Saturday, September 21, 2019

കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചത് ഗുണം ചെയ്യുമോ?


ഈയിടെ (20/09/2019) പ്രഖ്യാപിച്ച കോർപ്പറേറ്റ് ടാക്സ് കുറച്ച തീരുമാനത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും അതിന്റെ ലക്ഷ്യങ്ങൾ നേടാനുള്ള കഴിവ് ഒരു വലിയ ചോദ്യചിഹ്നമാണെന്നു പറയാതെ വയ്യ.

പ്രത്യക്ഷത്തിൽ വളരെ നല്ലതെന്നു തോന്നുമെങ്കിലും എന്ത് കൊണ്ട് ആ തീരുമാനം ഫലവത്തായതല്ല എന്നെനിക്കു തോന്നുന്നു എന്ന് ഇവിടെ വിശദീകരിക്കാം. ഞാൻ ഒരു സാമ്പത്തികശാസ്ത്ര വിദഗ്ദ്ധൻ അല്ലാത്തത് കൊണ്ട് തന്നെ ഒരു സാധാരണ മനുഷ്യന്റെ ലോജിക്കും കോമൺ സെൻസുമാണ് ഈ വിശദീകരണത്തിനു അവലംബം എന്ന് കൂടി ഇവിടെ പറഞ്ഞു വെക്കട്ടെ.

ഒന്നാമതായി, ഇന്ത്യയിൽ ഇന്നത്തെ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിൽ വന്ന കുറവ് എന്തുകൊണ്ടാണ് എന്ന് നോക്കാം. എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത് ഡിമാന്റിൽ വന്ന കുറവ് ആണ് അതിന്റെ കാരണം എന്നാണ്. എപ്പോഴാണ് ഡിമാന്റിൽ കുറവ് വരിക? വാങ്ങുന്നവരുടെ കയ്യിൽ പണമില്ലാതാവുമ്പോൾ ആണല്ലോ അത്. അങ്ങിനെ വരുന്നത്‌ ഒന്നുകിൽ ഉള്ള പണം ഏതാനും വ്യക്തികളുടെ കയ്യിൽ കേന്ദ്രീകരിക്കുമ്പോൾ, അല്ലെങ്കിൽ ആളുകൾക്ക് വ്യാപാരവും ജോലിയും നഷ്ടപ്പെടുന്നതിലൂടെ വരുമാന നഷ്ടം സംഭവിക്കുമ്പോൾ .

2019 ലെ കണക്കു പ്രകാരം ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 73% വും കൈവശം വെക്കുന്നത് മൊത്തം ജനസംഖ്യയുടെ 1% മാത്രം വരുന്ന വിഭാഗമാണ്. അതായത്‌ രാജ്യം സാമ്പത്തികമായി പുരോഗമിക്കുമ്പോഴും അതിന്റെ ഗുണം ബഹുഭൂരിപക്ഷം ജനങ്ങൾക്കും കിട്ടുന്നില്ല. അതുകൊണ്ടു തന്നെയാണ് ക്രമാനുഗതമായി ഡിമാൻഡ് കൂടാത്തതും. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച കോർപറേറ്റ് ടാക്സ് കട്ടും കൂടുതൽ ഗുണം ചെയ്യുക അതേ 1% പേർക്കായിരിക്കും (അവരാണല്ലോ ഏറ്റവും വലിയ നിക്ഷേപകർ). അതും കമ്പനികൾ അധിക ലാഭം ഡിവിഡൻഡ് ആയി ഷെയർ ഹോൾഡർമാർക്കു വീതിച്ചു നൽകിയാൽ മാത്രം. അതായത്, ഈ നീക്കം കൊണ്ട് സാമ്പത്തികരംഗത്ത് ഡിമാൻഡ് കൂട്ടുക എന്ന ലക്‌ഷ്യം കൈവരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ് എന്ന് സാരം.

ഒരു എക്കണോമിയിൽ ഡിമാൻഡ് വർദ്ധിപ്പിക്കാനുള്ള ഏക മാർഗ്ഗം കൂടുതൽ ആളുകളുടെ കയ്യിൽ പണത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ്. തൊഴിലുറപ്പു പോലുള്ള പദ്ധതികളെ പലപ്പോഴും ഒരു വേസ്റ്റ് ആയി പുഛിച്ചു തള്ളുമ്പോൾ നാം മറക്കുന്നത് അതിലൂടെയുള്ള പണത്തിന്റെ ഡിസ്ട്രിബ്യുഷനും തന്മൂലം ഉണ്ടാവുന്ന സാമ്പത്തിക രംഗത്തെ പുരോഗതിയുമാണ്.

രണ്ടാമതായി, സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ എത്രത്തോളം ഈ കോർപ്പറേറ്റ് ടാക്സ് കട്ടിനു കഴിയും എന്ന് നോക്കാം. നേരത്തെ പറഞ്ഞ പോലെ, ഇന്നത്തെ നമ്മുടെ സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഡിമാന്ഡിന്റെ അഭാവമാണ്. അഞ്ച് രൂപയുടെ ബിസ്കറ്റ് വാങ്ങാൻ പോലും ആളുകൾ കുറയുന്നു എന്ന് പറയുമ്പോൾ സംഗതിയുടെ ഗൗരവം നമുക്ക് മനസ്സിലാക്കാം. അതേ സമയം ഇപ്പോൾ പ്രഖ്യാപിച്ച Tax Cut എന്താണ് ചെയ്യുന്നത്?

Tax കട്ടിലൂടെ സപ്ലൈ സൈഡിൽ (ഉല്പാദകരുടെ കയ്യിൽ) കൂടുതൽ പണം മിച്ചം വരുന്നു. അവർ ഒന്നുകിൽ അത് ഡിവിഡന്റ് ആയി ഓഹരി ഉടമകൾക്ക് വീതിച്ചു കൊടുക്കും. അതിൽ നല്ലൊരു പങ്കും എത്തിച്ചേരുക, നേരത്തെ പറഞ്ഞ 1% വരുന്ന വിഭാഗത്തിന്റെ കയ്യിൽ തന്നെയാവും. അവരുടെ ആവശ്യങ്ങൾ എല്ലാം തന്നെ ഇപ്പോഴും നടക്കുന്നുണ്ട്. അവർക്കു ഇനിയും കൂടുതൽ സാധനങ്ങൾ വാങ്ങാനോ ഉപോയോഗിക്കാനോ (consumption) കഴിയില്ല. ഒരു പക്ഷെ അവർക്കു ചെയ്യാവുന്നത്, ആ പണം വീണ്ടും നിക്ഷേപിക്കുക എന്നത് തന്നെയാണ്. കമ്പനികളുടെ രണ്ടാമത്തെ option അധിക പണം ഡിവിഡന്റ് ആയി ഓഹരി ഉടമകൾക്ക് കൊടുക്കാതെ പകരം കൂടുതൽ നിക്ഷേപങ്ങൾ നടത്തുക എന്നതാണ്. ഒന്നുകിൽ തങ്ങളുടെ ബിസിനസ്സിന്റെ ഉൽപ്പാദന ക്ഷമത (capacity) കൂട്ടാം, അല്ലെങ്കിൽ പുതിയ ബിസിനസ്സുകളിൽ പ്രവേശിക്കാം. പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങിനെ ചെയ്യാൻ ഏതെങ്കിലും കമ്പനികൾ തയ്യാറാവുമോ എന്ന ചോദ്യം ബാക്കിയാവുന്നു. തങ്ങൾ ഇപ്പോൾ തന്നെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വിഷമിക്കുന്ന കമ്പനികൾ കൂടുതൽ നിക്ഷേപങ്ങൾക്കു ശ്രമിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തം തന്നെയല്ലേ?

ചുരുക്കി പറഞ്ഞാൽ, പണത്തിന്റെ ലഭ്യത കൂട്ടി ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിന് പകരം സർക്കാർ ചെയ്തിരിക്കുന്നത് തങ്ങളുടെ വരുമാനം (ഏകദേശം 1.45 ലക്ഷം കോടി രൂപ) വേണ്ടെന്നു വച്ച് സപ്ലൈ സൈഡിനെ ശക്തിപ്പെടുത്തുക എന്നതാണ്. അതിനു സർക്കാർ നൽകുന്ന വിലയാകട്ടെ, വെൽഫേർ രംഗത്തും മറ്റു രംഗങ്ങളിലും സ്വയം നിക്ഷേപം നടത്തി സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുള്ള തങ്ങളുടെ കഴിവ് വെട്ടിക്കുറക്കുകയും, ഒപ്പം വർദ്ധിച്ച ധനക്കമ്മി (fiscal deficit) എന്ന ഏറ്റവും അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേക്ക്‌ രാജ്യത്തെ നയിക്കുകയുമാണ്.

ഇതിന്റെയെല്ലാം പരിണിത ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം. ഇന്നലത്തെ ഷെയർ മാർക്കറ്റിൽ ഉണ്ടായ വർദ്ധന ഒന്നിന്റെയും തെളിവല്ല. കമ്പനികൾക്കുള്ള താൽക്കാലിക നേട്ടം ഓഹരി വിലയിലും ഓഹരി നിക്ഷേപകരുടെ മൂഡിലും ഉണ്ടാക്കിയ ചലനം മാത്രമാണത്. ഈ തീരുമാനത്തിന്റെ പരിണിതഫലങ്ങൾ കൂടുതൽ അറിയാൻ തുടങ്ങുമ്പോൾ ഓഹരി വിപണി വീണ്ടും മറ്റൊരു തരത്തിൽ ചിന്തിക്കാൻ നിർബന്ധിതരാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

മറ്റൊരു കാര്യം മനസിലാവാത്തത്, കോർപ്പറേറ്റ് ടാക്‌സിനു പകരം വ്യക്തികളുടെ വരുമാന നികുതിയിൽ കുറവ്  വരുത്താൻ എന്തുകൊണ്ട് സർക്കാർ തയ്യാറായില്ല എന്നതാണ്. അങ്ങിനെ ചെയ്യുമ്പോൾ നേരിട്ട് വ്യക്തികളുടെ കയ്യിലുള്ള പണത്തിന്റെ അളവ് കൂടുകയും അത് ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോഴും ഞാൻ കരുതുന്നത്, സർക്കാർ വീണ്ടും അത്തരമൊരു തീരുമാനവുമായി മുന്നോട്ടു വന്നേക്കാം എന്ന് തന്നെയാണ്.

നിർത്തുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറയട്ടെ. കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറക്കുന്നതിനോട് തത്വത്തിൽ എനിക്ക് എതിർപ്പില്ല (വ്യക്തിപരമായി നേട്ടമാണ് താനും). വിദേശ മൂലധനത്തെ ഇന്ത്യയിലേക്കു ആകർഷിക്കണമെങ്കിൽ ഇവിടുത്തെ ടാക്സ് നിരക്ക് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവ് തന്നെയായിരിക്കണം (വരുമാനം കൂടുന്നതിനനുസരിച്ച് കൂടുതൽ ടാക്സ് പിരിക്കുകയും ആ പണം കൂടുതൽ ആളുകളിൽ എത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ (Equitable Distribution of wealth) സാമ്പത്തിക രംഗത്തെ കൂടുതൽ സുസ്ഥിരമാക്കാം എന്നതാണ് എന്റെ പ്രത്യയശാസ്ത്രപരമായ   നിലപാട്). എന്നാൽ സാമ്പത്തിക രംഗം ഒരു മാന്ദ്യത്തെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ അങ്ങിനെ ചെയ്യുന്നത്കൊണ്ട് ഉദ്ദേശിച്ച നേട്ടങ്ങൾ കിട്ടാനുള്ള സാദ്ധ്യത തുലോം തുച്ഛമാണ് എന്ന് മാത്രമല്ല ഒരു പക്ഷെ വിപരീതഫലവും ഉണ്ടാക്കിയേക്കാം എന്നതാണ് ഇവിടെ ഞാൻ ചൂണ്ടിക്കാണിക്കുന്നത്. 

Monday, September 16, 2019

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം

പാലാരിവട്ടം പാലമെന്ന പേരിന് പഞ്ചവടി പാലം എന്ന പേരുമായുള്ള സാമ്യം തികച്ചും യാദൃശ്ചികം മാത്രമാണ്. എന്നാൽ, രണ്ടു പാലങ്ങൾക്കും വന്ന ഗതികേട് പൂർണ്ണമായും മനുഷ്യനിർമ്മിതവും.
കേരളത്തിന് എക്കാലത്തേക്കും അപമാനമായി അവശേഷിക്കും പാലാരിവട്ടം പാലത്തിന്റെ കഥ. പരസ്പരം ചെളി വാരി എറിയലുകൾക്കപ്പുറത്തും താല്ക്കാലിക രാഷ്ട്രീയ മുതലെടുപ്പുകൾക്കപ്പുറത്തും ഈ സംഭവം ഇനിയെങ്കിലും കൃത്യതയോടെ കൈകാര്യം ചെയ്യുക മാത്രമാണ് കേരളത്തിന്റെ മുന്നിലുള്ള ഏക പോംവഴി.
കേവലം സിമന്റും കമ്പിയും കുറച്ച് അഴിമതി നടത്തി എന്ന നിലയിൽ കണ്ടാൽ പോര ഈ സംഭവത്തെ. അഴിമതിയും കൈക്കൂലിയും ഇത്തരം നിർമ്മാണങ്ങളിലെ ഒരു പ്രധാന ചേരുവയാണ് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അടിസ്ഥാന രൂപരേഖ തയ്യാറാക്കുന്നത് മുതൽ നിർമ്മാണത്തിന്റെ മേൽനോട്ടം വരെ ഉണ്ടായ വീഴ്ചകളാണ് സംഗതി ഇത്രയും വഷളാക്കിയത്. ഇതിനെല്ലാം കാരണക്കാരായവരെ, അവർ ഏത് ഉന്നതരായാലും, കുറ്റമറ്റ അന്വേഷണത്തിലൂടെ നിയമത്തിന്റെ മുന്നിൽ എത്തിക്കുക തന്നെ വേണം.
ഒരേ ഒരു നല്ല കാര്യം കാണാൻ കഴിഞ്ഞത് മൂന്നു വർഷത്തിനുള്ളിൽ ഉണ്ടായ കേടുപാടുകൾക്ക് നിർമ്മാണക്കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ കരാറിൽ ഉള്ള വകുപ്പാണ്. വളരെ വലിയ ഒരു തുക ഇങ്ങനെ ഈടാക്കാൻ ശ്രമിക്കുമ്പോൾ അത് നിയമയുദ്ധങ്ങളിലേക്ക് നീളാനാണ് സാധ്യത. അത് മുൻകൂട്ടി കണ്ട് എല്ലാ ഘട്ടത്തിലും കൃത്യതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. ഉദാഹരണത്തിന്, ഇപ്പോൾ തന്നെ, ആവശ്യമായ ലോഡ് ടെസ്റ്റ് നടത്താതെയാണ് പാലം പൊളിച്ചു പുതുക്കിപ്പണിയാൻ തീരുമാനിച്ചത് എന്ന ആരോപണവുമായി കിറ്റ്കോ കമ്പനി രംഗത്ത് വന്നത് മനപ്പൂർവ്വം തന്നെയാണ്. പൊളിച്ചു കഴിഞ്ഞാൽ അത് അനാവശ്യമായിരുന്നെന്നും അത് കൊണ്ട് നഷ്ടപരിഹാരം നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും നിർമ്മാണക്കമ്പനികൾ എടുക്കാൻ പോകുന്ന നിലപാടിന്റെ ആദ്യപടി തന്നെയാണ് ഈ പ്രസ്താവന.
ഈ പഞ്ചവടി, സോറി, പാലാരിവട്ടം പാലത്തിൽ ഇനിയെങ്കിലും നാം ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യുമെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് കൂടുതൽ നഷ്ടം വരുത്തി വെക്കില്ല എന്നും പ്രതീക്ഷിക്കാം.


വാൽക്കഷ്ണം: ഈ പോസ്റ്റ് Facebook ഇൽ ഷെയർ ചെയ്തപ്പോൾ ഒരു സുഹൃത്ത് കമന്റ് ചെയ്തത് തെറ്റാണെന്നു വരട്ടെ എന്നാശിച്ചുകൊണ്ടു തന്നെ ഇവിടെ ചേർക്കട്ടെ! 
"പാലാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ ധൃതി പിടിച്ചുള്ള തീരുമാനം. ഗർഡറിലും പൈൽ ക്യാപ്പിലും വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏറ്റവും ദുർബലമായി കാണുന്ന സ്പാനിലെങ്കിലും പരമാവധി ഭാരം കയറ്റി ഒരു Load Test നടത്തിയിട്ട് തീരുമാനിക്കുന്നതായിരുന്നു ഉചിതം. അങ്ങിനെയാവുമ്പോൾ കേസ് കോടതിയിലെത്തുമ്പോൾ നിർമ്മാതാക്കൾക്ക് അനായാസം ഊരിപ്പോകാനുമാവില്ല.
ഇനി ചിലപ്പോൾ, കോൺട്രാക്റ്ററെ കേസിൽ ജയിപ്പിക്കാനായും അങ്ങിനെ ചെയ്യാം.
പാലാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലപ്പോൾ മുഖ്യമന്ത്രി തീരുമാനം മാറ്റാം.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സമയത്ത് സോളാർ കേസ് ഉപയോഗിച്ച പോലെ!" 

Thursday, August 29, 2019

ഹേബിയസ് കോർപ്പസും കാശ്മീരും..

ഹേബിയസ് കോർപ്പസ് എന്നാൽ ശരീരം ഹാജരാക്കൂ, അഥവാ produce the body എന്നാണ് അർത്ഥം.

നമ്മുടെ ഭരണഘടന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (Article 21) ഉറപ്പുവരുത്താനായി നിയമാനുസൃതം അല്ലാതെ കസ്റ്റഡിയിൽ വെച്ച വ്യക്തിയെ കോടതിയിൽ ഹാജരാക്കാൻ ഭരണഘടനാ കോടതികൾ ഭരണകൂടത്തിന് നൽകുന്ന കല്പനയാണ് (Writ) ഹേബിയസ് കോർപ്പസ്.

ഈ റിട്ട് പുറപ്പെടുവിക്കാൻ നൽകുന്ന അപേക്ഷ തടവിൽ കഴിയുന്ന വ്യക്തിയുടെ അടുത്ത ബന്ധുവോ സുഹൃത്തോ ആണ് നൽകേണ്ടത്. അങ്ങനെയാണ് സഹപ്രവർത്തകൻ എന്ന നിലയിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാശ്മീരിലെ മുൻ എംഎൽഎ തരിഗാമിക്ക് വേണ്ടി അപേക്ഷ നൽകിയത്.

എന്നാൽ മൗലികാവകാശങ്ങളുടെ സംരക്ഷണം പ്രധാന ചുമതലയായ സുപ്രീം കോടതി ചെയ്തത് തരിഗാമിയെ ഹാജരാക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതിന് പകരം യെച്ചൂരിയെ അദ്ദേഹത്തെ തടവിൽ പോയി കാണാൻ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കുക എന്നതാണ്.

എന്റെ അറിവ് ശരിയാണെങ്കിൽ ഇത്തരമൊരു ഉത്തരവ് ഹേബിയസ് കോർപ്പസ് എന്ന റിട്ടിന്റെ പരിധിയിൽ വരുന്നത് പോലുമല്ല. ഭരണഘടനാ കോടതികൾക്ക് പുതിയ രീതികൾ അവലംബിക്കാനുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, ഭരണഘടന നൽകുന്ന റിട്ട് എന്ന ശക്തമായ പരിഹാരത്തിന്റെ മുനയൊടിക്കുന്ന നടപടി ആയി ഈ ഉത്തരവ് എന്നത് പകൽ പോലെ വ്യക്തമാണ്.

യച്ചൂരിയും ഇതുപോലെ ഉത്തരവ് കിട്ടിയ മറ്റുള്ളവരും കാശ്മീരിൽ നിന്നും തിരികെ വന്ന് സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ കോടതിയുടെ ഭാഗത്തുനിന്നും പൗരന്റെ മൗലികാവകാശങ്ങൾക്ക് കുറച്ചുകൂടി അനുകൂലമായ സംരക്ഷണനടപടികൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കട്ടെ. അല്ലെങ്കിൽ, ഇന്നത്തെ സുപ്രീം കോടതിയും ഭരണകൂടം ഭരണഘടനയെ നോക്കുകുത്തിയാക്കി മൗലികാവകാശങ്ങളെ അടിച്ചമർത്തിയപ്പോൾ (അടിയന്തരാവസ്ഥയുടെ കാലത്തു എന്നപോലെ തന്നെ) അതിന് കൂട്ടു നിന്നു എന്ന് ചരിത്രം വിധിയെഴുതും.

Saturday, August 17, 2019

ദുരിത-ക്യാമ്പുകളും മാധ്യമ ഗൂഡാലോചനകളും!

           ഒരു തട്ടിപ്പുകാരന്റെ വാക്കുകൾ കേട്ട്, സരിതയുടെ CD തപ്പിപ്പോയ മാധ്യമപ്പടയെ ആഘോഷിച്ചവർ പെട്ടെന്ന് മാധ്യമ ഗൂഡാലോചനകളെക്കുറിച്ച് വാചാലരാവുന്നു.
           ഇട്ടാവട്ടം പോലുള്ള കേരളത്തിൽ ഇത്രയധികം വാർത്താചാനലുകൾ ബ്രേക്കിംഗ് ന്യൂസുകൾക്ക് വേണ്ടി മൽസരിക്കുമ്പോൾ ഓമനക്കുട്ടൻമാർ ഇനിയും ഇരകളാവും എന്നത് തീർച്ചയാണ്. സ്വയം ഇരകളാവുമ്പോൾ കരയുമെങ്കിലും മറ്റുള്ളവർ ഇരകളാവുമ്പോൾ ആഘോഷിക്കുന്നവർ ഉള്ളിടത്തോളം കാലം അത് തുടരും. എല്ലാവർക്കും ഊഴമനുസരിച്ച് ഇരയാവാനുള്ള അവസരവും കിട്ടും.
           ഇതിപ്പോൾ, ഏറ്റവും ചുരുങ്ങിയത് സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിൽ പൊതുസമൂഹത്തിന്റെ സഹായവും മാധ്യമദൃഷ്ടിയും എത്താത്തിടങ്ങളിൽ നടക്കുന്ന ദുരിതജീവിതത്തിന്റെ കഥ പുറത്തെത്താനെങ്കിലും ഈ സംഭവം ഉപകരിച്ചു എന്ന് പറയാം.
           താൻ കൂടി അന്തേവാസിയായ ഒരു ക്യാമ്പിലെ സാഹചര്യങ്ങളിൽ ഗുണപരമായ മാറ്റം എത്തിക്കാൻ സർക്കാരിനെ നിർബ്ബന്ധിതരാക്കാൻ ഈ സംഭവത്തിലൂടെ കഴിഞ്ഞു എന്നതിൽ സ. ഓമനക്കുട്ടനും സന്തോഷിക്കാം.
           ഇതു പോലെ, ഓട്ടോ ചാർജ്ജ് കൊടുക്കാൻ പിരിവെടുക്കേണ്ടി വരുന്ന ക്യാമ്പുകൾ ഇനിയുമുണ്ടെങ്കിൽ അതും പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾ തയ്യാറാവണം. അങ്ങനെ ചെയ്യുമ്പോൾ ഓമനക്കുട്ടൻമാർക്ക് നേരെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് പകരം സ്വന്തം കടമ മറക്കുന്ന സർക്കാർ സംവിധാനങ്ങളെ ചോദ്യം ചെയ്യാൻ തയ്യാറാവണം എന്ന് മാത്രം!

Tuesday, August 6, 2019

ജുനഗഡും കാശ്മീരും......ഒരു താരതമ്യം!


ഗുജറാത്തിലെ ജുനഗഡിൽ രാജാവ് മുസ്ലിം ആയിരുന്നു. പ്രജകൾ ഹിന്ദുക്കളും.
കാശ്മീരിൽ രാജാവ് ഹിന്ദുവും പ്രജകൾ മുസ്ലിങ്ങളും.
ജുനഗഡിലെ നവാബ് തന്റെ രാജ്യത്തെ പാകിസ്ഥാനിൽ ലയിപ്പിച്ചു. കാശ്മീർ രാജാവ് തന്റെ രാജ്യത്തെ സ്വതന്ത്രമായി നിർത്താൻ തീരുമാനിച്ചു.
ജുനഗഡിനെ ഇന്ത്യൻ പട്ടാളം വളഞ്ഞു. പാകിസ്ഥാൻ പട്ടാളവും ഗോത്രവർഗ്ഗക്കാരും കാശ്മീരിനെ ആക്രമിച്ചു.
ജുനഗഡ് നവാബ് കറാച്ചിയിലേക്കു ഓടിപ്പോയി. കാശ്മീർ രാജാവ് താൽക്കാലികമായി ഇന്ത്യയിൽ ചേരാൻ സമ്മതിച്ചു. കാശ്മീർ വ്യവസ്ഥകൾക്ക് (Article 370) വിധേയമായി ഇന്ത്യയുടെ ഭാഗമായി.
ജുനഗഡിൽ ജനഹിത പരിശോധന (Plebiscite) നടത്തി. 99.5% ജനങ്ങളും ഇന്ത്യയോടൊപ്പം ചേരാൻ സമ്മതം നൽകി. ജുനഗഡ് ഇന്ത്യയുടെ ഭാഗമായി. പാകിസ്ഥാൻ അവരോടു ലയിച്ച ഭൂപ്രദേശം ഇന്ത്യ പിടിച്ചെടുത്തു എന്ന് പറഞ്ഞു ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ജനഹിത പരിശോധനയുടെ ഫലം ചൂണ്ടിക്കാട്ടി അവരുടെ അവകാശവാദം തള്ളിക്കളഞ്ഞു.
കാശ്മീർ പ്രശ്നവും ഐക്യരാഷ്ട്രസഭയിൽ ചർച്ചയായി. അവിടെയും ജനഹിത പരിശോധന നടത്താം എന്നും തീരുമാനിച്ചു. അതിനുള്ള കണ്ടീഷൻ ആയി പറഞ്ഞത്, പാകിസ്ഥാൻ കൈയ്യടക്കി വച്ചിട്ടുള്ള കശ്മീരിന്റെ ഭാഗങ്ങൾ (POK) അവർ ആദ്യം ഒഴിഞ്ഞു പോകണം എന്നായിരുന്നു. അവർ ഒഴിഞ്ഞു പോയില്ല, ഇന്ത്യ ജനഹിത പരിശോധന നടത്തിയതുമില്ല.
ജുനഗഡിലെ ജനങ്ങൾക്ക് അവരുടെ ഭരണാധികാരിയുടെ തീരുമാനം മറികടന്നു സ്വന്തം ഹിതം നടപ്പായി കിട്ടി.
കശ്മീരിലെ ജനങ്ങൾക്ക് അവരുടെ ഹിതം എന്തെന്ന് പറയാനുള്ള അവസരം നിഷേധിക്കപ്പെട്ടു.
നമുക്ക് സൗകര്യപ്രദമായ ഇടത്ത് നാം ജനഹിത പരിശോധന നടത്തി. നമുക്ക് സൗകര്യപ്രദമല്ലാതെ വരാൻ സാധ്യത ഉള്ള സ്ഥലത്തു നാമത് സൗകര്യപൂർവം നിരസിച്ചു.
എന്നിട്ടും നാം കാശ്മീർ ജനതയെ രാജ്യദ്രോഹികളായും വഞ്ചകന്മാർ ആയും മുദ്രകുത്തുന്നു.
P.S: രാജ്യസ്നേഹവും ദേശീയതയും മതവിശ്വാസം പോലെ തന്നെ ഏതു തെറ്റുകളെയും മറയ്ക്കാനുള്ള ഒരു എളുപ്പവഴിയാണ്!

Friday, June 14, 2019

ഓൺലൈൻ ചാരിറ്റി: ബാക്കിയാവുന്ന ചില ചോദ്യങ്ങൾ

ആരുടെയും ചാരിറ്റി പ്രവർത്തനങ്ങളെ ഇകഴ്ത്താനോ അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനോ അല്ല ഈ പോസ്റ്റ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോട് ബഹുമാനം മാത്രമേ ഉള്ളൂ. എങ്കിലും ചില സംശയങ്ങൾ ബാക്കിയാവുന്നു.
ഞാൻ മനസ്സിലാക്കിയിടത്തോളം ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട് വളരെ വ്യക്തമായ നിയമങ്ങൾ നമുക്കുണ്ട്. അത്തരം ഒന്നിലധികം ട്രസ്റ്റുകളുമായി ജോലിസംബന്ധമായി സഹകരിക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. പലപ്പോഴും തോന്നിയിട്ടുണ്ട് ആ നിയമങ്ങൾ അല്പം കാഠിന്യമേറിയതാണ് എന്ന്. എങ്കിലും നാട്ടിലെ നിയമം, അത് മാറ്റാത്തിടത്തോളം നിയമം തന്നെയല്ലേ?
കൂടാതെ, നമ്മുടെ ആധായ നികുതി നിയമവും ചാരിറ്റിയുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് വ്യക്തമായ ചട്ടങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
ഇതൊന്നും പാലിക്കാതെ ഏത് ബാങ്ക് അക്കൗണ്ടിൽ പണം വന്നാലും അത് അക്കൗണ്ട് ഉടമയുടെ ആ വർഷത്തെ വരുമാനത്തിൽ ഉൾപ്പെടുത്തണം എന്നതാണ് നിലവിലുള്ള നിയമം. എന്തിന്, നാം സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങുന്ന തുക പോലും തിരിച്ച് കൊടുത്തതായി കാണിക്കാൻ പറ്റിയില്ലെങ്കിൽ വരുമാനമായി കണക്കാക്കി അതിന്മേൽ ആധായനികുതി അടക്കണം (ചില വർഷങ്ങളിൽ അത്തരം പണമിടപാടുകളെ നികുതിയിൽ നിന്നും ഒഴിവാക്കി എടുക്കാൻ പെട്ട പാട് ഇപ്പോൾ ഓർക്കുന്നു!).
അങ്ങനെയിരിക്കെ, ചികിത്സക്കും മറ്റുമായി ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലും മറ്റും ഒറ്റ ദിവസം കൊണ്ട് ഒരു കോടിയിൽ പരം രൂപ ഒരു വ്യക്തിയുടെ സാധാരണ അക്കൗണ്ടിൽ വരുന്നു എന്നൊക്കെ കേൾക്കുമ്പോൾ (ആ വ്യക്തിയുടെ വിശ്വാസ്യതയോട് ആദരവ് തോന്നുമ്പോൾ തന്നെ) അദ്ഭുതം തോന്നുകയാണ്. ഒപ്പം വർഷാവർഷം കൃത്യമായി ആദായനികുതി അടക്കുന്നത് വെറും പൊട്ടത്തരമാണോ എന്ന ചിന്തയും!
വ്യക്തികളുടെ വരുമാന നികുതി കണക്കാക്കുമ്പോൾ കിട്ടിയ പണം നമ്മൾ എന്താവശ്യത്തിന് ഉപയോഗിക്കുന്നു എന്നത് പ്രസക്തമല്ല. നമുക്കത് മുഴുവൻ സൂക്ഷിച്ചു വെക്കാം. അല്ലെങ്കിൽ ധൂർത്തടിച്ച് കളയാം. അതുമല്ലെങ്കിൽ മറ്റുള്ളവരുടെ ചികിത്സക്കോ പൊതു നന്മക്കോ ഉപയോഗിക്കാം. ഉപയോഗം എന്തായാലും നികുതിയിൽ വ്യത്യാസമില്ല.
ഇങ്ങനെയെല്ലാം ആയിരിക്കേ വലിയ തോതിൽ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പല വ്യക്തികളും സംഘടനകളും നിയമം അനുശാസിക്കുന്ന വഴികൾ ഉപയോഗിക്കാതെ സ്വന്തം സേവിങ്സ് അക്കൗണ്ടോ സാധാരണ കറണ്ട് അക്കൗണ്ടോ ഉപയോഗിച്ച് വളരെ വലിയ നികുതി ബാധ്യതകൾ വരുത്തി വെക്കുന്നതിന്റെ കാരണം എന്തായിരിക്കും? അറിവില്ലായ്മ മാത്രമോ, അതോ മറ്റു വല്ലതും? എത്ര വലിയ റിസ്ക് ആണ് അവർ സ്വന്തം തലയിൽ വലിച്ചു വെക്കുന്നത്?
ഇത്രയും കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുമ്പോഴും ഒന്നുമറിയാതെ ഇരിക്കുന്ന നമ്മുടെ ആദായനികുതി വകുപ്പ് എന്തിനാണ് നമുക്ക്?
നിയമമനുസരിച്ച് പ്രവർത്തിക്കുന്ന ട്രസ്റ്റുകളിലൂടെ സംഭാവനകൾ നൽകിയാൽ നൽകുന്ന ആൾക്കും തന്റെ നികുതി ഭാരം കുറക്കാമെന്നിരിക്കേ പണം കൊടുക്കുന്ന ആരും അത്തരം ഒരു ആവശ്യം ഉന്നയിക്കാത്തതിന് എന്തായിരിക്കും കാരണം? സംഭാവന കൊടുക്കുന്നവർ ആരും തന്നെ നികുതിദായകർ അല്ല (പ്രവാസികൾ ഒഴിച്ച്) എന്നാണോ?

P.S. സർക്കാരിന്റെ ചാരിറ്റികളിൽ വിശ്വാസ്യത ഇല്ലാത്തിടത്തോളം വ്യക്തികളുടെ ഇടപെടലുകൾ അനിവാര്യമാണ്. എങ്കിലും നിയമം...അതെല്ലാവർക്കും ബാധകമാവേണ്ടേ?

Friday, December 28, 2018

മുത്തലാഖ് ബില്ലിനെ എതിർക്കുന്നത് എന്തുകൊണ്ട്?

മുത്തലാഖ്  ബില്ലിനെ എന്തുകൊണ്ട് എതിർക്കുന്നു എന്ന് ഒരു സുഹൃത്ത് ചോദിച്ചു. പ്രത്യക്ഷത്തിൽ സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള ഒരു ബില്ലിനെ എതിർക്കുന്നത് അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടല്ലേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ രാഷ്ട്രീയം അന്ധമാവരുത് എന്ന തീരുമാനം ഉള്ളതുകൊണ്ടും ചോദ്യകർത്താവിനെ പോലെ ധാരാളം സുഹൃത്തുക്കൾ ഈ ബില്ലിലെ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരല്ല എന്നതിനാലും ആണ് ഈ വിശദമായ പോസ്റ്റ്.
മേൽപ്പറഞ്ഞ പോലെ പ്രത്യക്ഷത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയുള്ള ഒരു നിയമ നിർമ്മാണം ആണെന്ന് ആരും സംശയിച്ചു പോകും. അതിനാൽ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയിലേക്ക് അല്പം ആഴത്തിൽ തന്നെ ഇറങ്ങി നോക്കാം.
ഇസ്ലാമിക നിയമ വ്യവസ്ഥയിൽ വിവാഹം എന്നത് ഒരു കരാർ ആണെന്നും ഏതൊരു കരാർ പോലെയും വിവാഹ ബന്ധവും അവസാനിപ്പിക്കാവുന്നതാണെന്നും ഓർക്കുക. തലാഖ് എന്നത്  വിവാഹ ബന്ധം വേർപെടുത്തുന്നതിനായി ഇസ്ലാം മതം നിർദ്ദേശിക്കുന്ന ഒരു മാർഗ്ഗമാണ്. അത് എങ്ങിനെ ചെയ്യണം എന്നതിന് വ്യക്തമായ നിർദ്ദേശങ്ങളും ഇസ്ലാം അനുശാസിക്കുന്നു. എന്നാൽ തുടർച്ചയായി മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുക എന്ന ഒരു അനാചാരം കാലക്രമേണ കടന്നുകൂടി. അത്തരം ഇൻസ്റ്റന്റ് തലാഖുകൾ കുടുംബങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെയും എങ്ങിനെ ബാധിക്കും എന്ന് പറയേണ്ടതില്ലല്ലോ!
ഇസ്ലാമികമല്ലാത്ത ഇൻസ്റ്റന്റ് മുത്തലാഖിന്റെ നിയമ സാധുത നമ്മുടെ സുപ്രീം കോടതിയുടെ മുമ്പാകെ ചോദ്യം ചെയ്യപ്പെടുകയും അത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും ഉണ്ടായതു ഈ അടുത്ത കാലത്താണ്. ആ വിധിയോടെ മുത്തലാഖ്  സമ്പ്രദായം അസാധുവായി തീർന്നു. ചുരുക്കം ചില യാഥാസ്ഥികർ ഒഴികെ എല്ലാവരും ആ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു. സുപ്രീം കോടതിയുടെ വിധി എന്ന നിലയിൽ ഇപ്പോൾ തന്നെ ബാധകമായിട്ടുള്ള ആ തീരുമാനം നിയമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തലാഖ്  ബില്ല് എന്നറിയപ്പെടുന്ന പുതിയ ഒരു നിയമം കേന്ദ്ര സർക്കാർ കൊണ്ട് വന്നത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആ ബില്ലിൽ പക്ഷെ ഒരു പുതിയ കാര്യം കൂടി ചേർത്തിരുന്നു. അതായത്, ഏതെങ്കിലും ഒരു മുസ്ലിം പുരുഷൻ തന്റെ ഭാര്യയെ മുത്തലാഖ് ചൊല്ലിയാൽ ആ പുരുഷനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും ജയിലിൽ അടക്കാനും ഉള്ളതായിരുന്നു ആ പുതിയ കൂട്ടിച്ചേർക്കൽ. ഇവിടെയാണ് പ്രശ്നത്തിന്റെ തുടക്കം. നമ്മുടെ നിയമപ്രകാരം മുത്തലാഖ് അസാധുവാണ്. അതായത് മുത്തലാഖ് ചൊല്ലിയാലും വിവാഹ ബന്ധം വേർപെടില്ല എന്നർത്ഥം. അപ്പോൾ  മുത്തലാഖ് ചൊല്ലി ഒരു ഭർത്താവ് തന്റെ ഭാര്യയെ പുറത്താക്കിയാൽ, അല്ലെങ്കിൽ ഉപേക്ഷിച്ചാൽ, അത്  വിവാഹമോചനമല്ല, വെറും ഉപേക്ഷിക്കൽ (abandonment) മാത്രമാണ്.
ഒരു ഭർത്താവ് തന്റെ ഭാര്യയെ ഉപേക്ഷിച്ചാൽ അത് ക്രിമിനൽ കുറ്റം ആണോ എന്ന് തീരുമാനിക്കാൻ പാർലമെന്റിനു അവകാശമുണ്ട്. എന്നാൽ ഒരു പ്രത്യേക മതത്തിലെ ഭർത്താവു മാത്രം ഭാര്യയെ ഉപേക്ഷിച്ചാൽ അത് കുറ്റമാണ് എന്ന ഒരു നിയമം എങ്ങിനെയാണ് ഒരു മതേതര രാഷ്ട്രത്തിലെ നിയമനിർമാണ സഭയ്ക്ക് നിർമ്മിക്കാൻ കഴിയുക?
മറ്റു മതസ്ഥർ ഭാര്യയെ ഉപേക്ഷിച്ചാൽ അത് കുറ്റമല്ലാതിരിക്കുകയും (അങ്ങനെ ചെയ്യുന്നത് എന്തോ വലിയ സംഭവമാണ് എന്ന പോലെ ആഘോഷിക്കപ്പെടുന്ന വിരോധാഭാസവും  നമ്മൾ കാണുന്നു) ഒരു പ്രത്യേക മതത്തിലെ ഭർത്താക്കന്മാർ അങ്ങനെ ചെയ്താൽ മാത്രം ക്രിമിനൽ കുറ്റമാവുകയും ചെയ്യുന്നത് ഒരിക്കലും ഒരു നിയമവ്യവസ്ഥയ്ക്കും ഭൂഷണമല്ല! അത് തികച്ചും മതപരമായ വിവേചനം തന്നെയാണ്. അങ്ങനെ ചെയ്യാൻ ശ്രമിക്കുന്ന സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നുന്നത്  സ്വാഭാവികം മാത്രം.
വ്യക്തി ബന്ധങ്ങളിൽ ക്രിമിനൽ നിയമത്തിന്റെ കടന്നുകയറ്റം ശരിയോ തെറ്റോ എന്നത് മറ്റൊരു വിഷയം ആയതിനാൽ ഇവിടെ ചർച്ച ചെയ്യുന്നില്ല. ഭാര്യമാരെ നിയമാനുസൃതമായ വിവാഹമോചനത്തിലൂടെ അല്ലാതെ ഉപേക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ അത് ജാതി മത ഭേദമെന്യേ എല്ലാ ഇന്ത്യാക്കാർക്കും ബാധകമാക്കി നിയമം കൊണ്ടുവരട്ടെ. അതല്ലേ ശരി?