Monday, May 25, 2015

എന്തെ ഇവരിത്ര കുടിക്കാൻ?


ഇന്ന് രാവിലെ, അനിതാ നായർ എഴുതിയ 'The Malayali and the Art of Drinking' എന്ന ലേഖനം വായിക്കാൻ ഇടയായി.  കേവല സാമാന്യവൽകരണത്തിന്റെ എല്ലാ കുറവുകളും ആ ലേഖനത്തിൽ കാണാം. എങ്കിലും, എൻറെ താല്പര്യം സാഹിത്യ വിമർശനത്തിൽ അല്ല, മറിച്ചു സാമൂഹ്യ വിപത്തുകളിൽ ആണ് എന്നതിനാൽ ആ സാമാന്യവൽകരണത്തിന്റെ അതിപ്രസരത്തിനിടയിലും മുഴച്ചു നിന്ന ചില യാഥാർത്ഥ്യങ്ങൾ എന്നെ വീണ്ടും വീണ്ടും ആ ചോദ്യം ചോദിയ്ക്കാൻ പ്രേരിപ്പിക്കുന്നു; എന്തെ ഇവരിത്ര കുടിക്കാൻ?
  
മദ്യപാനവുമായി എൻറെ ആദ്യകാല ബന്ധം രണ്ടു അയൽക്കാർ (സഹോദരങ്ങൾ) തമ്മിൽ വൈകുന്നേരങ്ങളിൽ മദ്യത്തിന്റെ ലഹരിയിൽ നടത്തിയിരുന്ന അന്യോന്യമുള്ള തെറി അഭിഷേകം ആയിരുന്നു.  മദ്യം പുളിച്ചതും വളിച്ചതുമായ എന്തോ ആണെന്ന ബോധം എന്നിൽ വേരോടാൻ ആ പുളിച്ച തെറികൾ സഹായിച്ചു. അല്പം കൂടി വളർന്നപ്പോൾ കള്ളവാറ്റിനെക്കുറിച്ചും എക്സ്സൈസ്കാരുടെ വാറ്റുവേട്ടയെ കുറിച്ചും കേട്ട അറിവുകൾ ആ ബോധത്തെ ഊട്ടി ഉറപ്പിച്ചു. അതിനാലാവാം പ്രീ ഡിഗ്രിക്ക് പഠിക്കാൻ കോളജിൽ എത്തിയപ്പോഴും ക്ലാസ്സ്‌ കട്ട് ചെയ്തു മാഹിയിൽ നിന്നും വരുത്തിയ മദ്യം പരീക്ഷിക്കുന്ന കൂട്ടുകാരുടെ ഒപ്പം കൂടിയപ്പോഴും എന്നെ ആകർഷിക്കാൻ മദ്യത്തിനു കഴിയാതെ പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു.  

പതിനെട്ടു വയസ്സ് പൂർത്തിയാവുന്നതിന് മുമ്പേ ഒരു പട്ടാളക്കാരൻ ആവാൻ ഭാഗ്യം കിട്ടിയപ്പോഴും, അവിടുത്തെ ബാറിലും ബാച്ചിലർ പാർടികളിലും മദ്യം അരങ്ങു വാണപ്പോഴും എനിക്ക് കുടിക്കണം എന്ന് തോന്നിയതെ ഇല്ല. മദ്യലഹരിയുടെ ഓരോ 'സുഖം' കാണുമ്പോഴും, മറ്റു പത്തു 'അസുഖങ്ങൾ' കാണാൻ കഴിഞ്ഞു എന്നതും അതിനു ഒരു കാരണം ആവാം. ബോധം നശിച്ച, പൊതുവെ മാന്യന്മാരായ, കൂട്ടുകാർ ചിലരെങ്കിലും കാട്ടികൂട്ടിയ പേക്കൂത്തുകൾ ബോധമുള്ള ആരിലും മദ്യത്തിനു എതിരായ വികാരം വളർത്താൻ പോന്നതായിരുന്നു (മദ്യപിച്ച ശേഷവും മാന്യത കൈവിടാത്ത എത്രെയോ കൂട്ടുകാർ എനിക്ക് ഉണ്ടായിരുന്നു എന്നതും ഇവിടെ പറയേണ്ടിയിരിക്കുന്നു).  എന്തിനു രൂപ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങണം?  ഇനി അഥവാ എന്നെ അത് കടിച്ചില്ലെങ്കിൽ പോലും!

മദ്യം വരുത്തി വെക്കുന്ന വിനകൾ ഏറെ കാണാൻ കഴിഞ്ഞു അവിടുന്നിങ്ങോട്ടുള്ള ജീവിതത്തിൽ. 
ഒരിക്കലും പിരിയില്ല എന്ന് കരുതിയവരുടെ വിവാഹമോചനങ്ങൾ..... 
ഒരു കൌതുകത്തിന് കുടിച്ചു തുടങ്ങി, ഒടുവിൽ ഒരു മുഴം കയറിൽ എല്ലാ കൌതുകങ്ങളും അവസാനിപ്പിച്ചവർ....
വൈകുന്നേരത്തെ time-pass കഴിഞ്ഞു പുറത്തു പോയ പ്രിയപ്പെട്ടവർ ലോറിക്കടിയിൽ ചതഞ്ഞരഞ്ഞ കാഴ്ച...

കഷ്ടപ്പെട്ട് അധ്വാനിച്ചു നേടിയ സമ്പത്തെല്ലാം കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിച്ച്, ഇപ്പോൾ ആരോരുമില്ലാതെ, പ്രിയപ്പെട്ട മദ്യം പോലും കൂട്ടിനില്ലാതെ, ദാരിദ്ര്യം മാത്രം സാക്ഷിയാക്കി ജീവിക്കുന്ന, ഗൾഫിലെ പഴയ സുൽത്താൻ...

സ്വന്തം കരൾ അടിയറ വെച്ചവർ.....വൃക്ക നശിപ്പിച്ചവർ....കാണെ കാണെ ആരോഗ്യം എവിടെ പോയി എന്നറിയാതെ പകച്ചു നിൽക്കുന്നവർ....

കുടുംബത്തിലെ ഓമനയായ കൊച്ചു കുട്ടിയുടെ സ്കൂൾ ബാഗിൽ കണ്ട മദ്യക്കുപ്പി എങ്ങിനെ നേരിടണം എന്നറിയാതെ പകച്ചു നില്ക്കുന്ന മാതൃത്വം...

കുടിച്ചു വന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനിടയിൽ നടന്ന പിടിവലിക്കിടയിൽ അറിയാതെ പൊട്ടിപ്പോയ താലിമാല കൈയിലെടുത്തു തൊടിയിലെ കിണറ്റിലേക്ക് കുതിച്ച പ്രിയപ്പെട്ടവൾ...ഒപ്പം ചാടി അവളെ രക്ഷിച്ചെങ്കിലും സ്വയം രക്ഷപ്പെടുത്താൻ ആവാതെ....

എന്തെ ഇങ്ങിനെ വരാൻ? 

എന്തെ അറിഞ്ഞു കൊണ്ട് ഈ വിഴം കഴിക്കാൻ? ഏതോ ഒരു കല്യാണ വീട്ടിലെ ആഘോഷങ്ങൾക്കിടയിൽ സുഹൃത്തുക്കൾ, ആണാണെങ്കിൽ കുടിയെടാ എന്ന് പറഞ്ഞു നീട്ടിതന്ന ആ കൊച്ചു ഗ്ലാസ്സിനു എന്തെ ഇത്ര ശക്തി? സ്വന്തം അമ്മയുടെ മുലപ്പാലിനെപ്പോലും തോൽപ്പിച്ച് കളയാൻ കഴിയുന്നല്ലോ ഈ പുളിച്ച, വളിച്ച ദ്രാവകത്തിന്!


താൻ ഒരു മുഴുക്കുടിയൻ ആണ് എന്ന് അഭിമാനിക്കുന്ന ഒരാളെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്നിട്ടും ദിനം പ്രതി കൂടുതൽ കൂടുതൽ കുട്ടികൾ മദ്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു, അടിമയാക്കപ്പെടുന്നു.


കുടിച്ചു കൂത്താടി, മറ്റുള്ളവർക്കും സ്വന്തം വീട്ടുകാർക്കും ശല്യമായി മാറുന്നത് ഇവർ അറിയുന്നില്ലേ? പാതയോരത്തെ ബീവരെജ് ഷാപ്പിൽ നിന്നും വാങ്ങി മിനുങ്ങി പുറത്തിറങ്ങുമ്പോൾ വഴിയാത്രക്കാർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും തങ്ങൾ ഉയർത്തുന്ന അരക്ഷിതത്വം ഇവർ അറിയാതെ പോവുന്നതാണോ? 

അനിതാ നായരുടെ ലേഖനം The Economist പറഞ്ഞ കാര്യങ്ങൾ ഉദ്ധരിക്കുന്നു- കേരളീയൻറെ ശരാശരി മദ്യ ഉപഭോഗം ഒരു വർഷത്തിൽ 8.3 ലിറ്റർ ആണത്രേ. കുടിക്കാത്ത എത്രെയോ പേരെയും പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളെയും ഒഴിച്ച് നിർത്തിയാൽ ഈ ശരാശരി ഉപഭോഗം കുറഞ്ഞത്‌ 16- 20 ലിറ്റർ വരില്ലേ? കേരളത്തിലെ 25% ആശുപത്രി അഡമിഷനും 69% കുറ്റകൃത്യങ്ങളും മദ്യത്തിന്റെ ലഹരിയിൽ നിന്നും ആവിർഭവിക്കുന്നതാണ് എന്ന് കൂടി അറിയുമ്പോൾ വീണ്ടും ചോദിച്ചു പോവുന്നു-  എന്തെ ഇവരിത്ര കുടിക്കാൻ? 


No comments:

Post a Comment