ഒരു മനുഷ്യജീവൻ കൂടി കുരുതി കൊടുത്തു
കഴിഞ്ഞു, ഈ നാട്ടിൽ. ഹർത്താലും നടന്നു,
വടകര താലൂക്കിൽ മുഴുവൻ! കൊല്ലപ്പെട്ട
ആളുടെ കുട്ടിത്തം മാറാത്ത ഫോട്ടോ കണ്ടപ്പോൾ എന്ത് പറയണം എന്ന് കൂടി അറിയാത്ത ഒരു
അവസ്ഥയിലായിപ്പോയി. കിട്ടിയ രണ്ടു പത്രങ്ങളും അരിച്ചു പെറുക്കി വായിച്ചു നോക്കി,
എന്തിനാണ് ഈ ഇളം ജീവനെ വെട്ടി നുറുക്കിയത് എന്നറിയാൻ. എല്ലാ വാർത്തകളിലും പ്രാധാന്യം ഹർത്താലിന് തന്നെ! ഒരു വാർത്തയിലും തക്കതായ ഒരു കാരണവും
കാണാൻ കഴിഞ്ഞില്ല. പൂർവ വൈരാഗ്യമോ, അത് പോലെ മറ്റെന്തെങ്കിലും കാരണമോ കൊലയ്ക്
പിന്നിൽ ഉള്ളതായി കണ്ടില്ല. എതിരെ ബൈക്കിൽ വന്ന കൂട്ടരുമായി എന്തോ വാക്ക്തർക്കം... അപ്പോൾ കാറിൽ വന്ന
സംഘം വെട്ടി കൊന്നു...ചിലർ പറയുന്നു, വർഗീയമായ കാരണങ്ങൾ ആണ് ഈ ആരും കൊലയ്ക്
പിന്നിലെന്ന്. മറ്റു ചിലർ പറയുന്നു, പുകഞ്ഞു നിൽക്കുന്ന ലീഗ്- CPM വിരോധം
ആണെന്ന്.
കൊന്നവരുടെ ഫോട്ടോയും കണ്ടു,
പത്രത്തിൽ. അവരും കുട്ടിത്തം മാറാത്തവർ തന്നെ! കൊല്ലിച്ചവരോ? അറിയില്ല!
എത്രെയോ വീടുകൾ, വാഹനങ്ങൾ- എല്ലാം
പകയുടെ തീയിൽ നശിപ്പിക്കപ്പെട്ടു. ഇതൊക്കെയും എനിക്ക് മനസ്സിലാവുന്ന
കാര്യങ്ങൾക്കും എത്രെയോ അപ്പുറത്താണ്.
മനുഷ്യൻ
മനുഷ്യനെ വെട്ടി കൊല്ലുന്നതിനു പ്രേരിപ്പിക്കുന്ന വിശ്വാസ പ്രമാണങ്ങൾ എത്ര
ഉന്നതമായാലും എനിക്ക് മനസ്സിലാവില്ല. ദൂരെയെവിടെയൊക്കെയോ നടക്കുന്ന സംഭവങ്ങൾ ഒരു
വാർത്ത മാത്രമായി വിശകലനം ചെയ്തു മറക്കാൻ കഴിയും. എന്നാൽ, നമ്മുടെ തൊട്ടടുത്ത്,
നാം കണ്ടു പരിചയിച്ച മുഖങ്ങൾ ഇരയായും, വേട്ട മൃഗമായും മാറുന്നത് കാണുമ്പോൾ അതൊരു
വാർത്ത എന്നതിനപ്പുറം മനസ്സിനെ പിടിച്ചുലയ്കുന്ന ഒന്നായി തീരുന്നു.
ഏറ്റവും ഉന്നതമായതെന്നും
വികസിതമായതെന്നും സ്വയം അഹങ്കരിക്കുന്ന മനുഷ്യവംശത്തിന്റെ ഇത്തരം
ചെയ്തികൾ നമ്മുടെ കണ്ണ് തുറപ്പിക്കാൻ പര്യാപ്തമാകാത്തതെന്തേ? എന്ത് കൊണ്ട്
പരസ്പരസ്നേഹവും ജീവകാരുണ്യവും നമ്മുടെ കുട്ടികളിൽ വളർത്തിയെടുക്കാൻ നമുക്ക് കഴിയാതെ
പോവുന്നു? ആരെങ്കിലും എവിടെ നിന്നെങ്കിലും വിളിച്ചു പറഞ്ഞാൽ ഉടനെ പോയി
വെട്ടാനും കൊല്ലാനും മാത്രം നമ്മുടെ യുവത്വം അധപതിച്ചു പോയതെങ്ങിനെ? ഇത്തരം കൊലപാതകങ്ങൾ
മറ്റൊരു ഹർത്താലിന് നിമിത്തം എന്നതിന് അപ്പുറത്തേക്ക് നോക്കിക്കാണാൻ
നമുക്ക് കഴിയാതെ പോവുന്നില്ലേ? ഇതിനു ഒരു മാറ്റം ആവശ്യമല്ലേ?
അതിനായി നമുക്കോരുത്തർക്കും എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്കാനും
അതിനനുസരിച്ച് പ്രവർത്തിക്കാനും സമയമായില്ലേ? ഇരയും വേട്ടമൃഗവും നമ്മുടെ സ്വന്തം
വീട്ടിൽ നിന്നാവാതിരിക്കാൻ എങ്കിലും? അണ്ണാരക്കണ്ണനും തന്നാലായത്
എന്നല്ലേ?
കുറെ
ചോദ്യങ്ങൾ മാത്രം.. എൻറെ കയ്യിൽ ഉത്തരങ്ങൾ ഇല്ല...
No comments:
Post a Comment