അങ്ങിനെ സൗമ്യ കേസിലെ അന്തിമ വിധിയും വന്നു. റിവ്യൂ പെറ്റീഷൻ എന്നൊക്കെ
പറയുന്നുണ്ടെങ്കിലും ഈ വിധി വായിക്കുമ്പോൾ, അത് മാറാനുള്ള സാധ്യത വളരെ
ചുരുക്കം തന്നെ എന്നാണ് തോന്നുന്നത്. ബ്രേക്കിംഗ് ന്യൂസിനായി ഓടി നടക്കുന്ന TV ചാനലുകൾ മുതൽ നാട്ടിലെ
ചായക്കടകളിൽ പോലും എല്ലാവരും സുപ്രീം കോടതിയുടെ വിധിയെ തങ്ങളാലാവുന്ന പോലെ വിശകലനം
ചെയ്തുകൊണ്ടിരിക്കുന്നു. ഇതിലെത്ര പേർ വിധി പ്രസ്താവം ഒന്ന് വായിച്ചു നോക്കുവാനും
കോടതിക്ക് പറയുവാനുള്ളത് എന്തെന്ന് നോക്കാനും തയ്യാറായി എന്നത് ഒരു വലിയ ചോദ്യം
തന്നെ ആണ്.
എന്തായാലും ഞാൻ ആ
വിധി (താല്പര്യമുള്ളവർക്ക്
ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം) ഒന്ന് വായിച്ചു
നോക്കി. അപ്പോൾ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ. പിടിച്ചുപറി, മോഷണം തുടങ്ങിയ ചെറിയ കുറ്റങ്ങളെ (കീഴ്‌ക്കോടതികൾ
അവയ്ക്കു നൽകിയ ശിക്ഷ ശരിവച്ച നിലയ്ക്ക് പ്രത്യേകിച്ചും)
മാറ്റിനിർത്തിയാൽ ഈ കേസിൽ പ്രധാനമായുള്ളതു ബലാത്കാരവും കൊലപാതകവും ആണ്. അതിൽ തന്നെ
ബലാത്ക്കാരത്തെക്കുറിച്ചു സുപ്രീം കോടതി പറഞ്ഞതിങ്ങനെ:
.....സെക്ഷൻ 376 IPC പ്രകാരമുള്ള ശിക്ഷ ശരിവക്കുന്നതിനു ഒരു
പ്രയാസവും ഞങ്ങൾ കാണുന്നില്ല. പ്രത്യേകിച്ചും മേല്പറഞ്ഞ കുറ്റം (ബലാത്ക്കാരം) നടത്തിയത് മാരകമായ
മുറിവുകൾ പറ്റിയ ശരീരത്തിൽ ആണെന്നത് പരിഗണിക്കുമ്പോൾ, ഞങ്ങളുടെ കാഴ്ചപ്പാടിൽ, IPC 376 പ്രകാരമുള്ള കുറ്റം ചെയ്തു എന്നുമാത്രമല്ല, മറിച്ചു അത് ചെയ്തത് തികച്ചും ക്രൂരവും
ഭീഭത്സവും ആയ വിധത്തിൽ ആണെന്നതും വിചാരണ കോടതി നൽകിയതും ഹൈക്കോടതി ശരിവച്ചതും ആയ
ജീവപര്യന്തം തടവ് എന്ന ശിക്ഷയെ ന്യായീകരിക്കുന്നതാണ്... (ഖണ്ഡിക 13).
പിന്നെയുള്ളത്
കൊലപാതകക്കുറ്റം. സൗമ്യയുടെ മരണകാരണങ്ങൾ ആയി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതു
തലയിലേറ്റ രണ്ടു വിധം മുറിവുകളും ആ മുറിവുകൾ സംഭവിച്ചശേഷം ബലാത്ക്കാരം ചെയ്യാനായി
മലർത്തി കിടത്തിയത് കൊണ്ട് സംഭവിച്ചതായി കരുതാവുന്ന (ശ്വാസനാളങ്ങളിൽ രക്തം
നിറഞ്ഞതിനാൽ) മസ്തിഷ്ക്കത്തിനേറ്റ ക്ഷതവുമാണ്. തലയ്ക്കു പിന്നിലേറ്റ
ഒന്നാമത്തെ മുറിവിന് ഉത്തരവാദി പ്രതി തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ
കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ മുറിവുകൾ ട്രെയിനിൽ നിന്നും
വീണപ്പോൾ ഉള്ളതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് രേഖപ്പെടുത്തിയത്.
അപ്പോൾ, സൗമ്യയെ പ്രതി ട്രെയിനിൽ നിന്നും
തള്ളിയിട്ടതാണ് എന്ന് തെളിയിച്ചാൽ മാത്രമേ പ്രതിയെ ആ മുറിവുകൾക്കു ഉത്തരവാദി
ആക്കാൻ പറ്റൂ. പ്രതി തള്ളിയിട്ടു എന്നതിന് ആരും സാക്ഷികൾ ഇല്ല. സാഹചര്യ തെളിവുകൾ
മാത്രമാണ് പ്രോസിക്യൂഷന് സഹായമായിട്ടുള്ളത്. മറിച്ചു രണ്ടു സാക്ഷിമൊഴികളിൽ പറഞ്ഞത്
പെൺകുട്ടി സ്വയം ചാടിയതാണ് എന്നാണ്. അത് കൊണ്ടാണത്രേ അവർ സംഭവം കണ്ടിട്ടും ചങ്ങല വലിച്ചു ട്രെയിൻ
നിർത്താതിരുന്നത് (പെൺകുട്ടി സ്വയം ചാടിയത് ആയതിനാൽ ഒരു മധ്യവയസ്‌കൻ അവരെ അതിൽ
നിന്നും പിന്തിരിപ്പിച്ചു എന്നാണ് മൊഴി). അതിനാൽ കോടതി ഇങ്ങിനെ രേഖപ്പെടുത്തുന്നു:
......പ്രതിക്കെതിരായി വരുന്ന സാഹചര്യങ്ങൾ
സാക്ഷിമൊഴികളുമായി തട്ടിച്ചു നോക്കേണ്ടതും അങ്ങിനെ ചെയ്യുമ്പോൾ എത്തിച്ചേരുന്ന നിഗമനം മറ്റെല്ലാ
നിഗമനങ്ങളുടെയും സാധ്യതകളെ ഇല്ലാതാക്കേണ്ടതും ആണ്. മറ്റെല്ലാ സാധ്യതകളെയും നിരാകരിക്കുന്ന
വിധത്തിൽ അങ്ങിനെ ഒരു നിഗമനത്തിൽ (അതായതു പ്രതി തന്നെയാണ് തള്ളിയിട്ടത് എന്ന്)
എത്തിച്ചേരാൻ മേൽവിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ കഴിയില്ല എന്നതാണ് ഞങ്ങളുടെ
സുചിന്തിതമായ കാഴ്ചപ്പാട്.. (ഖണ്ഡിക 16).
എന്നുവച്ചാൽ, സാഹചര്യത്തെളിവുകൾ ഒന്നിൽ കൂടുതൽ നിഗമനങ്ങളിൽ
എത്താനുള്ള സാധ്യത നിലനിർത്തുന്നു എന്നതിനാൽ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുന്നു എന്ന് സാരം.
അടുത്തത്, മസ്തിഷ്ക്കത്തിനേറ്റ ക്ഷതം. മുറിവ് പറ്റിയ ഇരയെ
ബലാത്ക്കാരത്തിനായി മലർത്തി കിടത്തിയാൽ ശ്വാസനാളത്തിൽ രക്തം നിറയാൻ ഇടയാവും എന്നും
അത് മസ്തിഷ്കത്തിന് തകരാറുസംഭവിക്കുന്നതിനു കാരണം ആവും എന്നതു ഒരു സാധാരണ അറിവല്ല, മറിച്ചു മെഡിക്കൽ രംഗത്ത് പരിശീലനം
ലഭിച്ചവർക്ക് മാത്രം ഉണ്ടാവാൻ സാധ്യതയുള്ള ഒരു അറിവാണ്. പ്രതി ഗോവിന്ദച്ചാമിക്ക്
അത്തരം ഒരു അറിവ് ഉണ്ട് എന്നും തെളിയിക്കപ്പെട്ടിട്ടില്ല. അങ്ങിനെ മരണകാരണങ്ങളിൽ രണ്ടാമത്തെ മുറിവിനും മസ്തിഷ്കത്തിനേറ്റ തകരാറിനും പ്രതി ഉത്തരവാദി ആണെന്ന് നിസ്സംശയം തെളിഞ്ഞിട്ടില്ല എന്ന വസ്തുതയിലാണ് സുപ്രീം കോടതി എത്തിച്ചേർന്നത്.
കൊലപാതകക്കുറ്റത്തിന്
ഒരാളെ ശിക്ഷിക്കണം എങ്കിൽ നമ്മുടെ ഇന്നത്തെ നിയമപ്രകാരം പ്രതിക്ക് (1) കൊല ചെയ്യാനുള്ള കുറ്റകരമായ ഉദ്ദേശ്യം
ഉണ്ടായിരുന്നു എന്നോ, അല്ലെങ്കിൽ (2) തന്റെ പ്രവൃത്തി മരണത്തിനു കാരണം ആവും എന്ന അറിവുണ്ടായിരുന്നു എന്നോ
അസന്നിഗ്ദ്ധം തെളിയിക്കേണ്ടത് അത്യാവശ്യമാണ്. മേൽപ്പറഞ്ഞ പ്രകാരം തന്റെ
പ്രവൃത്തി മരണത്തിനു കാരണം ആവും എന്ന അറിവ് പ്രതിക്ക് ഇല്ലായിരുന്നു. കൊല
ചെയ്യാനുള്ള കുറ്റകരമായ ഉദ്ദേശ്യം ഉണ്ടായിരുന്നു എന്നതിനും തെളിവില്ല. സൗമ്യ
മരിച്ചത് രണ്ടു ദിവസം കഴിഞ്ഞു ആശുപത്രിയിൽ വച്ചാണ് എന്നതും കൊല നടത്താനുള്ള
ഉദ്ദേശ്യം ഇല്ലായിരുന്നു എന്ന നിഗമനത്തിൽ എത്തിച്ചേരാൻ കോടതിയെ പ്രേരിപ്പിച്ചു.
എന്നാൽ ട്രെയിനിൽ
അകത്തു വച്ച് നടന്ന ഒന്നാമത്തെ മുറിവിന് (തല ഭിത്തിയിൽ ഇടിച്ചപ്പോൾ ഉണ്ടായ
മുറിവുകൾ) കുറ്റക്കാരൻ പ്രതി തന്നെ ആണെന്നും കോടതി കണ്ടെത്തി. അത് പ്രകാരം ആണ്
പ്രതിക്ക് ഏഴു വർഷം (IPC
325 വകുപ്പ് പ്രകാരം)
കഠിനതടവ് വിധിച്ചത്. പക്ഷെ ആ മുറിവ് മാത്രം കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കാൻ പര്യാപ്തമല്ല എന്നാണ് കോടതിയുടെ നിഗമനം.
നിയമവ്യവസ്ഥയോടുള്ള
ബഹുമാനം നിലനിർത്തിക്കൊണ്ടു ഈ വിധി വായിക്കുന്ന ഒരാൾക്കും കോടതി നിരത്തിയ
കണ്ടെത്തലുകളോട് എതിർപ്പ് ഉണ്ടാവില്ല. പലപ്പോഴും കോടതി വിധികൾ നമ്മുടെ
വികാരങ്ങൾക്കും കാഴ്ചപ്പാടുകൾക്കും എതിരായിരിക്കും. ആ വികാരങ്ങളും കാഴ്ചപ്പാടുകളും
ഉരുത്തിരിയുന്നത് അധികവും വികലമായ മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിലും ആയിരിക്കും.
എന്നാൽ കോടതികളുടെ ധർമ്മം പൊതുവികാരങ്ങളിൽ നിന്നും തികച്ചും സ്വതന്ത്രമായി, വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം
തീരുമാനങ്ങളിൽ എത്തിച്ചേരുക എന്നതാണ്. അത്തരം തീരുമാനങ്ങൾ എല്ലാവർക്കും
ഇഷ്ടപ്പെടണം എന്നില്ല. ഇഷ്ടങ്ങൾക്കു അനുസരിച്ചു വിധി പറയാൻ കോടതി വേണ്ടല്ലോ, മറിച്ചു ആൾക്കൂട്ടങ്ങൾക്കു ചെയ്യാവുന്നതേ
ഉള്ളൂ!
കോടതിയെ മാറ്റി
നിർത്തി നമുക്കല്പം സ്വയം വിമർശനം ആയാലോ?
1. സൗമ്യ എന്ന പെൺകുട്ടി ആരുമില്ലാത്ത ലേഡീസ്
കംപാർട്മെന്റിൽ തനിച്ചു യാത്ര ചെയ്യാൻ തയ്യാറായ സാഹചര്യം എന്തായിരുന്നു? നിറയെ ആളുകൾ ഉള്ളതും തൊട്ടടുത്തുള്ളതും ആയ ജനറൽ
കംപാർട്മെന്റ് എന്തെ ആ പെൺകുട്ടി ഒഴിവാക്കി? നമ്മുടെ സമൂഹത്തിലെ ഓരോ പുരുഷനും അവളെ അതിനു നിർബന്ധിക്കുകയായിരുന്നില്ലെ? 14 അല്ല 140 സെക്കൻഡുകൾ നീളുന്ന നമ്മുടെ തുറിച്ചു നോട്ടങ്ങളും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന
സ്ത്രീകളെല്ലാം നമുക്ക് കൈകാര്യം ചെയ്യാനുള്ളതാണ് എന്ന നമ്മുടെ ധാർഷ്ട്യവും അല്ലെ
ശരിക്കും ഗോവിന്ദച്ചാമിയെക്കാൾ ഉത്തരവാദി?
2. ഒരു പെൺകുട്ടി ട്രെയിനിൽ നിന്നും
നിലവിളിക്കുന്നതും തുടർന്ന് പുറത്തേക്കു വീഴുന്നതും (ചാടിയതു തള്ളിയിട്ടതോ ഏതോ
ആവട്ടെ) കണ്ടിട്ടും ഒന്ന് ചെയിൻ വലിച്ചു ട്രെയിൻ നിർത്താൻ പോലും തയ്യാർ ആവാതെ
മരവിച്ച നമ്മുടെ സമൂഹത്തിനും ഇല്ലേ സൗമ്യയുടെ അന്ത്യത്തിൽ ഉത്തരവാദിത്വം? ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാൻ ഉള്ള മുറവിളി
നമ്മുടെ കുറ്റബോധത്തെ മറച്ചുവെക്കാൻ ഉള്ളതാണോ?
3. നമ്മുടെ നിയമം സംശയത്തിന്റെ ആനുകൂല്യം
നൽകുന്നത് പ്രതിക്കാണ്. അതിനുള്ള കാരണം പലപ്പോഴും കേസുകളും തെളിവുകളും കൃത്രിമമായി
ഭരണകൂടങ്ങൾ സൃഷ്ടിക്കുന്നു എന്നത് തന്നെയാണ്. കുറ്റാരോപിതരായ എല്ലാവരും
തെളിവില്ലെങ്കിൽപ്പോലും ശിക്ഷിക്കപ്പെട്ടേ തീരു എന്നോ താൻ കുറ്റം ചെയ്തില്ല എന്ന്
തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്വം ആണ് എന്നോ ആക്കി നമ്മുടെ നിയമങ്ങളെ
മാറ്റാൻ നാം തയ്യാർ ആവുമോ? അല്ലാതെ, നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യം നമുക്ക് മാത്രം ലഭിക്കണം എന്നും
മറ്റുള്ളവർക്ക് അത് ലഭിക്കരുത് എന്നും പറഞ്ഞാൽ അത് ശരിയാണോ?
4. നിലവിലുള്ള നിയമപ്രകാരം വധശിക്ഷ വിധിക്കുന്നത്
അപൂർവങ്ങളിൽ അപൂർവ്വമായിട്ടുള്ള കൊലപാതകങ്ങളിൽ മാത്രമാണ്. സൗമ്യയുടേത് വളരെ ദുഃഖകരം ആയ ഒരു സംഭവം തന്നെ
ആയിരുന്നു എന്നത് സംശയം ഇല്ലാത്ത കാര്യം തന്നെ. എങ്കിലും അത്രയോ അതിലേറെയോ
ദുഃഖകരമായ സംഭവങ്ങൾ നമ്മുടെ നാട്ടിൽ അനവധി ഉണ്ടായിട്ടുണ്ട്. 1984 ലെ സിഖ് കൂട്ടക്കൊല, 2002 ലെ ഗുജറാത്ത് വംശഹത്യ, കേരളത്തിലെ അടിക്കടിയുള്ള രാഷ്ട്രീയക്കുരുതികൾ - ഇതൊക്കെ ചില ഉദാഹരണങ്ങൾ
മാത്രം. ഗോവിന്ദച്ചാമി ജീവപര്യന്തം തടവിൽ ആണ്. എന്നാൽ 1984 ലെയും 2002 ലെയും മറ്റും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടു പോലും പുറത്തു വിലസി
നടക്കുമ്പോൾ നമ്മുടെ ധാർമികരോഷം എവിടെപ്പോവുന്നു?! ഒരു മുൻ പ്രധാനമന്ത്രിയെയും ഒരു
മുഖ്യമന്ത്രിയെയും (ഒപ്പം നിരവധി ആളുകളെയും) ബോംബ് പൊട്ടിച്ചു കൊന്ന കൊടും
ഭീകരരുടെ വധശിക്ഷ ഇളവ് ചെയ്യാൻ നിയമനിർമാണ സഭകൾ പ്രമേയം പാസ്സാക്കിയ നാടാണ്
നമ്മുടേത്!
5. പലരും പറയുന്നത് കേട്ടു, ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാത്തതുകൊണ്ടു
കേരളത്തിലെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് ഇനിയും കൂടും എന്ന്! എനിക്ക് അവരോടു ചോദിക്കാൻ ഉള്ളത്, നിങ്ങളെ സ്വയം ബലാത്ക്കാരത്തിൽ നിന്നും
കൊലപാതകത്തിൽ നിന്നും ഒക്കെ തടയുന്നതു തൂക്കിലേറ്റപ്പെടാം എന്ന ഭീതി മാത്രമാണോ? അല്ലാതെ, അങ്ങിനെ ചെയ്യുന്നത് തെറ്റാണു എന്ന ബോധ്യം നിങ്ങളിൽ ഉള്ളത് കൊണ്ടല്ലേ? അപ്പോൾ നാം ചെയ്യേണ്ടത് കൂടുതൽ ആളുകളിൽ അത്തരം
മൂല്യബോധം വളർത്തിയെടുക്കുക എന്നതല്ലേ?
6. വധശിക്ഷയെപ്പറ്റി നമ്മുടെ ഓരോരുത്തരുടെയും
അഭിപ്രായം എന്താണ്? അതും ആരാണ് കുറ്റവാളി എന്നുനോക്കി മാത്രം
എത്തിച്ചേരുന്ന ഒന്നാണോ? ഒരുദാഹരണം പറയാം. CPI (M) എന്ന രാഷ്ട്രീയകക്ഷി വധശിക്ഷയെ എതിർത്ത്
വരുന്നതാണ് നാം കാണാറ്. ഭീകരപ്രവൃത്തികളിൽ വധശിക്ഷക്ക് വിധേയരാക്കപ്പെട്ട അഫ്സൽ
ഗുരുവിനെയും അജ്മൽ കസബിനെയും ശിക്ഷിക്കരുത് എന്ന് ആവശ്യപ്പെട്ട അതെ പാർട്ടി
നേതൃത്വം നൽകുന്ന കേരള സർക്കാർ എന്തെ ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ വധശിക്ഷ വേണം
എന്ന് ആവശ്യപ്പെടുന്നത്?
വ്യക്തിപരമായി ഞാൻ
വധശിക്ഷയെ എതിർക്കുന്നു. വധശിക്ഷ സമൂഹത്തെ കുറ്റവാളികളുടെ നിരയിലേക്കും നീതിന്യായ
പ്രക്രിയയെ പ്രതികാരത്തിലേക്കും തരം താഴ്ത്തുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
ഒപ്പം തന്നെ വധശിക്ഷ കുറ്റകൃത്യങ്ങൾ കുറയ്ക്കും എന്ന വിശ്വാസവും എനിക്കില്ല.
കുറ്റം ചെയ്യുന്നവർ പിടിക്കപ്പെടാനുള്ള സാധ്യതയേയും ലഭിക്കാനിടയുള്ള ശിക്ഷയെയും
കുറിച്ച് ചിന്തിച്ചു ഒരു തീരുമാനം എടുത്തിട്ടല്ല കുറ്റകൃത്യം ചെയ്യുന്നത്. ഞാനും
നിങ്ങളും കുറ്റം ചെയ്യാതിരിക്കുന്നത് അങ്ങിനെ
ചെയ്യുന്നത് തെറ്റാണു എന്ന ഉറച്ച മൂല്യബോധം മനസ്സിൽ അടിയുറച്ചതു കൊണ്ടാണ്.
അതുകൊണ്ടുതന്നെ ഗോവിന്ദച്ചാമിയെ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നു.
സമൂഹത്തിനു ആപത്തായ ആ വ്യക്തിയെ പുറത്തു വിടാതെ നോക്കേണ്ടത് രാഷ്ട്രത്തിന്റെ
കടമയാണെന്നും ഞാൻ വിശ്വസിക്കുന്നു.
ആരെയും വേദനിപ്പിക്കാനോ
വികാരങ്ങൾ വ്രണപ്പെടുത്താനോ അല്ല ഈ പോസ്റ്റ്. വളരെയേറെ ചിന്തിപ്പിച്ചതും
ചർച്ച ചെയ്യപ്പെട്ടതും ആയ ഒരു സംഭവത്തോടുള്ള എന്റെ പ്രതികരണങ്ങൾ രേഖപ്പെടുത്തുക മാത്രമാണ്. അനുകൂലിച്ചും
പ്രതികൂലിച്ചും ഉള്ള അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു.
No comments:
Post a Comment