Saturday, December 5, 2020

ആർക്കൊക്കെ വോട്ട് ചെയ്യാതിരിക്കണം?

 ഈ ഡിസംബർ മാസം 8, 10, 14 തിയ്യതികളിലായി നമ്മുടെ സംസ്ഥാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തെരെഞ്ഞെടുക്കാൻ പോവുകയാണല്ലോ. ഈ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ ചില ചിന്തകളാണ് ഇവിടെ ഷെയർ ചെയ്യാൻ ശ്രമിക്കുന്നത്.

ആദ്യമായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല നോക്കിയാൽ അത് പ്രധാനമായും പദ്ധതികളുടെ നിർവ്വഹണമാണ് എന്നും ലോകസഭയോ നിയമസഭയോ പോലെ നിയമ/നയ രൂപീകരണമല്ല എന്നും കാണാം. അതായത് രാഷ്ട്രീയപാർട്ടികളുടെ നയങ്ങൾക്കനുസരിച്ച് നിയമമോ നയങ്ങളോ രൂപീകരിക്കാനല്ല നാം ഈ തദ്ദേശ ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത്. അതു കൊണ്ട് തന്നെ തെരെഞ്ഞെടുക്കപ്പെടുന്നവരുടെ രാഷ്ട്രീയവിശ്വാസങ്ങൾക്ക് അത്രമേൽ പ്രധാന്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

പിന്നെ എന്തായിരിക്കണം തെരെഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം? 

ഒന്നാമതായി നമുക്കെല്ലാം നമ്മുടെ സ്വന്തം രാഷ്ട്രീയകാഴ്ചപ്പാട് ഉണ്ടാവും. പാർട്ടി അടിസ്ഥാനത്തിൽ നടക്കുന്ന തെരെഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി ജയിച്ചു കാണാൻ നാമെല്ലാം കൊതിക്കും. അതുകൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ സ്വന്തം പാർട്ടിയുടെ/മുന്നണിയുടെ സ്ഥാനാർത്ഥിക്ക് തന്നെ വോട്ട് ചെയ്യാം. 

പക്ഷേ, നമ്മുടെ നിത്യജീവിതത്തിൽ എന്നും കാണേണ്ടി വരുന്ന/ ഇടപെടേണ്ടി വരുന്ന ഈ ജനപ്രതിനിധികളെ തീരുമാനിക്കുമ്പോൾ പാർട്ടി വിധേയത്വം മാത്രം നോക്കിയാൽ അത് നമുക്ക് തന്നെ പാരയാവും. അതിനാൽ ചില സ്ഥാനാർത്ഥികളെ എങ്കിലും പാർട്ടിബോധത്തിനപ്പുറം കടന്ന് എതിർത്ത് തോല്പിക്കേണ്ടതുണ്ട്. അത് ആരൊക്കെ ആവണം എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. എങ്കിലും എന്റെ കാഴ്ചപ്പാടിൽ നാം ജയിപ്പിക്കാൻ പാടില്ലാത്ത സ്ഥാനാർത്ഥികൾ താഴെപ്പറയുന്നവരാണ്:

1. കൊലപാതകം, ബലാത്കാരം, കളവ്, തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ സീരിയസായ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും കുറ്റം ചാർത്തപ്പെട്ട് വിചാരണ നേരിടുന്നവരും (ശിക്ഷിക്കപ്പെടുന്നതുവരെ അവർ നിരപരാധികൾ ആണ്, പക്ഷേ സ്വന്തം നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ അവർ തെരെഞ്ഞെടുക്കപ്പെടുന്നത് വോട്ടർമാരുടെ പരാജയം തന്നെയായിരിക്കും).

2. സമൂഹത്തിൽ ഏതെങ്കിലും വിഭാഗത്തിന് നേരെ വിദ്വേഷം വളർത്തുന്നവർ. ഇന്ന് അവർ എതിര് നിൽക്കുന്നത് നമ്മളല്ലെങ്കിൽ പോലും നാളെ നമുക്കെതിരെയും അവർ വെറുപ്പ് പടർത്തിയേക്കാം.

3. ജനപ്രതിനിധി എന്നാൽ ജനങ്ങളുടെ യജമാനൻമാർ ആണെന്ന വിധത്തിൽ പെരുമാറുന്നവരെ ഒഴിവാക്കുക. വിനയവും എളിമയുമുള്ളവരാണ് എന്ന് ഉറപ്പു വരുത്തുക. ജനപ്രതിനിധി എന്നാൽ ജനസേവകരാണ് എന്ന ബോധ്യമുള്ളവരാകട്ടെ നമ്മുടെ ചോയ്സ്.

4. നിത്യജീവിതത്തിൽ ഏത് സമയത്തും നമുക്ക് നമ്മുടെ പ്രശ്നങ്ങളുമായി സമീപിക്കാം എന്നുറപ്പുള്ളവർക്ക് മാത്രം വോട്ട് ചെയ്യുക. പ്രശ്നം പരിഹരിക്കാൻ എപ്പോഴും അവർക്കായി എന്ന് വരില്ല, പക്ഷേ അനുഭാവപൂർവ്വം നമ്മെ കേൾക്കാനുള്ള മനസ്ഥിതി പോലുമില്ലാത്തവർക്ക് എത്ര വലിയ നേതാവായാലും വോട്ട് ചെയ്യരുത്.

5. ജനപ്രതിനിധി എന്നാൽ ജനങ്ങളുടെ മൊത്തം പ്രതിനിധിയാവണം, അല്ലാതെ ഏതെങ്കിലും പാർട്ടിയുടെ മാത്രം പ്രതിനിധിയാവരുത്. പ്രതിപക്ഷ ബഹുമാനവും സമഭാവനയും ഉള്ളവരെ മാത്രം പരിഗണിക്കുക. 

6. എതിരഭിപ്രായങ്ങളെ അടിച്ചമർത്തുന്നവരെ ഒഴിവാക്കുക. നമുക്ക് വേണ്ടത് പാർട്ടി കോട്ടകളോ പാർട്ടിഗ്രാമങ്ങളോ അല്ല, മറിച്ച് എല്ലാ വിഭാഗങ്ങൾക്കും അന്തസ്സോടെ ഇടകലർന്ന് ജീവിക്കാൻ കഴിയുന്ന ജനാധിപത്യസമൂഹങ്ങളാണ്.

7. പാർട്ടികൾക്കപ്പുറം സ്ഥാനാർത്ഥിയുടെ മറ്റു കൂറുകളും പരിഗണിക്കുക. കയ്യേറ്റ ലോബി, ക്വാറി ലോബി, മയക്കുമരുന്ന് ലോബി, മണൽ മാഫിയ, ബിൽഡർ മാഫിയ തുടങ്ങിയവരുമായി ബന്ധം പുലർത്തുന്നവരേയും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരേയും ഉറപ്പായും ഒഴിവാക്കുക. ഏത് പാർട്ടിയായാലും അവർ വരുന്നത് സ്വന്തം താല്പര്യം സംരക്ഷിക്കാൻ മാത്രമായിരിക്കും./

ഈ ലിസ്റ്റ് അപൂർണമാണ്. വിട്ട്പോയ ഘടകങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വായനക്കാർ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നാം തെരെഞ്ഞെടുക്കുന്നവർ ഏത് പാർട്ടിക്കാർ ആയാലും അതാത് പ്രദേശത്തെ ജനങ്ങളെ സേവിക്കുന്നവരും, വലിയ പുരോഗതി ഒന്നും കൊണ്ടുവന്നില്ലെങ്കിലും ഉള്ള സമാധാനം തകർക്കാത്തവരും, പാവപ്പെട്ടവർക്ക് കിട്ടാവുന്നത്ര ആനുകൂല്യങ്ങൾ നേടിക്കൊടുക്കാൻ കഴിയാവുന്നത്ര പരിശ്രമിക്കുന്നവരും, ഏതെങ്കിലും സ്വാർത്ഥതാല്പര്യങ്ങളുടെ പേരിൽ പരിസ്ഥിതിക്കും നാട്ടുകാർക്കും ദോഷം വരുത്താത്തവരും, സർവ്വോപരി തെരെഞ്ഞെടുത്ത നാടിനും വോട്ടർമാർക്കും ചീത്തപ്പേർ ഉണ്ടാക്കാത്തവരും ആവട്ടെ എന്ന് ആശംസിക്കുന്നു!