Friday, November 17, 2017

വാക്കുകളും വാളുകളും

അതായിരുന്നു കാലം....
കോളേജിന്റെ ഇടനാഴികളിലൂടെ ഞാൻ നടക്കുമ്പോൾ ഇരുവശത്തെയും നിഴലുകൾക്കിടയിൽ നിന്ന് എനിക്കുനേരെ നീണ്ടുവരുന്ന വാൾത്തലകൾ...
ആ നീട്ടിപ്പിടിച്ച വാളുകൾ സംഘപരിവാറിന്റേതാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. സംഘപരിവാർ എത്ര തുള്ളിയാലും ഫാസിസ്റ്റുകളോളം വരില്ല എന്ന് കാരാട്ട് സഖാവിനെപ്പോലെ എനിക്കും ബോധ്യമുള്ളതാണല്ലൊ!
കൂടാതെ, കമ്യൂണിസ്റ്റുകളും ഫാസിസ്റ്റുകളും (ഫാസിസ്റ്റുകളോളം വരാത്ത സംഘികളടക്കം) തമ്മിലുള്ള യുദ്ധത്തിൽ അവസാനവിജയം കമ്യൂണിസ്റ്റുകൾക്കാണെന്നുള്ളതു കൊണ്ട് തന്നെ ഒരു രിലാക്സേഷൻ ഉണ്ടായിരുന്നു. അങ്ങിനെ ആ നീട്ടിപ്പിടിച്ച വാളുകൾക്കിടയിലൂടെ നെഞ്ചുവിരിച്ച് നടന്ന നാളുകൾ.....
എന്നാൽ ഇന്നോ?
എല്ലാം പോയില്ലേ? തിളങ്ങുന്ന വാളുകൾക്കും കഠാരകൾക്കും പകരം എനിക്കുനേരെ ഉയരുന്നത് കറുത്ത മൈക്രോഫോണുകളും കാമറക്കണ്ണുകളും അല്ലേ! അതും അത്യന്തം അപകടകാരികളായ മാധ്യമസിന്തിക്കറ്റുകൾ നീട്ടുന്ന മൈക്കുകൾ!
അന്ന് ഒരൊറ്റ നോട്ടം മതിയായിരുന്നു വാളുകൾ തിരിച്ച് ഉറകളിലേക്കു കയറാൻ. ഇന്ന്, കടക്കു പുറത്ത്, മാറി നിൽക്ക്, എന്നെല്ലാമുള്ള ദയനീയമായ നിലവിളികൾ പോലും ആ കശ്മലൻമാരുടെ ചെവിയിൽ കടക്കുന്നില്ല.
എത്ര ശരിയാണ് പണ്ടാരോ പറഞ്ഞത്..... 

വാക്കുകൾക്ക് തന്നെയാണ് വാളുകളേക്കാൾ മൂർച്ച!

No comments:

Post a Comment