അങ്ങിനെ പയ്യോളി മുനിസിപ്പാലിറ്റിയിലും ഒരു സമരം നടന്നു!
പ്രതിപക്ഷ കൗൺസിലർമാർ മുനിസിപ്പാലിറ്റി കവാടത്തിൽ നടത്തിയ ധർണയെക്കുറിച്ചു വായിച്ചപ്പോൾ (മാതൃഭൂമി, 10/01/2017) സന്തോഷം തോന്നി. എന്തെന്നാൽ ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പടപൊരുതുന്ന ഒരു പ്രതിപക്ഷം ഏതൊരു ജനാധിപത്യത്തിന്റെയും വിജയത്തിന് അനിവാര്യമാണ്. നിയമപരമായി നോക്കിയാൽ നമ്മുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ പ്രതിപക്ഷം എന്ന ആശയം നടപ്പിലാക്കിയിട്ടില്ല. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ പങ്കിട്ടെടുക്കുന്ന ഇന്നത്തെ രീതിയിൽ പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സംവിധാനമാണ് എല്ലാ കക്ഷികൾക്കും നല്ലതു എന്നത് സാമാന്യബുദ്ധി മാത്രം! ജനങ്ങൾക്ക് അത് അത്ര നല്ലതല്ല എന്നതും പകൽ പോലെ വ്യക്‌തം.
അടുത്തിടെ, പയ്യോളി മുനിസിപ്പാലിറ്റിയിലെ ചില പരിപാടികൾ അടുത്തറിയാൻ അവസരം ഉണ്ടായി. തെറ്റായ രേഖകൾ നൽകി, മുനിസിപ്പാലിറ്റിയുടെ പ്രഖ്യാപിത പ്ലാസ്റ്റിക് വിരുദ്ധ നയത്തിനെപ്പോലും വെല്ലുവിളിച്ചു കൊണ്ട്, ചില സ്വകാര്യ വ്യക്തികൾ നിയമവിരുദ്ധമായി നേടിയെടുത്ത പ്ലാസ്റ്റിക് കുപ്പി (PET) നിർമാണ ലൈസന്സിനെക്കുറിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ അടക്കമുള്ളവരുടെ ശ്രദ്ധ ക്ഷണിച്ചപ്പോൾ പ്രതീക്ഷിച്ചതു പ്രതിപക്ഷമെങ്കിലും അത്തരം ഒരു നടപടിയെ ചോദ്യ ചെയ്യും എന്നായിരുന്നു. പ്രത്യേകിച്ചും ആ പ്രവൃത്തി പ്ലാസ്റ്റിക് മാലിന്യ മുക്‌തമായ ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവൻ ഭീമഹരജിയെ തൃണവൽഗണിച്ചു കൊണ്ടാണ് എന്നുകൂടി കണക്കിൽ എടുക്കുമ്പോൾ. എന്നാൽ അത്ഭുതം എന്ന് പറയട്ടെ, കക്ഷി രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും മുനിസിപ്പാലിറ്റിയുടെ നിയമവിരുദ്ധ നിലപാടിനെ അനുകൂലിച്ചു നിശ്ശബ്ദത പാലിക്കുന്നതാണ് കാണാൻ കഴിഞ്ഞത്!
അത് പോട്ടെ, better late than never എന്നാണല്ലോ! അത് കൊണ്ടാണ് കൗൺസിലർമാരുടെ ധർണ എന്ന സമരമുറയെക്കുറിച്ചു വായിച്ചപ്പോൾ സന്തോഷം തോന്നിയത്. എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല, സമരം ചെയ്തത് എന്തിനു വേണ്ടി ആയിരുന്നു എന്നറിഞ്ഞപ്പോൾ!
പയ്യോളിയിലെ പ്രാചീനമായ കിഴൂർ ക്ഷേത്രത്തിലെ ഉത്സവവും അതിനോടനുബന്ധിച്ചു നടത്തുന്ന കിഴൂർ ചന്തയും മലബാറിലെ തന്നെ പ്രശസ്തമായ ആഘോഷങ്ങളിൽ ഒന്നാണ്. ചന്ത നടത്താറുള്ള വയലുകൾ മിക്കവാറും എല്ലാം തന്നെ നികത്തപ്പെട്ടു കഴിഞ്ഞു. പയ്യോളി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്ഥലത്തു ചന്ത നടത്തുന്നതിന് ക്ഷേത്ര കമ്മിറ്റി 40,000 രൂപ നൽകണം എന്ന ഭരണ സമിതിയുടെ തീരുമാനം, ഒരു വിഭാഗം ജനങ്ങളുടെയും ഭക്തന്മാരുടെയും പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ച തീരുമാനത്തിന് എതിരായിട്ടാണത്രെ ഈ പുതിയ സമരം.
പയ്യോളിയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഒരു ചന്തയും വിശ്വാസത്തിന്റെ ഭാഗമായ ഒരു ഉത്സവവും നടത്തുമ്പോൾ അതിൽ നിന്നുള്ള ലാഭത്തിൽ ഒരു പങ്കു പ്രതീക്ഷിക്കുന്നത് മുനിസിപ്പാലിറ്റിയെ സംബന്ധിച്ചിടത്തോളം സ്വാഭാവികം തന്നെ. എന്നാൽ ഈ കച്ചവടത്തിൽ ലാഭം കൊയ്യാൻ ശ്രമിക്കുന്ന മറ്റു പലരും ഉണ്ടെന്നത് പോലും മറന്നു, ഒരു സമരം എന്ന രീതിയിലേക്ക് പ്രതിപക്ഷ കൗൺസിലർമാർ നീങ്ങിയപ്പോൾ അവരുടെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കാതെ വയ്യ! അവരെ ഒരു സമരത്തിലേക്ക് നയിച്ച ആദ്യ തീരുമാനം പയ്യോളി മുനിസിപ്പാലിറ്റി ക്ഷേത്ര കമ്മിറ്റിക്കും ഹിന്ദു മത വിശ്വാസികൾക്കും എതിരാണ് എന്ന് വരുത്തി തീർക്കാൻ വലതുപക്ഷ ശക്തികളെ സഹായിക്കും എന്നതിനാൽ പ്രത്യേകിച്ചും!
ക്ഷേത്ര കമ്മിറ്റിയിൽ നിന്നും വാടക ഈടാക്കരുത് എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. അത് ഈടാക്കുന്നത് അല്പം കൂടി നയത്തിൽ ആവാം എന്നുമാത്രം! വിശ്വാസവുമായി ബന്ധപ്പെട്ട ഇത്തരം ഒരു കാര്യത്തിൽ എടുക്കുന്ന നടപടികൾ ഉണ്ടാക്കാവുന്ന ദൂരവ്യാപകമായ ഭവിഷ്യത്തുകൾ, ക്ഷേത്രാരാധനയിലും ദൈവത്തിലും വിശ്വാസമില്ലാത്ത എനിക്ക് പോലും മനസ്സിലാവുമെങ്കിൽ എന്തെ പ്രദേശത്തെ ജനപ്രതിനിധികൾക്ക് മനസ്സിലാവുന്നില്ല? ഇനി അല്ല, വിഭജിച്ചു ഭരിക്കുക എന്ന ആ പഴയ തന്ത്രം തന്നെയാണോ, ഈ സമരത്തിന് പിന്നിലും?!
No comments:
Post a Comment