Thursday, August 29, 2019

ഹേബിയസ് കോർപ്പസും കാശ്മീരും..

ഹേബിയസ് കോർപ്പസ് എന്നാൽ ശരീരം ഹാജരാക്കൂ, അഥവാ produce the body എന്നാണ് അർത്ഥം.

നമ്മുടെ ഭരണഘടന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (Article 21) ഉറപ്പുവരുത്താനായി നിയമാനുസൃതം അല്ലാതെ കസ്റ്റഡിയിൽ വെച്ച വ്യക്തിയെ കോടതിയിൽ ഹാജരാക്കാൻ ഭരണഘടനാ കോടതികൾ ഭരണകൂടത്തിന് നൽകുന്ന കല്പനയാണ് (Writ) ഹേബിയസ് കോർപ്പസ്.

ഈ റിട്ട് പുറപ്പെടുവിക്കാൻ നൽകുന്ന അപേക്ഷ തടവിൽ കഴിയുന്ന വ്യക്തിയുടെ അടുത്ത ബന്ധുവോ സുഹൃത്തോ ആണ് നൽകേണ്ടത്. അങ്ങനെയാണ് സഹപ്രവർത്തകൻ എന്ന നിലയിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാശ്മീരിലെ മുൻ എംഎൽഎ തരിഗാമിക്ക് വേണ്ടി അപേക്ഷ നൽകിയത്.

എന്നാൽ മൗലികാവകാശങ്ങളുടെ സംരക്ഷണം പ്രധാന ചുമതലയായ സുപ്രീം കോടതി ചെയ്തത് തരിഗാമിയെ ഹാജരാക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതിന് പകരം യെച്ചൂരിയെ അദ്ദേഹത്തെ തടവിൽ പോയി കാണാൻ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കുക എന്നതാണ്.

എന്റെ അറിവ് ശരിയാണെങ്കിൽ ഇത്തരമൊരു ഉത്തരവ് ഹേബിയസ് കോർപ്പസ് എന്ന റിട്ടിന്റെ പരിധിയിൽ വരുന്നത് പോലുമല്ല. ഭരണഘടനാ കോടതികൾക്ക് പുതിയ രീതികൾ അവലംബിക്കാനുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, ഭരണഘടന നൽകുന്ന റിട്ട് എന്ന ശക്തമായ പരിഹാരത്തിന്റെ മുനയൊടിക്കുന്ന നടപടി ആയി ഈ ഉത്തരവ് എന്നത് പകൽ പോലെ വ്യക്തമാണ്.

യച്ചൂരിയും ഇതുപോലെ ഉത്തരവ് കിട്ടിയ മറ്റുള്ളവരും കാശ്മീരിൽ നിന്നും തിരികെ വന്ന് സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ കോടതിയുടെ ഭാഗത്തുനിന്നും പൗരന്റെ മൗലികാവകാശങ്ങൾക്ക് കുറച്ചുകൂടി അനുകൂലമായ സംരക്ഷണനടപടികൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കട്ടെ. അല്ലെങ്കിൽ, ഇന്നത്തെ സുപ്രീം കോടതിയും ഭരണകൂടം ഭരണഘടനയെ നോക്കുകുത്തിയാക്കി മൗലികാവകാശങ്ങളെ അടിച്ചമർത്തിയപ്പോൾ (അടിയന്തരാവസ്ഥയുടെ കാലത്തു എന്നപോലെ തന്നെ) അതിന് കൂട്ടു നിന്നു എന്ന് ചരിത്രം വിധിയെഴുതും.

Saturday, August 17, 2019

ദുരിത-ക്യാമ്പുകളും മാധ്യമ ഗൂഡാലോചനകളും!

           ഒരു തട്ടിപ്പുകാരന്റെ വാക്കുകൾ കേട്ട്, സരിതയുടെ CD തപ്പിപ്പോയ മാധ്യമപ്പടയെ ആഘോഷിച്ചവർ പെട്ടെന്ന് മാധ്യമ ഗൂഡാലോചനകളെക്കുറിച്ച് വാചാലരാവുന്നു.
           ഇട്ടാവട്ടം പോലുള്ള കേരളത്തിൽ ഇത്രയധികം വാർത്താചാനലുകൾ ബ്രേക്കിംഗ് ന്യൂസുകൾക്ക് വേണ്ടി മൽസരിക്കുമ്പോൾ ഓമനക്കുട്ടൻമാർ ഇനിയും ഇരകളാവും എന്നത് തീർച്ചയാണ്. സ്വയം ഇരകളാവുമ്പോൾ കരയുമെങ്കിലും മറ്റുള്ളവർ ഇരകളാവുമ്പോൾ ആഘോഷിക്കുന്നവർ ഉള്ളിടത്തോളം കാലം അത് തുടരും. എല്ലാവർക്കും ഊഴമനുസരിച്ച് ഇരയാവാനുള്ള അവസരവും കിട്ടും.
           ഇതിപ്പോൾ, ഏറ്റവും ചുരുങ്ങിയത് സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിൽ പൊതുസമൂഹത്തിന്റെ സഹായവും മാധ്യമദൃഷ്ടിയും എത്താത്തിടങ്ങളിൽ നടക്കുന്ന ദുരിതജീവിതത്തിന്റെ കഥ പുറത്തെത്താനെങ്കിലും ഈ സംഭവം ഉപകരിച്ചു എന്ന് പറയാം.
           താൻ കൂടി അന്തേവാസിയായ ഒരു ക്യാമ്പിലെ സാഹചര്യങ്ങളിൽ ഗുണപരമായ മാറ്റം എത്തിക്കാൻ സർക്കാരിനെ നിർബ്ബന്ധിതരാക്കാൻ ഈ സംഭവത്തിലൂടെ കഴിഞ്ഞു എന്നതിൽ സ. ഓമനക്കുട്ടനും സന്തോഷിക്കാം.
           ഇതു പോലെ, ഓട്ടോ ചാർജ്ജ് കൊടുക്കാൻ പിരിവെടുക്കേണ്ടി വരുന്ന ക്യാമ്പുകൾ ഇനിയുമുണ്ടെങ്കിൽ അതും പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾ തയ്യാറാവണം. അങ്ങനെ ചെയ്യുമ്പോൾ ഓമനക്കുട്ടൻമാർക്ക് നേരെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് പകരം സ്വന്തം കടമ മറക്കുന്ന സർക്കാർ സംവിധാനങ്ങളെ ചോദ്യം ചെയ്യാൻ തയ്യാറാവണം എന്ന് മാത്രം!

Tuesday, August 6, 2019

ജുനഗഡും കാശ്മീരും......ഒരു താരതമ്യം!


ഗുജറാത്തിലെ ജുനഗഡിൽ രാജാവ് മുസ്ലിം ആയിരുന്നു. പ്രജകൾ ഹിന്ദുക്കളും.
കാശ്മീരിൽ രാജാവ് ഹിന്ദുവും പ്രജകൾ മുസ്ലിങ്ങളും.
ജുനഗഡിലെ നവാബ് തന്റെ രാജ്യത്തെ പാകിസ്ഥാനിൽ ലയിപ്പിച്ചു. കാശ്മീർ രാജാവ് തന്റെ രാജ്യത്തെ സ്വതന്ത്രമായി നിർത്താൻ തീരുമാനിച്ചു.
ജുനഗഡിനെ ഇന്ത്യൻ പട്ടാളം വളഞ്ഞു. പാകിസ്ഥാൻ പട്ടാളവും ഗോത്രവർഗ്ഗക്കാരും കാശ്മീരിനെ ആക്രമിച്ചു.
ജുനഗഡ് നവാബ് കറാച്ചിയിലേക്കു ഓടിപ്പോയി. കാശ്മീർ രാജാവ് താൽക്കാലികമായി ഇന്ത്യയിൽ ചേരാൻ സമ്മതിച്ചു. കാശ്മീർ വ്യവസ്ഥകൾക്ക് (Article 370) വിധേയമായി ഇന്ത്യയുടെ ഭാഗമായി.
ജുനഗഡിൽ ജനഹിത പരിശോധന (Plebiscite) നടത്തി. 99.5% ജനങ്ങളും ഇന്ത്യയോടൊപ്പം ചേരാൻ സമ്മതം നൽകി. ജുനഗഡ് ഇന്ത്യയുടെ ഭാഗമായി. പാകിസ്ഥാൻ അവരോടു ലയിച്ച ഭൂപ്രദേശം ഇന്ത്യ പിടിച്ചെടുത്തു എന്ന് പറഞ്ഞു ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ജനഹിത പരിശോധനയുടെ ഫലം ചൂണ്ടിക്കാട്ടി അവരുടെ അവകാശവാദം തള്ളിക്കളഞ്ഞു.
കാശ്മീർ പ്രശ്നവും ഐക്യരാഷ്ട്രസഭയിൽ ചർച്ചയായി. അവിടെയും ജനഹിത പരിശോധന നടത്താം എന്നും തീരുമാനിച്ചു. അതിനുള്ള കണ്ടീഷൻ ആയി പറഞ്ഞത്, പാകിസ്ഥാൻ കൈയ്യടക്കി വച്ചിട്ടുള്ള കശ്മീരിന്റെ ഭാഗങ്ങൾ (POK) അവർ ആദ്യം ഒഴിഞ്ഞു പോകണം എന്നായിരുന്നു. അവർ ഒഴിഞ്ഞു പോയില്ല, ഇന്ത്യ ജനഹിത പരിശോധന നടത്തിയതുമില്ല.
ജുനഗഡിലെ ജനങ്ങൾക്ക് അവരുടെ ഭരണാധികാരിയുടെ തീരുമാനം മറികടന്നു സ്വന്തം ഹിതം നടപ്പായി കിട്ടി.
കശ്മീരിലെ ജനങ്ങൾക്ക് അവരുടെ ഹിതം എന്തെന്ന് പറയാനുള്ള അവസരം നിഷേധിക്കപ്പെട്ടു.
നമുക്ക് സൗകര്യപ്രദമായ ഇടത്ത് നാം ജനഹിത പരിശോധന നടത്തി. നമുക്ക് സൗകര്യപ്രദമല്ലാതെ വരാൻ സാധ്യത ഉള്ള സ്ഥലത്തു നാമത് സൗകര്യപൂർവം നിരസിച്ചു.
എന്നിട്ടും നാം കാശ്മീർ ജനതയെ രാജ്യദ്രോഹികളായും വഞ്ചകന്മാർ ആയും മുദ്രകുത്തുന്നു.
P.S: രാജ്യസ്നേഹവും ദേശീയതയും മതവിശ്വാസം പോലെ തന്നെ ഏതു തെറ്റുകളെയും മറയ്ക്കാനുള്ള ഒരു എളുപ്പവഴിയാണ്!

Friday, June 14, 2019

ഓൺലൈൻ ചാരിറ്റി: ബാക്കിയാവുന്ന ചില ചോദ്യങ്ങൾ

ആരുടെയും ചാരിറ്റി പ്രവർത്തനങ്ങളെ ഇകഴ്ത്താനോ അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനോ അല്ല ഈ പോസ്റ്റ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോട് ബഹുമാനം മാത്രമേ ഉള്ളൂ. എങ്കിലും ചില സംശയങ്ങൾ ബാക്കിയാവുന്നു.
ഞാൻ മനസ്സിലാക്കിയിടത്തോളം ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട് വളരെ വ്യക്തമായ നിയമങ്ങൾ നമുക്കുണ്ട്. അത്തരം ഒന്നിലധികം ട്രസ്റ്റുകളുമായി ജോലിസംബന്ധമായി സഹകരിക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. പലപ്പോഴും തോന്നിയിട്ടുണ്ട് ആ നിയമങ്ങൾ അല്പം കാഠിന്യമേറിയതാണ് എന്ന്. എങ്കിലും നാട്ടിലെ നിയമം, അത് മാറ്റാത്തിടത്തോളം നിയമം തന്നെയല്ലേ?
കൂടാതെ, നമ്മുടെ ആധായ നികുതി നിയമവും ചാരിറ്റിയുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് വ്യക്തമായ ചട്ടങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
ഇതൊന്നും പാലിക്കാതെ ഏത് ബാങ്ക് അക്കൗണ്ടിൽ പണം വന്നാലും അത് അക്കൗണ്ട് ഉടമയുടെ ആ വർഷത്തെ വരുമാനത്തിൽ ഉൾപ്പെടുത്തണം എന്നതാണ് നിലവിലുള്ള നിയമം. എന്തിന്, നാം സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങുന്ന തുക പോലും തിരിച്ച് കൊടുത്തതായി കാണിക്കാൻ പറ്റിയില്ലെങ്കിൽ വരുമാനമായി കണക്കാക്കി അതിന്മേൽ ആധായനികുതി അടക്കണം (ചില വർഷങ്ങളിൽ അത്തരം പണമിടപാടുകളെ നികുതിയിൽ നിന്നും ഒഴിവാക്കി എടുക്കാൻ പെട്ട പാട് ഇപ്പോൾ ഓർക്കുന്നു!).
അങ്ങനെയിരിക്കെ, ചികിത്സക്കും മറ്റുമായി ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലും മറ്റും ഒറ്റ ദിവസം കൊണ്ട് ഒരു കോടിയിൽ പരം രൂപ ഒരു വ്യക്തിയുടെ സാധാരണ അക്കൗണ്ടിൽ വരുന്നു എന്നൊക്കെ കേൾക്കുമ്പോൾ (ആ വ്യക്തിയുടെ വിശ്വാസ്യതയോട് ആദരവ് തോന്നുമ്പോൾ തന്നെ) അദ്ഭുതം തോന്നുകയാണ്. ഒപ്പം വർഷാവർഷം കൃത്യമായി ആദായനികുതി അടക്കുന്നത് വെറും പൊട്ടത്തരമാണോ എന്ന ചിന്തയും!
വ്യക്തികളുടെ വരുമാന നികുതി കണക്കാക്കുമ്പോൾ കിട്ടിയ പണം നമ്മൾ എന്താവശ്യത്തിന് ഉപയോഗിക്കുന്നു എന്നത് പ്രസക്തമല്ല. നമുക്കത് മുഴുവൻ സൂക്ഷിച്ചു വെക്കാം. അല്ലെങ്കിൽ ധൂർത്തടിച്ച് കളയാം. അതുമല്ലെങ്കിൽ മറ്റുള്ളവരുടെ ചികിത്സക്കോ പൊതു നന്മക്കോ ഉപയോഗിക്കാം. ഉപയോഗം എന്തായാലും നികുതിയിൽ വ്യത്യാസമില്ല.
ഇങ്ങനെയെല്ലാം ആയിരിക്കേ വലിയ തോതിൽ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പല വ്യക്തികളും സംഘടനകളും നിയമം അനുശാസിക്കുന്ന വഴികൾ ഉപയോഗിക്കാതെ സ്വന്തം സേവിങ്സ് അക്കൗണ്ടോ സാധാരണ കറണ്ട് അക്കൗണ്ടോ ഉപയോഗിച്ച് വളരെ വലിയ നികുതി ബാധ്യതകൾ വരുത്തി വെക്കുന്നതിന്റെ കാരണം എന്തായിരിക്കും? അറിവില്ലായ്മ മാത്രമോ, അതോ മറ്റു വല്ലതും? എത്ര വലിയ റിസ്ക് ആണ് അവർ സ്വന്തം തലയിൽ വലിച്ചു വെക്കുന്നത്?
ഇത്രയും കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുമ്പോഴും ഒന്നുമറിയാതെ ഇരിക്കുന്ന നമ്മുടെ ആദായനികുതി വകുപ്പ് എന്തിനാണ് നമുക്ക്?
നിയമമനുസരിച്ച് പ്രവർത്തിക്കുന്ന ട്രസ്റ്റുകളിലൂടെ സംഭാവനകൾ നൽകിയാൽ നൽകുന്ന ആൾക്കും തന്റെ നികുതി ഭാരം കുറക്കാമെന്നിരിക്കേ പണം കൊടുക്കുന്ന ആരും അത്തരം ഒരു ആവശ്യം ഉന്നയിക്കാത്തതിന് എന്തായിരിക്കും കാരണം? സംഭാവന കൊടുക്കുന്നവർ ആരും തന്നെ നികുതിദായകർ അല്ല (പ്രവാസികൾ ഒഴിച്ച്) എന്നാണോ?

P.S. സർക്കാരിന്റെ ചാരിറ്റികളിൽ വിശ്വാസ്യത ഇല്ലാത്തിടത്തോളം വ്യക്തികളുടെ ഇടപെടലുകൾ അനിവാര്യമാണ്. എങ്കിലും നിയമം...അതെല്ലാവർക്കും ബാധകമാവേണ്ടേ?

Friday, December 28, 2018

മുത്തലാഖ് ബില്ലിനെ എതിർക്കുന്നത് എന്തുകൊണ്ട്?

മുത്തലാഖ്  ബില്ലിനെ എന്തുകൊണ്ട് എതിർക്കുന്നു എന്ന് ഒരു സുഹൃത്ത് ചോദിച്ചു. പ്രത്യക്ഷത്തിൽ സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള ഒരു ബില്ലിനെ എതിർക്കുന്നത് അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടല്ലേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ രാഷ്ട്രീയം അന്ധമാവരുത് എന്ന തീരുമാനം ഉള്ളതുകൊണ്ടും ചോദ്യകർത്താവിനെ പോലെ ധാരാളം സുഹൃത്തുക്കൾ ഈ ബില്ലിലെ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരല്ല എന്നതിനാലും ആണ് ഈ വിശദമായ പോസ്റ്റ്.
മേൽപ്പറഞ്ഞ പോലെ പ്രത്യക്ഷത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയുള്ള ഒരു നിയമ നിർമ്മാണം ആണെന്ന് ആരും സംശയിച്ചു പോകും. അതിനാൽ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയിലേക്ക് അല്പം ആഴത്തിൽ തന്നെ ഇറങ്ങി നോക്കാം.
ഇസ്ലാമിക നിയമ വ്യവസ്ഥയിൽ വിവാഹം എന്നത് ഒരു കരാർ ആണെന്നും ഏതൊരു കരാർ പോലെയും വിവാഹ ബന്ധവും അവസാനിപ്പിക്കാവുന്നതാണെന്നും ഓർക്കുക. തലാഖ് എന്നത്  വിവാഹ ബന്ധം വേർപെടുത്തുന്നതിനായി ഇസ്ലാം മതം നിർദ്ദേശിക്കുന്ന ഒരു മാർഗ്ഗമാണ്. അത് എങ്ങിനെ ചെയ്യണം എന്നതിന് വ്യക്തമായ നിർദ്ദേശങ്ങളും ഇസ്ലാം അനുശാസിക്കുന്നു. എന്നാൽ തുടർച്ചയായി മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുക എന്ന ഒരു അനാചാരം കാലക്രമേണ കടന്നുകൂടി. അത്തരം ഇൻസ്റ്റന്റ് തലാഖുകൾ കുടുംബങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെയും എങ്ങിനെ ബാധിക്കും എന്ന് പറയേണ്ടതില്ലല്ലോ!
ഇസ്ലാമികമല്ലാത്ത ഇൻസ്റ്റന്റ് മുത്തലാഖിന്റെ നിയമ സാധുത നമ്മുടെ സുപ്രീം കോടതിയുടെ മുമ്പാകെ ചോദ്യം ചെയ്യപ്പെടുകയും അത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും ഉണ്ടായതു ഈ അടുത്ത കാലത്താണ്. ആ വിധിയോടെ മുത്തലാഖ്  സമ്പ്രദായം അസാധുവായി തീർന്നു. ചുരുക്കം ചില യാഥാസ്ഥികർ ഒഴികെ എല്ലാവരും ആ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു. സുപ്രീം കോടതിയുടെ വിധി എന്ന നിലയിൽ ഇപ്പോൾ തന്നെ ബാധകമായിട്ടുള്ള ആ തീരുമാനം നിയമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തലാഖ്  ബില്ല് എന്നറിയപ്പെടുന്ന പുതിയ ഒരു നിയമം കേന്ദ്ര സർക്കാർ കൊണ്ട് വന്നത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആ ബില്ലിൽ പക്ഷെ ഒരു പുതിയ കാര്യം കൂടി ചേർത്തിരുന്നു. അതായത്, ഏതെങ്കിലും ഒരു മുസ്ലിം പുരുഷൻ തന്റെ ഭാര്യയെ മുത്തലാഖ് ചൊല്ലിയാൽ ആ പുരുഷനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും ജയിലിൽ അടക്കാനും ഉള്ളതായിരുന്നു ആ പുതിയ കൂട്ടിച്ചേർക്കൽ. ഇവിടെയാണ് പ്രശ്നത്തിന്റെ തുടക്കം. നമ്മുടെ നിയമപ്രകാരം മുത്തലാഖ് അസാധുവാണ്. അതായത് മുത്തലാഖ് ചൊല്ലിയാലും വിവാഹ ബന്ധം വേർപെടില്ല എന്നർത്ഥം. അപ്പോൾ  മുത്തലാഖ് ചൊല്ലി ഒരു ഭർത്താവ് തന്റെ ഭാര്യയെ പുറത്താക്കിയാൽ, അല്ലെങ്കിൽ ഉപേക്ഷിച്ചാൽ, അത്  വിവാഹമോചനമല്ല, വെറും ഉപേക്ഷിക്കൽ (abandonment) മാത്രമാണ്.
ഒരു ഭർത്താവ് തന്റെ ഭാര്യയെ ഉപേക്ഷിച്ചാൽ അത് ക്രിമിനൽ കുറ്റം ആണോ എന്ന് തീരുമാനിക്കാൻ പാർലമെന്റിനു അവകാശമുണ്ട്. എന്നാൽ ഒരു പ്രത്യേക മതത്തിലെ ഭർത്താവു മാത്രം ഭാര്യയെ ഉപേക്ഷിച്ചാൽ അത് കുറ്റമാണ് എന്ന ഒരു നിയമം എങ്ങിനെയാണ് ഒരു മതേതര രാഷ്ട്രത്തിലെ നിയമനിർമാണ സഭയ്ക്ക് നിർമ്മിക്കാൻ കഴിയുക?
മറ്റു മതസ്ഥർ ഭാര്യയെ ഉപേക്ഷിച്ചാൽ അത് കുറ്റമല്ലാതിരിക്കുകയും (അങ്ങനെ ചെയ്യുന്നത് എന്തോ വലിയ സംഭവമാണ് എന്ന പോലെ ആഘോഷിക്കപ്പെടുന്ന വിരോധാഭാസവും  നമ്മൾ കാണുന്നു) ഒരു പ്രത്യേക മതത്തിലെ ഭർത്താക്കന്മാർ അങ്ങനെ ചെയ്താൽ മാത്രം ക്രിമിനൽ കുറ്റമാവുകയും ചെയ്യുന്നത് ഒരിക്കലും ഒരു നിയമവ്യവസ്ഥയ്ക്കും ഭൂഷണമല്ല! അത് തികച്ചും മതപരമായ വിവേചനം തന്നെയാണ്. അങ്ങനെ ചെയ്യാൻ ശ്രമിക്കുന്ന സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നുന്നത്  സ്വാഭാവികം മാത്രം.
വ്യക്തി ബന്ധങ്ങളിൽ ക്രിമിനൽ നിയമത്തിന്റെ കടന്നുകയറ്റം ശരിയോ തെറ്റോ എന്നത് മറ്റൊരു വിഷയം ആയതിനാൽ ഇവിടെ ചർച്ച ചെയ്യുന്നില്ല. ഭാര്യമാരെ നിയമാനുസൃതമായ വിവാഹമോചനത്തിലൂടെ അല്ലാതെ ഉപേക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ അത് ജാതി മത ഭേദമെന്യേ എല്ലാ ഇന്ത്യാക്കാർക്കും ബാധകമാക്കി നിയമം കൊണ്ടുവരട്ടെ. അതല്ലേ ശരി?  

Friday, October 19, 2018

ഭരണത്തിൽ വേണ്ടത് തർക്കിച്ചു ജയിക്കലല്ല, നടപടികളാണ്.

രെഹ്ന ഫാത്തിമ എന്ന സ്ത്രീയുടെ  ഇടതുപക്ഷ ബന്ധം സൂചിപ്പിക്കുന്ന  ചിത്രം എന്തിന് പോസ്റ്റ് ചെയ്തു എന്ന ന്യായമായ സംശയം ചില സുഹൃത്തുക്കൾ ചോദിച്ചു. ചിലരെങ്കിലും കുറച്ചുകൂടെ മുന്നോട്ടുപോയി എന്നെ മറ്റൊരു സംഘി ആയി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ടാവാം. പക്ഷെ ചില കാര്യങ്ങൾ പറയാതിരിക്കുന്നത് ശരിയല്ല.

കേന്ദ്രത്തിലെ പ്രശ്നങ്ങൾ പറയുമ്പോൾ കമ്മി എന്ന് മുദ്ര കുത്താറുണ്ട് പലപ്പോഴും. കേരളത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ സംഘി എന്നും. തികച്ചും ഒരു സ്വകാര്യവ്യക്തി എന്ന നിലയിൽ ഞാൻ എന്ത് എന്നത് ആരെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഉണ്ടെന്നു തോന്നാത്തതിനാൽ ആ വിഷയം വിടുന്നു.

കേരളത്തിൽ ഇന്ന് ഭരിക്കുന്ന സർക്കാർ CPM ന്റേതാണ്. BJP യോ കൊൺഗ്രസ്സോ അല്ല ഇവിടെ ഭരിക്കുന്നത്. കേരളത്തിലെ ഭരണകാര്യങ്ങളിലും ക്രമസമാധാന വിഷയങ്ങളിലും BJP യോ കൊൺഗ്രസ്സോ തെറ്റുകാർ ആവുമ്പോൾ പോലും സർക്കാർ എന്ന നിലയിൽ CPM  ന്  ചില ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. അത് പരസ്പരം പഴി ചാരി മാത്രം നിറവേറ്റാവുന്ന ഒന്നല്ല.

ചില ഉദാഹരങ്ങൾ ചൂണ്ടിക്കാണിക്കട്ടെ. CPM  നേതാക്കൾ ചാനൽ ചർച്ചകളിൽ തുടർച്ചയായി സംഘപരിവാറിന്റെ ഗൂഢാചോലനയെക്കുറിച്ചു പറഞ്ഞുകേൾക്കുന്നതാണ് നാമെല്ലാം തന്നെ. രെഹ്ന ഫാത്തിമയുടെ ശബരിമല പ്രവേശന ശ്രമത്തിലും കേട്ടു ഈ ഗൂഢാചോലനാവാദം. BJP  നേതാവ് സുരേന്ദ്രനുമായി ഉള്ള ബന്ധത്തിന്റെ ചില തെളിവുകളൂം സിപിഎം പ്രവർത്തകർ തന്നെ വ്യാപകമായി പ്രചരിപ്പിക്കുന്നത് കണ്ടു. എന്നാൽ ഒരാൾ പോലും സുരേന്ദ്രന് എതിരെ ഒരു കേസ് ചുമത്തി അന്വേഷണം നടത്താത്തത് എന്ത് കൊണ്ടാണ് എന്ന് ആഭ്യന്തരമന്ത്രിയോടോ പാർട്ടിയോടോ  ചോദിക്കാത്തതെന്തേ?

സമൂഹത്തിൽ കലാപം നടത്താൻ ആരു തന്നെ ശ്രമിച്ചാലും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ബാദ്ധ്യത  സർക്കാരിന്റേതല്ലേ? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ സർക്കാരിന്റെയും ഭരണകക്ഷിയുടെയും ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നുന്നത് സ്വാഭാവികമല്ലേ? പ്രത്യേകിച്ചും ആരോപണ വിധേയയായ സ്ത്രീയുമായി അതേ കക്ഷിയിലെ നേതാക്കൾക്കും പ്രസിദ്ധീകരണങ്ങൾക്കും മറ്റുമുള്ള ബന്ധം കൂടി പൊതുമണ്ഡലത്തിലേക്കു വരുന്നത് കാണുമ്പോൾ? പകരം പാർട്ടി പത്രങ്ങളും സൈബർ സഖാക്കളും  പടച്ചുവിടുന്ന ഗൂഢാചോലനാ സിദ്ധാന്തങ്ങൾ എല്ലാവരും വെള്ളം കൂട്ടാതെ വിഴുങ്ങി കൊള്ളണം എന്ന് പറഞ്ഞാൽ ഒരു ജനാധിപത്യ സമൂഹത്തിൽ വിലപ്പോവുമോ?

മറ്റൊരു ഉദാഹരണമാണ് ദേവസ്വം മന്ത്രി പുറത്തുവിട്ട ഒരു ശബ്ദരേഖ. കലാപം നടത്താൻ ആഹ്വാനം ചെയ്യുന്നത് എന്ന് മന്ത്രി തന്നെ വിശേഷിപ്പിച്ച ആ ശബ്ദരേഖയുടെ ഉടമക്കെതിരെ അറസ്റ്റോ അന്വേഷണമോ  നടന്നോ?  എന്തേ മന്ത്രിയോടോ സർക്കാരിനോടോ  ആരും വിശദീകരണം ചോദിക്കാത്തത്? നമ്മുടെ സുരക്ഷയെ  ബാധിക്കുന്ന പ്രശ്നങ്ങൾ പോലും വെറും രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരം മാത്രമായി കണ്ടാൽ മതിയോ ഭരിക്കുന്ന സർക്കാർ? 

പ്രതിപക്ഷത്തിന് ആരോപണം ഉന്നയിക്കുക എന്നത്  ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. എന്നാൽ ഭരണപക്ഷം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ട് അതിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ആ കപടത തുറന്നു കാട്ടേണ്ടത് നമ്മുടെ സമൂഹത്തിന്റെ തന്നെ സുരക്ഷയ്ക്ക് ആവശ്യമാണ്.

ശബരിമല പോലെ വൈകാരികമായ ഒരു വിഷയത്തിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ ഏതു രാഷ്ട്രീയ പാർട്ടിയും ശ്രമിക്കും. അത് രാഷ്ട്രീയത്തിന്റെ സ്വഭാവമാണ്. എന്നാൽ ഭരിക്കുന്ന സർക്കാരിന് അതിൽ പരിമിതികൾ ഉണ്ട്. ഭരണമെന്ന ചുമതല നിറവേറ്റിക്കൊണ്ടു മാത്രമേ ഒരു സർക്കാരിന് രാഷ്ട്രീയ നേട്ടം ആഗ്രഹിക്കാൻ അർഹതയുള്ളൂ. 

Friday, October 12, 2018

ശബരിമലയും പാപ്പാത്തിച്ചോലയും - വികാരങ്ങളിലെ വിവേചനം?

ശബരിമലയിൽ എന്നല്ല എവിടെയും ലിംഗവ്യത്യാസത്തിന്റെയോ ആർത്തവത്തിന്റെയോ പേരിൽ സ്ത്രീകളെ തടയരുത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ, പാപ്പാത്തിച്ചോലയിൽ കയ്യേറ്റക്കാർ സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത ഉദ്യോഗസ്ഥരെ പൊതുവേദിയിൽ വെച്ച്, വിശ്വാസികളെ വേദനിപ്പിച്ചു എന്ന പേരിൽ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരു സർക്കാർ ശബരിമലയിലെ വിശ്വാസികളുടെ വികാരത്തെ (അതിന്റെ ശരിതെറ്റുകൾക്കപ്പുറം) തങ്ങളുടെ വിടുവായത്തത്തിലൂടെ കൂടുതൽ വ്രണപ്പെടുത്തുന്നത് കാണുമ്പോൾ അതിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം സ്വാഭാവികം മാത്രമാണ്!
കൂടാതെ, എത്രയോ കോടതിവിധികൾ വച്ചു താമസിപ്പിച്ചു ശീലമുള്ള ഒരു സർക്കാർ ഈ ഒരു വിധിയിൽ കാണിച്ച അമിത ശുഷ്കാന്തിയും എരിതീയിൽ എണ്ണ ഒഴിക്കുക എന്ന നടപടി ആയിരുന്നു.
ഇത്തരം ഇരട്ടത്താപ്പുകളാണ് പലപ്പോഴും ബിജെപിയെ പോലുള്ള ശക്തികൾക്ക് വേരോടാൻ അവസരം ഒരുക്കിക്കൊടുക്കുന്നത്.
വിവേകപൂർവ്വവും മിതത്വം പാലിക്കുന്നതുമായ വാക്കുകളാണ് ഭരണാധികാരികളിൽ നിന്നും സമൂഹനന്മയ്കും ശാന്തിക്കും ആയി ഉണ്ടാവേണ്ടത്.
വിശദീകരണയോഗങ്ങൾ നടത്തുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കുമെന്ന് കരുതട്ടെ!


P.S: ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം ഇടതുമുന്നണിക്ക് ഇത്രയും പ്രിയപ്പെട്ട വിഷയമായിരുന്നു എങ്കിൽ എന്തുകൊണ്ട് കോടതിവിധി വരെ കാത്തിരുന്നു എന്നും എന്തുകൊണ്ട് തങ്ങളുടെ നിയമനിർമ്മാണ അധികാരം ഉപയോഗിച്ച് നിയമത്തിൽ വേണ്ട ഭേദഗതി വരുത്തിയില്ല എന്നും ഞാൻ ചോദിക്കുന്നില്ല!