Sunday, June 22, 2014

ഒടുവിൽ സീരിയലുകൾ തന്നെ ജയിക്കും!

വളരെ കാലമായി വീട്ടിൽ നടന്നു വരുന്ന ഒരു വടം വലി ആയിരുന്നു, 'കുടുംബ' ചാനലുകളിലെ സീരിയലും വാർത്തചാനലുകളിലെ സമകാലിക പരിപാടികളും തമ്മിൽ. മനുസ്മ്രിതിയെ അത്ര കണ്ടു ആരാധിക്കാത്ത കൂട്ടത്തിലായതിനാലും ജനാധിപത്യ രീതികളോട് അല്പം ബഹുമാനം ഉള്ളതിനാലും, വീട്ടിലെ ഭൂരിപക്ഷം വരുന്ന സീരിയൽ അനുകൂലികളുടെ മുന്നിൽ തോറ്റു കൊടുക്കുക മാത്രമായിരുന്നു അടുത്ത കാലം വരെ ഈയുള്ളവന്റെ വിധി

ശ്രീമതിയെ കൂറ് മാറ്റിക്കാൻ കഴിഞ്ഞതിനാലും, മകളുടെ ക്ലാസ്സ്തുടങ്ങിയതിനാലും, അമ്മ ഇപ്പോഴും വിട്ടുവീഴ്ച്ചകളിൽ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനാലും, അടുത്ത കാലത്ത് വാർത്ത ചാനലുകൾ അല്പം മുൻതൂക്കം നേടുന്നതിൽ വിജയിച്ചിരിക്കുകയായിരുന്നു.  മലയാളം സീരിയലുകളിലെ കഥാപാത്രങ്ങളുടെ സംസ്കാര ശൂന്യമായ പെരുമാറ്റങ്ങൾ വീട്ടുകാരുടെ മനസ്സിൽ ഉണ്ടാക്കിയേക്കാവുന്ന ദുഷിച്ച ചിന്തകളെയും കുടുംബ ജീവിതത്തിൽ അതിൻറെ പ്രത്യാഘാതങ്ങളെയും കുറിച്ച് എൻറെ തുടർച്ചയായ മസ്തിഷ്ക പ്രക്ഷാളനം വിജയത്തിൽ കുറച്ചൊന്നുമല്ല പങ്കു വഹിച്ചത്

എന്നാൽ ഈയിടെയായി വരുന്ന വാർത്തകൾ നേരിയ മുന്തൂക്കത്തിനു വരുത്തിയ ദോഷം ചില്ലറയല്ല. നമ്മുടെ മലയാളി സഹോദരങ്ങളെ കുറിച്ചുള്ള വാർത്തകൾ പലതും സീരിയൽ കഥാപാത്രങ്ങളെ സല്സ്വഭാവത്തിന്റെ മൂർത്തികൾ ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ളവ ആയി മാറുന്നു. അച്ഛൻ മകളെയും, അമ്മാവൻ മരുമകളെയും പീഡിപ്പിക്കുന്ന വാർത്തകൾ TRP-ക്ക് കൊള്ളാത്ത പഴഞ്ചൻ ആയി മാറിയിരിക്കുന്നു

അമ്മയുടെ വഴി വിട്ട ജീവിത രീതികൾ ചോദ്യം ചെയ്ത അച്ഛനെ അമ്മയുടെ കാമുകനോട് ചേർന്ന് കൊല ചെയ്യുന്ന മകൻ!  മദ്യപിച്ചു മധോന്മത്തനായി വീട്ടിലെത്തി അമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന മകനെ കൊല്ലേണ്ടി വരുന്ന അച്ഛൻ! നിരന്തരം പീഡിപ്പിക്കുന്ന മകനെതിരെ ബലാത്സംഗ കുറ്റത്തിന് കേസ് കൊടുക്കേണ്ടി വന്ന അമ്മ. അമ്മയുടെ തന്നെ മകൾ അമ്മയ്ക്കെതിരെ ഉയർത്തിയ ദുര്നടപ്പിന്റെ ആരോപണം. ആറും ഒന്പതും മാസം മാത്രം പ്രായമായ പിഞ്ചു കുട്ടികളുടെ വരെ ചാരിത്രം കവർന്നെടുക്കാൻ നടക്കുന്ന കാപാലികർ


വാർത്തകൾ സൂചിപ്പിക്കുന്നത് മലയാളി സമൂഹത്തിൽ ഇന്ന് നടമാടുന്ന പീഡന മാമാങ്കത്തെ മാത്രമല്ല, തകർന്നു തരിപ്പണം ആവുന്ന കുടുംബങ്ങളെ കൂടിയാണ്ഒരു സമൂഹം തന്നെ അധപ്പതനത്തിന്റെ കുഴിയിലേക്ക് ഓടി അടുക്കുന്നതാണ്

എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു, ഇതെല്ലം മുമ്പും ഉണ്ടായിരുന്ന പ്രശ്നങ്ങൾ ആയിരുന്നോ, ആരാണ് ഇതിനു ഉത്തരവാദികൾ, എന്താണ് ഇതിനു പരിഹാരം.... അനവധി ചോദ്യങ്ങൾ ഉത്തരം കാണേണ്ടതായി നമ്മുടെ മുമ്പിൽ ഉയർന്നു നില്ക്കുന്നു. എന്നാൽ, ചോദ്യങ്ങൾ ഒന്നും അടിസ്ഥാന പ്രശ്നത്തിന് പരിഹാരം ആവുന്നില്ല. ഇതൊക്കെ ആണോ നമ്മുടെ അടുത്ത തലമുറ കണ്ടും കേട്ടും പരിചയിക്കേണ്ടത്

എന്തിനാണ് മാധ്യമങ്ങൾ ഇത്തരം വാർത്തകൾക്കു അമിത പ്രാധാന്യം നല്കുന്നത്? കണ്ണടച്ചു ഇരുട്ടാക്കണം എന്നല്ല ഞാൻ പറഞ്ഞതിന്റെ താല്പര്യം. ഇത്തരം സംഭവങ്ങളെ ഒരു തരം വ്യതിചലനമായി മാത്രം കണ്ടു പരിഹാരം തേടാതെ ഇതാണ് നമ്മുടെ സമൂഹത്തിലെ സത്യം എന്ന രീതിയിലുള്ള വാർത്തകൾ ആർക്കാണ് ഗുണം ചെയ്യുക

ഏതായാലും വാർത്തകൾ ആഘോഷമാക്കുന്ന മാധ്യമങ്ങള്ക്ക് തീർച്ചയായും ഇത് ഗുണം ചെയ്യില്ല. ഇത് കണ്ടു വളരുന്ന പുതു  തലമുറക്കും ദോഷം മാത്രമേ വരുള്ളൂ. ഓരോ കുടുംബവും ഇതിനെക്കാൾ ഭേദം സീരിയലുകൾ തന്നെ എന്ന കാഴ്ചപ്പാടിലേക്ക് എത്തിച്ചേരും, താമസിയാതെ

ഒടുവിൽ, സീരിയലുകൾ തന്നെ ജയിക്കുന്നത് നമുക്ക് കാണേണ്ടി വരും!





No comments:

Post a Comment