Wednesday, October 14, 2020

അരാഷ്ട്രീയ രാഷ്ട്രീയം!

വളരെ മുമ്പേ കേട്ടു പഴകിയ ഒരു ചൊല്ലാണ് Man is a rational animal എന്നത്. മനുഷ്യൻ എല്ലാ കാര്യങ്ങളും യുക്തിസഹമായി ആലോചിച്ച് തീരുമാനിക്കുന്നു എന്നാണ് ഈ ചൊല്ല് അർത്ഥമാക്കുന്നത്.

എന്നാൽ ശരിക്കും അങ്ങനെയാണോ? 

ഞാനടക്കം നമ്മുടെ ഓരോരുത്തരുടെയും തീരുമാനങ്ങളും വീക്ഷണങ്ങളും വസ്തുനിഷ്ഠമായി പരിശോധിച്ചാൽ പലപ്പോഴും യുക്തിയുടേയും വസ്തുതയുടെയും പിൻബലത്തേക്കാൾ കാണാൻ കഴിയുക അവനവന്റെ ഇഷ്ടാനിഷ്ടങ്ങളും സ്വാർത്ഥതാല്പര്യങ്ങളും മറ്റുപലതുമാണ്. പലപ്പോഴും മനുഷ്യർ rational എന്നതിനേക്കാൾ irrational എന്ന അവസ്ഥയാണ് പ്രകടിപ്പിക്കുന്നത്.

അത്തരമൊരു ബോധം മനസ്സിലുറച്ചതിന് ശേഷമാണ് Robert Heinlein എന്ന എഴുത്തുകാരന്റെ ഈ പ്രശസ്തമായ ഉദ്ധരണി ശ്രദ്ധയിൽ പെട്ടത്: “Man is not a rational animal; he is a rationalising animal.”

എത്ര ശരിയാണ്! യുക്തിഭദ്രമായി ചിന്തിച്ച് നിലപാടുകളിൽ എത്തുന്നവരല്ല, മറിച്ച് തങ്ങളുടെ നിലപാടുകൾക്ക് ന്യായീകരണം കണ്ടെത്തുന്നവരാണ് മനുഷ്യർ. ഏറെ കഷ്ടം എന്താണ് എന്നു വച്ചാൽ സ്വയം ഈ ന്യായീകരണ പ്രക്രിയ മനസ്സിലാവുകയുമില്ല എന്നതാണ്. പകരം തന്റെ അപ്പപ്പോഴത്തെ നിലപാടുകളാണ് ഏറ്റവും യുക്തിഭദ്രം എന്ന് സ്വയം വിശ്വസിക്കുകയും അതിനെ എതിർക്കുന്നവരെ വാക്കുകളിലൂടെയോ കായികമായി തന്നെയോ ആക്രമിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യരുടെ സർവ്വസാധാരണമായ രീതി.

ചില ഉദാഹരണങ്ങൾ നോക്കാം. 

മനുഷ്യരുടെ ജീവിതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് അവരവരുടെ മതങ്ങൾ ആയിരിക്കാനാണ് സാധ്യത. എന്നാൽ മിക്കവാറും എല്ലാ മനുഷ്യരും ജന്മനാ ഒരു മതം അടിച്ചേൽപ്പിക്കപ്പെട്ടവരാണ്. വളരെ ചുരുക്കം മനുഷ്യർ മാത്രമാണ് ഒരു മതത്തെക്കുറിച്ച് പഠിച്ച് അതിനെ മനസ്സിലാക്കി സ്വായത്തമാക്കുന്നത്. അതു പോലും നാം കേവല "മതം മാറ്റ"മായാണ് പരിഗണിക്കുക. എന്നിട്ട് പോലും ഓരോ മനുഷ്യരും താന്താങ്ങളുടെ മതമാണ് ഏറ്റവും ശരിയെന്ന് ന്യായീകരിക്കുന്ന രീതി നോക്കൂ. പലപ്പോഴും കൂടുതലായി ന്യായീകരിക്കുന്നവർ അല്പം പോലും തന്റെ മതത്തിന്റെ അടിസ്ഥാനതത്വങ്ങൾ മനസ്സിലാക്കാത്തവർ ആണെന്നും ആ തത്വങ്ങൾക്ക്  വിവരീതമായി പ്രവർത്തിക്കുന്നവർ ആണെന്നും കാണാം.

അതുപോലെ തന്നെയാണ് രാഷ്ട്രീയത്തിന്റെ കാര്യവും. വളരെ ചുരുക്കം പേർ മാത്രമായിരിക്കും എല്ലാ രാഷ്ട്രീയ തത്വശാസ്ത്രങ്ങളും പഠിക്കുകയും വിവിധ പാർട്ടികളുടെ പ്രവർത്തനം താരതമ്യം ചെയ്യുകയും ചെയ്ത ശേഷം ഒരു രാഷ്ട്രീയപ്രസ്ഥാനം തെരെഞ്ഞെടുക്കുന്നത്. യഥാർത്ഥത്തിൽ നമുക്ക് കാണാൻ കഴിയുക ഏതെങ്കിലും ഇഷ്ടാനിഷ്ടങ്ങളുടെയോ താല്പര്യങ്ങളുടെയോ പേരിൽ ഒരു പ്രസ്ഥാനത്തെ തെരെഞ്ഞെടുക്കുകയും പിന്നീട് എന്തു വന്നാലും ആ പ്രസ്ഥാനത്തെ ന്യായീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രവർത്തകരെയാണ്. 

അതുകൊണ്ടാണ് കൂറുമാറ്റങ്ങൾ പോലും രാഷ്ട്രീയത്തിൽ വളരെ എളുപ്പമാവുന്നത്. ഇന്നലെ വരെ സംഘപരിവാറിന്റെ വർഗ്ഗീയ അജണ്ടയെ കടന്നാക്രമിച്ച മതേതരപോരാളി എത്ര സുഗമമായാണ് ഇന്ന് നരേന്ദ്രമോഡിയുടെ കരുത്തുറ്റ നേതൃത്വത്തെ പ്രശംസിക്കുന്നത്? അഴിമതിക്കെതിരെ പോരാടി ജൻലോക്പാൽ എന്ന അജണ്ടയുമായി വന്നവർ എത്ര പെട്ടെന്നാണ് അധികാരം കൈയ്യിൽ വന്നപ്പോൾ ലോക്പാലിനെയും അഴിമതി വിരുദ്ധപോരാട്ടത്തെയും മറന്നത്?

ഇന്നലെവരെ മാണിയുടെ നോട്ടെണ്ണൽ യന്ത്രത്തെയും ജോസ് മാണിയുടെ സരിത പ്രശ്നത്തെയും കുറ്റം പറഞ്ഞവർ എത്ര പെട്ടെന്നാണ് അവരുടെ സംരക്ഷണം ഏറ്റെടുത്തത്? അടുത്ത കാലം വരെ മാണിമാരുടെ സംരക്ഷണത്തിന് ഏതറ്റം വരെയും പോകാൻ തയ്യാറായവർ എത്ര പെട്ടെന്നാണ് മാണി സാറിന്റെ നോട്ടെണ്ണൽ യന്ത്രത്തെ ഓർമ്മിപ്പിച്ച് പോസ്റ്റുകൾ ഇറക്കാൻ തുടങ്ങിയത്?

സരിതയുടെ വാക്കുകൾ വേദവാക്യമാക്കി അന്നത്തെ സർക്കാരിനെ എതിർത്തവർ ഇന്ന് പറയുന്നു സ്വപ്നയുടെ മൊഴി വിശ്വാസത്തിൽ എടുക്കരുത് എന്ന്. തിരിച്ച് ഇന്ന് സ്വപ്നയുടെ മൊഴിയെ ആശ്രയിക്കുന്നവർ സരിതയുടെ മൊഴി തള്ളണം എന്ന കാര്യത്തിൽ ഒട്ടും സംശയമില്ലാത്തവരാണ്.

അഴിമതി പോലെ ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത ഒരു കാര്യത്തെ പോലും തങ്ങളുടെ എതിരാളികളെ അടിക്കാനുള്ള വെറുമൊരു വടിയായി മാത്രമാണ് എല്ലാ രാഷ്ട്രീയക്കാരും കാണുന്നത് എന്നത് പകൽ പോലെ വ്യക്തമാവും അവരുടെ ഓരോ കേസിലും ഉൾപ്പെട്ട വ്യക്തികളുടെ കൂറു മാത്രം നോക്കിയുള്ള പരസ്പരവിരുദ്ധമായ നിലപാടുകൾ നോക്കിയാൽ.

അടിസ്ഥാനപരമായി രാഷ്ട്രീയക്കാരും In-group vs Out-group അഥവാ We vs Them എന്ന ഗോത്രക്കൂറിനെ മാത്രം ആശ്രയിക്കുന്നു എന്ന് കാണാം. രാഷ്ട്രീയം എന്നത് വിശ്വാസപ്രമാണങ്ങളോടും തത്വങ്ങളോടും ഉള്ള കൂറല്ല മറിച്ച് തന്റെ കൂട്ടരെ ന്യായീകരിക്കുക എന്ന ഏകമാത്ര അജണ്ടയായി ചുരുങ്ങിയിരിക്കുന്നു.

എന്തു സംഭവിച്ചാലും തന്റെ പാർട്ടിയെ rationalise ചെയ്യുന്നതാണോ രാഷ്ട്രീയം അതോ ഒരു രാഷ്ട്രീയപാർട്ടിക്കും തന്റെ കൂറും വ്യക്തിത്വവും അടിയറ വെക്കാതെ തന്റേതായ അടിസ്ഥാന മൂല്യങ്ങളുടെ വെളിച്ചത്തിൽ നിലപാട് എടുക്കുന്ന, നാം അരാഷ്ട്രീയ വാദികൾ എന്ന് വിളിച്ചാക്ഷേപിക്കുന്നവർ ചെയ്യുന്നതാണോ യഥാർത്ഥത്തിൽ രാഷ്ട്രീയം? എന്തായാലും വെറും ന്യായീകരണമാവരുത് രാഷ്ട്രീയ പ്രവർത്തനം!

ഈ അഞ്ചോ ആറോ ശതമാനം വരുന്ന അരാഷ്ടീയരെന്ന് മുദ്രകുത്തപ്പെടുന്ന rational രാഷ്ട്രീയക്കാർ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ തെരെഞ്ഞെടുപ്പുകളിൽ എന്നെങ്കിലും നീതി പുലർത്തപ്പെടുകയും, ഏതെങ്കിലും രാഷ്ട്രീയ തൊഴിലാളികൾ എന്നെങ്കിലും ജനകീയ കോടതികളാൽ ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നോ? ഇല്ല എന്ന് ഉറപ്പിച്ചു തന്നെ പറയാം!