Thursday, August 30, 2018

പ്രളയ ദുരിതാശ്വാസവും കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റിയും


കേന്ദ്രത്തിലെ നരേന്ദ്രമോഡി സർക്കാർ കേരളത്തിലെ ദുരിതാശ്വാസത്തിനു വേണ്ടി ഇന്ത്യയിലെ മുഴുവൻ കോർപ്പറേറ്റ് ഭീമന്മാരോടും അവരുടെ ലാഭത്തിന്റെ രണ്ടു ശതമാനം അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി (CSR)  ന്റെ ഭാഗമായി നല്കാൻ ഉത്തരവിട്ടിരിക്കുന്നു  എന്ന തരത്തിലുള്ള പ്രചാരണം കണ്ടു. ഇതിലെ സത്യം എന്താണ് എന്ന് നോക്കാം.

സച്ചിൻ പൈലറ്റ് കമ്പനികാര്യ മന്ത്രി ആയിരിക്കെ കൊണ്ട് വന്ന കമ്പനി നിയമപ്രകാരം നടപ്പു വർഷത്തിൽ 500 കോടി ആസ്തിയോ 1000 കോടി വരുമാനമോ, 5 കോടി ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ടു ശതമാനം CSR ന്റെ ഭാഗമായി നിയമത്തിൽ നിർദ്ദേശിച്ച കാര്യങ്ങൾക്കായി നിർബന്ധമായും ചെലവാക്കണം. കമ്പനി നിയമം ഷെഡ്യൂൾ 7 (സെക്ഷൻ 135) പ്രകാരം CSR ന്റെ ഭാഗമായി പണം ചിലവാക്കാവുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

(i) വിശപ്പും ദാരിദ്ര്യവും നിർമാർജനം ചെയ്യാൻ
(ii) വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാൻ
(iii) സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാനും
(iv) ബാല മരണ നിരക്ക് കുറക്കാനും മാതൃക്ഷേമം വർദ്ധിപ്പിക്കാനും
(v) എയിഡ്‌സ്, മലേറിയ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ
(vi) പരിസ്ഥിതി സംരക്ഷണം
(vii) തൊഴിലധിഷ്ഠിത വൈദഗ്ദ്ധ്യം വികസിപ്പിക്കാൻ
(viii) സമൂഹ നന്മക്കായുള്ള ബിസിനസ് പ്രൊജെക്ടുകൾക്കായി
(ix) പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ സാമൂഹ്യ വികസത്തിനായോ ദുരിതാശ്വാസത്തിനായോ രൂപീകരിച്ച മറ്റേതെങ്കിലും ഫണ്ട്, SC, ST, മറ്റു പിന്നോക്ക ജാതികൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ടുകൾ എന്നിവയിലേക്കു സംഭാവനയായി.
(x) കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന മറ്റു കാര്യങ്ങൾക്കായി.

മേല്പറഞ്ഞ ലിസ്റ്റിൽ (ix) നോക്കുക. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഏതു ദുരിതാശ്വാസ നിധിയിലേക്കും നൽകുന്ന സംഭാവന CSR ന്റെ പരിധിയിൽ ഉൾപ്പെട്ടത് തന്നെയാണ് എന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നിലവിൽ തന്നെ CSR ന്റെ ഭാഗമാണെന്നു സാരം. പിന്നെ എന്താണ് മോഡി സർക്കാർ ഇപ്പോൾ ചെയ്തത്?

ഷെഡ്യൂൾ 7 ലെ ലിസ്റ്റിൽ നോക്കിയാൽ കമ്പനികൾക്ക്‌ നേരിട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പണം ചിലവാക്കാൻ വകുപ്പില്ല എന്ന് കാണാം. അതുപോലെ പണമല്ലാതെ വസ്തുക്കളോ സേവനമോ ആയി നൽകുന്ന ആശ്വാസവും ഒറ്റനോട്ടത്തിൽ CSR ന്റെ പരിധിയിൽ ഉൾപ്പെടില്ല എന്ന് തോന്നാം. അതിനാൽ പല കമ്പനികളും ആവശ്യപ്പെട്ടതനുസരിച്ചു  കേന്ദ്ര സർക്കാർ നിയമത്തിൽ വ്യക്തത വരുത്താനായി ഒരു പ്രസ്താവന ഇറക്കി.

പ്രസ്താവന പ്രകാരം ദുരിതത്തിൽ അകപ്പെട്ടവർക്കു ഭക്ഷണം കൊടുത്താൽ അത് വിശപ്പും ദാരിദ്ര്യവും നിർമാർജനം ചെയ്യുക എന്ന വകുപ്പിൽ ഉൾപ്പെടും. അതുപോലെ ചെയ്യുന്ന മറ്റു സഹായങ്ങളും ഏതൊക്കെ വകുപ്പിൽ CSR ചിലവായി കണക്കാക്കാം എന്ന് വിശദീകരിച്ചു.
വളരെ നല്ല കാര്യമാണ് ഈ വിശദീകരണത്തിലൂടെ സർക്കാർ ചെയ്തത്. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ (അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ) ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുക എന്നതിനപ്പുറം എന്തെങ്കിലും ഭൗതികസഹായം നേരിട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ആ സഹായം അവരുടെ CSR ചിലവിന്റെ ഭാഗമായി ഉൾപ്പെടുത്താം എന്ന വ്യക്തത ഗുണകരം ആണെന്ന കാര്യത്തിൽ സംശയം ഏതുമില്ല. ഈ വ്യക്തത കേരളത്തിന് മാത്രമായുള്ളതല്ല. ഏതു ദുരിതാശ്വാസ പ്രവർത്തനത്തിനും ഇത് ബാധകമാണ്.

എന്നാൽ ഈ നല്ല കാര്യത്തെ പൊടിപ്പും തൊങ്ങലും ചാർത്തി എന്തോ  വലിയ കാര്യം ചെയ്തു എന്ന തരത്തിൽ പ്രചരിപ്പിച്ചു ചെയ്തതിലെ നന്മ പോലും ഇല്ലാതാക്കുകയാണ് ചിലർ. നിലവിലുള്ള നിയമത്തിൽ ഒരു മാറ്റവും വരുത്താതെ വ്യക്തത മാത്രം വരുത്തിയതിന്, പ്രധാനമന്ത്രി രാജ്യത്തെ കമ്പനികളോടെല്ലാം കേരളത്തിന്റെ ദുരിതാശ്വാസത്തിനു വേണ്ടി പണമയക്കാൻ ഉത്തരവിട്ടു എന്ന തരത്തിൽ പ്രചാരണം നടത്തുന്നവർ ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുക തന്നെയാണ്.


P.S: ഈ പോസ്റ്റ് ചെയ്യേണ്ടി വന്നതിൽ ഖേദിക്കുന്നു. ചെയ്ത ഉപകാരത്തോടുള്ള നന്ദികേടല്ല, മറിച്ചു സത്യം മനസ്സിലാക്കാനുള്ള ഉദ്യമം മാത്രം!