Saturday, March 31, 2018

അവതാരങ്ങളും പാപവും...

ഇടക്കിടെ അവതാരങ്ങൾ പിറവിയെടുക്കും, മനുഷ്യകുലത്തെ പാപത്തിൽ നിന്ന് മോചിപ്പിക്കാൻ!
കുറച്ചുനാൾ കഴിയുമ്പോൾ അവർ ഉടലോടെയോ അല്ലാതെയോ സ്വർഗ്ഗത്തിലേക്ക് മടങ്ങും. തങ്ങളുടെ ലക്ഷ്യം നിറവേറ്റി എന്ന അവകാശവാദവുമായി!
എന്നിട്ടോ?
മൂന്നാം നാളോ ഏഴാം നാളോ, പാപം വീണ്ടും ഉയർത്തെഴുന്നേൽക്കും.... മനുഷ്യമനസ്സുകളുടെ മേൽ വീണ്ടും അധീശത്വം സ്ഥാപിക്കും.
പാപഭാരവും അതിന്റെ കഷ്ടതകളും പേറി മനുഷ്യജന്മങ്ങൾ വീണ്ടും മറ്റൊരു അവതാരത്തിനായി കാതോർത്തിരിക്കും (ചില അവതാരങ്ങൾ ആ പ്രതീക്ഷ പോലും തല്ലിക്കെടുത്തി, താനാണ് അവസാനവാക്ക് എന്നും പറഞ്ഞാണ് വിട വാങ്ങുന്നത്).
ലോകത്തെ പാപത്തിൽ നിന്നും മോചിപ്പിക്കാനുള്ള ശേഷി ഇല്ലാഞ്ഞിട്ടാണോ അതോ മനുഷ്യരെ എന്നെന്നും തന്റെ അടിമയാക്കി വയ്ക്കാനുള്ള സൂത്രമായിട്ടായോ, എന്തിനാണ് ദൈവവും അവതാരങ്ങളും കൂടെ ഇങ്ങനെ മനുഷ്യരെ പറഞ്ഞു പറ്റിക്കുന്നത്?

Thursday, March 8, 2018

വാ വിട്ട വാക്കും... കൈവിട്ട വോട്ടും...


ചെങ്ങന്നൂരിലെ പ്രബുദ്ധരും ഫാസിസ്റ്റ് വിരുദ്ധരുമായ വോട്ടർമാർ അറിയാൻ,

ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ കുത്തക അവകാശപ്പെട്ട് വോട്ട് തേടുന്നവരോട് നിങ്ങൾ ചോദിക്കണം.....

1. അവരുടെ മുൻ ദേശീയ സെക്രട്ടറി പറയുന്നത് പോലെ RSS/BJP നടത്തുന്നത് ഒരു ഫാസിസ്റ്റ് ഭരണമല്ല എന്ന് വിശ്വസിക്കുന്നുണ്ടോ?

2. അവരുടെ സംസ്ഥാന സെക്രട്ടറിയുടെ യോഗത്തിലേക്ക് ബോംബെറിഞ്ഞവരെ അറസ്റ്റ് ചെയ്തോ?

3. അവരുടെ കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിൽ ബോംബെറിഞ്ഞ് സെക്രട്ടറിയെ വധിക്കാൻ (മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞതാണ്) ശ്രമിച്ചവരെ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞോ?

4. അവരുടെ തന്നെ തിരുവനന്തപുരം മേയറെ വധിക്കാൻ ശ്രമിച്ച കേസിൽ എന്തെങ്കിലും നടപടി എടുത്തോ?

5. തങ്ങളുടെ പ്രവർത്തകരെ  RSS/BJP ക്കാർ കൊലപ്പെടുത്തിയ കേസുകളിൽ ഒന്നിലെങ്കിലും ഗൂഢാലോചന തെളിയിക്കാനോ ഏതെങ്കിലും നേതാവിനെതിരെ കേസെടുക്കാനോ സാധിച്ചോ?

6. തുടർച്ചയായി മതവിദ്വേഷം പരത്തുന്ന പ്രസംഗങ്ങൾ നടത്തുന്ന ശശികല ടീച്ചറെപ്പോലുള്ളവരെ അറസ്റ്റ് ചെയ്യാൻ പോലും കഴിഞ്ഞോ?

അധികാരവും പോലീസും കൈയ്യിലുണ്ടായിട്ടും ചെയ്യാവുന്നത് ഒന്നും ചെയ്യാതെ,
BJP ഭരണം ഫാസിസ്റ്റ് ഭരണമാണെന്ന് അംഗീകരിക്കാൻ പോലും തയ്യാറാവാതെ,
തങ്ങൾക്ക് മുൻതൂക്കമുള്ളിടത്തെല്ലാം പാർട്ടിഗ്രാമങ്ങളും, കൊലപാതകവും അക്രമണങ്ങളുമടക്കം ഉള്ള ഫാസിസ്റ്റ് രീതികൾ  നടപ്പിലാക്കി,
വോട്ടിനു വേണ്ടി മാത്രം ഫാസിസ്റ്റ് വിരുദ്ധരാവുന്നവരെ തിരിച്ചറിയുക.

തങ്ങളുടെ സമ്മതിദാനാവകാശം വളരെ വിവേകപൂർവ്വം പ്രയോഗിക്കുക.

വാ വിട്ട വാക്കും കൈവിട്ട വോട്ടും തിരുത്താൻ വളരെ പ്രയാസമാണ്!