Monday, January 27, 2020

പൗരത്വ നിയമ പ്രതിഷേധവും ഫേക്ക് ന്യൂസ് ഫാക്ടറികളും- എന്തുകൊണ്ടു നാം ജാഗരൂകരായിരിക്കണം!

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ ബിജെപിയുടെ കണക്കുകൂട്ടൽ അത് മറ്റൊരു ഹിന്ദു-മുസ്ലിം വിഭജനത്തിനും അതിലൂടെ ഭൂരിപക്ഷ വർഗീയതക്കും കാരണമാവും എന്നായിരുന്നു. അത് എത്രമാത്രം വിജയിച്ചു എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

എന്നാൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ പിഴച്ചത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തന്നെ നിരാകരിക്കുന്ന ഈ ഭേദഗതിക്കെതിരെ ഉയർന്നു വന്ന മതേതരസ്വഭാവമുള്ള പ്രക്ഷോഭങ്ങൾ ആയിരുന്നു. ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചവരിൽ മുസ്ലിങ്ങളുടെ പങ്ക്, അതിന്റെ ദോഷഫലങ്ങൾ നേരിട്ട് അനുഭവിക്കാൻ ഇടയുള്ളവർ എന്ന നിലയിൽ സ്വാഭാവികമായും കൂടുതലായിരുന്നു. എന്നാൽ ഒരിക്കൽ പോലും അത് ഒരു മുസ്ലിം പ്രക്ഷോഭം ആയി ചുരുങ്ങിയില്ല.

കുറച്ചു വർഷങ്ങളായി ഒരു തെറി പോലെയായിരുന്ന മതേതരത്വം എന്ന വാക്ക് പെട്ടെന്ന് തന്നെ ജനങ്ങൾക്കിടയിൽ സ്വീകാര്യമാവുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഭരണഘടനയും ത്രിവർണ പതാകയും ഏന്തിയുള്ള സമരമുഖങ്ങൾ ബിജെപിയുടെ പ്രതീക്ഷകൾ ഒരു പരിധി വരെയെങ്കിലും തല്ലിക്കെടുത്തി എന്നതിൽ സംശയമില്ല.

എന്നാൽ അത്ര വേഗം തോൽവി സമ്മതിക്കുന്നവരല്ല സംഘപരിവാർ ശക്തികൾ. ഫേക്ക് ന്യൂസ് ഫാക്ടറി എന്ന് തന്നെ വിളിക്കാവുന്ന ഒരു വലിയ സംവിധാനം തന്നെയുണ്ട് ബിജെപിക്ക്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന്റെ ഭീകരത മനസ്സിലാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി പിൻതുടരുന്ന ട്വിറ്റെർ അക്കൗണ്ടുകളിൽ നിന്നും പുറപ്പെടുന്ന ഫേക്ക് ന്യൂസുകളും തെറി വിളികളും മാത്രം നോക്കിയാൽ മതി. ഈ വിഷയത്തെ കുറിച്ചു ആധികാരികമായ പുസ്തകങ്ങൾ പോലും ഇറങ്ങിയിട്ടുള്ളതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല.

കയ്യിൽ ചുറ്റികയുള്ള ഒരാൾക്ക്  ലോകത്തിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ആണി അടിക്കലാണെന്നു തോന്നും എന്നൊരു ചൊല്ലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നേരിടുന്ന ബിജെപിയുടെയും സ്ഥിതി മറിച്ചല്ല. ഫേക്ക് ന്യൂസ് എന്ന ചുറ്റികയുമായാണ് അവർ CAA-NRC സമരങ്ങളെ നേരിടാൻ ശ്രമിക്കുന്നത്. എങ്ങിനെയും ഹിന്ദുക്കളെ ഈ സമരമുഖത്തു നിന്നും അകറ്റുക എന്ന ലക്ഷ്യത്തോടെ, നിരന്തരം പടച്ചുവിടുന്ന അങ്ങേയറ്റം വിഭാഗീയവും വർഗീയവുമായ Social media/ WhatsApp ഫോർവേഡുകളിലൂടെ നിഷ്കളങ്കരായ വീട്ടമ്മമാരുടെ മനസ്സിൽപ്പോലും വിഷം കുത്തി നിറയ്ക്കുകയാണ് സംഘപരിവാര ശക്തികൾ ചെയ്യുന്നത്. രണ്ട്‌ ഉദാഹരങ്ങളിലൂടെ ഇത് വ്യക്തമാക്കാം.

ഇപ്പോഴത്തെ CAA വിരുദ്ധ സമരങ്ങളെ വ്യത്യസ്തമാക്കുന്നത് അവയിലെ അഭൂതപൂർവ്വമായ  സ്ത്രീ പങ്കാളിത്തമാണ്.  അത്തരം സമരങ്ങളെ ഇകഴ്ത്തിക്കെട്ടാനായി സംഘ പരിവാർ ശക്തികൾ ഉപയോഗിക്കുന്ന ഒരു വാർത്തയാണ് സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ 500 രൂപക്കും ഒരു ബിരിയാണിക്കും വേണ്ടിയാണ് അത് ചെയ്യുന്നത് എന്നത്. സംഘ പരിവാറിന്റെ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഹാൻഡിലുകൾ എല്ലാം തന്നെ ഷെയർ ചെയ്ത ഒരു വീഡിയോ ക്ലിപ്പും നാം കണ്ടു- ആ ക്ലിപ്പിൽ സമരത്തിൽ പങ്കെടുത്ത ഒരു സ്ത്രീ പറയുന്നതായി കാണുന്നത് ഇങ്ങനെയാണ്:

"സ്ത്രീകളെ ഇവിടെ വിളിച്ചു വരുത്തുന്നത് 500 രൂപയും തിന്നാൻ ബിരിയാണിയും കൊടുത്താണ്. നിങ്ങൾ തന്നെ പറയൂ, 500 രൂപകൊണ്ട് എന്താവും ഇന്നത്തെ കാലത്ത്? സ്ത്രീകൾ ഇവിടെ വരുന്നത് സ്വന്തം വീടും, കുട്ടികളും ഭർത്താവും, മാതാപിതാക്കളും, സ്വന്തം പഠനം പോലും വിട്ടിട്ടാണ്"

ഇത് കാണുന്ന/ കേൾക്കുന്ന ആരും തന്നെ വിശ്വസിച്ചു പോകും ഈ സമരങ്ങൾ എല്ലാം ആരൊക്കെയോ പണമിറക്കി സംഘടിപ്പിക്കുന്നതാണ് എന്ന്. കൂടാതെ സ്ത്രീകൾ കിട്ടുന്ന 500 രൂപയിൽ തൃപ്‌തരല്ല എന്നും തോന്നും. എന്നാൽ ഈ കാണിക്കുന്ന വീഡിയോ ക്ലിപ്പിംഗ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനായി മനപ്പൂർവ്വം എഡിറ്റ് ചെയ്തതാണ്. സത്യത്തിൽ എന്താണ് ആ സ്ത്രീ പറയുന്നത്?

സമരത്തിൽ പങ്കെടുക്കുന്ന ആ സ്ത്രീയോട് Lucknow Live എന്ന ചാനലിന്റെ റിപ്പോർട്ടർ ചോദിക്കുകയാണ്: "ഇന്നലെ വസീം റിസ്‌വി ലക്നൗ ക്ലോക്ക് ടവറിൽ സമരം ചെയ്യുന്ന സ്ത്രീകളെ കുറിച്ചു വളരെ മോശമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനെക്കുറിച്ചു നിങ്ങളുടെ അഭിപ്രായം എന്താണ്?" (യോഗി സർക്കാരിന്റെ കീഴിൽ ഉത്തർപ്രദേശിലെ ഷിയാ സെൻട്രൽ ബോർഡ് ഓഫ് വഖഫ് ചെയർമാനാണ് ഈ റിസ്‌വി).

അതിനു മറുപടിയായി ആ സ്ത്രീ പറയുന്നു: "അദ്ദേഹം സ്‌ത്രീകളെക്കുറിച്ചു പറഞ്ഞത് ഇതെല്ലാമാണ്. സ്ത്രീകളെ ഇവിടെ വിളിച്ചു വരുത്തുന്നത് 500 രൂപയും തിന്നാൻ ബിരിയാണിയും കൊടുത്താണ്. നിങ്ങൾ തന്നെ പറയൂ, 500 രൂപകൊണ്ട് എന്താവും ഇന്നത്തെ കാലത്ത്? സ്ത്രീകൾ ഇവിടെ വരുന്നത് സ്വന്തം വീടും, കുട്ടികളും ഭർത്താവും, മാതാപിതാക്കളും, സ്വന്തം പഠനം പോലും വിട്ടിട്ടാണ്"

സർക്കാരിന്റെ ഒരു ചട്ടുകം സ്ത്രീകളെ അപമാനിക്കാനായി ഒരു ആരോപണം ഉന്നയിക്കുകയും സമരത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീ അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നതിനെ എങ്ങിനെ ദുരുപയോഗം ചെയ്തു എന്ന് വ്യക്തമാണല്ലോ?

രണ്ടാമത്തെ ഉദാഹരണം അറഫാ ഖാനൂം ഷെർവാണി എന്ന പത്രപ്രവർത്തക അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ സമരക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്തു പറഞ്ഞതിന് തികച്ചും വിരുദ്ധമായ അർത്ഥത്തോടെ ഷെയര് ചെയ്തതാണ്. ദേശീയ വക്താക്കൾ മുതൽ ബോളിവുഡ് സെലിബ്രിറ്റീസ് വരെയും കൂടാതെ ബിജെപിയുടെ മുഴുവൻ ട്രോളുകളും വിഷം നിറഞ്ഞ കമ്മന്റുകളോടെ പ്രചരിപ്പിച്ച ആ ക്ലിപ്പിങ്ങിന്റെ സത്യാവസ്ഥ ഇതാണ്.

സമരത്തിന്റെ തുടക്കത്തിൽ മുസ്ലിങ്ങളെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ മുസ്ലിംകൾ തങ്ങളുടെ മതപരമായ അസ്തിത്വം ഉയർത്തുപിടിച്ചു കൊണ്ട് തന്നെ സമര രംഗത്തിറങ്ങണം എന്ന ഒരു വാദം പ്രബലമായിരുന്നു. മുസ്ലിങ്ങളുടെ ഇടയിലെ തീവ്ര സ്വഭാവമുള്ള സംഘടനകളും അത്തരമൊരു നീക്കത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. അത്തരമൊരു നീക്കത്തിന്റെ അപകടത്തെക്കുറിച്ചു ശശി തരൂറിനെപ്പോലുള്ള നേതാക്കൾ പ്രസ്താവനകൾ ഇറക്കിയതും ധാരാളം പഴി കേട്ടതും നമുക്കെല്ലാം അറിയാം. സമരരംഗത്തുള്ളവരിൽ തന്നെ നല്ലൊരു വിഭാഗത്തിന് ആ കാര്യം മനസ്സിലാവുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിൽ സമരം ചെയ്യേണ്ടത് ഇന്ത്യക്കാർ പൊതുവിൽ തന്നെയാണെന്നും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം അത് ഏറ്റെടുക്കുമ്പോൾ ആ സമരത്തിന്റെ വിശാല അടിത്തറക്കു കോട്ടം വന്നേക്കാമെന്നും പൊതുവിൽ അംഗീകരിക്കപ്പെട്ടു. അങ്ങനെയല്ലാതെ മതപരമായ ചിഹ്നങ്ങളിലും മുദ്രാവാക്യങ്ങളിലും ചുരുക്കിയിരുന്നുവെങ്കിൽ ഈ സമരം ബിജെപി ആഗ്രഹിച്ച ദിശയിലേക്കു മാറുമായിരുന്നു.

മേൽപ്പറഞ്ഞ പശ്ചാത്തലത്തിൽ, സമരത്തിന്റെ മതേതര സ്വഭാവം ഉറപ്പിക്കേണ്ട ആവശ്യത്തെക്കുറിച്ചു ചെയ്ത ഒരു പ്രസംഗം ആയിരുന്നു അറഫാ ഖാനൂം അലിഗഢിൽ ചെയ്തത്. ക്ലിപ്പ് ചെയ്തു പ്രചരിപ്പിച്ച ഭാഗം ഉൾക്കൊള്ളുന്ന വാക്കുകൾ ഇതായിരുന്നു:
"20 കോടി വരുന്ന മുസ്ലിങ്ങൾ മാത്രം മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധിച്ചാൽ ബാക്കി 100 കോടി ജനങ്ങൾ അതിനൊപ്പം ചേരുമോ?...എനിക്ക് പറയാനുള്ളത് എന്തെന്നാൽ, ഈ പ്രതിഷേധങ്ങൾ എല്ലാവരെയും ചേർത്ത് (inclusive) നിർത്തുന്നതായിരിക്കണം...നിങ്ങൾ ഒരു മുസ്ലിമാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഒപ്പം നിങ്ങളാണ് ആക്രമിക്കപ്പെടുന്നത് എന്ന് സമ്മതിക്കാനും എനിക്ക് മടിയില്ല.  പക്ഷെ നിങ്ങൾ ഒന്ന് മനസ്സിലാക്കണം- ഈ സമരം ഇന്ത്യയുടെ മതേതരത്വത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ളതാണ്."

ഇതിനു ശേഷമാണ് അടർത്തിയെടുത്ത ഭാഗം വരുന്നത്. അതിങ്ങനെ ആയിരുന്നു: "ചുരുങ്ങിയത് ഇവിടെ കൂടിയിരിക്കുന്നവരിലെങ്കിലും ഒരു പൊതു അഭിപ്രായം രൂപപ്പെടണം- നമ്മുടെ സമൂഹം നമ്മുടെ മത സ്വത്വവും, മത വിശ്വാസങ്ങളും മുദ്രാവാക്യങ്ങളും സ്വീകാര്യമായ ഒരു ഉത്തമ (ideal) സമൂഹം ആവുന്നവരെ നാം ഈ സമരത്തെ എല്ലാവര്ക്കും ഉൾക്കൊള്ളാവുന്ന ഒരു inclusive സമരമായി മുന്നോട്ട് കൊണ്ടുപോകണം. ഈ സമരം നമ്മെ നയിക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സമൂഹത്തിലേക്ക് കൂടിയാണ്. അതുകൊണ്ട്, നാം ചെയ്യുന്നത് നമ്മുടെ വിശ്വാസങ്ങളെയും ഐഡിയോളോജിയെയും തള്ളിപ്പറയുകയല്ല, ഞാൻ ഒന്ന് കൂടി ഉറപ്പിച്ചു പറയട്ടെ, നമ്മുടെ ഐഡിയോളോജിയെ അല്ല, മറിച്ചു നമ്മുടെ സമരതന്ത്രങ്ങളെ ആണ് നാം മാറ്റുന്നത്"

മേൽപ്പറഞ്ഞ വാക്കുകൾ ചെയ്യുന്നത് ഓരോ വ്യക്തിക്കും അവരുടെ വിശ്വാസ പ്രമാണങ്ങളും മുദ്രാവാക്യങ്ങളും ഉപയോഗിച്ച് കൊണ്ട് തന്നെ പ്രതിഷേധിക്കാനുള്ള നമ്മുടെ ഭരണഘടന നല്കുന്ന അവകാശത്തെ അംഗീകരിക്കുകയും അതെ സമയം, അത്തരമൊരു വിശാല മനസ്സ് ഇന്ന് വിഘടിച്ചു നിൽക്കുന്ന നമ്മുടെ സമൂഹത്തിൽ ഇല്ലാത്തതിനാൽ എല്ലാവര്ക്കും ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ മതേതര സ്വഭാവത്തോടെ സമരം ചെയ്യേണ്ട ആവശ്യകത ബോധ്യപ്പെടുത്തുകയും ആണെന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാവും. എന്നാൽ നേരത്തെ പറഞ്ഞ സംഘ പരിവാർ ശക്തികൾ ചെയ്തത് ഈ വാക്കുകളെ വളച്ചൊടിച്ചും സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയും ഇത് ഹിന്ദുക്കളെ കൂടി ചൂഷണം ചെയ്ത് ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാനുള്ള തന്ത്രമാണെന്ന വിധത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.

സംഘ പരിവാറിന്റെ ഇത്തരം ആക്രമണങ്ങൾക്കു ഇരയാവുന്നത് മുസ്ലിം സമുദായത്തിലെ തീവ്രസ്വഭാവമുള്ള വ്യക്തികളും സംഘടനകളും അല്ല, മറിച്ചു ആ സമുദായത്തിലെ മിതവാദികളും മതേതരവാദികളും ആണെന്നത് യാദൃശ്ചികം മാത്രമല്ല എന്ന് നാം തിരിച്ചറിയണം. ഈ സമരത്തെ വെറുമൊരു 'മാപ്പിള ലഹള' ആക്കി ചുരുക്കുക എന്നതാണ്  ലക്‌ഷ്യം. അതിനു തടസ്സം മതേതരത്വവും.  അത്തരം തിരിച്ചറിവുകൾ മാത്രമേ നമ്മുടെ രാജ്യത്തെ മാനസികമായി മറ്റൊരു വിഭജനത്തിലേക്കു തള്ളിവിടാൻ നിരന്തരം ശ്രമിക്കുന്ന ശക്തികളെ എതിർത്ത് തോൽപ്പിക്കാൻ നമ്മെ പ്രാപ്തരാക്കൂ.


കടപ്പാട്:

https://thewire.in/communalism/arfa-khanum-sherwani-amu-speech-bjp-distort

https://www.altnews.in/journalist-arfa-khanums-speech-on-caa-clipped-and-shared-with-communal-overtones/

https://www.altnews.in/anti-caa-protesters-at-lucknow-confess-taking-bribes-no-clipped-video-viral/

Thursday, January 9, 2020

കൂട്ട ബലാത്സംഗവും കൊലപാതകവും- നമ്മുടെ ഇരട്ടത്താപ്പുകൾ

ഇക്കഴിഞ്ഞ പുതുവത്സര രാവിൽ ഇവിടെ നാമെല്ലാം ആഘോഷിക്കുമ്പോൾ അങ്ങ് ഗുജറാത്തിൽ ഒരു 19 വയസ്സുള്ള ദളിത് ബാലികയെ തട്ടിക്കൊണ്ടു പോയിരുന്നു. പെൺകുട്ടിയെ കാണാതായ വിവരത്തിനു ഒരു FIR രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായില്ല. ഒടുവിൽ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ആ പെൺകുട്ടിയെ ജനുവരി അഞ്ചാം തിയ്യതി ഒരു മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെട്ടു.
ഒരു കേസ് രജിസ്റ്റർ ചെയ്യാൻ പോലും കുട്ടിയുടെ ബന്ധുക്കൾക്ക് അവളുടെ ശരീരം ഏറ്റെടുക്കില്ല എന്ന് പറഞ്ഞു സമരം ചെയ്യേണ്ടി വന്നു.
ഇങ്ങിനെയൊക്കെ ആയിട്ടും ഹൈദരാബാദിലെ സമാന സംഭവത്തിൽ പ്രതികരിച്ചവർ ആരും, മീഡിയ അടക്കം (ഏതോ കോണിലെ ചെറിയ റിപ്പോർട്ടുകൾക്കപ്പുറം) ഒരു ശബ്ദവും ഉയർത്തി കാണുന്നില്ല. ആരും റേപ്പിസ്റ്റുകളെ വെടിവെച്ചു കൊല്ലാനോ ഉടനെ തൂക്കിക്കൊല്ലാനോ ആവശ്യപ്പെടുന്നില്ല. കണ്ട/കേട്ട ഭാവം പോലും നടിക്കുന്നില്ല.
വർഷങ്ങൾക്കു മുമ്പ് നടന്ന ഡൽഹിയിലെ നിർഭയ സംഭവത്തിൽ ഇപ്പോൾ വിധി നടപ്പാക്കുന്നതിനെ അഘോഷമാക്കുന്നവർ പോലും ഇപ്പോൾ നടന്ന ഈ സംഭവത്തിൽ നീതിയുക്തമായ ഒരു അന്വേഷണം ആവശ്യപ്പെടുന്നതായി കാണുന്നില്ല.
ഇതെല്ലാം കൃത്യമായി കാണിക്കുന്നത് നാം പ്രതികരിക്കുന്നത് സ്ത്രീകളുടെ നേരെയുള്ള അക്രമത്തിനോ കൊലപാതകത്തിനോ എതിരെയല്ല, പകരം ഇരയുടെയും പ്രതികളുടെയും ജാതിയും മതവും, സാമ്പത്തിക സ്ഥിതിയും, ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറവും അങ്ങനെ അങ്ങനെ മറ്റു പല ഘടകങ്ങളും നോക്കിയാണ് എന്നതാണ്.
നമുക്ക് ലജ്ജിച്ചു തല താഴ്ത്താം!


P.S. ഇനി ഗുജറാത്ത് എന്ന പേരിൽ പിടിച്ചുകൊണ്ട് ആരും പ്രതികരിക്കേണ്ട. എവിടെ നടന്നു എന്നതിലല്ല നമ്മുടെ പ്രതികരണം എന്ത് എന്നതാണ് വിഷയം. നിർഭയ നടന്നത് ഡൽഹിയിലും, ദിശ നടന്നത്‌ ഹൈദരാബാദിലും, ജിഷ നടന്നത് കേരളത്തിലും ആയിരുന്നു.

ലൗട്ടാദേ വോ ഭുരേ ദിൻ!

ലൗട്ടാദേ വോ ഭുരേ ദിൻ
(ആ ചീത്ത ദിനങ്ങൾ ഞങ്ങൾക്ക് തിരിച്ചു തരൂ..) 


2005 ൽ JNU വിലേക്ക് ചെന്ന അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗിനെ അവിടുത്തെ കുട്ടികൾ അദ്ദേഹത്തിന്റെ സാമ്പത്തികനീതിക്കെതിരായ പ്രതിഷേധമെന്ന നിലയിൽ കരിങ്കൊടി കാണിച്ചു.

ഉടനെ തന്നെ സർവ്വകലാശാലാ അധികൃതർ അങ്ങനെ ചെയ്ത വിദ്യാർത്ഥികൾക്ക് അച്ചടക്ക നടപടിയുടെ ഭാഗമായി നോട്ടീസ് അയച്ചു.

ഇതറിഞ്ഞ PMO അടുത്ത ദിവസം തന്നെ ഇടപെടുകയും പ്രതിഷേധം വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ അവകാശമായതിനാൽ ഏതെങ്കിലും നടപടി എടുക്കന്നതിൽ നിന്നും അധിക്യതരെ വിലക്കുകയും ചെയ്തു.

കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി തന്നെ നേരിട്ട വിദ്യാർത്ഥികളെ അദ്ദേഹം അഭിസംബോധന ചെയ്ത് തുടങ്ങിയത് വോൾട്ടയറുടെ പ്രസിദ്ധമായ ഈ വാചകം ഉദ്ധരിച്ചായിരുന്നു: "നിങ്ങൾ പറയുന്നതിനോട് ഞാൻ യോജിച്ചേക്കില്ല, എന്നാൽ നിങ്ങൾക്കത് പറയാനുള്ള അവകാശത്തിനായി ഞാൻ മരണം വരെ നിലകൊള്ളും."

ഇന്ന് ഈ വാക്കുകൾ ഗൃഹാതുരത്വത്തോടെ ഓർക്കുന്നത് JNU വിലെ മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് ആണ്.

ഇതേപോലെ പണ്ട് സീതാറാം യച്ചൂരി JNU വിൽ പ്രതിഷേധിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി അതിനെ നേരിട്ട വിധവും ഇന്ത്യൻ ജനാധിപത്യത്തിന്റെ കിരീടത്തിലെ തൂവലുകൾ ആയി ഇന്നും വാഴ്ത്തപ്പെടുന്നു.

നമ്മുടെ ഇന്ത്യ എത്ര ദൂരം പുറകിലേക്ക് നടന്നു കഴിഞ്ഞു? അധികം വൈകാതെ നമ്മുടെ ഇന്ത്യയെ തിരിച്ചു പിടിക്കാൻ നമുക്ക് കഴിഞ്ഞേ മതിയാവൂ.