Tuesday, October 29, 2019

വാളയാർ കേസിലെ രാഷ്ട്രീയ മുതലെടുപ്പ്?



'രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപെട്ട കേസിൽ നീതി ലഭ്യമാക്കാനല്ലേ നാം നോക്കേണ്ടത്? ആഭ്യന്തര മന്ത്രിയുടെയും ശിശുക്ഷേമ മന്ത്രിയുടെയും സാമൂഹ്യ ക്ഷേമ മന്ത്രിയുടെയും മറ്റും രാജി ആവശ്യപ്പെടുമ്പോൾ അത് ഏറ്റവും ദൗർഭാഗ്യകരമായ ഒരു സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കുന്നതിനു സമമല്ലേ?'

വളരെ പ്രസക്തമായ ഒരു ചോദ്യമാണ് മേലെ കൊടുത്തത്. വാളയാർ പോലുള്ള അങ്ങേയറ്റം ഹീനമായ ഒരു കുറ്റകൃത്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നതും അതിൽ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നതും തികച്ചും തെറ്റാണ് എന്ന് തന്നെയാണ് എന്റെയും വിശ്വാസം. എന്നാൽ എന്താണ് വാളയാർ സംഭവത്തിനെ വ്യത്യസ്തമാക്കുന്നത്?

പെരുമ്പാവൂരിൽ നടന്ന ജിഷ വധക്കേസ് ഓർമ്മയുണ്ടോ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിയ പ്രക്ഷോഭമാണ് അന്നത്തെ പ്രതിപക്ഷവും ഇന്നത്തെ ഭരണപക്ഷവുമായ LDF നയിച്ചത്. എന്തായിരുന്നു കാര്യം? ജിഷ എന്ന പെൺകുട്ടിയെ ആരോ അതിക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയതായിരുന്നു ആ കേസ്. ആ കേസിൽ അന്യസംസ്ഥാനക്കാരനായ പ്രതിയെ കണ്ടെത്താൻ പോലീസ് വളരെ ബുദ്ധിമുട്ടി എന്നത് സത്യമാണ്. ആ താമസമാണ് സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനും തെരെഞ്ഞെടുപ്പിൽ മുതലെടുക്കാനും പ്രതിപക്ഷത്തെ സഹായിച്ചത്. കൊല ചെയ്തത് യുഡിഫ് നേതാക്കൾ ആണെന്ന് വരെ പ്രചരണം നടന്നു ഈ കേസിൽ. പിന്നീട് ആ കുറ്റവാളി പിടിക്കപ്പെടുകയും നേരത്തെ കണ്ടെത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ ശിക്ഷിക്കപ്പെട്ടതും കൂടി ഓർക്കുക.

ഇനി വാളയാറിലേക്ക് വരാം. 13 ഉം 9 ഉം വയസ്സ് പ്രായമുള്ള രണ്ടു സഹോദരികൾ മാസങ്ങളുടെ വ്യത്യാസത്തിൽ മാത്രം ദുരൂഹമായ സാഹചര്യത്തിൽ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നു. പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ തന്നെ മരണം കൊലപാതകം ആയേക്കാമെന്നും കുട്ടികൾ പല പ്രാവശ്യം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തുന്നു.  

ഈ കേസിൽ നീതി വേണമെന്ന് സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടു. അത് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഉറപ്പും കൊടുത്തു. അവിടെ വരെ, ജിഷ കേസിലെ പോലെ രാഷ്ട്രീയവൽക്കരിച്ചിരുന്നെങ്കിൽ അത് മുതലെടുപ്പ് തന്നെയാണെന്ന് പറയാമായിരുന്നു. കാരണം കുറ്റകൃത്യങ്ങൾ (ചില രാഷ്ട്രീയ കൊലപാതകങ്ങളിൽ നടക്കുന്ന പോലെ) സർക്കാരിന്റെ അറിവോടെ നടന്നതോ സർക്കാരിന് മുൻകൂട്ടി തടയാവുന്നതോ അല്ല തന്നെ. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പാളിച്ചകൾ ശ്രദ്ധയിൽ പെട്ടപ്പോൾ മലമ്പുഴ MLA VS അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവരും പ്രതിപക്ഷ MLA മാരും അത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ചെയ്തത്. അല്ലാതെ ആരെങ്കിലും രാഷ്ട്രീയ മുതലെടുപ്പിന് ഒരു ഘട്ടത്തിലും ശ്രമിച്ചില്ല.

CWC ചെയർമാൻ ആയ വ്യക്തി തന്നെ ഈ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ കാര്യവും മറ്റും മാധ്യമങ്ങളും മാസങ്ങൾക്കു മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അക്കാര്യങ്ങൾ നിയമസഭയിലും ഉന്നയിക്കപ്പെട്ടു. അപ്പോഴെല്ലാം അന്വേഷിക്കുമെന്നും നീതി ഉറപ്പുവരുത്തുമെന്ന സ്ഥിരം പല്ലവി മറുപടിയായി നൽകുക എന്നതിൽ അപ്പുറം സർക്കാർ ഒരു നടപടിയും എടുത്തില്ല എന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. ഒടുവിൽ കേസിൽ എല്ലാ പ്രതികളും തെളിവില്ല എന്ന ആനുകൂല്യത്തിൽ വെറുതെ വിടപ്പെട്ടപ്പോൾ പൊതു സമൂഹം (പ്രത്യേകിച്ചും സോഷ്യൽ മീഡിയ) അത് ഏറ്റെടുക്കുകയാണ് ചെയ്തത് (പൊതു സമൂഹം എന്ന് പറയുമ്പോൾ സ്ഥിരം പ്രതികരണ തൊഴിലാളികൾ ആയ പല സാംസ്‌കാരിക നായകന്മാരെയും ഒഴിച്ച് എന്ന് പ്രത്യേകം പറയാതെ വയ്യ. ഈ കേസിൽ കാണിക്കാൻ പറ്റാത്ത പ്രതിബദ്ധത കൂടി ഇനി വരുന്ന ഉത്തരേന്ത്യൻ കേസിൽ കാണിച്ചുകൊള്ളാം എന്നവർ ഉറപ്പു നൽകിയിട്ടുണ്ട്. അതോടെ ജനത്തിന്റെ കണ്ണിൽ വീണ്ടും അവർക്ക് നായകത്വം തിരിച്ചുപിടിക്കുകയുമാവാം).

ജനാധിപത്യ വ്യവസ്ഥിതിയിൽ നീതി ഉറപ്പാക്കുന്നു എന്നുറപ്പു വരുത്താനുള്ള ബാധ്യത ആത്യന്തികമായി തെരെഞ്ഞെടുത്ത സർക്കാരുകളിൽ നിക്ഷിപ്തമാണ്. ഉദ്യോഗസ്ഥരും മറ്റു സംവിധാനങ്ങളും നീതി ഉറപ്പു വരുത്താൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നുറപ്പ് വരുത്താൻ തന്നെയാണ് ലക്ഷങ്ങൾ ചെലവാക്കി നാം ഈ മന്ത്രിമാരെയും പരിവാരങ്ങളെയും തീറ്റിപ്പോറ്റുന്നത്. അതുപോലെ തന്നെ നിരവധി കമ്മിഷനുകളും. ഇവരെല്ലാം, അല്ലെങ്കിൽ ഇവരിൽ ആരെങ്കിലും കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു എങ്കിൽ വാളയാറിലെ ആ കുടുംബത്തിന് ഇന്ന് ഈ ഗതി വരില്ലായിരുന്നു. ഇനിയിപ്പോൾ അപ്പീലും പുനരന്വേഷണവും ഒക്കെ നടത്തിയാലും ചെയ്ത തെറ്റുകൾക്കുള്ള പരിഹാരം ആവില്ല.

മറ്റൊരു വിചിത്രമായ വാദവും കാണാൻ കഴിഞ്ഞു-അതായത് അന്വേഷിച്ച പോലീസുകാർ UDF സർക്കാരിന്റെ പ്രിയപ്പെട്ടവർ ആയിരുന്നു എന്നും പ്രോസിക്യൂട്ടർ UDF സർക്കാർ നിയമിച്ചതായിരുന്നു എന്നും അതുകൊണ്ടു പിണറായി സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല എന്നും! വിശ്വാസമില്ലാത്ത പോലീസുകാരനെ എന്തിനു അന്വേഷണം ഏൽപ്പിച്ചു?  CPM നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന കൊലപാതകങ്ങളിൽ CBI അന്വേഷണം പാടില്ല എന്ന് വാദിക്കാൻ ഖജനാവിൽ നിന്നും ലക്ഷക്കണക്കിന് രൂപ കൊടുത്തു സുപ്രീം കോടതിയിൽ നിന്ന് വക്കീലന്മാരെ കൊണ്ടുവരാമെങ്കിൽ എന്ത് കൊണ്ട് വിശ്വാസമുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർമാറി നിയമിച്ചില്ല? ഇവർ പറയുന്നതിന്റെ അർത്ഥം പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്ത ഒരാളാണെന്നും തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങളിൽ പോലും യാതൊരു നിയന്ത്രണവും ഇല്ല എന്നുമല്ലേ?

ഈ കേസിലെ മറ്റൊരു പ്രത്യേകത പ്രതികളും സമൂഹത്തിന്റെ ഉദ്യോഗസ്ഥരിലൊ യാതൊരു സ്വാധീനവും ചെലുത്താൻ തക്ക സാമ്പത്തികമോ സാമൂഹ്യമോ ആയ ശക്തി ഇല്ലാത്തവരാണ് എന്നതാണ്. പിന്നെ എന്തിനാണ് നമ്മുടെ സംവിധാനങ്ങൾ ഒന്നടങ്കം അവരെ രക്ഷപ്പെടുത്താൻ ഇത്രയും വഴിവിട്ട സഹായങ്ങൾ ചെയ്തത്? കേൾക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഒരേയൊരു കാരണം അവർക്കു ഭരിക്കുന്ന പാർട്ടിയുടെ സംരക്ഷണം ഉണ്ട് എന്നത് മാത്രമാണ്.

അത്തരമൊരു സാഹചര്യത്തിൽ ഈ കേസിൽ നടന്ന കാര്യങ്ങളിൽ മുഖ്യമന്ത്രി, ശിശുക്ഷേമ മന്ത്രി, (SC/ST) സാമൂഹ്യക്ഷേമ മന്ത്രി എന്നിവരുടെ അനാസ്ഥയോ (ഏറ്റവും ചുരുങ്ങിയത്) അന്യായമായ ഇടപെടലോ (ഏറ്റവും കൂടിയത്) കണ്ടില്ലെന്നു നടിക്കാൻ പ്രതിപക്ഷത്തിനോ സമൂഹത്തിനോ കഴിയില്ല. അതിനെ രാഷ്ട്രീയ മുതലെടുപ്പ് എന്ന് മുദ്രകുത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്. പകരം ഇനിയെങ്കിലും ഈ കേസിൽ കൃത്യമായി ജനങ്ങൾക്ക് ബോദ്ധ്യം വരുന്ന രീതിയിൽ ഉദ്യോഗസ്ഥർ അടക്കമുള്ള കുറ്റക്കാർക്കെതിരെ നടപടിയെടുത്തു  നീതി ഉറപ്പു വരുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്.

രാഷ്ട്രീയം അത്ര മോശമായ കാര്യമല്ലെന്ന് രാഷ്ട്രീയക്കാരെങ്കിലും സമ്മതിക്കണം!

Monday, October 14, 2019

മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന Global Hunger Index -2019 റിപ്പോർട്ട്

നമ്മുടെ ലോകത്ത്‌ ആഗോള, ദേശീയ, പ്രാദേശീയ തലങ്ങളിൽ നിലനിൽക്കുന്ന ദാരിദ്ര്യത്തെ അളക്കാൻ തയ്യാറാക്കിയ Global Hunger Index 2019 ലെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ച വിവരം പോലും നമ്മുടെ രാജ്യത്തെ മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് (നിങ്ങളിൽ ആരെങ്കിലും ഏതെങ്കിലും മുഖ്യധാരാ മാധ്യമങ്ങളിൽ ഈ വിവരം ഉൾപ്പെടുത്തിയത് കണ്ടിരുന്നോ?).

കാരണമെന്തെന്ന് അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടതില്ല. യജമാനൻമാർക്കു പ്രയാസമുണ്ടാക്കുന്ന വിഷയങ്ങൾ തമസ്കരിക്കുക എന്നതാണല്ലോ പുതിയ മോഡിഫൈഡ് ഇന്ത്യയിലെ മാധ്യമധർമ്മം തന്നെ!

2014-ൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ 55 ആം സ്ഥാനത്തായിരുന്ന ഇന്ത്യ 2016-ൽ 97 ആം സ്ഥാനത്തും 2017-ൽ 100 ആം സ്ഥാനത്തും 2018-ൽ 103 ആം സ്ഥാനത്തും, 2019-ൽ 102 ആം സ്ഥാനത്തും എത്തി നിൽക്കുന്ന വിവരം അത്ര സുഖമുള്ളതല്ലല്ലോ. അതും ചന്ദ്രനിലേക്ക് കുതിക്കുന്ന ഇന്ത്യയുടെ സ്ഥാനം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ദരിദ്രരാജ്യങ്ങൾക്കിടയിൽ ആണ് എന്നിരിക്കെ! അതും, നമ്മുടെ അലവലാതി അയൽക്കാർ പാകിസ്ഥാന്റെ സ്ഥാനം 94 ഉം, ബംഗ്ലാദേശിന്റെ സ്ഥാനം 88 ഉം നേപ്പാളിന്റെതു 73 ഉം ആണെന്ന് ഒക്കെ എങ്ങിനെ ജനങ്ങളെ അറിയിക്കും!

അല്ലെങ്കിലും കുറെ മനുഷ്യർ ദാരിദ്ര്യത്തിലേക്ക് വീഴുന്നു എന്നത് വലിയ കാര്യമാണോ? ഗോമാതാവ് ഒന്നുമല്ലല്ലോ! നോട്ട് നിരോധനത്തിന്റെയും GST യുടെയും ഒക്കെ വൻ വിജയത്തിന് വേണ്ടി ചെറിയ ചില കുരുതികൾ കൊടുക്കുന്നതിൽ എന്താണ് തെറ്റ്, അല്ലെ? ബോളിവുഡിലെ സിനിമകൾ ഹിറ്റ് ആവുന്നിടത്തോളം എന്ത് ദാരിദ്ര്യം!

രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞു എന്തിനു ബുദ്ധിമുട്ടുകൾ ഏറ്റുവാങ്ങണം! അതിലും എത്രയോ നല്ലത്‌ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നത് തന്നെ!