Tuesday, December 17, 2019

പൗരത്വ ഭേദഗതി നിയമം എന്ത് കൊണ്ട് എതിർക്കപ്പെടണം?

പൗരത്വ രജിസ്റ്ററിൽ  (NRC) എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ നോക്കിയാൽ പോരെ?
തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമത്തെ (CAA) എങ്ങിനെയാണ് എതിർക്കുക?
നിയമത്തിൽ തെറ്റുണ്ടെങ്കിൽ കോടതിയിൽ അല്ലെ പോകേണ്ടത്? കോടതി പറയുന്നത് അന്തിമമല്ലേ?

CAA-NRC ക്കെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച് ഉയർന്നു വരുന്ന ചില ചോദ്യങ്ങൾ ആണ് മുകളിൽ കൊടുത്തത്‌. അവയ്ക്കുള്ള മറുപടിയാണ് ഈ പോസ്റ്റിൽ. ഈ മറുപടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനകളുടെയോ നിലപാടുകൾ അല്ല, മറിച്ച് എന്റെ വ്യക്തിപരമായ ബോധ്യങ്ങൾ മാത്രമാണ്.

ആദ്യമേ പറയട്ടെ, ജനാധിപത്യ സമൂഹങ്ങളെ വ്യത്യസ്തമാക്കുന്നത് നിയമനിർമ്മാണങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്താൻ ജനങ്ങൾക്കുള്ള അവസരവും കടമയുമാണ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അഞ്ചു വർഷം ഭരണത്തിൽ ഇരിക്കുന്നവർക്ക് എന്തും ചെയ്യാനുള്ള അവകാശം വിട്ടുകൊടുക്കലല്ല ജനാധിപത്യം.

CAA ക്ക് ശേഷം NRC എന്ന് വ്യക്തമാക്കിയത് മറ്റാരുമല്ല, ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്. അപ്പോൾ NRC വരുന്നു എന്നത് വെറും ഊഹാപോഹമല്ല.

നമ്മുടെ മുമ്പിൽ NRC യുടെ രണ്ടു ദൃഷ്‌ഠാന്തങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഒന്ന് മ്യാന്മറിൽ നടന്നത്- അതിന്റെ ബാക്കി പത്രമാണ് ഇന്ന് ഗതി കിട്ടാതെ അലയുന്ന രോഹിൻഗ്യകൾ. രണ്ട്, ആസ്സാമിൽ നടന്ന NRC. ഉദ്ദേശം 1600 കോടി രൂപ ചെലവിട്ട്  എത്രയോ ജീവിതങ്ങൾ തുലച്ചു കൊണ്ട് തയ്യാറാക്കിയ ആസ്സാമിലെ NRC യിൽ നിന്നും പുറത്തായ 19 ലക്ഷത്തിൽ പരം ആളുകൾ അനുഭവിക്കുന്ന നിസ്സഹായതയും പ്രയാസങ്ങളും നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും നാം സർക്കാരിനെ വിശ്വസിച്ചു വരുന്നത് വരുമ്പോൾ കാണാം എന്ന് പറഞ്ഞിരിക്കണോ?

ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കാൻ പോവുന്ന NRC എന്തിനാണ് നടപ്പിലാക്കുന്നത് എന്നറിയാനുള്ള അവകാശം ഇന്ത്യക്കാർക്കില്ലേ? എന്താണ് NRC ക്കു ശേഷം നടക്കാൻ പോവുന്നത്? NRC യിൽ പേര് വരാത്ത ഹതഭാഗ്യർക്ക് എന്താണ് സംഭവിക്കുക? അവർ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, അല്ലെങ്കിൽ പാകിസ്ഥാനിൽ നിന്നും വന്ന ഹിന്ദു, ബുദ്ധ, ജൈന, ക്രൈസ്തവ, പാഴ്സി, സിഖ് മതങ്ങളിൽ പെട്ടവരാണ് എങ്കിൽ CAA പ്രകാരം പൗരത്വം ലഭിക്കും. എന്നാൽ അങ്ങിനെ വന്നവരാണ് എന്ന് തെളിയിക്കാനുള്ള രേഖകൾ ഇല്ലാത്ത ഇന്ത്യക്കാരോ മതിയായ രേഖകൾ ഇല്ലാത്ത ഇന്ത്യൻ മുസ്ലിങ്ങളോ ആയവർ എന്ത് ചെയ്യും? അവരെ ഒരു രാജ്യവും സ്വീകരിക്കുകയില്ല എന്നത് വ്യക്തമല്ലേ? അപ്പോൾ അവരെ ജയിലിലോ ക്യാമ്പുകളോ അടച്ചിടുമോ? എങ്കിൽ അവരുടെ ചെലവ് ആര് വഹിക്കും? ജീവപര്യന്തം തടവിൽ കിടക്കുന്നവർ കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്കു പറയുന്ന നമ്മൾ നാളെ ഈ ക്യാമ്പുകളിൽ കിടക്കുന്നവരെ വെടിവെച്ചു കൊന്നു ചിലവ്‌ ചുരുക്കാൻ പറയില്ല എന്നാരു കണ്ടു?

ഇന്ന് നമ്മോടൊപ്പം കഴിയുന്ന പാവപ്പെട്ട (ഹിന്ദുക്കളും മുസ്ലിങ്ങളും അടങ്ങുന്ന) സഹോദരീ-സഹോദരന്മാരെ നാളെ ആരുമല്ലാത്തവരാക്കി മാറ്റുന്ന ഒരു നടപടിക്കു നേരെ നാം കണ്ണടയ്ക്കണോ?

ഇനി തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമത്തെ എതിർക്കരുതെന്ന വാദം നോക്കാം. സ്വതന്ത്ര ഇന്ത്യയിൽ തെരെഞ്ഞെടുക്കപ്പെട്ടതല്ലാത്ത ഒരു സർക്കാരും നിലവിൽ ഉണ്ടായിരുന്നില്ല. 2104 നു മുമ്പും എല്ലാ സർക്കാരുകളും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടത് തന്നെയായിരുന്നു. എല്ലാ നിയമങ്ങളും പാസ്സായതും അത്തരം സർക്കാരുകളുടെ പിന്തുണയോടെ മാത്രമായിരുന്നു. അങ്ങനെ പാസ്സാക്കിയ പല നിയമങ്ങളും കോടതികളിൽ പലപ്പോഴും ചോദ്യ ചെയ്യപ്പെട്ടിട്ടുണ്ട്. കോടതികൾ ആ നിയമങ്ങൾ നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് കണ്ടു അസാധുവാക്കുകയും ചെയ്തിട്ടുണ്ട്. പറഞ്ഞു വന്നത്, തെരെഞ്ഞെടുത്ത സർക്കാർ പാസ്സാക്കിയ നിയമങ്ങളെയെല്ലാം എതിർക്കാതെ സ്വീകരിക്കാൻ നാം ബാധ്യസ്ഥരല്ല എന്ന് തന്നെയാണ്.

മറ്റൊന്ന് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കുറിച്ചുള്ളതാണ്. ഇതേ സർക്കാരാണ് മുത്തലാഖ് ഒരു ക്രിമിനൽ കുറ്റമാക്കിയത്. അത് നല്ല കാര്യമല്ലേ എന്നും മുസ്ലിം സ്‍ത്രീകൾക്കു ഗുണകരമല്ല എന്നും ചിന്തിക്കുന്നവർ ഉണ്ടാവാം. അവരോട് ഒന്നേ ചോദിക്കാനുള്ളൂ. ഗുണകരമാണ് എങ്കിൽ എന്തെ ഹിന്ദു സ്ത്രീകൾക്ക് ആ ഗുണം സർക്കാർ കൊടുക്കുന്നില്ല? മുത്തലാഖ് കോടതി തന്നെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായിരുന്നു. അതിനർത്ഥം മുത്തലാഖ് ചൊല്ലി ഭാര്യയെ ഒരാൾക്ക് ഇപ്പോൾ വിവാഹമോചനം ചെയ്യാനാവില്ല. അങ്ങിനെ ചൊല്ലി ഭാര്യയെ പുറത്താക്കുന്ന ഒരു വ്യക്തി വാസ്തവത്തിൽ ചെയ്യുന്നത് ഭാര്യയെ ഉപേക്ഷിക്കലാണ്. അത്തരം ഉപേക്ഷിക്കൽ ഇസ്ലാം മതത്തിൽ മാത്രമാണെന്ന് ആരും പറയില്ലല്ലോ. ഒരു ഹിന്ദു രണ്ടു വർഷം തുടർച്ചയായി ഉപേക്ഷിച്ചാൽ മാത്രമേ വിവാഹമോചനത്തിനു പോലും മതിയായ കരണമാവുന്നുള്ളൂ എന്നിരിക്കെ, യാതൊരു നിയമ സാധുതയുമില്ലാത്ത മുത്തലാഖ് ചൊല്ലുമ്പോൾ തന്നെ ഒരു മുസ്ലിമിനെ ക്രിമിനൽ കുറ്റത്തിന് ജയിലിൽ അടക്കുകയാണ് ചെയ്യുന്നത്. വ്യക്തമായി മതത്തിന്റെ മാത്രം പേരിൽ വിവേചനം കാണിക്കുന്ന ഒരു നിയമം പാസ്സാക്കിയ സർക്കാർ ആണിതെന്നത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.

ഇനി കോടതിയുടെ കാര്യം. കോടതിയിൽ നീതി വൈകുന്നു എന്നും വിശ്വാസമില്ലെന്നും പറഞ്ഞു ഹൈദരാബാദിലെ കസ്റ്റഡി കൊലപാതകത്തെ ഒക്കെ ന്യായീകരികരിക്കുന്നവർ തന്നെയാണ് ഈ കാര്യത്തിൽ കോടതിയിൽ പോവൂ എന്ന് ആഹ്വാനം ചെയ്യുന്നത് എന്നതിലെ വിരോധാഭാസം നമുക്ക് മറക്കാം. ജനങ്ങളെ ബാധിക്കുന്ന ഓരോ പ്രശ്നത്തിലും ഇടപെടാൻ മടിക്കുന്ന കോടതി ആണ് ഇന്ന് കാണാൻ കഴിയുന്നത് എന്ന് നമുക്ക് കാണാം. ഉദാഹരണത്തിന്, നോട്ടുനിരോധനം വന്നപ്പോൾ അതിനെതിരെ കൊടുത്ത കേസുകൾ ഇപ്പോഴും തീരുമാനമായില്ല. ഒരു സംസ്ഥാനത്തെ ഏകപക്ഷീയമായി വെട്ടിമുറിക്കുകയും അവിടുത്തെ ജനങ്ങളെ ഫോണും ഇന്റർനെറ്റും പോലുമില്ലാതെ തുറന്ന ജയിലുകളിൽ എന്ന പോലെ അടച്ചിടാൻ തുടങ്ങിയിട്ടും നാല് മാസത്തിൽ കൂടുതൽ ആയി എന്നും ഇതുവരെ കോടതി ബന്ധപ്പെട്ടവരെ കേൾക്കുന്നത് പോലും പൂർണമായിട്ടില്ല എന്നും അറിയുക.

ഒന്നോർക്കുക. നാസി സർക്കാരിന്റെ ഗ്യാസ് ചേമ്പറുകൾ ഒരു തുടക്കമായിരുന്നില്ല, വളരെക്കാലമായി ഊട്ടി വളർത്തിയ വെറുപ്പിന്റെയും വിവേചനങ്ങളുടെയും ഒടുക്കമായിരുന്നു.

അതുകൊണ്ട് CAA യും NRC യും ഒന്ന് തന്നെ ആണെന്നും  അവയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തന്നെ തുടരണമെന്നും (എന്നാൽ അക്രമത്തിന്റെ മാർഗ്ഗം അവലംബിക്കരുത് എന്നും) ആണ് എനിക്ക് ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയാനുള്ളത്.


No comments:

Post a Comment