Tuesday, August 16, 2016

വായ്നോട്ടം ഒരു അവകാശമല്ല!

 നമ്മൾ മലയാളികളുടെ ഋഷിരാജ് സിംഗ് പ്രേമത്തിലെ വൈരുദ്ധ്യത്തെക്കുറിച്ചു ഞാൻ മുൻപേ എഴുതിയിട്ടുള്ളതാണ്. ഇപ്പോൾ ആ വൈരുധ്യം മറ നീക്കി പുറത്തു വരുന്നത് കൗതുകകരം ആണ്, ഒപ്പം ആശങ്ക ഉണർത്തുന്നതും!

ഋഷിരാജ് സിങ്ങിന്റെ ഒരു പ്രസംഗം വിവാദമായിരിക്കുകയാണല്ലോ. 14 സെക്കൻഡിൽ കൂടുതൽ ഒരു സ്ത്രീയെ തുറിച്ചു നോക്കിയാൽ ആ സ്ത്രീക്ക് തന്നെ തുറിച്ചു നോക്കിയ ആൾക്കെതിരെ കേസ് കൊടുക്കാൻ അവകാശം ഉണ്ട് എന്ന നിയമപരമായ ഒരു വാസ്തവം അദ്ദേഹം പറഞ്ഞതാണ് കുഴപ്പമായത്. അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യം കേന്ദ്ര സർക്കാർ തന്നെ നിയമിച്ച ഒരു ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകളിൽ അടങ്ങിയതാണ് എന്നതും ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്നതാണ് എന്നതും ശ്രദ്ധേയമാണ്. 

എങ്കിലും ആ പ്രസംഗത്തിന് എതിരായി വരുന്ന പ്രതികരണങ്ങൾ അത്ഭുതാവഹമാണ്. മിക്ക പ്രതികരണങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാവുക ഇതാണ്- ഒന്നുകിൽ, നമ്മളിൽ ഏറിയ പങ്കും ഒരു സാധാരണ നോട്ടത്തെയും അശ്ലീലച്ചുവയോ ഭീഷണിയോ നിറഞ്ഞ വായ്നോട്ടത്തെയും തിരിച്ചറിയാൻ പോലും കഴിയാത്ത അത്രയും നിഷ്കളങ്കർ ആണ്, അല്ലെങ്കിൽ അത്തരം വായ്നോട്ടം നാം ഒരു അവകാശമായി കാണുന്നു. രണ്ടായാലും മോശം തന്നെ എന്ന് പറയേണ്ടതില്ലല്ലോ?

സ്ത്രീകളുടെ ശരീരവും സൗന്ദര്യവും ഒരു പൊതുമുതൽ അല്ല എന്നും, അത് ആർക്കും, എപ്പോഴും, എവിടെ വെച്ചും, എങ്ങിനെയും ആസ്വദിക്കാനുള്ളതല്ല എന്നും ഉള്ള പ്രാഥമികമായ ബോധം നമുക്ക് ഉണ്ടെങ്കിൽ വായ്നോട്ടം ഒരു അവകാശം അല്ല എന്ന് തിരിച്ചറിയാൻ ഏറെ എളുപ്പമാണ്. 

ഇനി സാധാരണനോട്ടവും വായ്നോട്ടവും തിരിച്ചറിയാൻ പറ്റുന്നില്ല എങ്കിൽ, സ്വന്തം കാഴ്ചപ്പാട് അല്പം മാറ്റി ഇരയുടെ കണ്ണിലോടെ നോക്കാൻ ശ്രമിക്കൂ. സ്ത്രീയോ പുരുഷനോ ആരുമാവട്ടെ, ആർക്കാണ് തന്നെ മറ്റുള്ളവർ വെറുതെ തുറിച്ചു നോക്കുന്നത് ഇഷ്ടപ്പെടുക? നമ്മുടെ സ്വകാര്യതയിലേക്കു സമ്മതം കൂടാതെ ഇടിച്ചു കയറാൻ ആർക്കാണ് അവകാശം? ഇനിയും മനസ്സിലാവുന്നില്ലെങ്കിൽ അടുപ്പമുള്ള ഏതെങ്കിലും സ്ത്രീയുടെ അഭിപ്രായം ആരായൂ, അവർ കൃത്യമായി പറഞ്ഞു തരും എന്താണ് വ്യത്യാസം എന്ന്.  

ചിലരെങ്കിലും പ്രായോഗികതയെ കൂട്ട് പിടിക്കുന്നതും കണ്ടു. വായ്നോട്ടം എങ്ങിനെ തെളിയിക്കും എന്നതാണ് അവരുടെ ചോദ്യം. ശരിയാണ്- ബലാത്കാരം പോലും കോടതിയിൽ തെളിയിക്കാൻ ബുദ്ധിമുട്ടുന്ന ഈ നാട്ടിൽ വായ്നോട്ടം തെളിയിക്കാനും എളുപ്പമാവില്ല. അത് കൊണ്ട്  തന്നെയാവണം ഒരു പരിധിവരെയെങ്കിലും സ്ത്രീകളും പ്രതികരിക്കാതിരിക്കുന്നത്. പക്ഷെ, നമുക്കോരോരുത്തർക്കും ഉള്ള മനഃസാക്ഷിക്കോടതിയിൽ അത്തരം ബുദ്ധിമുട്ടുകൾ ഇല്ലല്ലോ? അവനവനു ശരിയല്ല എന്ന് തോന്നുന്നത് ചെയ്യാതിരുന്നാൽ തന്നെ നമ്മുടെ നാട് എത്ര നന്നാവും! 

ഒരു നോട്ടം, അല്ലെങ്കിൽ ഒരു വാക്ക്, ശരിയോ തെറ്റോ എന്നറിയാനും എളുപ്പവഴിയുണ്ട്. ഒരാൾ തന്റെ അമ്മയുമായോ, സഹോദരിയുമായോ, ഭാര്യയുമായോ, സുഹൃത്തുമായോ നടന്നു പോവുമ്പോൾ വഴിയരികിൽ ഇരുന്നു പറയുന്ന കമന്റുകളും നോട്ടങ്ങളും അയാൾക്ക്‌ സ്വീകാര്യമാണെങ്കിൽ ആ നോട്ടത്തിലോ വാക്കുകളിലോ പ്രശ്നമില്ല എന്ന് കണക്കാക്കാം. മറിച്ചു, തന്റെ കൂടെയുള്ള സ്ത്രീക്ക് അനുഭവപ്പെടാൻ തനിക്കു താല്പര്യമില്ലാത്ത എല്ലാ പെരുമാറ്റവും മറ്റു സ്ത്രീകളുടെ അടുത്തും ഒഴിവാക്കേണ്ടതാണ് എന്നും ഉറപ്പിക്കാം. ഇത്രയും ചെയ്യാൻ നാമോരോരുത്തരും തയ്യാറായാൽ തന്നെ, ഋഷിരാജ് സിംഗ് സൂചിപ്പിച്ച പ്രശ്നങ്ങളിൽ നിന്നും നമ്മുടെ സ്ത്രീകൾ മുക്തി നേടും. അല്ലാതെ, രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന കുട്ടിയെ ആക്രമിച്ചത് കൊണ്ടോ ഭീഷണിപ്പെടുത്തിയത് കൊണ്ടോ സത്യം സത്യമല്ലാതാവുകയില്ല. 

കേരളത്തിലെ ഓരോ സ്ത്രീക്കും ഏതു സമയത്തും ഒറ്റക്കോ കൂട്ടത്തിലോ ധൈര്യമായി യാത്ര ചെയ്യാൻ ഉള്ള സാഹചര്യം ഉണ്ടാവട്ടെ. എന്നിട്ടു നമുക്ക് ഋഷിരാജ് സിംഗിനെ കളിയാക്കും. അതുവരെ, ഇംഗ്ലീഷുകാർ പറയുന്ന പോലെ the joke is on us!

Tuesday, August 2, 2016

പ്രധാനമന്ത്രി ആവാസ് യോജന (PMYA)


PMYA പദ്ധതിയുടെ ഗുണഭോക്താക്കൾ അറിയേണ്ട പ്രധാനകാര്യങ്ങൾ താഴെ ചേർക്കുന്നു. സ്വന്തമായി വീടില്ലാത്ത ആർക്കെങ്കിലും ഉപയോഗപ്രദം ആവട്ടെ എന്ന ആശയോടെ...

1. 2022- നകം നഗരങ്ങളിലെ ഏവർക്കും സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ ഉള്ള പദ്ധതി.

2. നാലു വിഭാഗങ്ങളിൽ ആയിട്ടാണ് പദ്ധതി:                       
    (i) ചേരി യഥാസ്ഥാന പുനർനിർമാണം
    (ii) ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം
    (iii) പങ്കാളിത്ത പാർപ്പിട വികസനം
    (iv) സബ്സിഡി ബന്ധിത വ്യക്‌തിഗത ഭവന നിർമാണം/ വിപുലീകരണം

ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം

3. ഇന്ത്യയിൽ ഒരിടത്തും സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾക്കായി

4. കുടുംബം എന്നത് ഭർത്താവ്, ഭാര്യ, അവിവാഹിതരായ മക്കൾ ആണ്

5. വായ്പാസഹായം വീട് നിർമിക്കാനും വാങ്ങാനും ലഭിക്കും

നിബന്ധനകൾ

6. കുടുംബത്തിന്റെ വാർഷികവരുമാനം:
    3 ലക്ഷം വരെ (EWS): 30 ചതുരശ്ര മീറ്റർ വരെ
    6 ലക്ഷം വരെ (LIG):  60 ചതുരശ്ര മീറ്റർ വരെ (വേണമെങ്കിൽ കൂടുതൽ ഏരിയ ഉള്ള വീടും വെയ്ക്കാം)
   
(സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പ്രകാരം ഓരോ അംഗത്തിന്റെയും വരുമാനവും സ്രോതസ്സും ഉൾപ്പെടുത്തി പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും ചേർന്ന് നൽകേണ്ടതും, ബാങ്കുകൾ അത് പരിശോധിച്ച് ബോധ്യപ്പെടേണ്ടതും ആണ്)

7. നഗരം ആയിരിക്കണം+ കക്കൂസ്, ഡ്രൈനേജ്, വെള്ളം, റോഡ് സൗകര്യം, വൈദ്യുതി എന്നിവ ലഭ്യമായിരിക്കണം

8. മുൻഗണന: EWS/LIG വിഭാഗത്തിൽ തന്നെ തോട്ടികൾ, സ്ത്രീകൾ നാഥകൾ ആയ കുടുംബങ്ങൾ, SC/ST, OBC, ന്യൂനപക്ഷങ്ങൾ, വികലാംഗർ, ഭിന്ന ലിംഗക്കാർ എന്നിവർക്ക് മുൻഗണന

9. വായ്പ സംഖ്യ: കുടുംബ വാർഷികവരുമാനത്തിന്റെ 4 മടങ്ങ് വരെ (ഉദാഹരണം: വാർഷിക വരുമാനം രൂപ 1 ലക്ഷം ഉള്ള കുടുംബത്തിന് കിട്ടാവുന്ന വായ്പ കൂടിയത് രൂപ 4 ലക്ഷം മാത്രം). 

10. പലിശ: പ്രയോറിറ്റി സെക്ടർ വായ്പകൾക്ക് സമാനം. 

11. സബ്‌സിഡി:  മൊത്തം പലിശയിൽ 6.5 % സബ്‌സിഡി ആയി കേന്ദ്ര സർക്കാർ ബാങ്കിലേക്ക് നേരിട്ട് നൽകും.
(ഉദാഹരണം: ബാങ്ക് പലിശ 13% ആണെങ്കിൽ സബ്‌സിഡി നിരക്ക് കഴിച്ചു 6.5% പലിശ ഗുണഭോക്താവ് നൽകണം)

(ഈ സബ്‌സിഡി 6 ലക്ഷം രൂപ വരെയും 15 വർഷം വരെയും മാത്രമേ ലഭിക്കൂ. കൂടുതൽ ഉള്ള തുകയ്‌ക്കോ കാലാവധിക്കോ സബ്‌സിഡി ലഭിക്കില്ല)

12. കാലാവധി: ബാങ്കിന്റെ തീരുമാനപ്രകാരം. സാധാരണയായി 15 വർഷം വരെ. 

13. അപേക്ഷ നൽകേണ്ടത്: ബന്ധപ്പെട്ട സർവീസ് ഏരിയ ബാങ്കിനോ അല്ലെങ്കിൽ നഗരസഭക്കോ നൽകണം. അർഹത നഗരസഭയും, വായ്പയും തിരിച്ചടവും ആയി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ ബാങ്കും തീരുമാനിക്കണം. 

14. എല്ലാ അംഗങ്ങൾക്കും ആധാർ, ബന്ധപ്പെട്ട ബാങ്കിൽ അക്കൗണ്ട് തുടങ്ങിയ കാര്യങ്ങൾ നിർബന്ധം.

15. വസ്തുവുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകൾ എല്ലാം ഹാജർ ആക്കണം. വായ്പയിലൂടെ വാങ്ങിയ/ നിർമിച്ച വീട് ആയിരിക്കും വായ്പക്കുള്ള പ്രഥമ ഈട്.

16. പിഴവ്: തിരിച്ചടവിൽ 3 മാസത്തെ കുടിശ്ശിക വരുത്തിയാൽ ജപ്തി മുതലായ നടപടികൾ സ്വീകരിക്കാം. കൂട്ടത്തിൽ സബ്‌സിഡി തുകയും തിരിച്ചു പിടിക്കുന്നതായിരിക്കും. 

17. ബാങ്കിന്റെ വായ്പ സംബന്ധമായ മറ്റു നിബന്ധനകളും ബാധകം ആയിരിക്കും. 


Tuesday, July 26, 2016

വരമ്പത്തെ കൂലി..


ഇന്ത്യൻ നിയമത്തിൽ ആത്‌മരക്ഷക്കായി നടത്തുന്ന പ്രവൃത്തികൾക്ക് പ്രത്യേക സംരക്ഷണം നൽകിയിട്ടുണ്ട്. ചില സഖാക്കൾ കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗത്തെ ന്യായീകരിക്കാൻ ഈ സംരക്ഷണത്തിന്റെ കാര്യം പറയുന്നത് കേൾക്കാൻ ഇടയായി. എന്നാൽ കാര്യങ്ങൾ അങ്ങിനെ ആണോ? ഒന്നു പരിശോധിക്കാം!

ഇന്ത്യൻ ക്രിമിനൽ നിയമം സംരക്ഷിക്കുന്നത് തന്റെയോ തന്റെ അടുത്തവരുടെയോ ജീവന് ഭീഷണി ആയേക്കാവുന്ന അക്രമങ്ങളെ ചെറുക്കുന്നതിനുള്ള അവകാശത്തെ ആണ്. എന്നാൽ ഈ സംരക്ഷണം നിയന്ത്രണങ്ങൾ ഇല്ലാത്ത ഒരു അവകാശം അല്ല. ധാരാളം നിയന്ത്രണങ്ങൾക്ക് വിധേയമാണ് ആത്മരക്ഷ അഥവാ self-defense.  ആത്മരക്ഷ പ്രയോഗത്തിൽ വരുന്നത് ഒരാൾ വിചാരിച്ചിരിക്കാതെ ആക്രമിക്കപ്പെടുമ്പോൾ അയാളോ കൂടെ ഉള്ള ആളോ അത് തടയുന്നതിൽ മാത്രമാണ്. അങ്ങിനെ തടയുന്നതിനിടയ്ക്കു വരുന്ന കാര്യങ്ങൾ മാത്രമേ നിയമത്താൽ സംരക്ഷിക്കപ്പെടുന്നുള്ളൂ എന്ന് സാരം. 

കോടിയേരി ആഹ്വാനം ചെയ്യുന്നത് പോലെ ഉള്ള മുൻകൂട്ടി തെയ്യാർ ചെയ്തുള്ളതും സംഘം ചേർന്നുള്ളതും ആയ തിരിച്ചടികൾ അതിന്റെ കീഴിൽ വരില്ല.  ഒരു ആക്രമണം ഉണ്ടാവും എന്ന സൂചന ഉണ്ടെങ്കിൽ ഒരാൾ ചെയ്യേണ്ടത് പോലീസ് സംരക്ഷണം നേടുക എന്നതാണ്. അല്ലാതെ, സ്വന്തമായി ഗുണ്ടാ സംഘങ്ങൾ രൂപികരിച്ചു ആക്രമത്തെ ചെറുക്കാൻ തുടങ്ങിയാൽ അതിനു നിയമത്തിന്റെ സംരക്ഷണം കിട്ടില്ല. പ്രത്യേകിച്ചും, വയലിലെ ജോലിക്കു വരമ്പത്തു കൂലി കൊടുക്കാൻ നോക്കുമ്പോൾ! വരമ്പത്തെ കൂലി ആക്രമണം തടയാനല്ല മറിച്ചു പ്രതികാരം ചെയ്യാനും കണക്കു തീർക്കാനും വേണ്ടി ഉള്ളതാണ്. റിപ്പോർട്ടുകൾ അനുസരിച്ചു കോടിയേരി ആഹ്വാനം ചെയ്യുന്നത് ചെറുപ്പക്കാരെ പരിശീലനം കൊടുത്തു തയ്യാറാക്കി നിർത്താനാണ്. ആക്രമിച്ചാൽ തിരിച്ചടിക്കാൻ ആയിട്ടാണ് ഈ പരിശീലനം. 

വയലിലെ കുറ്റകൃത്യങ്ങൾക്ക് വരമ്പത് കൂലി കൊടുക്കാൻ ആണ് നമ്മുടെ സമൂഹം പോലീസ് സേനയെ ചെല്ലും ചെലവും കൊടുത്തു പോറ്റുന്നത്. പോലീസ് സേനക്കൊപ്പം ആഭ്യന്തര മന്ത്രിയുടെ ചെലവ് വഹിക്കുന്നതും സമൂഹം തന്നെ. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിക്കു പോലീസിന്റെ അങ്ങിനെ ചെയ്യാനുള്ള മനസ്സിലോ കഴിവിലോ സംശയം ഉണ്ടെങ്കിൽ ചെയ്യേണ്ടത് ആഭ്യന്തര മന്ത്രിയെ മാറ്റുക എന്നതാണ്. അല്ലാതെ കുട്ടി സഖാക്കളെ ആയുധ പരിശീലനം കൊടുത്തു ആക്രമണത്തിന് പകരം വീട്ടാൻ തയ്യാറാക്കുകയല്ല. 

ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വം തന്നെ പോലീസിന്റെ കഴിവിൽ സംശയം പ്രകടിപ്പിക്കുമ്പോൾ, സാധാരണ ജനങ്ങൾ എന്ത് ചെയ്യണം? അക്രമം വരുമ്പോൾ നിയമം സ്വയം കയ്യിൽ എടുക്കുകതന്നെ ആണോ വേണ്ടത്?  അല്ലെങ്കിൽ തന്നെ, ആക്രമണം വരുന്നത് വരെ എന്തിനു കാത്തിരിക്കണം? വരാൻ സാധ്യത ഉണ്ടെന്നു സ്വയം ബോധ്യം ഉണ്ടെങ്കിൽ പ്രത്യാക്രമണം നടത്തിക്കൂടേ? Offense is the best form of defense എന്നല്ലേ പ്രമാണം

ഒസാമ ബിൻ ലാദനും IS ഉം ഒക്കെ ചെയ്യുന്നതും ഇതല്ലേ? അവർക്കു അക്രമകാരികൾ എന്നു തോന്നുന്നവരെ അവർ തിരിച്ചു ആക്രമിക്കുന്നു! ഇറാഖിലും അഫ്ഘാനിസ്ഥാനിലും ഒക്കെ പാശ്ചാത്യരാഷ്ടങ്ങൾ ചെയ്തു എന്ന് അവർ കരുതുന്ന ആക്രമണങ്ങൾക്കു അവരുടെ തിരിച്ചടി! കഷ്ടം, അതിനാണ് ആ പാവങ്ങളെ നാം ഭീകരർ എന്നൊക്കെ വിളിക്കുന്നത്!

സംഘികൾ അവകാശപ്പെടുന്നത് ആക്രമണങ്ങൾ മുഴുവൻ തുടങ്ങുന്നത് CPM കാർ ആണെന്നാണ്. അവരും പോലീസിനെ വിട്ടു, സ്വയം തിരിച്ചടിക്കുക എന്ന നയം സ്വീകരിച്ചാൽ (ഇപ്പോൾ പ്രവൃത്തിയിൽ അങ്ങിനെ അല്ല എന്നല്ല സാരം) പിന്നെ ഇവിടെ എന്തിനു പോലീസ്? എന്തിനു നിയമ വാഴ്ച? TP വധക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടു നടക്കുന്ന RMP ക്കാരും ഈ നയം സ്വീകരിച്ചാൽ

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സമത്വ സുന്ദര കാടൻ നിയമം നമുക്ക് തിരിച്ചു പിടിക്കാം! കൂലി വരമ്പത്തു വെച്ച് തന്നെ തീർക്കാം! പിണറായി സഖാവ് ഇതൊന്നു നിയമം ആക്കി പാസ്സാക്കി തന്നെങ്കിൽ എല്ലാറ്റിനും ഒരു കൃത്യത വന്നേനെ!


P. S. കണ്ണിനു പകരം കണ്ണ് എന്ന നീതി നടപ്പാക്കിയാൽ ഈ ലോകം മുഴുവൻ അന്ധരെക്കൊണ്ടു നിറയും എന്ന് പറഞ്ഞ ആ മഹാത്മാവിനു മുന്നിൽ ഈ പോസ്റ്റ് സമർപ്പിക്കുന്നു!

Wednesday, May 25, 2016

കേരളാ മോഡി?

ഇന്ന് കേരളത്തിന്‌ ഒരു പുതിയ സർക്കാർ ലഭിച്ച ദിവസം.. 
ആദ്യമേ നല്ലത് ആശംസിക്കട്ടെ- സർക്കാരിനും കേരളത്തിനും!

നല്ലത് മാത്രം പറയേണ്ട, ചിന്തിക്കേണ്ട ദിവസം ആണെങ്കിലും ചില അശുഭ ചിന്തകൾ മനസ്സിൽ ഉടലെടുക്കുന്നു!

ബോംബെറിഞ്ഞു ആക്രമിക്കപ്പെട്ട ഒരു ബന്ധു വീട്ടിൽ രാവിലെ തന്നെ പോയതിനാലാവാം 
അങ്ങ് ഡൽഹിയിൽ ഇറങ്ങിയ, പിണറായി വിജയൻ സർക്കാർ വരുന്നു എന്ന ഫുൾ പേജ് പരസ്യങ്ങളെക്കുറിച്ചുള്ള വാർത്ത കണ്ടതിനാലും ആവാം
അല്ലെങ്കിൽ, രാഷ്ട്രീയ എതിരാളികൾ നേടിയ വിജയത്തിൽ തോന്നുന്ന മനുഷ്യ സഹജമായ അസൂയ മൂലവും ആയേക്കാം...
എന്തായാലും മനസ്സിൽ തോന്നുന്നത് ഇവിടെ കുറിച്ചിടട്ടെ...തോന്നലുകൾ ശരിയോ തെറ്റോ എന്നത് കാലത്തിനു വിട്ടുകൊടുത്തു കൊണ്ട്!


മോഡി പറഞ്ഞു അച്ഛാ ദിൻ വരുമെന്ന്;
പിണറായി പറയുന്നു എല്ലാം ശരിയാവും എന്ന്!
എല്ലാം ശരിയായാൽ പിന്നെ അച്ഛാ ദിൻ തന്നെ, അല്ലെ?!

മോഡി പറഞ്ഞു സബ് കാ സാഥ്, സബ് കാ വികാസ്
പിണറായി പറയുന്നു
എല്ലാവരുടെയും സർക്കാർ, എല്ലാവരുടെയും വികസനം എന്ന്!

മോഡി പറഞ്ഞു ഇന്ത്യയിൽ ഹിന്ദുക്കൾ അപകടത്തിൽ- രക്ഷിക്കാൻ BJP വരണം
പിണറായി പറഞ്ഞുന്യൂനപക്ഷങ്ങൾ അപകടത്തിൽ- രക്ഷിക്കാൻ  LDF തന്നെ വരണം!

മീഡിയ പറയുന്നു മോഡിയുടെ വാക്കാണ് BJP യുടെ വാക്കെന്നു;
അവർ തന്നെ പറയുന്നു, LDF ന്റെ അന്തിമവാക്ക് പിണറായിയുടേതെന്നു! 


എല്ലാരും പറയുന്നു, പിണറായി പറഞ്ഞത് ചെയ്തു കാണിക്കുന്ന ആളെന്ന്;
എല്ലാരും പറഞ്ഞു- മോഡിയുടെ ഗുജറാത്തും അങ്ങിനെ ആയിരുന്നെന്നു!

മോഡി പറഞ്ഞു- മോഡി മോഡി മോഡി...
പിണറായി പറയുന്നു, full page പരസ്യങ്ങളിലൂടെ- പിണറായി വിജയൻ, പിണറായി വിജയൻ
എത്ര വേഗം ആണ് LDF സർക്കാർ പോയി പിണറായി വിജയൻ സർക്കാർ വന്നത്?  

മോഡിക്ക് രണ്ടു ജന്മദിനങ്ങൾ- ഒന്ന് ഒറിജിനൽ, ഡിഗ്രി സെർറ്റിഫിക്കറ്റിൽ മറ്റൊന്ന് ;
ഇപ്പോൾ പിണറായിക്കും രണ്ട്- ഒന്ന് ഒഫീഷ്യൽ, മറ്റൊന്ന് ലഡ്ഡു കൊടുക്കാൻ!

അദ്വാനിക്ക് മോഡി കൊടുത്തു ഒരു മാർഗ്ദർശക് മണ്ഡൽ;
VS നു പിണറായി കൊടുത്തു, ഒരു കേരള കാസ്ട്രോ പട്ടം!

കേരളത്തിന്‌ കിട്ടി ഒരു കേരള കാസ്ട്രോ
ഒപ്പം കിട്ടിയത് ഒരു (#MalluModi) കേരള മോഡിയോ?! 

അങ്ങിനെ ആവാതിരിക്കട്ടെ....... 



Tuesday, May 3, 2016

ഒരു കേരളം, രണ്ടു മരണങ്ങൾ!

ഇന്നത്തെ പത്രം, രണ്ടു മരണങ്ങൾ  
പെരുമ്പാവൂരിലെ ജിഷനരിപ്പറ്റ കുയ്തെരിമ്മൽ ലിനീഷ്

ജിഷ .... 
മറ്റൊരു സൗമ്യ, മറ്റൊരു നിർഭയ
പുരുഷ മേധാവിത്വത്തിന്റെ, കാമവെറിയുടെ
ജാതി വ്യവസ്ഥയുടെ, മറ്റെന്തിന്റെയൊക്കെയോ  
എണ്ണിയാലൊടുങ്ങാത്ത പെണ്ണിരകളിൽ മറ്റൊരുവൾ...
സമൂഹം മുഴുവൻ ഉണർന്നെണീറ്റു കഴിഞ്ഞു
പോസ്റ്റ്‌മോർട്ടം തകൃതിയായി നടക്കുന്നു
ആരൊക്കെ ഉത്തരവാദികൾ
കണ്ടെത്തണം, ശിക്ഷിക്കണം... എന്നാലായോ?

അടച്ചുറപ്പില്ലാത്ത വീട്ടിൽ,  ഒറ്റമുറിയിൽ ഇങ്ങിനെ 
ജീവിക്കാൻ, കൊല്ലപ്പെടാൻ, ജിഷയെ എങ്ങിനെ നാം അനുവദിച്ചു?
മരിക്കും വരെ, അല്ല വാർത്തയാകും വരെ 
എവിടെ ആയിരുന്നു സാംസ്കാരിക കേരളം? ഭരണകൂടം
ആവശ്യക്കാരിൽ ആവശ്യക്കാരായ ജിഷയുടെ കുടുംബത്തെ 
എന്തെ നാം കണ്ടെത്തിയില്ല?
ഉദ്ധ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, സംഘടനകൾ
എണ്ണിയാലൊടുങ്ങാത്ത സാമൂഹ്യ പ്രവർത്തകർ
ആരും കണ്ടില്ലേ ഈ ദൈന്യം? ഒരു പരിഹാരം?

മരണത്തിൽ ധാർമികരോഷം എത്രയോ എളുപ്പം;
ജീവനുള്ള പരിഹാരം ആണ് ഏറെ കഠിനം!
അതുവരെ, പൂർണതയില്ലാത്ത ഈ ലോകത്ത് 
ജിഷമാർ ഇനിയും ആക്രമിക്കപ്പെടും, തടയാനാവില്ല
ഇരകൾക്ക് നീതിയെങ്കിലും ഉറപ്പാക്കി 
സമൂഹത്തിനു സുഖനിദ്ര പൂകാം!
ഒപ്പം, ഓണത്തിനിടയിലെ പൂട്ടുകച്ചവടം പോലെ
കുറച്ചു വോട്ടും, കുറച്ചു TRP യും തരപ്പെടുമോ
എന്നും കൂടി നോക്കാം.. 

ലിനീഷ്...
വീടില്ലാഞ്ഞിട്ടല്ല, പെണ്ണായിട്ടല്ല, ദളിതനുമല്ല
എന്നിട്ടും കൊല്ലപ്പെട്ടു, മുപ്പത്തിനാലാം വയസ്സിൽ!
സഘാക്കൾക്കൊപ്പം ബോംബുണ്ടാക്കുകയായിരുന്നു
പൊട്ടിയത് അല്പം നേരത്തെ ആയിപ്പോയി
ചിതറിയത് സ്വന്തം കൈകളും!

വോട്ടിനിടയിൽ, ബോംബിനെന്തു കാര്യം
എന്തിനെന്നോ, ആർക്കു വേണ്ടിയെന്നോ അറിയേണ്ടേ
ഉത്തരവാദികളെ കണ്ടെത്തണ്ടേ?  ശിക്ഷിക്കേണ്ടേ?
അല്ല, മറ്റൊരു രക്തസാക്ഷി സ്തൂപമൊരുക്കി എല്ലാം മറക്കാനോ
പോസ്റ്റ്‌മോർട്ടം ഇല്ല, ധാർമികരോഷമില്ലഉള്ളത്
കാതടപ്പിക്കുന്ന നിശബ്ധത മാത്രം!
ഇവിടെയും വേണ്ടേ ഒരു ജീവനുള്ള പരിഹാരം?
ഒടുങ്ങേണ്ടേ ഈ അക്രമ, ബോംബു രാഷ്ട്രീയം?

കാമവെറി പൂണ്ട നരാധമന്മാർ എപ്പോഴും ഉണ്ടാവും
അവരിൽ നിന്നും ജിഷയെ ജീവനോടെ രക്ഷിക്കാൻ 
അടച്ചുറപ്പുള്ള മേൽക്കൂരയെങ്കിലും നല്കാം 
അധികാര ഭ്രാന്ത് മൂത്ത നേതാക്കളും ഉണ്ടാവും
ലിനീഷുമാരെ, ജനാധിപത്യത്തെ, നമ്മുടെ നാടിനെത്തന്നെ
ആ നേതാക്കളിൽ നിന്നും കൂടി രക്ഷിക്കണം!

ഓരോ ജീവനും ജീവിച്ചു തീരട്ടെ! 


P.S:  പത്രവാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞത്, മുൻപ് തന്നെ ജിഷയുടെ കുടുംബത്തിനു വീട് വെക്കാനായി കേരള സർക്കാർ ധനസഹായം നല്കിയിട്ടുണ്ട് എന്നാണ്. 3.75 ലക്ഷം രൂപ 5 സെന്റ്‌ സ്ഥലം വാങ്ങാനും 3 ലക്ഷം രൂപ അതിൽ ഒരു വീട് വെക്കാനും. അങ്ങിനെ വാങ്ങിയ സ്ഥലത്ത് വീട് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു! 

Thursday, April 28, 2016

നാദാപുരത്തെ ബോംബുകൾ

നാദാപുരം പ്രദേശത്തെ മത്സരിച്ചുള്ള ബോംബ്‌ നിർമാണം, പോലിസിനെ, അല്ലെങ്കിൽ സമൂഹമന:സാക്ഷിയെ എങ്കിലും ഉണർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മറ്റൊരു കൂട്ടം ചെറുപ്പക്കാർക്ക് കൂടി ബോംബ്‌ നിർമാണത്തിനിടയിൽ നടന്ന സ്പോടനത്തിൽ സാരമായ പരിക്കേറ്റു!

ഈ പ്രാവശ്യത്തെ (കുറ്റവാളികൾ കൂടിയായ) ഇരകൾ അധികാരത്തിൽ എത്തിയാൽ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു വോട്ട് പിടിക്കുന്നവരുടെ ആളുകൾ ആണുപോലും! എങ്കിലും നാദാപുരത്തെ ബോംബുകളുടെ സമീപകാല ചരിത്രം നോക്കിയാൽ ഈ കുറ്റം ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രമല്ല എന്ന് മനസ്സിലാവും. മിക്ക പാർട്ടികളും തങ്ങളാൽ ആവുന്നത് പോലെ നോക്കുന്നു!

നാദാപുരത്തെ ബോംബുകൾ ഏതായാലും ജനങ്ങളെ സേവിക്കാൻ ഉള്ളതല്ല.. പിന്നെ, ആർക്കു വേണ്ടി? എന്തിനു വേണ്ടി? ആരാണ് ഇതിനു പിന്നിൽ കളിക്കുന്നത്?

നേതാക്കന്മാരുടെ കാര്യം പോട്ടെ, എങ്ങിനെ ഇത്രയും ചെറുപ്പക്കാർ ബോംബു നിർമാണവും കൊലപാതക രാഷ്ട്രീയവും പോലുള്ള ഹീനമായ പ്രവൃത്തികളിൽ എത്തിപ്പെടുന്നു? സാമൂഹ്യബോധം ഇല്ലെങ്കിലും സ്വയരക്ഷാ ബോധമെങ്കിലും വേണ്ടേ, വിശേഷബുദ്ധി ഉണ്ടെന്നു നാം അവകാശപ്പെടുന്ന ഈ മനുഷ്യ മൃഗങ്ങൾക്ക്?