സൗമ്യയുടെ ക്രൂരമായ കൊലപാതകത്തിന് നാമെല്ലാം ഗോവിന്ദച്ചാമിയെ മനസ്സാലെ കുറ്റക്കാരൻ എന്ന് കണ്ടെത്തുകയും എത്രയോ പ്രാവശ്യം തൂക്കിലേറ്റുകയും ചെയ്തിരിക്കുന്നു. എന്നാൽ, നമ്മുടെ പരമോന്നത കോടതിയിലെ ന്യായാധിപന്മാർക്കു അങ്ങിനെ ചെയ്യാൻ കഴിയില്ല. അവരുടെ കടമ, കീഴ്‌ക്കോടതികൾ ആരോപിതന് നൽകിയ ശിക്ഷ തെളിവുകളുടെ വെളിച്ചത്തിൽ നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് പരിശോധിക്കുകയാണ്. അവർ അങ്ങിനെ ചെയ്യുമ്പോൾ പലപ്പോഴും നാം ആഗ്രഹിച്ച ശിക്ഷ ആരോപിതന് കിട്ടി എന്ന് വരില്ല.
എല്ലാ കുറ്റങ്ങളിലും തെളിവുകൾ ഉണ്ടാവണം എന്നും അതെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിക്കൊള്ളണം എന്നുമില്ല. അതുകൊണ്ടു തന്നെ പലപ്പോഴും കുറ്റവാളികൾ രക്ഷപ്പെട്ടു എന്നും വരാം. എന്നിരുന്നാലും ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന തത്വം മുറുക്കെപ്പിടിക്കാൻ ഏതൊരു പരിഷ്‌കൃതസമൂഹത്തിലെയും കോടതികളും മാധ്യമങ്ങളും പൗരന്മാരും ഒരു പോലെ ബാധ്യസ്ഥരാണ്. അങ്ങിനെ അല്ല എന്ന് ആർക്കെങ്കിലും തോന്നുന്നു എങ്കിൽ ഒന്നു മാത്രം ചെയ്യുക- കുറ്റാരോപിതനായത് താൻ സ്വയം തന്നെ ആണ് എന്ന് സങ്കൽപ്പിച്ചു നോക്കുക (കുറ്റം ചെയ്തവർ മാത്രമല്ല കുറ്റാരോപിതർ ആവുന്നത് എന്നതിന് നമ്മുടെ മുന്നിൽ ധാരാളം ഉദാഹരങ്ങൾ ഉണ്ടെന്നും ഓർക്കുക). അപ്പോൾ കോടതികൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കണോ അതോ മാധ്യമ വാർത്തകളുടെയും ഊതി വീർപ്പിച്ച വികാരങ്ങളുടെയും അടിസ്ഥാനത്തിൽ ശിക്ഷിക്കണോ എന്ന ചോദ്യത്തിന്റെ പ്രസക്തി ഓരോ വ്യക്തിക്കും മനസ്സിലാവും!
ഗോവിന്ദച്ചാമി സൗമ്യയെ കൊന്നത് നാമാരും കണ്ടിട്ടില്ല. നമ്മിൽ മഹാഭൂരിപക്ഷം പേരും കോടതിയുടെ മുന്നിലുള്ള വസ്തുതകളെയോ തെളിവുകളെയോ വായിക്കുക പോലും ചെയ്തിട്ടില്ല. ഗോവിന്ദച്ചാമി അങ്ങിനെ ചെയ്തെന്നു നാം വിശ്വസിക്കുന്നത് വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്- തികച്ചും വികാരപരമായ ഒരു വിശ്വാസം! എന്നാൽ അങ്ങിനെ ചെയ്തെന്നു പ്രോസിക്യൂഷൻ പറയുമ്പോൾ അതിനു മതിയായ തെളിവ് ഹാജരാക്കേണ്ട ബാധ്യതയും അവർക്കുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ ഗോവിന്ദച്ചാമിയല്ല ആരായാലും അവർക്കു സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതും അനിവാര്യം.
തെളിവുകൾക്കു പകരം, വികാരങ്ങളും വിശ്വാസങ്ങളും ശിക്ഷ വിധിക്കാൻ തുടങ്ങിയാൽ ഈ ലോകത്തു പകുതിപ്പേരും തൂക്കിക്കൊല ചെയ്യപ്പെട്ടേക്കാം! അതുകൊണ്ടു കോടതി തങ്ങളുടെ മുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കട്ടെ. ചാനൽ ചർച്ചക്കാരെക്കാൾ, മൈതാനപ്രാസംഗികരേക്കാൾ, തൂക്കിക്കൊല പോലുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിന് എന്തുകൊണ്ടും നല്ലതു ന്യായാധിപന്മാർ തന്നെ!
P.S:
കീഴ്‌ക്കോടതികൾ കുറ്റക്കാരൻ എന്ന് കണ്ടെത്തിയില്ലെ എന്ന സംശയം ഉന്നയിക്കുന്നവർ ഉണ്ടാവാം. ശരിയാണ്, പക്ഷെ പലപ്പോഴും കീഴ്‌ക്കോടതികൾ ഉള്ള തെളിവുകളെ ശരിയായി വിശകലനം ചെയ്യണം എന്നില്ല. ഒരു പക്ഷെ പൊതുജനാഭിപ്രായവും മാധ്യമ വിചാരണയും മറ്റു പ്രാദേശിക വിഷയങ്ങളും കീഴ്‌ക്കോടതികളുടെ വിധിയെ സ്വാധീനിച്ചു എന്നും വരാം. അങ്ങിനെ സംഭവിച്ച പ്രമാദമായ അക്ഷർധാം കേസിലെ വിധിയുടെ വിശകലനം (ഇംഗ്ലീഷിൽ ) വായിക്കാൻ താല്പര്യം ഉള്ളവർക്കായി ലിങ്ക് താഴെക്കൊടുക്കുന്നു.....
P.S:
കീഴ്‌ക്കോടതികൾ കുറ്റക്കാരൻ എന്ന് കണ്ടെത്തിയില്ലെ എന്ന സംശയം ഉന്നയിക്കുന്നവർ ഉണ്ടാവാം. ശരിയാണ്, പക്ഷെ പലപ്പോഴും കീഴ്‌ക്കോടതികൾ ഉള്ള തെളിവുകളെ ശരിയായി വിശകലനം ചെയ്യണം എന്നില്ല. ഒരു പക്ഷെ പൊതുജനാഭിപ്രായവും മാധ്യമ വിചാരണയും മറ്റു പ്രാദേശിക വിഷയങ്ങളും കീഴ്‌ക്കോടതികളുടെ വിധിയെ സ്വാധീനിച്ചു എന്നും വരാം. അങ്ങിനെ സംഭവിച്ച പ്രമാദമായ അക്ഷർധാം കേസിലെ വിധിയുടെ വിശകലനം (ഇംഗ്ലീഷിൽ ) വായിക്കാൻ താല്പര്യം ഉള്ളവർക്കായി ലിങ്ക് താഴെക്കൊടുക്കുന്നു.....