Saturday, November 23, 2019

നാമൊരു വിഡ്ഢിക്കൂട്ടം മാത്രമായി കഴിഞ്ഞോ?

The Telegraph പച്ചയായി തന്നെ പറഞ്ഞു. “We the Idiots.”


ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് We the people എന്ന അടിസ്ഥാനത്തിലാണ്. എന്നാൽ മഹാരാഷ്ട്രയിൽ ഫഡ്നവിസിനെ മുഖ്യമന്ത്രി കസേരയിൽ പ്രതിഷ്ഠിക്കാൻ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളും അവ അലങ്കരിക്കുന്ന വ്യക്തികളും നടപ്പിലാക്കിയ നാടകങ്ങൾ നാം ഒരു ജനതയല്ല മറിച്ച് വെറുമൊരു വിഡ്ഢിക്കൂട്ടം മാത്രമാണ് എന്ന കാഴ്ചപ്പാടിൽ അധിഷ്ഠിതമായി മാത്രമാണ് എന്ന് പറയാതെ വയ്യ.
രാത്രിയുടെ മറവിൽ ഭരണഘടനാ തത്വങ്ങളെ നോക്കുകുത്തിയാക്കി, രഹസ്യമായി പ്രതിഷ്ഠിച്ച സർക്കാർ വെറും ഇരുട്ടിന്റെ സന്തതിയാണ് എന്ന് പറയാതെ വയ്യ.
ഇത് പറയുമ്പോൾ ഇന്ത്യൻ രാഷ്ട്രീയം ഇന്നലെ വരെ ശുദ്ധമായിരുന്നു എന്ന പൊള്ളയായ വാദമൊന്നും എനിക്കില്ല. കാലാകാലങ്ങളായി രാഷ്ട്രീയക്കാർ എല്ലാവരും അധികാരം പിടിച്ചെടുക്കാൻ അവസരം കിട്ടുമ്പോൾ മൂല്യങ്ങൾക്ക് അവധി കൊടുത്തിട്ടുണ്ട് എന്നത് സത്യം മാത്രമാണ്. എന്നാൽ, ബീഹാറിൽ നിലവിൽ ഉണ്ടായിരുന്ന കൂട്ടുകക്ഷി സർക്കാർ തകർത്ത് നിതീഷ്-ബിജെപി സർക്കാർ ഉണ്ടാക്കിയതും, കർണാടകയിൽ ഭരണകക്ഷി MLA മാരെ രാജി വെപ്പിച്ചതും, ഏറ്റവും അവസാനം ഹരിയാനയിൽ തെരെഞ്ഞെടുപ്പിലെ എതിരാളികളുമായി ചേർന്ന് സർക്കാർ രൂപീകരിച്ചതും ജനാധിപത്യ മൂല്യങ്ങൾക്കും ധാർമ്മികതക്കും എതിര് എന്ന കാരണത്താൽ എതിർക്കുമ്പോഴും ഭരണഘടനയുടെ ലംഘനം എന്ന് പറയാൻ നിർവ്വാഹമില്ലായിരുന്നു.
ഒരു ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയിൽ പലപ്പോഴും ഒരുകക്ഷിക്കോ മുന്നണിക്കോ കേവല ഭൂരിപക്ഷം കിട്ടാതെ വരുമ്പോൾ തെരെഞ്ഞെടുപ്പിൽ പരസ്പരം മൽസരിച്ച കക്ഷികൾക്ക് തെരെഞ്ഞെടുപ്പിന് ശേഷം കൈകോർത്ത് ഭരണം നടത്തേണ്ടി വരും. അതുകൊണ്ട് തന്നെ ബിജെപിയും NCPയും കൈകോർത്തതിനെയോ അല്ല കോൺഗ്രസ്സ്-NCP-ശിവസേന കക്ഷികൾ ഒരുമിക്കുന്നതിനെയോ ഭരണഘടനാപരമായി തെറ്റെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല. അത്തരം അവസരങ്ങളിൽ അധാർമ്മികമെങ്കിൽ പോലും കാലുമാറ്റങ്ങളും സ്വാഭാവികം തന്നെയാണ്. അപ്പോഴെല്ലാം കേന്ദ്രത്തിൽ ഭരണത്തിലുള്ള കക്ഷിക്ക് അവരുടെ നോമിനിയായ ഗവർണറുടെ സഹായവും ലഭിക്കും. ഇതൊന്നും നമുക്ക് നിഷേധിക്കാൻ കഴിയില്ല.
എന്നാൽ ഇത്തരം അസ്വാഭാവികമായ സർക്കാർ രൂപീകരണങ്ങൾ നടക്കുമ്പോൾ കാര്യങ്ങൾ ഭരണഘടനയുടെ ചട്ടക്കൂട്ടിന് ഉള്ളിൽ തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ഗവർണർ മുതൽ ഉള്ള എല്ലാ ഭരണഘടനാസ്ഥാപനങ്ങൾക്കുമുണ്ട്.
കുളിച്ചില്ലെങ്കിൽ പോലും കൗപീനമെങ്കിലും കഴുകി പുരപ്പുറത്തിട്ട് ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർ തയ്യാറാവണം. അവരെ നിയമിച്ചത് ആരായാലും ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്നും കിട്ടുന്ന ശമ്പളം കൊണ്ടാണ് താനും തന്റെ കുടുബവും ഭക്ഷണം കഴിക്കുന്നത് എന്നെങ്കിലും ഓർക്കണം.
മഹാരാഷ്ട്രയിൽ ഗവർണർ, പ്രധാനമന്ത്രി, പ്രസിഡന്റ്- ഇവരെല്ലാം ചെയ്തത് ഭരണഘടനയെ നോക്കുകുത്തിയാക്കി ഒരു നിയമവിരുദ്ധ സർക്കാർ ഉണ്ടാക്കാൻ കൂട്ടുനിന്നു എന്നതാണ്. NCP യുടെ പിന്തുണ ഇല്ലാതെയാണ് അജിത് പവാറുമായി ഗൂഡാലോചന നടത്തി ഇത്തരമൊരു സർക്കാർ രൂപീകരിച്ചതെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു. ഇതിലേക്കായി രാത്രി കാബിനറ്റിന്റെ ശുപാർശ പോലുമില്ലാതെ രാഷ്ട്രപതി ഭരണം പിൻവലിച്ച പ്രസിഡന്റ് തന്റെ പദവിക്ക് ചേർന്ന പ്രവൃത്തിയല്ല ചെയ്തത്. എന്തെങ്കിലുമായി ഈ പ്രവൃത്തിയെ താരതമ്യം ചെയ്യുകയാണ് എങ്കിൽ അത് പണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നടപടിയുമായി മാത്രമായിരിക്കും. 
ജനങ്ങളെ വെറും വിഡ്ഡികൾ ആയി കാണുന്ന ഒരു ഭരണകൂടത്തിന് മാത്രമേ ഇത്രയും നഗ്നമായ അധികാര ലംഘനം നടത്താൻ കഴിയുകയുള്ളൂ എന്നതിൽ സംശയം അൽപ്പം പോലുമില്ല എന്നിടത്താണ് The Telegraph ന്റെ മുഖ്യ തലക്കെട്ട് പ്രാധാന്യമർഹിക്കുന്നത്. 
ഇനിയും കാണാൻ ബാക്കിയുള്ളത് ഭരണഘടനയെ സംരക്ഷിക്കേണ്ട തങ്ങളുടെ ചുമതല സുപ്രീം കോടതി എങ്ങിനെ നിറവേറ്റുന്നു എന്നത് മാത്രമാണ്. ഉടനെ തീരുമാനമെടുത്ത് നിയമവ്യവസ്ഥയെ സംരക്ഷിക്കുമോ അല്ല തീരുമാനം നീട്ടിക്കൊണ്ടുപോയി കുതിരക്കച്ചവടത്തിലൂടെ ഇല്ലാത്ത ഭൂരിപക്ഷം തട്ടിക്കൂട്ടാൻ ഉളള അവസരം ബിജെപിക്ക് നൽകുമോ എന്ന് കാത്തിരുന്ന് കാണാം.
അതുവരെ We the idiots can only feel sorry for the Indian Constitution!

Thursday, November 21, 2019

നമ്മുടെ പൊതു വിദ്യാഭ്യാസ രംഗം: ചില നിരീക്ഷണങ്ങൾ

നമ്മുടെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് എന്റെ ചില അനുഭവങ്ങളും നിരീക്ഷണങ്ങളും ആണ് ഈ പോസ്റ്റിൽ ഞാൻ ഷെയർ ചെയ്യുന്നത്.

അടുത്ത കാലത്തു ധാരാളമായി കേൾക്കുന്ന അവകാശ വാദങ്ങൾ ആണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം എന്തൊക്കെയോ അഭൂതപൂർവ്വമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു എന്നും അതിന്റെ ഫലമായി ധാരാളം കുട്ടികൾ സർക്കാർ/ എയ്ഡഡ് സ്കൂളുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നും.  

അത്തരം വാദങ്ങൾക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത്‍ പലപ്പോഴും നടക്കാവ് സ്കൂൾ പോലെ സ്വകാര്യ പങ്കാളിത്തത്തോടെ നടത്തിയ വികസന പ്രവർത്തനങ്ങളും ഏതാനും സ്കൂളുകളിൽ നടപ്പാക്കിയ സ്മാർട്ട് ക്ലാസ് റൂമും ഒക്കെയാണ്. എന്നാൽ സത്യം എന്താണ്?

ഉപരിപ്ലവമായ ചില മാറ്റങ്ങൾക്കപ്പുറം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്ന ഒരു മാറ്റവും ഗണ്യമായ തോതിൽ നടന്നിട്ടില്ല എന്നതാണ് സത്യം. പിന്നെ എന്ത് കൊണ്ട് കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് മാറുന്നു? അതിനു കാരണം പലതാണ്.

ഒന്നാമതായി സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ ഏർപ്പെടുത്തിയ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ. ഇംഗ്ലീഷ് മീഡിയം തേടി പ്രൈവറ്റ് സ്കൂളുകളിലേക്ക് പോയ പല കുട്ടികളെയും അങ്ങിനെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞു. എന്നാൽ ആ ക്ലാസ്സുകളിലെ സ്ഥിതി തികച്ചും പരിതാപകരമാണ്. ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്താൻ പോലുമുള്ള ആത്മധൈര്യം ഇല്ലാത്ത അദ്ധ്യാപകരെ കണ്ട അനുഭവം എനിക്കുണ്ട്. അവർ എങ്ങിനെ കുട്ടികളെ ഇംഗ്ലീഷിൽ പഠിപ്പിക്കും? ഫലമോ? ഇംഗ്ലീഷും മലയാളവും അറിയാതെ വളരേണ്ടി വരുന്ന കുട്ടികളും.

വളരെ കഠിനമായി പ്രവർത്തിച്ചു തങ്ങളുടെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ നിലവാരം ഉയർത്തുന്ന അദ്ധ്യാപകരും PTA യും ഒക്കെയുണ്ട്. എന്നാൽ, അത്തരം വ്യക്തിപരമായ നന്മയുടെ ഔദാര്യത്തിനു വിട്ടുകൊടുക്കാതെ സംവിധാനം തന്നെ കുറ്റമറ്റതാക്കേണ്ട ആവശ്യമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. 

രണ്ടാമതായി, പബ്ലിക് പരീക്ഷകളിൽ നൽകുന്ന ഉയർന്ന മാർക്ക്. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ 8 ലും 9 ലൂം സർക്കാർ സ്കൂളുകളിലേക്ക് മാറ്റുന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ അറിഞ്ഞത്, 10 ലെ പരീക്ഷയിൽ നൽകുന്ന ഉയർന്ന മാർക്ക് തന്നെയാണ്. റ്റ് സിലബസ്സിൽ പരീക്ഷ എഴുതുമ്പോൾ CBSE യെ അപേക്ഷിച്ചു വളരെ കൂടുതൽ മാർക്ക് കിട്ടുന്നു. കുട്ടികളുടെ വിജയ ശതമാനവും ഉയർന്ന മാർക്കും ഭരിക്കുന്ന മന്ത്രിമാരുടെ ക്രെഡിറ്റ് ആയി കാണുവോളം മാർക്ക് വാരിക്കോരി കൊടുക്കുന്ന സമ്പ്രദായം തുടരും എന്ന് തന്നെ പ്രതീക്ഷിക്കാം.

10 ഇൽ കിട്ടുന്ന മാർക്ക് പ്ലസ് 1 അഡ്മിഷനെ സാരമായി ബാധിക്കുന്നതിനാൽ പലരും സേഫ് ആക്കാൻ കുട്ടികളെ സ്റ്റേറ്റ് സിലബസ്സ് ലേക്ക് മാറ്റുന്നത് സ്വാഭാവികം മാത്രം. എന്നാൽ ഇത് വിദ്യാഭ്യാസ രംഗത്തിന്റെ ക്വാളിറ്റി ആയി തെറ്റിദ്ധരിച്ചാൽ ഉള്ള അപകടം നാം മനസ്സിലാക്കിയേ തീരൂ.

വയനാട്ടിൽ പാമ്പു കടിയേറ്റു മരിച്ച ബാലികയുടെ ദാരുണ കഥ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ടാക്കിയാൽ മാത്രം പോരാ. എല്ലാ ക്ലാസ്സിലും എല്ലാ സ്കൂളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. ഒപ്പം അദ്ധ്യാപകരുടെ പരിശീലനത്തിലും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കാൻ ഇനിയുമൊരു ദാരുണ മരണം വരെ കാക്കേണ്ട അവസ്ഥ ഉണ്ടാവാതിരിക്കട്ടെ (ഇത് പറയുമ്പോൾ സ്വന്തം കുട്ടികളെ പോലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന അദ്ധ്യാപകരുടെ അർപ്പണ ബോധം കാണാതെ പോവുകയല്ല. അങ്ങനെയല്ലാത്ത ഒരൊറ്റ അദ്ധ്യാപകനോ അദ്ധ്യാപികയോ പോലും ഉണ്ടാവരുത് എന്ന കാര്യം അടിവരയിടുക മാത്രമാണ്).

ഇത്രയും പറഞ്ഞത് നമ്മുടെ വിദ്യാഭ്യാസ രംഗം എല്ലാം തികഞ്ഞതാണെന്നുള്ള തരത്തിൽ പ്രചരണം നടത്തുന്നതിനിടയിൽ (അങ്ങിനെ ഉത്തരേന്ത്യക്കാരനെ കളിയാക്കുന്നതിനിടയിൽ) അവിടെയുള്ള പ്രശ്നങ്ങളുടെയും ആവശ്യങ്ങളുടെയും നേരെ നാം കണ്ണടക്കരുത് എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്.

ഇപ്പോൾ തന്നെ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തു നടക്കുന്ന മാർക്ക് ദാനം പോലുള്ള തികച്ചും തെറ്റായ, നമ്മുടെ യോഗ്യതകളുടെ വിശ്വാസം തന്നെ തകർക്കുന്ന, ചില പ്രവണതകളും കാണേണ്ട ഗതികേട് നമുക്കുണ്ടായത് മറക്കാറായിട്ടില്ലല്ലോ.

എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും കേരളത്തിന്റെ ശക്തി ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസ രംഗം തന്നെയാണ്.

മാനുഷിക മൂലധനത്തിന്റെ (Human Capital) നിർമ്മിതിയിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക്‌ അൽപ്പം പോലും കുറച്ചു കാണരുത്. അതിലേക്കായി (അതുപോലെ ആരോഗൃരംഗത്തും) ചിലവാക്കുന്ന ഓരോ രൂപയും പൊതുധനത്തിന്റെ ഏറ്റവും ലാഭകരമായ ഉപയോഗമാണെന്നു നാം തിരിച്ചറിയണം.

ഈ ദിനങ്ങളിൽ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് നിന്നും ഉയർന്നു വന്ന നെഗറ്റീവ് ആയ വാർത്തകൾ ആ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ നമ്മുടെ സർക്കാരിനും സമൂഹത്തിനും പ്രചോദനമാവട്ടെ എന്ന് ആശിച്ചുകൊള്ളുന്നു!


Wednesday, November 6, 2019

നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വവും UAPA യും.

സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ നിരോധിക്കപ്പെട്ട സംഘടനയിൽ അംഗമായാൽ UAPA ചുമത്തിക്കൂടേ എന്ന ന്യായമായ ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒന്നുരണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ.

ഒന്നാമതായി, ഇത്തരം സംഘടനകൾ വ്യക്തമായ മെമ്പർഷിപ് രജിസ്റ്റർ ഒന്നും സൂക്ഷിക്കുമെന്നു കരുതാൻ നിർവ്വാഹമില്ല. അത്കൊണ്ട് പലപ്പോഴും ദുർബ്ബലമായ സാഹചര്യ തെളിവുകളോ കസ്റ്റഡിയിൽ മർദ്ദനത്തിലൂടെ നേടിയെടുത്ത കുറ്റസമ്മത മൊഴിയോ ഒക്കെ ആശ്രയിച്ചായിരിക്കും പോലീസ് അത്തരം സംഘടനയിലെ അംഗത്വം തെളിയിക്കാൻ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലെ അപകടം (അടുത്ത കാലത്തു നടന്ന കസ്റ്റഡി മരണങ്ങളുടെ വെളിച്ചത്തിൽ തന്നെ) വ്യക്തമാണല്ലോ.

രണ്ടാമതായി, ഇന്ന് ഇക്കാര്യത്തിൽ നിലവിലുള്ള നിയമം സുപ്രീം കോടതിയുടെ 2011 ഇൽ പുറപ്പെടുവിച്ച Arup Bhuyan vs State Of Assam എന്ന കേസിലെ വിധിയാണ്. കേന്ദ്ര സർക്കാർ ഈ വിധിയുടെ റിവ്യൂ ആവശ്യപ്പെട്ടിട്ടുണ്ടെകിലും ഇതുവരെ ആ വിധി സുപ്രീം കോടതി പുനഃപരിശോധിക്കുകയോ തിരുത്തുകയ ചെയ്തിട്ടില്ല. ആ വിധിയുടെ കാതലായ ഭാഗം ഇതാണ്:

"mere membership of a banned organisation will not make a person a criminal unless he resorts to violence or incites people to violence or creates public disorder by violence or incitement to violence"

അതായത്, ഒരു നിരോധിക്കപ്പെട്ട സംഘടനയുടെ അംഗമാണ് എന്നത് മാത്രം ഏതൊരു വ്യക്തിയെയും കുറ്റവാളി ആക്കുന്നില്ല. ആ വ്യക്തി സംഘടനയുടെ ഭാഗമായി ഏതെങ്കിലും അക്രമപ്രവർത്തികളിൽ ഏർപ്പെടുകയോ ആളുകളെ അത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയോ ഒക്കെ ചെയ്താൽ മാത്രമേ കുറ്റവാളി ആവുകയുള്ളൂ.

ഈ വിധിയിൽ തന്നെ ഇന്ത്യൻ നിയമം 'Guilt By Association' എന്ന തത്വം അംഗീകരിക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. കൂടുതൽ അറിയാൻ വിധിയുടെ link ഇതിനോടൊപ്പം ചേർക്കുന്നു.

Arup Bhuyan vs State Of Assam on 3 February, 2011
https://indiankanoon.org/doc/792920/

നിയമത്തിന്റെ ഇത്തരം ഒരു വായന പലർക്കും, പ്രത്യേകിച്ച് അന്വേഷണത്തിൽ ഏർപ്പെടുന്ന പോലീസുകാർക്കും അതിദേശീയത തലയ്ക്കു പിടിച്ചവർക്കും അരോചകമായി തോന്നിയേക്കാം. പക്ഷെ, ഈ വിധി തികച്ചും നമ്മുടെ ഭരണഘടന നൽകുന്ന പൗരാവകാശങ്ങളുടെ വെളിച്ചത്തിൽ അത്യന്തം ശരിയായ നിലപാട് തന്നെയാണ് എന്ന് കാണാൻ പ്രയാസമില്ല.