Wednesday, June 28, 2017

ജയിൽ കയറേണ്ടിവരുന്ന വില്ലേജ് ജീവനക്കാർ!

അവധി ദിവസങ്ങളിൽപ്പോലും കുന്നിടിക്കുന്നെന്നും, പ്രകൃതിക്ഷോഭമെന്നും, വയൽ നികത്തുന്നു എന്നും, അപകട മരണം എന്നും ഒക്കെ പറഞ്ഞു വരുന്ന ഫോൺ വിളികൾ കേൾക്കുമ്പോൾ സംഭവസ്ഥലത്തേക്ക് ഓടിചെല്ലേണ്ടി വരുന്ന, വില്ലേജ് ഓഫീസിലെ ജോലി അത്ര സുഖകരമായ ഒന്നല്ല. നാട്ടിലെ സകലമാനകാര്യങ്ങളിലും ഇടപെടുകയും എല്ലാ വിഷയത്തിലും സർട്ടിഫിക്കറ്റ് നൽകേണ്ടി വരികയും എന്നാൽ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് അധികാരം പോലുമോ ഇല്ലാതെ പ്രവർത്തിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ! അതേ സമയം, ജനങ്ങളോട് ഇടപഴകി അവർക്കു കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുത്തുകൊണ്ട് അഭിമാനത്തോടെ ചെയ്യാവുന്ന ഒരു ജോലി എന്ന നിലയിൽ ആ ബുദ്ധിമുട്ടുകൾ ജോലിയുടെ ഭാഗം തന്നെ ആണ് താനും

നിയമത്തിനും മനഃസ്സാക്ഷിക്കും നിരക്കാത്ത ഒരു കാര്യവും ചെയ്യാതെ സ്വന്തം കടമ നിർവഹിച്ചാൽ ഒരാൾക്ക് മുൻപിലും തല കുനിക്കേണ്ട അവസ്ഥ വരാതെ സുരക്ഷിതമായി ജോലി ചെയ്യാം എന്ന ഉറച്ച വിശ്വാസം അത്തരം ജോലിക്കു ഒരു അത്യാവശ്യഘടകം തന്നെ ആണ് (അങ്ങിനെ അല്ലാതെ പ്രവർത്തിക്കുന്നവരെ നിയമവിധേയമായി തന്നെ കൈകാര്യം ചെയ്യേണ്ടതും ആണ്). 

കോഴിക്കോട് ജില്ലയിലെ ചെമ്പാനോട് വില്ലേജ് ഓഫീസിൽ നടന്ന നിർഭാഗ്യകരമായ ഒരു ആത്മഹത്യയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ വില്ലേജ് ജീവനക്കാരുടെ വിശ്വാസങ്ങളെ തച്ചുടക്കുന്നതായി.  ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുന്ന അവസ്ഥ ഏതൊരു ജീവനക്കാരന്റെയും മനോവീര്യത്തെ തകർക്കുക തന്നെ ചെയ്യും. തങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഏതെങ്കിലും വ്യക്തിയെ ആത്മഹത്യ പോലുള്ള കൃത്യങ്ങളിലേക്കു നയിക്കും എന്ന് ചിന്തിച്ചാൽ എങ്ങിനെയാണ് നിയമം നടപ്പിലാക്കുക? 

ഒരുദാഹരം പറയട്ടെ. സർക്കാരിലേക്കുള്ള വിവിധ കുടിശ്ശികകൾ പിരിച്ചെടുക്കേണ്ടത് ഒരു വില്ലേജ് ഓഫീസറുടെ ചുമതലയാണ്. ചില കേസിലെങ്കിലും  വീട്ടിൽ ചെന്ന് നോട്ടീസ് നടപ്പിലാക്കാതെയോ ജപ്തി ചെയ്യാതെയോ ഈ ചുമതല നിർവഹിക്കാൻ പറ്റാതെ വരും. അങ്ങിനെ ചെയ്‌താൽ, ആ വീട്ടിലെ ആരെങ്കിലും മാനഹാനി തോന്നി വില്ലേജ് ഓഫീസറുടെ പേരും എഴുതി വെച്ച് ആത്മഹത്യ ചെയ്‌താൽ ഉടനെ വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തു കേസെടുത്താൽ എന്താവും സ്ഥിതി? 

മറ്റൊരുദാഹരണം പറയാം. വനഭൂമിയോ, പുറമ്പോക്കു ഭൂമിയോ ഒക്കെ ഉൾപ്പെട്ട ഏതെങ്കിലും ഭൂമിക്കു കരമടയ്ക്കാനായി ആരെങ്കിലും വന്നാൽ അത് പറ്റില്ലെന്നും ഉടമസ്ഥാവകാശം തെളിയിക്കണമെന്നും ആവശ്യപ്പെടുകയല്ലേ വേണ്ടത്? മറിച്ചു മുൻപിൻ നോക്കാതെ നികുതി അടച്ചു കൊടുത്താൽ സർക്കാർ ഭൂമി (അല്ലെങ്കിൽ അന്യന്റെ ഭൂമി) കയ്യേറാൻ സഹായിച്ചു എന്ന കുറ്റവും അഭിമുഖീകരിക്കേണ്ടി വരിക ഈ ജീവനക്കാർ തന്നെ അല്ലെ? (അങ്ങിനെ ചെയ്യുന്നവർ മിക്കവാറും നല്ല തുക കൈക്കൂലി മേടിച്ചിട്ടാവും എന്നുതന്നെ അല്ലെ സാമാന്യബോധം?)

തങ്ങൾ ഉത്തമ ബോധ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കും എന്ന ആത്മവിശ്വാസം ഇല്ലെങ്കിൽ എങ്ങിനെയാണ് ഒരാൾ തന്റെ കടമ നിർവഹിക്കുക? ചെമ്പനോട് വില്ലേജിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്‌താൽ അദ്ദേഹത്തിനെതിരെ കേസ്സെടുക്കുന്ന പോലീസുകാരനും റിമാൻഡ് ചെയ്യുന്ന മജിസ്‌ട്രേറ്റും സസ്‌പെൻഡ് ചെയ്യപ്പെടുകയോ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെടുകയോ ചെയ്യുകയില്ലെങ്കിൽ എന്ത് കൊണ്ട് വില്ലേജിലെ ജീവനക്കാരന് മാത്രം മറ്റൊരു നിയമം? 

റവന്യു ജീവനക്കാരുടെ മനോവീര്യം കെടുത്തിയാൽ ആർക്കാണ് ഗുണം എന്ന് നോക്കാം. ഒന്നാമതായി സർക്കാരിന് കൊടുക്കേണ്ട നികുതിയും മറ്റു കുടിശ്ശികകളും അടക്കാതെ നടക്കുന്നവർക്ക് തന്നെ. റിക്കവറി എന്ന ഉമ്മാക്ക്കി കാണിക്കാൻ ഒരു റവന്യുക്കാരനും ധൈര്യപ്പെടുകയില്ലല്ലോ. രണ്ടാമത്തെ കൂട്ടർ വനഭൂമിയും സർക്കാർ ഭൂമിയും കയ്യേറുന്നവരും, മണൽ, മണ്ണ്, ക്വാറി, തുടങ്ങിയ മറ്റനേകം മാഫിയകളും തന്നെ. 

ഇനി ചെമ്പനോട് വില്ലേജിൽ നടന്ന കാര്യം നോക്കാം. സാങ്കേതികമായ ഒരു പ്രശ്നത്തിന്റെ പേരിൽ നികുതി അടക്കാൻ  പറ്റില്ല എന്ന് പറയുക മാത്രമല്ല, ആ പ്രശ്‍നം പരിഹരിക്കാനായി താലൂക്കിലേക്കു റിപ്പോർട്ട് ചെയ്യുകയും ചെയ്തതായിട്ടാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. വില്ലേജ് ജീവനക്കാർ ചെയ്തത് തെറ്റാണു എങ്കിൽ താലൂക്കിലെയോ കളക്ടറേറ്റിലെയോ  മേലധികാരികൾക്കു  വിഷയം തള്ളുകയും ജീവനക്കാരുടെ പേരിൽ നടപടി എടുക്കുകയും ചെയ്യാമായിരുന്നു. വാർത്തകളിൽ നിന്നും അറിഞ്ഞിടത്തോളം ഉടമസ്ഥന്റെ ഭാഗം കേൾക്കാനായി തീയ്യതി നിശ്ചയിച്ചു താലൂക്കിൽ നിന്നും അറിയിക്കുകയും ചെയ്തിരുന്നു.  അങ്ങിനെയിരിക്കെ, ഈ വിഷയത്തിൽ ആത്മഹത്യ സ്വാഭാവികമായി പ്രതീക്ഷിക്കാവുന്ന ഒന്നല്ല. പിന്നെ എന്തിനാണ് ജീവനക്കാരന്റെ പേരിൽ ഇത്തരം ഒരു കേസ്? 

ചെമ്പനോട് വില്ലേജിലെ ജീവനക്കാർ പൂർണമായും ശരിയാണോ അതോ ഏതെങ്കിലും അഴിമതി നടത്തിയിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. അങ്ങിനെ എന്തെങ്കിലും കണ്ടെത്തൽ ഏതെങ്കിലും അധികാരികൾ നടത്തിയതായും അറിയില്ല. അങ്ങിനെ ഉണ്ടെങ്കിൽ കൃത്യമായ വിവരങ്ങൾ പുറത്തു വിടേണ്ട കടമ ജില്ലാ ഭരണകൂടത്തിനും സർക്കാരിനും ഇല്ലേ? മറിച്ചു റവന്യു ജീവനക്കാരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തി, അവർ ചെയ്യുന്ന സ്വാഭാവിക നടപടികൾ പോലും അവർക്കു തന്നെ പാര ആവാൻ സാധ്യതയുണ്ട് എന്ന തോന്നലും അരക്ഷിതാവസ്ഥയും അവരിൽ ഉണ്ടാക്കുന്നത് ഏതൊരു സർക്കാരിനും ഉചിതമാണോ? വിശദമായ അന്വേഷണം നടത്തി കുറ്റക്കാർ ആണെങ്കിൽ മാത്രം അവരെ ശിക്ഷിക്കുന്നതല്ലേ കൂടുതൽ അഭികാമ്യവും നിയമപരമായി ശരിയും?
 
മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാതെ നിർത്തുന്നത് ശരിയാവില്ല. ജീവനക്കാർക്ക് ഒരു പ്രശ്നം വന്നാൽ അവരെ സംരക്ഷിക്കേണ്ട ജീവനക്കാരുടെ സംഘടനകൾ എല്ലാം എവിടെപ്പോയി? വിഷയത്തിൽ ഒരു അന്വേഷണം നടത്തി ജീവനക്കാർ ശരിയോ തെറ്റോ എന്നെങ്കിലും പറയേണ്ട ബാധ്യത അവർക്കില്ല എന്നാണോ?  അഥവാ, ഇതൊക്കെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാത്രമേ സംഭവിക്കൂ എന്നും യൂണിയൻ ഭാരവാഹികൾ എന്തിനു വേവലാതിപ്പെടണം എന്നുമാണോ? 


P.S.: ലേഖകന്റെ ഭാര്യ ഒരു വില്ലേജ് ഓഫീസർ ആയി ജോലി നോക്കുന്നു. പക്ഷെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലേഖകന്റെ വ്യക്തിപരമായ നിരീക്ഷണങ്ങൾ മാത്രമാണ്. 

P.P.S.: ഇടുക്കിയുടെ പശ്ചാത്തലത്തിൽ, CPI ഭരിക്കുന്ന ഒരു വകുപ്പ് മുഴുവൻ ജനവിരുദ്ധരാണ് എന്ന് വരുത്തിത്തീർത്താൽ ഇന്ന് ആർക്കാണ് ഗുണം എന്ന് ഒരു സുഹൃത്ത് ചോദിക്കുന്നു! മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീർ......

Saturday, June 17, 2017

കുമ്മനവും പിണറായിയും ഒരുമിച്ച ചില മെട്രോ ചിന്തകൾ

കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ വികസനത്തിന്റെ ഒരു നാഴികക്കല്ല്... കൊച്ചി മെട്രോ യാഥാർഥ്യമായി ദിനം....  കേരളീയർക്കാകെ അഭിമാനിക്കാവുന്ന ഒരു ദിനം തന്നെ! 

പ്രോട്ടോകോൾ, സെക്യൂരിറ്റി തുടങ്ങിയ കടുകട്ടി പദപ്രയോഗങ്ങൾക്കിടയിൽ തുടങ്ങിയ ഒരു യാത്ര. ആദ്യത്തെ ചിത്രത്തിൽ നോക്കിയപ്പോൾ പരിചയമുള്ള മുഖങ്ങൾ- ഇന്ത്യയുടെ പ്രധാനമന്ത്രി, കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി, കേരളത്തിന്റെ ഗവർണ്ണർ, മുഖ്യമന്ത്രി. സ്ഥലത്തെ ജനപ്രതിനിധികൾ മുതൽ മെട്രോ യാഥാർഥ്യമാക്കാൻ വേണ്ടി പ്രയത്നിച്ചവർ വരെ ആരെയും ആ ആദ്യ യാത്രയിൽ കണ്ടില്ല. പ്രോട്ടോകോൾ അല്ലെ എന്ന് സമാധാനിക്കാം എന്ന് കരുതിയപ്പോഴാണ് അതെ വരിയിൽ മറ്റൊരു മുഖം കണ്ടത്. അടുത്ത കാലത്തു വരെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ സമുദായ സംഘടനയുടെ നേതാവും, ഈയിടെ മാത്രം ഭാരതീയ ജനതാ പാർട്ടി ഇറക്കുമതി ചെയ്ത് കേരളത്തിൽ പാർട്ടിയുടെ പ്രസിഡന്റ് ആക്കിയ ആളുമായ കുമ്മനം രാജശേഖരൻ! 

വലിഞ്ഞു കയറി  വന്നവൻ, കള്ളവണ്ടി കേറിയവൻ, കണ്ണേറ് തട്ടാതിരിക്കാൻ ഒപ്പം കൂട്ടിയവൻ എന്നൊക്കെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ കുമ്മനത്തെ വിശേഷിപ്പിച്ചത് സ്വാഭാവികം മാത്രം! മേൽ പറഞ്ഞ മഹദ് വ്യക്തികളുടെ (അവർ ഇരിക്കുന്ന സ്ഥാനം കൊണ്ടുള്ള മഹത്വം ആണ് ഉദ്ദേശിച്ചത്) കൂട്ടത്തിൽ മെട്രോയുടെ ആദ്യ യാത്രയിൽ കയറി ഇരിക്കാനുള്ള ഒരു യോഗ്യതയും പ്രോട്ടോകോൾ പ്രകാരമോ, നാട്ടു നടപ്പു പ്രകാരമോ കുമ്മനത്തിൽ കാണാൻ പ്രയാസമാണ്. 

പക്ഷേ ഒന്നോർത്താൽ ഇതാദ്യമല്ലല്ലോ! മെട്രോയിൽ ഇതിനു മുൻപും ഒരു യാത്ര നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പൂർവം നടത്തിയ ഒരു യാത്ര. അന്നത്തെ ചിത്രങ്ങളിൽ മറ്റൊരു മുഖം ഓർക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു ജില്ലാ നേതാവായ P രാജീവ് മുഖ്യമന്ത്രിയെ അനുഗമിക്കുന്ന കാഴ്ച! പിണറായിക്കു രാജീവിനെ ഒപ്പം കൂട്ടാമെങ്കിൽ മോദിക്ക് കുമ്മനത്തെയും കൂട്ടാം. പിണറായിക്കും മോദിക്കും സ്ഥലത്തെ ജനപ്രതിനിധികളെയും മറ്റും ഒപ്പം   കൂട്ടണം എന്ന സാമാന്യ ബോധം ഉണ്ടാവണം എന്ന് ശഠിക്കുന്നതും തെറ്റ് തന്നെ. ഈ മെട്രോ ഒരു യാഥാർഥ്യമാക്കിയതിന്റെ പൊളിറ്റിക്കൽ ക്രെഡിറ്റ് എന്ത് കൊണ്ടും അവകാശപ്പെടാവുന്ന ഉമ്മൻ ചാണ്ടിയെ കൂടെ കൂട്ടണം എന്ന് ചിലർ അഭിപ്രായപ്പെട്ടതും ബാലിശം എന്ന് തന്നെ പറയാം. കോൺഗ്രസ് പാർട്ടിയെ മുഖ്യ ശത്രുക്കളായി കാണുന്ന രണ്ടു പാർട്ടികൾ ചേർന്ന് നടത്തുന്ന ഈ ചടങ്ങിൽ കുമ്മനത്തെ കയറ്റിയാലും ചാണ്ടിയെ കയറ്റുന്നത് അല്പം കടന്ന കൈ തന്നെ ആയിപ്പോകും.

എന്റെ ചിന്ത മറ്റൊന്നാണ്. കേരളത്തിന് ഇതിലും നല്ല ഒരവസരം കിട്ടാൻ അടുത്ത കാലത്തു പ്രയാസമുള്ള ഒരു കാര്യമാണ് എന്റെ മനസ്സിൽ. ഒരു ഭാഗത്തു കുമ്മനവും മോഡിയും. മറുഭാഗത്തു പിണറായി വിജയൻ. നടുക്ക് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ആയ ഇന്നത്തെ ഗവർണ്ണർ! മധ്യസ്ഥൻ ആവാൻ ഇത്രയും യോഗ്യനായ മറ്റാരെ കിട്ടും? 

ഈ അവസരം മുതലെടുത്തു, കേരളത്തിൽ അങ്ങോളമിങ്ങോളവും പ്രത്യേകിച്ച് കണ്ണൂരിലും നടക്കുന്ന BJP-CPM അക്രമങ്ങളും പരസ്പരമുള്ള കൊലപാതകങ്ങളും നിർത്തിവെക്കാൻ ഇവർക്കൊന്നു ശ്രമിക്കാമായിരുന്നില്ലേ? കുറച്ചു പാവപ്പെട്ട മലയാളികളുടെ ജീവനെങ്കിലും രക്ഷപ്പെടുമല്ലോ! കൂടാതെ ശാന്തിയും സമാധാനവും ഇല്ലാതെ, ഹർത്താലുകൾ  കുറയാതെ, മോഡിയും പിണറായിയും പറഞ്ഞ development ഉം വികസനവും ഒക്കെ എങ്ങിനെ വരും?  

UPA തുടങ്ങിവെച്ച, 80-90 ശതമാനവും UDF നിർമിച്ച, ഒരു മെട്രോ ഉദ്‌ഘാടനം ചെയ്യാൻ വേണ്ടി ഒന്നിക്കാവുന്ന കുമ്മനത്തിനും പിണറായിക്കും കേരളത്തിന് വേണ്ടി ഇത്രയെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന ഒരു നിരാശ മാത്രം മനസ്സിൽ ബാക്കി നിൽക്കുന്നു! 

ഇനി ഇതൊരു വിവാദമാക്കേണ്ട. പോയ ബുദ്ധി ആന പിടിച്ചാലും വരില്ല എന്നല്ലേ! കൂടാതെ വിവാദക്കാരെ നിരാശപ്പെടുത്താൻ മുഖ്യമന്ത്രി ഏതറ്റം വരെയും പോവും.....അത് കുമ്മനത്തിനു ഒപ്പം ആണെങ്കിലും!