Saturday, May 13, 2017

ചില 'അമ്മ ദിന' ചിന്തകൾ

മനുഷ്യർ സ്വാർത്ഥരാണ്...വിശേഷബുദ്ധി ഉള്ളവരും!

അവർ മക്കളെ വളർത്തുന്നത് ഭാവിയിലേക്കുള്ള നിക്ഷേപം ആയിട്ടാണ്;
പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതു വെറും കടം വീട്ടലും.  

കിട്ടാക്കടം ഏറെയുള്ള ഈ നാട്ടിൽ...
അവരവരുടെ കടം സർക്കാർ എഴുതിത്തള്ളുകയോ 
പൊതുസമൂഹം ഏറ്റെടുക്കുകയോ ചെയ്യാനാണ് ഏവർക്കും താല്പര്യം.

അപ്പോൾ, ബാധ്യതകൾ മാത്രമായ മാതാപിതാക്കൾ 
വൃദ്ധസദനങ്ങളിലോ അഗതി മന്ദിരങ്ങളിലോ എത്തിപ്പെട്ടാൽ എന്തത്ഭുതം? 

പിന്നെ, ഒരു window dressing എന്ന നിലയ്ക്കു
വർഷത്തിൽ ഒരു അമ്മദിനവും അച്ഛൻ ദിനവും!

Sunday, April 23, 2017

അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയാൽ...

അങ്ങിനെ അയാൾ ഒരു ദിവസം രാജാവായി. എങ്ങിനെ ആയി എന്നത് കഥയുടെ ഭാഗമല്ല. 

തന്റെ മന്ത്രിഗണങ്ങളുമായി സസുഖം വാഴാം എന്ന് കരുതിയിരുന്നപ്പോഴാണ് ഇടിവെട്ടിയ പോലെ ഒരു അഴിമതിക്കഥ പുറത്തു വന്നതും പ്രധാനപ്പെട്ട ഒരു മന്ത്രിയെ തന്നെ പുറത്താക്കേണ്ടി വന്നതും. പാവം മന്ത്രി.. തന്റെ ഒരു ഭാഗിനേയനെ ചെറിയ ഒരു ജോലിക്കു നിയമിച്ചതായിരുന്നു കുറ്റം! പക്ഷെ പറഞ്ഞു പറഞ്ഞു ആ പരിഷകൾ അത് വലിയ ഒരു പ്രശ്നമാക്കി. ഒടുവിൽ അതിശക്തനെന്നു സ്വയം വിശ്വസിച്ച രാജാവിന് പോലും പ്രജകളുടെ കോപത്തിന് മുൻപിൽ അടിയറവു പറയേണ്ടി വന്നു. 

അടിയറവു പറയേണ്ടി വന്നെങ്കിലും രാജാവിന്റെ കോപം മാത്രം ശമിച്ചില്ല.  
എല്ലാ പരിഷകളെയും ഒരു പാഠം പഠിപ്പിക്കേണ്ടതിന്റെയും ആരാണ് രാജാവെന്നു ഓര്മിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഓതിക്കൊടുത്തത് ഒന്നും രണ്ടും ഉപദേശകരല്ലല്ലോ, മറിച്ചു ഒരു വലിയ സ്തുതിപാഠക സംഘം തന്നെ ആയിരുന്നല്ലോ. പോരാതെ, ക്ഷമിക്കുന്നതു ശക്തർക്കു ചേർന്നതുമല്ല!

അവസാനം രാജാവ് അതിനൊരു വഴി കണ്ടെത്തി. പണ്ട് തൻ സിംഹാസനം പിടിച്ചെടുക്കാൻ യുദ്ധം ചെയ്തു കൊണ്ടിരുന്നപ്പോൾ തന്റെ എതിരാളിയായ മൂത്ത സഹോദരന്റെ ചോര ഊറ്റിക്കുടിച്ച ഒരു അട്ടയെ ആണ് അതിനായി അദ്ദേഹം കണ്ടെത്തിയത്. 

ആ അട്ടയെ പിടിച്ചു അദ്ദേഹം തന്റെ മന്ത്രിയാക്കി. എന്നിട്ടും പോരാതെ,  തന്റെ രാജകീയ മെത്തയിൽ തന്നെ കിടത്തി! 

തന്നോടൊപ്പം നിൽക്കുന്നവരെയും (ഇക്കാലത്തു ആരെയും വിശ്വസിക്കാൻ കൊള്ളില്ല) എതിരാളികളെയും ഒരു പോലെ ഞെട്ടിച്ച സംഭവം! അട്ടയുടെ പേരിൽ, ചോര ഊറ്റി കൊലചെയ്ത കുറ്റം പോലും ആരോപിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇരട്ടി മധുരം പോലെ ആയി. അല്ലെങ്കിലും പാവം അട്ട... 1..2...3... വരെയേ എത്തിയുള്ളു. 51 പോലും തികയ്ക്കാൻ കഴിയാത്ത പാവം അട്ടയെ ആണ് അവരൊക്കെ ചേർന്ന്...!

അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ പക്ഷെ അട്ട ആട്ടയല്ലാതാവില്ലല്ലോ?

അന്തഃപ്പുരവാസികളെ തന്നെ അത് ഇടയ്ക്കിടയ്ക്ക് ഒന്ന് കടിക്കും.അല്പം രക്തം ഊറ്റിക്കുടിക്കും.  മന്ത്രിയാണെന്നും കിടക്കുന്നതു രാജകീയ മെത്തയിലാണെന്നും മറന്നുപോവുന്നതു സ്വാഭാവികം മാത്രം!

അനുഭവിക്കട്ടെ. പാവം മാതുല മന്ത്രിയെ പുകച്ചു ചാടിച്ച പ്രജകൾ ശരിക്കും അനുഭവിക്കട്ടെ. ഈ അട്ടയെ പുകച്ചു ചാടിച്ചാൽ ഇതിലും വലിയ നികൃഷ്‌ടജീവികളെ ഇനിയും കൊണ്ടുവരും. അതിനു വേണ്ടി ഇനി ബിഷപ്പ്മാരുടെ അരമന വരെ തേടിപ്പോവേണ്ടി വന്നാൽ പോലും. പണ്ടത്തെപ്പോലെ അല്ല. ഇപ്പോൾ അരിവാളല്ല, മറിച്ചു കുരിശാണ് പ്രതീക്ഷയുടെ അടയാളം!

ഒന്ന് മാത്രം മതി. ആരും ഈ രാജാവിനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്! 

ഇനി ആരെങ്കിലും ധൈര്യപ്പെട്ടാൽ തന്നെ അവരെ ഏതെങ്കിലും ഗൂഡാലോചന കുറ്റം ചുമത്തി പൂജപ്പുരയിലോ, തലയ്ക്കു സുഖമില്ലെന്നു വരുത്തി ഊളംപാറയിലോ അയച്ചേക്കണം.. അല്ല പിന്നെ! 


P.S.: എന്റെ ഭാവനയിൽ പിറന്ന ഈ കലാസൃഷ്ഠിക്കു ജീവിതത്തിലെ ഏതെങ്കിലും സംഭവവുമായോ വ്യക്തികളുമായോ സാമ്യം തോന്നുന്നത് സ്വാഭാവികം മാത്രം. അതിനു ഇനി എന്നെ പൂജപ്പുരയ്ക്കോ ഊളംപാറയ്ക്കോ അയക്കാനൊന്നും മിനക്കെടേണ്ട. 

Saturday, April 8, 2017

അക്കരപ്പച്ച


അധികാരം ഒരു സുഖമുള്ള കാര്യം തന്നെ; എന്നാൽ
ചില അസൗകര്യങ്ങളും ഇല്ലാതില്ല!
അധികാരത്തിനു വേണ്ടി എന്തൊക്കെ ത്യാഗങ്ങൾ വേണമെന്ന് നിങ്ങൾക്കറിയാമോ? 
സ്വന്തം മനഃസാക്ഷിയെപ്പോലും ശത്രുവാക്കേണ്ട അവസ്ഥ!

തെറ്റായതിനെ ന്യായീകരിക്കാനും, ചുരുങ്ങിയത് കണ്ടില്ലെന്നു നടിക്കാനെങ്കിലും, എളുപ്പം ആണെന്ന് കരുതിയോ? 
അങ്ങ് ദൂരെ സിറിയയിലും സ്റ്റോക്‌ഹോമിലും ഒക്കെ ഭീകരത പ്രത്യക്ഷപ്പെട്ടാൽ നിന്ദിക്കാൻ എന്തെളുപ്പം!
എന്നുവെച്ചു, ഇങ്ങു രാജസ്ഥാനിലും ചത്തിസ്‌ഗഡിലും പശുവിന്റെയോ പ്രേമത്തിന്റെയോ ഒക്കെ  പേരിൽ പാവങ്ങളെ തല്ലിക്കൊല്ലുന്ന ഭീകരത നടമാടുമ്പോൾ അതിനെയും എതിർക്കണം എന്ന് പറഞ്ഞാൽ?

മറ്റാരെങ്കിലും ഭരിക്കുമ്പോൾ RTI യും ലോക് പാലും ഒക്കെ എത്ര സുന്ദരമായ ആശയങ്ങൾ!
എന്നാൽ നാം സ്വയം അധികാരത്തിൽ എത്തുമ്പോൾ അതൊക്കെ നടപ്പിലാക്കി സ്വയം കുഴി തോണ്ടണം എന്ന് ശഠിച്ചാൽ?

അധികാരമില്ലാത്തപ്പോൾ എന്തിനെക്കുറിച്ചും വാചാലമാവാം
അധികാരമുള്ളപ്പോൾ, പലതും കാണാതെ നടിക്കണം.

അധികാരമില്ലാത്ത ബംഗാളിലെ രാഷ്ട്രീയക്കൊലകളെ ജനാധിപത്യത്തിന്റെ കശാപ്പായി കാണാൻ ഒരു വിഷമവും ഇല്ല
എന്നാൽ, സ്വയം ഭരിക്കുന്ന കേരളത്തിൽ പാർട്ടി നടത്തുന്ന കൊലകളെ ന്യായീകരിക്കാൻ എന്തൊക്കെ സർക്കസ്സുകൾ കളിക്കണം!

ഇറോം ശർമിളയുടെ നിരാഹാരം വാഴ്ത്തപ്പെടേണ്ടത് തന്നെ.
ഒപ്പം മഹിജയുടെയും അവിഷ്ണയുടെയും നിരാഹാരത്തെ ഇകഴ്‌ത്തേണ്ട വൈരുദ്ധ്യാത്മക ഉത്തരവാദിത്തത്തെക്കുറിച്ചു ആർക്കെന്തറിയാം!

പ്രതിപക്ഷത്തിരിക്കുമ്പോൾ പോലീസിനെ അക്രമിക്കാം, കേരളം കത്തിക്കുമെന്ന് ഭീഷണി മുഴക്കാം, 
സെക്രട്ടറിയേറ്റ് വളയാം,  മുഖ്യമന്ത്രിയെ വരെ കല്ലെറിയാം.. 
എന്നുവെച്ചു, ഭരണത്തിലിരിക്കുമ്പോൾ സമരങ്ങളെ സഹാനുഭൂതിയോടെ കാണണം എന്ന് പറഞ്ഞാൽ? 

പൊന്നിൻ സൂചികൾ മറ്റുള്ളവരുടെ കണ്ണിൽ കുത്താൻ മാത്രം ഉള്ളതാണ് എന്നെങ്കിലും....

JNU വിലെയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെയും അധികാരികളുടെ ഭീകരതയെക്കുറിച്ചു വാചാലമാവാൻ എന്തെളുപ്പം!
എന്നുവെച്ചു ലോ അക്കാഡമിയിലും നെഹ്‌റു കോളേജിലും അത് തന്നെ പറയാൻ പറ്റുമോ?!

മനഃസാക്ഷിയെ കൂട്ടിലടച്ച തത്തയാക്കിവെച്ച്, അധികാരത്തിന്റെ കഴുകന്മാരെ യദേഷ്ടം വിഹരിക്കാൻ വിടുമ്പോൾ 
കാണുന്നവർക്കു തോന്നും........ അക്കരപ്പച്ച!

Wednesday, April 5, 2017

തേൻകെണിയും സാംസ്‌കാരിക നായകത്വവും!

നമ്മുടെ സാംസ്ക്കാരിക നായകന്മാർക്ക് വീണ്ടും പണിയാവുകയാണല്ലോ?

മംഗളത്തിലെ പത്രപ്രവർത്തക, മുൻമന്ത്രി ശശീന്ദ്രന് എതിരെ കേസ് കൊടുത്തു എന്ന് വാർത്ത!

നിരന്തരം വിളിച്ചു, അശ്ലീലം പറയുമായിരുന്നു എന്ന് മൊഴി കൊടുത്തത്രെ. 

എന്തൊരക്രമം ആണിത്?

ഒരു ഇടതുപക്ഷ സഹയാത്രികന്‌ (ഗോവയിൽ BJP സഹയാത്രികൻ ആണെങ്കിൽ കൂടി) അതും ഒരു മന്ത്രിക്കു, ഇവിടെ സ്വകാര്യമായി ഒരു  പത്രപ്രവർത്തകയെ വിളിച്ചു നാല് അശ്ലീലം പറയാൻ കൂടി ഈ മാധ്യമ സിന്ധിക്കേറ്റുകൾ (honey trap എന്ന തേൻകെണിയെ പെൺകെണി എന്ന് പേര്മാറ്റി പെണ്ണിനെ നാണം കെടുത്താൻ സഹായിച്ച മാധ്യമ സുഹൃത്തുക്കളോടുള്ള സ്നേഹാദരങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ) കാരണം കഴിയില്ല എന്ന് വന്നാൽ, എന്ത് കഷ്ടമാണ്?! 

ഇത്തരം കേസുകൾ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനു തന്നെ ഒരു ഭീഷണിയാണ്! ആര് എപ്പോൾ വിളിച്ചു അശ്ലീലം പറഞ്ഞാലും അതൊക്കെ പുറത്തറിയിക്കാതെ അവരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യത കേരളത്തിലെ സ്ത്രീകൾക്കില്ലേ? സ്ത്രീത്വത്തെക്കാൾ എത്ര ഉയർന്നതാണ് സ്ത്രീ ലംബടന്മാരുടെ privacy  എന്നെങ്കിലും ഓർക്കേണ്ടേ? 

ഭാര്യയോ കാമുകിയോ ഒന്നുമല്ലാത്ത ഒരു സ്ത്രീയോട് , ഒരു മന്ത്രി, തന്റെ ബന്ധം തികച്ചും professional ആണെന്ന് നന്നായി അറിഞ്ഞിട്ടും,  പുളിച്ച അശ്ലീലം പറഞ്ഞതിനെ ന്യായീകരിക്കുകയും ആ വിവരം പുറത്തു വിട്ടതിനെ അപലപിക്കുകയും ചെയ്ത ക്ഷീണം മാറി വരുന്നതേ ഉള്ളു. ഇനിയിപ്പോൾ നമ്മുടെ സാംസ്‌കാരിക നായകന്മാർക്ക് കേസ് കൊടുത്ത സ്ത്രീയെ താറടിക്കേണ്ട ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുമോ? ഈ സംസ്കാരം, പ്രത്യേകിച്ച് നായകത്വം, വല്ലാത്ത ബുദ്ധിമുട്ടുതന്നെ!

കലികാലം എന്നല്ലാതെ എന്ത് പറയാൻ!

Monday, March 27, 2017

സ്വന്തം കാര്യം സിന്താബാദ്!


മറ്റുള്ളവർ എന്ത് ഭക്ഷിക്കുന്നു, എന്ത് കുടിക്കുന്നു? 
മറ്റുള്ളവർ എങ്ങിനെ, എത്രമാത്രം നാണം മറയ്ക്കുന്നു?
മറ്റുള്ളവർ എന്ത് പറയുന്നു, എന്ത് ചിന്തിക്കുന്നു?
മറ്റുള്ളവർ എന്തിൽ വിശ്വസിക്കുന്നു, എന്തിനോട് പ്രാർത്ഥിക്കുന്നു?
മറ്റുള്ളവർ എങ്ങിനെ പ്രേമിക്കുന്നു, എവിടെ വച്ച് സല്ലപിക്കുന്നു?

മറ്റുള്ളവരെക്കുറിച്ചുള്ള  വേവലാതിക്കിടയിൽ
മനുഷ്യൻ സ്വയം മറന്നു പോയോ?
മനുഷ്യനാണെന്ന കാര്യം പോലും മറന്ന് 
മറ്റുള്ളവരെ അടിച്ചമർത്താനുള്ള നെട്ടോട്ടത്തിൽ 
അവനവൻ ആരെന്നു ഓർത്തു നോക്കാൻ പോലും 
ഓരോരുത്തർക്കും സമയം ഇല്ലാതെ വരുന്നു!

നാം മറക്കുന്നത്, 
ആർക്കും ആരെയും 'നന്നാക്കാൻ' കഴിയില്ല; 
സ്വയം മാറാൻ തീരുമാനിക്കുന്നതുവരെ! 
മറ്റുള്ളവരെ 'നന്നാക്കാൻ' ശ്രമിക്കുന്നതിലും എത്രയോ എളുപ്പം
ഓരോരുത്തരും സ്വയം നന്നാവുകയാണ്! 

അവനവന്റെ കാര്യം നോക്കി നടക്കാൻ കഴിയുന്ന 
സ്വാർത്ഥന്മാരുടെ കുറവ് ഈ ലോകത്തെ വല്ലാതെ അലട്ടുന്നു!

Monday, January 9, 2017

പയ്യോളി മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷസമരം

അങ്ങിനെ പയ്യോളി മുനിസിപ്പാലിറ്റിയിലും ഒരു സമരം നടന്നു! 

പ്രതിപക്ഷ കൗൺസിലർമാർ മുനിസിപ്പാലിറ്റി കവാടത്തിൽ നടത്തിയ ധർണയെക്കുറിച്ചു വായിച്ചപ്പോൾ (മാതൃഭൂമി, 10/01/2017) സന്തോഷം തോന്നി. എന്തെന്നാൽ ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പടപൊരുതുന്ന ഒരു പ്രതിപക്ഷം ഏതൊരു ജനാധിപത്യത്തിന്റെയും വിജയത്തിന് അനിവാര്യമാണ്.  നിയമപരമായി നോക്കിയാൽ നമ്മുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ പ്രതിപക്ഷം എന്ന ആശയം നടപ്പിലാക്കിയിട്ടില്ല. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ പങ്കിട്ടെടുക്കുന്ന ഇന്നത്തെ രീതിയിൽ പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സംവിധാനമാണ് എല്ലാ കക്ഷികൾക്കും നല്ലതു എന്നത് സാമാന്യബുദ്ധി മാത്രം! ജനങ്ങൾക്ക് അത് അത്ര നല്ലതല്ല എന്നതും പകൽ പോലെ വ്യക്‌തം. 

അടുത്തിടെ, പയ്യോളി മുനിസിപ്പാലിറ്റിയിലെ ചില പരിപാടികൾ അടുത്തറിയാൻ അവസരം ഉണ്ടായി. തെറ്റായ രേഖകൾ നൽകി, മുനിസിപ്പാലിറ്റിയുടെ പ്രഖ്യാപിത പ്ലാസ്റ്റിക് വിരുദ്ധ നയത്തിനെപ്പോലും വെല്ലുവിളിച്ചു കൊണ്ട്, ചില സ്വകാര്യ വ്യക്തികൾ നിയമവിരുദ്ധമായി നേടിയെടുത്ത പ്ലാസ്റ്റിക് കുപ്പി (PET) നിർമാണ ലൈസന്സിനെക്കുറിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ അടക്കമുള്ളവരുടെ  ശ്രദ്ധ ക്ഷണിച്ചപ്പോൾ പ്രതീക്ഷിച്ചതു പ്രതിപക്ഷമെങ്കിലും അത്തരം ഒരു നടപടിയെ ചോദ്യ ചെയ്യും എന്നായിരുന്നു. പ്രത്യേകിച്ചും ആ പ്രവൃത്തി പ്ലാസ്റ്റിക് മാലിന്യ മുക്‌തമായ ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവൻ ഭീമഹരജിയെ തൃണവൽഗണിച്ചു കൊണ്ടാണ് എന്നുകൂടി കണക്കിൽ എടുക്കുമ്പോൾ. എന്നാൽ അത്ഭുതം എന്ന് പറയട്ടെ, കക്ഷി രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും മുനിസിപ്പാലിറ്റിയുടെ നിയമവിരുദ്ധ നിലപാടിനെ അനുകൂലിച്ചു നിശ്ശബ്ദത പാലിക്കുന്നതാണ് കാണാൻ കഴിഞ്ഞത്! 

അത് പോട്ടെ, better late than never എന്നാണല്ലോ!  അത് കൊണ്ടാണ് കൗൺസിലർമാരുടെ ധർണ എന്ന സമരമുറയെക്കുറിച്ചു വായിച്ചപ്പോൾ സന്തോഷം തോന്നിയത്. എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല, സമരം ചെയ്തത് എന്തിനു വേണ്ടി ആയിരുന്നു എന്നറിഞ്ഞപ്പോൾ! 

പയ്യോളിയിലെ പ്രാചീനമായ കിഴൂർ ക്ഷേത്രത്തിലെ ഉത്സവവും അതിനോടനുബന്ധിച്ചു നടത്തുന്ന കിഴൂർ ചന്തയും മലബാറിലെ തന്നെ പ്രശസ്തമായ ആഘോഷങ്ങളിൽ ഒന്നാണ്. ചന്ത നടത്താറുള്ള വയലുകൾ മിക്കവാറും എല്ലാം തന്നെ നികത്തപ്പെട്ടു കഴിഞ്ഞു.  പയ്യോളി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്ഥലത്തു ചന്ത നടത്തുന്നതിന് ക്ഷേത്ര കമ്മിറ്റി 40,000 രൂപ നൽകണം എന്ന ഭരണ സമിതിയുടെ തീരുമാനം, ഒരു വിഭാഗം ജനങ്ങളുടെയും ഭക്തന്മാരുടെയും പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ച തീരുമാനത്തിന് എതിരായിട്ടാണത്രെ ഈ പുതിയ സമരം.   

പയ്യോളിയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഒരു ചന്തയും വിശ്വാസത്തിന്റെ ഭാഗമായ ഒരു ഉത്സവവും നടത്തുമ്പോൾ അതിൽ നിന്നുള്ള ലാഭത്തിൽ ഒരു പങ്കു പ്രതീക്ഷിക്കുന്നത് മുനിസിപ്പാലിറ്റിയെ സംബന്ധിച്ചിടത്തോളം സ്വാഭാവികം തന്നെ. എന്നാൽ ഈ കച്ചവടത്തിൽ ലാഭം കൊയ്യാൻ ശ്രമിക്കുന്ന മറ്റു പലരും ഉണ്ടെന്നത് പോലും മറന്നു, ഒരു സമരം എന്ന രീതിയിലേക്ക് പ്രതിപക്ഷ കൗൺസിലർമാർ നീങ്ങിയപ്പോൾ അവരുടെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കാതെ വയ്യ! അവരെ ഒരു സമരത്തിലേക്ക് നയിച്ച ആദ്യ തീരുമാനം പയ്യോളി മുനിസിപ്പാലിറ്റി ക്ഷേത്ര കമ്മിറ്റിക്കും ഹിന്ദു മത വിശ്വാസികൾക്കും എതിരാണ് എന്ന് വരുത്തി തീർക്കാൻ വലതുപക്ഷ ശക്തികളെ സഹായിക്കും എന്നതിനാൽ പ്രത്യേകിച്ചും!

ക്ഷേത്ര കമ്മിറ്റിയിൽ നിന്നും വാടക ഈടാക്കരുത് എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. അത് ഈടാക്കുന്നത്‌ അല്പം കൂടി നയത്തിൽ ആവാം എന്നുമാത്രം! വിശ്വാസവുമായി ബന്ധപ്പെട്ട ഇത്തരം ഒരു കാര്യത്തിൽ എടുക്കുന്ന നടപടികൾ ഉണ്ടാക്കാവുന്ന ദൂരവ്യാപകമായ ഭവിഷ്യത്തുകൾ, ക്ഷേത്രാരാധനയിലും ദൈവത്തിലും വിശ്വാസമില്ലാത്ത എനിക്ക് പോലും മനസ്സിലാവുമെങ്കിൽ എന്തെ പ്രദേശത്തെ ജനപ്രതിനിധികൾക്ക് മനസ്സിലാവുന്നില്ല? ഇനി അല്ല, വിഭജിച്ചു ഭരിക്കുക എന്ന ആ പഴയ തന്ത്രം തന്നെയാണോ, ഈ സമരത്തിന് പിന്നിലും?!

Tuesday, November 29, 2016

ആന്റണിയും, പരീക്കറും, പിന്നെ പാകിസ്താനും!

കഴിവുകെട്ട ആന്റണിയും മൻമോഹൻ സിങ്ങുമൊക്കെ രാജ്യം ഭരിച്ചിരുന്നപ്പോൾ പാക്കിസ്ഥാൻ നമ്മുടെ പട്ടാളക്കാരെ നിയന്ത്രണരേഖയിൽ വെച്ച് ആക്രമിച്ചു കൊന്നതും, 26/11 നു യാതൊരു സംരക്ഷണവുമില്ലാത്ത സിവിലിയന്മാരെ മുംബൈയിൽ  ആക്രമിച്ചതും മറ്റും നാമെല്ലാം ഓർക്കുന്നു!

എന്നാൽ ഇന്ന് കാര്യങ്ങളാകെ മാറി. 

സർജിക്കൽ സ്ട്രൈക്ക് പോലുള്ള കടിച്ചാൽ പൊട്ടാത്ത വാക്കുകൾ നാം കേട്ട് തുടങ്ങി. IIT ക്കാരൻ പരീക്കറും സ്വയം പ്രഖ്യാപിത ചായക്കടക്കാരൻ മോഡിജിയും ഒക്കെ രാജ്യം ഭരിക്കുന്നതിനാൽ പാക്കിസ്ഥാൻ വളരെ മാറി. ഇന്ന് അവർ  കടുത്ത സുരക്ഷയുള്ള പട്ടാള ക്യാമ്പുകൾ മാത്രമേ അക്രമിക്കാറുള്ളു!  പത്താൻകോട്, ഉറി, നാഗ്‌രോത്ത (ഈ ലിസ്റ്റ് ഇവിടെ അവസാനിക്കും എന്ന് പ്രതീക്ഷിക്കട്ടെ, അകാലത്തിൽ മരിച്ചു വീഴുന്ന പട്ടാളക്കാർക്കുവേണ്ടി). 

പക്ഷെ ആന്റണിയെ തെറി വിളിച്ച പോലെ പരീക്കറെ വിളിക്കാൻ വരട്ടെ! ആന്റണിക്ക് അറിയില്ലായിരുന്നു എപ്പോൾ എവിടെ പാക്കിസ്ഥാൻ നുഴഞ്ഞു കയറുമെന്ന്! എന്നാൽ പരീക്കർ സാബിനോട് ചോദിക്കാതെ ഇന്ത്യയിലേക്ക് കടന്നു നമ്മെ ആക്രമിക്കാൻ ഒരു പാകിസ്ഥാൻകാരനും ധൈര്യമില്ല. സംശയമുണ്ടോ? താഴെ കൊടുത്ത ട്വിറ്റർ മെസ്സേജ് നോക്കൂ!



ഇതാണ്ടാ മോഡി ജി... ഇത് താൻഡാ പരീക്കർ... 

P.S.: ആക്രമണത്തിൽ മരിച്ച എല്ലാ പട്ടാളക്കാർക്കും ഈ മുൻ പട്ടാളക്കാരന്റെ സല്യൂട്ട്!