Friday, June 14, 2019

ഓൺലൈൻ ചാരിറ്റി: ബാക്കിയാവുന്ന ചില ചോദ്യങ്ങൾ

ആരുടെയും ചാരിറ്റി പ്രവർത്തനങ്ങളെ ഇകഴ്ത്താനോ അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനോ അല്ല ഈ പോസ്റ്റ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോട് ബഹുമാനം മാത്രമേ ഉള്ളൂ. എങ്കിലും ചില സംശയങ്ങൾ ബാക്കിയാവുന്നു.
ഞാൻ മനസ്സിലാക്കിയിടത്തോളം ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട് വളരെ വ്യക്തമായ നിയമങ്ങൾ നമുക്കുണ്ട്. അത്തരം ഒന്നിലധികം ട്രസ്റ്റുകളുമായി ജോലിസംബന്ധമായി സഹകരിക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. പലപ്പോഴും തോന്നിയിട്ടുണ്ട് ആ നിയമങ്ങൾ അല്പം കാഠിന്യമേറിയതാണ് എന്ന്. എങ്കിലും നാട്ടിലെ നിയമം, അത് മാറ്റാത്തിടത്തോളം നിയമം തന്നെയല്ലേ?
കൂടാതെ, നമ്മുടെ ആധായ നികുതി നിയമവും ചാരിറ്റിയുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് വ്യക്തമായ ചട്ടങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
ഇതൊന്നും പാലിക്കാതെ ഏത് ബാങ്ക് അക്കൗണ്ടിൽ പണം വന്നാലും അത് അക്കൗണ്ട് ഉടമയുടെ ആ വർഷത്തെ വരുമാനത്തിൽ ഉൾപ്പെടുത്തണം എന്നതാണ് നിലവിലുള്ള നിയമം. എന്തിന്, നാം സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങുന്ന തുക പോലും തിരിച്ച് കൊടുത്തതായി കാണിക്കാൻ പറ്റിയില്ലെങ്കിൽ വരുമാനമായി കണക്കാക്കി അതിന്മേൽ ആധായനികുതി അടക്കണം (ചില വർഷങ്ങളിൽ അത്തരം പണമിടപാടുകളെ നികുതിയിൽ നിന്നും ഒഴിവാക്കി എടുക്കാൻ പെട്ട പാട് ഇപ്പോൾ ഓർക്കുന്നു!).
അങ്ങനെയിരിക്കെ, ചികിത്സക്കും മറ്റുമായി ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലും മറ്റും ഒറ്റ ദിവസം കൊണ്ട് ഒരു കോടിയിൽ പരം രൂപ ഒരു വ്യക്തിയുടെ സാധാരണ അക്കൗണ്ടിൽ വരുന്നു എന്നൊക്കെ കേൾക്കുമ്പോൾ (ആ വ്യക്തിയുടെ വിശ്വാസ്യതയോട് ആദരവ് തോന്നുമ്പോൾ തന്നെ) അദ്ഭുതം തോന്നുകയാണ്. ഒപ്പം വർഷാവർഷം കൃത്യമായി ആദായനികുതി അടക്കുന്നത് വെറും പൊട്ടത്തരമാണോ എന്ന ചിന്തയും!
വ്യക്തികളുടെ വരുമാന നികുതി കണക്കാക്കുമ്പോൾ കിട്ടിയ പണം നമ്മൾ എന്താവശ്യത്തിന് ഉപയോഗിക്കുന്നു എന്നത് പ്രസക്തമല്ല. നമുക്കത് മുഴുവൻ സൂക്ഷിച്ചു വെക്കാം. അല്ലെങ്കിൽ ധൂർത്തടിച്ച് കളയാം. അതുമല്ലെങ്കിൽ മറ്റുള്ളവരുടെ ചികിത്സക്കോ പൊതു നന്മക്കോ ഉപയോഗിക്കാം. ഉപയോഗം എന്തായാലും നികുതിയിൽ വ്യത്യാസമില്ല.
ഇങ്ങനെയെല്ലാം ആയിരിക്കേ വലിയ തോതിൽ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പല വ്യക്തികളും സംഘടനകളും നിയമം അനുശാസിക്കുന്ന വഴികൾ ഉപയോഗിക്കാതെ സ്വന്തം സേവിങ്സ് അക്കൗണ്ടോ സാധാരണ കറണ്ട് അക്കൗണ്ടോ ഉപയോഗിച്ച് വളരെ വലിയ നികുതി ബാധ്യതകൾ വരുത്തി വെക്കുന്നതിന്റെ കാരണം എന്തായിരിക്കും? അറിവില്ലായ്മ മാത്രമോ, അതോ മറ്റു വല്ലതും? എത്ര വലിയ റിസ്ക് ആണ് അവർ സ്വന്തം തലയിൽ വലിച്ചു വെക്കുന്നത്?
ഇത്രയും കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുമ്പോഴും ഒന്നുമറിയാതെ ഇരിക്കുന്ന നമ്മുടെ ആദായനികുതി വകുപ്പ് എന്തിനാണ് നമുക്ക്?
നിയമമനുസരിച്ച് പ്രവർത്തിക്കുന്ന ട്രസ്റ്റുകളിലൂടെ സംഭാവനകൾ നൽകിയാൽ നൽകുന്ന ആൾക്കും തന്റെ നികുതി ഭാരം കുറക്കാമെന്നിരിക്കേ പണം കൊടുക്കുന്ന ആരും അത്തരം ഒരു ആവശ്യം ഉന്നയിക്കാത്തതിന് എന്തായിരിക്കും കാരണം? സംഭാവന കൊടുക്കുന്നവർ ആരും തന്നെ നികുതിദായകർ അല്ല (പ്രവാസികൾ ഒഴിച്ച്) എന്നാണോ?

P.S. സർക്കാരിന്റെ ചാരിറ്റികളിൽ വിശ്വാസ്യത ഇല്ലാത്തിടത്തോളം വ്യക്തികളുടെ ഇടപെടലുകൾ അനിവാര്യമാണ്. എങ്കിലും നിയമം...അതെല്ലാവർക്കും ബാധകമാവേണ്ടേ?