Saturday, November 21, 2015

ചുംബനസമരവും പെണ്‍വാണിഭവും


ചുംബനസമരത്തിന്‌ നേതൃത്വം കൊടുത്തവരിൽ രണ്ടു പേർ പെണ്‍വാണിഭത്തിനു പോലീസ് പിടിയിൽ ആയി. പലർക്കും ഓർക്കാപ്പുറത്ത് കിട്ടിയ ഒരു സുവർണാവസരം! ഒരു സമരത്തെ ആകെ ഇകഴ്ത്താനും ആ സമരം മുന്നോട്ടു വെച്ച ആശയങ്ങളെ പൊളിച്ചടുക്കാനും ഇതിലും നല്ല അവസരം എവിടെ കിട്ടും?!

ചുംബനസമരത്തിൽ പങ്കെടുത്തവരെ മാത്രമല്ല, മറിച്ചു ആ സമരം നടത്താനുള്ള അവരുടെ അവകാശത്തെ പിന്താങ്ങിയവരെയും, എന്തിനു, കപട സദാചാരപോലീസിനെതിരെ പ്രതികരിച്ചവരെപ്പോലും പെണ്‍വാണിഭക്കാരാക്കി ചിത്രീകരിക്കാൻ മത്സരിക്കുകയാണ് ഒരു പറ്റം ആളുകൾ!

ഇതിനിടയിൽ മറന്നു പോവുന്ന ചില നഗ്നസത്യങ്ങൾ ഇവിടെ കുറിച്ചിടട്ടെ:

ചുംബനസമരം എൻറെ മൂല്യബോധത്തിന് നിരക്കുന്നതായിരുന്നില്ല.  ഒരു സമരം ആയിട്ടാണെങ്കിലും ചുംബനം പോലുള്ള കാര്യങ്ങളിൽ സ്വകാര്യത അനിവാര്യമാണ് എന്നാണ് എൻറെ വിശ്വാസം. എന്നാൽ എൻറെ വിശ്വാസം ആണ് പരമപ്രധാനം എന്ന പിടിവാശി എനിക്കില്ല. മറ്റൊരാൾക്ക്‌ പരസ്യമായി ചുംബിച്ചു തൻറെ പ്രതിഷേധം രേഖപ്പെടുത്തണം എന്നുണ്ടെങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് നാട്ടിലെ ഏതെങ്കിലും നിയമത്തിനു എതിരാണ് എങ്കിൽ, അതിനെ നിയമപരമായി നേരിടാനുള്ള അവകാശവും ഏതൊരു പൗരനും ഉണ്ട്. എന്നാൽ, ഒരു സമരമാർഗം, അല്ലെങ്കിൽ മറ്റെന്തെങ്കിലും പെരുമാറ്റം, തങ്ങളുടെ മൂല്യബോധത്തിനോ സദാചാരബോധത്തിനോ നിരക്കുന്നതല്ല എന്നത് കൊണ്ട് മാത്രം അതിനെ കായികമായി അടിച്ചമർത്താം എന്ന തോന്നൽ ജനാധിപത്യത്തിനു നിരക്കുന്നതല്ല. അങ്ങിനെ തോന്നുന്നവരെ ആണ് കപട സദാചാരപോലിസ് എന്ന് വിളിക്കുന്നത്‌.

സമരമാർഗത്തെ എതിർക്കുമ്പോൾ തന്നെ, സമരം ചെയ്യാനുള്ള അവകാശത്തെ അനുകൂലിക്കുന്നത് ഒരു വിരോധാഭാസം അല്ല, മറിച്ചു ജനാധിപത്യബോധം തന്നെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രധാനമായിട്ടുള്ളത് അത്തരം സമരമാർഗങ്ങൾ മറ്റുള്ളവരുടെ നിയമപരമായ അവകാശങ്ങളെ (മാത്രം) ഹനിക്കുന്നില്ല എന്ന് നിയമപരമായി തന്നെ ഉറപ്പു വരുത്തുകയാണ്.

ഇനി പെണ്‍വാണിഭക്കാരുടെ കാര്യം...
ചുംബനസമരത്തിൽ പങ്കെടുത്ത എല്ലാവരും പെണ്‍വാണിഭക്കാരല്ല. ചില പെണ്‍വാണിഭക്കാർ ആ സമരത്തെ ഉപയോഗിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്തത് ഒരു വിധത്തിലും ആ സമരത്തെ ബാധിക്കുന്ന ഒന്നല്ല. ഒരു ഉദാഹരണം പറയാം. ഇപ്പോൾ പിടിക്കപ്പെട്ട കൂട്ടത്തിൽ ഒരു പെണ്‍കുട്ടിയുടെ facebook പ്രൊഫൈൽ whatsup ലൂടെ ഷെയർ ചെയ്തത് കാണാനിടയായി. അതിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചു. ഒന്ന്, background picture ആയി ഉപയോഗിച്ചിരിക്കുന്നത് CPM ന്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം ആണ്. രണ്ട്, ആ പെണ്‍കുട്ടിയുടെ ഫോട്ടോ, പാരീസ് ആക്രമണത്തിൽ മരിച്ചവരോടുള്ള ഐക്യദാർഡ്യം പ്രകടിപ്പിക്കാനായി ഫ്രാൻസിന്റെ പതാകയുടെ നിറം കൊടുത്തിരിക്കുന്നു. ഇത് കൊണ്ട്, അങ്ങിനെ പ്രൊഫൈൽ മാറ്റിയവരെല്ലം പെണ്‍വാണിഭക്കാർ എന്നോ, CPM  അനുഭാവികൾ എല്ലാം പെണ്‍വാണിഭക്കാർ എന്നോ അർത്ഥം ആവില്ലല്ലോ? പിന്നെ, എങ്ങിനെ ചുംബനസമരം മാത്രം പെണ്‍ വാണിഭം ആവും?!

അടുത്ത കാര്യം...
ഏതൊരു സമരത്തെയും ആശയപരമായി എതിർക്കാം. ചുംബനസമരത്തെയും ആശയപരമായി തന്നെ എതിർക്കുകയോ പിന്താങ്ങുകയോ ആവാം.  ആ സമരത്തിനെതിരെ ഏറ്റവും വലിയ ആയുധമായി കാണുന്നത്, ആ സമരത്തിൽ പങ്കെടുത്ത ഒന്നോ രണ്ടോ വ്യക്തികളുടെ കുറ്റകൃത്യങ്ങൾ ആണ് എങ്കിൽ, ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!

ഈ കൂട്ടരുടെ സഹായം തേടിയവർ എല്ലാം ചുംബനസമരക്കാർ ആയിരുന്നില്ല. ലക്ഷങ്ങൾ വലിച്ചെറിയാൻ കഴിവുള്ള അത്തരക്കാർ മറ്റു പല ലേബലിലും നമ്മുടെ സമൂഹത്തിൽ വിലസുന്നവർ തന്നെ ആയിരിക്കും. നാളെ അതിലൊരാൾ നമ്മുടെ സംഘടനകളിലോ, എന്തിനു, കുടുംബങ്ങളിൽ തന്നെയോ ആണെന്ന് കണ്ടാൽ നാം അവരെ അല്ലാതെ, മറിച്ചു നമ്മുടെ സംഘടനയെയോ കുടുംബത്തെയോ മൊത്തം വ്യഭിചാരികൾ എന്ന് മുദ്ര കുത്തുമോ

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പെണ്‍വാണിഭം പിഞ്ചുകുഞ്ഞുങ്ങൾ കൂടി ഉൾപ്പെടുന്നതാണ്. ഈ വിപത്തിനെ അതിന്റെ എല്ലാ പ്രാധാന്യത്തോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. നമ്മുടെ വളർന്നു വരുന്ന തലമുറയെ കാമവെറിയന്മാരിൽ  നിന്നും പെണ്‍വാണിഭക്കാരിൽ നിന്നും രക്ഷിക്കേണ്ടതുണ്ട്. അതിനായി നമുക്ക് കൈ കോർക്കാം. സോഷ്യൽ മീഡിയയുടെ ശക്തി അതിനായി നമുക്ക് ഉപയോഗിക്കാം.  അല്ലാതെ, നമുക്ക് ഇഷ്ടമില്ലാത്ത ഒരു സമരത്തെ അടിക്കാനുള്ള വടിയായി ഈ സംഭവത്തെ മാറ്റുമ്പോൾ നാം ചെയ്യുന്നത്, പെണ്‍വാണിഭം പോലെ നികൃഷ്ടമായ ഒരു കാര്യത്തെ നമ്മുടെ സ്വാർത്ഥതാല്പര്യത്തിനായി ഉപയോഗിക്കൽ മാത്രമാണ് എന്ന് ഓർമപ്പെടുത്തട്ടെ !



Wednesday, October 14, 2015

ചില തെരെഞ്ഞെടുപ്പ് ചിന്തകൾ

അങ്ങിനെ ഒരു തെരെഞ്ഞെടുപ്പ്  കൂടി അടുത്തെത്തിക്കഴിഞ്ഞു 
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നമ്മുടെ
പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം
സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു, വീടുതോറും കയറി
വോട്ട് ചോദിക്കുന്ന പരിപാടി തുടങ്ങിക്കഴിഞ്ഞു
ഒപ്പം നാടായ നാടെല്ലാം ഫ്ലക്സ് ബോർഡുകളെ കൊണ്ട് നിറയുന്നു!

സ്ഥാനാർത്ഥികൾ എല്ലാം അടുത്ത് പരിചയം ഉള്ളവർ,
നിത്യേന കാണുന്നവർ, പൊതുകാര്യങ്ങളിൽ ഒപ്പം പ്രവർത്തിച്ചവർ 
ആർക്കു വോട്ട് കൊടുക്കും
ആർക്കു നല്ലവാക്കുകളും ചിരിയും മാത്രം കൊടുത്തു പറഞ്ഞയക്കും
കടുത്ത ആശയക്കുഴപ്പം തന്നെ!

ആരോ ചോദിക്കുന്നത് ഞാൻ കേൾക്കുന്നു-
എന്തെ ഇങ്ങിനെ ഒരു അരാഷ്ട്രീയ ചിന്ത

സുഹൃത്തേ, അരാഷ്ട്രീയ ചിന്തയല്ല. മറിച്ചു തികഞ്ഞ രാഷ്ട്രീയബോധം 
ആർക്കും അടിയറ വെക്കാത്തതിന്റെ ഫലം ആണ് ഈ ആശയക്കുഴപ്പം 

നാം ഒരു മതത്തിന്റെയോ, ജാതിയുടെയോ, പാർട്ടിയുടെയോ മുന്നിൽ
സ്വയം അടിയറ വെച്ചാൽ പിന്നെന്തു തെരഞ്ഞെടുപ്പ്?
അവർ പറയുന്ന ആൾക്ക്, പറയുന്ന ചിഹ്നത്തിൽ അടയാളം വെക്കലല്ലാതെ!

ജനാധിപത്യം അടിയറ വെക്കലിലൂടെ അല്ല
മറിച്ചു വിവേക പൂർണമായ തെരഞ്ഞെടുപ്പിലൂടെ ആണ് അർത്ഥവത്താവുക

ഈ തെരെഞ്ഞെടുപ്പ്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആണ്,
അല്ലാതെ നിയമ നിർമാണ സഭകളിലേക്കു അല്ല.
നാം തെരെഞ്ഞെടുക്കാൻ പോവുന്നവർ ഒരു നിയമവും പോളിസിയും നിർമ്മിക്കാൻ പോവുന്നില്ല. 
മറിച്ചു നമ്മുടെ നാട്ടിന്റെ, പ്രദേശത്തിന്റെ, നിർമ്മാണത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കേണ്ടവർ ആണ് അവർ 
അവിടെ അവരുടെ രാഷ്ട്രീയത്തിന് എന്ത് പ്രസക്തി?

നാം നോക്കേണ്ടത്തെരെഞ്ഞെടുത്താൽ അവർ അവരുടെ ജോലി ചെയ്യാൻ, നമ്മുടെ നാട്ടിന്റെ പൊതുവായ ക്ഷേമം ഉറപ്പു വരുത്താൻ,  
പ്രാപ്തരും മനസ്സുള്ളവരും ആണോ എന്നാണ്!
അല്ലാതെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ലേബൽ ഉണ്ടോ  എന്നല്ല. 

മറ്റെല്ലാം തുല്യം എന്ന് തോന്നിയാൽ മാത്രം രണ്ടു പേരിൽ ഒരാളെ 
തെരെഞ്ഞെടുക്കാൻ പാർട്ടി നോക്കിക്കൊള്ളു
എന്നാൽ പാർട്ടി നോക്കി മാത്രം, നമ്മുടെ നാട്ടിന് ഒരു ഗുണവും ചെയ്യാൻ സാധ്യത ഇല്ലാത്ത ഒരാളെ തെരെഞ്ഞെടുക്കാതിരിക്കാം.
നാളെ നമ്മുടെ പാർട്ടികൾ അനുയോജ്യരായ സ്ഥാനാർത്ഥികളെ മാത്രമേ 
നമുക്ക് തരുള്ളൂ എന്നുറപ്പിക്കാൻ ഇത് മാത്രമേ ഒരു വഴിയുള്ളൂ!

കുറ്റവാളികളെയും, സ്വാർത്ഥരെയും, അഴിമതിക്കാരെയും,
കഴിവില്ലെന്നും നാടിനുവേണ്ടി പ്രവർത്തിക്കില്ലെന്നും മുൻപ് തെളിയിച്ചവരെയും,
ഒരു മതത്തിനോ, ജാതിക്കോ, മറ്റേതെങ്കിലും വിഭാഗത്തിനോ വേണ്ടി മാത്രം പ്രവർത്തിക്കുന്നവരെയും 
ദയവുചെയ്തു ഒഴിവാക്കുക. 

അറിഞ്ഞുകൊണ്ട്, ശരിയല്ലാത്ത വ്യക്തികളെ തെരെഞ്ഞെടുക്കാതിരിക്കുക 
നാളെ നമ്മുടെ നാട്ടിനും നമുക്കും അവർ ഒരു 'പാര' ആവാതിരിക്കാൻ

വിവേകം, അതല്ലേ എല്ലാ നല്ല തെരെഞ്ഞെടുപ്പുകളുടെയും ആധാരം


Saturday, August 1, 2015

എന്താണ് മതേതരത്വം?

"നാം നമ്മുടെ രാഷ്ട്രത്തെ ഒരു മതേതര രാഷ്ട്രം എന്ന് വിളിക്കുന്നു. ഒരു പക്ഷെ, മതേതരം എന്ന വാക്ക് കൃത്യമായ ഒന്നല്ല. എന്നാലും, മറ്റൊരു കൂടുതൽ നല്ല വാക്കിൻറെ അഭാവത്തിൽ നമുക്ക് ആ വാക്ക് ഉപയോഗിക്കാനേ തരമുള്ളു. എന്താണ് ആ വാക്കിൻറെ അർത്ഥം? തീർച്ചയായും, അതിൻറെ അർത്ഥം മതത്തെ നിരുൽസാഹപ്പെടുത്തുന്ന രാഷ്ട്രം എന്നല്ലമറിച്ച്, മതത്തിനും വിശ്വാസത്തിനും ഉള്ള സ്വാതന്ത്ര്യം എന്നാണ്. മതമില്ലാത്തവർക്കും യാതൊരു മതത്തിലും വിശ്വസിക്കാത്തവർക്കും ഉള്ള സ്വാതന്ത്ര്യവും അതിൽ പെടുന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളിലും നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാനതത്വങ്ങളിലും ഇടപെടാത്തിടത്തോളം, അത് എല്ലാ മതങ്ങൾക്കും പൂർണ പ്രവർത്തന സ്വാതന്ത്ര്യം  ഉറപ്പു നൽകുന്നു. ഈ അടിസ്ഥാന തത്വം എല്ലാ ന്യൂനപക്ഷങ്ങളും അവരുടെ വിശ്വാസത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്.  അതിലും മേലെ, ഇതേ തത്വം, അതിൻറെ പൂർണ അർത്ഥത്തിൽ നമ്മുടെ ഭൂരിപക്ഷ സമുദായവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.  കാരണം എണ്ണത്തിലും മറ്റു പല വിധത്തിലും പ്രബലമായതു നമ്മുടെ ഭൂരിപക്ഷ സമുദായം തന്നെ ആണ്. ആ സ്ഥാനം നമ്മുടെ മതേതരത്വത്തെ ക്ഷീണിപ്പിക്കാത്ത തരത്തിൽ വിനിയോഗിക്കേണ്ട ഉത്തരവാദിത്വം ഭൂരിപക്ഷ  സമുദായത്തിൽ നിക്ഷിപ്തവുമാണ്"   (ജവഹർലാൽ  നെഹ്‌റു ലോകസഭയിൽ 1953 ഫെബ്രുവരി18- നു ചെയ്ത പ്രസംഗത്തിൽ നിന്ന്)*. 

എത്ര അർത്ഥവത്തായ വാക്കുകൾ! 

ഒരു പക്ഷെ, തുടക്കത്തിൽ നമ്മുടെ ഭരണഘടന എഴുതുമ്പോൾ മതങ്ങളെ പൂർണമായും തഴയാൻ കഴിയുമായിരുന്നു. എന്നാൽ മത വിശ്വാസങ്ങളിൽ അടിയുറച്ചു ജീവിക്കുന്ന ഒരു ജനതയെ അവരുടെ വിശ്വാസങ്ങളിൽ നിന്നും അകറ്റാൻ അവർ ശ്രമിച്ചില്ല. പകരം, ചില അടിസ്ഥാന തത്വങ്ങൾക്ക് വിധേയമായി ഓരോരുത്തർക്കും അവരുടെ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള മൌലിക അവകാശം ആണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തിനു നൽകിയ ആ ബഹുമാനം നമുക്ക് കാത്തു സൂക്ഷിക്കാൻ കഴിയട്ടെ! 


  


Thursday, July 16, 2015

ഇത്രയും ക്രൂരത, കൊല്ലാൻ വേണ്ട!

രണ്ടു നാൾ മുമ്പാണ്,
വാട്സപിൽ ഒരു ഫോട്ടോ കിട്ടി
ഒരു നോക്ക് നോക്കി
രണ്ടാമതൊന്നു നോക്കാൻ ധൈര്യം കിട്ടിയില്ല!

മരിച്ചുകിടക്കുന്ന ഒരു മനുഷ്യൻ, ഏകദേശം എന്റെ പ്രായം 
നെഞ്ചിനു മുകളിൽ ആയുള്ള ഫോട്ടോ 
ആരെന്നു തിരിച്ചറിയാൻ പെറ്റമ്മയ്ക്ക് പോലും കഴിയില്ല.
അത്രയ്ക്ക് വികൃതമാക്കിയിട്ടുണ്ട് ആ മുഖം!

താടിയെല്ല് നടുവേ വെട്ടിക്കീറി...
പല്ലും മോണയും രണ്ടായി പിളർന്നു രണ്ടു വശത്തേക്ക് 
വായയുടെ സ്ഥാനത്ത് ഒരു വലിയ ഗർത്തം
എന്തോ പറയാനായി, എഴുന്നേറ്റ പോലെ നാവ്,
പറഞ്ഞത് മുഴുമിപ്പിക്കാനാവാതെ, മുഖത്ത് മുഴുവൻ
തലങ്ങും വിലങ്ങും വെട്ടുകൾ.. 

ഇത്രയും ക്രൂരത, കൊല്ലാൻ വേണ്ട
ഒന്നോ രണ്ടോ വെട്ടിനു തന്നെ മരിച്ചിരിക്കാം
പിന്നെ എന്തിനു
ജഡത്തിൽ വെട്ടിയാൽ നോവുന്നതാർക്ക്?
ആരുടെ നേർക്കായിരുന്നു ആ വെട്ടുകൾ
സ്വന്തം വീക്ഷണങ്ങൾ തുറന്നു പറയാനുള്ള ധൈര്യത്തിന് നേരെയോ
പുതിയ ഉടയോന്മാരുടെ നേരെ വിരൽ ചൂണ്ടിയ ധിക്കാരത്തിന് നേരെയോ?
അഭിപ്രായ, പ്രവർത്തന സ്വാതന്ത്ര്യങ്ങൾക്ക് നേരെയോ

ആ വെട്ടുകൾ 
മരിച്ചവനെ കൊല്ലാനായിരുന്നില്ലെന്നു തീർച്ച
ജീവിച്ചിരിക്കുന്നവരെ, ബാക്കിയായവരെ
കൊല്ലാതെ കൊല്ലാനായിരിക്കാം!

ഒരു മനുഷ്യനെ കൊല്ലാം, എന്നാൽ അവൻറെ ചിന്തയെ കൊല്ലാനാവില്ല 
എന്ന തിരിച്ചറിവിൽ നിന്നുമാവാം
കൊന്നിട്ടും തോല്പ്പിക്കാനാവാത്തവന്റെ നിരാശയിൽ നിന്നുമാവാം!
തങ്ങളുടെ കഴിവുകൾ മേലാളരെ കാണിച്ചു 
ബോണസ് വാങ്ങാനുള്ള ത്വരയും ആവാം
എന്തായാലും ആ വെട്ടുകൾ 
മരിച്ചവനെ കൊല്ലാനായിരുന്നില്ല!

എവിടെ ആയിരുന്നു ഈ ചിത്രം ഇതുവരെ?
ആരും കാണാതെ, ഇങ്ങിനെ ഇത്ര നാൾ?
കൊന്നവർക്ക് വേണ്ടി വാദിച്ച വക്കീൽ ഇത് കണ്ടില്ലേ?
അലക്കിയ മുണ്ടും, നല്ല ചോറും, പണത്തിനു പണവും, ഫേസ് ബുക്കും കൊടുത്തു
ആ മൃഗങ്ങളെ സംരക്ഷിച്ചവരും ഇത് കണ്ടില്ലേ
എല്ലാം കാണുന്ന നമ്മുടെ മൂന്നാം കണ്ണ്, സർവവും കാണുന്ന കാമറക്കണ്ണുകൾ 
എന്തെ ഇത് മാത്രം കാണാതെ പോയി
ആരെയും കാണിക്കാൻ ആവാതെ പോയി?

ഒരു നോക്ക് മാത്രം കണ്ട എന്നെ ഇത്രയ്ക്ക് അലോസരപ്പെടുത്താൻ 
ഈ ഒരു ചിത്രത്തിന് കഴിയുന്നുവെങ്കിൽ 
കൊല്ലാനയച്ച, വെട്ടാനയച്ച, ആ റിംഗ് മാസ്റ്റർമാർ എങ്ങിനെ ഉറങ്ങുന്നു?
അപാരം, അപൂർവ്വം
അപൂർവ്വത്തിൽ അപൂർവ്വം തന്നെ ഈ നരാധമന്മാർ!

എല്ലാം കണ്ട, എല്ലാം കേട്ട ന്യായാധിപൻ എന്തേ
അപൂർവത്തിൽ അപൂർവ്വമായ ഈ ക്രൂരത കണ്ടില്ല
നീതിയുടെ കാവൽക്കാരായ ഭരണകൂടവും  
നീതി നടപ്പാക്കാൻ പരാജയപ്പെട്ടു?
കോടതികൾക്ക് തെളിവ് വേണം (വെളിവ് നിർബന്ധമില്ല), എന്നാൽ
ആരുടെയൊക്കെ മനസ്സാക്ഷിക്കോടതിയിൽ
ഈ ഒരു ചിത്രം, ദിനംപ്രതി ഉറക്കെ വാദിക്കുന്നുണ്ടാവാം?
എങ്ങിനെ, എങ്ങിനെ ഇവർ സ്വബോധം കാക്കുന്നു?

നീതി ജയിക്കാതെ, എങ്ങിനെ,
എങ്ങിനെ കഥ ഇവിടെ പൂർണമാവും?
ബാക്കിയുള്ള ഏടുകൾ ആരെഴുതി തീർക്കും!




P.S.: ഏറെ ചിന്തിച്ചു. ഒടുവിൽ ആ ചിത്രം ഇതിനോടൊപ്പം ചേർക്കേണ്ട എന്ന് തന്നെ തീരുമാനിച്ചു!