Monday, March 2, 2020

വീടുകൾക്ക് സാമ്പത്തിക സഹായം: UDF -LDF അവകാശവാദങ്ങൾ

കഴിഞ്ഞ സർക്കാർ കേരളത്തിൽ 4,14,552  വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു എന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ പറഞ്ഞിട്ടും പലർക്കും വിശ്വസിക്കാൻ പറ്റുന്നില്ല. ചിലരെങ്കിലും വിശ്വസിക്കാത്ത പോലെ നടിക്കുന്നു- കാരണം അത് സമ്മതിച്ചാൽ ഇപ്പോഴത്തെ സർക്കാർ ആഘോഷപൂർവ്വം കൊണ്ടാടുന്ന രണ്ടു ലക്ഷം വീടുകൾ എന്ന പ്രചാരണത്തിന്റെ മുനയൊടിയും എന്നത് തന്നെ.

ഈ വസ്തുത രേഖാമൂലം തെളിയിക്കാനുള്ള ശ്രമത്തിൽ കണ്ടെത്തിയ വസ്തുതകൾ ഇവയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലം വരെ കേരളത്തിലെ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പാർപ്പിട പദ്ധതികൾ വിവിധ വകുപ്പുകളുടെ കീഴിൽ വിവിധ പദ്ധതികളായി നടന്നു വരികയായിരുന്നു. അതുകൊണ്ടു തന്നെ മൊത്തം സംഖ്യ എത്ര എന്നത് എളുപ്പത്തിൽ കണ്ടെത്താൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടായിരുന്നു. ഈ സർക്കാരാണ് എല്ലാ പദ്ധതികളും LIFE എന്ന  ഒരൊറ്റ കുടക്കീഴിൽ കൊണ്ട് വന്നത്.

ഈ വിഷയത്തിൽ എനിക്ക് ലഭ്യമായ നിയമസഭാ മറുപടികൾ അടക്കമുള്ള രേഖകളിൽ ഏറ്റവും അധികാരികമായത് 2016 വർഷത്തെ ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക സർവ്വേ ആണ്. ഈ സർവേയിൽ പശ്ചാത്തല സൗകര്യം എന്ന അദ്ധ്യായത്തിൽ ഭവനനിർമ്മാണം എന്ന തലക്കെട്ടിൽ വളരെ വിശദമായി തന്നെ ഈ കാര്യങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. ഈ സർവ്വേ റിപ്പോർട്ടിലാണ് "2016-ല്‍ അധികാരത്തില്‍ വന്ന കേരളത്തിലെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശാവഹമായ ഒരു ഭവന നിര്‍മ്മാണ/ജീവനോപാധി ലഭ്യമാക്കുന്ന പദ്ധതിയാണ് ‘ലൈഫ്’(ജീവനോപാധി ഉള്‍പ്പെട്ടതും സാമ്പത്തിക ശാക്തീകരണമുള്ളതും) എന്ന് ലൈഫ് പദ്ധതിയെ പരിചയപ്പെടുത്തുന്നതും "സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ദൗത്യങ്ങളില്‍ ഒന്നാണ് 'ലൈഫ് പദ്ധതി'" എന്ന് പ്രഖ്യാപിക്കുന്നതും.

തുടർന്ന്, സർവ്വേ റിപ്പോർട്ട് നിലവിലുള്ള സഹചര്യത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഭവന നിര്‍മ്മാണ മേഖലയിലെ ഏജന്‍സികള്‍ എന്ന ഉപ-തലക്കെട്ടിനു കീഴിൽ പറയുന്ന ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ:

"സംസ്ഥാനത്ത് ധാരാളം ഏജന്‍സികള്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. കുടുംബശ്രീ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ഭവന ഫെഡറേഷന്‍, കേരള സംസ്ഥാന പട്ടികജാതി/പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. സര്‍ക്കാരിതര ഏജന്‍‍സികളായ കോസ്റ്റ്ഫോര്‍ഡ്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്, കേരള പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പോലുള്ള കേര്‍പ്പറേഷനുകള്‍,സഹകരണ സംഘങ്ങള്‍ മുതലായവയും ഭവന നിര്‍മ്മാണ മേഖലയെ സഹായിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാരിതര സംഘടനകളും ഈ മേഖലയില്‍ കാര്യമായി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തൊഴില്‍, മത്സ്യത്തൊഴിലാളി, സൈനികക്ഷേമം, നഗര കാര്യം, ന്യൂനപക്ഷക്ഷേമം തുടങ്ങിയ വകുപ്പുകളും സാമ്പത്തിക ദുര്‍ബ്ബല വിഭാഗക്കാര്‍ക്കും പാവപ്പെട്ട തൊഴിലാളികള്‍ക്കും താങ്ങാനാകുന്ന തരത്തിലുള്ള വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഈ ഏജന്‍സികള്‍/വകുപ്പുകള്‍ 2011-12 മുതല്‍ 2016-17 വരെയും 4,76,490 വീടുകളുടെ നിര്‍മ്മാണത്തിന് സഹായം നല്‍കിയിട്ടുണ്ട്. ഈ വീടുകളില്‍ 90 ശതമാനവും ഭൂമി കൈവശമുള്ളവര്‍ക്കു വേണ്ടിയായിരുന്നുവെന്ന് 2015-16 വരെയുള്ള വിവരങ്ങള്‍ കാണിക്കുന്നു. ഈ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ആദ്യം ഭൂരഹിതരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാണ് ലൈഫ് ശ്രമിക്കുന്നത്. കേരളത്തിലെ വിവിധ ഭവന നിര്‍മ്മാണ ഏജന്‍സികള്‍ നടപ്പിലാക്കിയ പ്രധാനപ്പെട്ട ഭവന പദ്ധതികളിലെ നേട്ടങ്ങള്‍ അനുബന്ധം 5.59-ല്‍ കൊടുത്തിരിക്കുന്നു."

അതായത്, ഈ സർക്കാർ തന്നെ തങ്ങളുടെ എക്കണോമിക് സർവേയിൽ സമ്മതിച്ചിട്ടുള്ള കാര്യമാണ് കഴിഞ്ഞ സർക്കാരിന്റെ സമയത്ത് 2011-12 മുതല്‍ 2016-17 വരെ മൊത്തം 4,76,490 വീടുകളുടെ നിര്‍മ്മാണത്തിന് സഹായം നല്‍കിയിട്ടുണ്ട് എന്നത്. ഇനി വകുപ്പ് തിരിച്ചു കണക്കു വേണ്ടവർക്ക് അതും റിപ്പോർട്ടിൽ തന്നെ കൊടുത്തിട്ടുണ്ട് (റിപ്പോട്ടിന്റെ അനുബന്ധം 5.59 നോക്കുക).

മറ്റൊരു കാര്യം കൂടി. ഈ രംഗത്ത് പുതിയ സർക്കാരിന്റെ ലക്ഷ്യങ്ങളും റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞു വച്ചിരുന്നു:

 "ഒരു സമഗ്ര ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂരഹിത- ഭവന രഹിതര്‍ക്കായി ഒരു സമ്പൂര്‍ണ്ണ പുനരധിവാസ പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഏകദേശം 4.32 ലക്ഷം കുടുംബങ്ങള്‍ നേരിട്ട് ഇതിന്റെ ഗുണഭോക്താക്കളാകും എന്നു പ്രതീക്ഷിക്കുന്നു."

അതായത് രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി എന്നത് മുഖവിലക്കെടുത്താൽ പോലും ഇനിയും 2.32 ലക്ഷം വീടുകൾ കൂടി അടുത്ത ഒരു വർഷത്തിൽ പൂർത്തിയാക്കിയാൽ മാത്രമേ ഈ സർക്കാരിന്റെ 4.32 ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകുക എന്ന ലക്‌ഷ്യം പൂർത്തിയാക്കാൻ പറ്റുകയുള്ളൂ.


Economic Survey 2016 വായിക്കാൻ താൽപ്പര്യമുള്ളവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു:
http://spb.kerala.gov.in/EconomicReview2016/web/malayalam/chapter05_18.php?fbclid=IwAR3U0hpUt_gFmSRxtdayqoUaoDZnqL16Mv-OEoXZUiqXHzjboqwxnuaNtkA


വാൽക്കഷ്ണം: രാഷ്ട്രീയത്തിൽ എന്തെങ്കിലും ചെയ്യുന്നതിനേക്കാൾ പ്രധാനമാണ് അത് വിളിച്ചു പറയുക എന്നത്. ഉമ്മൻചാണ്ടി സർക്കാർ ചെയ്ത പല നല്ല കാര്യങ്ങളും, ഈ വീടുകൾ ഉൾപ്പെടെ, ജനങ്ങളെ അറിയിക്കാൻ UDF പരാജയപ്പെട്ടു എന്നത് തന്നെയാണ്  ഇതിൽ നിന്നെല്ലാം മനസ്സിലാവുന്നത്.




കേരളത്തിലെ വിവിധ ഭവന നിര്‍മ്മാണ ഏജന്‍സികളുടെ പ്രധാന പദ്ധതികളിലെ നേട്ടങ്ങള്‍  
ക്രമ നം .
പദ്ധതിയുടെ പേര്
നോഡല്‍ ഏജന്‍സി
നടപ്പിലാക്കുന്ന ഏജന്‍സി
2010-11 മുതൽ 2016-17 സെപ്റ്റംബർ വരെ നിർമ്മിച്ച വീടുകളുടെ എണ്ണം
201 6 -1 7 സെപ്റ്റംബര്‍  30 വരെ
ആകെ
വകുപ്പ് ആകെ
2011-12
2012-13
2013-14
2014-15
2015-16

കേരള സര്‍ക്കാര്‍ പദ്ധതികള്‍

ഭവന വകുപ്പ്











1
സുരക്ഷ ഭവന പദ്ധതി
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
414
114
112
29
19
0
688

2
ലക്ഷം വീട് നവീകരണ പദ്ധതി
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
0
0
190
582
0
0
772

3
ലക്ഷം വീട് പുനരുദ്ധാരണ പദ്ധതി
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
1460
498
142
61
38
7
2206

4
നവീന ഭവന പദ്ധതി (ഫ്ലാറ്റുകള്‍)
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
0
24
24
88
24
0
160

5
ഗൃഹശ്രീ ഭവന പദ്ധതി
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
0
0
0
372
709
0
1081

6
സാഫല്യം  ഭവന പദ്ധതി (ഫ്ലാറ്റുകള്‍)
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
0
0
0
0
48
24
72

7
കോഴിക്കോട് ശാന്തി നഗർ - (ബംഗ്ലാദേശ് കോളനി) – ലെ  പുനരധിവാസ ഭവന പദ്ധതി       
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
0
146
72
0
0
0
218

ആകെ
5197

II. തദ്ദേശ സ്വയ‌ം ഭരണ വകുപ്പ്

II. I. കുടുംബശ്രീ










8
.എച്ച്.എസ്.ഡി.പി (സംയോജിത ഭവന നിർമ്മാണ ചേരി വികസന പദ്ധതി)
കുടുംബശ്രീ
യു.എൽ.ബി.
1100
1139
1433
1266
313
350
5601
പുതുതായി നിർമ്മിച്ച വീടുകളുടെ എണ്ണത്തിൽ  നവീകരിച്ച വീടുകൾ ഉൾപ്പെടുത്തിയിട്ടില്ല .
9
ബി.എസ്.യു.പി (നഗര ദരിദ്രർക്ക് വേണ്ടിയുള്ള അടിസ്ഥാന സേവനങ്ങൾ)
കുടുംബശ്രീ
യു.എൽ.ബി.
2100
2112
2156
199
1375
135
8077
10
രാജീവ് ആവാസ് യോജന (ആർ..വൈ)
കുടുംബശ്രീ
യു.എൽ.ബി.
0
0
0
83
7
8
98

II. ii. ഗ്രാമ വികസന കമ്മീഷണറേറ്റ്
11
ഇന്ദിരാ ആവാസ്  യോജന (..വൈ)
സി.ആർ.ഡി.
ബ്ലോക്ക് പഞ്ചായത്ത്
54513
43607
55996
50545
49551
18957
273169


II. iii. നഗര കാര്യ ഡയറക്ടറേറ്റ്
12
ആശ്രയ


25
9
239
82
35
2
392

13
പദ്ധതിവിഹിതം


570
399
1704
3778
1574
16
8041

14
വാംബേ


44
36
24
0
0
3
107

15
.എം.എസ്


959
1521
1522
441
272
27
4742

16
മൈത്രി


12
17
1
0
0
0
30

17
ഷിഹാബ് തങ്ങള്‍ ഭവന പദ്ധതി


0
0
0
922
50
0
972

18
സുവര്‍ണ്ണ ജൂബിലി


0
0
0
18
10
4
32

19
ഭവനശ്രീ


0
0
0
0
46
21
67

20
പന്ത്രണ്ടാം പദ്ധതി


0
0
0
0
101
0
101

21
ഇന്ദിരാ ആവാസ് യോജന


0
0
0
0
67
0
67

22
ജവഹര്‍ ഹൗസിംഗ് പദ്ധതി


0
0
0
0
85
0
85


II. iv.  പഞ്ചായത്ത് ഡയറക്ടറേറ്റ്
23
.എം.എസ്
പഞ്ചായത്ത് ഡയറക്ടറേറ്റ്

34938
23497
22274
25006
18772
വിവരങ്ങൾ ലഭ്യമല്ല
124487

ആകെ










III. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് (എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്)
24
ജനറല്‍ ഹൗസിംഗ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
915
533
659
391
0

2498

25
കോര്‍പ്പസ് ഫണ്ട്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
18
0
5



23

26
പൂൾഡ് ഫണ്ട്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
0





0

27
ആദിയ പനിയ പ്രോജക്ട്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
14
21




35

28
സി.സി.ഡി. – പി.റ്റി.ജി.
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
0





0

29
അവിവാഹിത അമ്മ
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
38





38

30
എഫ്.ആർ.സി.
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്


8



8

31
സ്പെഷ്യല്‍ ഓര്‍ഡര്‍
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്



1


1

32
ഹഡ്കോ
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്




62

62

33
അഡീഷണൽ ട്രൈബൽ ഉപപദ്ധതി
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്




30

30


ആകെ
2695

IV. കേരള തൊഴില്‍ വകുപ്പ്
34
ബീഡിത്തൊഴിലാളികള്‍ക്കുളള  പുതുക്കിയ സംയോജിത ഭവന നിര്‍മ്മാണ പദ്ധതി
തൊഴിലാളി ക്ഷേമ സംഘടന
തൊഴിലാളി ക്ഷേമ സംഘടന
318
36
25
12
0
0
391

V.
മത്സ്യ ബന്ധന വകുപ്പ്
35
എൻ.എഫ്.ഡബ്ല്യു.എഫ്  (50%  സംസ്ഥാന വിഹിതം)
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
783
765
800
0

2348

36
പതിമ്മൂന്നാമത് സാമ്പത്തിക കമ്മീഷന്‍ സഹായത്തോടെയുള്ള ഭവന പദ്ധതി– മറ്റ് മത്സ്യബന്ധന ഗ്രാമങ്ങളിൽ ഒരു യൂണിറ്റിന് 2 ലക്ഷം  വീതം
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
0
2787
0
0
0
2787

37
പദ്ധതി പതിമ്മൂന്നാമത് സാമ്പത്തിക കമ്മീഷന്‍ സഹായത്തോടെയുള്ള ഭവന പദ്ധതി – മാതൃകാ മത്സ്യബന്ധന ഗ്രാമ‌ം ഒരു യൂണിറ്റിന് 2.5 ലക്ഷം വീതം
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
1878

0
0
0
1878
2009 മുതൽ 2016 വരെ ആകെ നിർമ്മിച്ച വീടുകൾ
38
ബി..എഫ്.  &  എച്ച്.ഡി.എഫ്-നു കീഴിൽ മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള ഭവനപദ്ധതി
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
0
0
0
3660
വിവരങ്ങൾ ലഭ്യമല്ല .
3660

39
മത്സ്യബന്ധന ഗ്രാമങ്ങളുടെ  സമഗ്ര  വികസനം  (.ഡി.എഫ്.വി.)
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
0
0
1612
0

1612

40
13-) 0 സാമ്പത്തിക കമ്മീഷന്റെ സഹായത്തോടെയുള്ള ഭവനപദ്ധതി  – ഫിഷർമാൻകോളനി  നവീകരണം - പുതിയ വീടിന് യൂണിറ്റൊന്നിന് 2 ലക്ഷം രൂപ വീതം
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
0
0
485
0

485

41
ഭവന പദ്ധതി 2015-16
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്




28

28

42
ഭൂരഹിത മത്സ്യതൊഴിലാളികള്‍ക്കുള്ള സുരക്ഷിത വാസ സൗകര്യങ്ങള്‍
മത്സ്യ ബന്ധന വകുപ്പ്
കെ .എസ്. സി..ഡി.സി




8 വ്യക്തിഗത ഫ്ലാറ്റ് യൂണിറ്റുകള്‍

8

ആകെമത്സ്യ ബന്ധന വകുപ്പ്







12798

VI.  പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
ഭവന രഹിതര്‍ക്കുള്ള പദ്ധതി
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
 പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
3500
5000
6397
4500
5197
വിവരങ്ങൾ ലഭ്യമല്ല .
24594

താഴേക്കിടയിലുള്ള സാമൂഹ്യ വികസന പദ്ധതി
  പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
  പട്ടികവര്‍ഗ്ഗ വികസന വകുപ്പ്.
131
96
261
140
102
വിവരങ്ങൾ ലഭ്യമല്ല .
730

ആകെ - പട്ടികവര്‍ഗ്ഗ വികസന വകുപ്പ്








25324

VII. സൈനിക ക്ഷേമ ഡയറക്ടറേറ്റ്










 ഭവന നിര്‍മ്മാണ ഗ്രാന്റ്
സൈനിക ക്ഷേമ ഡയറക്ടറേറ്റ്
സൈനിക ക്ഷേമ ഡയറക്ടറേറ്റ്
3
1
10
3
4
1
22

VIII. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്
ന്യൂനപക്ഷ സമുദായങ്ങളിലെ വിവാഹ മോചിത / നിരാലംബരായ സ്ത്രീകൾക്ക് വേണ്ടിയുള്ള ഭവന പദ്ധതി
ഡയറക്ടര്‍ , ന്യൂനപക്ഷ
ക്ഷേമ ഡയറക്ടറേറ്റ്
ജില്ലാ കളക്ടര്‍
0
0
950
749
798
നടപ്പിലാക്കി വരുന്നു
2497

പട്ടികവർഗ്ഗം, മറ്റുനിർദ്ദേശക സമുദായങ്ങളിൽ നിന്നും പരിവർത്തിത ക്രസ്തവർക്കു വേണ്ടിയുള്ള കേരള സംസ്ഥാന വികസന കോർപ്പറേഷൻ
ഭവന നിര്‍മ്മാണ പദ്ധതി


360
420
295
68
250
96
1489

ഭൂരഹിത, ഭവനരഹിതർക്കുള്ള പദ്ധതി


1
0
4
0
2
2
9

ആകെ
1498

വിവിധ വകുപ്പുകൾ വഴി നിർമ്മിച്ച ആകെ വീടുകളുടെ എണ്ണം  
476490

അവലംബം: ഹൗസിംഗ് കമ്മീഷണറേറ്റ്, തിരുവനന്തപുരം


Monday, January 27, 2020

പൗരത്വ നിയമ പ്രതിഷേധവും ഫേക്ക് ന്യൂസ് ഫാക്ടറികളും- എന്തുകൊണ്ടു നാം ജാഗരൂകരായിരിക്കണം!

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ ബിജെപിയുടെ കണക്കുകൂട്ടൽ അത് മറ്റൊരു ഹിന്ദു-മുസ്ലിം വിഭജനത്തിനും അതിലൂടെ ഭൂരിപക്ഷ വർഗീയതക്കും കാരണമാവും എന്നായിരുന്നു. അത് എത്രമാത്രം വിജയിച്ചു എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

എന്നാൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ പിഴച്ചത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തന്നെ നിരാകരിക്കുന്ന ഈ ഭേദഗതിക്കെതിരെ ഉയർന്നു വന്ന മതേതരസ്വഭാവമുള്ള പ്രക്ഷോഭങ്ങൾ ആയിരുന്നു. ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചവരിൽ മുസ്ലിങ്ങളുടെ പങ്ക്, അതിന്റെ ദോഷഫലങ്ങൾ നേരിട്ട് അനുഭവിക്കാൻ ഇടയുള്ളവർ എന്ന നിലയിൽ സ്വാഭാവികമായും കൂടുതലായിരുന്നു. എന്നാൽ ഒരിക്കൽ പോലും അത് ഒരു മുസ്ലിം പ്രക്ഷോഭം ആയി ചുരുങ്ങിയില്ല.

കുറച്ചു വർഷങ്ങളായി ഒരു തെറി പോലെയായിരുന്ന മതേതരത്വം എന്ന വാക്ക് പെട്ടെന്ന് തന്നെ ജനങ്ങൾക്കിടയിൽ സ്വീകാര്യമാവുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഭരണഘടനയും ത്രിവർണ പതാകയും ഏന്തിയുള്ള സമരമുഖങ്ങൾ ബിജെപിയുടെ പ്രതീക്ഷകൾ ഒരു പരിധി വരെയെങ്കിലും തല്ലിക്കെടുത്തി എന്നതിൽ സംശയമില്ല.

എന്നാൽ അത്ര വേഗം തോൽവി സമ്മതിക്കുന്നവരല്ല സംഘപരിവാർ ശക്തികൾ. ഫേക്ക് ന്യൂസ് ഫാക്ടറി എന്ന് തന്നെ വിളിക്കാവുന്ന ഒരു വലിയ സംവിധാനം തന്നെയുണ്ട് ബിജെപിക്ക്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന്റെ ഭീകരത മനസ്സിലാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി പിൻതുടരുന്ന ട്വിറ്റെർ അക്കൗണ്ടുകളിൽ നിന്നും പുറപ്പെടുന്ന ഫേക്ക് ന്യൂസുകളും തെറി വിളികളും മാത്രം നോക്കിയാൽ മതി. ഈ വിഷയത്തെ കുറിച്ചു ആധികാരികമായ പുസ്തകങ്ങൾ പോലും ഇറങ്ങിയിട്ടുള്ളതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല.

കയ്യിൽ ചുറ്റികയുള്ള ഒരാൾക്ക്  ലോകത്തിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ആണി അടിക്കലാണെന്നു തോന്നും എന്നൊരു ചൊല്ലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നേരിടുന്ന ബിജെപിയുടെയും സ്ഥിതി മറിച്ചല്ല. ഫേക്ക് ന്യൂസ് എന്ന ചുറ്റികയുമായാണ് അവർ CAA-NRC സമരങ്ങളെ നേരിടാൻ ശ്രമിക്കുന്നത്. എങ്ങിനെയും ഹിന്ദുക്കളെ ഈ സമരമുഖത്തു നിന്നും അകറ്റുക എന്ന ലക്ഷ്യത്തോടെ, നിരന്തരം പടച്ചുവിടുന്ന അങ്ങേയറ്റം വിഭാഗീയവും വർഗീയവുമായ Social media/ WhatsApp ഫോർവേഡുകളിലൂടെ നിഷ്കളങ്കരായ വീട്ടമ്മമാരുടെ മനസ്സിൽപ്പോലും വിഷം കുത്തി നിറയ്ക്കുകയാണ് സംഘപരിവാര ശക്തികൾ ചെയ്യുന്നത്. രണ്ട്‌ ഉദാഹരങ്ങളിലൂടെ ഇത് വ്യക്തമാക്കാം.

ഇപ്പോഴത്തെ CAA വിരുദ്ധ സമരങ്ങളെ വ്യത്യസ്തമാക്കുന്നത് അവയിലെ അഭൂതപൂർവ്വമായ  സ്ത്രീ പങ്കാളിത്തമാണ്.  അത്തരം സമരങ്ങളെ ഇകഴ്ത്തിക്കെട്ടാനായി സംഘ പരിവാർ ശക്തികൾ ഉപയോഗിക്കുന്ന ഒരു വാർത്തയാണ് സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ 500 രൂപക്കും ഒരു ബിരിയാണിക്കും വേണ്ടിയാണ് അത് ചെയ്യുന്നത് എന്നത്. സംഘ പരിവാറിന്റെ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഹാൻഡിലുകൾ എല്ലാം തന്നെ ഷെയർ ചെയ്ത ഒരു വീഡിയോ ക്ലിപ്പും നാം കണ്ടു- ആ ക്ലിപ്പിൽ സമരത്തിൽ പങ്കെടുത്ത ഒരു സ്ത്രീ പറയുന്നതായി കാണുന്നത് ഇങ്ങനെയാണ്:

"സ്ത്രീകളെ ഇവിടെ വിളിച്ചു വരുത്തുന്നത് 500 രൂപയും തിന്നാൻ ബിരിയാണിയും കൊടുത്താണ്. നിങ്ങൾ തന്നെ പറയൂ, 500 രൂപകൊണ്ട് എന്താവും ഇന്നത്തെ കാലത്ത്? സ്ത്രീകൾ ഇവിടെ വരുന്നത് സ്വന്തം വീടും, കുട്ടികളും ഭർത്താവും, മാതാപിതാക്കളും, സ്വന്തം പഠനം പോലും വിട്ടിട്ടാണ്"

ഇത് കാണുന്ന/ കേൾക്കുന്ന ആരും തന്നെ വിശ്വസിച്ചു പോകും ഈ സമരങ്ങൾ എല്ലാം ആരൊക്കെയോ പണമിറക്കി സംഘടിപ്പിക്കുന്നതാണ് എന്ന്. കൂടാതെ സ്ത്രീകൾ കിട്ടുന്ന 500 രൂപയിൽ തൃപ്‌തരല്ല എന്നും തോന്നും. എന്നാൽ ഈ കാണിക്കുന്ന വീഡിയോ ക്ലിപ്പിംഗ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനായി മനപ്പൂർവ്വം എഡിറ്റ് ചെയ്തതാണ്. സത്യത്തിൽ എന്താണ് ആ സ്ത്രീ പറയുന്നത്?

സമരത്തിൽ പങ്കെടുക്കുന്ന ആ സ്ത്രീയോട് Lucknow Live എന്ന ചാനലിന്റെ റിപ്പോർട്ടർ ചോദിക്കുകയാണ്: "ഇന്നലെ വസീം റിസ്‌വി ലക്നൗ ക്ലോക്ക് ടവറിൽ സമരം ചെയ്യുന്ന സ്ത്രീകളെ കുറിച്ചു വളരെ മോശമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനെക്കുറിച്ചു നിങ്ങളുടെ അഭിപ്രായം എന്താണ്?" (യോഗി സർക്കാരിന്റെ കീഴിൽ ഉത്തർപ്രദേശിലെ ഷിയാ സെൻട്രൽ ബോർഡ് ഓഫ് വഖഫ് ചെയർമാനാണ് ഈ റിസ്‌വി).

അതിനു മറുപടിയായി ആ സ്ത്രീ പറയുന്നു: "അദ്ദേഹം സ്‌ത്രീകളെക്കുറിച്ചു പറഞ്ഞത് ഇതെല്ലാമാണ്. സ്ത്രീകളെ ഇവിടെ വിളിച്ചു വരുത്തുന്നത് 500 രൂപയും തിന്നാൻ ബിരിയാണിയും കൊടുത്താണ്. നിങ്ങൾ തന്നെ പറയൂ, 500 രൂപകൊണ്ട് എന്താവും ഇന്നത്തെ കാലത്ത്? സ്ത്രീകൾ ഇവിടെ വരുന്നത് സ്വന്തം വീടും, കുട്ടികളും ഭർത്താവും, മാതാപിതാക്കളും, സ്വന്തം പഠനം പോലും വിട്ടിട്ടാണ്"

സർക്കാരിന്റെ ഒരു ചട്ടുകം സ്ത്രീകളെ അപമാനിക്കാനായി ഒരു ആരോപണം ഉന്നയിക്കുകയും സമരത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീ അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നതിനെ എങ്ങിനെ ദുരുപയോഗം ചെയ്തു എന്ന് വ്യക്തമാണല്ലോ?

രണ്ടാമത്തെ ഉദാഹരണം അറഫാ ഖാനൂം ഷെർവാണി എന്ന പത്രപ്രവർത്തക അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ സമരക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്തു പറഞ്ഞതിന് തികച്ചും വിരുദ്ധമായ അർത്ഥത്തോടെ ഷെയര് ചെയ്തതാണ്. ദേശീയ വക്താക്കൾ മുതൽ ബോളിവുഡ് സെലിബ്രിറ്റീസ് വരെയും കൂടാതെ ബിജെപിയുടെ മുഴുവൻ ട്രോളുകളും വിഷം നിറഞ്ഞ കമ്മന്റുകളോടെ പ്രചരിപ്പിച്ച ആ ക്ലിപ്പിങ്ങിന്റെ സത്യാവസ്ഥ ഇതാണ്.

സമരത്തിന്റെ തുടക്കത്തിൽ മുസ്ലിങ്ങളെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ മുസ്ലിംകൾ തങ്ങളുടെ മതപരമായ അസ്തിത്വം ഉയർത്തുപിടിച്ചു കൊണ്ട് തന്നെ സമര രംഗത്തിറങ്ങണം എന്ന ഒരു വാദം പ്രബലമായിരുന്നു. മുസ്ലിങ്ങളുടെ ഇടയിലെ തീവ്ര സ്വഭാവമുള്ള സംഘടനകളും അത്തരമൊരു നീക്കത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. അത്തരമൊരു നീക്കത്തിന്റെ അപകടത്തെക്കുറിച്ചു ശശി തരൂറിനെപ്പോലുള്ള നേതാക്കൾ പ്രസ്താവനകൾ ഇറക്കിയതും ധാരാളം പഴി കേട്ടതും നമുക്കെല്ലാം അറിയാം. സമരരംഗത്തുള്ളവരിൽ തന്നെ നല്ലൊരു വിഭാഗത്തിന് ആ കാര്യം മനസ്സിലാവുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിൽ സമരം ചെയ്യേണ്ടത് ഇന്ത്യക്കാർ പൊതുവിൽ തന്നെയാണെന്നും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം അത് ഏറ്റെടുക്കുമ്പോൾ ആ സമരത്തിന്റെ വിശാല അടിത്തറക്കു കോട്ടം വന്നേക്കാമെന്നും പൊതുവിൽ അംഗീകരിക്കപ്പെട്ടു. അങ്ങനെയല്ലാതെ മതപരമായ ചിഹ്നങ്ങളിലും മുദ്രാവാക്യങ്ങളിലും ചുരുക്കിയിരുന്നുവെങ്കിൽ ഈ സമരം ബിജെപി ആഗ്രഹിച്ച ദിശയിലേക്കു മാറുമായിരുന്നു.

മേൽപ്പറഞ്ഞ പശ്ചാത്തലത്തിൽ, സമരത്തിന്റെ മതേതര സ്വഭാവം ഉറപ്പിക്കേണ്ട ആവശ്യത്തെക്കുറിച്ചു ചെയ്ത ഒരു പ്രസംഗം ആയിരുന്നു അറഫാ ഖാനൂം അലിഗഢിൽ ചെയ്തത്. ക്ലിപ്പ് ചെയ്തു പ്രചരിപ്പിച്ച ഭാഗം ഉൾക്കൊള്ളുന്ന വാക്കുകൾ ഇതായിരുന്നു:
"20 കോടി വരുന്ന മുസ്ലിങ്ങൾ മാത്രം മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധിച്ചാൽ ബാക്കി 100 കോടി ജനങ്ങൾ അതിനൊപ്പം ചേരുമോ?...എനിക്ക് പറയാനുള്ളത് എന്തെന്നാൽ, ഈ പ്രതിഷേധങ്ങൾ എല്ലാവരെയും ചേർത്ത് (inclusive) നിർത്തുന്നതായിരിക്കണം...നിങ്ങൾ ഒരു മുസ്ലിമാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഒപ്പം നിങ്ങളാണ് ആക്രമിക്കപ്പെടുന്നത് എന്ന് സമ്മതിക്കാനും എനിക്ക് മടിയില്ല.  പക്ഷെ നിങ്ങൾ ഒന്ന് മനസ്സിലാക്കണം- ഈ സമരം ഇന്ത്യയുടെ മതേതരത്വത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ളതാണ്."

ഇതിനു ശേഷമാണ് അടർത്തിയെടുത്ത ഭാഗം വരുന്നത്. അതിങ്ങനെ ആയിരുന്നു: "ചുരുങ്ങിയത് ഇവിടെ കൂടിയിരിക്കുന്നവരിലെങ്കിലും ഒരു പൊതു അഭിപ്രായം രൂപപ്പെടണം- നമ്മുടെ സമൂഹം നമ്മുടെ മത സ്വത്വവും, മത വിശ്വാസങ്ങളും മുദ്രാവാക്യങ്ങളും സ്വീകാര്യമായ ഒരു ഉത്തമ (ideal) സമൂഹം ആവുന്നവരെ നാം ഈ സമരത്തെ എല്ലാവര്ക്കും ഉൾക്കൊള്ളാവുന്ന ഒരു inclusive സമരമായി മുന്നോട്ട് കൊണ്ടുപോകണം. ഈ സമരം നമ്മെ നയിക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സമൂഹത്തിലേക്ക് കൂടിയാണ്. അതുകൊണ്ട്, നാം ചെയ്യുന്നത് നമ്മുടെ വിശ്വാസങ്ങളെയും ഐഡിയോളോജിയെയും തള്ളിപ്പറയുകയല്ല, ഞാൻ ഒന്ന് കൂടി ഉറപ്പിച്ചു പറയട്ടെ, നമ്മുടെ ഐഡിയോളോജിയെ അല്ല, മറിച്ചു നമ്മുടെ സമരതന്ത്രങ്ങളെ ആണ് നാം മാറ്റുന്നത്"

മേൽപ്പറഞ്ഞ വാക്കുകൾ ചെയ്യുന്നത് ഓരോ വ്യക്തിക്കും അവരുടെ വിശ്വാസ പ്രമാണങ്ങളും മുദ്രാവാക്യങ്ങളും ഉപയോഗിച്ച് കൊണ്ട് തന്നെ പ്രതിഷേധിക്കാനുള്ള നമ്മുടെ ഭരണഘടന നല്കുന്ന അവകാശത്തെ അംഗീകരിക്കുകയും അതെ സമയം, അത്തരമൊരു വിശാല മനസ്സ് ഇന്ന് വിഘടിച്ചു നിൽക്കുന്ന നമ്മുടെ സമൂഹത്തിൽ ഇല്ലാത്തതിനാൽ എല്ലാവര്ക്കും ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ മതേതര സ്വഭാവത്തോടെ സമരം ചെയ്യേണ്ട ആവശ്യകത ബോധ്യപ്പെടുത്തുകയും ആണെന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാവും. എന്നാൽ നേരത്തെ പറഞ്ഞ സംഘ പരിവാർ ശക്തികൾ ചെയ്തത് ഈ വാക്കുകളെ വളച്ചൊടിച്ചും സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയും ഇത് ഹിന്ദുക്കളെ കൂടി ചൂഷണം ചെയ്ത് ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാനുള്ള തന്ത്രമാണെന്ന വിധത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.

സംഘ പരിവാറിന്റെ ഇത്തരം ആക്രമണങ്ങൾക്കു ഇരയാവുന്നത് മുസ്ലിം സമുദായത്തിലെ തീവ്രസ്വഭാവമുള്ള വ്യക്തികളും സംഘടനകളും അല്ല, മറിച്ചു ആ സമുദായത്തിലെ മിതവാദികളും മതേതരവാദികളും ആണെന്നത് യാദൃശ്ചികം മാത്രമല്ല എന്ന് നാം തിരിച്ചറിയണം. ഈ സമരത്തെ വെറുമൊരു 'മാപ്പിള ലഹള' ആക്കി ചുരുക്കുക എന്നതാണ്  ലക്‌ഷ്യം. അതിനു തടസ്സം മതേതരത്വവും.  അത്തരം തിരിച്ചറിവുകൾ മാത്രമേ നമ്മുടെ രാജ്യത്തെ മാനസികമായി മറ്റൊരു വിഭജനത്തിലേക്കു തള്ളിവിടാൻ നിരന്തരം ശ്രമിക്കുന്ന ശക്തികളെ എതിർത്ത് തോൽപ്പിക്കാൻ നമ്മെ പ്രാപ്തരാക്കൂ.


കടപ്പാട്:

https://thewire.in/communalism/arfa-khanum-sherwani-amu-speech-bjp-distort

https://www.altnews.in/journalist-arfa-khanums-speech-on-caa-clipped-and-shared-with-communal-overtones/

https://www.altnews.in/anti-caa-protesters-at-lucknow-confess-taking-bribes-no-clipped-video-viral/

Thursday, January 9, 2020

കൂട്ട ബലാത്സംഗവും കൊലപാതകവും- നമ്മുടെ ഇരട്ടത്താപ്പുകൾ

ഇക്കഴിഞ്ഞ പുതുവത്സര രാവിൽ ഇവിടെ നാമെല്ലാം ആഘോഷിക്കുമ്പോൾ അങ്ങ് ഗുജറാത്തിൽ ഒരു 19 വയസ്സുള്ള ദളിത് ബാലികയെ തട്ടിക്കൊണ്ടു പോയിരുന്നു. പെൺകുട്ടിയെ കാണാതായ വിവരത്തിനു ഒരു FIR രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായില്ല. ഒടുവിൽ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ആ പെൺകുട്ടിയെ ജനുവരി അഞ്ചാം തിയ്യതി ഒരു മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെട്ടു.
ഒരു കേസ് രജിസ്റ്റർ ചെയ്യാൻ പോലും കുട്ടിയുടെ ബന്ധുക്കൾക്ക് അവളുടെ ശരീരം ഏറ്റെടുക്കില്ല എന്ന് പറഞ്ഞു സമരം ചെയ്യേണ്ടി വന്നു.
ഇങ്ങിനെയൊക്കെ ആയിട്ടും ഹൈദരാബാദിലെ സമാന സംഭവത്തിൽ പ്രതികരിച്ചവർ ആരും, മീഡിയ അടക്കം (ഏതോ കോണിലെ ചെറിയ റിപ്പോർട്ടുകൾക്കപ്പുറം) ഒരു ശബ്ദവും ഉയർത്തി കാണുന്നില്ല. ആരും റേപ്പിസ്റ്റുകളെ വെടിവെച്ചു കൊല്ലാനോ ഉടനെ തൂക്കിക്കൊല്ലാനോ ആവശ്യപ്പെടുന്നില്ല. കണ്ട/കേട്ട ഭാവം പോലും നടിക്കുന്നില്ല.
വർഷങ്ങൾക്കു മുമ്പ് നടന്ന ഡൽഹിയിലെ നിർഭയ സംഭവത്തിൽ ഇപ്പോൾ വിധി നടപ്പാക്കുന്നതിനെ അഘോഷമാക്കുന്നവർ പോലും ഇപ്പോൾ നടന്ന ഈ സംഭവത്തിൽ നീതിയുക്തമായ ഒരു അന്വേഷണം ആവശ്യപ്പെടുന്നതായി കാണുന്നില്ല.
ഇതെല്ലാം കൃത്യമായി കാണിക്കുന്നത് നാം പ്രതികരിക്കുന്നത് സ്ത്രീകളുടെ നേരെയുള്ള അക്രമത്തിനോ കൊലപാതകത്തിനോ എതിരെയല്ല, പകരം ഇരയുടെയും പ്രതികളുടെയും ജാതിയും മതവും, സാമ്പത്തിക സ്ഥിതിയും, ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറവും അങ്ങനെ അങ്ങനെ മറ്റു പല ഘടകങ്ങളും നോക്കിയാണ് എന്നതാണ്.
നമുക്ക് ലജ്ജിച്ചു തല താഴ്ത്താം!


P.S. ഇനി ഗുജറാത്ത് എന്ന പേരിൽ പിടിച്ചുകൊണ്ട് ആരും പ്രതികരിക്കേണ്ട. എവിടെ നടന്നു എന്നതിലല്ല നമ്മുടെ പ്രതികരണം എന്ത് എന്നതാണ് വിഷയം. നിർഭയ നടന്നത് ഡൽഹിയിലും, ദിശ നടന്നത്‌ ഹൈദരാബാദിലും, ജിഷ നടന്നത് കേരളത്തിലും ആയിരുന്നു.

ലൗട്ടാദേ വോ ഭുരേ ദിൻ!

ലൗട്ടാദേ വോ ഭുരേ ദിൻ
(ആ ചീത്ത ദിനങ്ങൾ ഞങ്ങൾക്ക് തിരിച്ചു തരൂ..) 


2005 ൽ JNU വിലേക്ക് ചെന്ന അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗിനെ അവിടുത്തെ കുട്ടികൾ അദ്ദേഹത്തിന്റെ സാമ്പത്തികനീതിക്കെതിരായ പ്രതിഷേധമെന്ന നിലയിൽ കരിങ്കൊടി കാണിച്ചു.

ഉടനെ തന്നെ സർവ്വകലാശാലാ അധികൃതർ അങ്ങനെ ചെയ്ത വിദ്യാർത്ഥികൾക്ക് അച്ചടക്ക നടപടിയുടെ ഭാഗമായി നോട്ടീസ് അയച്ചു.

ഇതറിഞ്ഞ PMO അടുത്ത ദിവസം തന്നെ ഇടപെടുകയും പ്രതിഷേധം വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ അവകാശമായതിനാൽ ഏതെങ്കിലും നടപടി എടുക്കന്നതിൽ നിന്നും അധിക്യതരെ വിലക്കുകയും ചെയ്തു.

കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി തന്നെ നേരിട്ട വിദ്യാർത്ഥികളെ അദ്ദേഹം അഭിസംബോധന ചെയ്ത് തുടങ്ങിയത് വോൾട്ടയറുടെ പ്രസിദ്ധമായ ഈ വാചകം ഉദ്ധരിച്ചായിരുന്നു: "നിങ്ങൾ പറയുന്നതിനോട് ഞാൻ യോജിച്ചേക്കില്ല, എന്നാൽ നിങ്ങൾക്കത് പറയാനുള്ള അവകാശത്തിനായി ഞാൻ മരണം വരെ നിലകൊള്ളും."

ഇന്ന് ഈ വാക്കുകൾ ഗൃഹാതുരത്വത്തോടെ ഓർക്കുന്നത് JNU വിലെ മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് ആണ്.

ഇതേപോലെ പണ്ട് സീതാറാം യച്ചൂരി JNU വിൽ പ്രതിഷേധിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി അതിനെ നേരിട്ട വിധവും ഇന്ത്യൻ ജനാധിപത്യത്തിന്റെ കിരീടത്തിലെ തൂവലുകൾ ആയി ഇന്നും വാഴ്ത്തപ്പെടുന്നു.

നമ്മുടെ ഇന്ത്യ എത്ര ദൂരം പുറകിലേക്ക് നടന്നു കഴിഞ്ഞു? അധികം വൈകാതെ നമ്മുടെ ഇന്ത്യയെ തിരിച്ചു പിടിക്കാൻ നമുക്ക് കഴിഞ്ഞേ മതിയാവൂ.


Tuesday, December 17, 2019

പൗരത്വ ഭേദഗതി നിയമം എന്ത് കൊണ്ട് എതിർക്കപ്പെടണം?

പൗരത്വ രജിസ്റ്ററിൽ  (NRC) എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ നോക്കിയാൽ പോരെ?
തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമത്തെ (CAA) എങ്ങിനെയാണ് എതിർക്കുക?
നിയമത്തിൽ തെറ്റുണ്ടെങ്കിൽ കോടതിയിൽ അല്ലെ പോകേണ്ടത്? കോടതി പറയുന്നത് അന്തിമമല്ലേ?

CAA-NRC ക്കെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച് ഉയർന്നു വരുന്ന ചില ചോദ്യങ്ങൾ ആണ് മുകളിൽ കൊടുത്തത്‌. അവയ്ക്കുള്ള മറുപടിയാണ് ഈ പോസ്റ്റിൽ. ഈ മറുപടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനകളുടെയോ നിലപാടുകൾ അല്ല, മറിച്ച് എന്റെ വ്യക്തിപരമായ ബോധ്യങ്ങൾ മാത്രമാണ്.

ആദ്യമേ പറയട്ടെ, ജനാധിപത്യ സമൂഹങ്ങളെ വ്യത്യസ്തമാക്കുന്നത് നിയമനിർമ്മാണങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്താൻ ജനങ്ങൾക്കുള്ള അവസരവും കടമയുമാണ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അഞ്ചു വർഷം ഭരണത്തിൽ ഇരിക്കുന്നവർക്ക് എന്തും ചെയ്യാനുള്ള അവകാശം വിട്ടുകൊടുക്കലല്ല ജനാധിപത്യം.

CAA ക്ക് ശേഷം NRC എന്ന് വ്യക്തമാക്കിയത് മറ്റാരുമല്ല, ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്. അപ്പോൾ NRC വരുന്നു എന്നത് വെറും ഊഹാപോഹമല്ല.

നമ്മുടെ മുമ്പിൽ NRC യുടെ രണ്ടു ദൃഷ്‌ഠാന്തങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഒന്ന് മ്യാന്മറിൽ നടന്നത്- അതിന്റെ ബാക്കി പത്രമാണ് ഇന്ന് ഗതി കിട്ടാതെ അലയുന്ന രോഹിൻഗ്യകൾ. രണ്ട്, ആസ്സാമിൽ നടന്ന NRC. ഉദ്ദേശം 1600 കോടി രൂപ ചെലവിട്ട്  എത്രയോ ജീവിതങ്ങൾ തുലച്ചു കൊണ്ട് തയ്യാറാക്കിയ ആസ്സാമിലെ NRC യിൽ നിന്നും പുറത്തായ 19 ലക്ഷത്തിൽ പരം ആളുകൾ അനുഭവിക്കുന്ന നിസ്സഹായതയും പ്രയാസങ്ങളും നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും നാം സർക്കാരിനെ വിശ്വസിച്ചു വരുന്നത് വരുമ്പോൾ കാണാം എന്ന് പറഞ്ഞിരിക്കണോ?

ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കാൻ പോവുന്ന NRC എന്തിനാണ് നടപ്പിലാക്കുന്നത് എന്നറിയാനുള്ള അവകാശം ഇന്ത്യക്കാർക്കില്ലേ? എന്താണ് NRC ക്കു ശേഷം നടക്കാൻ പോവുന്നത്? NRC യിൽ പേര് വരാത്ത ഹതഭാഗ്യർക്ക് എന്താണ് സംഭവിക്കുക? അവർ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, അല്ലെങ്കിൽ പാകിസ്ഥാനിൽ നിന്നും വന്ന ഹിന്ദു, ബുദ്ധ, ജൈന, ക്രൈസ്തവ, പാഴ്സി, സിഖ് മതങ്ങളിൽ പെട്ടവരാണ് എങ്കിൽ CAA പ്രകാരം പൗരത്വം ലഭിക്കും. എന്നാൽ അങ്ങിനെ വന്നവരാണ് എന്ന് തെളിയിക്കാനുള്ള രേഖകൾ ഇല്ലാത്ത ഇന്ത്യക്കാരോ മതിയായ രേഖകൾ ഇല്ലാത്ത ഇന്ത്യൻ മുസ്ലിങ്ങളോ ആയവർ എന്ത് ചെയ്യും? അവരെ ഒരു രാജ്യവും സ്വീകരിക്കുകയില്ല എന്നത് വ്യക്തമല്ലേ? അപ്പോൾ അവരെ ജയിലിലോ ക്യാമ്പുകളോ അടച്ചിടുമോ? എങ്കിൽ അവരുടെ ചെലവ് ആര് വഹിക്കും? ജീവപര്യന്തം തടവിൽ കിടക്കുന്നവർ കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്കു പറയുന്ന നമ്മൾ നാളെ ഈ ക്യാമ്പുകളിൽ കിടക്കുന്നവരെ വെടിവെച്ചു കൊന്നു ചിലവ്‌ ചുരുക്കാൻ പറയില്ല എന്നാരു കണ്ടു?

ഇന്ന് നമ്മോടൊപ്പം കഴിയുന്ന പാവപ്പെട്ട (ഹിന്ദുക്കളും മുസ്ലിങ്ങളും അടങ്ങുന്ന) സഹോദരീ-സഹോദരന്മാരെ നാളെ ആരുമല്ലാത്തവരാക്കി മാറ്റുന്ന ഒരു നടപടിക്കു നേരെ നാം കണ്ണടയ്ക്കണോ?

ഇനി തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമത്തെ എതിർക്കരുതെന്ന വാദം നോക്കാം. സ്വതന്ത്ര ഇന്ത്യയിൽ തെരെഞ്ഞെടുക്കപ്പെട്ടതല്ലാത്ത ഒരു സർക്കാരും നിലവിൽ ഉണ്ടായിരുന്നില്ല. 2104 നു മുമ്പും എല്ലാ സർക്കാരുകളും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടത് തന്നെയായിരുന്നു. എല്ലാ നിയമങ്ങളും പാസ്സായതും അത്തരം സർക്കാരുകളുടെ പിന്തുണയോടെ മാത്രമായിരുന്നു. അങ്ങനെ പാസ്സാക്കിയ പല നിയമങ്ങളും കോടതികളിൽ പലപ്പോഴും ചോദ്യ ചെയ്യപ്പെട്ടിട്ടുണ്ട്. കോടതികൾ ആ നിയമങ്ങൾ നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് കണ്ടു അസാധുവാക്കുകയും ചെയ്തിട്ടുണ്ട്. പറഞ്ഞു വന്നത്, തെരെഞ്ഞെടുത്ത സർക്കാർ പാസ്സാക്കിയ നിയമങ്ങളെയെല്ലാം എതിർക്കാതെ സ്വീകരിക്കാൻ നാം ബാധ്യസ്ഥരല്ല എന്ന് തന്നെയാണ്.

മറ്റൊന്ന് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കുറിച്ചുള്ളതാണ്. ഇതേ സർക്കാരാണ് മുത്തലാഖ് ഒരു ക്രിമിനൽ കുറ്റമാക്കിയത്. അത് നല്ല കാര്യമല്ലേ എന്നും മുസ്ലിം സ്‍ത്രീകൾക്കു ഗുണകരമല്ല എന്നും ചിന്തിക്കുന്നവർ ഉണ്ടാവാം. അവരോട് ഒന്നേ ചോദിക്കാനുള്ളൂ. ഗുണകരമാണ് എങ്കിൽ എന്തെ ഹിന്ദു സ്ത്രീകൾക്ക് ആ ഗുണം സർക്കാർ കൊടുക്കുന്നില്ല? മുത്തലാഖ് കോടതി തന്നെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായിരുന്നു. അതിനർത്ഥം മുത്തലാഖ് ചൊല്ലി ഭാര്യയെ ഒരാൾക്ക് ഇപ്പോൾ വിവാഹമോചനം ചെയ്യാനാവില്ല. അങ്ങിനെ ചൊല്ലി ഭാര്യയെ പുറത്താക്കുന്ന ഒരു വ്യക്തി വാസ്തവത്തിൽ ചെയ്യുന്നത് ഭാര്യയെ ഉപേക്ഷിക്കലാണ്. അത്തരം ഉപേക്ഷിക്കൽ ഇസ്ലാം മതത്തിൽ മാത്രമാണെന്ന് ആരും പറയില്ലല്ലോ. ഒരു ഹിന്ദു രണ്ടു വർഷം തുടർച്ചയായി ഉപേക്ഷിച്ചാൽ മാത്രമേ വിവാഹമോചനത്തിനു പോലും മതിയായ കരണമാവുന്നുള്ളൂ എന്നിരിക്കെ, യാതൊരു നിയമ സാധുതയുമില്ലാത്ത മുത്തലാഖ് ചൊല്ലുമ്പോൾ തന്നെ ഒരു മുസ്ലിമിനെ ക്രിമിനൽ കുറ്റത്തിന് ജയിലിൽ അടക്കുകയാണ് ചെയ്യുന്നത്. വ്യക്തമായി മതത്തിന്റെ മാത്രം പേരിൽ വിവേചനം കാണിക്കുന്ന ഒരു നിയമം പാസ്സാക്കിയ സർക്കാർ ആണിതെന്നത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.

ഇനി കോടതിയുടെ കാര്യം. കോടതിയിൽ നീതി വൈകുന്നു എന്നും വിശ്വാസമില്ലെന്നും പറഞ്ഞു ഹൈദരാബാദിലെ കസ്റ്റഡി കൊലപാതകത്തെ ഒക്കെ ന്യായീകരികരിക്കുന്നവർ തന്നെയാണ് ഈ കാര്യത്തിൽ കോടതിയിൽ പോവൂ എന്ന് ആഹ്വാനം ചെയ്യുന്നത് എന്നതിലെ വിരോധാഭാസം നമുക്ക് മറക്കാം. ജനങ്ങളെ ബാധിക്കുന്ന ഓരോ പ്രശ്നത്തിലും ഇടപെടാൻ മടിക്കുന്ന കോടതി ആണ് ഇന്ന് കാണാൻ കഴിയുന്നത് എന്ന് നമുക്ക് കാണാം. ഉദാഹരണത്തിന്, നോട്ടുനിരോധനം വന്നപ്പോൾ അതിനെതിരെ കൊടുത്ത കേസുകൾ ഇപ്പോഴും തീരുമാനമായില്ല. ഒരു സംസ്ഥാനത്തെ ഏകപക്ഷീയമായി വെട്ടിമുറിക്കുകയും അവിടുത്തെ ജനങ്ങളെ ഫോണും ഇന്റർനെറ്റും പോലുമില്ലാതെ തുറന്ന ജയിലുകളിൽ എന്ന പോലെ അടച്ചിടാൻ തുടങ്ങിയിട്ടും നാല് മാസത്തിൽ കൂടുതൽ ആയി എന്നും ഇതുവരെ കോടതി ബന്ധപ്പെട്ടവരെ കേൾക്കുന്നത് പോലും പൂർണമായിട്ടില്ല എന്നും അറിയുക.

ഒന്നോർക്കുക. നാസി സർക്കാരിന്റെ ഗ്യാസ് ചേമ്പറുകൾ ഒരു തുടക്കമായിരുന്നില്ല, വളരെക്കാലമായി ഊട്ടി വളർത്തിയ വെറുപ്പിന്റെയും വിവേചനങ്ങളുടെയും ഒടുക്കമായിരുന്നു.

അതുകൊണ്ട് CAA യും NRC യും ഒന്ന് തന്നെ ആണെന്നും  അവയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തന്നെ തുടരണമെന്നും (എന്നാൽ അക്രമത്തിന്റെ മാർഗ്ഗം അവലംബിക്കരുത് എന്നും) ആണ് എനിക്ക് ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയാനുള്ളത്.


പൗരത്വ നിയമ ഭേദഗതിയും ഇന്ത്യൻ മുസ്ലിങ്ങളും

പൗരത്വ ഭേദഗതി നിയമത്തിൽ (CAA) ഇന്ത്യയിലെ മുസ്ലീംങ്ങൾക്ക് എതിരെ ഒന്നുമില്ലല്ലോ?
മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ ആയ അഭയാർത്ഥികൾക്ക് പൗരത്വം കൊടുക്കുന്നല്ലേ ഉള്ളൂ, അത് നല്ല കാര്യമല്ലേ?
പിന്നെ എന്തിനാണ് മുസ്ലിങ്ങൾ ഈ നിയമത്തെ എതിർക്കുന്നത്?

ഈ ദിവസങ്ങളിൽ പലരിൽ നിന്നുമായി കേൾക്കുന്ന ചോദ്യങ്ങൾ ആണ് മുകളിൽ കൊടുത്തത്. അവയ്ക്കുള്ള മറുപടിയാണ് ഈ പോസ്റ്റിൽ. ആദ്യമേ പറയട്ടെ, ഈ മറുപടികൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനകളുടെയോ നിലപാടുകൾ അല്ല, മറിച്ച് എന്റെ വ്യക്തിപരമായ ബോധ്യങ്ങൾ മാത്രമാണ്.

ഒന്നാമതായി, ഈ നിയമത്തിൽ ഉപയോഗിച്ച വാക്കുകൾ ന്യൂനപക്ഷം എന്നോ, വേട്ടയാടപ്പെട്ടവർ എന്നോ അഭയാർത്ഥികൾ എന്നോ അല്ല. മറിച്ച് ഇസ്ലാം ഒഴിച്ചുള്ള ഇന്ത്യയിലെ എല്ലാ പ്രധാന മതങ്ങളുമാണ് പേരെടുത്തു പരാമർശിക്കപ്പെട്ടത്. അതിനുള്ള ന്യായം ഈ നിയമം ബാധകമായിട്ടുള്ള മൂന്നു രാജ്യങ്ങളിൽ ഇസ്ലാം ഔദ്യോഗിക മതമാണ് എന്നും അതിനാൽ മുസ്ലിങ്ങൾ പീഡിപ്പിക്കപ്പെടുകയില്ല എന്നുമാണ്. ആ വാദത്തിലെ തെറ്റ് സാമാന്യ വിവരമുള്ള ആർക്കും ബോധ്യമാവും.

എല്ലാ വേട്ടയാടലുകളും മതത്തെ അടിസ്ഥാനമാക്കി മാത്രമുള്ളതല്ല. ഉദാഹരണത്തിന്, ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് വേട്ടയാടൽ മൂലം പാലായനം ചെയ്യേണ്ടി വന്നവരിൽ ഏറ്റവും പ്രശസ്തമായ വ്യക്തി തസ്ലിമ നസ്രീൻ ആണെന്ന് സംശയമില്ലല്ലോ? എന്നാൽ  അവർക്കു മുസ്ലിം ആയി ജനിച്ചു എന്ന ഒറ്റ കാരണത്താൽ ഈ CAA പ്രകാരം ഒരു ആനുകൂല്യവും ലഭിക്കില്ല.

ഇനി മതത്തെ അടിസ്ഥാനമാക്കിയുള്ള വേട്ടയാടൽ മാത്രമാണ് ഉദ്ദേശിച്ചതെങ്കിൽ അത് നമ്മുടെ അയൽ രാജ്യങ്ങളിൽ പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മാത്രം ഒതുങ്ങുന്നതല്ല. മ്യാന്മാരിലും, നേപ്പാളിലും, ഭൂട്ടാനിലും, ശ്രീലങ്കയിലും ഒക്കെ അത്തരം വേട്ടയാടലുകൾ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്.

അഥവാ, 1947 ഇൽ നടന്ന വിഭജനത്തെ കണക്കിലെടുത്താണ് ഈ നിയമമെങ്കിൽ അതിൽ അഫ്ഗാനിസ്ഥാൻ എങ്ങിനെ പെടും? ഇസ്ലാം മതം എന്നതല്ലാതെ മറ്റെന്താണ് ഈ മൂന്ന് രാജ്യങ്ങളിൽ പൊതുവായുള്ളതും നമ്മുടെ മറ്റു അയൽ രാജ്യങ്ങളിൽ ഇല്ലാത്തതും?

അപ്പോൾ ശരിക്കും വിഭജനമോ, മതത്തിന്റെ പേരിലുള്ള വേട്ടയാടലോ പോലുമല്ല, വെറും മുസ്ലിം വിരോധം മാത്രമാണ് ഈ നിയമത്തിനു പിന്നിൽ പ്രവർത്തിച്ചത് എന്ന് മനസിലാക്കാം.

ഇനി മേൽപ്പറഞ്ഞ വാദം മാറ്റിവെക്കാം. ഇന്ത്യയിലെ മുസ്ലിങ്ങൾ ഇപ്പോഴും  ഇന്ത്യയിലെ തുല്യ പൗരന്മാർ ആണെന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലല്ലോ? അപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ വരുത്തുന്ന ഏതു മാറ്റത്തെയും ചോദ്യം ചെയ്യാനുള്ള അവകാശം ഏതു പൗരനുമെന്ന പോലെ മുസ്ലിങ്ങൾക്കും ഉണ്ട്. ഭരണഘടനയ്ക്ക് വരുന്ന ഏത് മാറ്റവും മറ്റാരെയും പോലെ മുസ്ലിങ്ങളെയും ബാധിക്കുന്നതാണ്. CAA കൃത്യമായി ചെയ്യുന്നത് ഭാരതീയ പൗരത്വം ലഭിക്കുന്നത്തിനുള്ള ഘടകങ്ങളിൽ ഒന്നായി മതത്തെ മാറ്റുന്നു എന്നതാണ്. അത് ഇന്ത്യയെ ഒരു മതേതര രാഷ്ട്രത്തിൽ നിന്നും അടർത്തി ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ചെയ്യുമ്പോൾ ആർക്കും, പ്രത്യേകിച്ച് ഒഴിച്ച് നിർത്തപ്പെട്ട മുസ്ലിങ്ങൾക്ക് അതിനെ ചോദ്യം ചെയ്യാം, ചെയ്യണം.

ഇന്ത്യയിലെ മുസ്ലിങ്ങൾ 1947 ഇൽ മതാധിഷ്‌ഠിതമായ രാജ്യത്തേക്ക് പോവാൻ അവസരമുണ്ടായിട്ടും പോവാതെ ഒരു മതേതര രാജ്യത്തിൻറെ ഭാഗമായി തുടരാൻ തീരുമാനമെടുത്തവരോ അവരുടെ പിന്മുറക്കാരോ ആണ്. അപ്പോൾ തങ്ങൾ തെരെഞ്ഞെടുത്ത മതേതര രാജ്യം മറ്റൊരു മതാധിഷ്‌ഠിത രാജ്യമാവുന്നതിനെ എതിർക്കാൻ അവർക്ക്  എന്തുകൊണ്ടും അവകാശമുണ്ട്.


Wednesday, December 4, 2019

CAB യും NRC യും- നമ്മുടെ രാജ്യത്തിൻറെ പോക്ക് എങ്ങോട്ട്?


കേന്ദ്ര മന്ത്രിസഭ ഒരിക്കൽ കൂടി Citizenship Amendment Bill (CAB) ന് അംഗീകാരം കൊടുത്തിരിക്കുന്നു. ഇനി പാർലിമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കിയാൽ അത് നമ്മുടെ രാജ്യത്തെ നിയമമാകും.
പ്രതീക്ഷിക്കാവുന്ന പോലെ ബിജെപി ഭക്തർ എല്ലാം തന്നെ ബില്ലിനെ കണ്ണടച്ച് പിന്താങ്ങും. എന്നാൽ ചില 'നിക്ഷ്പക്ഷമതികളും' ഈ ബില്ലിനെ അനുകൂലിക്കുന്നുണ്ട്. അവരുടെ കണ്ണിൽ നമ്മുടെ അയൽരാജ്യങ്ങളിൽ മതപരമായ പീഡനങ്ങൾക്കു വിധേയരാവുന്ന ന്യൂനപക്ഷസമുദായങ്ങളിലെ അംഗങ്ങൾക്കു ആശ്രയം കൊടുക്കുക എന്നത് വളരെ നല്ലൊരു ഉദ്ധേശ്യമാണ്.
ഒറ്റനോട്ടത്തിൽ, പീഡനങ്ങൾക്കു വിധേയരാവുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം കൊടുക്കുന്നത് ഭാരതത്തിന്റെ ഉന്നതമായ മൂല്യങ്ങളുടെ പ്രയോഗം മാത്രമാണെന്ന് തോന്നിയേക്കാം. എന്നാൽ CAB ക്കു പിന്നിലുള്ള യഥാർത്ഥ ഉദ്ദേശ്യം അത്ര പരിശുദ്ധമല്ല. അതിന്റെ യഥാർത്ഥ ഉദ്ദേശ്യം ഭാരതത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിങ്ങളെ പീഡിപ്പിക്കുക എന്നതാണ് എന്റെ നിരീക്ഷണം. അത് ഞാൻ ഈ പോസ്റ്റിലൂടെ വ്യക്തമാക്കാം.
മന്ത്രിസഭ അംഗീകരിച്ച CAB യിൽ പറയുന്നത്, ഡിസംബർ 2014 ന് മുമ്പ്‌ ഭാരതത്തിൽ പ്രവേശിച്ച പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള മുസ്ലിങ്ങൾ ഒഴിച്ചുള്ള എല്ലാ അനധികൃത കുടിയേറ്റക്കാർക്കും (അതായത് ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, ജെയിൻ, പാഴ്സി മതങ്ങളിൽ പെട്ടവർക്ക്) ഇന്ത്യൻ പൗരത്വം നൽകും എന്നാണ്. അഞ്ചു വർഷമായി അവർ ഇന്ത്യയിൽ എത്തിയിട്ട് എന്ന് മാത്രം കാണിച്ചാൽ മതി- അവർ എന്തിനു വന്നു, എങ്ങിനെ വന്നു എന്നതൊന്നും ഒരു പ്രശ്നമല്ല!
ഈ അനധികൃത കുടിയേറ്റക്കാർ ഭാരതത്തിലേക്ക് നുഴഞ്ഞു കയറിയത് മതപരമായ പീഡനങ്ങൾ കൊണ്ട് തന്നെയാണോ അതോ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണോ എന്നൊന്നും ആരും പരിശോധിക്കില്ല. കാരണം അവർക്കെതിരെ നിലവിലുള്ള എല്ലാ നടപടികളും ഈ ബില്ല് നിയമമാവുന്നതോടെ അസാധുവാകും!
മറ്റൊരു കാര്യം ഈ ബില്ല്‌ ഭാവിയിലെ പീഠനങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ളതല്ല എന്നതാണ്. 2014 ഡിസംബറിനു മുമ്പ് ഭാരത്തിലേക്കു വന്നവർക്കാണ് ഇതിന്റെ ഗുണം. അതുപോലെ, ഈ ഗുണം എല്ലാ പീഡിതർക്കുമില്ല എന്നതും ശ്രദ്ധേയമാണ്. ഉദാഹരണത്തിന് ശ്രീലങ്കയിൽ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് വന്ന തമിഴ് വംശജർക്കോ ബർമയിൽ നിന്നും രക്ഷപ്പെട്ടു വന്ന റോഹിൻഗ്യകൾക്കോ ഇതിന്റെ ഗുണം കിട്ടില്ല.
അപ്പോഴും CAB യുടെ ഉദ്ദേശ്യം പിന്നെ എന്ത് എന്ന ചോദ്യം നിലനിൽക്കുന്നു. അതറിയാൻ, CAB യെ ഈ സർക്കാരിന്റെ മറ്റൊരു ഇഷ്ടഭാജനമായ National Register of Citizens (NRC) യുമായി ചേർത്ത് വായിക്കണം.
CAB യുടെ സഹായത്തോടെ, ഇന്ത്യയിലെ മുസ്ലിങ്ങൾ അല്ലാത്ത എല്ലാ താമസക്കാർക്കും അവർ 2014 ഡിസംബറിനു മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നതിന് തെളിവ് നൽകിയാൽ ഇന്ത്യൻ പൗരന്മാർ ആണെന്ന് സ്ഥാപിക്കാം. അതോടെ NRC യിൽ പേര് ചേർക്കപ്പെടും ചെയ്യും. എന്നാൽ മുസ്ലിംകൾക്ക് മാത്രം പതിറ്റാണ്ടുകൾക്ക് മുമ്പുള്ള അവരുടെ കുടുംബചരിത്രം തെളിവുകൾ നൽകി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ NRC യിൽ അംഗത്വം ലഭിക്കുകയുള്ളൂ. അതായത്, 2014 ഇൽ ഇന്ത്യയിലേക്ക് വന്ന ഒരു ബംഗ്ലാദേശി ഹിന്ദുവിന് NRC യിൽ പേര് എളുപ്പത്തിൽ ചേർക്കാം, പക്ഷെ തലമുറകളായി ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു മുസ്ലിമിന് തന്റെ പൗരത്വം തെളിയിക്കേണ്ട ബാധ്യത ഉണ്ടാവും. മുസ്ലിംകൾക്ക് മാത്രമേ ഈ ബാധ്യത ഉണ്ടാവൂ എന്നതാണ് പുതിയ CAB യുടെ പരിണിതഫലം.
തലമുറകൾക്കു മുമ്പുള്ള ചരിത്രം രേഖകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തുക എന്നത് എത്ര ദുഷ്കരമാണെന്നതിന് ആസ്സാമിൽ നടക്കുന്ന കാര്യങ്ങൾ നമ്മുടെ മുന്നിൽ ധൃഷ്ടാന്തമാണ്.
എത്രയോ പാവപ്പെട്ട മുസ്ലിങ്ങളെ അരക്ഷിതാവസ്ഥയിലേക്കു തള്ളിയിടുകയാണ് പ്രത്യക്ഷത്തിൽ പരസ്പരബന്ധമില്ലാത്തതെന്നു തോന്നാവുന്ന ഈ രണ്ടു കാര്യങ്ങളിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത്.
പീഢിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം കൊടുക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ എന്തിനു മുസ്ലിങ്ങളെ മാത്രം ഒഴിച്ച് നിർത്തണം? ഇനി മുസ്ലിങ്ങൾ മതപരമായി പീഢിക്കപ്പെടുന്നില്ല എന്നതാണ് വാദമെങ്കിൽ അങ്ങനെ അഭയം ചോദിച്ചു വരുന്ന മുസ്ലിങ്ങൾക്ക് പീഡനം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൗരത്വം കൊടുക്കാതിരുന്നാൽ പോരെ? അപ്പോൾ അതല്ല കാര്യമെന്ന് വ്യക്തം!
മതസ്പർദ്ധ വളർത്തി ജനങ്ങളെ രണ്ടു തട്ടിലാക്കി, കാതലായ പ്രശ്നങ്ങളിൽ നിന്നും അവരുടെ ശ്രദ്ധ തിരിച്ചു വിടുക എന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
ഏതായാലും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ഭേദഭാവം കാണിക്കുന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ എന്ന് സുപ്രീംകോടതി തന്നെ പലവട്ടം കണ്ടെത്തിയിട്ടുള്ള മതേതരത്വത്തിനു കടക വിരുദ്ധമാണെന്ന കാര്യം വ്യക്തമാണ്.
NRC യും CAB യും കൂടി ഇന്ത്യ എന്ന ഉന്നതമായ സങ്കൽപ്പത്തിന്റെ തന്നെ കുഴിച്ചുമൂടും എന്നതിൽ സംശയമില്ല. ഇനി അറിയാനുള്ളത് ഇത്രമാത്രം:
- ഏതൊക്കെ പാർട്ടികൾ ഈ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആയ ബില്ലിനെ നിയമമാക്കാൻ സഹായിക്കും?
- ഇത്തരമൊരു നിയമത്തെ തടയാനുള്ള തങ്ങളുടെ ചുമതല നിറവേറ്റുന്നതിൽ പാർലിമെന്റ് പരാജയപ്പെട്ടാൽ നമ്മുടെ സുപ്രീം കോടതി എത്ര വേഗത്തിലും എത്ര കാര്യക്ഷമമായും ഭരണഘടനയുടെ അന്തസ്സത്ത സംരക്ഷിക്കുന്നതിൽ തങ്ങളുടെ ചുമതല നിറവേറ്റി ഈ നിയമത്തെ അസാധുവാക്കും?
അതുവരെ, ശ്വാസമടക്കിപിടിച്ചു കൊണ്ട് മാത്രം ചിന്തിക്കുന്ന ഓരോ മനുഷ്യനും നമ്മുടെ രാജ്യത്തിൻറെ ഭാവിയെക്കുറിച്ചു ആശങ്കാകുലരാവാം!