ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കേരളത്തിന്റെ വടക്കൻ ജില്ലകളിൽ പൊതുവെ ഒരു പ്രത്യാശ ഉയർന്നു വന്നിരുന്നു. ആ കൊലപാതകം പോലീസിന്റെ നിഷ്പക്ഷ അന്വേഷണത്തിലെക്കും യഥാർത്ഥ പ്രതികളിലെക്കും നീണ്ടു ചെന്നപ്പോൾ ഇനിയും പാർട്ടികൾ പറയുന്ന ലിസ്റ്റ് പ്രകാരം നടക്കുന്ന വിചാരണകൾ കുറയുമെന്നും അതിലൂടെ കൊലപാതകികൾ ആവാൻ ആളെ കിട്ടാതെ വരും എന്നുമായിരുന്നു ആ പ്രത്യാശ. എന്നാൽ ആ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ പോലീസും സർക്കാരും ചേർന്ന് നടത്തിയ ഉൾവലിച്ചിൽ ആ ആശ അസ്ഥാനത്തായിരുന്നു എന്ന് തെളിയിച്ചു.
ടി പി യുടെ കൊലപാതകത്തിൽ വെറും ആയുധങ്ങൾ ആയി പ്രവർത്തിച്ചവർ മാത്രം ശിക്ഷിക്കപ്പെടുകയും പ്രേരണാശക്തികൾ എല്ലാം രക്ഷപ്പെടുകയും ചെയ്തപ്പോൾ മലബാറിലെ കൊലപാതക പരമ്പരയ്ക്ക് അത് വളം വെയ്കുമെന്നു എല്ലാവര്ക്കും മനസ്സിലായി. ഇപ്പോൾ തുടരെ തുടരെ നടക്കുന്ന കൊലപാതകങ്ങൾ ആ പേടി ശരി വെക്കുന്നതായി തീർന്നിരിക്കുന്നു.
ഏറ്റവും അവസാനമായി ഇന്നലെ കാഞ്ഞങ്ങാട്ട് ഒരു DYFI പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. ഈ അടുത്ത കാലത്ത് ഒരു RSS പ്രവർത്തകൻ വധിക്ക്പെട്ടപ്പോൾ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി തന്നെ സ്ഥലത്തെത്തി ഇത്തരം കൊലപാതങ്ങൾ തുടരാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു. കൂടാതെ BJP/RSS നേതാക്കന്മാർ ആത്മസംയമനം പാലിക്കുമെന്ന ഉറപ്പും നല്കി, നമ്മുടെ പൊതു സമൂഹത്തിന്. ഇന്നലത്തെ RSSകാർ നടത്തിയതെന്ന് പറയപ്പെടുന്ന കൊലപാതകം ആ വാക്കുകളെല്ലാം വെറും ജലരേഖകൾ മാത്രമായിരുന്നു എന്ന് തെളിയിക്കുന്നതായി.
ഇനിയും കൊലപാതകങ്ങൾ തുടരും എന്ന് തന്നെ ഭയപ്പെടേണ്ടി ഇരിക്കുന്നു. എന്തിനാണ് ഇങ്ങനെ പരസ്പരം കൊന്നു തള്ളുന്നത്? ആർക്കാണ് ഇത് കൊണ്ട് പ്രയോജനം? ആരാണ് ഈ സ്ഥിതിക്ക് ഉത്തരവാദികൾ?
തീർച്ചയായും തങ്ങളുടെ കൂട്ടത്തിൽ ഒരുവൻ കൊല്ലപ്പെടുമ്പോൾ മാത്രം കൊലപാതക രാഷ്ട്രീയത്തെ എതിർക്കുകയും തങ്ങളുടെ കൂട്ടർ ഒരു എതിരാളിയെ വധിച്ചാൽ അതിനു നൂറു നൂറു ന്യായങ്ങൾ നിരത്തുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെ ആദ്യത്തെ ഉത്തരവാദി. അതാതു പാർട്ടി നേതൃത്വങ്ങൾ അറിയാതെ ഇത്തരം കൊലപാതങ്ങൾ നടക്കില്ല എന്ന് എല്ലാവര്ക്കും അറിയാം. ഒരേ സമയം തങ്ങൾക്കു പങ്കില്ലെന്ന് അവകാശപ്പെടുകയും പ്രതികളെ എല്ലാ വിധത്തിലും സംരക്ഷിക്കുകയും ചെയ്യുന്ന നേതൃത്വത്തിന്റെ പങ്ക് ചെറുതല്ല.
എന്നാൽ അത്ര തന്നെയോ അതിലേറെയോ ആണ് പോലീസിന്റെയും, ഭരിക്കുന്ന സർക്കാരിന്റെയും, നീതിന്യായ വ്യവസ്ഥയുടെയും ഉത്തരവാദിത്വം. T P യുടെ കേസിൽ അവസാനം നടന്നത് ഒരു അപൂർവമായ കാര്യം ആയിരുന്നില്ല. അതിനും മുൻപേ നടന്ന പയ്യോളിയിലെ മനോജ് വധം ഇപ്പോഴും എവിടെയും എത്താതെ അന്വേഷണം തുടരുകയാണ്. ആ അന്വേഷണം ആരു നടത്തണം എന്ന് തീരുമാനിക്കാൻ മാത്രം ബഹുമാനപ്പെട്ട നമ്മുടെ ഹൈക്കോടതി വർഷങ്ങൾ എടുക്കുന്നു. വർഷങ്ങൾക്കു ശേഷം ഒരു കേസ് അന്വേഷിച്ചാൽ തെളിവുകളുടെ ഗതി എന്താവാനാണ് എന്ന് നമ്മുടെ ഹൈക്കോടതിക്ക് അറിയാഞ്ഞിട്ടാണോ? അതോ അത്രയൊക്കെ തിടുക്കം മതി ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനെന്നു കോടതിയും വിശ്വസിക്കുന്നുണ്ടോ? ഒരു ജീവന്റെ വില അധികമൊന്നും ഇല്ലാത്ത ഒരു നാടല്ലെ എന്ന് ബഹുമാനപ്പെട്ട കോടതിയും കരുതുന്നുണ്ടോ ആവോ!
പൌരന്റെ ജീവൻ സംരക്ഷിക്കുക എന്നത് ഏതൊരു സർക്കാരിന്റെയും ഏറ്റവും മൌലികമായ ചുമതല ആണ്. എന്നാൽ എപ്പോഴും അത് സംരക്ഷിക്കാൻ പ്രായോഗികമല്ലാത്തതിനാൽ ഒരു ജീവൻ നശിപ്പിക്കപ്പെട്ടാൽ അത് ചെയ്തവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തുക എന്നതും അത്രത്തോളം തന്നെ പ്രാധാന്യം അർഹിക്കിന്നു. ഒരു വ്യവസ്ഥക്ക് അതിനു കഴിയാതെ വരുമ്പോൾ ആ സമൂഹത്തിന്റെ അടിത്തറ തന്നെ തകരും. പ്രതികാര കൊലപാതകങ്ങളുടെ പരമ്പരക്ക് തന്നെ അത് വഴി വെക്കും.
TP യുടെ കേസിൽ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ പോലീസ് ശ്രമിക്കാതിരുന്നപ്പോൾ അത് ഭരിക്കുന്ന സർക്കാരിന്റെ കുറ്റം തന്നെ ആണ്. എന്നാൽ സർക്കാരീന്റെ തെറ്റുകളിൽ നിന്നും സമൂഹത്തെ രക്ഷിക്കേണ്ട കോടതിയും മൌനം പാലിച്ചപ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥ തന്നെ തകരുകയാണ് ചെയ്തത്. കോടതികൾ വെറും വ്യവഹാര കേന്ദ്രങ്ങൾ ആയി ചുരുങ്ങരുത്. നീതി നടപ്പാവുന്നു അന്ന് ഉറപ്പു വരുത്തേണ്ട ചുമതല കോടതികളുടെതാണ്.
അങ്ങിനെ നമ്മുടെ സമൂഹത്തിന്റെ, രാഷ്ട്രീയ നേതൃത്വങ്ങളുടെ, സർക്കാരിന്റെ, പോലീസിന്റെ, എന്തിനു കോടതികളുടെ പോലും മൂല്യ തകർച്ചയാണ് ഈ കൊലപാതകങ്ങൾ ഇങ്ങിനെ തുടരാൻ കാരണം. ചുരുങ്ങിയത് കോടതികൾ എങ്കിലും മാറേണ്ടത് അത്യാവശ്യമാണ്, എന്റെയും നിങ്ങളുടെയും ജീവന് അല്പമെങ്കിലും സംരക്ഷണം ഉറപ്പാകണം എങ്കിൽ.
അതുവരെ ഈ സ്കോർ ബോർഡുകൾ ഇങ്ങനെ ചലിച്ചു കൊണ്ടേയിരിക്കും!
No comments:
Post a Comment