Friday, December 28, 2018

മുത്തലാഖ് ബില്ലിനെ എതിർക്കുന്നത് എന്തുകൊണ്ട്?

മുത്തലാഖ്  ബില്ലിനെ എന്തുകൊണ്ട് എതിർക്കുന്നു എന്ന് ഒരു സുഹൃത്ത് ചോദിച്ചു. പ്രത്യക്ഷത്തിൽ സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള ഒരു ബില്ലിനെ എതിർക്കുന്നത് അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടല്ലേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ രാഷ്ട്രീയം അന്ധമാവരുത് എന്ന തീരുമാനം ഉള്ളതുകൊണ്ടും ചോദ്യകർത്താവിനെ പോലെ ധാരാളം സുഹൃത്തുക്കൾ ഈ ബില്ലിലെ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരല്ല എന്നതിനാലും ആണ് ഈ വിശദമായ പോസ്റ്റ്.
മേൽപ്പറഞ്ഞ പോലെ പ്രത്യക്ഷത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയുള്ള ഒരു നിയമ നിർമ്മാണം ആണെന്ന് ആരും സംശയിച്ചു പോകും. അതിനാൽ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയിലേക്ക് അല്പം ആഴത്തിൽ തന്നെ ഇറങ്ങി നോക്കാം.
ഇസ്ലാമിക നിയമ വ്യവസ്ഥയിൽ വിവാഹം എന്നത് ഒരു കരാർ ആണെന്നും ഏതൊരു കരാർ പോലെയും വിവാഹ ബന്ധവും അവസാനിപ്പിക്കാവുന്നതാണെന്നും ഓർക്കുക. തലാഖ് എന്നത്  വിവാഹ ബന്ധം വേർപെടുത്തുന്നതിനായി ഇസ്ലാം മതം നിർദ്ദേശിക്കുന്ന ഒരു മാർഗ്ഗമാണ്. അത് എങ്ങിനെ ചെയ്യണം എന്നതിന് വ്യക്തമായ നിർദ്ദേശങ്ങളും ഇസ്ലാം അനുശാസിക്കുന്നു. എന്നാൽ തുടർച്ചയായി മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുക എന്ന ഒരു അനാചാരം കാലക്രമേണ കടന്നുകൂടി. അത്തരം ഇൻസ്റ്റന്റ് തലാഖുകൾ കുടുംബങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെയും എങ്ങിനെ ബാധിക്കും എന്ന് പറയേണ്ടതില്ലല്ലോ!
ഇസ്ലാമികമല്ലാത്ത ഇൻസ്റ്റന്റ് മുത്തലാഖിന്റെ നിയമ സാധുത നമ്മുടെ സുപ്രീം കോടതിയുടെ മുമ്പാകെ ചോദ്യം ചെയ്യപ്പെടുകയും അത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും ഉണ്ടായതു ഈ അടുത്ത കാലത്താണ്. ആ വിധിയോടെ മുത്തലാഖ്  സമ്പ്രദായം അസാധുവായി തീർന്നു. ചുരുക്കം ചില യാഥാസ്ഥികർ ഒഴികെ എല്ലാവരും ആ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു. സുപ്രീം കോടതിയുടെ വിധി എന്ന നിലയിൽ ഇപ്പോൾ തന്നെ ബാധകമായിട്ടുള്ള ആ തീരുമാനം നിയമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തലാഖ്  ബില്ല് എന്നറിയപ്പെടുന്ന പുതിയ ഒരു നിയമം കേന്ദ്ര സർക്കാർ കൊണ്ട് വന്നത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആ ബില്ലിൽ പക്ഷെ ഒരു പുതിയ കാര്യം കൂടി ചേർത്തിരുന്നു. അതായത്, ഏതെങ്കിലും ഒരു മുസ്ലിം പുരുഷൻ തന്റെ ഭാര്യയെ മുത്തലാഖ് ചൊല്ലിയാൽ ആ പുരുഷനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും ജയിലിൽ അടക്കാനും ഉള്ളതായിരുന്നു ആ പുതിയ കൂട്ടിച്ചേർക്കൽ. ഇവിടെയാണ് പ്രശ്നത്തിന്റെ തുടക്കം. നമ്മുടെ നിയമപ്രകാരം മുത്തലാഖ് അസാധുവാണ്. അതായത് മുത്തലാഖ് ചൊല്ലിയാലും വിവാഹ ബന്ധം വേർപെടില്ല എന്നർത്ഥം. അപ്പോൾ  മുത്തലാഖ് ചൊല്ലി ഒരു ഭർത്താവ് തന്റെ ഭാര്യയെ പുറത്താക്കിയാൽ, അല്ലെങ്കിൽ ഉപേക്ഷിച്ചാൽ, അത്  വിവാഹമോചനമല്ല, വെറും ഉപേക്ഷിക്കൽ (abandonment) മാത്രമാണ്.
ഒരു ഭർത്താവ് തന്റെ ഭാര്യയെ ഉപേക്ഷിച്ചാൽ അത് ക്രിമിനൽ കുറ്റം ആണോ എന്ന് തീരുമാനിക്കാൻ പാർലമെന്റിനു അവകാശമുണ്ട്. എന്നാൽ ഒരു പ്രത്യേക മതത്തിലെ ഭർത്താവു മാത്രം ഭാര്യയെ ഉപേക്ഷിച്ചാൽ അത് കുറ്റമാണ് എന്ന ഒരു നിയമം എങ്ങിനെയാണ് ഒരു മതേതര രാഷ്ട്രത്തിലെ നിയമനിർമാണ സഭയ്ക്ക് നിർമ്മിക്കാൻ കഴിയുക?
മറ്റു മതസ്ഥർ ഭാര്യയെ ഉപേക്ഷിച്ചാൽ അത് കുറ്റമല്ലാതിരിക്കുകയും (അങ്ങനെ ചെയ്യുന്നത് എന്തോ വലിയ സംഭവമാണ് എന്ന പോലെ ആഘോഷിക്കപ്പെടുന്ന വിരോധാഭാസവും  നമ്മൾ കാണുന്നു) ഒരു പ്രത്യേക മതത്തിലെ ഭർത്താക്കന്മാർ അങ്ങനെ ചെയ്താൽ മാത്രം ക്രിമിനൽ കുറ്റമാവുകയും ചെയ്യുന്നത് ഒരിക്കലും ഒരു നിയമവ്യവസ്ഥയ്ക്കും ഭൂഷണമല്ല! അത് തികച്ചും മതപരമായ വിവേചനം തന്നെയാണ്. അങ്ങനെ ചെയ്യാൻ ശ്രമിക്കുന്ന സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നുന്നത്  സ്വാഭാവികം മാത്രം.
വ്യക്തി ബന്ധങ്ങളിൽ ക്രിമിനൽ നിയമത്തിന്റെ കടന്നുകയറ്റം ശരിയോ തെറ്റോ എന്നത് മറ്റൊരു വിഷയം ആയതിനാൽ ഇവിടെ ചർച്ച ചെയ്യുന്നില്ല. ഭാര്യമാരെ നിയമാനുസൃതമായ വിവാഹമോചനത്തിലൂടെ അല്ലാതെ ഉപേക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ അത് ജാതി മത ഭേദമെന്യേ എല്ലാ ഇന്ത്യാക്കാർക്കും ബാധകമാക്കി നിയമം കൊണ്ടുവരട്ടെ. അതല്ലേ ശരി?  

Friday, October 19, 2018

ഭരണത്തിൽ വേണ്ടത് തർക്കിച്ചു ജയിക്കലല്ല, നടപടികളാണ്.

രെഹ്ന ഫാത്തിമ എന്ന സ്ത്രീയുടെ  ഇടതുപക്ഷ ബന്ധം സൂചിപ്പിക്കുന്ന  ചിത്രം എന്തിന് പോസ്റ്റ് ചെയ്തു എന്ന ന്യായമായ സംശയം ചില സുഹൃത്തുക്കൾ ചോദിച്ചു. ചിലരെങ്കിലും കുറച്ചുകൂടെ മുന്നോട്ടുപോയി എന്നെ മറ്റൊരു സംഘി ആയി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ടാവാം. പക്ഷെ ചില കാര്യങ്ങൾ പറയാതിരിക്കുന്നത് ശരിയല്ല.

കേന്ദ്രത്തിലെ പ്രശ്നങ്ങൾ പറയുമ്പോൾ കമ്മി എന്ന് മുദ്ര കുത്താറുണ്ട് പലപ്പോഴും. കേരളത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ സംഘി എന്നും. തികച്ചും ഒരു സ്വകാര്യവ്യക്തി എന്ന നിലയിൽ ഞാൻ എന്ത് എന്നത് ആരെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഉണ്ടെന്നു തോന്നാത്തതിനാൽ ആ വിഷയം വിടുന്നു.

കേരളത്തിൽ ഇന്ന് ഭരിക്കുന്ന സർക്കാർ CPM ന്റേതാണ്. BJP യോ കൊൺഗ്രസ്സോ അല്ല ഇവിടെ ഭരിക്കുന്നത്. കേരളത്തിലെ ഭരണകാര്യങ്ങളിലും ക്രമസമാധാന വിഷയങ്ങളിലും BJP യോ കൊൺഗ്രസ്സോ തെറ്റുകാർ ആവുമ്പോൾ പോലും സർക്കാർ എന്ന നിലയിൽ CPM  ന്  ചില ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. അത് പരസ്പരം പഴി ചാരി മാത്രം നിറവേറ്റാവുന്ന ഒന്നല്ല.

ചില ഉദാഹരങ്ങൾ ചൂണ്ടിക്കാണിക്കട്ടെ. CPM  നേതാക്കൾ ചാനൽ ചർച്ചകളിൽ തുടർച്ചയായി സംഘപരിവാറിന്റെ ഗൂഢാചോലനയെക്കുറിച്ചു പറഞ്ഞുകേൾക്കുന്നതാണ് നാമെല്ലാം തന്നെ. രെഹ്ന ഫാത്തിമയുടെ ശബരിമല പ്രവേശന ശ്രമത്തിലും കേട്ടു ഈ ഗൂഢാചോലനാവാദം. BJP  നേതാവ് സുരേന്ദ്രനുമായി ഉള്ള ബന്ധത്തിന്റെ ചില തെളിവുകളൂം സിപിഎം പ്രവർത്തകർ തന്നെ വ്യാപകമായി പ്രചരിപ്പിക്കുന്നത് കണ്ടു. എന്നാൽ ഒരാൾ പോലും സുരേന്ദ്രന് എതിരെ ഒരു കേസ് ചുമത്തി അന്വേഷണം നടത്താത്തത് എന്ത് കൊണ്ടാണ് എന്ന് ആഭ്യന്തരമന്ത്രിയോടോ പാർട്ടിയോടോ  ചോദിക്കാത്തതെന്തേ?

സമൂഹത്തിൽ കലാപം നടത്താൻ ആരു തന്നെ ശ്രമിച്ചാലും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ബാദ്ധ്യത  സർക്കാരിന്റേതല്ലേ? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ സർക്കാരിന്റെയും ഭരണകക്ഷിയുടെയും ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നുന്നത് സ്വാഭാവികമല്ലേ? പ്രത്യേകിച്ചും ആരോപണ വിധേയയായ സ്ത്രീയുമായി അതേ കക്ഷിയിലെ നേതാക്കൾക്കും പ്രസിദ്ധീകരണങ്ങൾക്കും മറ്റുമുള്ള ബന്ധം കൂടി പൊതുമണ്ഡലത്തിലേക്കു വരുന്നത് കാണുമ്പോൾ? പകരം പാർട്ടി പത്രങ്ങളും സൈബർ സഖാക്കളും  പടച്ചുവിടുന്ന ഗൂഢാചോലനാ സിദ്ധാന്തങ്ങൾ എല്ലാവരും വെള്ളം കൂട്ടാതെ വിഴുങ്ങി കൊള്ളണം എന്ന് പറഞ്ഞാൽ ഒരു ജനാധിപത്യ സമൂഹത്തിൽ വിലപ്പോവുമോ?

മറ്റൊരു ഉദാഹരണമാണ് ദേവസ്വം മന്ത്രി പുറത്തുവിട്ട ഒരു ശബ്ദരേഖ. കലാപം നടത്താൻ ആഹ്വാനം ചെയ്യുന്നത് എന്ന് മന്ത്രി തന്നെ വിശേഷിപ്പിച്ച ആ ശബ്ദരേഖയുടെ ഉടമക്കെതിരെ അറസ്റ്റോ അന്വേഷണമോ  നടന്നോ?  എന്തേ മന്ത്രിയോടോ സർക്കാരിനോടോ  ആരും വിശദീകരണം ചോദിക്കാത്തത്? നമ്മുടെ സുരക്ഷയെ  ബാധിക്കുന്ന പ്രശ്നങ്ങൾ പോലും വെറും രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരം മാത്രമായി കണ്ടാൽ മതിയോ ഭരിക്കുന്ന സർക്കാർ? 

പ്രതിപക്ഷത്തിന് ആരോപണം ഉന്നയിക്കുക എന്നത്  ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. എന്നാൽ ഭരണപക്ഷം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ട് അതിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ആ കപടത തുറന്നു കാട്ടേണ്ടത് നമ്മുടെ സമൂഹത്തിന്റെ തന്നെ സുരക്ഷയ്ക്ക് ആവശ്യമാണ്.

ശബരിമല പോലെ വൈകാരികമായ ഒരു വിഷയത്തിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ ഏതു രാഷ്ട്രീയ പാർട്ടിയും ശ്രമിക്കും. അത് രാഷ്ട്രീയത്തിന്റെ സ്വഭാവമാണ്. എന്നാൽ ഭരിക്കുന്ന സർക്കാരിന് അതിൽ പരിമിതികൾ ഉണ്ട്. ഭരണമെന്ന ചുമതല നിറവേറ്റിക്കൊണ്ടു മാത്രമേ ഒരു സർക്കാരിന് രാഷ്ട്രീയ നേട്ടം ആഗ്രഹിക്കാൻ അർഹതയുള്ളൂ. 

Friday, October 12, 2018

ശബരിമലയും പാപ്പാത്തിച്ചോലയും - വികാരങ്ങളിലെ വിവേചനം?

ശബരിമലയിൽ എന്നല്ല എവിടെയും ലിംഗവ്യത്യാസത്തിന്റെയോ ആർത്തവത്തിന്റെയോ പേരിൽ സ്ത്രീകളെ തടയരുത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ, പാപ്പാത്തിച്ചോലയിൽ കയ്യേറ്റക്കാർ സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത ഉദ്യോഗസ്ഥരെ പൊതുവേദിയിൽ വെച്ച്, വിശ്വാസികളെ വേദനിപ്പിച്ചു എന്ന പേരിൽ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരു സർക്കാർ ശബരിമലയിലെ വിശ്വാസികളുടെ വികാരത്തെ (അതിന്റെ ശരിതെറ്റുകൾക്കപ്പുറം) തങ്ങളുടെ വിടുവായത്തത്തിലൂടെ കൂടുതൽ വ്രണപ്പെടുത്തുന്നത് കാണുമ്പോൾ അതിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം സ്വാഭാവികം മാത്രമാണ്!
കൂടാതെ, എത്രയോ കോടതിവിധികൾ വച്ചു താമസിപ്പിച്ചു ശീലമുള്ള ഒരു സർക്കാർ ഈ ഒരു വിധിയിൽ കാണിച്ച അമിത ശുഷ്കാന്തിയും എരിതീയിൽ എണ്ണ ഒഴിക്കുക എന്ന നടപടി ആയിരുന്നു.
ഇത്തരം ഇരട്ടത്താപ്പുകളാണ് പലപ്പോഴും ബിജെപിയെ പോലുള്ള ശക്തികൾക്ക് വേരോടാൻ അവസരം ഒരുക്കിക്കൊടുക്കുന്നത്.
വിവേകപൂർവ്വവും മിതത്വം പാലിക്കുന്നതുമായ വാക്കുകളാണ് ഭരണാധികാരികളിൽ നിന്നും സമൂഹനന്മയ്കും ശാന്തിക്കും ആയി ഉണ്ടാവേണ്ടത്.
വിശദീകരണയോഗങ്ങൾ നടത്തുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കുമെന്ന് കരുതട്ടെ!


P.S: ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം ഇടതുമുന്നണിക്ക് ഇത്രയും പ്രിയപ്പെട്ട വിഷയമായിരുന്നു എങ്കിൽ എന്തുകൊണ്ട് കോടതിവിധി വരെ കാത്തിരുന്നു എന്നും എന്തുകൊണ്ട് തങ്ങളുടെ നിയമനിർമ്മാണ അധികാരം ഉപയോഗിച്ച് നിയമത്തിൽ വേണ്ട ഭേദഗതി വരുത്തിയില്ല എന്നും ഞാൻ ചോദിക്കുന്നില്ല!

Thursday, September 27, 2018

റദ്ദാക്കപ്പെട്ട ഐപിസി 497–ാം വകുപ്പും കുടുംബബന്ധങ്ങളും

വിവാഹം  ആത്യന്തികമായി രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു കരാർ ആണ്.

ആ കരാറിന്റെ ഒരു അടിസ്ഥാന ഘടകമാണ് ലൈംഗിക ജീവിതത്തിൽ തങ്ങളുടെ പങ്കാളിയോട് വിശ്വാസ്യത  പുലർത്തുക എന്നത്. മറ്റു ജീവികളെപ്പോലെ തന്നെ മനുഷ്യന്റെയും അടിസ്ഥാനസ്വഭാവമല്ല ഏക പങ്കാളി എന്നത്. എന്നിട്ടും അത്തരമൊരു നിബന്ധന വിവാഹത്തിന്റെ അഭിവാജ്യഘടകമാക്കിയതിന് സാമൂഹ്യവും സാമ്പത്തികവുമായ പല കാരണങ്ങളും ഉണ്ട്. അതിലേക്ക്  ഇവിടെ കടക്കുന്നില്ല.

Fidelity അഥവാ വിശ്വാസ്യത എന്ന നിബന്ധന പാലിക്കാതെ ഏതെങ്കിലും ഒരു പങ്കാളി പെരുമാറിയാൽ വിവാഹത്തിന് എന്ത് സംഭവിക്കും എന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. അവിടെ, കരാർ ലംഘിക്കപ്പെടുന്നു എന്ന് ഒറ്റനോട്ടത്തിൽ തന്നെ കാണാം. അപ്പോൾ അടുത്ത ചോദ്യം പരിഹാരമെന്ത്  എന്നതാണ്.

കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ഒന്നുകിൽ ആ കരാറിൽ ഏർപ്പെട്ടവർക്ക്  ലംഘനത്തെ (പല കാരണങ്ങളാലും) കണ്ടില്ലെന്നു നടിച്ചുകൊണ്ട് മുന്നോട്ട് പോവാം. അല്ലെങ്കിൽ ആ ലംഘനം ആരെയാണോ മുറിവേൽപ്പിച്ചത്, ആ വ്യക്തിക്ക് കരാർ അവസാനിപ്പിക്കാനുള്ള  നടപടികൾ  സ്വീകരിക്കാം. വിവാഹത്തിൻറെ കാര്യത്തിൽ കരാർ അവസാനിപ്പിക്കുക എന്നാൽ വിവാഹമോചനം നേടുക എന്നുതന്നെയാണ്. ഭാരതത്തിലെ നിയമമനുസരിച്ച് വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് അംഗീകരിക്കപ്പെട്ടിട്ടുള്ള കാരണങ്ങളിൽ ഒന്നാണ്. പങ്കാളിയുടെ വിവാഹേതര ലൈംഗികബന്ധം കാരണമായി ചൂണ്ടിക്കാട്ടി വിവാഹമോചനം തേടാനുള്ള അവകാശം പുരുഷനും സ്ത്രീക്കും ഒരുപോലെ ബാധകമാണ്.

അങ്ങനെയിരിക്കെ, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497 വകുപ്പ് പ്രകാരം വിവാഹിതയായ ഒരു സ്ത്രീയുമായി ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പുരുഷനെമാത്രം (വിവാഹിതനായ പുരുഷനുമായി ബന്ധപ്പെടുന്ന സ്ത്രീക്ക് ശിക്ഷയില്ല) ശിക്ഷിക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനം എന്താണ്? ഏതൊരു ഭാര്യയും ഒപ്പം അവളുടെ ചാരിത്യ്രവും തന്റെ ഭർത്താവിന്റെ സ്വത്താണെന്നും ആ സ്വത്ത്  മറ്റാരെങ്കിലും മോഷ്ടിച്ചനുഭവിച്ചാൽ അങ്ങനെ ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നുമുള്ള പുരുഷാധിപത്യത്തിന്റെ ഭാഗമായ വിശ്വാസത്തിൽ നിന്നുമാണ് അത്തരം ഒരു നിയമം ഉടലെടുത്തത്. ഭർത്താവിന്റെ സമ്മതത്തോടെയോ സഹായത്തോടെയോ ആണ് ഭാര്യയുമായി ബന്ധപ്പെട്ടതെങ്കിൽ ഈ വകുപ്പിന്റെ പരിധിയിൽ ശിക്ഷയില്ല എന്ന് കൂടി കാണുമ്പോളാണ് എത്ര മാത്രം സ്ത്രീ വിരുദ്ധമായിരുന്നു ഈ നിയമമെന്ന് മനസ്സിലാവൂ!

സ്ത്രീയെ പുരുഷന്റെ സ്വത്തായി കാണുന്ന ഈ നിയമം എത്രയോ മുമ്പേ  എടുത്തുമാറ്റേണ്ടതായിരുന്നു. എന്നാൽ IPC Section 497 സുപ്രീം കോടതി അസാധുവാക്കുമ്പോൾ അത് നമ്മുടെ കുടുംബങ്ങളുടെ ആണിക്കല്ല് ഇളക്കും എന്ന തരത്തിലുള്ള ചില പ്രതികരണങ്ങൾ കാണാനിടയായി. ആർക്കും ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്ന സ്ഥിതി ആണ് ഉടലെടുക്കുന്നത് എന്നും മറ്റുമുള്ള ഭയം പ്രകടിപ്പിക്കുന്നവരോട് ഒരു കാര്യം മാത്രം പറയട്ടെ.

ബഹുഭൂരിപക്ഷം സ്ത്രീകളും ഇന്നുവരെ വിശ്വസ്‌ത ഭാര്യമാരായി ജീവിച്ചത് IPC 497 എന്ന നിയമത്തെ പേടിച്ചിട്ടല്ല. അവർ ഇനിയും സാമൂഹ്യവും  ധാർമ്മികവുമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ തങ്ങളുടെ വിവാഹങ്ങളിൽ വിശ്വാസ്യത കാത്തുസൂക്ഷിക്കും. അത്തരം മൂല്യങ്ങൾ ഇല്ലാത്ത പുരുഷനും സ്ത്രീയും ഇതിനുമുമ്പും തങ്ങളുടെ പങ്കാളികളെ ചതിച്ചിട്ടുണ്ട്, ഇനിയും അത് തുടരും.

സുപ്രീം കോടതിയുടെ വിധി പരസ്ത്രീഗമനത്തെയോ പരപുരുഷബന്ധത്തെയോ ന്യായീകരിക്കുകയോ ശരിവെക്കുകയോ ചെയ്യുന്നില്ല. അതിനുള്ള പ്രതിവിധി വിവാഹമെന്ന കരാർ പ്രകാരം തന്നെ ആയിരിക്കണമെന്നും, സ്ത്രീയെ പുരുഷന്റെ സ്വത്തോ അടിമയോ ആയി കാണുന്ന ഒരു നിയമത്തിന്  ഭാരതത്തിൽ ഭരണഘടനാ സാധുത ഇല്ലെന്നും മാത്രമാണ് ആ വിധിയുടെ അന്തസ്സത്ത. 

കുടുംബങ്ങൾ വിജയിക്കാനായി പുരുഷനും സ്ത്രീയും ഒരു പോലെ ഉത്തരവാദിത്തം നിറവേറ്റട്ടെ. ഭാര്യയെ തന്റെ സ്വത്തായല്ലാതെ പങ്കാളിയായി കണ്ടു പെരുമാറാൻ നമ്മുടെ പുരുഷന്മാരും പഠിക്കട്ടെ!

Saturday, September 22, 2018

അറസ്റ്റെന്ന മുയലിന്റെ കൊമ്പുകൾ!

പല സുഹൃത്തുക്കളും തങ്ങളുടെ മൗനം വെടിഞ്ഞു ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത ധീരതയെ വാഴ്ത്താൻ തുടങ്ങിയിരിക്കുന്നു! അവരുടെ ഭാഷ്യപ്രകാരം ഈ മൂന്നു മാസത്തെ താമസം പഴുതടച്ചു തെളിവുകൾ ശേഖരിക്കാൻ മാത്രമായിരുന്നു എന്നാണ്. നല്ലതു തന്നെ! പക്ഷെ ചിന്തിക്കുന്ന മനുഷ്യർക്ക് ഇങ്ങനെ ചില സംശയങ്ങൾ സ്വാഭാവികം മാത്രമാണ് എന്നറിയുക:

* തെളിവുകൾ എല്ലാം ശേഖരിച്ച ശേഷം മാത്രം അറസ്റ്റ്  എന്നത് ഈ സർക്കാരിന്റെ പൊതുനയമാണോ, അതോ ചിലർക്ക് മാത്രം നൽകുന്ന പരിഗണന ആണോ?

* അറസ്റ്റിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് കുറ്റാരോപിതൻ തെളിവ് നശിപ്പിക്കുന്നത് തടയുക എന്നതാണെന്ന് അറിയാമോ? ഫ്രാങ്കോയും ഒപ്പമുള്ളവരും തെളിവ് നശിപ്പിക്കാനും പരാതിക്കാരെ പിന്തിരിപ്പിക്കാനും കഴിയാവുന്ന എല്ലാ വഴികളും നോക്കി എന്നത് പോലീസിനും സർക്കാരിനും മാത്രം മനസ്സിലായില്ലേ? ഇനി അങ്ങിനെ മനസിലായില്ലെങ്കിലും പരാതിക്കാരിയുടെ മേൽ  സ്വാധീനവും അധികാരവും ഉള്ള വ്യക്തി എന്ന നിലയിൽ അങ്ങിനെ ചെയ്യാനുള്ള സാധ്യത എങ്കിലും പരിഗണിക്കേണ്ടതല്ലേ?

* അറസ്റ്റ്‌ ക്രിമിനൽ നടപടികളുടെ അവസാനമല്ല, തുടക്കം ആണെന്ന് അറിയാമോ? തെളിവുകൾ കണ്ടെത്തുക എന്നതും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുക എന്നതും അറസ്റ്റിന്റെ ലക്ഷ്യമാണെന്ന് ബോധ്യമുണ്ടോ?

*തെളിവുകൾ അല്ല, ന്യായമായ സംശയവും പ്രഥമദൃഷ്‌ട്യാ വിശ്വസനീയമായ ഇൻഫൊർമേഷനും മാത്രമാണ്  അറസ്റ്റിനു വേണ്ടത് എന്നും അറിയാമോ? പീഡനക്കേസുകളിൽ പരാതിക്കാരിയുടെ മൊഴികൾക്കുള്ള മഹത്വം അറിയാമോ?

* ഇത്രയും നാളത്തെ താമസം ഇത്തരം പരാതികളുമായി മുന്നോട്ടുവരാൻ ധൈര്യം കാണിക്കുന്ന ചുരുക്കം സ്ത്രീകളെ എങ്ങനെ പ്രതികൂലമായി ബാധിക്കും എന്ന് ചന്തിച്ചിട്ടുണ്ടോ?

* സ്വന്തമോ ബന്ധമോ ആയ ഒരു സ്ത്രീക്കാണ് ഈ ഗതി വന്നതെങ്കിൽ ഇത്രയും ക്ഷമയോടെ തെളിവ് ശേഖരണത്തിനായി കാത്തിരിക്കാൻ സ്വമനസ്സാലെ സമ്മതിക്കുമോ?

അവസാനമായി ഒരു ചോദ്യം കൂടി......തെളിവുകൾ പഴുതടച്ചു ശേഖരിച്ചു കഴിഞ്ഞു എന്നവകാശപ്പെടുന്നവർ എത്ര ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും എന്ന് കൂടി പറയാമോ? തെളിവുകൾ എല്ലാം കിട്ടിയ സ്ഥിതിക്ക് ഇനി വൈകിപ്പിക്കാൻ ന്യായമൊന്നും ഇല്ലല്ലോ!


P.S: ഇത്രയും മാസങ്ങൾ നീണ്ട എല്ലാ പ്രലോഭനങ്ങളും ഭീഷണികളും അതിജീവിച്ച പരാതിക്കാരിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പിൽ ശിരസ്സ് നമിക്കുന്നു!

Thursday, August 30, 2018

പ്രളയ ദുരിതാശ്വാസവും കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റിയും


കേന്ദ്രത്തിലെ നരേന്ദ്രമോഡി സർക്കാർ കേരളത്തിലെ ദുരിതാശ്വാസത്തിനു വേണ്ടി ഇന്ത്യയിലെ മുഴുവൻ കോർപ്പറേറ്റ് ഭീമന്മാരോടും അവരുടെ ലാഭത്തിന്റെ രണ്ടു ശതമാനം അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി (CSR)  ന്റെ ഭാഗമായി നല്കാൻ ഉത്തരവിട്ടിരിക്കുന്നു  എന്ന തരത്തിലുള്ള പ്രചാരണം കണ്ടു. ഇതിലെ സത്യം എന്താണ് എന്ന് നോക്കാം.

സച്ചിൻ പൈലറ്റ് കമ്പനികാര്യ മന്ത്രി ആയിരിക്കെ കൊണ്ട് വന്ന കമ്പനി നിയമപ്രകാരം നടപ്പു വർഷത്തിൽ 500 കോടി ആസ്തിയോ 1000 കോടി വരുമാനമോ, 5 കോടി ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ടു ശതമാനം CSR ന്റെ ഭാഗമായി നിയമത്തിൽ നിർദ്ദേശിച്ച കാര്യങ്ങൾക്കായി നിർബന്ധമായും ചെലവാക്കണം. കമ്പനി നിയമം ഷെഡ്യൂൾ 7 (സെക്ഷൻ 135) പ്രകാരം CSR ന്റെ ഭാഗമായി പണം ചിലവാക്കാവുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

(i) വിശപ്പും ദാരിദ്ര്യവും നിർമാർജനം ചെയ്യാൻ
(ii) വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാൻ
(iii) സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാനും
(iv) ബാല മരണ നിരക്ക് കുറക്കാനും മാതൃക്ഷേമം വർദ്ധിപ്പിക്കാനും
(v) എയിഡ്‌സ്, മലേറിയ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ
(vi) പരിസ്ഥിതി സംരക്ഷണം
(vii) തൊഴിലധിഷ്ഠിത വൈദഗ്ദ്ധ്യം വികസിപ്പിക്കാൻ
(viii) സമൂഹ നന്മക്കായുള്ള ബിസിനസ് പ്രൊജെക്ടുകൾക്കായി
(ix) പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ സാമൂഹ്യ വികസത്തിനായോ ദുരിതാശ്വാസത്തിനായോ രൂപീകരിച്ച മറ്റേതെങ്കിലും ഫണ്ട്, SC, ST, മറ്റു പിന്നോക്ക ജാതികൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ടുകൾ എന്നിവയിലേക്കു സംഭാവനയായി.
(x) കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന മറ്റു കാര്യങ്ങൾക്കായി.

മേല്പറഞ്ഞ ലിസ്റ്റിൽ (ix) നോക്കുക. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഏതു ദുരിതാശ്വാസ നിധിയിലേക്കും നൽകുന്ന സംഭാവന CSR ന്റെ പരിധിയിൽ ഉൾപ്പെട്ടത് തന്നെയാണ് എന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നിലവിൽ തന്നെ CSR ന്റെ ഭാഗമാണെന്നു സാരം. പിന്നെ എന്താണ് മോഡി സർക്കാർ ഇപ്പോൾ ചെയ്തത്?

ഷെഡ്യൂൾ 7 ലെ ലിസ്റ്റിൽ നോക്കിയാൽ കമ്പനികൾക്ക്‌ നേരിട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പണം ചിലവാക്കാൻ വകുപ്പില്ല എന്ന് കാണാം. അതുപോലെ പണമല്ലാതെ വസ്തുക്കളോ സേവനമോ ആയി നൽകുന്ന ആശ്വാസവും ഒറ്റനോട്ടത്തിൽ CSR ന്റെ പരിധിയിൽ ഉൾപ്പെടില്ല എന്ന് തോന്നാം. അതിനാൽ പല കമ്പനികളും ആവശ്യപ്പെട്ടതനുസരിച്ചു  കേന്ദ്ര സർക്കാർ നിയമത്തിൽ വ്യക്തത വരുത്താനായി ഒരു പ്രസ്താവന ഇറക്കി.

പ്രസ്താവന പ്രകാരം ദുരിതത്തിൽ അകപ്പെട്ടവർക്കു ഭക്ഷണം കൊടുത്താൽ അത് വിശപ്പും ദാരിദ്ര്യവും നിർമാർജനം ചെയ്യുക എന്ന വകുപ്പിൽ ഉൾപ്പെടും. അതുപോലെ ചെയ്യുന്ന മറ്റു സഹായങ്ങളും ഏതൊക്കെ വകുപ്പിൽ CSR ചിലവായി കണക്കാക്കാം എന്ന് വിശദീകരിച്ചു.
വളരെ നല്ല കാര്യമാണ് ഈ വിശദീകരണത്തിലൂടെ സർക്കാർ ചെയ്തത്. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ (അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ) ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുക എന്നതിനപ്പുറം എന്തെങ്കിലും ഭൗതികസഹായം നേരിട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ആ സഹായം അവരുടെ CSR ചിലവിന്റെ ഭാഗമായി ഉൾപ്പെടുത്താം എന്ന വ്യക്തത ഗുണകരം ആണെന്ന കാര്യത്തിൽ സംശയം ഏതുമില്ല. ഈ വ്യക്തത കേരളത്തിന് മാത്രമായുള്ളതല്ല. ഏതു ദുരിതാശ്വാസ പ്രവർത്തനത്തിനും ഇത് ബാധകമാണ്.

എന്നാൽ ഈ നല്ല കാര്യത്തെ പൊടിപ്പും തൊങ്ങലും ചാർത്തി എന്തോ  വലിയ കാര്യം ചെയ്തു എന്ന തരത്തിൽ പ്രചരിപ്പിച്ചു ചെയ്തതിലെ നന്മ പോലും ഇല്ലാതാക്കുകയാണ് ചിലർ. നിലവിലുള്ള നിയമത്തിൽ ഒരു മാറ്റവും വരുത്താതെ വ്യക്തത മാത്രം വരുത്തിയതിന്, പ്രധാനമന്ത്രി രാജ്യത്തെ കമ്പനികളോടെല്ലാം കേരളത്തിന്റെ ദുരിതാശ്വാസത്തിനു വേണ്ടി പണമയക്കാൻ ഉത്തരവിട്ടു എന്ന തരത്തിൽ പ്രചാരണം നടത്തുന്നവർ ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുക തന്നെയാണ്.


P.S: ഈ പോസ്റ്റ് ചെയ്യേണ്ടി വന്നതിൽ ഖേദിക്കുന്നു. ചെയ്ത ഉപകാരത്തോടുള്ള നന്ദികേടല്ല, മറിച്ചു സത്യം മനസ്സിലാക്കാനുള്ള ഉദ്യമം മാത്രം!


Tuesday, May 29, 2018

കോട്ടയത്തെ ദുരഭിമാനക്കൊല- എന്താണ് ചർച്ച ചെയ്യപ്പെടേണ്ടത്?

ജാതീയത, ദുരഭിമാനം, ഇരയുടെയും കുറ്റവാളിയുടെയും രാഷ്ട്രീയ പശ്ചാത്തലം....
ഇതിലെല്ലാം ഊന്നിയ ചർച്ചകൾ കോട്ടയത്തെ ദുരഭിമാനക്കൊലയുടെ പശ്ചാത്തലത്തിൽ സ്വാഭാവികം തന്നെ. എന്നാൽ ഇതിലൊക്കെ പ്രധാനമായി എനിക്ക് തോന്നുന്ന വിഷയം പോലീസിന്റെ അനാസ്ഥയാണ്. അങ്ങനെയല്ല എന്ന് പലരും (സദുദ്ദ്യേശത്തോടെ തന്നെ) അഭിപ്രായപ്പെട്ടു കണ്ടതിനാലാണ് ഈ കുറിപ്പ്.
ഏതൊരു സമൂഹത്തിലും കുറ്റകൃത്യങ്ങളെയോ കുറ്റവാളികളെയോ പാടേ തുടച്ചുനീക്കാൻ കഴിയില്ല. കുറ്റവാളികൾ നമ്മിൽ നിന്നും വ്യത്യസ്തമായ ഒരു വിഭാഗമല്ല എന്നത് തന്നെ കാരണം. ഇന്നലെ വരെ നമ്മോടൊപ്പം കുറ്റകൃത്യങ്ങൾക്കെതിരെയും ജാതി വ്യവസ്ഥയ്ക്കെതിരെയും ഒക്കെ ശക്തമായി പ്രതികരിച്ചവർ തന്നെയാവും ഇന്നത്തെ കുറ്റാരോപിതർ.
ഇനി എല്ലാം തികഞ്ഞ ഒരു സമൂഹം സാദ്ധ്യമാണ് എന്ന് തന്നെ കരുതുക. അത്തരമൊരു സമൂഹത്തിൽ പോലീസിന്റെ പ്രസക്തി എന്താണ്? പോലീസിനെ ചെല്ലും ചെലവും കൊടുത്ത് ഒരു സമൂഹം നിലനിർത്തുന്നത് തന്നെ ആ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ ഉടലെടുക്കുമെന്ന് അറിയുന്നത് കൊണ്ടും അതു തടഞ്ഞ് സുരക്ഷ ഉറപ്പുവരുത്തണം എന്നുള്ളത് കൊണ്ടുമാണ്. അല്ലാതെ കുറ്റവാളികളെ ശിക്ഷിച്ച് പ്രതികാരദാഹം തീർക്കാനല്ല!
മറ്റെല്ലാം മാറ്റിവച്ച് ഒന്നു ചിന്തിച്ചു നോക്കൂ. നാളെ നമ്മളിലൊരാളെ ഏതെങ്കിലും കൊട്ടേഷൻ /ഗുണ്ടാ സംഘം ഏതെങ്കിലും കാര്യത്തിന്റെ പേരിൽ നമ്മുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോവുന്നു എന്നിരിക്കട്ടെ. അപ്പോൾ നമ്മുടെ വീട്ടുകാരുടെ പ്രതികരണം എന്താവും? അവർ കാരണത്തെ അന്വേഷിച്ച് പോവുമോ, സമൂഹത്തെ ബോധവൽക്കരിക്കാൻ പോവുമോ, സാമൂഹ്യ പരിഷ്കർത്താക്കളെ സമീപിക്കുമോ, അതോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെല്ലുമോ? തീർച്ചയായും അവസാനത്തെ മാർഗ്ഗം തന്നെയാവും തെരെഞ്ഞെടുക്കുക.
എന്തു കൊണ്ടാണ് നാം പോലീസിനെത്തന്നെ അഭയം പ്രാപിക്കുന്നത്? പോലീസ് നമുക്ക് നീതി തരാനും നമ്മെ സംരക്ഷിക്കാനും ബാദ്ധ്യസ്ഥരാണ് എന്നത് കൊണ്ട് തന്നെയാണ് അത്. ആ പ്രതീക്ഷയാണ് നമ്മെ നിയമമനുസരിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ബാക്കിയെല്ലാം പിന്നെയേ വരൂ. ആദ്യം വേണ്ടത് സുരക്ഷ ഉറപ്പുവരുത്തുക തന്നെയാണ്. കോട്ടയത്തെ കൊലയെ വ്യത്യസ്ഥമാക്കുന്നതും അതാണ്. വ്യക്തമായ വിവരങ്ങൾ പോലീസിനെ അറിയിച്ചിട്ടും ആ ജീവൻ രക്ഷിക്കാൻ വേണ്ട നടപടികൾ പോലീസ് സ്വമേധയാ എടുത്തില്ല. മീഡിയയുടെ സമ്മർദ്ദത്തിൽ എടുത്തപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നുതാനും. കുറ്റവാളികളെ നമുക്ക് ശിക്ഷിക്കാം, പക്ഷേ നഷ്ടപ്പെട്ട ജീവൻ തിരിച്ചു കിട്ടില്ലല്ലോ!
ജീവന് സംരക്ഷണം നൽകാമായിരുന്നിട്ടും പോലീസ് അത് ചെയ്യാതിരുന്നത് എന്ത് കൊണ്ടാണ്? ജീവന് സംരക്ഷണം നൽകാൻ തയ്യാറല്ലാത്ത ഒരു പോലീസ് നമുക്ക് വേണോ? എങ്ങനെ ഇത്തരം വീഴ്ചകൾ തടയാം? ഇതൊക്കെ തന്നെയാണ് ഏതൊരു നിയമവ്യവസ്ഥയനുസരിച്ച് ജീവിക്കുന്ന ജനാധിപത്യ സംവിധാനവും ചർച്ച ചെയ്യേണ്ടത്.
ഓർക്കുക. ജാതിബോധത്തെയോ, ദുരഭിമാനത്തെയോ, കുറ്റവാസനയെയോ ഇല്ലാതാക്കാൻ ഒരു ദിവസം കൊണ്ട് കഴിയുമായിരുന്നില്ല. എന്നാൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പോലീസ് സംവിധാനത്തിന് ആ ചെറുപ്പക്കാരന്റെ ജീവൻ അര ദിവസം കൊണ്ട് രക്ഷിക്കാമായിരുന്നു.
LikeShow more reactions
Comment

Thursday, May 10, 2018

ഒട്ടും ഉദാരമല്ലാത്ത എണ്ണവില!

             പെട്രോളിനും ഡീസലിനും വില കൂടാൻ കാരണം ഉദാരവൽക്കരണത്തിന്റെ ഭാഗമായി എണ്ണക്കമ്പനികൾക്ക് വില നിശ്ചയിക്കാനുള്ള അവകാശം വിട്ടുനൽകിയ നടപടിയാണ് എന്ന് വിശ്വസിക്കുന്നവരും വിശ്വസിക്കാതെത്തന്നെ അങ്ങനെ പ്രചരിപ്പിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ യാഥാർത്ഥ്യം എന്താണ്?
            കർണാടക തെരഞ്ഞെടുപ്പ് കാരണം ആഴ്ചകളായി വില കൂട്ടുന്നത് നിർത്തിവച്ചിരിക്കുന്നത് കമ്പോളത്തിന്റെയോ കമ്പനികളുടെയോ തീരുമാനപ്രകാരം അല്ലെന്ന് പകൽ പോലെ വ്യക്തമല്ലേ?
            കൂടാതെ, അന്താരാഷ്ട്ര വിപണിയിൽ വിലകുറയുമ്പോഴെല്ലാം അതിന്റെ ഗുണം ജനങ്ങളിലെത്താതെ നികുതിവർദ്ധനയിലൂടെ സമാഹരിക്കുന്നതും എണ്ണക്കമ്പനികളല്ല എന്ന് വ്യക്തമല്ലേ?
            എണ്ണയുടെ വില കൂടുമ്പോഴൊക്കെ ഒപ്പം വർദ്ധിക്കുന്ന നികുതിയുടെ നിരക്കുകുറച്ച് ജനങ്ങളുടെ മേൽ പതിക്കുന്ന അധികഭാരം കുറയ്ക്കാൻ പോലും തയ്യാറാവാത്ത നമ്മുടെ സർക്കാറുകളെ സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാൻ സഹായിക്കുക മാത്രമാണ് എണ്ണക്കമ്പനികളെയും ഉദാരവൽകരണത്തെയും ഒക്കെ പഴിചാരുന്നവർ ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കണം. എങ്കിൽ മാത്രമേ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കുറയ്ക്കുകയും കഴിയുമ്പോൾ കൂട്ടുകയും ചെയ്യുന്ന ജനവിരുദ്ധ സമീപനം സർക്കാരുകൾ ഒഴിവാക്കുകയുള്ളൂ.
            ശതമാനക്കണക്കിനുള്ള നികുതി മാറ്റി ലിറ്ററിന് നിശ്ചിത രൂപ നികുതി എന്ന രീതിയിലേക്ക് മാറിയാൽ ഇടി വെട്ടിയവനെ പാമ്പ് കടിക്കുന്നതു പോലെ ഓരോ വിലവർദ്ധനവിനോടും ഒപ്പമുള്ള ഈ നിയമവിരുദ്ധമായ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ കഴിയും (നിയമവിരുദ്ധം എന്ന് പറയാൻ കാരണം പാസ്സാക്കിയ ബഡ്ജറ്റിനപ്പുറം സമാഹരിക്കുന്ന ഓരോ രൂപയും അക്ഷരങ്ങളിൽ അല്ലെങ്കിലും ജനാധിപത്യത്തിന്റെ സ്പിരിറ്റിന് തികച്ചും എതിരാണ് എന്നത് കൊണ്ട് തന്നെയാണ്).


Thursday, April 26, 2018

ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി- യാഥാർത്ഥ്യമെന്ത്?

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതിയുടെ കൊളീജിയം നൽകിയ ശുപാർശ കേന്ദ്രസർക്കാർ തള്ളിയതിനെ പലരും ന്യായീകരിക്കുന്നത് കണ്ടു. കൂടുതൽ പേരും അതിനായി ഉപയോഗിക്കുന്ന വാദം ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയിൽ അദ്ദേഹത്തിന്റെ സ്ഥാനം 44 ആണ് എന്നതാണ്.
ഒറ്റനോട്ടത്തിൽ ശരി എന്നുതോന്നിയേക്കാവുന്ന വാദം തന്നെയാണ് ഇത്. അതുകൊണ്ടാണ് കാര്യങ്ങളിൽ അല്പം വ്യക്തത വരുത്താനായി ഈ പോസ്റ്റ്. സർക്കാർ ചെയ്യുന്നത് എന്തും കണ്ണടച്ച് സമർത്ഥിക്കുന്നവർക്ക് തുടർന്ന് വായിക്കാതിരിക്കാം. യാഥാർത്ഥ്യം അറിയാൻ താല്പര്യമുള്ളവർക്ക് തുടർന്ന് വായിക്കാം.
ഹൈക്കോടതി ജഡ്ജിമാർക്കെല്ലാം സമയാനുസൃതമായി ലഭിക്കുന്ന ഒരു പ്രമോഷൻ അല്ല സുപ്രീം കോടതിയിലേക്കുള്ള നിയമനം. എന്തിന്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയുള്ള നിയമനം പോലും സീനിയോറിറ്റി പ്രകാരമല്ല. മറിച്ച്, കഴിവിനും ജഡ്ജി എന്ന നിലയിലുള്ള പ്രവർത്തനത്തിനും അനുസൃതമായി കൊളീജിയത്തിനാൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമാണ് ചീഫ് ജസ്റ്റിസ് ആവാനോ സുപ്രീം കോടതിയിലേക്ക് നിയമനം ലഭിക്കാനോ അർഹതയുള്ളൂ.
ജസ്റ്റിസ് ജോസഫ് തന്റെ കുറ്റമറ്റ പ്രവർത്തനത്തിലൂടെ കഴിവ് തെളിയിച്ച ഒരു ന്യായാധിപനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി തെരഞ്ഞെടുത്തത്. 44 മത്തെ ജഡ്ജിയാണ് എന്ന് പറയുന്നവർ മനഃപൂർവ്വം മറച്ചു വെക്കുന്നത് ജസ്റ്റിസ് ജോസഫ് ഇന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ ഏറ്റവും സീനിയർ ആണെന്ന യാഥാർത്ഥ്യമാണ്. ആ 43 പേരിൽ ഇപ്പോഴും ജഡ്ജിയായി തുടരുന്നവർ ഹൈക്കോടതിചീഫ് ജസ്റ്റിസ് ആവാൻ പോലും യോഗ്യരായി കൊളീജിയം കാണാത്തവർ ആണ് (അത് കൊണ്ട്  അവർ മോശം ജഡ്ജിമാർ ആണെന്ന് അർത്ഥമില്ല).
മേൽപ്പറഞ്ഞതിൽ നിന്നും കൃത്യമായി മനസ്സിലാക്കാം ജസ്റ്റിസ് ജോസഫിനെതിരായ ഘടകം സീനിയോറിറ്റി അല്ല എന്ന്.
കൂടാതെ സീനിയോറിറ്റി മാത്രമാണ് ഘടകമെങ്കിൽ ഒരു ജഡ്ജ് പോലുമല്ലാത്ത, വെറും ഒരു വക്കീൽ മാത്രമായ ഇന്ദു മൽഹോത്ര എങ്ങനെ സർക്കാരിന് അഭിമതയായി എന്ന ചോദ്യവും നിലനിൽക്കുന്നു.
മറ്റൊരു വാദം മുന്നോട്ട് വെച്ചേക്കാവുന്നത് കൊളീജിയത്തിന്റെ ശുപാർശ മടക്കാൻ സർക്കാരിന് അധികാരം ഉണ്ട് എന്നതും കൊളീജിയത്തിന്റെ തീരുമാനങ്ങൾ സുതാര്യമല്ല എന്നതുമാണ്. നിയമവ്യവസ്ഥയുടെ അടിസ്ഥാനം ഏതൊരു അധികാരവും പ്രയോഗിക്കുന്നത് ആരുടെയും തന്നിഷ്ടപ്രകാരം ആവരുത് എന്നതാണ്. ശുപാർശ മടക്കുമ്പോൾ വ്യക്തമായ, നിയമപരമായി നിലനിൽക്കുന്ന കാരണങ്ങൾ ഉണ്ടാവണം. കേരളത്തിൽ നിന്നുള്ള ജഡ്ജിമാരുടെ എണ്ണം രണ്ടാവും എന്ന മട്ടിലുള്ള കാരണങ്ങൾ ഒരുതരത്തിലും നിലനിൽക്കുന്നതല്ല എന്നത് വ്യക്തമല്ലേ? അല്ലായിരുന്നു എങ്കിൽ ഓരോ സംസ്ഥാനത്തിനും ക്വോട്ട നിശ്ചയിച്ച് ജഡ്ജിമാരെ നിയമിക്കേണ്ടി വരില്ലേ? ഇപ്പോൾത്തന്നെ ബോംബേ ഹൈക്കോടതിയിൽ നിന്നുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ ഉയർന്ന എണ്ണത്തിന് എന്തടിസ്ഥാനമാണ്?
ഇനി കൊളീജിയത്തിന്റെ ശുപാർശകൾ ശരിയല്ല എന്ന് വാദം നോക്കാം. ഇന്നത്തെ നമ്മുടെ വ്യവസ്ഥ അനുശാസിക്കുന്നത് ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയത്തിന്റെ അധികാരം തന്നെയാണ്. അത് അങ്ങനെ തുടരുന്നിടത്തോളം അനുസരിക്കാൻ സർക്കാരും ബാദ്ധ്യസ്ഥരാണ്. ഈ വ്യവസ്ഥ എല്ലാം തികഞ്ഞതാണ് എന്ന അഭിപ്രായം എനിക്കില്ല. പക്ഷേ, ജഡ്ജിമാരെ സർക്കാർതന്നെ നിയമിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ നിലനിൽപിന് അപകടകരം തന്നെയാണ്.
അവസാനമായി ഒന്നുകൂടി. ഇന്നല്ലെങ്കിൽ നാളെ ഒരുപക്ഷെ നമ്മളിൽ ഓരോരുത്തരും സർക്കാരുമായി നിയമയുദ്ധത്തിന് നിർബ്ബന്ധിതർ ആയേക്കാം (ആളുമാറി അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ചവിട്ടിക്കൊന്ന പോലീസും സർക്കാരിന്റെ ഭാഗം തന്നെ എന്നോർക്കുക). അങ്ങനെ വരുമ്പോൾ സർക്കാരിനോട് വിധേയത്വം പുലർത്തുന്ന ജഡ്ജിമാർ നമുക്കുതന്നെ ആപത്തായി ഭവിച്ചേക്കാം. ഒപ്പം നമ്മുടെ ജനാധിപത്യത്തിന്റെ നിലനിൽപ്പിനും!

Sunday, April 22, 2018

ഈ വധശിക്ഷ ആർക്ക്?

ബാലപീഡകർക്ക് വധശിക്ഷ എന്ന പുതിയ പരിഷ്കാരം അധികപേരും ആഘോഷിക്കുന്നതും സ്വാഗതം ചെയ്യുന്നതും കാണുമ്പോൾ ഞാനാകെ അത്ഭുതപ്പെടുകയാണ്!
ഇത്തരമൊരു പരിഷ്കാരത്തിന്റെ വരും വരായ്കകളെക്കുറിച്ച് നാം ശരിക്കും ബോധവാന്മാർ ആണോ?
ഒന്നാമത്, ശിക്ഷയെക്കുറിച്ച് ചിന്തിച്ചിട്ടാണോ ആരെങ്കിലും കുറ്റം ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും? അങ്ങനെ ആയിരുന്നെങ്കിൽ മരണശിക്ഷ കിട്ടാവുന്ന കൊലപാതകങ്ങൾ എപ്പൊഴേ അവസാനിക്കേണ്ടതല്ലേ?
നമ്മളിൽ എത്രപേർ ശിക്ഷയെ ഭയന്നു മാത്രമാണ് കുറ്റം ചെയ്യാതിരിക്കുന്നത് എന്ന് ആലോചിച്ചു നോക്കുക. ശരിതെറ്റുകളെ കുറിച്ചുള്ള ബോധമാണ് നമ്മെ കുറ്റകൃത്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത് എന്നാണ് എന്റെ ഉറച്ച വിശ്വാസം. ശരിതെറ്റുകളെക്കുറിച്ചുള്ള ബോധം ഉണ്ടാക്കാൻ സഹായിക്കുന്നു എന്നതുമാത്രമാണ് ഒരു പ്രവൃത്തിയെ കുറ്റവൽകരിക്കുന്നതു കൊണ്ടുള്ള ഏക ഗുണം (ശിക്ഷിക്കുന്നതിലൂടെ സമൂഹത്തിന്റെ പ്രതികാരം നടപ്പാക്കുന്നു എന്നത് കുറ്റം തടയാൻ ഉപകരിക്കുന്നില്ല എന്നത് വ്യക്തമാണ്). ഒരു പ്രവൃത്തിയെ കുറ്റവൽകരിച്ചാൽപ്പോലും സമൂഹം അതിനെ മഹത്വവൽകരിച്ചാൽ ശിക്ഷയുടെ കാഠിന്യമൊന്നും കുറ്റവാളികളെ പിന്തിരിപ്പിക്കില്ല എന്നതിന് നമ്മുടെ നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെ തെളിവല്ലേ?
ഇനി കൂടുതൽ അപകടകരമായ മറ്റൊരു കാര്യം. ചെറിയ കുട്ടികൾ വളരെയധികം ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. പലപ്പോഴും അങനെ ചെയ്യുന്നത് ചോക്കലേറ്റും ടോഫിയുമായി വരുന്ന അങ്കിൾ മാരും ബന്ധുക്കളും ഒക്കെയാണ് താനും. അത്തരം ചൂഷണങ്ങൾ കുടുംബത്തിനുള്ളിലെ കറുത്ത രഹസ്യങ്ങളായി അവസാനിക്കുന്നത് മാറി, പുറത്തറിയാൻ തുടങ്ങിയത് അടുത്ത കാലത്ത് ഉണ്ടായ ബോധവൽകരണത്തിന്റെ ഗുണം തന്നെയാണ് (അത്തരമൊരു മാറ്റം കുട്ടികളുടെ നന്മയ്ക്ക് ഗുണപരമാണ് താനും). എങ്കിലും കുട്ടികളുടെ ജീവന് അത്തരം ചൂഷണങ്ങൾ വലിയ ഭീഷണി ആയിരുന്നില്ല. എന്നാൽ ഇനിയെന്താവും സ്ഥിതി?
കുട്ടികളുമായുള്ള ഏത് ലൈംഗിക ബന്ധവും (കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) നിയമത്തിന്റെ കണ്ണിൽ ബലാത്സംഗം തന്നെയാണ്. കാരണം കുട്ടികൾക്ക് സമ്മതം നൽകാനുള്ള ശേഷി ഇല്ലെന്നതാണ് നമ്മുടെ നിയമം. അപ്പോൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഏതൊരാളും ബലാത്സംഗം എന്ന് കുറ്റത്തിന് ശിക്ഷ അർഹിക്കുന്നു. അത്തരം ചൂഷണങ്ങൾക്കുള്ള ഏറ്റവും നിർണായകമായ ഒരു തെളിവ് ഇരയായ കുട്ടിയുടെ മൊഴി തന്നെയാവും. ആ മൊഴി തന്നെ തൂക്കൂകയറേറ്റാമെന്ന് ബോധ്യമുള്ള കുറ്റവാളി ചെയ്യാൻ ശ്രമിക്കുക കുട്ടിയെ ഇല്ലാതാക്കുക എന്നത് തന്നെയല്ലേ? പ്രത്യേകിച്ച് ആ കുട്ടിയെ കൊന്നാലും ഇല്ലെങ്കിലും കിട്ടാവുന്ന ശിക്ഷ മരണം തന്നെയാവുമ്പോൾ!
കൊല ചെയ്താൽ മരണശിക്ഷയും ബലാത്സംഗം മാത്രം ചെയ്താൽ മരണത്തിൽ കുറഞ്ഞ ശിക്ഷയും ആണെങ്കിൽ ഒരു കുറ്റവാളി (ശിക്ഷ നോക്കി കുറ്റം ചെയ്യുന്നവനാണ് എങ്കിൽ) നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ വിടുകയെങ്കിലും ചെയ്യില്ലേ? അപ്പോൾ നമ്മുടെ ഈ പുതിയ പരിഷ്കാരം നമ്മുടെ കുഞ്ഞുങ്ങളെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടുകയല്ലേ ചെയ്യുന്നത്?
നമ്മുടെ നിയമവ്യവസ്ഥയിൽ ശിക്ഷാനിരക്ക് വളരെക്കുറവാണ് എന്ന സത്യവും നാം ഓർമിക്കണം. അതായത്, കുറ്റവാളി നിയമവ്യവസ്ഥയുടെ പഴുതുകളിലൂടെ രക്ഷപ്പെട്ടേക്കാമെങ്കിലും ഇരയുടെ ജീവന് അപകടം നാം ഉറപ്പുവരുത്തുന്നു!
മരണശിക്ഷ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആണെന്ന ഭരണകൂടത്തിന്റെ വിശ്വാസം നമ്മുടെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവന് ഭീഷണി വർദ്ധിപ്പിക്കുകയല്ലേ യഥാർത്ഥത്തിൽ ചെയ്തത്?
ഒരു സ്ത്രീ ബലാത്സംഗം ചെയപ്പെടുമ്പോൾ അവളുടെ ജീവനേക്കാൾ വിലപ്പെട്ടത് അവളുടെ ഉടമയായ പുരുഷന്റെ അഭിമാനത്തിനേൽക്കുന്ന ക്ഷതമാണ് എന്ന തികച്ചും പുരുഷവർഗ്ഗാധിഷ്ഠിതമായ ബോധത്തിന്റെ പ്രതിഫലനം തന്നെയല്ലേ നാം കൊട്ടിഘോഷിക്കുന്ന ഈ പരിഷ്കാരം?!

Friday, April 13, 2018

പ്രിയപ്പെട്ട കുഞ്ഞേ......മാപ്പ്, മാപ്പ്, മാപ്പ്!

പ്രിയപ്പെട്ട കുഞ്ഞേ….ഞങ്ങൾ നിന്നോട് മാപ്പ് ചോദിക്കുന്നു.

വെറും എട്ടു വയസ്സുമാത്രമുള്ള, എട്ടും പൊട്ടും തിരിയാത്ത നിന്നെ
ഒരു പൂമ്പാറ്റ പോലെ, ജമ്മുവിലെ പുൽമേടുകളിൽ
ആടുകളെയും കുതിരയെയും മേച്ചുകൊണ്ട് പാറിപ്പറന്ന നിന്നെ
പിച്ചിച്ചീന്തിയതും നിഷ്ഠൂരം കൊലചെയ്തതും
ഞങ്ങളുടെ   സമൂഹം തന്നെയായിരുന്നു!

ഞങ്ങൾ ഊട്ടി വളർത്തിയ വെറുപ്പ്, ഒരുനാൾ നിന്റെ ജീവനെടുത്തു.
എന്നിട്ടും നിനക്ക് നീതി ലഭിക്കാതിരിക്കാൻ ഞങ്ങളേറെ ശ്രമിച്ചു!
ഞങ്ങളിലെ അഭിഭാഷകർ കോടതികളെപ്പോലും അടച്ചുപൂട്ടി
ഞങ്ങളിലെ പോലീസുകാർ അവരുടെ കൈകളിൽ പടർന്ന നിന്റെ രക്തം
കഴുകി ഉണക്കി തെളിവുകളെ ഇല്ലാതാക്കി
ഞങ്ങളിലെ രാഷ്ട്രീയക്കാർ നീതിദേവതയെ ന്തിയാക്കി. എന്തിന്,
ഞങ്ങളുടെ ദൈവങ്ങൾ പോലും നിന്റെ നിലവിളിക്ക് നേരെ ചെവിയടച്ചു!

ഇന്ത്യയുടെ മകളായ നിനക്ക് നീതി നിഷേധിക്കാൻ ഞങ്ങൾ
ഇന്ത്യയുടെ ദേശീയ പതാകയുമായി തന്നെ തെരുവിലിറങ്ങി.
മതത്തിന്റെയും, ദേശീയതയുടെയും, രാഷ്ട്രീയത്തിന്റെയും,
സാദ്ധ്യമായ വഴികളെല്ലാം ഞങ്ങൾ ഉപയോഗിച്ചു.
നിനക്ക് നീതി നിഷേധിക്കാൻ….

നിന്നെ സംരക്ഷിക്കാനോ ഞങ്ങൾക്ക് കഴിഞ്ഞില്ല,
നിനക്ക് നീതി നൽകാൻ പോലും ഞങ്ങൾ വളർന്നില്ല!

ഇന്ന്…. പ്രിയപ്പെട്ട കുഞ്ഞേ,
ഞങ്ങളുടെ തെറ്റ് നീ ഞങ്ങളെ ബോധ്യപ്പെടുത്തുന്നു.
ഞങ്ങളുടെ മൗനം നിന്റെ കൊലയാളികളുടെ ആക്രോശത്തേക്കാൾ കഠിനമാണെന്ന്!
ഞങ്ങളുടെ നിഷ്ക്രിയത്വം നാളെ ജമ്മുവിലെ പുൽമേടുകളിൽ നിന്നും
നിന്നെ ഞങ്ങളുടെ അകത്തളങ്ങളിൽ എത്തിക്കുമെന്ന്.

വെറുപ്പ് വിതച്ച് സ്നേഹത്തെ കൊയ്യാനാവില്ലെന്ന് നീ ഞങ്ങളെ ബോധ്യപ്പെടുത്തി.
ഒന്നു മാത്രം  വാക്കുതരുന്നൂ കുഞ്ഞേ…..
ഇനിയും ഞങ്ങൾ നിശബ്ദരും നിഷ്ക്രിയരും വാതിരിക്കാം!
നിനക്ക് നീതി ലഭിക്കും വരെ പോരാടാം.


അതുവരെമാപ്പ്, മാപ്പ്, മാപ്പ്!

Tuesday, April 3, 2018

PSC വിജ്ഞാപനത്തിലെ ജാതിക്കോളം!

PSC വിജ്ഞാപനത്തിൽ മതവും ജാതിയും ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്ന ധാരാളം പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടു. 
ഒറ്റ നോട്ടത്തിൽ വളരെ പുരോഗമനപരമെന്ന് തെറ്റിദ്ധരിപ്പിച്ചേക്കാവുന്ന ഒരു നിലപാടാണ് അത്.
PSC വിജ്ഞാപനത്തിൽ ജാതി ഉന്മൂലനം ചെയ്യുക എന്നതിന് അർത്ഥം ജാതിയിൽ അധിഷ്ഠിതമായ സംവരണം എടുത്തുകളയുക എന്നതുതന്നെയാണ്.
ജോലിയിൽ ജാതി സംവരണം ഇല്ലായ്മ ചെയ്താൽ ആർക്കാണ് അതിന്റെ ഗുണം? നൂറ്റാണ്ടുകളായി എല്ലാ അവകാശങ്ങളും, എന്തിന് അറിവ് തേടാനുള്ള അവകാശം പോലും, നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് ലഭിക്കുന്ന ജോലി സംവരണം എന്ന ചെറിയ സഹായം പോലും 'ഉയർന്ന ജാതിക്കാർ' എന്ന് സ്വയം ഊറ്റം കൊള്ളുന്നവർക്ക് സഹിക്കാവുന്നതിലും അപ്പുറത്താണോ?
സംവരണാനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങൾക്ക് ഇന്നും ജനസംഖ്യയുടെ അനുപാതത്തിൽ കിട്ടേണ്ട അത്രയും സ്ഥാനങ്ങൾ കിട്ടിയിട്ടില്ല എന്നത് പല റിപ്പോർട്ടുകളിലൂടെയും വ്യക്തമാണ്. Special recruitment drive കൾക്കപ്പുറം എല്ലാ മേഖലകളിലും ഈ വിടവ് കാണാവുന്നതുമാണ്. ആദ്യം അവർക്ക് അർഹതപ്പെട്ട വിഹിതം ലഭിക്കട്ടെ. എന്നിട്ട് നമുക്ക് സംവരണത്തിനെതിരെ ശബ്ദമുയർത്താം!
എത്രയോ തലമുറകളായി അർഹതപ്പെട്ടതിലും എത്രയോ കൂടുതൽ
സ്ഥാനമാനങ്ങൾ കയ്യടക്കി വയ്ക്കുന്നവരും എല്ലാ സൗകര്യങ്ങളും ജനിച്ച ജാതിയുടെ പേരിൽ അനുഭവിക്കുന്നവരും തങ്ങളുടെ മെറിറ്റിൽ അത്രയേറെ ആത്മവിശ്വാസമുണ്ടെങ്കിൽ
ചെയ്യേണ്ടത് PSC ജോലിയൊക്കെ പാവങ്ങൾക്ക് വിട്ടുകൊടുത്ത് കൂടുതൽ മെറിറ്റ് ആവശ്യമുള്ള പുത്തന് തലമുറ ജോലികൾ സ്വയം കണ്ടെത്തുകയാണ്!

ജാതിയും മതവും മായേണ്ടത് ആദ്യം മനസ്സിൽ നിന്ന് തന്നെയാണ്. നമുക്കോരോരുത്തർക്കും അതിലേക്കായി ആത്മപരിശോധന നടത്താം.