Wednesday, May 25, 2016

കേരളാ മോഡി?

ഇന്ന് കേരളത്തിന്‌ ഒരു പുതിയ സർക്കാർ ലഭിച്ച ദിവസം.. 
ആദ്യമേ നല്ലത് ആശംസിക്കട്ടെ- സർക്കാരിനും കേരളത്തിനും!

നല്ലത് മാത്രം പറയേണ്ട, ചിന്തിക്കേണ്ട ദിവസം ആണെങ്കിലും ചില അശുഭ ചിന്തകൾ മനസ്സിൽ ഉടലെടുക്കുന്നു!

ബോംബെറിഞ്ഞു ആക്രമിക്കപ്പെട്ട ഒരു ബന്ധു വീട്ടിൽ രാവിലെ തന്നെ പോയതിനാലാവാം 
അങ്ങ് ഡൽഹിയിൽ ഇറങ്ങിയ, പിണറായി വിജയൻ സർക്കാർ വരുന്നു എന്ന ഫുൾ പേജ് പരസ്യങ്ങളെക്കുറിച്ചുള്ള വാർത്ത കണ്ടതിനാലും ആവാം
അല്ലെങ്കിൽ, രാഷ്ട്രീയ എതിരാളികൾ നേടിയ വിജയത്തിൽ തോന്നുന്ന മനുഷ്യ സഹജമായ അസൂയ മൂലവും ആയേക്കാം...
എന്തായാലും മനസ്സിൽ തോന്നുന്നത് ഇവിടെ കുറിച്ചിടട്ടെ...തോന്നലുകൾ ശരിയോ തെറ്റോ എന്നത് കാലത്തിനു വിട്ടുകൊടുത്തു കൊണ്ട്!


മോഡി പറഞ്ഞു അച്ഛാ ദിൻ വരുമെന്ന്;
പിണറായി പറയുന്നു എല്ലാം ശരിയാവും എന്ന്!
എല്ലാം ശരിയായാൽ പിന്നെ അച്ഛാ ദിൻ തന്നെ, അല്ലെ?!

മോഡി പറഞ്ഞു സബ് കാ സാഥ്, സബ് കാ വികാസ്
പിണറായി പറയുന്നു
എല്ലാവരുടെയും സർക്കാർ, എല്ലാവരുടെയും വികസനം എന്ന്!

മോഡി പറഞ്ഞു ഇന്ത്യയിൽ ഹിന്ദുക്കൾ അപകടത്തിൽ- രക്ഷിക്കാൻ BJP വരണം
പിണറായി പറഞ്ഞുന്യൂനപക്ഷങ്ങൾ അപകടത്തിൽ- രക്ഷിക്കാൻ  LDF തന്നെ വരണം!

മീഡിയ പറയുന്നു മോഡിയുടെ വാക്കാണ് BJP യുടെ വാക്കെന്നു;
അവർ തന്നെ പറയുന്നു, LDF ന്റെ അന്തിമവാക്ക് പിണറായിയുടേതെന്നു! 


എല്ലാരും പറയുന്നു, പിണറായി പറഞ്ഞത് ചെയ്തു കാണിക്കുന്ന ആളെന്ന്;
എല്ലാരും പറഞ്ഞു- മോഡിയുടെ ഗുജറാത്തും അങ്ങിനെ ആയിരുന്നെന്നു!

മോഡി പറഞ്ഞു- മോഡി മോഡി മോഡി...
പിണറായി പറയുന്നു, full page പരസ്യങ്ങളിലൂടെ- പിണറായി വിജയൻ, പിണറായി വിജയൻ
എത്ര വേഗം ആണ് LDF സർക്കാർ പോയി പിണറായി വിജയൻ സർക്കാർ വന്നത്?  

മോഡിക്ക് രണ്ടു ജന്മദിനങ്ങൾ- ഒന്ന് ഒറിജിനൽ, ഡിഗ്രി സെർറ്റിഫിക്കറ്റിൽ മറ്റൊന്ന് ;
ഇപ്പോൾ പിണറായിക്കും രണ്ട്- ഒന്ന് ഒഫീഷ്യൽ, മറ്റൊന്ന് ലഡ്ഡു കൊടുക്കാൻ!

അദ്വാനിക്ക് മോഡി കൊടുത്തു ഒരു മാർഗ്ദർശക് മണ്ഡൽ;
VS നു പിണറായി കൊടുത്തു, ഒരു കേരള കാസ്ട്രോ പട്ടം!

കേരളത്തിന്‌ കിട്ടി ഒരു കേരള കാസ്ട്രോ
ഒപ്പം കിട്ടിയത് ഒരു (#MalluModi) കേരള മോഡിയോ?! 

അങ്ങിനെ ആവാതിരിക്കട്ടെ....... 



Tuesday, May 3, 2016

ഒരു കേരളം, രണ്ടു മരണങ്ങൾ!

ഇന്നത്തെ പത്രം, രണ്ടു മരണങ്ങൾ  
പെരുമ്പാവൂരിലെ ജിഷനരിപ്പറ്റ കുയ്തെരിമ്മൽ ലിനീഷ്

ജിഷ .... 
മറ്റൊരു സൗമ്യ, മറ്റൊരു നിർഭയ
പുരുഷ മേധാവിത്വത്തിന്റെ, കാമവെറിയുടെ
ജാതി വ്യവസ്ഥയുടെ, മറ്റെന്തിന്റെയൊക്കെയോ  
എണ്ണിയാലൊടുങ്ങാത്ത പെണ്ണിരകളിൽ മറ്റൊരുവൾ...
സമൂഹം മുഴുവൻ ഉണർന്നെണീറ്റു കഴിഞ്ഞു
പോസ്റ്റ്‌മോർട്ടം തകൃതിയായി നടക്കുന്നു
ആരൊക്കെ ഉത്തരവാദികൾ
കണ്ടെത്തണം, ശിക്ഷിക്കണം... എന്നാലായോ?

അടച്ചുറപ്പില്ലാത്ത വീട്ടിൽ,  ഒറ്റമുറിയിൽ ഇങ്ങിനെ 
ജീവിക്കാൻ, കൊല്ലപ്പെടാൻ, ജിഷയെ എങ്ങിനെ നാം അനുവദിച്ചു?
മരിക്കും വരെ, അല്ല വാർത്തയാകും വരെ 
എവിടെ ആയിരുന്നു സാംസ്കാരിക കേരളം? ഭരണകൂടം
ആവശ്യക്കാരിൽ ആവശ്യക്കാരായ ജിഷയുടെ കുടുംബത്തെ 
എന്തെ നാം കണ്ടെത്തിയില്ല?
ഉദ്ധ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, സംഘടനകൾ
എണ്ണിയാലൊടുങ്ങാത്ത സാമൂഹ്യ പ്രവർത്തകർ
ആരും കണ്ടില്ലേ ഈ ദൈന്യം? ഒരു പരിഹാരം?

മരണത്തിൽ ധാർമികരോഷം എത്രയോ എളുപ്പം;
ജീവനുള്ള പരിഹാരം ആണ് ഏറെ കഠിനം!
അതുവരെ, പൂർണതയില്ലാത്ത ഈ ലോകത്ത് 
ജിഷമാർ ഇനിയും ആക്രമിക്കപ്പെടും, തടയാനാവില്ല
ഇരകൾക്ക് നീതിയെങ്കിലും ഉറപ്പാക്കി 
സമൂഹത്തിനു സുഖനിദ്ര പൂകാം!
ഒപ്പം, ഓണത്തിനിടയിലെ പൂട്ടുകച്ചവടം പോലെ
കുറച്ചു വോട്ടും, കുറച്ചു TRP യും തരപ്പെടുമോ
എന്നും കൂടി നോക്കാം.. 

ലിനീഷ്...
വീടില്ലാഞ്ഞിട്ടല്ല, പെണ്ണായിട്ടല്ല, ദളിതനുമല്ല
എന്നിട്ടും കൊല്ലപ്പെട്ടു, മുപ്പത്തിനാലാം വയസ്സിൽ!
സഘാക്കൾക്കൊപ്പം ബോംബുണ്ടാക്കുകയായിരുന്നു
പൊട്ടിയത് അല്പം നേരത്തെ ആയിപ്പോയി
ചിതറിയത് സ്വന്തം കൈകളും!

വോട്ടിനിടയിൽ, ബോംബിനെന്തു കാര്യം
എന്തിനെന്നോ, ആർക്കു വേണ്ടിയെന്നോ അറിയേണ്ടേ
ഉത്തരവാദികളെ കണ്ടെത്തണ്ടേ?  ശിക്ഷിക്കേണ്ടേ?
അല്ല, മറ്റൊരു രക്തസാക്ഷി സ്തൂപമൊരുക്കി എല്ലാം മറക്കാനോ
പോസ്റ്റ്‌മോർട്ടം ഇല്ല, ധാർമികരോഷമില്ലഉള്ളത്
കാതടപ്പിക്കുന്ന നിശബ്ധത മാത്രം!
ഇവിടെയും വേണ്ടേ ഒരു ജീവനുള്ള പരിഹാരം?
ഒടുങ്ങേണ്ടേ ഈ അക്രമ, ബോംബു രാഷ്ട്രീയം?

കാമവെറി പൂണ്ട നരാധമന്മാർ എപ്പോഴും ഉണ്ടാവും
അവരിൽ നിന്നും ജിഷയെ ജീവനോടെ രക്ഷിക്കാൻ 
അടച്ചുറപ്പുള്ള മേൽക്കൂരയെങ്കിലും നല്കാം 
അധികാര ഭ്രാന്ത് മൂത്ത നേതാക്കളും ഉണ്ടാവും
ലിനീഷുമാരെ, ജനാധിപത്യത്തെ, നമ്മുടെ നാടിനെത്തന്നെ
ആ നേതാക്കളിൽ നിന്നും കൂടി രക്ഷിക്കണം!

ഓരോ ജീവനും ജീവിച്ചു തീരട്ടെ! 


P.S:  പത്രവാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞത്, മുൻപ് തന്നെ ജിഷയുടെ കുടുംബത്തിനു വീട് വെക്കാനായി കേരള സർക്കാർ ധനസഹായം നല്കിയിട്ടുണ്ട് എന്നാണ്. 3.75 ലക്ഷം രൂപ 5 സെന്റ്‌ സ്ഥലം വാങ്ങാനും 3 ലക്ഷം രൂപ അതിൽ ഒരു വീട് വെക്കാനും. അങ്ങിനെ വാങ്ങിയ സ്ഥലത്ത് വീട് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു! 

Thursday, April 28, 2016

നാദാപുരത്തെ ബോംബുകൾ

നാദാപുരം പ്രദേശത്തെ മത്സരിച്ചുള്ള ബോംബ്‌ നിർമാണം, പോലിസിനെ, അല്ലെങ്കിൽ സമൂഹമന:സാക്ഷിയെ എങ്കിലും ഉണർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മറ്റൊരു കൂട്ടം ചെറുപ്പക്കാർക്ക് കൂടി ബോംബ്‌ നിർമാണത്തിനിടയിൽ നടന്ന സ്പോടനത്തിൽ സാരമായ പരിക്കേറ്റു!

ഈ പ്രാവശ്യത്തെ (കുറ്റവാളികൾ കൂടിയായ) ഇരകൾ അധികാരത്തിൽ എത്തിയാൽ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു വോട്ട് പിടിക്കുന്നവരുടെ ആളുകൾ ആണുപോലും! എങ്കിലും നാദാപുരത്തെ ബോംബുകളുടെ സമീപകാല ചരിത്രം നോക്കിയാൽ ഈ കുറ്റം ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രമല്ല എന്ന് മനസ്സിലാവും. മിക്ക പാർട്ടികളും തങ്ങളാൽ ആവുന്നത് പോലെ നോക്കുന്നു!

നാദാപുരത്തെ ബോംബുകൾ ഏതായാലും ജനങ്ങളെ സേവിക്കാൻ ഉള്ളതല്ല.. പിന്നെ, ആർക്കു വേണ്ടി? എന്തിനു വേണ്ടി? ആരാണ് ഇതിനു പിന്നിൽ കളിക്കുന്നത്?

നേതാക്കന്മാരുടെ കാര്യം പോട്ടെ, എങ്ങിനെ ഇത്രയും ചെറുപ്പക്കാർ ബോംബു നിർമാണവും കൊലപാതക രാഷ്ട്രീയവും പോലുള്ള ഹീനമായ പ്രവൃത്തികളിൽ എത്തിപ്പെടുന്നു? സാമൂഹ്യബോധം ഇല്ലെങ്കിലും സ്വയരക്ഷാ ബോധമെങ്കിലും വേണ്ടേ, വിശേഷബുദ്ധി ഉണ്ടെന്നു നാം അവകാശപ്പെടുന്ന ഈ മനുഷ്യ മൃഗങ്ങൾക്ക്?

Friday, April 15, 2016

ഒരുമയുടെ പരിപോഷണം- എന്ത്? എങ്ങിനെ?

കരുണ കാർണിവൽ- ചാപ്ടർ 1, 2016 നോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരികസന്ധ്യയിലെ അധ്യക്ഷപ്രസംഗം (ആവശ്യമായ മാറ്റങ്ങളോടെ)

.........ഒരു നീണ്ട അധ്യക്ഷ പ്രസംഗത്തിന് പറ്റിയ സമയം അല്ല ഇത്. എങ്കിലും, നമ്മുടെ കരുണ കുടുംബാംഗങ്ങൾക്ക് വേണ്ടിയും നമ്മുടെ ഇന്നത്തെ അതിഥികൾക്ക് വേണ്ടിയും കരുണയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് രണ്ടു വാക്ക് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. 

കരുണ എന്നത് ലോകത്തിലെ ഏറ്റവും നിസ്വാർത്ഥമായ വികാരമായി ഞാൻ കണക്കാക്കുന്നു. സ്നേഹവും സൗഹൃദവും പോലും സ്വാർത്ഥതയുടെ പിടിയിൽ അമർന്നു പോവുന്ന ഇക്കാലത്ത് കരുണ എന്ന വികാരത്തിന് ഉദാത്തമായ ഒരു സ്ഥാനം നമ്മുടെ സാമൂഹ്യജീവിതത്തിൽ അനിവാര്യമായിരിക്കുന്നു. സഹജീവികളോടുള്ള കരുണ നമ്മെ വെറും human beings എന്ന അവസ്ഥയിൽ നിന്നും being human  എന്ന ഉദാത്തമായ അവസ്ഥയിലേക്ക് പിടിച്ചുയർത്തുന്നു.

അതുപോലെത്തന്നെ, കരുണ എന്ന വാക്ക് നമ്മുടെ റസിഡൻസ് അസോസിയേഷന്റെ പരമമായ ലക്ഷ്യത്തെയും പ്രതിനിധീകരിക്കുന്നു. Kannamkulam Area Residents' Unity Nurturing Association എന്നതിന്റെ acronym അഥവാ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ചുള്ള ചുരുക്കപ്പേര് ആണ് കരുണ. യുണിറ്റിയെ നർച്ചർ ചെയ്യുക, അഥവാ ഒരുമയെ പരിപോഷിപ്പിക്കുക എന്നതാണ് നമ്മുടെ അസോസിയേഷന്റെ അടിസ്ഥാന ലക്‌ഷ്യം.

    അപ്പോൾ സ്വാഭാവികമായും ഉയരാവുന്ന ഒരു ചോദ്യമാണ്, എന്താണ് unity അഥവാ ഒരുമ എന്നത്. പലരും പല വിധത്തിലാണ് ഒരുമയെ കാണുന്നതും തേടുന്നതും. ജാതി, മത, വർണ, പ്രത്യയശാസ്ത്ര, സംഘടന ചട്ടക്കൂട്ടുകളിൽ ഒരുമയെ തേടുന്നവരാണ് ഇന്നധികവും. അത്തരം ചട്ടക്കൂടുകൾ ഒരുമയെ വെറും നമ്മൾ എന്നും അവർ എന്നും ഉള്ള ചേരിതിരിവിലേക്ക് തരംതാഴ്ത്തുന്നത് നാം കാണുന്നു.  എന്നാൽ കരുണ റസിഡൻസ് അസോസിയേഷൻ പിന്തുടരാൻ ശ്രമിക്കുന്നത് അത്തരം ചട്ടക്കൂട്ടുകളിലെ ഇടുങ്ങിയ ഒരുമയല്ല, മറിച്ച്, unity in diversity, അഥവാ നാനാത്വത്തിൽ ഏകത്വം എന്ന സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഒരുമയാണ്. വിവിധ ചിന്തകളും, ജീവിത ശൈലികളും, വിശ്വാസപ്രമാണങ്ങളും, പ്രത്യയശാസ്ത്രങ്ങളും പിന്തുടരുന്ന ഓരോ വ്യക്തിക്കും, തൻറെ സാമൂഹ്യമായ അവകാശങ്ങളിലും കടമകളിലും ഊന്നി, ഈ പ്രദേശത്ത്, സഹവർത്തിത്വത്തോടെ കഴിയാവുന്ന ഒരു അവസ്ഥയാണ് കരുണ ഒരുമയിലൂടെ ഉദ്ധേശിക്കുന്നത്.  അത് കൊണ്ട് തന്നെയാണ് കരുണയിൽ അംഗമാവാനോ, കരുണയുടെ ഏതെങ്കിലും പരിപാടികളിൽ ഭാഗവാക്കാകാനോ, കരുണ ആരെയും നിർബന്ധിക്കാത്തത്. തികച്ചും അവനവൻറെ വ്യക്തിബോധത്തിനും സ്വാതന്ത്ര്യത്തിനും അനുസൃതമായി മാത്രം, ഓരോ വ്യക്തിയും കരുണ കുടുംബാംഗമാവണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതും അത്കൊണ്ടു തന്നെ. എന്തെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യം പൂർണമാവുന്നത് അത്  ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഉള്ളപ്പോൾ മാത്രമാണ്! 

    പരസ്പരം കാണാനും അറിയാനും മനസ്സിലാക്കാനും ഉള്ള അവസരങ്ങൾ ഒരു പ്രദേശത്തെ ജനങ്ങളുടെ ഒരുമയെ പരിപോഷിപ്പിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത്തരം അവസരങ്ങൾ പ്രധാനം ചെയ്യുക എന്നതാണ് കരുണയുടെ ദൗത്യം.
അതിലേക്കായി  പൊതു ഇടങ്ങൾ, പാർക്കുകൾ, വായനശാലകൾ, ഇത്തരം കലാ-സാംസ്കാരിക പരിപാടികൾ എന്നിവ, കരുണയുടെ ഭൌതിക പരിമിതികളെ മറികടന്നു, ഈ പ്രദേശത്തെ ജനങ്ങൾക്ക്‌ ആകമാനം പ്രധാനം ചെയ്യാനുള്ള പ്രവർത്തനങ്ങളും ആയി മുന്നോട്ടു പോവാനാണ് കരുണയുടെ ശ്രമം.

    നമ്മൾ എന്നും അവർ എന്നും ഉള്ള പലതരം ചേരിതിരിവുകളിൽ നിന്നും മോചനം നേടി, നല്ല അയൽക്കാരും നല്ല മനുഷ്യരും ആയി മുന്നേറാനുള്ള ശ്രമം കരുണയിലൂടെ നമുക്ക് തുടരാം.........

Thursday, January 28, 2016

അധികാരികൾ ആരോപണവിധേയരാവുമ്പോൾ

കേരളത്തിൽ വളരെ പ്രചാരമുള്ള ഒരു പദമാണ് ക്വൊട്ടേഷൻ എന്നത്. ഏതാനും നാണയതുട്ടുകൾക്ക് വേണ്ടി ഒരു മുൻപരിചയവും മുൻവൈരാഗ്യവും ഇല്ലാത്ത വ്യക്തികളെ ആക്രമിച്ചു കൊല്ലാൻ വരെ തയ്യാറാവുന്ന സംഘങ്ങളെ സൂചിപ്പിക്കുന്ന പദം!

സമീപകാലത്ത് നടന്ന ചില പ്രമാദമായ രാഷ്ട്രീയകൊലപാതകങ്ങളിലും ശ്രദ്ധിക്കപ്പെട്ടത് ഇത്തരം ക്വൊട്ടേഷൻ സംഘാംഗങ്ങളുടെ ഇടപെടൽ തന്നെ ആയിരുന്നു. ഏറ്റവും വലിയ ഉദാഹരണം കുപ്രസിദ്ധി നേടിയ ടി പി ചന്ദ്രശേഖരൻ വധക്കേസ് തന്നെ. കൊലയാളികൾക്ക് തങ്ങളുടെ ഇരയെ കണ്ടാൽ പോലും മനസ്സിലാവാത്ത അവസ്ഥയിൽ, കാണിച്ചുകൊടുക്കാൻ കൂടെ ആളെ വിടേണ്ട അവസ്ഥ! 

പണത്തിനും സംരക്ഷണത്തിനും വേണ്ടി ക്രൂരമായ കൊലപാതകങ്ങൾ പോലും നടത്താൻ തയ്യാറായ ധാരാളം പേരുള്ള ഈ നാട്ടിൽ, സമാനലക്ഷ്യത്തോടെ മറ്റു താരതമേന്യേനിസ്സാരമായ കുറ്റങ്ങൾ ചെയ്യാൻ തയ്യാറുള്ള ആളുകളെ കിട്ടാനാണോ വിഷമം? പ്രത്യേകിച്ച് താൻ ചെയ്യുന്നത് തൻറെ പാർട്ടിക്കോ, മതത്തിനോ, സംഘടനക്കോ  വേണ്ടി ആണ് എന്ന് വിശ്വാസമുള്ള ആളുകൾ?

സംഗതി അങ്ങിനെ ആയിരിക്കെ, ഭരണത്തിലിരിക്കുന്ന സർക്കാരിനോ അല്ലെങ്കിൽ ഏതെങ്കിലും മന്ത്രിമാർക്കോ എതിരായി ഒരു ആരോപണം ഉന്നയിക്കാൻ എത്ര എളുപ്പം ഒരാളെ കണ്ടെത്താൻ ആവില്ല? ആവശ്യത്തിനു പണമോ, മറ്റു വിധത്തിലുള്ള സംരക്ഷണമോ വാഗ്ദാനം ചെയ്‌താൽ പോരെ? ഒരു ഭൂരിപക്ഷമുള്ള സർക്കാരിനെ അട്ടിമറിക്കാൻ എത്ര എളുപ്പം! 

ഈ ഒരപകടം ബോധ്യപ്പെട്ട നമ്മുടെ പരമോന്നത നീതിപീഠം ഇത്തരം സാഹചര്യങ്ങളെ നേരിടാൻ വേണ്ട നടപടിക്രമങ്ങൾ കൃത്യമായി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. പൊതുപ്രവർത്തകർക്ക് നേരെ അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നാൽ, ആ ആരോപണങ്ങളിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഒരു quick verification  അല്ലെങ്കിൽ ഒരു preliminary inquiry നടത്തി പ്രഥമദൃഷ്ട്യാ കഴമ്പുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്തു മുന്നോട്ടു പോകാവൂ എന്നാണു പ്രധാന നിർദ്ദേശം. ബന്ധപ്പെട്ട കോടതി അത്തരം റിപ്പോർട്ട്‌ പരിശോധിച്ച് നീതി നടപ്പാവുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും ആണ്. 
തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്നും നമ്മുടെ പൊതുപ്രവർത്തകരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ തന്നെ നന്മയ്ക്കു അനിവാര്യമാണ്. അല്ലെങ്കിൽ, അത് നമ്മുടെ ഭരണവ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും. ഒരു പക്ഷെ, കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നും നോക്കിയാൽ ആ അപകടം നമുക്ക് മനസ്സിലായില്ല എന്നുവരും. എന്നാൽ നിഷ്പക്ഷമായി ചിന്തിച്ചാൽ, നമ്മുടെ ഭരണാധികാരികൾ നിർഭയമായി പ്രവൃത്തിക്കേണ്ടതിന്റെ, അതിനായി അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം നമുക്ക് ബോധ്യപ്പെടും. 

ഒരു ചോദ്യം ഉയർന്നേക്കാം- എല്ലാവർക്കും ഒരേ നീതി ബാധകം അല്ലെ എന്ന്. ശരിയാണ്. എങ്കിലും, ഭരണനേതൃത്വത്തിന് നേരെ ആരോപണം ഉയരുമ്പോൾ ആ ആരോപണം അന്വേഷിക്കേണ്ടത് അവരുടെ തന്നെ കീഴിൽ പ്രവൃത്തിക്കുന്ന പോലിസ് ആണ് എന്നതാണ് ഒരു പ്രധാന വ്യത്യാസം. അത് കൊണ്ട്, ആരോപണം ഉയരുമ്പോൾ തന്നെ രാജിക്കായുള്ള മുറവിളിയും തുടങ്ങും. ഈ മുറവിളി തികച്ചും സ്വാർത്ഥ താൽപര്യങ്ങൾക്ക്‌ അനുസരിച്ചാണ് എന്നത് മറ്റൊരു കാര്യം. സ്വന്തം നേതാവിന് നേരെ എത്ര കൊടിയ ആരോപണം വന്നാലും നാം കണ്ണടയ്ക്കും, മറിച്ചു എതിർ ചേരിയിലെ നേതാവിന് നേരെ ഉയരുന്ന ആരോപണങ്ങൾക്ക് രാജിയിൽ കുറഞ്ഞ മറ്റൊന്നും നാം അംഗീകരിക്കുകയും ഇല്ല. 

അപ്പോൾ കരണീയമായിട്ടുള്ളത് രണ്ടു കാര്യങ്ങൾ മാത്രമാണ്. ഒന്നാമത്തെ കാര്യം, അഴിമതി അന്വേഷിക്കുന്ന Vigilance  പോലുള്ള വിഭാഗങ്ങളെ തികച്ചും സ്വതന്ത്രമായുള്ള ഒരു ഏജൻസിയുടെ കീഴിൽ കൊണ്ട് വരിക എന്നതാണ്. നമ്മുടെ ലോക്പാൽ നിയമം അത്തരം ഒരു സംവിധാനം ആണ് അനുശാസിക്കുന്നത്. എന്നാൽ ആ നിയമം ഇപ്പോഴും നിലവിൽ വന്നിട്ടില്ല. ഇനി വന്നാലും കൂട്ടിലിട്ട തത്തകൾ സ്വതന്ത്രരാവും എന്ന് ആശിക്കുന്നത് ആസ്ഥാനത്താണ് എന്നാണു അനുഭവങ്ങൾ പഠിപ്പിക്കുന്നത്‌. ഭരിക്കുന്ന സർക്കാരുകളെ വിമർശിക്കുന്നവർ പോലും അവർ അധികാരത്തിൽ വന്നാൽ Vigilance നെയോ CBI യെയോ സ്വതന്ത്രമാക്കും എന്ന് വാഗ്ദാനം നല്കില്ല എന്നതും തീർച്ച. 

അപ്പോൾ, രണ്ടാമത്തെ കാര്യം മാത്രമേ കരണീയമായിട്ടുള്ളൂ. അതാണ്‌ സുപ്രിംകോടതി അനുശാസിച്ച രീതി. ആരോപണം വന്നാൽ quick verification നടത്തി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കുക. ആരോപണത്തിന്റെ നിജസ്ഥിതി ബോധ്യമായാൽ മാത്രം കേസ് രജിസ്റ്റെർ ചെയ്യുക. കോടതിക്ക് ബോധ്യമായില്ലെങ്കിൽ തുടർ അന്വേഷണമോ മറ്റേതെങ്കിലും എജെൻസികളെ ഉപയോഗിച്ചുള്ള അന്വേഷണമോ നിർദ്ദേശിക്കുക. ഏതെങ്കിലും കക്ഷിക്ക്, ഏതെങ്കിലും തീരുമാനത്തെ, വേണമെങ്കിൽ അപ്പീലിലൂടെ ചോദ്യം ചെയ്യുകയും ആവാം. 

രാജി ആവശ്യമായി വരുന്നത് ഒന്നുകിൽ കുറ്റം ആരോപിക്കപ്പെട്ട ആളുടെ സ്വന്തം മനസ്സാക്ഷിയുടെ തീരുമാനപ്രകാരം, അല്ലെങ്കിൽ കോടതി കുറ്റം ചുമത്തി ചാർജ് ചെയ്യുമ്പോൾ മാത്രം. അല്ലാതെ, ആരെങ്കിലും ആരോപണം ഉയർത്തിയ പാടെ FIR രജിസ്റ്റെർ ചെയ്തു പ്രതിയാക്കി രാജി ആവശ്യപ്പെട്ടാൽ ഒരു പാർട്ടിയിലെ ഒരു നേതാവിനും ഇവിടെ ഭരിക്കാൻ കഴിയില്ല. പ്രത്യേകിച്ച്, സമ്പന്നരും ശക്തിശാലികളും ആയവർക്കെതിരായ തീരുമാനങ്ങൾ എടുത്തുകൊണ്ട്.  

ഒരു ജനവിധിയെ മറികടക്കാൻ ആരെങ്കിലും വളഞ്ഞ വഴികൾ സ്വീകരിക്കാനുള്ള ചെറിയ അവസരം പോലും ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. നമ്മുടെ ജനാധിപത്യവും ജനവിധിയും സംരക്ഷിക്കപ്പെടാൻ അതെ വഴിയുള്ളൂ. പിന്നെ കുറ്റവാളികൾ രക്ഷപ്പെടുന്ന കാര്യം- അതിനല്ലേ അഞ്ചു വർഷം കഴിയുമ്പോൾ ഉള്ള തിരഞ്ഞെടുപ്പും, കൂടാതെ നിയമവ്യവസ്ഥയിൽ തന്നെ ഉള്ള ഒട്ടനവധി പ്രതിവിധികളും?  





P.S.  ഇത് എഴുതാൻ പ്രചോദനം ആയതു ബാർ കോഴ കേസിൽ തൃശൂർ വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവും മന്ത്രി ബാബുവിന്റെ രാജിയും ആണ്. ആ വിധി ഇപ്പോൾ കേരള ഹൈക്കോടതി stay ചെയ്തിട്ടുമുണ്ട്. എന്നാൽ ഇവിടെ പറയുന്ന ഒരു കാര്യവും ആ കേസിനെയോ മറ്റേതെങ്കിലും കേസിനെയോ  നേരിട്ട് ആസ്പദം ആക്കിയിട്ടുള്ളതല്ല. ഏതെങ്കിലും ആരോപണത്തിന്റെ ശരി-തെറ്റുകളും ഇവിടെ പ്രതിപാദ്യവിഷയം അല്ല.