Friday, February 27, 2015

കണ്ണൂർക്കാരും ഹനുമാനും!


കണ്ണൂരിൽ വീണ്ടും RSS-CPM അക്രമ പരമ്പര അരങ്ങേറുന്നു.  ഏറ്റവും ഒടുവിൽ ഒരു സ്ത്രീ ബോംബേറിൽ കൊല്ലപ്പെട്ടു

എപ്പോഴൊക്കെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ പരാമർശിക്കുന്നുവോ, അപ്പോളൊക്കെ ആരെങ്കിലും കണ്ണൂരിന്റെയും അവിടുത്തെ ജനങ്ങളുടെയും നന്മയെക്കുറിച്ച് പ്രതികരിക്കുന്നത് എനിക്ക് ഒരു ശീലമായി തീർന്നിരിക്കുന്നു. സ്വാഭാവികമായി വൈരുധ്യം എന്നെ ചിന്തിപ്പിക്കാറുമുണ്ട്. എന്ത് കൊണ്ട് ഇത്രയും നല്ല ഒരു നാടും നാട്ടുകാരും ഇത്രയും ക്രൂരമായ കൊലപാതകങ്ങൾ ചെയ്യാൻ തയ്യാറാവുന്നു

പലരും വിഷയത്തെക്കുറിച്ച് അപഗ്രഥനം ചെയ്തു എഴുതിയത് വായിച്ചിട്ടുണ്ട്. വടക്കൻപാട്ടുകളുടെയും, നീതിനിർവഹ്ണത്തിന്റെ ഭാഗമായി എതിരാളികൾക്ക് വേണ്ടി പട വെട്ടി മരിച്ച അങ്കചേകവൻമാരുടെയും ഒക്കെ പാരമ്പര്യത്തിന്റെ തുടർച്ചയെ  ആണ് പലരും വൈരുധ്യത്തിനു കാരണം ആയി ചൂണ്ടി കാണിക്കുന്നത്

മറ്റാർക്കോ വേണ്ടി ചാവാനും കൊല്ലാനും മടി ഇല്ലാതാവുന്നത് ഒരു സംസ്കാരത്തിന്റെ സവിശേഷത അല്ലാതെ മറ്റെന്താവാൻ? സംസ്കാരത്തെ നല്ലത്- ചീത്ത അല്ലെങ്കിൽ black-white എന്നിങ്ങനെ വ്യക്തമായി തരം തിരിക്കാൻ ശ്രമിക്കുന്നത് തന്നെ വെറുതെ അല്ലെ? ഓരോ സംസ്കാരത്തെയും അതിനെ മുഴുവൻ സവിശേഷതകളോടും കൂടി അംഗീകരിക്കുക മാത്രമാണ് ശരിയായ വഴി. സാംസ്കാരിക സവിശേഷതകളെ അംഗീകരിച്ചു കൊണ്ട് മാത്രമേ അതിനെ മാറ്റിയെടുക്കാൻ ഏതു കൂട്ടായ ശ്രമങ്ങൾക്കും സാധിക്കുകയുള്ളൂ. അത്തരം ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ കാലം സവിശേഷതകളെ  മാറ്റുന്നതിനോ കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതിനൊ, നാം മൂക സാക്ഷി ആവേണ്ടി വരും! കൊലപാതകികൾക്കു അംഗീകാരവും അവരുടെ ഇരകൾക്ക് രക്തസാക്ഷി പരിവേഷവും നൽകുന്നത് അരക്കിട്ടുറപ്പിക്കൽ മാത്രമാണ് എന്നതാണ് യാഥാർത്ഥ്യം!

അപ്പോൾ ഹനുമാൻറെ സാംഗത്യം എന്തെന്ന ചോദ്യം സ്വാഭാവികം! മറ്റൊന്നുമല്ല. കണ്ണൂരിലെ നല്ല മനുഷ്യർ തങ്ങളുടെ നേതാക്കന്മാർക്ക് വേണ്ടിയും പ്രസ്ഥാനങ്ങൾക്ക്വേണ്ടിയും കൊല്ലുകയും ചാവുകയും ചെയ്യുമ്പോൾ പണ്ട് കേട്ട ഒരു ഹനുമാൻ തമാശ എൻറെ മനസ്സിൽ ഓടിയെത്തും. തമാശ ഇങ്ങനെ:

ഒരു ദിവസം ഒരു ഹിന്ദുവും, മുസൽമാനും, സർദാർജിയും കൂടിയിരുന്നു ലോക കാര്യങ്ങളെ ക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു (ഇത് തന്നെ വലിയ തമാശ ആവുന്ന ഒരു ഘട്ടം നമ്മുടെ ഭാരതത്തിനു വരാതിരിക്കട്ടെ). എപ്പോഴോ അവരുടെ ചർച്ച  ഹനുമാൻ ആരായിരുന്നു എന്നതിനെ കുറിച്ചായി. സ്വാഭാവികമായും തൻറെ ഇഷ്ടദൈവമായ ഹനുമാൻ ഒരു ഹിന്ദു ആയിരുന്നു എന്നതിന് നമ്മുടെ ഹിന്ദുവിന് ഒരു സംശയവും ഇല്ലായിരുന്നു. എന്നാൽ, നമ്മുടെ മുസൽമാനും തീർച്ചയായിരുന്നു ഹനുമാൻ ഒരു മുസ്ലിം ആയിരുന്നു എന്നത്. അദ്ദേഹം അതിനു തെളിവായി റഹ്മാൻ, സുലൈമാൻ, അർമാൻ, തുടങ്ങി ധാരാളം മുസ്ലിം പേരുകൾ ചൂണ്ടിക്കാട്ടി, ഹനുമാൻ മറ്റൊരു മുസ്ലിം പേരാണ് എന്ന് ശക്തിയുക്തം വാദിച്ചു. എന്നാൽ ഇതെല്ലം കേട്ട് ചിരിച്ച സർദാർ പറഞ്ഞു


"പേര്കൊണ്ടല്ല, ആര് വിശ്വസിക്കുന്നു എന്നതുകൊണ്ടുമല്ല, മറിച്ചു ഒരാൾ ആരാണ് എന്നത് തീരുമാനിക്കേണ്ടത് അയാളുടെ പ്രവൃത്തികൾ   നോക്കിയാണ്! രണ്ടാമത് ഒരാളുടെ ഭാര്യക്ക്വേണ്ടി സ്വന്തം വാലിൽ തീ കൊളുത്തി മൂന്നാമത് ഒരാളുടെ വീട്ടിനു തീ കൊടുക്കാൻ ഒരു സർദാർജി അല്ലാതെ ആര് പോവും? അത് കൊണ്ട്, എനിക്കൊരു സംശയവും ഇല്ല, ഹനുമാൻ ഞങ്ങളുടെ ആൾ തന്നെ ആയിരുന്നു."

ഹനുമാനെപ്പോലെ നമ്മുടെ പ്രിയപ്പെട്ട കണ്ണൂരുകാരും ആർക്കൊക്കെയോ വേണ്ടി, ആരെയൊക്കെയോ കൊന്നും ആരുടെ ഒക്കെയോ വീടുകൾ ബോംബെറിഞ്ഞു തകർത്തും മുന്നേറുന്നത് കാണുമ്പോൾ തോന്നിപ്പോവുന്നു, ഹനുമാൻറെയോ സർദാർജിയുടെയോ അറിയാത്ത വല്ല പാരമ്പര്യവും






P.S. പോസ്റ്റിലെ ഏതെങ്കിലും വാക്കുകളോ ആശയങ്ങളോ ആരെയെങ്കിലും വിഷമിപ്പിച്ചെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു. കണ്ണൂരിനെ പറയുമ്പോൾ തന്നെ തൊട്ടടുത്ത കോഴിക്കോട് ജില്ലയിലെ അക്രമങ്ങളെയും കാണാതിരിക്കുന്നില്ല. സിഖ് സുഹൃത്തുക്കളോടും കണ്ണൂരിലെ ഭൂരിപക്ഷം സമാധാന കാംക്ഷികളോടും ഉള്ള തികഞ്ഞ ബഹുമാനത്തോടെ, അക്രമ രാഷ്ട്രീയത്തിനെതിരെ ഒരു കണ്ണാടി. അത്ര മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.