നമ്മൾ മലയാളികളുടെ ഋഷിരാജ് സിംഗ് പ്രേമത്തിലെ
വൈരുദ്ധ്യത്തെക്കുറിച്ചു ഞാൻ മുൻപേ
എഴുതിയിട്ടുള്ളതാണ്. ഇപ്പോൾ ആ വൈരുധ്യം മറ നീക്കി പുറത്തു വരുന്നത് കൗതുകകരം
ആണ്, ഒപ്പം ആശങ്ക ഉണർത്തുന്നതും!
ഋഷിരാജ്
സിങ്ങിന്റെ ഒരു പ്രസംഗം വിവാദമായിരിക്കുകയാണല്ലോ. 14 സെക്കൻഡിൽ കൂടുതൽ ഒരു സ്ത്രീയെ തുറിച്ചു നോക്കിയാൽ ആ സ്ത്രീക്ക് തന്നെ
തുറിച്ചു നോക്കിയ ആൾക്കെതിരെ കേസ് കൊടുക്കാൻ അവകാശം ഉണ്ട് എന്ന നിയമപരമായ ഒരു
വാസ്തവം അദ്ദേഹം പറഞ്ഞതാണ് കുഴപ്പമായത്. അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യം കേന്ദ്ര സർക്കാർ തന്നെ നിയമിച്ച ഒരു
ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകളിൽ അടങ്ങിയതാണ് എന്നതും ഇന്ത്യൻ
ശിക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്നതാണ് എന്നതും ശ്രദ്ധേയമാണ്.
എങ്കിലും ആ
പ്രസംഗത്തിന് എതിരായി വരുന്ന പ്രതികരണങ്ങൾ അത്ഭുതാവഹമാണ്. മിക്ക പ്രതികരണങ്ങളും
ശ്രദ്ധിച്ചാൽ മനസ്സിലാവുക ഇതാണ്- ഒന്നുകിൽ, നമ്മളിൽ ഏറിയ പങ്കും ഒരു സാധാരണ നോട്ടത്തെയും അശ്ലീലച്ചുവയോ ഭീഷണിയോ നിറഞ്ഞ
വായ്നോട്ടത്തെയും തിരിച്ചറിയാൻ പോലും കഴിയാത്ത അത്രയും നിഷ്കളങ്കർ ആണ്, അല്ലെങ്കിൽ അത്തരം വായ്നോട്ടം നാം ഒരു അവകാശമായി കാണുന്നു. രണ്ടായാലും
മോശം തന്നെ എന്ന് പറയേണ്ടതില്ലല്ലോ?
സ്ത്രീകളുടെ
ശരീരവും സൗന്ദര്യവും ഒരു പൊതുമുതൽ അല്ല എന്നും, അത് ആർക്കും, എപ്പോഴും, എവിടെ വെച്ചും, എങ്ങിനെയും ആസ്വദിക്കാനുള്ളതല്ല എന്നും ഉള്ള
പ്രാഥമികമായ ബോധം നമുക്ക് ഉണ്ടെങ്കിൽ വായ്നോട്ടം ഒരു അവകാശം അല്ല എന്ന് തിരിച്ചറിയാൻ
ഏറെ എളുപ്പമാണ്.
ഇനി
സാധാരണനോട്ടവും വായ്നോട്ടവും തിരിച്ചറിയാൻ പറ്റുന്നില്ല എങ്കിൽ, സ്വന്തം കാഴ്ചപ്പാട് അല്പം മാറ്റി ഇരയുടെ
കണ്ണിലോടെ നോക്കാൻ ശ്രമിക്കൂ. സ്ത്രീയോ പുരുഷനോ ആരുമാവട്ടെ, ആർക്കാണ് തന്നെ മറ്റുള്ളവർ വെറുതെ തുറിച്ചു
നോക്കുന്നത് ഇഷ്ടപ്പെടുക? നമ്മുടെ സ്വകാര്യതയിലേക്കു സമ്മതം കൂടാതെ
ഇടിച്ചു കയറാൻ ആർക്കാണ് അവകാശം? ഇനിയും മനസ്സിലാവുന്നില്ലെങ്കിൽ അടുപ്പമുള്ള ഏതെങ്കിലും സ്ത്രീയുടെ അഭിപ്രായം ആരായൂ, അവർ കൃത്യമായി പറഞ്ഞു തരും എന്താണ് വ്യത്യാസം എന്ന്.
ചിലരെങ്കിലും
പ്രായോഗികതയെ കൂട്ട് പിടിക്കുന്നതും കണ്ടു. വായ്നോട്ടം എങ്ങിനെ തെളിയിക്കും
എന്നതാണ് അവരുടെ ചോദ്യം. ശരിയാണ്- ബലാത്കാരം പോലും കോടതിയിൽ തെളിയിക്കാൻ
ബുദ്ധിമുട്ടുന്ന ഈ നാട്ടിൽ വായ്നോട്ടം തെളിയിക്കാനും എളുപ്പമാവില്ല. അത് കൊണ്ട് തന്നെയാവണം ഒരു പരിധിവരെയെങ്കിലും സ്ത്രീകളും
പ്രതികരിക്കാതിരിക്കുന്നത്. പക്ഷെ, നമുക്കോരോരുത്തർക്കും ഉള്ള മനഃസാക്ഷിക്കോടതിയിൽ അത്തരം ബുദ്ധിമുട്ടുകൾ ഇല്ലല്ലോ? അവനവനു ശരിയല്ല എന്ന് തോന്നുന്നത്
ചെയ്യാതിരുന്നാൽ തന്നെ നമ്മുടെ നാട് എത്ര നന്നാവും!
ഒരു നോട്ടം, അല്ലെങ്കിൽ ഒരു വാക്ക്, ശരിയോ തെറ്റോ എന്നറിയാനും എളുപ്പവഴിയുണ്ട്.
ഒരാൾ തന്റെ അമ്മയുമായോ, സഹോദരിയുമായോ, ഭാര്യയുമായോ, സുഹൃത്തുമായോ നടന്നു പോവുമ്പോൾ വഴിയരികിൽ
ഇരുന്നു പറയുന്ന കമന്റുകളും നോട്ടങ്ങളും അയാൾക്ക് സ്വീകാര്യമാണെങ്കിൽ ആ
നോട്ടത്തിലോ വാക്കുകളിലോ പ്രശ്നമില്ല എന്ന് കണക്കാക്കാം. മറിച്ചു, തന്റെ കൂടെയുള്ള സ്ത്രീക്ക് അനുഭവപ്പെടാൻ തനിക്കു
താല്പര്യമില്ലാത്ത എല്ലാ പെരുമാറ്റവും മറ്റു സ്ത്രീകളുടെ അടുത്തും
ഒഴിവാക്കേണ്ടതാണ് എന്നും ഉറപ്പിക്കാം. ഇത്രയും ചെയ്യാൻ നാമോരോരുത്തരും തയ്യാറായാൽ
തന്നെ, ഋഷിരാജ് സിംഗ് സൂചിപ്പിച്ച പ്രശ്നങ്ങളിൽ
നിന്നും നമ്മുടെ സ്ത്രീകൾ മുക്തി നേടും. അല്ലാതെ, രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന കുട്ടിയെ ആക്രമിച്ചത് കൊണ്ടോ
ഭീഷണിപ്പെടുത്തിയത് കൊണ്ടോ സത്യം സത്യമല്ലാതാവുകയില്ല.
കേരളത്തിലെ ഓരോ
സ്ത്രീക്കും ഏതു സമയത്തും ഒറ്റക്കോ കൂട്ടത്തിലോ ധൈര്യമായി യാത്ര ചെയ്യാൻ ഉള്ള
സാഹചര്യം ഉണ്ടാവട്ടെ. എന്നിട്ടു നമുക്ക് ഋഷിരാജ് സിംഗിനെ കളിയാക്കും. അതുവരെ, ഇംഗ്ലീഷുകാർ പറയുന്ന പോലെ the joke is on us!
No comments:
Post a Comment