Friday, November 17, 2017

വാക്കുകളും വാളുകളും

അതായിരുന്നു കാലം....
കോളേജിന്റെ ഇടനാഴികളിലൂടെ ഞാൻ നടക്കുമ്പോൾ ഇരുവശത്തെയും നിഴലുകൾക്കിടയിൽ നിന്ന് എനിക്കുനേരെ നീണ്ടുവരുന്ന വാൾത്തലകൾ...
ആ നീട്ടിപ്പിടിച്ച വാളുകൾ സംഘപരിവാറിന്റേതാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. സംഘപരിവാർ എത്ര തുള്ളിയാലും ഫാസിസ്റ്റുകളോളം വരില്ല എന്ന് കാരാട്ട് സഖാവിനെപ്പോലെ എനിക്കും ബോധ്യമുള്ളതാണല്ലൊ!
കൂടാതെ, കമ്യൂണിസ്റ്റുകളും ഫാസിസ്റ്റുകളും (ഫാസിസ്റ്റുകളോളം വരാത്ത സംഘികളടക്കം) തമ്മിലുള്ള യുദ്ധത്തിൽ അവസാനവിജയം കമ്യൂണിസ്റ്റുകൾക്കാണെന്നുള്ളതു കൊണ്ട് തന്നെ ഒരു രിലാക്സേഷൻ ഉണ്ടായിരുന്നു. അങ്ങിനെ ആ നീട്ടിപ്പിടിച്ച വാളുകൾക്കിടയിലൂടെ നെഞ്ചുവിരിച്ച് നടന്ന നാളുകൾ.....
എന്നാൽ ഇന്നോ?
എല്ലാം പോയില്ലേ? തിളങ്ങുന്ന വാളുകൾക്കും കഠാരകൾക്കും പകരം എനിക്കുനേരെ ഉയരുന്നത് കറുത്ത മൈക്രോഫോണുകളും കാമറക്കണ്ണുകളും അല്ലേ! അതും അത്യന്തം അപകടകാരികളായ മാധ്യമസിന്തിക്കറ്റുകൾ നീട്ടുന്ന മൈക്കുകൾ!
അന്ന് ഒരൊറ്റ നോട്ടം മതിയായിരുന്നു വാളുകൾ തിരിച്ച് ഉറകളിലേക്കു കയറാൻ. ഇന്ന്, കടക്കു പുറത്ത്, മാറി നിൽക്ക്, എന്നെല്ലാമുള്ള ദയനീയമായ നിലവിളികൾ പോലും ആ കശ്മലൻമാരുടെ ചെവിയിൽ കടക്കുന്നില്ല.
എത്ര ശരിയാണ് പണ്ടാരോ പറഞ്ഞത്..... 

വാക്കുകൾക്ക് തന്നെയാണ് വാളുകളേക്കാൾ മൂർച്ച!

Wednesday, November 1, 2017

പാചക വാതകം: വില വർദ്ധനയും സബ്‌സിഡിയും

ചിലർ 94 രൂപയുടെ പാചകവാതക വില വർദ്ധനവിനെ ന്യായീകരിക്കുന്നത് കണ്ടു. അവരുടെ പ്രധാന ചോദ്യം "94 രൂപയിൽ, 89 രൂപ 40 പൈസ സബ്‌സിഡി ആയി തിരികെ സർക്കാർ തന്നെ തരുന്നുണ്ടല്ലോ, പിന്നെന്താ കുഴപ്പം" എന്നാണ്! ഒന്ന് രണ്ടു കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ:
1. രാജ്യസ്നേഹം വാക്കുകളിൽ അല്ല പ്രവൃത്തിയിലാണ് വേണ്ടത് എന്ന് കരുതി ഭാരത സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചു പാചക വാതകത്തിന്റെ സബ്‌സിഡി സറണ്ടർ ചെയ്തവരും ഈ നാട്ടിൽ ഉണ്ട്. അവർ മുഴുവൻ തുകയും നൽകിയേ തീരു (വേണമെങ്കിൽ നരേന്ദ്ര മോഡി ഒപ്പിട്ടയച്ച അഭിനന്ദന സർട്ടിഫിക്കറ്റ് കിട്ടിയതിൽ ഒന്ന് കാർക്കിച്ചു തുപ്പി അരിശം തീർക്കാം).
2. ഈ ന്യായീകരണം പറയുന്നവർ ആരും തന്നെ സബ്സിഡി സറണ്ടർ ചെയ്യാനുള്ള സർക്കാരിന്റെ അഭ്യർത്ഥന ചെവിക്കൊള്ളാത്തവർ ആണെന്ന് തോന്നുന്നു (രാജ്യസ്നേഹം വാക്കുകളിൽ മതി എന്നാവും). അതാവും മുഴുവൻ തുകയും നൽകുന്നവരെക്കുറിച്ചു യാതൊരു വേവലാതിയും ഇല്ലാത്തത്.
3. 89 രൂപ 40 പൈസ സബ്‌സിഡി ആയി സർക്കാർ തിരികെ നല്കുന്നുണ്ടെങ്കിൽ അതിനർത്ഥം സർക്കാർ നമ്മുടെ തന്നെ നികുതി പണം എടുത്തു കമ്പനികൾക്ക് കൊടുക്കുന്നു എന്നാണ്. ആദായ നികുതി വെട്ടിക്കുന്നുണ്ടാവാം, എന്നാലും ആവശ്യത്തിന് GST കൊടുക്കുന്നുണ്ടല്ലോ. അപ്പോൾ ആ പണം എങ്ങിനെ ആർക്കു, എന്തിനു നൽകുന്നു എന്ന് കൂടി നോക്കണം.
അവസാനമായി ഒന്നുകൂടി. ഗ്യാസിന് അന്താരാഷ്ട്രവിപണിയിൽ വില കൂടിയിട്ടുണ്ടെങ്കിൽ ഇവിടെയും വില കൂട്ടണം എന്ന് തന്നെ ആണ് എന്റെ വ്യക്‌തിപരമായ അഭിപ്രായം. പക്ഷെ, അതിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാതെ, ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികൾ ആക്കാതെ, വിപണി വിലകളുടെ താരതമ്യത്തിലൂടെ വേണം വർധനവിന്റെ അനിവാര്യതയെ ന്യായീകരിക്കാൻ.