Tuesday, December 17, 2019

പൗരത്വ ഭേദഗതി നിയമം എന്ത് കൊണ്ട് എതിർക്കപ്പെടണം?

പൗരത്വ രജിസ്റ്ററിൽ  (NRC) എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ നോക്കിയാൽ പോരെ?
തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമത്തെ (CAA) എങ്ങിനെയാണ് എതിർക്കുക?
നിയമത്തിൽ തെറ്റുണ്ടെങ്കിൽ കോടതിയിൽ അല്ലെ പോകേണ്ടത്? കോടതി പറയുന്നത് അന്തിമമല്ലേ?

CAA-NRC ക്കെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച് ഉയർന്നു വരുന്ന ചില ചോദ്യങ്ങൾ ആണ് മുകളിൽ കൊടുത്തത്‌. അവയ്ക്കുള്ള മറുപടിയാണ് ഈ പോസ്റ്റിൽ. ഈ മറുപടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനകളുടെയോ നിലപാടുകൾ അല്ല, മറിച്ച് എന്റെ വ്യക്തിപരമായ ബോധ്യങ്ങൾ മാത്രമാണ്.

ആദ്യമേ പറയട്ടെ, ജനാധിപത്യ സമൂഹങ്ങളെ വ്യത്യസ്തമാക്കുന്നത് നിയമനിർമ്മാണങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്താൻ ജനങ്ങൾക്കുള്ള അവസരവും കടമയുമാണ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അഞ്ചു വർഷം ഭരണത്തിൽ ഇരിക്കുന്നവർക്ക് എന്തും ചെയ്യാനുള്ള അവകാശം വിട്ടുകൊടുക്കലല്ല ജനാധിപത്യം.

CAA ക്ക് ശേഷം NRC എന്ന് വ്യക്തമാക്കിയത് മറ്റാരുമല്ല, ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്. അപ്പോൾ NRC വരുന്നു എന്നത് വെറും ഊഹാപോഹമല്ല.

നമ്മുടെ മുമ്പിൽ NRC യുടെ രണ്ടു ദൃഷ്‌ഠാന്തങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഒന്ന് മ്യാന്മറിൽ നടന്നത്- അതിന്റെ ബാക്കി പത്രമാണ് ഇന്ന് ഗതി കിട്ടാതെ അലയുന്ന രോഹിൻഗ്യകൾ. രണ്ട്, ആസ്സാമിൽ നടന്ന NRC. ഉദ്ദേശം 1600 കോടി രൂപ ചെലവിട്ട്  എത്രയോ ജീവിതങ്ങൾ തുലച്ചു കൊണ്ട് തയ്യാറാക്കിയ ആസ്സാമിലെ NRC യിൽ നിന്നും പുറത്തായ 19 ലക്ഷത്തിൽ പരം ആളുകൾ അനുഭവിക്കുന്ന നിസ്സഹായതയും പ്രയാസങ്ങളും നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും നാം സർക്കാരിനെ വിശ്വസിച്ചു വരുന്നത് വരുമ്പോൾ കാണാം എന്ന് പറഞ്ഞിരിക്കണോ?

ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കാൻ പോവുന്ന NRC എന്തിനാണ് നടപ്പിലാക്കുന്നത് എന്നറിയാനുള്ള അവകാശം ഇന്ത്യക്കാർക്കില്ലേ? എന്താണ് NRC ക്കു ശേഷം നടക്കാൻ പോവുന്നത്? NRC യിൽ പേര് വരാത്ത ഹതഭാഗ്യർക്ക് എന്താണ് സംഭവിക്കുക? അവർ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, അല്ലെങ്കിൽ പാകിസ്ഥാനിൽ നിന്നും വന്ന ഹിന്ദു, ബുദ്ധ, ജൈന, ക്രൈസ്തവ, പാഴ്സി, സിഖ് മതങ്ങളിൽ പെട്ടവരാണ് എങ്കിൽ CAA പ്രകാരം പൗരത്വം ലഭിക്കും. എന്നാൽ അങ്ങിനെ വന്നവരാണ് എന്ന് തെളിയിക്കാനുള്ള രേഖകൾ ഇല്ലാത്ത ഇന്ത്യക്കാരോ മതിയായ രേഖകൾ ഇല്ലാത്ത ഇന്ത്യൻ മുസ്ലിങ്ങളോ ആയവർ എന്ത് ചെയ്യും? അവരെ ഒരു രാജ്യവും സ്വീകരിക്കുകയില്ല എന്നത് വ്യക്തമല്ലേ? അപ്പോൾ അവരെ ജയിലിലോ ക്യാമ്പുകളോ അടച്ചിടുമോ? എങ്കിൽ അവരുടെ ചെലവ് ആര് വഹിക്കും? ജീവപര്യന്തം തടവിൽ കിടക്കുന്നവർ കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്കു പറയുന്ന നമ്മൾ നാളെ ഈ ക്യാമ്പുകളിൽ കിടക്കുന്നവരെ വെടിവെച്ചു കൊന്നു ചിലവ്‌ ചുരുക്കാൻ പറയില്ല എന്നാരു കണ്ടു?

ഇന്ന് നമ്മോടൊപ്പം കഴിയുന്ന പാവപ്പെട്ട (ഹിന്ദുക്കളും മുസ്ലിങ്ങളും അടങ്ങുന്ന) സഹോദരീ-സഹോദരന്മാരെ നാളെ ആരുമല്ലാത്തവരാക്കി മാറ്റുന്ന ഒരു നടപടിക്കു നേരെ നാം കണ്ണടയ്ക്കണോ?

ഇനി തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമത്തെ എതിർക്കരുതെന്ന വാദം നോക്കാം. സ്വതന്ത്ര ഇന്ത്യയിൽ തെരെഞ്ഞെടുക്കപ്പെട്ടതല്ലാത്ത ഒരു സർക്കാരും നിലവിൽ ഉണ്ടായിരുന്നില്ല. 2104 നു മുമ്പും എല്ലാ സർക്കാരുകളും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടത് തന്നെയായിരുന്നു. എല്ലാ നിയമങ്ങളും പാസ്സായതും അത്തരം സർക്കാരുകളുടെ പിന്തുണയോടെ മാത്രമായിരുന്നു. അങ്ങനെ പാസ്സാക്കിയ പല നിയമങ്ങളും കോടതികളിൽ പലപ്പോഴും ചോദ്യ ചെയ്യപ്പെട്ടിട്ടുണ്ട്. കോടതികൾ ആ നിയമങ്ങൾ നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് കണ്ടു അസാധുവാക്കുകയും ചെയ്തിട്ടുണ്ട്. പറഞ്ഞു വന്നത്, തെരെഞ്ഞെടുത്ത സർക്കാർ പാസ്സാക്കിയ നിയമങ്ങളെയെല്ലാം എതിർക്കാതെ സ്വീകരിക്കാൻ നാം ബാധ്യസ്ഥരല്ല എന്ന് തന്നെയാണ്.

മറ്റൊന്ന് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കുറിച്ചുള്ളതാണ്. ഇതേ സർക്കാരാണ് മുത്തലാഖ് ഒരു ക്രിമിനൽ കുറ്റമാക്കിയത്. അത് നല്ല കാര്യമല്ലേ എന്നും മുസ്ലിം സ്‍ത്രീകൾക്കു ഗുണകരമല്ല എന്നും ചിന്തിക്കുന്നവർ ഉണ്ടാവാം. അവരോട് ഒന്നേ ചോദിക്കാനുള്ളൂ. ഗുണകരമാണ് എങ്കിൽ എന്തെ ഹിന്ദു സ്ത്രീകൾക്ക് ആ ഗുണം സർക്കാർ കൊടുക്കുന്നില്ല? മുത്തലാഖ് കോടതി തന്നെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായിരുന്നു. അതിനർത്ഥം മുത്തലാഖ് ചൊല്ലി ഭാര്യയെ ഒരാൾക്ക് ഇപ്പോൾ വിവാഹമോചനം ചെയ്യാനാവില്ല. അങ്ങിനെ ചൊല്ലി ഭാര്യയെ പുറത്താക്കുന്ന ഒരു വ്യക്തി വാസ്തവത്തിൽ ചെയ്യുന്നത് ഭാര്യയെ ഉപേക്ഷിക്കലാണ്. അത്തരം ഉപേക്ഷിക്കൽ ഇസ്ലാം മതത്തിൽ മാത്രമാണെന്ന് ആരും പറയില്ലല്ലോ. ഒരു ഹിന്ദു രണ്ടു വർഷം തുടർച്ചയായി ഉപേക്ഷിച്ചാൽ മാത്രമേ വിവാഹമോചനത്തിനു പോലും മതിയായ കരണമാവുന്നുള്ളൂ എന്നിരിക്കെ, യാതൊരു നിയമ സാധുതയുമില്ലാത്ത മുത്തലാഖ് ചൊല്ലുമ്പോൾ തന്നെ ഒരു മുസ്ലിമിനെ ക്രിമിനൽ കുറ്റത്തിന് ജയിലിൽ അടക്കുകയാണ് ചെയ്യുന്നത്. വ്യക്തമായി മതത്തിന്റെ മാത്രം പേരിൽ വിവേചനം കാണിക്കുന്ന ഒരു നിയമം പാസ്സാക്കിയ സർക്കാർ ആണിതെന്നത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.

ഇനി കോടതിയുടെ കാര്യം. കോടതിയിൽ നീതി വൈകുന്നു എന്നും വിശ്വാസമില്ലെന്നും പറഞ്ഞു ഹൈദരാബാദിലെ കസ്റ്റഡി കൊലപാതകത്തെ ഒക്കെ ന്യായീകരികരിക്കുന്നവർ തന്നെയാണ് ഈ കാര്യത്തിൽ കോടതിയിൽ പോവൂ എന്ന് ആഹ്വാനം ചെയ്യുന്നത് എന്നതിലെ വിരോധാഭാസം നമുക്ക് മറക്കാം. ജനങ്ങളെ ബാധിക്കുന്ന ഓരോ പ്രശ്നത്തിലും ഇടപെടാൻ മടിക്കുന്ന കോടതി ആണ് ഇന്ന് കാണാൻ കഴിയുന്നത് എന്ന് നമുക്ക് കാണാം. ഉദാഹരണത്തിന്, നോട്ടുനിരോധനം വന്നപ്പോൾ അതിനെതിരെ കൊടുത്ത കേസുകൾ ഇപ്പോഴും തീരുമാനമായില്ല. ഒരു സംസ്ഥാനത്തെ ഏകപക്ഷീയമായി വെട്ടിമുറിക്കുകയും അവിടുത്തെ ജനങ്ങളെ ഫോണും ഇന്റർനെറ്റും പോലുമില്ലാതെ തുറന്ന ജയിലുകളിൽ എന്ന പോലെ അടച്ചിടാൻ തുടങ്ങിയിട്ടും നാല് മാസത്തിൽ കൂടുതൽ ആയി എന്നും ഇതുവരെ കോടതി ബന്ധപ്പെട്ടവരെ കേൾക്കുന്നത് പോലും പൂർണമായിട്ടില്ല എന്നും അറിയുക.

ഒന്നോർക്കുക. നാസി സർക്കാരിന്റെ ഗ്യാസ് ചേമ്പറുകൾ ഒരു തുടക്കമായിരുന്നില്ല, വളരെക്കാലമായി ഊട്ടി വളർത്തിയ വെറുപ്പിന്റെയും വിവേചനങ്ങളുടെയും ഒടുക്കമായിരുന്നു.

അതുകൊണ്ട് CAA യും NRC യും ഒന്ന് തന്നെ ആണെന്നും  അവയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തന്നെ തുടരണമെന്നും (എന്നാൽ അക്രമത്തിന്റെ മാർഗ്ഗം അവലംബിക്കരുത് എന്നും) ആണ് എനിക്ക് ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയാനുള്ളത്.


പൗരത്വ നിയമ ഭേദഗതിയും ഇന്ത്യൻ മുസ്ലിങ്ങളും

പൗരത്വ ഭേദഗതി നിയമത്തിൽ (CAA) ഇന്ത്യയിലെ മുസ്ലീംങ്ങൾക്ക് എതിരെ ഒന്നുമില്ലല്ലോ?
മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ ആയ അഭയാർത്ഥികൾക്ക് പൗരത്വം കൊടുക്കുന്നല്ലേ ഉള്ളൂ, അത് നല്ല കാര്യമല്ലേ?
പിന്നെ എന്തിനാണ് മുസ്ലിങ്ങൾ ഈ നിയമത്തെ എതിർക്കുന്നത്?

ഈ ദിവസങ്ങളിൽ പലരിൽ നിന്നുമായി കേൾക്കുന്ന ചോദ്യങ്ങൾ ആണ് മുകളിൽ കൊടുത്തത്. അവയ്ക്കുള്ള മറുപടിയാണ് ഈ പോസ്റ്റിൽ. ആദ്യമേ പറയട്ടെ, ഈ മറുപടികൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനകളുടെയോ നിലപാടുകൾ അല്ല, മറിച്ച് എന്റെ വ്യക്തിപരമായ ബോധ്യങ്ങൾ മാത്രമാണ്.

ഒന്നാമതായി, ഈ നിയമത്തിൽ ഉപയോഗിച്ച വാക്കുകൾ ന്യൂനപക്ഷം എന്നോ, വേട്ടയാടപ്പെട്ടവർ എന്നോ അഭയാർത്ഥികൾ എന്നോ അല്ല. മറിച്ച് ഇസ്ലാം ഒഴിച്ചുള്ള ഇന്ത്യയിലെ എല്ലാ പ്രധാന മതങ്ങളുമാണ് പേരെടുത്തു പരാമർശിക്കപ്പെട്ടത്. അതിനുള്ള ന്യായം ഈ നിയമം ബാധകമായിട്ടുള്ള മൂന്നു രാജ്യങ്ങളിൽ ഇസ്ലാം ഔദ്യോഗിക മതമാണ് എന്നും അതിനാൽ മുസ്ലിങ്ങൾ പീഡിപ്പിക്കപ്പെടുകയില്ല എന്നുമാണ്. ആ വാദത്തിലെ തെറ്റ് സാമാന്യ വിവരമുള്ള ആർക്കും ബോധ്യമാവും.

എല്ലാ വേട്ടയാടലുകളും മതത്തെ അടിസ്ഥാനമാക്കി മാത്രമുള്ളതല്ല. ഉദാഹരണത്തിന്, ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് വേട്ടയാടൽ മൂലം പാലായനം ചെയ്യേണ്ടി വന്നവരിൽ ഏറ്റവും പ്രശസ്തമായ വ്യക്തി തസ്ലിമ നസ്രീൻ ആണെന്ന് സംശയമില്ലല്ലോ? എന്നാൽ  അവർക്കു മുസ്ലിം ആയി ജനിച്ചു എന്ന ഒറ്റ കാരണത്താൽ ഈ CAA പ്രകാരം ഒരു ആനുകൂല്യവും ലഭിക്കില്ല.

ഇനി മതത്തെ അടിസ്ഥാനമാക്കിയുള്ള വേട്ടയാടൽ മാത്രമാണ് ഉദ്ദേശിച്ചതെങ്കിൽ അത് നമ്മുടെ അയൽ രാജ്യങ്ങളിൽ പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മാത്രം ഒതുങ്ങുന്നതല്ല. മ്യാന്മാരിലും, നേപ്പാളിലും, ഭൂട്ടാനിലും, ശ്രീലങ്കയിലും ഒക്കെ അത്തരം വേട്ടയാടലുകൾ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്.

അഥവാ, 1947 ഇൽ നടന്ന വിഭജനത്തെ കണക്കിലെടുത്താണ് ഈ നിയമമെങ്കിൽ അതിൽ അഫ്ഗാനിസ്ഥാൻ എങ്ങിനെ പെടും? ഇസ്ലാം മതം എന്നതല്ലാതെ മറ്റെന്താണ് ഈ മൂന്ന് രാജ്യങ്ങളിൽ പൊതുവായുള്ളതും നമ്മുടെ മറ്റു അയൽ രാജ്യങ്ങളിൽ ഇല്ലാത്തതും?

അപ്പോൾ ശരിക്കും വിഭജനമോ, മതത്തിന്റെ പേരിലുള്ള വേട്ടയാടലോ പോലുമല്ല, വെറും മുസ്ലിം വിരോധം മാത്രമാണ് ഈ നിയമത്തിനു പിന്നിൽ പ്രവർത്തിച്ചത് എന്ന് മനസിലാക്കാം.

ഇനി മേൽപ്പറഞ്ഞ വാദം മാറ്റിവെക്കാം. ഇന്ത്യയിലെ മുസ്ലിങ്ങൾ ഇപ്പോഴും  ഇന്ത്യയിലെ തുല്യ പൗരന്മാർ ആണെന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലല്ലോ? അപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ വരുത്തുന്ന ഏതു മാറ്റത്തെയും ചോദ്യം ചെയ്യാനുള്ള അവകാശം ഏതു പൗരനുമെന്ന പോലെ മുസ്ലിങ്ങൾക്കും ഉണ്ട്. ഭരണഘടനയ്ക്ക് വരുന്ന ഏത് മാറ്റവും മറ്റാരെയും പോലെ മുസ്ലിങ്ങളെയും ബാധിക്കുന്നതാണ്. CAA കൃത്യമായി ചെയ്യുന്നത് ഭാരതീയ പൗരത്വം ലഭിക്കുന്നത്തിനുള്ള ഘടകങ്ങളിൽ ഒന്നായി മതത്തെ മാറ്റുന്നു എന്നതാണ്. അത് ഇന്ത്യയെ ഒരു മതേതര രാഷ്ട്രത്തിൽ നിന്നും അടർത്തി ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ചെയ്യുമ്പോൾ ആർക്കും, പ്രത്യേകിച്ച് ഒഴിച്ച് നിർത്തപ്പെട്ട മുസ്ലിങ്ങൾക്ക് അതിനെ ചോദ്യം ചെയ്യാം, ചെയ്യണം.

ഇന്ത്യയിലെ മുസ്ലിങ്ങൾ 1947 ഇൽ മതാധിഷ്‌ഠിതമായ രാജ്യത്തേക്ക് പോവാൻ അവസരമുണ്ടായിട്ടും പോവാതെ ഒരു മതേതര രാജ്യത്തിൻറെ ഭാഗമായി തുടരാൻ തീരുമാനമെടുത്തവരോ അവരുടെ പിന്മുറക്കാരോ ആണ്. അപ്പോൾ തങ്ങൾ തെരെഞ്ഞെടുത്ത മതേതര രാജ്യം മറ്റൊരു മതാധിഷ്‌ഠിത രാജ്യമാവുന്നതിനെ എതിർക്കാൻ അവർക്ക്  എന്തുകൊണ്ടും അവകാശമുണ്ട്.


Wednesday, December 4, 2019

CAB യും NRC യും- നമ്മുടെ രാജ്യത്തിൻറെ പോക്ക് എങ്ങോട്ട്?


കേന്ദ്ര മന്ത്രിസഭ ഒരിക്കൽ കൂടി Citizenship Amendment Bill (CAB) ന് അംഗീകാരം കൊടുത്തിരിക്കുന്നു. ഇനി പാർലിമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കിയാൽ അത് നമ്മുടെ രാജ്യത്തെ നിയമമാകും.
പ്രതീക്ഷിക്കാവുന്ന പോലെ ബിജെപി ഭക്തർ എല്ലാം തന്നെ ബില്ലിനെ കണ്ണടച്ച് പിന്താങ്ങും. എന്നാൽ ചില 'നിക്ഷ്പക്ഷമതികളും' ഈ ബില്ലിനെ അനുകൂലിക്കുന്നുണ്ട്. അവരുടെ കണ്ണിൽ നമ്മുടെ അയൽരാജ്യങ്ങളിൽ മതപരമായ പീഡനങ്ങൾക്കു വിധേയരാവുന്ന ന്യൂനപക്ഷസമുദായങ്ങളിലെ അംഗങ്ങൾക്കു ആശ്രയം കൊടുക്കുക എന്നത് വളരെ നല്ലൊരു ഉദ്ധേശ്യമാണ്.
ഒറ്റനോട്ടത്തിൽ, പീഡനങ്ങൾക്കു വിധേയരാവുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം കൊടുക്കുന്നത് ഭാരതത്തിന്റെ ഉന്നതമായ മൂല്യങ്ങളുടെ പ്രയോഗം മാത്രമാണെന്ന് തോന്നിയേക്കാം. എന്നാൽ CAB ക്കു പിന്നിലുള്ള യഥാർത്ഥ ഉദ്ദേശ്യം അത്ര പരിശുദ്ധമല്ല. അതിന്റെ യഥാർത്ഥ ഉദ്ദേശ്യം ഭാരതത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിങ്ങളെ പീഡിപ്പിക്കുക എന്നതാണ് എന്റെ നിരീക്ഷണം. അത് ഞാൻ ഈ പോസ്റ്റിലൂടെ വ്യക്തമാക്കാം.
മന്ത്രിസഭ അംഗീകരിച്ച CAB യിൽ പറയുന്നത്, ഡിസംബർ 2014 ന് മുമ്പ്‌ ഭാരതത്തിൽ പ്രവേശിച്ച പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള മുസ്ലിങ്ങൾ ഒഴിച്ചുള്ള എല്ലാ അനധികൃത കുടിയേറ്റക്കാർക്കും (അതായത് ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, ജെയിൻ, പാഴ്സി മതങ്ങളിൽ പെട്ടവർക്ക്) ഇന്ത്യൻ പൗരത്വം നൽകും എന്നാണ്. അഞ്ചു വർഷമായി അവർ ഇന്ത്യയിൽ എത്തിയിട്ട് എന്ന് മാത്രം കാണിച്ചാൽ മതി- അവർ എന്തിനു വന്നു, എങ്ങിനെ വന്നു എന്നതൊന്നും ഒരു പ്രശ്നമല്ല!
ഈ അനധികൃത കുടിയേറ്റക്കാർ ഭാരതത്തിലേക്ക് നുഴഞ്ഞു കയറിയത് മതപരമായ പീഡനങ്ങൾ കൊണ്ട് തന്നെയാണോ അതോ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണോ എന്നൊന്നും ആരും പരിശോധിക്കില്ല. കാരണം അവർക്കെതിരെ നിലവിലുള്ള എല്ലാ നടപടികളും ഈ ബില്ല് നിയമമാവുന്നതോടെ അസാധുവാകും!
മറ്റൊരു കാര്യം ഈ ബില്ല്‌ ഭാവിയിലെ പീഠനങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ളതല്ല എന്നതാണ്. 2014 ഡിസംബറിനു മുമ്പ് ഭാരത്തിലേക്കു വന്നവർക്കാണ് ഇതിന്റെ ഗുണം. അതുപോലെ, ഈ ഗുണം എല്ലാ പീഡിതർക്കുമില്ല എന്നതും ശ്രദ്ധേയമാണ്. ഉദാഹരണത്തിന് ശ്രീലങ്കയിൽ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് വന്ന തമിഴ് വംശജർക്കോ ബർമയിൽ നിന്നും രക്ഷപ്പെട്ടു വന്ന റോഹിൻഗ്യകൾക്കോ ഇതിന്റെ ഗുണം കിട്ടില്ല.
അപ്പോഴും CAB യുടെ ഉദ്ദേശ്യം പിന്നെ എന്ത് എന്ന ചോദ്യം നിലനിൽക്കുന്നു. അതറിയാൻ, CAB യെ ഈ സർക്കാരിന്റെ മറ്റൊരു ഇഷ്ടഭാജനമായ National Register of Citizens (NRC) യുമായി ചേർത്ത് വായിക്കണം.
CAB യുടെ സഹായത്തോടെ, ഇന്ത്യയിലെ മുസ്ലിങ്ങൾ അല്ലാത്ത എല്ലാ താമസക്കാർക്കും അവർ 2014 ഡിസംബറിനു മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നതിന് തെളിവ് നൽകിയാൽ ഇന്ത്യൻ പൗരന്മാർ ആണെന്ന് സ്ഥാപിക്കാം. അതോടെ NRC യിൽ പേര് ചേർക്കപ്പെടും ചെയ്യും. എന്നാൽ മുസ്ലിംകൾക്ക് മാത്രം പതിറ്റാണ്ടുകൾക്ക് മുമ്പുള്ള അവരുടെ കുടുംബചരിത്രം തെളിവുകൾ നൽകി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ NRC യിൽ അംഗത്വം ലഭിക്കുകയുള്ളൂ. അതായത്, 2014 ഇൽ ഇന്ത്യയിലേക്ക് വന്ന ഒരു ബംഗ്ലാദേശി ഹിന്ദുവിന് NRC യിൽ പേര് എളുപ്പത്തിൽ ചേർക്കാം, പക്ഷെ തലമുറകളായി ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു മുസ്ലിമിന് തന്റെ പൗരത്വം തെളിയിക്കേണ്ട ബാധ്യത ഉണ്ടാവും. മുസ്ലിംകൾക്ക് മാത്രമേ ഈ ബാധ്യത ഉണ്ടാവൂ എന്നതാണ് പുതിയ CAB യുടെ പരിണിതഫലം.
തലമുറകൾക്കു മുമ്പുള്ള ചരിത്രം രേഖകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തുക എന്നത് എത്ര ദുഷ്കരമാണെന്നതിന് ആസ്സാമിൽ നടക്കുന്ന കാര്യങ്ങൾ നമ്മുടെ മുന്നിൽ ധൃഷ്ടാന്തമാണ്.
എത്രയോ പാവപ്പെട്ട മുസ്ലിങ്ങളെ അരക്ഷിതാവസ്ഥയിലേക്കു തള്ളിയിടുകയാണ് പ്രത്യക്ഷത്തിൽ പരസ്പരബന്ധമില്ലാത്തതെന്നു തോന്നാവുന്ന ഈ രണ്ടു കാര്യങ്ങളിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത്.
പീഢിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം കൊടുക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ എന്തിനു മുസ്ലിങ്ങളെ മാത്രം ഒഴിച്ച് നിർത്തണം? ഇനി മുസ്ലിങ്ങൾ മതപരമായി പീഢിക്കപ്പെടുന്നില്ല എന്നതാണ് വാദമെങ്കിൽ അങ്ങനെ അഭയം ചോദിച്ചു വരുന്ന മുസ്ലിങ്ങൾക്ക് പീഡനം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൗരത്വം കൊടുക്കാതിരുന്നാൽ പോരെ? അപ്പോൾ അതല്ല കാര്യമെന്ന് വ്യക്തം!
മതസ്പർദ്ധ വളർത്തി ജനങ്ങളെ രണ്ടു തട്ടിലാക്കി, കാതലായ പ്രശ്നങ്ങളിൽ നിന്നും അവരുടെ ശ്രദ്ധ തിരിച്ചു വിടുക എന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
ഏതായാലും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ഭേദഭാവം കാണിക്കുന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ എന്ന് സുപ്രീംകോടതി തന്നെ പലവട്ടം കണ്ടെത്തിയിട്ടുള്ള മതേതരത്വത്തിനു കടക വിരുദ്ധമാണെന്ന കാര്യം വ്യക്തമാണ്.
NRC യും CAB യും കൂടി ഇന്ത്യ എന്ന ഉന്നതമായ സങ്കൽപ്പത്തിന്റെ തന്നെ കുഴിച്ചുമൂടും എന്നതിൽ സംശയമില്ല. ഇനി അറിയാനുള്ളത് ഇത്രമാത്രം:
- ഏതൊക്കെ പാർട്ടികൾ ഈ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആയ ബില്ലിനെ നിയമമാക്കാൻ സഹായിക്കും?
- ഇത്തരമൊരു നിയമത്തെ തടയാനുള്ള തങ്ങളുടെ ചുമതല നിറവേറ്റുന്നതിൽ പാർലിമെന്റ് പരാജയപ്പെട്ടാൽ നമ്മുടെ സുപ്രീം കോടതി എത്ര വേഗത്തിലും എത്ര കാര്യക്ഷമമായും ഭരണഘടനയുടെ അന്തസ്സത്ത സംരക്ഷിക്കുന്നതിൽ തങ്ങളുടെ ചുമതല നിറവേറ്റി ഈ നിയമത്തെ അസാധുവാക്കും?
അതുവരെ, ശ്വാസമടക്കിപിടിച്ചു കൊണ്ട് മാത്രം ചിന്തിക്കുന്ന ഓരോ മനുഷ്യനും നമ്മുടെ രാജ്യത്തിൻറെ ഭാവിയെക്കുറിച്ചു ആശങ്കാകുലരാവാം!