കേരള സർകാരിന്റെ പുതിയ മദ്യ നയവും അതിനെ തുടർന്നു ബാറുകൾ അടച്ചു പൂട്ടാനുള്ള തീരുമാനവും പല വിധത്തിലുള്ള പ്രതികരണങ്ങളാണ്
ഉണ്ടാക്കിയത്. ഈ തീരുമാനത്തെ
അപ്പാടെ എതിർത്തവർ അധികവും കേരളത്തിന് പുറത്തു ഉള്ളവരാണ് എന്നത് വിചിത്രമായി തോന്നാമെങ്ങിലും,
മനസ്സിലാക്കാവുന്ന കാര്യമാണ്. എന്തിനെയെങ്ങിലും നിരോധിക്കുക എന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ
സാധാരണ ഗതിയിൽ ന്യായീകരിക്കാവുന്നതല്ല. അത് കൊണ്ട് തന്നെ മദ്യനിരോധനത്തിനെതിരെ ഉള്ള അഭിപ്രായങ്ങൾ സ്വാഭാവികം മാത്രം. എന്നാൽ കേരളത്തിലെ സവിശേഷ സാഹചര്യം അനുഭവിച്ച് അറിഞ്ഞവർക്ക്
നിരോധനം ഒരു ആവശ്യമാണ് എന്ന് മനസ്സിലാവും.
500 മുതൽ 1000 രൂപ വരെ ദിവസക്കൂലി വാങ്ങിയിട്ടും വീട്ടിൽ കുടുംബത്തിനു ഭക്ഷണം പോലും കൊടുക്കാൻ പലര്ക്കും കഴിയാതെ പോവുന്നത് മദ്യപാനം ഒരു ശീലമായതു കാരണം തന്നെയാണ്. ശരാശരി മദ്യ ഉപയോഗം അമിതമായത് മാത്രമല്ല, കൊച്ചു കുട്ടികളിൽ പോലും അത് ഒരു സോഷ്യൽ സ്റ്റാറ്റസ്
ആയി മാറുന്നതും നാം കാണുന്നു. സർവജനികമായ മദ്യപാന ശീലത്തിൽ നിന്നും ഉണ്ടാവുന്ന ഒട്ടനവധി സാമൂഹ്യ തിന്മകളെയും
കുറ്റകൃത്യങ്ങളെയും കേരളം അനുഭവിച്ചറിയുന്നു. ഒരു സമൂഹത്തിനും ഇങ്ങിനെ അനാരോഗ്യകരമായ
ഒരു അവസ്ഥ തുടർന്നു കൊണ്ടുപോവാൻ കഴിയില്ല. അത് കൊണ്ട് മദ്യത്തിന്റെ അതിപ്രസരം കുറയ്ക്കുന്ന ഏതു തീരുമാനവും സ്വാഗതാർഹാമാവുന്നതും മനസ്സിലാക്കാവുന്നത് തന്നെ.
കേരളത്തിനകത്ത് നിന്നും ഉണ്ടായ എതിരഭിപ്രായങ്ങൾ മിക്കവാറും കപടമായിരുന്നു എന്ന് കാണാം. ചിലർ ബാർ നിർത്തിയാൽ ബാർ തൊഴിലാളികൾ ആത്മഹത്യ ചെയ്യുമെന്നു പറയുന്നു. മറ്റു ചിലർ ടൂറിസം നശിക്കും എന്ന് വേവലാതിപ്പെടുന്നു. സായിപ്പന്മാർ
അവരുടെ നാട്ടിൽ മദ്യം കിട്ടാത്തത് കൊണ്ട് കുടിക്കാൻ കേരളത്തിൽ വരുന്നത് പോലെ! ഇനിയും ചിലർ പറയുന്നു ബാർ മാത്രം അടച്ചു ബിവേരെജെസ് തുറന്നിരിക്കുന്നത് വിവേചനമാണ്. ഇവര മാത്രം ലൈസെൻസ് തരപ്പെടുത്തി ബാർ നടത്തിയത് വിവേചനമല്ലേ? വിവേചനം ഇല്ലെങ്ങിൽ ആര്ക്കും എപ്പോഴും ഫീസ് അടച്ചു ബാർ തുടങ്ങാൻ പറ്റണം എന്ന് ഇവര സൌകര്യപൂർവ്വം മറക്കുന്നു!
മറ്റൊരു പ്രമുഖ അഭിപ്രായം വന്നത് മദ്യനിരോധനമല്ല
മദ്യവർജനം ആണ് പ്രായോഗികവും
അഭികാമ്യവും എന്നതാണ്. ചില ജാതി മത സംഘടനകൾ പോലും ഈ അഭിപ്രായം പ്രകടിപ്പിച്ചു കണ്ടു. അഭികാമ്യം എന്നത് അക്ഷരാർഥത്തിൽ ശരി ആണ്. എന്നാൽ പ്രായോഗികം എന്നത് തികച്ചും തെറ്റും. ഈ സംഘടനകളോ മറ്റു മദ്യ വിരുദ്ധ പരിപാടികളോ മദ്യവരജനം ഒരു വിജയമാക്കാൻ
ഇതുവരെ ശ്രമിക്കാതല്ല,
വിജയിക്കാത്തത് തന്നെ ആണ്. മദ്യത്തിനെതിരെ ശബ്ദം ഉയര്ത്തിയ ആര്ക്കും അവരുടെ അനുയായികളെ മദ്യവിമുക്തരാക്കാൻ കഴിഞ്ഞിട്ടില്ല
എന്നത് സത്യം മാത്രം. സർകാരിന്റെയും നയം ഇതുവരെ മദ്യവർജനം തന്നെ ആയിരുന്നല്ലോ.
എന്നിട്ടും മദ്യ ഉപയോഗം കൂടിയതല്ലാതെ അല്പവും കുറഞ്ഞില്ല.
മറ്റൊന്ന് മദ്യ നിരോധനം മദ്യ വർജനത്തിനു എതിരല്ല എന്നതാണ്. പലരും പറയുന്നത് പോലെ മദ്യനിരോധനം
വന്നാലും അല്പസ്വല്പം മദ്യം ഈ സമൂഹത്തിൽ ഉണ്ടാവും എന്ന് നമുക്കെല്ലാം അറിയാം. ഒട്ടേറെ ലഹരി പദാർത്ഥങ്ങൾ
നിരോധനത്തിനെ തോൽപ്പിച്ച് ഇപ്പോഴും നമ്മുടെ നാട്ടിൽ ‘സുലഭം’ ആണല്ലോ. അത് കൊണ്ട് മദ്യവർജനത്തിനു വേണ്ടി വാദിക്കുന്നവർ
മദ്യ നിരോധനത്തിനെ ശത്രുത മനോഭാവത്തോടെ കാണാതെ അവരുടെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ ഒരു സഹായം മാത്രമായി കാണണം, അവരുടെ ഉദ്ദേശ്യം ശരിക്കും മദ്യവർജനം തന്നെ ആണെങ്കിൽ! ആത്മാർഥതയോടെ അവർ തങ്ങളുടെ അനുയായികളെ മദ്യവർജനത്തിനു പ്രേരിപ്പിക്കട്ടെ. അപ്പോൾ മദ്യനിരോധനം ഒരു വിഷയമേ അല്ലാതായി തീരും.
അവസാനമായി, സമൂഹത്തിലെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരു തീരുമാനത്തെ പോലും വർഗീയ വൽകരിക്കാനുള്ള ശ്രമങ്ങളും നാം തിരിച്ചറിയണം.
മദ്യനിരോധനത്തിനെ സൈദ്ധാന്തികമായി എതിർക്കാമെങ്ങിലും അതിനെ അട്ടിമറിക്കാൻ വില കുറഞ്ഞ അടവുകൾ പ്രയോഗിക്കാതിരിക്കാം. മദ്യം കേരളസമൂഹത്തിനു
ദോഷം ചെയ്യുന്നു എന്ന് സമ്മതിക്കുന്നു എങ്കിൽ, മദ്യലഭ്യത കുറയ്ക്കുക അല്ലാതെ വേറെ വഴിയില്ല എന്ന് നാം മനസ്സിലാക്കണം.
മദ്യം എങ്ങനെ കഴിക്കണമെന്ന് മലയാളിക്കറിയില്ല.
ReplyDeleteഎങ്ങനെയുണ്ടാക്കിയ മദ്യമാണ് കഴിക്കേണ്ടതെന്നുമറിയില്ല.
ആകെക്കൂടി അറിയാവുന്നത് പുരാതനമായ കള്ളുചെത്താണ്.
അത് യഥേഷ്ടം ചെയ്യാന്‍ ഭരണകൂടം അനുവദിക്കുന്നുമില്ല.
സ്വന്തം സ്ഥലത്ത് നില്‍ക്കുന്ന സ്വന്തം തെങ്ങ് ചെത്തി ആവശ്യമുള്ള മദ്യം ഉണ്ടാക്കാന്‍ എല്ലാ പൗരന്മാരെയും അനുവദിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം. വ്യാജമദ്യം ഉണ്ടാക്കുന്നവരെ ഇരുമ്പഴിക്കുള്ളിലാക്കുക എന്നത് സ്റ്റേറ്റിന്‍റെ ചുമതലയാണ്. അത് യഥാവിധി അഴിമിതിയില്ലാതെ നിര്‍വഹിക്കുകയും വേണം.