ഇന്ത്യൻ നിയമത്തിൽ
ആത്‌മരക്ഷക്കായി നടത്തുന്ന പ്രവൃത്തികൾക്ക് പ്രത്യേക സംരക്ഷണം
നൽകിയിട്ടുണ്ട്. ചില സഖാക്കൾ കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗത്തെ
ന്യായീകരിക്കാൻ ഈ സംരക്ഷണത്തിന്റെ കാര്യം പറയുന്നത് കേൾക്കാൻ ഇടയായി. എന്നാൽ
കാര്യങ്ങൾ അങ്ങിനെ ആണോ? ഒന്നു പരിശോധിക്കാം!
ഇന്ത്യൻ ക്രിമിനൽ
നിയമം സംരക്ഷിക്കുന്നത് തന്റെയോ തന്റെ അടുത്തവരുടെയോ ജീവന് ഭീഷണി ആയേക്കാവുന്ന
അക്രമങ്ങളെ ചെറുക്കുന്നതിനുള്ള അവകാശത്തെ ആണ്. എന്നാൽ ഈ സംരക്ഷണം നിയന്ത്രണങ്ങൾ
ഇല്ലാത്ത ഒരു അവകാശം അല്ല. ധാരാളം നിയന്ത്രണങ്ങൾക്ക് വിധേയമാണ് ആത്മരക്ഷ അഥവാ self-defense. ആത്മരക്ഷ പ്രയോഗത്തിൽ വരുന്നത് ഒരാൾ
വിചാരിച്ചിരിക്കാതെ ആക്രമിക്കപ്പെടുമ്പോൾ അയാളോ കൂടെ ഉള്ള ആളോ അത് തടയുന്നതിൽ
മാത്രമാണ്. അങ്ങിനെ തടയുന്നതിനിടയ്ക്കു വരുന്ന കാര്യങ്ങൾ മാത്രമേ നിയമത്താൽ
സംരക്ഷിക്കപ്പെടുന്നുള്ളൂ എന്ന് സാരം.
കോടിയേരി ആഹ്വാനം
ചെയ്യുന്നത് പോലെ ഉള്ള മുൻകൂട്ടി തെയ്യാർ ചെയ്തുള്ളതും സംഘം ചേർന്നുള്ളതും ആയ
തിരിച്ചടികൾ അതിന്റെ കീഴിൽ വരില്ല. ഒരു ആക്രമണം ഉണ്ടാവും എന്ന സൂചന
ഉണ്ടെങ്കിൽ ഒരാൾ ചെയ്യേണ്ടത് പോലീസ് സംരക്ഷണം നേടുക എന്നതാണ്. അല്ലാതെ, സ്വന്തമായി ഗുണ്ടാ സംഘങ്ങൾ രൂപികരിച്ചു
ആക്രമത്തെ ചെറുക്കാൻ തുടങ്ങിയാൽ അതിനു നിയമത്തിന്റെ സംരക്ഷണം കിട്ടില്ല.
പ്രത്യേകിച്ചും, വയലിലെ ജോലിക്കു വരമ്പത്തു കൂലി കൊടുക്കാൻ
നോക്കുമ്പോൾ! വരമ്പത്തെ കൂലി ആക്രമണം തടയാനല്ല മറിച്ചു പ്രതികാരം ചെയ്യാനും കണക്കു
തീർക്കാനും വേണ്ടി ഉള്ളതാണ്. റിപ്പോർട്ടുകൾ അനുസരിച്ചു കോടിയേരി ആഹ്വാനം ചെയ്യുന്നത് ചെറുപ്പക്കാരെ പരിശീലനം കൊടുത്തു
തയ്യാറാക്കി നിർത്താനാണ്. ആക്രമിച്ചാൽ തിരിച്ചടിക്കാൻ ആയിട്ടാണ് ഈ പരിശീലനം.
വയലിലെ
കുറ്റകൃത്യങ്ങൾക്ക് വരമ്പത് കൂലി കൊടുക്കാൻ ആണ് നമ്മുടെ സമൂഹം
പോലീസ് സേനയെ ചെല്ലും ചെലവും കൊടുത്തു പോറ്റുന്നത്. പോലീസ് സേനക്കൊപ്പം ആഭ്യന്തര
മന്ത്രിയുടെ ചെലവ് വഹിക്കുന്നതും സമൂഹം തന്നെ. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ
സെക്രട്ടറിക്കു പോലീസിന്റെ അങ്ങിനെ ചെയ്യാനുള്ള മനസ്സിലോ കഴിവിലോ സംശയം ഉണ്ടെങ്കിൽ ചെയ്യേണ്ടത് ആഭ്യന്തര
മന്ത്രിയെ മാറ്റുക എന്നതാണ്. അല്ലാതെ കുട്ടി സഖാക്കളെ ആയുധ പരിശീലനം കൊടുത്തു
ആക്രമണത്തിന് പകരം വീട്ടാൻ തയ്യാറാക്കുകയല്ല.
ഭരിക്കുന്ന
പാർട്ടിയുടെ നേതൃത്വം തന്നെ പോലീസിന്റെ കഴിവിൽ സംശയം
പ്രകടിപ്പിക്കുമ്പോൾ, സാധാരണ ജനങ്ങൾ എന്ത് ചെയ്യണം? അക്രമം വരുമ്പോൾ നിയമം സ്വയം കയ്യിൽ എടുക്കുകതന്നെ
ആണോ വേണ്ടത്?
അല്ലെങ്കിൽ തന്നെ, ആക്രമണം വരുന്നത് വരെ എന്തിനു കാത്തിരിക്കണം? വരാൻ സാധ്യത ഉണ്ടെന്നു സ്വയം ബോധ്യം ഉണ്ടെങ്കിൽ
പ്രത്യാക്രമണം നടത്തിക്കൂടേ? Offense is the best form of defense എന്നല്ലേ പ്രമാണം?
ഒസാമ ബിൻ ലാദനും IS ഉം ഒക്കെ ചെയ്യുന്നതും ഇതല്ലേ? അവർക്കു അക്രമകാരികൾ എന്നു തോന്നുന്നവരെ അവർ
തിരിച്ചു ആക്രമിക്കുന്നു! ഇറാഖിലും അഫ്ഘാനിസ്ഥാനിലും ഒക്കെ പാശ്ചാത്യരാഷ്ടങ്ങൾ
ചെയ്തു എന്ന് അവർ കരുതുന്ന ആക്രമണങ്ങൾക്കു അവരുടെ തിരിച്ചടി! കഷ്ടം, അതിനാണ് ആ പാവങ്ങളെ നാം ഭീകരർ എന്നൊക്കെ
വിളിക്കുന്നത്!
സംഘികൾ
അവകാശപ്പെടുന്നത് ആക്രമണങ്ങൾ മുഴുവൻ തുടങ്ങുന്നത് CPM കാർ ആണെന്നാണ്. അവരും പോലീസിനെ വിട്ടു, സ്വയം തിരിച്ചടിക്കുക എന്ന നയം സ്വീകരിച്ചാൽ (ഇപ്പോൾ പ്രവൃത്തിയിൽ അങ്ങിനെ അല്ല എന്നല്ല സാരം) പിന്നെ ഇവിടെ
എന്തിനു പോലീസ്? എന്തിനു നിയമ വാഴ്ച? TP വധക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടു നടക്കുന്ന RMP ക്കാരും ഈ നയം സ്വീകരിച്ചാൽ?
കയ്യൂക്കുള്ളവൻ
കാര്യക്കാരൻ എന്ന സമത്വ സുന്ദര കാടൻ നിയമം നമുക്ക് തിരിച്ചു പിടിക്കാം! കൂലി
വരമ്പത്തു വെച്ച് തന്നെ തീർക്കാം! പിണറായി സഖാവ് ഇതൊന്നു നിയമം ആക്കി പാസ്സാക്കി
തന്നെങ്കിൽ എല്ലാറ്റിനും ഒരു കൃത്യത വന്നേനെ!
P. S. കണ്ണിനു പകരം കണ്ണ് എന്ന നീതി നടപ്പാക്കിയാൽ ഈ ലോകം മുഴുവൻ അന്ധരെക്കൊണ്ടു നിറയും എന്ന് പറഞ്ഞ ആ മഹാത്മാവിനു മുന്നിൽ ഈ പോസ്റ്റ് സമർപ്പിക്കുന്നു!
No comments:
Post a Comment