Saturday, April 18, 2020

കോവിഡ് കാലത്തെ പിലാത്തോസുമാർ!

ഇന്നത്തെ (Sunday, 19 April 2020) മാതൃഭൂമി ദിനപ്പത്രത്തിന്റെ ഒന്നാം പേജിൽ ഏറ്റവും മുകളിൽ മുഴുപേജ് വീതിയിൽ NS മാധവന്റെ ഒരു മഹത്തായ കലാസൃഷ്ടി, ചെഖോവും കാഫ്കയും ഹെമ്മിങ്വേയും ഒക്കെയായി താരതമ്യം ചെയ്ത് ചിത്രാലേഖന സഹിതം പ്രസിദ്ധീകരിച്ചത് കണ്ടപ്പോൾ ആകെ കൺഫ്യൂഷൻ ആയിപ്പോയി!



എന്തായിരിക്കും മാതൃഭൂമിയെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്?

കൊറോണ കാലത്തെ കൈകഴുകലിനെ പിലാത്തോസുമായി താരതമ്യപ്പെടുത്തുന്നത് ശരിയാണോ?

പിന്നെയാണ് മനസ്സിലായത്. ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞ് പിലാത്തോസിനെ പോലെ കൈ കഴുകാൻ ശ്രമിക്കുന്നത് കൊറോണക്കാലത്തെ ജനങ്ങളല്ല, മറിച്ച് സ്പ്രിംഗ്ളർ വിവാദത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പാവം IT സെക്രട്ടറിയെ കുരിശിൽ തറക്കാൻ വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എന്ന്!

ഒരു മുൻ IAS കാരന് തീർച്ചയായും അത് മനസ്സിലാവാതെ വരില്ലല്ലോ!

അതുപോലെ ഡാറ്റാസെക്യൂരിറ്റിയെ കുറിച്ചും പ്രൈവസിയെ കുറിച്ചുമെല്ലാം ഘോരഘോരം പ്രസ്താവന നടത്തുകയും പ്രമേയം പാസ്സാക്കുകയും ചെയ്ത ശേഷം തങ്ങളുടെ PB യിലെ അംഗം തന്നെ ഡാറ്റാ അമേരിക്കൻ കുത്തകകൾക്ക് മറിച്ചു കൊടുക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്ന CPM ന്റെ കേന്ദ്ര നേതൃത്വമാണ് പിലാത്തോസിനെ പോലെ കൈ കഴുകുന്ന മറ്റൊരു കൂട്ടർ.

ഇതൊക്കെ തെളിച്ചു പറയാൻ വീരേന്ദ്രകുമാറിന്റെ മാതൃഭൂമിക്കും NS മാധവനും പരിമിതികൾ ഉണ്ടാവാം. അപ്പോൾ പിന്നെ ഭംഗ്യന്തരേണ പറഞ്ഞ് സ്വന്തം മനസ്സാക്ഷി കുത്തിന് ഇലക്കും മുള്ളിനും കേടു കൂടാതെ പരിഹാരം കാണാനുളള ശ്രമമാവാം!

അല്ലാതെ കെറോണക്കെതിരെ എറ്റവും ഫലപ്രദം എന്ന് ലോകം വിശ്വസിക്കുന്ന കൈ കഴുകലിനെ പിലാത്തോസിന്റെ കാപട്യം നിറഞ്ഞ പ്രവൃത്തിയോട് ഇവരൊക്കെ ഉപമിക്കുമോ?!