Saturday, September 16, 2017

കണ്ണന്താനത്തിന് കടകംപള്ളി നല്‍കിയ വിരുന്നില്‍ ബിജെപി നേതാക്കളും......

വെറുമൊരു സഖാവായോരെന്നെ 
ഭക്തനെന്ന് വിളിച്ചില്ലേ,
നിങ്ങൾ ഭക്തനെന്ന് വിളിച്ചില്ലേ?

അപ്പോൾ ഗുരുവായൂരിൽ 
പുഷ്പാഞ്ജലി കഴിപ്പിച്ചതോ?

അത് ദേവസ്വം നന്നാക്കാനായിരുന്നില്ലേ?

വെറുമൊരു സഖാവായോരെന്നെ
സംഘിയെന്ന് വിളിച്ചില്ലേ,
നിങ്ങൾ സംഘിയെന്ന് വിളിച്ചില്ലേ?

അപ്പോൾ സംഘി നേതാക്കൾക്ക്
വിരുന്ന് കൊടുത്തതോ?

അത് ടൂറിസം നന്നാക്കാനായിരുന്നില്ലേ?

വെറുമൊരു.........


Thursday, September 14, 2017

എണ്ണ വില കുതിച്ചുയരുമ്പോൾ....

ഒരു 'നവലിബറൽ ബൂർഷ്വാ മൂരാച്ചി' പത്രമായ Times of India പോലും എഡിറ്റോറിയൽ എഴുതി (15/09/2017) സർക്കാരിനോട് ആവശ്യപ്പെടുന്നു- എണ്ണ ഉൽപന്നങ്ങൾക്ക് മേൽ ചുമത്തുന്ന നികുതി കുറയ്കാൻ!

സർക്കാർ ഓയിൽ സെക്ടറിനെ വെറുമൊരു കറവപ്പശു ആയിക്കാണുന്നത് നിർത്താനും അതിലൂടെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ചീത്തപ്പേര് ഉണ്ടാവുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനും അവർ ആഹ്വാനം ചെയ്യുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കിട്ടുന്ന അവസരം മുതലെടുത്ത് കൂടിയ വിലയ്ക് മേൽ ചുമത്തുന്ന അധികനികുതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണ്.

എണ്ണക്കമ്പനികളെ ഒരവശ്യവസ്തുവിൻമേൽ തോന്നിയപോലെ വില കൂട്ടാൻ അനുവദിക്കുന്ന കേന്ദ്രസർക്കാർ. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോൾ ഇവിടെ വില കൂട്ടുന്നവരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെ ആര്, ജനങ്ങൾ ആ ദൗത്യം ഏറ്റെടുക്കണമോ?

ഇവിടെ സംസ്ഥാനത്തെ സ്ഥിതിയോ? 

മുമ്പ് UPA സർക്കാരിന്റെ കാലത്ത് (അന്താരാഷ്ട്രവിപണിയിലെ കുതിച്ചുയരുന്ന വിലയ്ക് അനുസരിച്ചും കനത്ത സബ്സിഡി ഭാരം കുറയ്കാനായും) എപ്പോഴൊക്കെ എണ്ണ വില കൂട്ടിയോ അപ്പോഴൊക്കെ ഹർത്താലും മറ്റു സമരങ്ങളുമായി നടന്നവർ ഇന്ന് അധികാരത്തിലാണ്. എന്നിട്ടും ഒരു സങ്കോചവുമില്ലാതെ ദിവസേന അന്യായമായി കൂട്ടുന്ന എണ്ണവിലയുടെ മുകളിൽ വരുന്ന അധികനികുതിയും വാങ്ങി ഖജനാവിലിട്ട് ഏമ്പക്കവും വിട്ട് ഇട്ടിരിക്കുകയാണ് സംസ്ഥാനസർക്കാർ! ഹർത്താലും ഇല്ല പ്രതിഷേധവുമില്ല...

മുമ്പ് ഇന്നത്തെ ഭരണപക്ഷം സമരം നടത്തുകയായിരുന്നപ്പോൾ ഇവിടെ ഭരിച്ചിരുന്നത് ഒരു മൂരാച്ചി മുഖ്യമന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന ആ മൂരാച്ചി ചെയ്തത് തന്റെ ബജറ്റിനുമപ്പുറത്ത് അനർഹമായി കിട്ടുമായിരുന്ന അധികനികുതി വേണ്ടെന്ന് വച്ച് സംസ്ഥാന നികുതിയുടെ തോത് കുറയ്കുകയായിരുന്നു! അതിലൂടെ, ജനങ്ങളുടെ മുകളിൽ വന്ന അധികഭാരത്തിൽ കുറച്ചെങ്കിലും ആശ്വാസം പകരാനുള്ള ഒരു ശ്രമം!

ഇന്ന് എല്ലാവർക്കും സൗകര്യമാണ്. ഈ കോൺഗ്രസ്സ് മുക്ത ഭാരതത്തിൽ സ്വയംസേവകർക്ക് സംസ്ഥാനനികുതികളെയും സഖാക്കൾക്ക് കേന്ദ്രസർക്കാരിനെയും കുറ്റം പറഞ്ഞ് കൈ കഴുകാം.

കൂടിയ വിലയെ ചോദ്യം ചെയ്യുന്നവർ വെറും രാജ്യദ്രോഹികൾ.....

LikeShow more reactions
Comment

Wednesday, September 13, 2017

അടർത്തിമാറ്റപ്പെടുന്ന പ്രസംഗങ്ങൾ..

BJP യുടെ IT Cell മേധാവി അമിത് മാളവ്യ NDTV യിലെ പത്രപ്രവര്‍ത്തകൻ രവീഷ് കുമാറിനെതിരെയും, കേരളത്തിലെ മാധ്യമങ്ങൾ ശശികലക്കെതിരെയും അവരുടെ പ്രസംഗങ്ങളിലെത്തന്നെ ഭാഗങ്ങൾ അടർത്തിയെടുത്ത് നടത്തിയ പ്രചരണം വളരെ അധികം ശ്രദ്ധ നേടിയിരിക്കുകയാണല്ലോ.

പ്രസംഗങ്ങളിൽ നിന്നും ചെറിയ ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിക്കുന്നത് ഒരു പുതിയ പരിപാടിയല്ല. ഒരു പക്ഷെ ഏറ്റവും വിജയം നേടിയ അത്തരം ഒരു ശ്രമം രാജീവ് ഗാന്ധിയുടെ വൻമരം കടപുഴകുമ്പോൾ ഭൂമി കുലുങ്ങുന്നത് സ്വാഭാവികമാണ് എന്ന പ്രസംഗം ആയിരിക്കാം.

എന്തായിരുന്നു രാജീവ് ഗാന്ധിയുടെ അന്നത്തെ നിലപാട്? 1984 നവമ്പർ രണ്ടാം തിയ്യതി അദ്ദേഹം രാജ്യത്തിന് നൽകിയ സന്ദേശം ഇതായിരുന്നു:

"ചില ആളുകൾ വെറുപ്പിന്റെയും അക്രമത്തിന്റെയും രീതികളിൽ ഏർപ്പെട്ട് ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക് മേൽ ചളി വാരിയെറിയുകയാണ്. ഇത് നിർത്തിയേ പറ്റൂ. ഈ അക്രമങ്ങൾ ദേശവിരുദ്ധ ശക്തികളെ മാത്രമേ സഹായിക്കുള്ളൂ. മതമൌലിക ഭ്രാന്ത്, ഇന്ത്യ എന്തിനൊക്കെ വേണ്ടിയാണോ നിലനില്‍ക്കുന്നത് അതിനെയൊക്കെ നശിപ്പിക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ എനിക്ക് അത് അനുവദിക്കാൻ കഴിയില്ല, അനുവദിക്കുകയുമില്ല."

പിന്നെ വൻമരത്തിന്റെ വീഴ്ച. ആ പ്രസംഗം നടത്തിയത് നവമ്പർ 19 ന്, ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉണ്ടായ ഇടർച്ച, ഇന്ത്യക്കാർക്കിടയിലെ ഒരുമയിൽ സംഭവിച്ച തകർച്ച, ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ ദൂരീകരിച്ച് ഒരുമയുടെ വഴിയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാൻ സഹായിച്ച ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഇനിയും ഒരുമിച്ച് തന്നെ മുന്നോട്ടു പോകാനുള്ള ആഹ്വാനം ആയിരുന്നു ആ പ്രസംഗം. അല്ലാതെ, ഒരു വിധത്തിലും 1984ലെ അക്രമങ്ങളെ ന്യായീകരിക്കുകയല്ല ആ പ്രസംഗം. രാജീവ്ഗാന്ധിയുടെ ആ പ്രസംഗം ഇതാ:

"ഇന്ദിരാജിയുടെ കൊലയെത്തുടർന്ന് നമ്മുടെ രാജ്യത്ത് കുറേ കലാപങ്ങൾ ഉണ്ടായി. നമുക്കറിയാം ഭാരതത്തിലെ ജനങ്ങൾ എത്ര മാത്രം ദേഷ്യത്തിലായിരുന്നു എന്ന്. കുറച്ചു ദിവസങ്ങളോളം ഇന്ത്യയുടെ അടിത്തറ ഇളകിയ പോലെ ആളുകള്‍ക്ക് തോന്നി. പക്ഷേ, ഒരു വൻമരം കടപുഴകി വീഴുമ്പോൾ ചുറ്റുമുള്ള ഭൂമി ഒന്നു കുലുങ്ങുന്നത് സ്വാഭാവികമാണ്. എന്നാൽ എങ്ങിനെയാണോ നിങ്ങൾ ആ കലാപങ്ങൾ അവസാനിപ്പിച്ചത്, എങ്ങിനെയാണോ നിങ്ങളുടെ സഹായത്തോടെ ഇന്ത്യയെ വീണ്ടും ഒരുമയുടെ പാതയിലേക്ക് തിരിച്ചു കൊണ്ട് വന്നത്, രാജ്യത്തിന് വീണ്ടും ഒരുമയോടെ നിൽക്കാൻ കഴിയുന്നത്, ഇന്ന് ലോകത്തിന് മുഴുവനും കാണാം ഇന്ത്യ ഒരു യഥാര്‍ത്ഥ ജനാധിപത്യമാണ് എന്ന്. ഇനിയും നമുക്ക് ഒരുമിച്ച് മുന്നേറണം. ഭാരതത്തെ ലോകത്തെ ഏത് ശക്തിയോടും കിടപിടിക്കുന്ന ശക്തിയാക്കി മാറ്റണം. നമുക്കൊരുമിച്ച് പണ്ഡിറ്റ്ജിയുടെ, ഇന്ദിരാജിയുടെ, ഇന്ത്യയിലെ പാവങ്ങളുടെ ജോലി ഏറ്റെടുത്തു പൂർത്തീകരിക്കാം."

ഈ വാക്കുകൾ എങ്ങിനെയാണ് അക്രമത്തെയോ വിഭാഗീയതെയോ ന്യായീകരിക്കുന്നതാണ് എന്നു പറയാൻ കഴിയുക? മറിച്ച്, ഒരുമയോടെ രാഷ്ട്ര നിർമ്മിതിക്കായുള്ള പ്രവൃത്തികളിൽ ഏർപ്പെടാൻ ഉള്ള ഉദ്ബോധനമല്ലേ?

1984 ലെ ലഹളകളിൽ കോണ്‍ഗ്രസ് സർക്കാറുകളുടെ നടപടികളെ ന്യായീകരിക്കുകയോ രാജീവ്ഗാന്ധിയെ വെള്ളപൂശുകയോ അല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം. മറിച്ച് പ്രസംഗങ്ങളിൽ നിന്നും അടർത്തിയെടുത്ത ഭാഗങ്ങൾ കേൾപ്പിച്ച് നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ണടച്ച് വിശ്വസിക്കാതെ ജാഗരൂകരായിരിക്കണമെന്ന ഒരു എളിയ ഓർമ്മപ്പെടുത്തൽ മാത്രം.

P. S. ഹിന്ദിയിലുള്ള രാജീവിന്റെ പ്രസംഗം ഇന്റർനെറ്റിൽ ലഭ്യമാണ്.

Wednesday, September 6, 2017

പിണറായി- കണ്ണന്താനം മാതൃക

കേരളത്തിലെ, വിശിഷ്യാ കണ്ണൂരിലെ സഖാക്കളോടും സംഘാക്കളോടും ഒരു അഭ്യര്‍ത്ഥന..
നിങ്ങൾ പരസ്പരം വെട്ടിക്കീറാൻ ഇറങ്ങുന്നതിനു മുമ്പ് ഒരു നിമിഷം അങ്ങ് ഡൽഹിയിലെ കേരള ഹൗസിൽ വച്ച് താൻ നൽകിയ സൽകാരം കൈക്കൊള്ളാൻ വന്ന അൽഫോൺസ് കണ്ണന്താനം എന്ന മോഡിയുടെ മന്ത്രിയായ സംഘിയെ സ്വീകരിക്കുമ്പോൾ പിണറായി വിജയന്റെ മുഖത്ത് തിളങ്ങിയ ആ സ്നേഹത്തെയും ഊഷ്മളതെയും ഒന്ന് നന്നായി ശ്രദ്ധിക്കൂ. മാധ്യമക്കാർ ഇല്ലെന്ന് പറഞ്ഞു സ്ഥാപിക്കാൻ ശ്രമിച്ച പിണറായിയുടെ നിറഞ്ഞ പുഞ്ചിരി നിങ്ങളും കണ്ടില്ലേ?

പിണറായി തന്നെ രാഷ്ട്രീയത്തിൽ കൈ പിടിച്ചു കൊണ്ട് വന്നത് എന്ന് സ്വയം അവകാശപ്പെടുന്ന അൽഫോൺസ്, പാർട്ടിയെ തള്ളിപ്പറഞ്ഞു മോഡിക്കൊപ്പം പോയപ്പോഴും കുലംകുത്തിയെന്ന് ചാപ്പ കുത്തി ആക്രമിക്കാനല്ല മറിച്ച് സൌഹൃദം ഊട്ടി ഉറപ്പിക്കാനാണ് രണ്ട് പേരും ശ്രമിക്കുന്നത് എന്നത് താഴെക്കിടയിലെ പ്രവർത്തകർ കാണാതിരുന്നുകൂടാ.
പിണറായിയെയും കണ്ണന്താനത്തെയും മാതൃകയാക്കി, തങ്ങളുടെയും കുടുംബത്തിന്റെയും സർവ്വോപരി കേരളത്തിന്റെയും നന്മയ്ക്കായി, പരസ്പര വൈരം വെടിഞ്ഞ്, അർത്ഥമില്ലാത്ത കൊലപാതക മത്സരം വെടിഞ്ഞ്, ഈ നാട്ടിൽ ശാന്തിയും സമാധാനവും പുലർത്താൻ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു......