കരുണ കാർണിവൽ- ചാപ്ടർ 1, 2016 നോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരികസന്ധ്യയിലെ
അധ്യക്ഷപ്രസംഗം (ആവശ്യമായ മാറ്റങ്ങളോടെ)
.........ഒരു
നീണ്ട അധ്യക്ഷ പ്രസംഗത്തിന് പറ്റിയ സമയം അല്ല ഇത്. എങ്കിലും, നമ്മുടെ കരുണ കുടുംബാംഗങ്ങൾക്ക് വേണ്ടിയും നമ്മുടെ ഇന്നത്തെ അതിഥികൾക്ക്
വേണ്ടിയും കരുണയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് രണ്ടു വാക്ക് സംസാരിക്കാൻ ഞാൻ
ആഗ്രഹിക്കുകയാണ്.
കരുണ എന്നത് ലോകത്തിലെ ഏറ്റവും നിസ്വാർത്ഥമായ വികാരമായി ഞാൻ കണക്കാക്കുന്നു. സ്നേഹവും
സൗഹൃദവും പോലും സ്വാർത്ഥതയുടെ പിടിയിൽ അമർന്നു പോവുന്ന ഇക്കാലത്ത് കരുണ എന്ന
വികാരത്തിന് ഉദാത്തമായ ഒരു സ്ഥാനം നമ്മുടെ സാമൂഹ്യജീവിതത്തിൽ
അനിവാര്യമായിരിക്കുന്നു. സഹജീവികളോടുള്ള കരുണ നമ്മെ വെറും human beings എന്ന അവസ്ഥയിൽ
നിന്നും being human എന്ന ഉദാത്തമായ അവസ്ഥയിലേക്ക് പിടിച്ചുയർത്തുന്നു.
അതുപോലെത്തന്നെ, കരുണ എന്ന
വാക്ക് നമ്മുടെ റസിഡൻസ് അസോസിയേഷന്റെ പരമമായ ലക്ഷ്യത്തെയും പ്രതിനിധീകരിക്കുന്നു. Kannamkulam
Area Residents' Unity Nurturing Association എന്നതിന്റെ acronym
അഥവാ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ചുള്ള ചുരുക്കപ്പേര്
ആണ് കരുണ. യുണിറ്റിയെ നർച്ചർ ചെയ്യുക, അഥവാ ഒരുമയെ
പരിപോഷിപ്പിക്കുക എന്നതാണ് നമ്മുടെ അസോസിയേഷന്റെ അടിസ്ഥാന ലക്‌ഷ്യം.
അപ്പോൾ സ്വാഭാവികമായും ഉയരാവുന്ന ഒരു ചോദ്യമാണ്, എന്താണ് unity അഥവാ ഒരുമ എന്നത്. പലരും പല വിധത്തിലാണ് ഒരുമയെ കാണുന്നതും തേടുന്നതും. ജാതി, മത, വർണ, പ്രത്യയശാസ്ത്ര, സംഘടന ചട്ടക്കൂട്ടുകളിൽ ഒരുമയെ തേടുന്നവരാണ് ഇന്നധികവും. അത്തരം ചട്ടക്കൂടുകൾ ഒരുമയെ വെറും നമ്മൾ എന്നും അവർ എന്നും ഉള്ള ചേരിതിരിവിലേക്ക് തരംതാഴ്ത്തുന്നത് നാം കാണുന്നു. എന്നാൽ കരുണ റസിഡൻസ് അസോസിയേഷൻ പിന്തുടരാൻ ശ്രമിക്കുന്നത് അത്തരം ചട്ടക്കൂട്ടുകളിലെ ഇടുങ്ങിയ ഒരുമയല്ല, മറിച്ച്, unity in diversity, അഥവാ നാനാത്വത്തിൽ ഏകത്വം എന്ന സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഒരുമയാണ്. വിവിധ ചിന്തകളും, ജീവിത ശൈലികളും, വിശ്വാസപ്രമാണങ്ങളും, പ്രത്യയശാസ്ത്രങ്ങളും പിന്തുടരുന്ന ഓരോ വ്യക്തിക്കും, തൻറെ സാമൂഹ്യമായ അവകാശങ്ങളിലും കടമകളിലും ഊന്നി, ഈ പ്രദേശത്ത്, സഹവർത്തിത്വത്തോടെ കഴിയാവുന്ന ഒരു അവസ്ഥയാണ് കരുണ ഒരുമയിലൂടെ ഉദ്ധേശിക്കുന്നത്. അത് കൊണ്ട് തന്നെയാണ് കരുണയിൽ അംഗമാവാനോ, കരുണയുടെ ഏതെങ്കിലും പരിപാടികളിൽ ഭാഗവാക്കാകാനോ, കരുണ ആരെയും നിർബന്ധിക്കാത്തത്. തികച്ചും അവനവൻറെ വ്യക്തിബോധത്തിനും സ്വാതന്ത്ര്യത്തിനും അനുസൃതമായി മാത്രം, ഓരോ വ്യക്തിയും കരുണ കുടുംബാംഗമാവണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതും അത്കൊണ്ടു തന്നെ. എന്തെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യം പൂർണമാവുന്നത് അത് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഉള്ളപ്പോൾ മാത്രമാണ്!
പരസ്പരം കാണാനും അറിയാനും മനസ്സിലാക്കാനും ഉള്ള അവസരങ്ങൾ ഒരു പ്രദേശത്തെ ജനങ്ങളുടെ ഒരുമയെ പരിപോഷിപ്പിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത്തരം അവസരങ്ങൾ പ്രധാനം ചെയ്യുക എന്നതാണ് കരുണയുടെ ദൗത്യം. അതിലേക്കായി പൊതു ഇടങ്ങൾ, പാർക്കുകൾ, വായനശാലകൾ, ഇത്തരം കലാ-സാംസ്കാരിക പരിപാടികൾ എന്നിവ, കരുണയുടെ ഭൌതിക പരിമിതികളെ മറികടന്നു, ഈ പ്രദേശത്തെ ജനങ്ങൾക്ക് ആകമാനം പ്രധാനം ചെയ്യാനുള്ള പ്രവർത്തനങ്ങളും ആയി മുന്നോട്ടു പോവാനാണ് കരുണയുടെ ശ്രമം.
നമ്മൾ എന്നും അവർ എന്നും ഉള്ള പലതരം ചേരിതിരിവുകളിൽ നിന്നും മോചനം നേടി, നല്ല അയൽക്കാരും നല്ല മനുഷ്യരും ആയി മുന്നേറാനുള്ള ശ്രമം കരുണയിലൂടെ നമുക്ക് തുടരാം.........
No comments:
Post a Comment