Monday, March 16, 2015

എലിയെ പേടിച്ചു പാർട്ടി ഓഫീസ് ചുടരുത്!


ഇക്കഴിഞ്ഞ 13-ന് കേരളത്തിലെ ഇടതുപക്ഷ എമ്മെല്ലേമാർ, ജനാധിപത്യത്തിൻറെ ശ്രീകോവിൽ എന്നറിയപ്പെടുന്ന നിയമസഭയിൽ കാണിച്ചു കൂട്ടിയ വെകിളിത്തരങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ നാമെല്ലാം കണ്ടതാണ്. നിയമസഭ എന്നാൽ നിയമനിർമാണത്തിനുള്ള വേദിയോ അതോ നിയമം കൈയിലെടുക്കാനുള്ള വേദിയോ എന്ന് സംശയം ജനിപ്പിക്കുന്ന അത്തരം പ്രവൃത്തികൾ അല്ല ഇവിടെ ഞാൻ വിഷയമാക്കുന്നത്. എന്നാൽ അന്ന് ഇടതുപക്ഷത്തെ വനിതാ എമ്മെല്ലേമാരെ സംബന്ധിച്ച് നടന്ന ചില സംഭവങ്ങളും അതിനു പിന്നീട് നല്കപ്പെടുന്ന വ്യാഖ്യാനങ്ങളും ആണ് ഇവിടെ വിഷയം.

    ആദ്യം തങ്ങളുടെ പ്രവൃത്തികളിലൂടെ കേരളത്തിന്റെ ധനകാര്യമന്ത്രിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്നും തടയാൻ 
കഴിഞ്ഞു എന്ന വാദം ആണ് നാം കേട്ടത്. ഒപ്പം കേരള ജനതയ്ക്ക് എതിരെ ഒരു ഹർത്താലും നടത്തി. ഗവർണറുടെ പ്രസ്താവനയോടെ ആ വാദം പൊളിഞ്ഞു. അത് കഴിഞ്ഞു, ഗവർണറുടെ തന്നെ 356-ആം വകുപ്പിനെ കുറിച്ചുള്ള ഒരു പരാമർശത്തിൽ പിടിച്ചായി ആഘോഷം. സുപ്രിം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആണെങ്കിലും മോഡി സർക്കാർ തങ്ങളുടെ പ്രതിനിധി ആയി കേരളത്തിലേക്ക് അയച്ച ഗവർണറെ ഭരണം ഏൽപ്പിക്കാനുള്ള സഖാക്കളുടെ തിരക്ക് കണ്ടപ്പോൾ വെറുതെ ചിരിച്ചു തള്ളാനെ തോന്നിയുള്ളൂ. കൂടാതെ, ഇന്നും EMS മന്തിസഭയുടെ പിരിച്ചുവിടലിൽ രോഷം കൊള്ളുന്ന സഖാക്കൾ 356-ആം വകുപ്പിനെ ആശ്രയിക്കുന്ന ഒരു അവസ്ഥ! സുപ്രിം കോടതി തന്നെ മുന്നോട്ടു വച്ചിട്ടുള്ള നിയമങ്ങൾ 356-ആം വകുപ്പിന്റെ ഉപയോഗത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ അവർ ഓർത്തുകാണില്ല.  

    അതൊക്കെ പോട്ടെ. ചില തമാശകൾ. സ്പീക്കറുടെ ഡയസിൽ പേക്കുത്തു നടത്തിയ അഞ്ചു എമ്മെല്ലേമാരെ suspend ചെയ്തതോടെ ആ തമാശകൾ അവസാനിക്കേണ്ടതായിരുന്നു. ഒപ്പം കേരളജനത ഏൽപ്പിച്ച ബജറ്റ് ചർച്ച എന്ന കർത്തവ്യവും പ്രതിപക്ഷത്തിന് നിറവേറ്റാമായിരുന്നു. അതിനു പകരം തങ്ങളുടെ വനിതാ എമ്മെല്ലെമാരെ സഭയിൽ പീഡിപ്പിച്ചു എന്ന ആരോപണവുമായി മുന്നോട്ടു പോയി അപഹാസ്യരാവാനാണ് അവർ തീരുമാനിച്ചത്. 

    സ്വയം അപഹാസ്യരാവുന്നതിനൊപ്പൊം പ്രതിപക്ഷം ചെയ്യുന്ന മറ്റൊരു അനീതി ഇവിടെ ചൂണ്ടി കാണിക്കട്ടെ. അടുത്ത കാലത്ത് പല കേസുകളിലും സുപ്രിം കോടതി വരെ ചൂണ്ടിക്കാണിച്ച കാര്യമാണ് സ്ത്രീപക്ഷ നിയമങ്ങളുടെ ദുരുപയോഗം. ഒരു വശത്ത് സ്ത്രീകളോടുള്ള അതിക്രമങ്ങൾ പെരുകുന്നു, മറു വശത്ത് നിയമങ്ങളുടെ ദുരുപയോഗവും. സ്ത്രീ സംരക്ഷണത്തിനായുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ അത് സ്ത്രീത്വത്തിനെതിരെ മറ്റൊരു ആക്രമണം അല്ലാതെ മറ്റൊന്നുമല്ല. ക്രൂരമായ സ്ത്രീ പീഡനങ്ങളെപ്പോലും സംശയത്തിൻറെ നിഴലിൽ ആക്കാൻ അത്തരം ദുരുപയോഗങ്ങൾ കാരണം ആവുന്നു അന്നത് തികച്ചും ഒരു യാഥാർത്ഥ്യം മാത്രം. 

    13-ന് സഭയിൽ നടന്നത് എല്ലാവരും കണ്ട കാര്യം. ഭരണപക്ഷ എമ്മെല്ലെമാർ സ്വയം പ്രതിരോധിക്കുകയോ തങ്ങളുടെ സഹപ്രവർത്തകരായ ധനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ സംരക്ഷണം കൊടുക്കുകയോ ചെയ്തത് ശരിയായോ എന്നതിൽ രണ്ടു അഭിപ്രായം സ്വാഭാവികം ആണ്. ആ സംരക്ഷണം നല്കാൻ Watch & Ward പോലുള്ള സംവിധാനമുള്ളപ്പോൾ അത് പ്രയോജനപ്പെടുത്തുക ആയിരുന്നു ഉചിതം എന്നത് തികച്ചും ന്യായമായ ഒരു അഭിപ്രായം തന്നെ. എന്നാൽ ഭരണപക്ഷത്തെക്ക് അതിക്രമിച്ചു കയറി അവരെ ശാരീരികമായി ആക്രമിക്കുകയല്ലല്ലോ ജനങ്ങൾ പ്രതിപക്ഷത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്! 

    പുരുഷന്മാരായ ധനമന്ത്രിയെയും മുഖ്യമന്ത്രിയെയും ശാരീരികമായി ആക്രമിക്കാനോ തടയാനോ വനിതാ എമ്മെല്ലെമാരെ ആരാണ് നിയോഗിച്ചത്? ഇനി അവർക്കും പുരുഷ എമ്മെല്ലെമാരെപ്പോലെ പ്രതികരിക്കാനുള്ള അവകാശം ഉണ്ടെന്ന വാദം ആണെങ്കിൽ, ശാരീരികമായ കയ്യാങ്കളി ആ അവകാശത്തിൽ പെടില്ല എന്ന് സവിനയം ഓർമപ്പെടുത്തട്ടെ! ദൃശ്യങ്ങൾ കണ്ട ആർക്കും അറിയാം ആര് ആരുടെ ദേഹത്തേക്കാണ് ആക്രമിച്ചു കയറുന്നത് എന്ന്. എന്നിട്ട് അവർ തന്നെ പിന്നീട് തങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെടുമ്പോൾ, സ്ത്രീസംരക്ഷണത്തിനായുള്ള നിയമങ്ങൾ പുരുഷ പീഡനത്തിനായി ഉള്ളതാണ് എന്ന് വാദിക്കുന്നവരുടെ ഭാഗം മാത്രമാണ് ശക്തിപ്പെടുക. നാളെ ക്യാമറയിൽ പതിയാത്ത ഒരു പീഡനകഥ പുറത്തുവരുമ്പോളും ജനങ്ങൾ സംശയിക്കും ഇതും നമ്മുടെ എമ്മെല്ലെമാരുടെ അനുകരണം ആണോ എന്ന്!

    മാണി തെറ്റുകാരനെങ്കിൽ മാണി ശിക്ഷിക്കപ്പെടണം. അതിനു കോടതിയും നിയമവ്യവസ്ഥയും ഉണ്ട്. ഇന്നത്തെ ഭരണം നീതി പാലിച്ചില്ലെങ്കിൽ ജനങ്ങൾക്ക്‌ മറ്റൊരു ഭരണം കൊണ്ടുവരാൻ കഴിവുണ്ട്. അവരതു ചെയ്യുമ്പോൾ ആ സർക്കാരിനു മാണിയെ നിയമത്തിനു
മുന്നിൽ കൊണ്ടുവരാം. അല്ലാതെ ഇത്തരം കുറുക്കുവഴികൾ മാണിക്ക്‌ ദോഷമോ മറ്റാർക്കെങ്കിലും ഗുണമോ ചെയ്യില്ല എന്ന് മനസ്സിലാക്കുക. എന്നാൽ ജനാധിപത്യത്തെയും സ്ത്രീ സംരക്ഷണ നിയമങ്ങളെയും ദ്രോഹിച്ചാൽ അത് ദൂരവ്യാപകമായ ദോഷങ്ങൾ വരുത്തിവെക്കും.  

    വളരെ ചെറിയ വിജയങ്ങൾക്ക് വേണ്ടി വളരെ വലിയ വില നല്കുന്നത് ശരിയാണോ എന്ന് നമ്മുടെ പ്രതിപക്ഷവും വിശേഷിച്ചു വനിതാ എമ്മെല്ലെമാരും ചിന്തിക്കട്ടെ. 

എലിയെ പേടിച്ചു പാർട്ടി ഓഫീസ് ചുടരുത് എന്നല്ലേ പഴമൊഴി?!



P.S: മാണിയെ ഉമ്മ വെച്ച എമ്മെല്ലേമാർക്കെതിരെ IPC 377-ആം വകുപ്പനുസരിച്ച് സ്വവർഗരതി കുറ്റത്തിന് കേസെടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഇതിനോട് ചേർത്ത് വായിക്കുക

Friday, March 13, 2015

എന്നിട്ടും അവരുടെ ഒരു ഹർത്താൽ!!

ആര് ആരോപണം ഉന്നയിച്ചാലും മന്ത്രിമാർ ഉടൻ 
രാജി വെക്കണം; തെളിവ് ചോദിച്ചാൽ അത് അഹങ്കാരം!

തെളിവും കോടതിയും ഒക്കെ അങ്ങ് വടക്ക്
ഡൽഹിയിലെയും ഗുജറാത്തിലെയും ഒക്കെ 
മന്ത്രിമാർക്കല്ലെ,
ഇവിടെ ഈ കേരളത്തിലെന്തിനാ?  

പ്രതിപക്ഷത്തിന് വിശ്വാസം ഇല്ലെങ്കിൽ
മന്തിമാർ ഉടൻ രാജി വെക്കണം. 
ഭൂരിപക്ഷത്തിൽ ഒന്നും കാര്യമില്ല!

ബജറ്റ് അവതരിപ്പിക്കുന്നത്‌ പ്രതിപക്ഷത്തിന്
ഇഷ്ടമുള്ള മന്ത്രി ആയിരിക്കണം. അല്ലാതെ
മന്തിസഭയുടെയോ ധനമന്ത്രിയുടെയോ ഇഷ്ടപ്രകാരം അല്ല!  

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത്
എന്ന് ആരെങ്കിലും പറഞ്ഞാൽ
ഉടൻ അദ്ദേഹം ബജറ്റ് പണി
വേറെ ആരെ എങ്കിലും ഏല്പിക്കണം.
അതല്ലേ അതിൻറെ ഒരു മര്യാദ! 

ഇനി ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ
അനുവദിക്കില്ല എന്ന് പ്രതിപക്ഷം വാശി പിടിച്ചാൽ
അദ്ദേഹം സഭയിൽ വരരുത്. 
അഥവാ വന്നാൽ തന്നെ സ്പീക്കർ അനുവദിക്കരുത്!

എന്നിട്ടും ധനമന്ത്രി വന്നാൽ
സ്പീക്കർ സഭയടച്ചു വീട്ടില് പോണം. 
അല്ലെങ്കിൽ സ്പീക്കറുടെ കസേര തെറിപ്പിക്കണം;
അല്ല നശിപ്പിക്കണം!

കസേരയും കമ്പ്യുട്ടെറും നശിപ്പിച്ചാൽ
പിന്നെന്തു സ്പീക്കർ? 
അപ്പോൾ പിന്നെ സ്പീക്കർ സഭയിൽ വന്നാലും
അദ്ദേഹം സ്പീക്കർ ആവില്ല!
കസേരയല്ലേ, വ്യക്തിയല്ലല്ലോ മുഖ്യം! 

തല്ലിയാലും കൊന്നാലും മന്ത്രി സീറ്റ്‌ മാറരുത്;
സ്പീക്കറും അങ്ങിനെ തന്നെ!
സീറ്റ്‌ മാറി ഇരുന്നാൽ മന്ത്രി മന്ത്രി അല്ലാതാവും,
സ്പീക്കർ സ്പീക്കർ അല്ലാതാവും! 
സഭ സഭയല്ലാതാവും; മേശപ്പുറം മേശപ്പുറം അല്ലാതാവും.. 
ബജറ്റ് ബജറ്റ് അല്ലാതാവും!

പ്രതിപക്ഷം ഭരണപക്ഷത്തെ ഭരിക്കും;
ഇത് നമ്മുടെ ജനാധിപത്യം! 
ഇങ്കുലാബ് സിന്ദാബാദ്!

പ്രതിപക്ഷത്തിന് മുണ്ട് മടക്കാം;
മേശമേൽ കയറാം; കടിച്ചു പറിക്കാം; 
ഉന്താം തള്ളാം; എന്തും ചെയ്യാം...
ഇതാണ് നമ്മുടെ ജനാധിപത്യം; 
ഇങ്കുലാബ് സിന്ദാബാദ്!

അരിയും  തിന്നു,  ആശാരിച്ചിയെയും കടിച്ചു...
എന്നിട്ടും അവരുടെ ഒരു ഹർത്താൽ!!
എന്ന് പാവം ജനം!