Friday, October 19, 2018

ഭരണത്തിൽ വേണ്ടത് തർക്കിച്ചു ജയിക്കലല്ല, നടപടികളാണ്.

രെഹ്ന ഫാത്തിമ എന്ന സ്ത്രീയുടെ  ഇടതുപക്ഷ ബന്ധം സൂചിപ്പിക്കുന്ന  ചിത്രം എന്തിന് പോസ്റ്റ് ചെയ്തു എന്ന ന്യായമായ സംശയം ചില സുഹൃത്തുക്കൾ ചോദിച്ചു. ചിലരെങ്കിലും കുറച്ചുകൂടെ മുന്നോട്ടുപോയി എന്നെ മറ്റൊരു സംഘി ആയി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ടാവാം. പക്ഷെ ചില കാര്യങ്ങൾ പറയാതിരിക്കുന്നത് ശരിയല്ല.

കേന്ദ്രത്തിലെ പ്രശ്നങ്ങൾ പറയുമ്പോൾ കമ്മി എന്ന് മുദ്ര കുത്താറുണ്ട് പലപ്പോഴും. കേരളത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ സംഘി എന്നും. തികച്ചും ഒരു സ്വകാര്യവ്യക്തി എന്ന നിലയിൽ ഞാൻ എന്ത് എന്നത് ആരെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഉണ്ടെന്നു തോന്നാത്തതിനാൽ ആ വിഷയം വിടുന്നു.

കേരളത്തിൽ ഇന്ന് ഭരിക്കുന്ന സർക്കാർ CPM ന്റേതാണ്. BJP യോ കൊൺഗ്രസ്സോ അല്ല ഇവിടെ ഭരിക്കുന്നത്. കേരളത്തിലെ ഭരണകാര്യങ്ങളിലും ക്രമസമാധാന വിഷയങ്ങളിലും BJP യോ കൊൺഗ്രസ്സോ തെറ്റുകാർ ആവുമ്പോൾ പോലും സർക്കാർ എന്ന നിലയിൽ CPM  ന്  ചില ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. അത് പരസ്പരം പഴി ചാരി മാത്രം നിറവേറ്റാവുന്ന ഒന്നല്ല.

ചില ഉദാഹരങ്ങൾ ചൂണ്ടിക്കാണിക്കട്ടെ. CPM  നേതാക്കൾ ചാനൽ ചർച്ചകളിൽ തുടർച്ചയായി സംഘപരിവാറിന്റെ ഗൂഢാചോലനയെക്കുറിച്ചു പറഞ്ഞുകേൾക്കുന്നതാണ് നാമെല്ലാം തന്നെ. രെഹ്ന ഫാത്തിമയുടെ ശബരിമല പ്രവേശന ശ്രമത്തിലും കേട്ടു ഈ ഗൂഢാചോലനാവാദം. BJP  നേതാവ് സുരേന്ദ്രനുമായി ഉള്ള ബന്ധത്തിന്റെ ചില തെളിവുകളൂം സിപിഎം പ്രവർത്തകർ തന്നെ വ്യാപകമായി പ്രചരിപ്പിക്കുന്നത് കണ്ടു. എന്നാൽ ഒരാൾ പോലും സുരേന്ദ്രന് എതിരെ ഒരു കേസ് ചുമത്തി അന്വേഷണം നടത്താത്തത് എന്ത് കൊണ്ടാണ് എന്ന് ആഭ്യന്തരമന്ത്രിയോടോ പാർട്ടിയോടോ  ചോദിക്കാത്തതെന്തേ?

സമൂഹത്തിൽ കലാപം നടത്താൻ ആരു തന്നെ ശ്രമിച്ചാലും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ബാദ്ധ്യത  സർക്കാരിന്റേതല്ലേ? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ സർക്കാരിന്റെയും ഭരണകക്ഷിയുടെയും ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നുന്നത് സ്വാഭാവികമല്ലേ? പ്രത്യേകിച്ചും ആരോപണ വിധേയയായ സ്ത്രീയുമായി അതേ കക്ഷിയിലെ നേതാക്കൾക്കും പ്രസിദ്ധീകരണങ്ങൾക്കും മറ്റുമുള്ള ബന്ധം കൂടി പൊതുമണ്ഡലത്തിലേക്കു വരുന്നത് കാണുമ്പോൾ? പകരം പാർട്ടി പത്രങ്ങളും സൈബർ സഖാക്കളും  പടച്ചുവിടുന്ന ഗൂഢാചോലനാ സിദ്ധാന്തങ്ങൾ എല്ലാവരും വെള്ളം കൂട്ടാതെ വിഴുങ്ങി കൊള്ളണം എന്ന് പറഞ്ഞാൽ ഒരു ജനാധിപത്യ സമൂഹത്തിൽ വിലപ്പോവുമോ?

മറ്റൊരു ഉദാഹരണമാണ് ദേവസ്വം മന്ത്രി പുറത്തുവിട്ട ഒരു ശബ്ദരേഖ. കലാപം നടത്താൻ ആഹ്വാനം ചെയ്യുന്നത് എന്ന് മന്ത്രി തന്നെ വിശേഷിപ്പിച്ച ആ ശബ്ദരേഖയുടെ ഉടമക്കെതിരെ അറസ്റ്റോ അന്വേഷണമോ  നടന്നോ?  എന്തേ മന്ത്രിയോടോ സർക്കാരിനോടോ  ആരും വിശദീകരണം ചോദിക്കാത്തത്? നമ്മുടെ സുരക്ഷയെ  ബാധിക്കുന്ന പ്രശ്നങ്ങൾ പോലും വെറും രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരം മാത്രമായി കണ്ടാൽ മതിയോ ഭരിക്കുന്ന സർക്കാർ? 

പ്രതിപക്ഷത്തിന് ആരോപണം ഉന്നയിക്കുക എന്നത്  ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. എന്നാൽ ഭരണപക്ഷം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ട് അതിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ആ കപടത തുറന്നു കാട്ടേണ്ടത് നമ്മുടെ സമൂഹത്തിന്റെ തന്നെ സുരക്ഷയ്ക്ക് ആവശ്യമാണ്.

ശബരിമല പോലെ വൈകാരികമായ ഒരു വിഷയത്തിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ ഏതു രാഷ്ട്രീയ പാർട്ടിയും ശ്രമിക്കും. അത് രാഷ്ട്രീയത്തിന്റെ സ്വഭാവമാണ്. എന്നാൽ ഭരിക്കുന്ന സർക്കാരിന് അതിൽ പരിമിതികൾ ഉണ്ട്. ഭരണമെന്ന ചുമതല നിറവേറ്റിക്കൊണ്ടു മാത്രമേ ഒരു സർക്കാരിന് രാഷ്ട്രീയ നേട്ടം ആഗ്രഹിക്കാൻ അർഹതയുള്ളൂ. 

Friday, October 12, 2018

ശബരിമലയും പാപ്പാത്തിച്ചോലയും - വികാരങ്ങളിലെ വിവേചനം?

ശബരിമലയിൽ എന്നല്ല എവിടെയും ലിംഗവ്യത്യാസത്തിന്റെയോ ആർത്തവത്തിന്റെയോ പേരിൽ സ്ത്രീകളെ തടയരുത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ, പാപ്പാത്തിച്ചോലയിൽ കയ്യേറ്റക്കാർ സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത ഉദ്യോഗസ്ഥരെ പൊതുവേദിയിൽ വെച്ച്, വിശ്വാസികളെ വേദനിപ്പിച്ചു എന്ന പേരിൽ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരു സർക്കാർ ശബരിമലയിലെ വിശ്വാസികളുടെ വികാരത്തെ (അതിന്റെ ശരിതെറ്റുകൾക്കപ്പുറം) തങ്ങളുടെ വിടുവായത്തത്തിലൂടെ കൂടുതൽ വ്രണപ്പെടുത്തുന്നത് കാണുമ്പോൾ അതിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം സ്വാഭാവികം മാത്രമാണ്!
കൂടാതെ, എത്രയോ കോടതിവിധികൾ വച്ചു താമസിപ്പിച്ചു ശീലമുള്ള ഒരു സർക്കാർ ഈ ഒരു വിധിയിൽ കാണിച്ച അമിത ശുഷ്കാന്തിയും എരിതീയിൽ എണ്ണ ഒഴിക്കുക എന്ന നടപടി ആയിരുന്നു.
ഇത്തരം ഇരട്ടത്താപ്പുകളാണ് പലപ്പോഴും ബിജെപിയെ പോലുള്ള ശക്തികൾക്ക് വേരോടാൻ അവസരം ഒരുക്കിക്കൊടുക്കുന്നത്.
വിവേകപൂർവ്വവും മിതത്വം പാലിക്കുന്നതുമായ വാക്കുകളാണ് ഭരണാധികാരികളിൽ നിന്നും സമൂഹനന്മയ്കും ശാന്തിക്കും ആയി ഉണ്ടാവേണ്ടത്.
വിശദീകരണയോഗങ്ങൾ നടത്തുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കുമെന്ന് കരുതട്ടെ!


P.S: ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം ഇടതുമുന്നണിക്ക് ഇത്രയും പ്രിയപ്പെട്ട വിഷയമായിരുന്നു എങ്കിൽ എന്തുകൊണ്ട് കോടതിവിധി വരെ കാത്തിരുന്നു എന്നും എന്തുകൊണ്ട് തങ്ങളുടെ നിയമനിർമ്മാണ അധികാരം ഉപയോഗിച്ച് നിയമത്തിൽ വേണ്ട ഭേദഗതി വരുത്തിയില്ല എന്നും ഞാൻ ചോദിക്കുന്നില്ല!