മുത്തലാഖ് ബില്ലിനെ എന്തുകൊണ്ട് എതിർക്കുന്നു എന്ന് ഒരു
സുഹൃത്ത് ചോദിച്ചു. പ്രത്യക്ഷത്തിൽ സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള ഒരു
ബില്ലിനെ എതിർക്കുന്നത് അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടല്ലേ എന്നും അദ്ദേഹം
കൂട്ടിച്ചേർത്തു. എന്റെ രാഷ്ട്രീയം അന്ധമാവരുത് എന്ന തീരുമാനം ഉള്ളതുകൊണ്ടും
ചോദ്യകർത്താവിനെ പോലെ ധാരാളം സുഹൃത്തുക്കൾ ഈ ബില്ലിലെ പ്രശ്നങ്ങളെക്കുറിച്ച്
ബോധവാന്മാരല്ല എന്നതിനാലും ആണ് ഈ വിശദമായ പോസ്റ്റ്.
മേൽപ്പറഞ്ഞ പോലെ
പ്രത്യക്ഷത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയുള്ള ഒരു നിയമ
നിർമ്മാണം ആണെന്ന് ആരും സംശയിച്ചു പോകും. അതിനാൽ ബില്ലിന്റെ
ഉദ്ദേശ്യശുദ്ധിയിലേക്ക് അല്പം ആഴത്തിൽ തന്നെ ഇറങ്ങി നോക്കാം.
ഇസ്ലാമിക നിയമ
വ്യവസ്ഥയിൽ വിവാഹം എന്നത് ഒരു കരാർ ആണെന്നും ഏതൊരു കരാർ പോലെയും വിവാഹ ബന്ധവും
അവസാനിപ്പിക്കാവുന്നതാണെന്നും ഓർക്കുക. തലാഖ് എന്നത് വിവാഹ ബന്ധം വേർപെടുത്തുന്നതിനായി ഇസ്ലാം മതം
നിർദ്ദേശിക്കുന്ന ഒരു മാർഗ്ഗമാണ്. അത് എങ്ങിനെ ചെയ്യണം എന്നതിന് വ്യക്തമായ
നിർദ്ദേശങ്ങളും ഇസ്ലാം അനുശാസിക്കുന്നു. എന്നാൽ തുടർച്ചയായി മൂന്നു പ്രാവശ്യം
തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുക എന്ന ഒരു അനാചാരം കാലക്രമേണ കടന്നുകൂടി. അത്തരം
ഇൻസ്റ്റന്റ് തലാഖുകൾ കുടുംബങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെയും എങ്ങിനെ ബാധിക്കും
എന്ന് പറയേണ്ടതില്ലല്ലോ!
ഇസ്ലാമികമല്ലാത്ത
ഇൻസ്റ്റന്റ് മുത്തലാഖിന്റെ നിയമ സാധുത നമ്മുടെ സുപ്രീം കോടതിയുടെ മുമ്പാകെ ചോദ്യം
ചെയ്യപ്പെടുകയും അത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും ഉണ്ടായതു ഈ അടുത്ത
കാലത്താണ്. ആ വിധിയോടെ മുത്തലാഖ്
സമ്പ്രദായം അസാധുവായി തീർന്നു. ചുരുക്കം ചില യാഥാസ്ഥികർ ഒഴികെ എല്ലാവരും ആ
വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു. സുപ്രീം കോടതിയുടെ വിധി എന്ന നിലയിൽ ഇപ്പോൾ
തന്നെ ബാധകമായിട്ടുള്ള ആ തീരുമാനം നിയമമാക്കുക എന്ന ലക്ഷ്യത്തോടെയാണ്
മുത്തലാഖ് ബില്ല് എന്നറിയപ്പെടുന്ന പുതിയ
ഒരു നിയമം കേന്ദ്ര സർക്കാർ കൊണ്ട് വന്നത്.
കേന്ദ്ര സർക്കാർ
കൊണ്ടുവന്ന ആ ബില്ലിൽ പക്ഷെ ഒരു പുതിയ കാര്യം കൂടി ചേർത്തിരുന്നു. അതായത്, ഏതെങ്കിലും ഒരു മുസ്ലിം പുരുഷൻ തന്റെ ഭാര്യയെ മുത്തലാഖ് ചൊല്ലിയാൽ ആ
പുരുഷനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും ജയിലിൽ അടക്കാനും ഉള്ളതായിരുന്നു ആ
പുതിയ കൂട്ടിച്ചേർക്കൽ. ഇവിടെയാണ് പ്രശ്നത്തിന്റെ തുടക്കം. നമ്മുടെ നിയമപ്രകാരം
മുത്തലാഖ് അസാധുവാണ്. അതായത് മുത്തലാഖ് ചൊല്ലിയാലും വിവാഹ ബന്ധം വേർപെടില്ല
എന്നർത്ഥം. അപ്പോൾ മുത്തലാഖ് ചൊല്ലി ഒരു
ഭർത്താവ് തന്റെ ഭാര്യയെ പുറത്താക്കിയാൽ, അല്ലെങ്കിൽ
ഉപേക്ഷിച്ചാൽ, അത്
വിവാഹമോചനമല്ല, വെറും ഉപേക്ഷിക്കൽ (abandonment)
മാത്രമാണ്.
ഒരു ഭർത്താവ്
തന്റെ ഭാര്യയെ ഉപേക്ഷിച്ചാൽ അത് ക്രിമിനൽ കുറ്റം ആണോ എന്ന് തീരുമാനിക്കാൻ
പാർലമെന്റിനു അവകാശമുണ്ട്. എന്നാൽ ഒരു പ്രത്യേക മതത്തിലെ ഭർത്താവു മാത്രം ഭാര്യയെ
ഉപേക്ഷിച്ചാൽ അത് കുറ്റമാണ് എന്ന ഒരു നിയമം എങ്ങിനെയാണ് ഒരു മതേതര രാഷ്ട്രത്തിലെ
നിയമനിർമാണ സഭയ്ക്ക് നിർമ്മിക്കാൻ കഴിയുക?
മറ്റു മതസ്ഥർ
ഭാര്യയെ ഉപേക്ഷിച്ചാൽ അത് കുറ്റമല്ലാതിരിക്കുകയും (അങ്ങനെ ചെയ്യുന്നത് എന്തോ വലിയ
സംഭവമാണ് എന്ന പോലെ ആഘോഷിക്കപ്പെടുന്ന വിരോധാഭാസവും നമ്മൾ കാണുന്നു) ഒരു പ്രത്യേക മതത്തിലെ
ഭർത്താക്കന്മാർ അങ്ങനെ ചെയ്താൽ മാത്രം ക്രിമിനൽ കുറ്റമാവുകയും ചെയ്യുന്നത്
ഒരിക്കലും ഒരു നിയമവ്യവസ്ഥയ്ക്കും ഭൂഷണമല്ല! അത് തികച്ചും മതപരമായ വിവേചനം
തന്നെയാണ്. അങ്ങനെ ചെയ്യാൻ ശ്രമിക്കുന്ന സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം
തോന്നുന്നത് സ്വാഭാവികം മാത്രം.
വ്യക്തി
ബന്ധങ്ങളിൽ ക്രിമിനൽ നിയമത്തിന്റെ കടന്നുകയറ്റം ശരിയോ തെറ്റോ എന്നത് മറ്റൊരു വിഷയം
ആയതിനാൽ ഇവിടെ ചർച്ച ചെയ്യുന്നില്ല.
ഭാര്യമാരെ നിയമാനുസൃതമായ വിവാഹമോചനത്തിലൂടെ
അല്ലാതെ ഉപേക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ
അത് ജാതി മത ഭേദമെന്യേ എല്ലാ ഇന്ത്യാക്കാർക്കും ബാധകമാക്കി നിയമം കൊണ്ടുവരട്ടെ.
അതല്ലേ ശരി?
No comments:
Post a Comment