Thursday, September 27, 2018

റദ്ദാക്കപ്പെട്ട ഐപിസി 497–ാം വകുപ്പും കുടുംബബന്ധങ്ങളും

വിവാഹം  ആത്യന്തികമായി രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു കരാർ ആണ്.

ആ കരാറിന്റെ ഒരു അടിസ്ഥാന ഘടകമാണ് ലൈംഗിക ജീവിതത്തിൽ തങ്ങളുടെ പങ്കാളിയോട് വിശ്വാസ്യത  പുലർത്തുക എന്നത്. മറ്റു ജീവികളെപ്പോലെ തന്നെ മനുഷ്യന്റെയും അടിസ്ഥാനസ്വഭാവമല്ല ഏക പങ്കാളി എന്നത്. എന്നിട്ടും അത്തരമൊരു നിബന്ധന വിവാഹത്തിന്റെ അഭിവാജ്യഘടകമാക്കിയതിന് സാമൂഹ്യവും സാമ്പത്തികവുമായ പല കാരണങ്ങളും ഉണ്ട്. അതിലേക്ക്  ഇവിടെ കടക്കുന്നില്ല.

Fidelity അഥവാ വിശ്വാസ്യത എന്ന നിബന്ധന പാലിക്കാതെ ഏതെങ്കിലും ഒരു പങ്കാളി പെരുമാറിയാൽ വിവാഹത്തിന് എന്ത് സംഭവിക്കും എന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. അവിടെ, കരാർ ലംഘിക്കപ്പെടുന്നു എന്ന് ഒറ്റനോട്ടത്തിൽ തന്നെ കാണാം. അപ്പോൾ അടുത്ത ചോദ്യം പരിഹാരമെന്ത്  എന്നതാണ്.

കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ഒന്നുകിൽ ആ കരാറിൽ ഏർപ്പെട്ടവർക്ക്  ലംഘനത്തെ (പല കാരണങ്ങളാലും) കണ്ടില്ലെന്നു നടിച്ചുകൊണ്ട് മുന്നോട്ട് പോവാം. അല്ലെങ്കിൽ ആ ലംഘനം ആരെയാണോ മുറിവേൽപ്പിച്ചത്, ആ വ്യക്തിക്ക് കരാർ അവസാനിപ്പിക്കാനുള്ള  നടപടികൾ  സ്വീകരിക്കാം. വിവാഹത്തിൻറെ കാര്യത്തിൽ കരാർ അവസാനിപ്പിക്കുക എന്നാൽ വിവാഹമോചനം നേടുക എന്നുതന്നെയാണ്. ഭാരതത്തിലെ നിയമമനുസരിച്ച് വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് അംഗീകരിക്കപ്പെട്ടിട്ടുള്ള കാരണങ്ങളിൽ ഒന്നാണ്. പങ്കാളിയുടെ വിവാഹേതര ലൈംഗികബന്ധം കാരണമായി ചൂണ്ടിക്കാട്ടി വിവാഹമോചനം തേടാനുള്ള അവകാശം പുരുഷനും സ്ത്രീക്കും ഒരുപോലെ ബാധകമാണ്.

അങ്ങനെയിരിക്കെ, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497 വകുപ്പ് പ്രകാരം വിവാഹിതയായ ഒരു സ്ത്രീയുമായി ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പുരുഷനെമാത്രം (വിവാഹിതനായ പുരുഷനുമായി ബന്ധപ്പെടുന്ന സ്ത്രീക്ക് ശിക്ഷയില്ല) ശിക്ഷിക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനം എന്താണ്? ഏതൊരു ഭാര്യയും ഒപ്പം അവളുടെ ചാരിത്യ്രവും തന്റെ ഭർത്താവിന്റെ സ്വത്താണെന്നും ആ സ്വത്ത്  മറ്റാരെങ്കിലും മോഷ്ടിച്ചനുഭവിച്ചാൽ അങ്ങനെ ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നുമുള്ള പുരുഷാധിപത്യത്തിന്റെ ഭാഗമായ വിശ്വാസത്തിൽ നിന്നുമാണ് അത്തരം ഒരു നിയമം ഉടലെടുത്തത്. ഭർത്താവിന്റെ സമ്മതത്തോടെയോ സഹായത്തോടെയോ ആണ് ഭാര്യയുമായി ബന്ധപ്പെട്ടതെങ്കിൽ ഈ വകുപ്പിന്റെ പരിധിയിൽ ശിക്ഷയില്ല എന്ന് കൂടി കാണുമ്പോളാണ് എത്ര മാത്രം സ്ത്രീ വിരുദ്ധമായിരുന്നു ഈ നിയമമെന്ന് മനസ്സിലാവൂ!

സ്ത്രീയെ പുരുഷന്റെ സ്വത്തായി കാണുന്ന ഈ നിയമം എത്രയോ മുമ്പേ  എടുത്തുമാറ്റേണ്ടതായിരുന്നു. എന്നാൽ IPC Section 497 സുപ്രീം കോടതി അസാധുവാക്കുമ്പോൾ അത് നമ്മുടെ കുടുംബങ്ങളുടെ ആണിക്കല്ല് ഇളക്കും എന്ന തരത്തിലുള്ള ചില പ്രതികരണങ്ങൾ കാണാനിടയായി. ആർക്കും ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്ന സ്ഥിതി ആണ് ഉടലെടുക്കുന്നത് എന്നും മറ്റുമുള്ള ഭയം പ്രകടിപ്പിക്കുന്നവരോട് ഒരു കാര്യം മാത്രം പറയട്ടെ.

ബഹുഭൂരിപക്ഷം സ്ത്രീകളും ഇന്നുവരെ വിശ്വസ്‌ത ഭാര്യമാരായി ജീവിച്ചത് IPC 497 എന്ന നിയമത്തെ പേടിച്ചിട്ടല്ല. അവർ ഇനിയും സാമൂഹ്യവും  ധാർമ്മികവുമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ തങ്ങളുടെ വിവാഹങ്ങളിൽ വിശ്വാസ്യത കാത്തുസൂക്ഷിക്കും. അത്തരം മൂല്യങ്ങൾ ഇല്ലാത്ത പുരുഷനും സ്ത്രീയും ഇതിനുമുമ്പും തങ്ങളുടെ പങ്കാളികളെ ചതിച്ചിട്ടുണ്ട്, ഇനിയും അത് തുടരും.

സുപ്രീം കോടതിയുടെ വിധി പരസ്ത്രീഗമനത്തെയോ പരപുരുഷബന്ധത്തെയോ ന്യായീകരിക്കുകയോ ശരിവെക്കുകയോ ചെയ്യുന്നില്ല. അതിനുള്ള പ്രതിവിധി വിവാഹമെന്ന കരാർ പ്രകാരം തന്നെ ആയിരിക്കണമെന്നും, സ്ത്രീയെ പുരുഷന്റെ സ്വത്തോ അടിമയോ ആയി കാണുന്ന ഒരു നിയമത്തിന്  ഭാരതത്തിൽ ഭരണഘടനാ സാധുത ഇല്ലെന്നും മാത്രമാണ് ആ വിധിയുടെ അന്തസ്സത്ത. 

കുടുംബങ്ങൾ വിജയിക്കാനായി പുരുഷനും സ്ത്രീയും ഒരു പോലെ ഉത്തരവാദിത്തം നിറവേറ്റട്ടെ. ഭാര്യയെ തന്റെ സ്വത്തായല്ലാതെ പങ്കാളിയായി കണ്ടു പെരുമാറാൻ നമ്മുടെ പുരുഷന്മാരും പഠിക്കട്ടെ!

Saturday, September 22, 2018

അറസ്റ്റെന്ന മുയലിന്റെ കൊമ്പുകൾ!

പല സുഹൃത്തുക്കളും തങ്ങളുടെ മൗനം വെടിഞ്ഞു ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത ധീരതയെ വാഴ്ത്താൻ തുടങ്ങിയിരിക്കുന്നു! അവരുടെ ഭാഷ്യപ്രകാരം ഈ മൂന്നു മാസത്തെ താമസം പഴുതടച്ചു തെളിവുകൾ ശേഖരിക്കാൻ മാത്രമായിരുന്നു എന്നാണ്. നല്ലതു തന്നെ! പക്ഷെ ചിന്തിക്കുന്ന മനുഷ്യർക്ക് ഇങ്ങനെ ചില സംശയങ്ങൾ സ്വാഭാവികം മാത്രമാണ് എന്നറിയുക:

* തെളിവുകൾ എല്ലാം ശേഖരിച്ച ശേഷം മാത്രം അറസ്റ്റ്  എന്നത് ഈ സർക്കാരിന്റെ പൊതുനയമാണോ, അതോ ചിലർക്ക് മാത്രം നൽകുന്ന പരിഗണന ആണോ?

* അറസ്റ്റിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് കുറ്റാരോപിതൻ തെളിവ് നശിപ്പിക്കുന്നത് തടയുക എന്നതാണെന്ന് അറിയാമോ? ഫ്രാങ്കോയും ഒപ്പമുള്ളവരും തെളിവ് നശിപ്പിക്കാനും പരാതിക്കാരെ പിന്തിരിപ്പിക്കാനും കഴിയാവുന്ന എല്ലാ വഴികളും നോക്കി എന്നത് പോലീസിനും സർക്കാരിനും മാത്രം മനസ്സിലായില്ലേ? ഇനി അങ്ങിനെ മനസിലായില്ലെങ്കിലും പരാതിക്കാരിയുടെ മേൽ  സ്വാധീനവും അധികാരവും ഉള്ള വ്യക്തി എന്ന നിലയിൽ അങ്ങിനെ ചെയ്യാനുള്ള സാധ്യത എങ്കിലും പരിഗണിക്കേണ്ടതല്ലേ?

* അറസ്റ്റ്‌ ക്രിമിനൽ നടപടികളുടെ അവസാനമല്ല, തുടക്കം ആണെന്ന് അറിയാമോ? തെളിവുകൾ കണ്ടെത്തുക എന്നതും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുക എന്നതും അറസ്റ്റിന്റെ ലക്ഷ്യമാണെന്ന് ബോധ്യമുണ്ടോ?

*തെളിവുകൾ അല്ല, ന്യായമായ സംശയവും പ്രഥമദൃഷ്‌ട്യാ വിശ്വസനീയമായ ഇൻഫൊർമേഷനും മാത്രമാണ്  അറസ്റ്റിനു വേണ്ടത് എന്നും അറിയാമോ? പീഡനക്കേസുകളിൽ പരാതിക്കാരിയുടെ മൊഴികൾക്കുള്ള മഹത്വം അറിയാമോ?

* ഇത്രയും നാളത്തെ താമസം ഇത്തരം പരാതികളുമായി മുന്നോട്ടുവരാൻ ധൈര്യം കാണിക്കുന്ന ചുരുക്കം സ്ത്രീകളെ എങ്ങനെ പ്രതികൂലമായി ബാധിക്കും എന്ന് ചന്തിച്ചിട്ടുണ്ടോ?

* സ്വന്തമോ ബന്ധമോ ആയ ഒരു സ്ത്രീക്കാണ് ഈ ഗതി വന്നതെങ്കിൽ ഇത്രയും ക്ഷമയോടെ തെളിവ് ശേഖരണത്തിനായി കാത്തിരിക്കാൻ സ്വമനസ്സാലെ സമ്മതിക്കുമോ?

അവസാനമായി ഒരു ചോദ്യം കൂടി......തെളിവുകൾ പഴുതടച്ചു ശേഖരിച്ചു കഴിഞ്ഞു എന്നവകാശപ്പെടുന്നവർ എത്ര ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും എന്ന് കൂടി പറയാമോ? തെളിവുകൾ എല്ലാം കിട്ടിയ സ്ഥിതിക്ക് ഇനി വൈകിപ്പിക്കാൻ ന്യായമൊന്നും ഇല്ലല്ലോ!


P.S: ഇത്രയും മാസങ്ങൾ നീണ്ട എല്ലാ പ്രലോഭനങ്ങളും ഭീഷണികളും അതിജീവിച്ച പരാതിക്കാരിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പിൽ ശിരസ്സ് നമിക്കുന്നു!