമെങ്കിൽ നമുക്ക് ഇനിയും ഒരു പാട് അറിയാനുണ്ട് എന്ന് അംഗീകരിക്കുകയും അതിലേക്കായി തീവ്രഗവേഷണം ഏറ്റെടുക്കുകയും വേണം.

മതങ്ങളെ നമുക്ക് മതകാര്യങ്ങൾക്കായി ചുരുക്കാം. മതഗ്രന്ഥങ്ങൾ ശാസ്ത്രത്തിന്റെ റഫറൻസ് ഗ്രന്ഥങ്ങൾ അല്ല എന്ന് അംഗീകരിച്ച് ശാസ്ത്രത്തെ അതിന്റെ വഴിക്കു വിടാം. 

ഓർക്കുക- ഏട്ടിലെ പശു പുല്ല് തിന്നാറില്ല!

Saturday, December 5, 2020

ആർക്കൊക്കെ വോട്ട് ചെയ്യാതിരിക്കണം?

 ഈ ഡിസംബർ മാസം 8, 10, 14 തിയ്യതികളിലായി നമ്മുടെ സംസ്ഥാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തെരെഞ്ഞെടുക്കാൻ പോവുകയാണല്ലോ. ഈ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ ചില ചിന്തകളാണ് ഇവിടെ ഷെയർ ചെയ്യാൻ ശ്രമിക്കുന്നത്.

ആദ്യമായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല നോക്കിയാൽ അത് പ്രധാനമായും പദ്ധതികളുടെ നിർവ്വഹണമാണ് എന്നും ലോകസഭയോ നിയമസഭയോ പോലെ നിയമ/നയ രൂപീകരണമല്ല എന്നും കാണാം. അതായത് രാഷ്ട്രീയപാർട്ടികളുടെ നയങ്ങൾക്കനുസരിച്ച് നിയമമോ നയങ്ങളോ രൂപീകരിക്കാനല്ല നാം ഈ തദ്ദേശ ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത്. അതു കൊണ്ട് തന്നെ തെരെഞ്ഞെടുക്കപ്പെടുന്നവരുടെ രാഷ്ട്രീയവിശ്വാസങ്ങൾക്ക് അത്രമേൽ പ്രധാന്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

പിന്നെ എന്തായിരിക്കണം തെരെഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം? 

ഒന്നാമതായി നമുക്കെല്ലാം നമ്മുടെ സ്വന്തം രാഷ്ട്രീയകാഴ്ചപ്പാട് ഉണ്ടാവും. പാർട്ടി അടിസ്ഥാനത്തിൽ നടക്കുന്ന തെരെഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി ജയിച്ചു കാണാൻ നാമെല്ലാം കൊതിക്കും. അതുകൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ സ്വന്തം പാർട്ടിയുടെ/മുന്നണിയുടെ സ്ഥാനാർത്ഥിക്ക് തന്നെ വോട്ട് ചെയ്യാം. 

പക്ഷേ, നമ്മുടെ നിത്യജീവിതത്തിൽ എന്നും കാണേണ്ടി വരുന്ന/ ഇടപെടേണ്ടി വരുന്ന ഈ ജനപ്രതിനിധികളെ തീരുമാനിക്കുമ്പോൾ പാർട്ടി വിധേയത്വം മാത്രം നോക്കിയാൽ അത് നമുക്ക് തന്നെ പാരയാവും. അതിനാൽ ചില സ്ഥാനാർത്ഥികളെ എങ്കിലും പാർട്ടിബോധത്തിനപ്പുറം കടന്ന് എതിർത്ത് തോല്പിക്കേണ്ടതുണ്ട്. അത് ആരൊക്കെ ആവണം എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. എങ്കിലും എന്റെ കാഴ്ചപ്പാടിൽ നാം ജയിപ്പിക്കാൻ പാടില്ലാത്ത സ്ഥാനാർത്ഥികൾ താഴെപ്പറയുന്നവരാണ്:

1. കൊലപാതകം, ബലാത്കാരം, കളവ്, തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ സീരിയസായ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും കുറ്റം ചാർത്തപ്പെട്ട് വിചാരണ നേരിടുന്നവരും (ശിക്ഷിക്കപ്പെടുന്നതുവരെ അവർ നിരപരാധികൾ ആണ്, പക്ഷേ സ്വന്തം നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ അവർ തെരെഞ്ഞെടുക്കപ്പെടുന്നത് വോട്ടർമാരുടെ പരാജയം തന്നെയായിരിക്കും).

2. സമൂഹത്തിൽ ഏതെങ്കിലും വിഭാഗത്തിന് നേരെ വിദ്വേഷം വളർത്തുന്നവർ. ഇന്ന് അവർ എതിര് നിൽക്കുന്നത് നമ്മളല്ലെങ്കിൽ പോലും നാളെ നമുക്കെതിരെയും അവർ വെറുപ്പ് പടർത്തിയേക്കാം.

3. ജനപ്രതിനിധി എന്നാൽ ജനങ്ങളുടെ യജമാനൻമാർ ആണെന്ന വിധത്തിൽ പെരുമാറുന്നവരെ ഒഴിവാക്കുക. വിനയവും എളിമയുമുള്ളവരാണ് എന്ന് ഉറപ്പു വരുത്തുക. ജനപ്രതിനിധി എന്നാൽ ജനസേവകരാണ് എന്ന ബോധ്യമുള്ളവരാകട്ടെ നമ്മുടെ ചോയ്സ്.

4. നിത്യജീവിതത്തിൽ ഏത് സമയത്തും നമുക്ക് നമ്മുടെ പ്രശ്നങ്ങളുമായി സമീപിക്കാം എന്നുറപ്പുള്ളവർക്ക് മാത്രം വോട്ട് ചെയ്യുക. പ്രശ്നം പരിഹരിക്കാൻ എപ്പോഴും അവർക്കായി എന്ന് വരില്ല, പക്ഷേ അനുഭാവപൂർവ്വം നമ്മെ കേൾക്കാനുള്ള മനസ്ഥിതി പോലുമില്ലാത്തവർക്ക് എത്ര വലിയ നേതാവായാലും വോട്ട് ചെയ്യരുത്.

5. ജനപ്രതിനിധി എന്നാൽ ജനങ്ങളുടെ മൊത്തം പ്രതിനിധിയാവണം, അല്ലാതെ ഏതെങ്കിലും പാർട്ടിയുടെ മാത്രം പ്രതിനിധിയാവരുത്. പ്രതിപക്ഷ ബഹുമാനവും സമഭാവനയും ഉള്ളവരെ മാത്രം പരിഗണിക്കുക. 

6. എതിരഭിപ്രായങ്ങളെ അടിച്ചമർത്തുന്നവരെ ഒഴിവാക്കുക. നമുക്ക് വേണ്ടത് പാർട്ടി കോട്ടകളോ പാർട്ടിഗ്രാമങ്ങളോ അല്ല, മറിച്ച് എല്ലാ വിഭാഗങ്ങൾക്കും അന്തസ്സോടെ ഇടകലർന്ന് ജീവിക്കാൻ കഴിയുന്ന ജനാധിപത്യസമൂഹങ്ങളാണ്.

7. പാർട്ടികൾക്കപ്പുറം സ്ഥാനാർത്ഥിയുടെ മറ്റു കൂറുകളും പരിഗണിക്കുക. കയ്യേറ്റ ലോബി, ക്വാറി ലോബി, മയക്കുമരുന്ന് ലോബി, മണൽ മാഫിയ, ബിൽഡർ മാഫിയ തുടങ്ങിയവരുമായി ബന്ധം പുലർത്തുന്നവരേയും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരേയും ഉറപ്പായും ഒഴിവാക്കുക. ഏത് പാർട്ടിയായാലും അവർ വരുന്നത് സ്വന്തം താല്പര്യം സംരക്ഷിക്കാൻ മാത്രമായിരിക്കും./

ഈ ലിസ്റ്റ് അപൂർണമാണ്. വിട്ട്പോയ ഘടകങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വായനക്കാർ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നാം തെരെഞ്ഞെടുക്കുന്നവർ ഏത് പാർട്ടിക്കാർ ആയാലും അതാത് പ്രദേശത്തെ ജനങ്ങളെ സേവിക്കുന്നവരും, വലിയ പുരോഗതി ഒന്നും കൊണ്ടുവന്നില്ലെങ്കിലും ഉള്ള സമാധാനം തകർക്കാത്തവരും, പാവപ്പെട്ടവർക്ക് കിട്ടാവുന്നത്ര ആനുകൂല്യങ്ങൾ നേടിക്കൊടുക്കാൻ കഴിയാവുന്നത്ര പരിശ്രമിക്കുന്നവരും, ഏതെങ്കിലും സ്വാർത്ഥതാല്പര്യങ്ങളുടെ പേരിൽ പരിസ്ഥിതിക്കും നാട്ടുകാർക്കും ദോഷം വരുത്താത്തവരും, സർവ്വോപരി തെരെഞ്ഞെടുത്ത നാടിനും വോട്ടർമാർക്കും ചീത്തപ്പേർ ഉണ്ടാക്കാത്തവരും ആവട്ടെ എന്ന് ആശംസിക്കുന്നു!

Saturday, November 14, 2020

അഴിമതിക്കെതിരെയല്ല, അന്വേഷണങ്ങൾക്കെതിരെയാണത്രേ പുതിയ സമരം!

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ  25 ലക്ഷം പേരെ അണി നിരത്തി കേരളത്തിലെ ഭരണകക്ഷിയായ CPIM സമരം ചെയ്യാൻ പോകുന്നത്രേ!

വാർത്ത കണ്ട് പല കാരണങ്ങളാൽ വളരെ കൗതുകം തോന്നി. 

ഒന്നാമതായി, സമരം ചെയ്യുന്നവർ മരണത്തിന്റെ വ്യാപാരികൾ ആണ് എന്നൊക്കെ വിളിച്ചവർ ഇത്രയും പേരെ അണിനിരത്തി ഒരു സമരം സംഘടിപ്പിക്കുമ്പോൾ കൊറോണയോട് മുൻകൂർ അനുവാദം ചോദിച്ചിരുന്നോ?

രണ്ടാമതായി, കമറുദ്ദീനേയും ഷാജിയേയും ഒക്കെ പിന്തുണച്ച്, അവർക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയപ്രേരിതമാണ് എന്നു പറഞ്ഞ് ലീഗോ UDFഓ ഇതു പോലെ കേരളാ പോലീസിനെതിരെ സമരം സംഘടിപ്പിച്ചാൽ എങ്ങിനെയിരിക്കും?

മൂന്നാമതായി, എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതായി, എന്തു കാര്യങ്ങളിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ നടക്കുന്നത് എന്ന് നോക്കൂ! 

ഡിപ്ളോമാറ്റിക് ബാഗേജെന്ന വ്യാജേന സ്വർണ്ണം കള്ളക്കടത്ത് നടത്തിയതിനെയാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഒപ്പം, പലപ്പോഴായി അനധികൃതമായി കൊണ്ടുവന്ന മതഗ്രസ്ഥങ്ങളുടെയും ഈത്തപ്പഴത്തിന്റെയും ഒക്കെ മറവിലും ഇതേ സംഘം സ്വർണ്ണക്കടത്ത് നടത്തിയോ എന്നും അവർ പരിശോധിക്കുന്നു.

മറ്റൊരു കേന്ദ്ര ഏജൻസിയായ NIA അന്വേഷിക്കുന്നത് ഇങ്ങനെ കൊണ്ടുവന്ന സ്വർണ്ണം വിറ്റ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സായി ഉപയോഗിച്ചോ എന്ന കാര്യമാണ്.

അന്വേഷണത്തിനിടയിൽ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തിയ കള്ളപ്പണത്തിന്റെ ഉടമസ്ഥതയും സ്രോതസ്സുമാണ് ED അന്വേഷിക്കുന്നത്.

ഇതേ കളളപ്പണം സ്വർണ്ണക്കടത്തിൽ നിന്നല്ല മറിച്ച് ലൈഫ് മിഷനിൽ നിന്നും കിട്ടിയ കമ്മീഷൻ (കൈക്കൂലി) ആണെന്ന് പ്രതികൾ തന്നെയും (ഒപ്പം സംസ്ഥാനസർക്കാരിലെ മന്ത്രിമാരും) വെളിപ്പെടുത്തിയപ്പോൾ FCRA നിയമത്തിന്റെ ലംഘനം നടന്നു എന്നതു കൊണ്ടാണ് CBI അന്വേഷണം തുടങ്ങിയത്.

ഈ അന്വേഷണങ്ങളുടെയെല്ലാം ഫലമായി മുഖ്യമന്ത്രിയുടെ പ്രതിപുരുഷനും (സ്പ്രിംക്ളർ കരാർ ഓർക്കുക) മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയും ആയിരുന്ന ശിവശങ്കരന്റെ പങ്ക് വെളിപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ അതേ ഓഫീസിലുള്ള മറ്റു ചിലരുടെ പങ്കിനെ കുറിച്ചും സൂചനകൾ ലഭിക്കുന്നു. സ്വാഭാവികമായും അന്വേഷണം അവരിലേക്ക് കൂടി വ്യാപിക്കുന്നു.

കൂടാതെ, ലൈഫ് മിഷനിലെ പോലെ സർക്കാരിന്റെ മറ്റു ചില പദ്ധതികളിലും ഇതേ പ്രതികൾ അഴിമതി നടത്തിയിട്ടുണ്ട് എന്ന വസ്തുതകളും ഡിജിറ്റൽ തെളിവുകളുടെ രൂപത്തിൽ പുറത്തുവന്നപ്പോൾ അവയിലേക്ക് കൂടി അന്വേഷണം വ്യാപിക്കുന്നു.

(ബിനീഷ് കോടിയേരിക്കെതിരെ നടക്കുന്ന ലഹരിമരുന്ന്/ ബിനാമി ഇടപാട് അമ്പേഷണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല എന്ന നിലപാട് എടുത്ത സ്ഥിതിക്ക് ആ അന്വേഷണത്തിനെതിരെ സമരത്തിന് പ്രസക്തിയില്ലല്ലോ. അതിനാൽ ആ കേസ് ഇവിടെ ഒഴിവാക്കാം)

(ലൈഫിലെ അഴിമതിയിൽ പിണറായിയുടെ വിജിലൻസ് കേസെടുത്തല്ലോ? എന്തേ CPM അതിനെതിരെ സമരം ചെയ്യാത്തത്?)

മേൽപ്പറഞ്ഞ അന്വേഷണങ്ങളെല്ലാം തന്നെ പൊതുസമൂഹത്തിന് ഇതിനകം ബോധ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം നടക്കുന്നവയാണ് എന്ന് വ്യക്തമാണ്. ഈ അന്വേഷണങ്ങൾക്കെതിരെ സമരം ചെയ്യുന്നവർ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്?

ഇതേ കള്ളക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന ഒരു വ്യക്തിയെ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആക്കി എന്ന വാർത്തയും വായിക്കാനിടയായി. 

അഴിമതിക്കെതിരെ സമരം നടത്തുന്നതിൽ നിന്നും വളരെയേറെ മുന്നോട്ട് പോയി അന്വേഷണങ്ങൾക്കെതിരെ സമരം ചെയ്യുന്ന നിലയിലേക്ക് തരം താണോ നമ്മുടെ സമൂഹം?

അന്വേഷണ ഏജൻസികൾ ശരിയല്ലാത്ത ഏതെങ്കിലും നിലപാട് സ്വീകരിച്ചാൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കുകയല്ലേ വേണ്ടത്? ലൈഫ് മിഷനിലെ CBI അന്വേഷണത്തിൽ കോടതി തന്നെയല്ലേ താല്കാലിക സ്റ്റേ നൽകിയത്? അല്ലാതെ അന്വേഷണങ്ങൾക്കെതിരെ സംസ്ഥാനം ഭരിക്കുന്ന പാർട്ടി (മുന്നണിക്കെന്ത് പ്രസക്തി!) സമരം ചെയ്യുമ്പോൾ അതിന്റെ നാണക്കേട് സംസ്ഥാനത്തിന് മുഴുവനുമാണ്!

അവസാനമായി ഒരു കാര്യം കൂടി. ഈ കേസുകളിലൂടെ പിണറായി സർക്കാരിനെ തകർക്കാൻ മോഡി സർക്കാർ ശ്രമിക്കുകയാണ് എന്ന വാദം കേർക്കുമ്പോൾ ചിരിക്കാതിരിക്കാൻ വയ്യ. കാരണം, അതായിരുന്നു ഉദ്ദേശ്യമെങ്കിൽ എന്തിനിത്ര കഷ്ടപ്പെടണം? വർഷങ്ങളായി നീട്ടി വെച്ചു കൊണ്ടേയിരിക്കുന്ന ആ ലാവ്ലിൻ കേസ് സുപ്രീം കോടതിയെക്കൊണ്ട് ഒന്ന് എടുപ്പിക്കുകയും കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം എന്നൊരു വിധി പുറപ്പെടുവിപ്പിക്കുകയും അല്ലേ വേണ്ടൂ? എത്ര എളുപ്പമാണ് അതെന്ന് ആർക്കാണറിയാത്തത്?!

Wednesday, October 14, 2020

അരാഷ്ട്രീയ രാഷ്ട്രീയം!

വളരെ മുമ്പേ കേട്ടു പഴകിയ ഒരു ചൊല്ലാണ് Man is a rational animal എന്നത്. മനുഷ്യൻ എല്ലാ കാര്യങ്ങളും യുക്തിസഹമായി ആലോചിച്ച് തീരുമാനിക്കുന്നു എന്നാണ് ഈ ചൊല്ല് അർത്ഥമാക്കുന്നത്.

എന്നാൽ ശരിക്കും അങ്ങനെയാണോ? 

ഞാനടക്കം നമ്മുടെ ഓരോരുത്തരുടെയും തീരുമാനങ്ങളും വീക്ഷണങ്ങളും വസ്തുനിഷ്ഠമായി പരിശോധിച്ചാൽ പലപ്പോഴും യുക്തിയുടേയും വസ്തുതയുടെയും പിൻബലത്തേക്കാൾ കാണാൻ കഴിയുക അവനവന്റെ ഇഷ്ടാനിഷ്ടങ്ങളും സ്വാർത്ഥതാല്പര്യങ്ങളും മറ്റുപലതുമാണ്. പലപ്പോഴും മനുഷ്യർ rational എന്നതിനേക്കാൾ irrational എന്ന അവസ്ഥയാണ് പ്രകടിപ്പിക്കുന്നത്.

അത്തരമൊരു ബോധം മനസ്സിലുറച്ചതിന് ശേഷമാണ് Robert Heinlein എന്ന എഴുത്തുകാരന്റെ ഈ പ്രശസ്തമായ ഉദ്ധരണി ശ്രദ്ധയിൽ പെട്ടത്: “Man is not a rational animal; he is a rationalising animal.”

എത്ര ശരിയാണ്! യുക്തിഭദ്രമായി ചിന്തിച്ച് നിലപാടുകളിൽ എത്തുന്നവരല്ല, മറിച്ച് തങ്ങളുടെ നിലപാടുകൾക്ക് ന്യായീകരണം കണ്ടെത്തുന്നവരാണ് മനുഷ്യർ. ഏറെ കഷ്ടം എന്താണ് എന്നു വച്ചാൽ സ്വയം ഈ ന്യായീകരണ പ്രക്രിയ മനസ്സിലാവുകയുമില്ല എന്നതാണ്. പകരം തന്റെ അപ്പപ്പോഴത്തെ നിലപാടുകളാണ് ഏറ്റവും യുക്തിഭദ്രം എന്ന് സ്വയം വിശ്വസിക്കുകയും അതിനെ എതിർക്കുന്നവരെ വാക്കുകളിലൂടെയോ കായികമായി തന്നെയോ ആക്രമിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യരുടെ സർവ്വസാധാരണമായ രീതി.

ചില ഉദാഹരണങ്ങൾ നോക്കാം. 

മനുഷ്യരുടെ ജീവിതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് അവരവരുടെ മതങ്ങൾ ആയിരിക്കാനാണ് സാധ്യത. എന്നാൽ മിക്കവാറും എല്ലാ മനുഷ്യരും ജന്മനാ ഒരു മതം അടിച്ചേൽപ്പിക്കപ്പെട്ടവരാണ്. വളരെ ചുരുക്കം മനുഷ്യർ മാത്രമാണ് ഒരു മതത്തെക്കുറിച്ച് പഠിച്ച് അതിനെ മനസ്സിലാക്കി സ്വായത്തമാക്കുന്നത്. അതു പോലും നാം കേവല "മതം മാറ്റ"മായാണ് പരിഗണിക്കുക. എന്നിട്ട് പോലും ഓരോ മനുഷ്യരും താന്താങ്ങളുടെ മതമാണ് ഏറ്റവും ശരിയെന്ന് ന്യായീകരിക്കുന്ന രീതി നോക്കൂ. പലപ്പോഴും കൂടുതലായി ന്യായീകരിക്കുന്നവർ അല്പം പോലും തന്റെ മതത്തിന്റെ അടിസ്ഥാനതത്വങ്ങൾ മനസ്സിലാക്കാത്തവർ ആണെന്നും ആ തത്വങ്ങൾക്ക്  വിവരീതമായി പ്രവർത്തിക്കുന്നവർ ആണെന്നും കാണാം.

അതുപോലെ തന്നെയാണ് രാഷ്ട്രീയത്തിന്റെ കാര്യവും. വളരെ ചുരുക്കം പേർ മാത്രമായിരിക്കും എല്ലാ രാഷ്ട്രീയ തത്വശാസ്ത്രങ്ങളും പഠിക്കുകയും വിവിധ പാർട്ടികളുടെ പ്രവർത്തനം താരതമ്യം ചെയ്യുകയും ചെയ്ത ശേഷം ഒരു രാഷ്ട്രീയപ്രസ്ഥാനം തെരെഞ്ഞെടുക്കുന്നത്. യഥാർത്ഥത്തിൽ നമുക്ക് കാണാൻ കഴിയുക ഏതെങ്കിലും ഇഷ്ടാനിഷ്ടങ്ങളുടെയോ താല്പര്യങ്ങളുടെയോ പേരിൽ ഒരു പ്രസ്ഥാനത്തെ തെരെഞ്ഞെടുക്കുകയും പിന്നീട് എന്തു വന്നാലും ആ പ്രസ്ഥാനത്തെ ന്യായീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രവർത്തകരെയാണ്. 

അതുകൊണ്ടാണ് കൂറുമാറ്റങ്ങൾ പോലും രാഷ്ട്രീയത്തിൽ വളരെ എളുപ്പമാവുന്നത്. ഇന്നലെ വരെ സംഘപരിവാറിന്റെ വർഗ്ഗീയ അജണ്ടയെ കടന്നാക്രമിച്ച മതേതരപോരാളി എത്ര സുഗമമായാണ് ഇന്ന് നരേന്ദ്രമോഡിയുടെ കരുത്തുറ്റ നേതൃത്വത്തെ പ്രശംസിക്കുന്നത്? അഴിമതിക്കെതിരെ പോരാടി ജൻലോക്പാൽ എന്ന അജണ്ടയുമായി വന്നവർ എത്ര പെട്ടെന്നാണ് അധികാരം കൈയ്യിൽ വന്നപ്പോൾ ലോക്പാലിനെയും അഴിമതി വിരുദ്ധപോരാട്ടത്തെയും മറന്നത്?

ഇന്നലെവരെ മാണിയുടെ നോട്ടെണ്ണൽ യന്ത്രത്തെയും ജോസ് മാണിയുടെ സരിത പ്രശ്നത്തെയും കുറ്റം പറഞ്ഞവർ എത്ര പെട്ടെന്നാണ് അവരുടെ സംരക്ഷണം ഏറ്റെടുത്തത്? അടുത്ത കാലം വരെ മാണിമാരുടെ സംരക്ഷണത്തിന് ഏതറ്റം വരെയും പോകാൻ തയ്യാറായവർ എത്ര പെട്ടെന്നാണ് മാണി സാറിന്റെ നോട്ടെണ്ണൽ യന്ത്രത്തെ ഓർമ്മിപ്പിച്ച് പോസ്റ്റുകൾ ഇറക്കാൻ തുടങ്ങിയത്?

സരിതയുടെ വാക്കുകൾ വേദവാക്യമാക്കി അന്നത്തെ സർക്കാരിനെ എതിർത്തവർ ഇന്ന് പറയുന്നു സ്വപ്നയുടെ മൊഴി വിശ്വാസത്തിൽ എടുക്കരുത് എന്ന്. തിരിച്ച് ഇന്ന് സ്വപ്നയുടെ മൊഴിയെ ആശ്രയിക്കുന്നവർ സരിതയുടെ മൊഴി തള്ളണം എന്ന കാര്യത്തിൽ ഒട്ടും സംശയമില്ലാത്തവരാണ്.

അഴിമതി പോലെ ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത ഒരു കാര്യത്തെ പോലും തങ്ങളുടെ എതിരാളികളെ അടിക്കാനുള്ള വെറുമൊരു വടിയായി മാത്രമാണ് എല്ലാ രാഷ്ട്രീയക്കാരും കാണുന്നത് എന്നത് പകൽ പോലെ വ്യക്തമാവും അവരുടെ ഓരോ കേസിലും ഉൾപ്പെട്ട വ്യക്തികളുടെ കൂറു മാത്രം നോക്കിയുള്ള പരസ്പരവിരുദ്ധമായ നിലപാടുകൾ നോക്കിയാൽ.

അടിസ്ഥാനപരമായി രാഷ്ട്രീയക്കാരും In-group vs Out-group അഥവാ We vs Them എന്ന ഗോത്രക്കൂറിനെ മാത്രം ആശ്രയിക്കുന്നു എന്ന് കാണാം. രാഷ്ട്രീയം എന്നത് വിശ്വാസപ്രമാണങ്ങളോടും തത്വങ്ങളോടും ഉള്ള കൂറല്ല മറിച്ച് തന്റെ കൂട്ടരെ ന്യായീകരിക്കുക എന്ന ഏകമാത്ര അജണ്ടയായി ചുരുങ്ങിയിരിക്കുന്നു.

എന്തു സംഭവിച്ചാലും തന്റെ പാർട്ടിയെ rationalise ചെയ്യുന്നതാണോ രാഷ്ട്രീയം അതോ ഒരു രാഷ്ട്രീയപാർട്ടിക്കും തന്റെ കൂറും വ്യക്തിത്വവും അടിയറ വെക്കാതെ തന്റേതായ അടിസ്ഥാന മൂല്യങ്ങളുടെ വെളിച്ചത്തിൽ നിലപാട് എടുക്കുന്ന, നാം അരാഷ്ട്രീയ വാദികൾ എന്ന് വിളിച്ചാക്ഷേപിക്കുന്നവർ ചെയ്യുന്നതാണോ യഥാർത്ഥത്തിൽ രാഷ്ട്രീയം? എന്തായാലും വെറും ന്യായീകരണമാവരുത് രാഷ്ട്രീയ പ്രവർത്തനം!

ഈ അഞ്ചോ ആറോ ശതമാനം വരുന്ന അരാഷ്ടീയരെന്ന് മുദ്രകുത്തപ്പെടുന്ന rational രാഷ്ട്രീയക്കാർ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ തെരെഞ്ഞെടുപ്പുകളിൽ എന്നെങ്കിലും നീതി പുലർത്തപ്പെടുകയും, ഏതെങ്കിലും രാഷ്ട്രീയ തൊഴിലാളികൾ എന്നെങ്കിലും ജനകീയ കോടതികളാൽ ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നോ? ഇല്ല എന്ന് ഉറപ്പിച്ചു തന്നെ പറയാം!

Wednesday, September 23, 2020

പുസ്തകാസ്വാദനം: Integration of the Indian States (VP മേനോൻ)

തിരുവനന്തപുരത്തെ ശ്രീ പദ്മനാഭക്ഷേത്രത്തിലെ അവകാശത്തർക്കങ്ങളെ കുറിച്ചുള്ള കേസിൽ പഴയ തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചില അധികാരാവകാശങ്ങൾ അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് VP മേനോന്റെ Integration of the Indian States എന്ന പുസ്തകത്തെക്കുറിച്ച് അടുത്ത കാലത്തു വീണ്ടും കേൾക്കാനിടയായതും, വായിക്കണമെന്ന കൗതുകം തോന്നിയതും.


Orient Blackswan എന്ന പ്രസാധകർ 2014 ൽ പ്രസിദ്ധീകരിച്ച (2020 ലെ reprint) പതിപ്പാണ് ആമസോണിലൂടെ ലഭിച്ചത്. പ്രതീക്ഷിക്കാതെ വീണു കിട്ടിയ ഒരു ക്വാറന്റൈൻ കൂടി ആയപ്പോൾ 450 ഓളം പേജുകളുള്ള ഈ ചരിത്ര പുസ്തകം തന്നെ വായിക്കാം എന്ന് തീരുമാനിച്ചു. ചരിത്രത്തിൽ കാര്യമായ താൽപ്പര്യം ഇല്ലാത്തതിനാലും വിഷയം കാലികപ്രസക്തി ഉണ്ടെന്നു തോന്നാത്തതിനാലും വലിയ പ്രതീക്ഷയോടെ ഒന്നുമല്ല വായന തുടങ്ങിയത്. എന്നാൽ, തുടക്കം മുതലേ ഈ പുസ്തകം ഒരു അപസർപ്പക നോവൽ വായിക്കുന്ന അതേ ആകാംക്ഷയും അനുഭൂതിയും വായനയിൽ സമ്മാനിച്ചു എന്ന് പറയാതെ വയ്യ!

സത്യത്തിൽ, നമ്മുടെ ചരിത്ര പാഠങ്ങൾ എന്തുകൊണ്ടോ വേണ്ടത്ര പ്രാധാന്യം നമ്മുടെ രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഈ ഒരു ഘട്ടത്തിന് നൽകിയിട്ടില്ല എന്നതാണ് വാസ്തവം. സമകാലീന സംവാദങ്ങളിൽ ഉയർന്നു കേൾക്കുന്ന പല വാദങ്ങളും സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട വിവിധ വെല്ലുവിളികളെക്കുറിച്ചും അന്നു നടന്ന കാര്യങ്ങളെക്കുറിച്ചും നമ്മുടെ സമൂഹത്തിനു വേണ്ടത്ര അവബോധം ഇല്ല എന്ന് തന്നെയാണ് കാണിക്കുന്നത്.

അത് ഇന്നത്തെ മാത്രം കാര്യമല്ല. എന്തിനേറെ പറയുന്നു, 1949 ഒക്ടോബർ 12 ന് ഭരണഘടന നിർമ്മാണ സഭയിൽ നടത്തിയ ഒരു പ്രസംഗത്തിൽ സർദാർ പട്ടേലിന് തന്നെ ഇങ്ങനെ പറയേണ്ടി വന്നു: "മനുഷ്യന്റെ ഓർമ്മ വളരെ ചെറുതാണ് എന്ന് ഒരു പഴഞ്ചൊല്ല് തന്നെയുണ്ട്. ഇന്ന് 1949 ഒക്ടോബറിൽ നാം സമ്മേളിക്കുമ്പോൾ അന്ന് 1947 ആഗസ്റ്റിൽ നാം അഭിമുഖീകരിച്ച പ്രശ്നങ്ങളുടെ വ്യാപ്തി നാം മറന്നിരിക്കും എന്നത് സ്വാഭാവികം മാത്രമാണ്..."

സ്വാതന്ത്ര്യം ലഭിച്ചു രണ്ടു വർഷത്തിനുള്ളിൽ തന്നെ നാം മറന്നു കഴിഞ്ഞ ആ വെല്ലുവിളികളെ ആഴത്തിൽ മനസ്സിലാക്കാനും അതിലൂടെ നമ്മുടെ രാജ്യം ഇന്നും അനുഭവിക്കുന്ന പല പ്രശ്നങ്ങളുടെയും അടിവേരുകൾ കണ്ടെത്താനും നമ്മെ സഹായിക്കുന്നു എന്നതാണ് VP മേനോന്റെ ഈ പുസ്തകം ചെയ്യുന്നത്.

1947 ൽ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ന് നാം അഭിമാനിക്കുന്ന ഇന്ത്യ എന്ന പ്രദേശത്തിന്റെ സ്ഥിതി എന്തായിരുന്നു? ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരം (paramountcy) ഇല്ലാതായതോടെ സ്വതന്ത്രമായ 554 രാജ്യങ്ങളും, ഒപ്പം ബ്രിട്ടീഷ് ഇന്ത്യ എന്ന് പേരുള്ള, ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻറെ കീഴിലായിരുന്ന, ഭൂപ്രദേശങ്ങളും. കൂനിന്മേൽ കുരു പോലെ വിഭജനവും പാകിസ്ഥാൻ എന്ന രാജ്യത്തിൻറെ ഉദയവും. 554 രാജാക്കന്മാർക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കാനോ അതുമല്ലെങ്കിൽ സ്വതന്ത്രരാജ്യമായി തുടരാനോ ഉള്ള അവകാശമാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരം ഇല്ലാതായതോടെ സംജാതമായത്. നമ്മുടെ കൊച്ചു കേരളത്തിൽ പോലും മലബാർ മാത്രമാണ് ഇന്ത്യ എന്ന രാജ്യത്തിൻറെ ഭാഗമായിരുന്നത് എന്നും തിരുവിതാംകൂറും കൊച്ചിയും പരമാധികാരമുള്ള സ്വതന്ത്ര രാജ്യങ്ങൾ ആയിരുന്നു എന്നും ഓർക്കുക.

എന്നാൽ, 1950 ജനുവരി 26 ന് പുതിയ ഭരണഘടന നിലവിൽ വന്നപ്പോഴേക്കും ലോകം മുഴുവൻ അസാധ്യമെന്നു കരുതിയ, ലോകത്തിലെ തന്നെ ഏറ്റവും വലിയ രക്തരഹിത രാജ്യനിർമ്മാണ പ്രക്രിയ പൂർത്തിയാക്കാനും ഇന്ത്യ എന്ന ഈ മഹാരാജ്യം ഇന്നത്തെ നിലയിൽ പടുത്തുയർത്താനും എങ്ങിനെ സാധിച്ചു എന്നതാണ് ഈ മനോഹരമായ പുസ്തകത്തിലൂടെ നമുക്ക് അറിയാൻ കഴിയുന്നത്. ഒപ്പം, നാം വളരെയധികം കേൾക്കുന്ന/ചർച്ച ചെയ്യുന്ന ജമ്മു-കാശ്മീർ പോലുള്ള ചില പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളെ കുറിച്ച് ഉൾക്കാഴ്ച നേടാനും വായനക്കാരന് കഴിയുന്നു.

ഒന്നോർത്തു നോക്കൂ. നൂറ്റാണ്ടുകളായി രാജ്യഭരണം നടത്തി വന്ന രാജകുടുംബങ്ങളെയും പരമാധികാരികളായ രാജാക്കന്മാരെയും ഒന്നുപോലെ സ്വമേധയാ നമ്മുടെ രാജ്യത്തിൽ ലയിക്കാൻ പ്രേരിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമാണോ? ഇന്ന് വെറും അഞ്ചു വർഷത്തേക്ക് മാത്രം തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിമാരും പഞ്ചായത്ത് മെമ്പർമാരും അടക്കം ഗുരുതരമായ സാഹചര്യങ്ങളിൽ പോലും രാജിവെക്കാതെ തങ്ങളുടെ കസേരകളിൽ അള്ളിപ്പിടിച്ചിരിക്കുന്നത് കാണുമ്പോൾ തലമുറകളായുള്ള സർവ്വാധികാരം വിട്ടൊഴിയാൻ രാജാക്കന്മാരെയും നവാബുമാരെയും പ്രേരിപ്പിച്ചത് എന്തൊക്കെ ഘടകങ്ങൾ/ എങ്ങിനെയായിരിയ്ക്കും?

ലോർഡ് മൗണ്ട്ബാറ്റൺ, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ, VP മേനോൻ എന്നീ മഹദ് വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ, സാമ, ദാന, ഭേദ, ദണ്ഡങ്ങൾ എല്ലാം തന്നെ പ്രയോഗിച്ചു നേടിയ ഈ അനിതര സാധാരണമായ നേട്ടത്തെക്കുറിച്ചു കൂടുതൽ എഴുതി പുസ്തകം വായിക്കാൻ സാധ്യതയുള്ളവരുടെ രസച്ചരട് പൊട്ടിക്കുന്നില്ല.

വളരെ നല്ല ഒരു വായനാനുഭൂതിയും ഉദാത്തമായ അറിവും ആണ് ഈ പുസ്തകം എന്ന് മാത്രം ഞാൻ ഉറപ്പു തരുന്നു.


 P.S: ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ ഉണ്ടോ എന്നന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പരിഭാഷ ഉണ്ടെങ്കിൽ അറിയുന്നവർ കമ്മന്റ് ചെയ്യുമല്ലോ?   

Friday, August 7, 2020

മൈ ലോർഡ്, ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല, അത് തനിയെ തോന്നേണ്ടതാണ്.

അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യത്തിനു നടപടി തുടങ്ങിയപ്പോൾ സുപ്രീംകോർട്ട് ഓർത്തിരിക്കില്ല അതൊരു വടി കൊടുത്തു അടി വാങ്ങൽ ആവുമെന്ന്. അടുത്ത കാലത്തു സുപ്രീം കോടതിയുടെ കാർപ്പെറ്റിനടിയിൽ തള്ളിക്കയറ്റിയ പല ചീഞ്ഞു നാറുന്ന വിഷയങ്ങളും ഇപ്പോൾ സുപ്രീം കോടതിയിൽ ഉയർത്തപ്പെടുകയും ജുഡീഷ്യൽ റെക്കോർഡിന്റെ ഭാഗമാവുകയും ചെയ്യുകയാണ്. 

ഒരു ചീഫ് ജസ്റ്റിസ് ഒരു ശനിയാഴ്ച ദിവസം തന്റെ സ്വന്തം പേരിൽ ഉയർന്ന ലൈംഗികാരോപണം സ്വയം തട്ടിക്കൂട്ടിയ ഒരു ബെഞ്ചിലിരുന്നു തീർപ്പാക്കിയ ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട സംഭവവും തുടർന്ന് ആ ചീഫ് ജസ്റ്റിസ് വിരമിച്ച ഉടനെ സർക്കാരിന്റെ ഔദാര്യം നക്കി രാജ്യസഭയിലെ മെമ്പറായതും ഗുരുതരമായ ആരോപണം ഉന്നയിച്ച സ്ത്രീയെ തിരിച്ചു സുപ്രീം കോടതിയിൽ തന്നെ ജോലിക്കു പ്രവേശിപ്പിച്ചതും എല്ലാം ഇപ്പോൾ തുറന്ന കോർട്ടിൽ ചർച്ചയാവുന്നു. 

ചില ജഡ്ജുമാരുടെ ബെഞ്ചുകൾക്കു മുന്നിൽ മാത്രം ഭരണക്കാർക്ക് താല്പര്യമുള്ള വിഷയങ്ങൾ എത്തിച്ചേരുന്നത് പോലെയുള്ള വിഷയങ്ങൾ എല്ലാം പൊതു സമൂഹത്തിനു മുന്നിൽ ചർച്ച ചെയ്യപ്പെടുമ്പോൾ ഒരു പക്ഷെ പ്രശാന്ത് ഭൂഷൺ കരുതുന്നുണ്ടാവാം ഇനി ശിക്ഷിക്കപ്പെട്ടു ജയിലിൽ പോവേണ്ടി വന്നാലും സാരമില്ല എന്ന്. 

കണ്ണാടി കൂട്ടിലിരുന്ന്,  സീല് ചെയ്ത കവറുകളിലൂടെ ഭരണക്കാർക്ക് ഒത്താശ ചെയ്ത്, വിരമിച്ചതിനു ശേഷമുള്ള ആനുകൂല്യങ്ങൾ ഉറപ്പിക്കുന്ന ജഡ്ജുമാർ കോടതി അലക്ഷ്യം പോലുള്ള വലിയ വലിയ കല്ലുകൾ പൗരന്മാർക്കു നേരെ എറിയാതെ നോക്കുന്നതാവും ഉചിതം! 

കവി പാടിയ പോലെ, പർദ്ദേ മേം രഹനേ ദോ, പർദ്ദ നാ ഉദ്ധാവോ, പർദ്ദ ജോ ഉഡ്‌ഗയാതൊ, ഖുൽജായേഗാ.... 


വിശദവിവരങ്ങൾക്ക്: https://www.thequint.com/news/law/supreme-court-prashant-bhushan-contempt-case-hearing-dushyant-dave-highlights