Showing posts with label CPM. Show all posts
Showing posts with label CPM. Show all posts

Saturday, April 18, 2020

കോവിഡ് കാലത്തെ പിലാത്തോസുമാർ!

ഇന്നത്തെ (Sunday, 19 April 2020) മാതൃഭൂമി ദിനപ്പത്രത്തിന്റെ ഒന്നാം പേജിൽ ഏറ്റവും മുകളിൽ മുഴുപേജ് വീതിയിൽ NS മാധവന്റെ ഒരു മഹത്തായ കലാസൃഷ്ടി, ചെഖോവും കാഫ്കയും ഹെമ്മിങ്വേയും ഒക്കെയായി താരതമ്യം ചെയ്ത് ചിത്രാലേഖന സഹിതം പ്രസിദ്ധീകരിച്ചത് കണ്ടപ്പോൾ ആകെ കൺഫ്യൂഷൻ ആയിപ്പോയി!



എന്തായിരിക്കും മാതൃഭൂമിയെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്?

കൊറോണ കാലത്തെ കൈകഴുകലിനെ പിലാത്തോസുമായി താരതമ്യപ്പെടുത്തുന്നത് ശരിയാണോ?

പിന്നെയാണ് മനസ്സിലായത്. ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞ് പിലാത്തോസിനെ പോലെ കൈ കഴുകാൻ ശ്രമിക്കുന്നത് കൊറോണക്കാലത്തെ ജനങ്ങളല്ല, മറിച്ച് സ്പ്രിംഗ്ളർ വിവാദത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പാവം IT സെക്രട്ടറിയെ കുരിശിൽ തറക്കാൻ വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എന്ന്!

ഒരു മുൻ IAS കാരന് തീർച്ചയായും അത് മനസ്സിലാവാതെ വരില്ലല്ലോ!

അതുപോലെ ഡാറ്റാസെക്യൂരിറ്റിയെ കുറിച്ചും പ്രൈവസിയെ കുറിച്ചുമെല്ലാം ഘോരഘോരം പ്രസ്താവന നടത്തുകയും പ്രമേയം പാസ്സാക്കുകയും ചെയ്ത ശേഷം തങ്ങളുടെ PB യിലെ അംഗം തന്നെ ഡാറ്റാ അമേരിക്കൻ കുത്തകകൾക്ക് മറിച്ചു കൊടുക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്ന CPM ന്റെ കേന്ദ്ര നേതൃത്വമാണ് പിലാത്തോസിനെ പോലെ കൈ കഴുകുന്ന മറ്റൊരു കൂട്ടർ.

ഇതൊക്കെ തെളിച്ചു പറയാൻ വീരേന്ദ്രകുമാറിന്റെ മാതൃഭൂമിക്കും NS മാധവനും പരിമിതികൾ ഉണ്ടാവാം. അപ്പോൾ പിന്നെ ഭംഗ്യന്തരേണ പറഞ്ഞ് സ്വന്തം മനസ്സാക്ഷി കുത്തിന് ഇലക്കും മുള്ളിനും കേടു കൂടാതെ പരിഹാരം കാണാനുളള ശ്രമമാവാം!

അല്ലാതെ കെറോണക്കെതിരെ എറ്റവും ഫലപ്രദം എന്ന് ലോകം വിശ്വസിക്കുന്ന കൈ കഴുകലിനെ പിലാത്തോസിന്റെ കാപട്യം നിറഞ്ഞ പ്രവൃത്തിയോട് ഇവരൊക്കെ ഉപമിക്കുമോ?!

Tuesday, June 30, 2015

അരുവിക്കരയിലെ കിട്ടാത്ത മുന്തിരി....


അരുവിക്കരയിൽ CPM നു പറ്റിയ പരാജയത്തെ മനസ്സിലാക്കാൻ വൈരുദ്ധ്യാത്മക ഭൌതികവാദമോ താത്വിക വിശകലനമോ ഒന്നും ആവശ്യമില്ല. ആ പാർട്ടിയുടെ കേരളത്തിലെ ഇന്നത്തെ ഏറ്റവും ഉന്നതരായ രണ്ടു നേതാക്കന്മാരുടെ പ്രസ്താവനകൾ (വരികൾക്കിടയിൽ) വായിച്ചാൽ മാത്രം മതി. 

പിണറായി തൻറെ വായ തുറക്കാൻ ഫലം വരുന്നത് വരെ കാത്തിരിന്നു. ഒരു പക്ഷെ, ലോകസഭ തിരഞ്ഞെടുപ്പിലെ പരനാറി പ്രയോഗത്തിന്റെ ഓർമ്മകൾ ആവാം കാരണം. എന്നാൽ അച്യുതാനന്ദൻ എന്ന 'പാർട്ടി വിരുദ്ധനു' ക്ഷമ എന്നൊന്ന് തീരെ ഇല്ലാത്തതിനാൽ അത്ര കാത്തിരിക്കാനൊന്നും വയ്യ. തൻറെ വായിലെ വികട സരസ്വതിയെ അദ്ദേഹം കയറൂരി വിട്ടു, അരുവിക്കരയിൽ. ആറാട്ട് മുണ്ടന്റെയും സരിതയുടെ കിടപ്പറയുടെയും വിവരണങ്ങൾ വോട്ട് നേടാൻ പര്യാപ്തമെന്നു അദ്ദേഹം കരുതിപ്പോയി. 

യാഥാർത്ഥ്യം ബോധ്യപ്പെടാൻ അല്പം സമയമെടുത്തു രണ്ടു പേർക്കും. ഫലം പ്രഖ്യാപിച്ചപ്പോൾ മനസ്സിലായി, നെറികെട്ട ഒരു കൂട്ടം മൂരാച്ചികളെ ആണ് ഇത്രയും ദിവസം വോട്ടിനായി കാലു പിടിച്ചതെന്ന്. അരുവിക്കരക്കാർ ജാതി നോക്കി വോട്ടു ചെയ്യുന്ന, അഴിമതിപ്പണത്തിൽ  പങ്കു പറ്റുന്ന, UDF കൊടുക്കുന്ന കൈക്കൂലി വാങ്ങി കീശയിലിട്ടും മദ്യം വാങ്ങിക്കുടിച്ചും വോട്ടു വില്ക്കുന്ന, മതമേലാളൻമാർ പറയുന്ന കക്ഷിക്ക് വോട്ടു ചെയ്യുന്ന, വിഴിഞ്ഞം പോലുള്ള വൻ അഴിമതിക്ക് വേണ്ടി ഉമ്മൻചാണ്ടിക്ക് കൂട്ട് നിൽക്കുന്ന, വെറും മൂരാച്ചികൾ ആണെന്ന തിരിച്ചറിവ് അല്പം വൈകിപ്പോയി സഖാക്കൾക്ക്!

എന്തൊക്കെ ചെയ്തു ഇവർക്കായി? സായുധ വിപ്ലവത്തിന്റെ തൊട്ടടുത്ത്‌ എന്ന് പറയാവുന്ന അസ്സംബ്ലി വളയൽ സമരം, ഭാരതത്തിന്റെ ഭരണഘടനയെപ്പോലും ചോദ്യം ചെയ്യുന്ന വിധത്തിൽ നടത്തിയില്ലേ? കൊടി സുനിയും കുഞ്ഞനന്തനും പോലുള്ള സഖാക്കൾ ജയിലിൽ കഴിഞ്ഞു ത്യാഗം സഹിക്കുന്നതു ഇവർക്കു വേണ്ടി അല്ലെ? ഏറ്റവും ഒടുവിൽ രണ്ടു സഖാക്കൾ ബോംബു നിർമാണത്തിനിടയിൽ നടന്ന സ്ഫോടനത്തിൽ രക്ത സാക്ഷികൾ ആയതും ഈ വോട്ടർമാരെന്ന മൂരാച്ചികൾക്ക് വേണ്ടി തന്നെ അല്ലെ?  എത്ര ഹർത്താലുകൾ നടത്തി ഇവർക്കു വേണ്ടി? മുഖ്യമന്ത്രിയെ പോലും കല്ലെറിഞ്ഞില്ലേ? ഏതോ ബൂർഷ്വാ കള്ളുമുതലാളി പറഞ്ഞ ഉടനെ തെളിവ് പോലും ഇല്ലാതെ ബാർ അഴിമതി എന്നും പറഞ്ഞു സംസ്ഥാനത്തിന്റെ ബജറ്റ് അവതരണം പോലും തടയാൻ ശ്രമിച്ചതും ആർക്ക് വേണ്ടി ആയിരുന്നു?  നിയമസഭ വരെ തല്ലി തകർത്തു. എന്നിട്ടും എന്തെ ഇവർ ഇങ്ങനെ ആയിപ്പോയി? നന്ദി ഇല്ലാത്ത വർഗം!

ഇനി ഇപ്പോൾ പഞ്ചായത്ത് തെരെഞ്ഞെടുപ്പും നിയമസഭ തെരെഞ്ഞെടുപ്പും ഒക്കെ വരാൻ പോവുന്നു. മൂരാച്ചികൾ അരുവിക്കരയിൽ മാത്രമല്ല, ഈ കേരളം മുഴുവൻ ഇങ്ങിനെതന്നെ. ഇവരൊന്നും ഗുണം പിടിക്കത്തില്ല. നമ്മുടെ പാർട്ടി തോറ്റെന്നു വരും, അത് സാരമില്ല. ബംഗാളിൽ ഇതിലും വലിയ തോൽവി നാം കണ്ടതാണ്. നമ്മൾ കുറേക്കാലം ഭരിച്ചിട്ടും അവിടുത്തെ ജനങ്ങളെ മൂരാച്ചികൾ ആവുന്നതിൽ നിന്നും തടയാൻ കഴിഞ്ഞില്ല. ഇവിടെയോ, UDF-  കാർ ഓരോ അഞ്ചു വർഷം കൂടുന്തോറും അഴിമതിപ്പണവും മദ്യവും നല്കി ഇവിടുത്തെ ജനങ്ങളെക്കൊണ്ട് വോട്ടു ചെയ്യിച്ചു നമ്മുടെ ശ്രമങ്ങൾ എല്ലാം വെറുതെ ആക്കും!  പിന്നെ, ഏക ആശ്വാസം ഓരോ അഞ്ചു വർഷം കഴിയുമ്പോഴും UDF ഈ പരിപാടി മറന്നു പോയിരുന്നു എന്നത് മാത്രം. UDF ന്റെ മദ്യവും പണം കിട്ടാതെ വരുമ്പോൾ ജാതി ചിന്തകളും മതചിന്തകളും മറന്നു ഈ മൂരാച്ചികൾ പ്രബുദ്ധരാവും, അങ്ങിനെ LDF നു വോട്ടു ചെയ്യും. ഇപ്പോൾ പേടി ആ ഉമ്മൻചാണ്ടി മറവി തീരെ ഇല്ലാത്തവൻ ആണെന്നതാണ്. അഴിമതിയിലൂടെ ധാരാളം പണവും ഉണ്ട്. വിഴിഞ്ഞത് മാത്രം 6000 കോടിയിൽ അധികം കീശയിൽ ആക്കിയില്ലേ? ഇതെല്ലം വാരിക്കോരി കൊടുത്തു എല്ലാ മൂരാച്ചികളെക്കൊണ്ടും വോട്ടു ചെയ്യിച്ചു വീണ്ടും UDF തന്നെ അധികാരത്തിൽ വന്നാൽ ഈ മൂരാച്ചികളുടെ കാര്യം എന്താവും എന്നാണ് പേടി!

കൈരളിയുടെ സർവ്വേ പറഞ്ഞു സ്ത്രീകൾ കൂടുതൽ വോട്ടു ചെയ്തത് UDF നാണു എന്ന്. തങ്ങളുടെ ഭർത്താക്കന്മാർക്ക് വൈകുന്നേരം സ്വസ്ഥമായി ഇരുന്നു അല്പം കള്ളു മോന്താനുള്ള സൌകര്യം പോലും ഇല്ലാതാക്കിയ ഇവർക്കു തന്നെ വോട്ടു ചെയ്യണമായിരുന്നോ? ഞങ്ങൾ വന്നാൽ ഈ കേരളം മുഴുവൻ വീണ്ടും ബാർ തുറന്നു തരില്ലായിരുന്നോ? ബിജു രമേശ്‌ പോലും ഞങ്ങളെ വിശ്വസിച്ചു, എന്നിട്ടും ഈ അരുവിക്കരയിലെ പെണ്ണുങ്ങൾ-കഷ്ടം!

അതുകൊണ്ട് അല്പം കടന്ന തെറി തന്നെ വിളിക്കേണ്ടി വന്നാലും ഉടനെ ഈ മൂരാച്ചികളെ പറഞ്ഞു മനസ്സിലാക്കി മാറ്റി എടുത്തേ പറ്റൂ! ചൊല്ലിക്കൊടുതാൽ പഠിക്കാത്തവന് തല്ലികൊടുക്കാനും, പിന്നെ തല്ലിക്കൊല്ലാനും അറിയാഞ്ഞിട്ടല്ല,  ജനാധിപത്യം ആയിപ്പോയില്ലേ! 


അല്ലാതെ വെറുതെ എന്നെ തല്ലണ്ടമ്മാവ, ഞാൻ ഇനി എന്ത് നന്നാവാനാ?!

Tuesday, October 28, 2014

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ: ചലിച്ചുകൊണ്ടേ ഇരിക്കുന്ന സ്കോർ ബോർഡ്!

ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കേരളത്തിന്റെ വടക്കൻ ജില്ലകളിൽ പൊതുവെ ഒരു പ്രത്യാശ ഉയർന്നു വന്നിരുന്നു. ആ കൊലപാതകം പോലീസിന്റെ നിഷ്പക്ഷ അന്വേഷണത്തിലെക്കും യഥാർത്ഥ പ്രതികളിലെക്കും നീണ്ടു ചെന്നപ്പോൾ ഇനിയും പാർട്ടികൾ പറയുന്ന ലിസ്റ്റ് പ്രകാരം നടക്കുന്ന വിചാരണകൾ കുറയുമെന്നും അതിലൂടെ കൊലപാതകികൾ ആവാൻ ആളെ കിട്ടാതെ വരും എന്നുമായിരുന്നു ആ പ്രത്യാശ. എന്നാൽ ആ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ പോലീസും സർക്കാരും ചേർന്ന് നടത്തിയ ഉൾവലിച്ചിൽ ആ ആശ അസ്ഥാനത്തായിരുന്നു എന്ന് തെളിയിച്ചു. 

ടി പി യുടെ കൊലപാതകത്തിൽ വെറും ആയുധങ്ങൾ ആയി പ്രവർത്തിച്ചവർ മാത്രം ശിക്ഷിക്കപ്പെടുകയും പ്രേരണാശക്തികൾ എല്ലാം രക്ഷപ്പെടുകയും ചെയ്തപ്പോൾ മലബാറിലെ കൊലപാതക പരമ്പരയ്ക്ക് അത് വളം വെയ്കുമെന്നു എല്ലാവര്ക്കും മനസ്സിലായി. ഇപ്പോൾ തുടരെ തുടരെ നടക്കുന്ന കൊലപാതകങ്ങൾ ആ പേടി ശരി വെക്കുന്നതായി തീർന്നിരിക്കുന്നു.

ഏറ്റവും അവസാനമായി ഇന്നലെ കാഞ്ഞങ്ങാട്ട് ഒരു DYFI പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. ഈ അടുത്ത കാലത്ത് ഒരു RSS  പ്രവർത്തകൻ വധിക്ക്പെട്ടപ്പോൾ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി തന്നെ സ്ഥലത്തെത്തി ഇത്തരം കൊലപാതങ്ങൾ തുടരാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു. കൂടാതെ BJP/RSS നേതാക്കന്മാർ ആത്മസംയമനം പാലിക്കുമെന്ന ഉറപ്പും നല്കി, നമ്മുടെ പൊതു സമൂഹത്തിന്. ഇന്നലത്തെ RSSകാർ നടത്തിയതെന്ന് പറയപ്പെടുന്ന  കൊലപാതകം ആ വാക്കുകളെല്ലാം വെറും ജലരേഖകൾ മാത്രമായിരുന്നു എന്ന് തെളിയിക്കുന്നതായി. 

ഇനിയും കൊലപാതകങ്ങൾ തുടരും എന്ന് തന്നെ ഭയപ്പെടേണ്ടി ഇരിക്കുന്നു.  എന്തിനാണ് ഇങ്ങനെ പരസ്പരം കൊന്നു തള്ളുന്നത്? ആർക്കാണ് ഇത് കൊണ്ട് പ്രയോജനം? ആരാണ് ഈ സ്ഥിതിക്ക് ഉത്തരവാദികൾ? 

തീർച്ചയായും തങ്ങളുടെ കൂട്ടത്തിൽ ഒരുവൻ കൊല്ലപ്പെടുമ്പോൾ മാത്രം കൊലപാതക രാഷ്ട്രീയത്തെ എതിർക്കുകയും തങ്ങളുടെ കൂട്ടർ ഒരു എതിരാളിയെ വധിച്ചാൽ അതിനു നൂറു നൂറു ന്യായങ്ങൾ നിരത്തുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെ ആദ്യത്തെ ഉത്തരവാദി.  അതാതു പാർട്ടി നേതൃത്വങ്ങൾ അറിയാതെ ഇത്തരം കൊലപാതങ്ങൾ നടക്കില്ല എന്ന് എല്ലാവര്ക്കും അറിയാം. ഒരേ സമയം തങ്ങൾക്കു പങ്കില്ലെന്ന് അവകാശപ്പെടുകയും പ്രതികളെ എല്ലാ വിധത്തിലും സംരക്ഷിക്കുകയും ചെയ്യുന്ന നേതൃത്വത്തിന്റെ പങ്ക് ചെറുതല്ല. 

എന്നാൽ അത്ര തന്നെയോ അതിലേറെയോ ആണ് പോലീസിന്റെയും, ഭരിക്കുന്ന സർക്കാരിന്റെയും, നീതിന്യായ വ്യവസ്ഥയുടെയും ഉത്തരവാദിത്വം. T P യുടെ കേസിൽ അവസാനം നടന്നത് ഒരു അപൂർവമായ കാര്യം ആയിരുന്നില്ല. അതിനും മുൻപേ നടന്ന പയ്യോളിയിലെ മനോജ്‌ വധം ഇപ്പോഴും എവിടെയും എത്താതെ അന്വേഷണം തുടരുകയാണ്. ആ അന്വേഷണം ആരു നടത്തണം എന്ന് തീരുമാനിക്കാൻ മാത്രം ബഹുമാനപ്പെട്ട നമ്മുടെ ഹൈക്കോടതി വർഷങ്ങൾ എടുക്കുന്നു. വർഷങ്ങൾക്കു ശേഷം ഒരു കേസ് അന്വേഷിച്ചാൽ തെളിവുകളുടെ ഗതി എന്താവാനാണ് എന്ന് നമ്മുടെ ഹൈക്കോടതിക്ക് അറിയാഞ്ഞിട്ടാണോ? അതോ അത്രയൊക്കെ തിടുക്കം മതി ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനെന്നു കോടതിയും വിശ്വസിക്കുന്നുണ്ടോ? ഒരു ജീവന്റെ വില അധികമൊന്നും ഇല്ലാത്ത ഒരു നാടല്ലെ എന്ന് ബഹുമാനപ്പെട്ട കോടതിയും കരുതുന്നുണ്ടോ ആവോ!

പൌരന്റെ ജീവൻ സംരക്ഷിക്കുക എന്നത് ഏതൊരു സർക്കാരിന്റെയും ഏറ്റവും മൌലികമായ ചുമതല ആണ്. എന്നാൽ എപ്പോഴും അത് സംരക്ഷിക്കാൻ പ്രായോഗികമല്ലാത്തതിനാൽ ഒരു ജീവൻ നശിപ്പിക്കപ്പെട്ടാൽ അത് ചെയ്തവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തുക എന്നതും അത്രത്തോളം തന്നെ പ്രാധാന്യം അർഹിക്കിന്നു. ഒരു വ്യവസ്ഥക്ക് അതിനു കഴിയാതെ വരുമ്പോൾ ആ സമൂഹത്തിന്റെ അടിത്തറ തന്നെ തകരും. പ്രതികാര കൊലപാതകങ്ങളുടെ പരമ്പരക്ക് തന്നെ അത് വഴി വെക്കും. 

TP യുടെ കേസിൽ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ പോലീസ് ശ്രമിക്കാതിരുന്നപ്പോൾ അത് ഭരിക്കുന്ന സർക്കാരിന്റെ കുറ്റം തന്നെ ആണ്. എന്നാൽ സർക്കാരീന്റെ തെറ്റുകളിൽ നിന്നും സമൂഹത്തെ രക്ഷിക്കേണ്ട കോടതിയും മൌനം പാലിച്ചപ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥ തന്നെ തകരുകയാണ് ചെയ്തത്. കോടതികൾ വെറും വ്യവഹാര കേന്ദ്രങ്ങൾ ആയി ചുരുങ്ങരുത്. നീതി നടപ്പാവുന്നു അന്ന് ഉറപ്പു വരുത്തേണ്ട ചുമതല കോടതികളുടെതാണ്. 

അങ്ങിനെ നമ്മുടെ സമൂഹത്തിന്റെ, രാഷ്ട്രീയ നേതൃത്വങ്ങളുടെ, സർക്കാരിന്റെ, പോലീസിന്റെ, എന്തിനു കോടതികളുടെ പോലും മൂല്യ തകർച്ചയാണ് ഈ കൊലപാതകങ്ങൾ ഇങ്ങിനെ തുടരാൻ കാരണം. ചുരുങ്ങിയത് കോടതികൾ എങ്കിലും മാറേണ്ടത് അത്യാവശ്യമാണ്, എന്റെയും നിങ്ങളുടെയും ജീവന് അല്പമെങ്കിലും സംരക്ഷണം ഉറപ്പാകണം എങ്കിൽ. 

അതുവരെ ഈ സ്കോർ ബോർഡുകൾ ഇങ്ങനെ ചലിച്ചു കൊണ്ടേയിരിക്കും!