Monday, April 20, 2015

ചില പത്താം ക്ലാസ്സ്‌ ചിന്തകൾ..

ആദ്യമായി, ഈ വർഷത്തെ SSLC  പരീക്ഷ എഴുതി ജയിച്ച എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനങ്ങൾ.  

അതോടൊപ്പം ചിലത് പറയാതെ വയ്യ. എന്തൊരു അക്രമമാ ഈ സർക്കാർ ചെയ്യുന്നത്? വിജയ ശതമാനം 98-ൻറെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു!

SSLC ജയിക്കുന്നവരുടെ ശതമാനം ഇങ്ങിനെ ഓരോ വർഷവും കുത്തനെ കയറ്റിയാൽ അടുത്ത ഒന്നോ രണ്ടോ വർഷത്തോടെ 100 തികയില്ലേ? അപ്പോൾ അടുത്ത സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി എന്ത് കാണിച്ചു തൻറെ മേന്മ ജനങ്ങളെ ബോധ്യപ്പെടുത്തും? മന്ത്രിമാരുടെ പെരുമാറ്റം കണ്ടാൽ അവർ പഠിച്ചു പരീക്ഷ എഴുതി നേടിയ വിജയം ആണെന്ന് തോന്നും! SSLC വിജയ ശതമാനം അല്ലാതെ ചിലവില്ലാതെ ക്രെഡിറ്റ് കിട്ടാൻ വേറെ എന്താണ് വിദ്യാഭ്യാസ മന്ത്രിക്ക് ഉള്ളത്? 

ആ, മറന്നു! റിസൾട്ട് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രഖ്യാപിക്കുക എന്ന മറ്റേ പരിപാടി. അതും ഈ മന്ത്രിയും സർക്കാരും ചേർന്ന് ധൂർത്ത്അടിച്ചു തീർക്കുകയല്ലെ? പരീക്ഷ നടക്കുന്നതിനു മുൻപ് തന്നെ റിസൾട്ട് പ്രഖ്യാപിക്കാൻ വകുപ്പില്ലല്ലോ! 

അപ്പോൾ അടുത്ത മന്ത്രിക്കു ഒന്നേ വഴിയുള്ളു- പരീക്ഷ തന്നെ വേണ്ട എന്ന് വയ്കുക. ഇന്ന് ഒരു ചാനലിൽ ആരോ ചോദിക്കുന്നത് കേട്ട്, കുട്ടികൾ കുറെ അധികം പാസ്സായാൽ എന്താ പ്രശ്നം എന്ന്! കുറെ കൂടി കുട്ടികൾക്ക് +2 വരെ പഠിക്കാൻ അവസരം കിട്ടുന്നത് നല്ലതല്ലേ എന്നും. അതെ, എല്ലാവരും +2 പഠിക്കട്ടെ, പാസ്സാവട്ടെ. എഴുതാനും വായിക്കാനും കണക്കു കൂട്ടാനും ഒക്കെ പഠിക്കാൻ പിന്നെയും സമയം എത്രെയോ ബാക്കി ഉണ്ടല്ലോ! ഈ പരീക്ഷ, മൂല്യനിർണയം എന്നൊക്കെ പറഞ്ഞു എന്തിനു കുട്ടികളെയും അധ്യാപകരെയും ബുദ്ധി മുട്ടിക്കുന്നു? 

പിന്നെ, +2 സീറ്റുകൾ വാരിക്കോരി കൊടുത്തതല്ലേ. സീറ്റുകൾ മാത്രം പോരല്ലോ, ആ സീറ്റിൽ ഇരിക്കാൻ 10 പാസ്സായ കുറെ കുട്ടികളെയും ഉണ്ടാക്കി കൊടുത്തല്ലേ പറ്റൂ? 

വാൽകഷ്ണം:  ഇപ്പോൾ 10th പരീക്ഷ എഴുതിയ മകനെ, അവൻറെ, കഴിഞ്ഞ വർഷം +1 നു CBSE യിൽ നിന്നും State  സിലബസ്സിലേക്ക്‌ മാറിയ കസിൻ, വിളിച്ചു ഉപദേശിക്കുന്നത് കേട്ടു, എന്ത് വന്നാലും CBSE വിട്ടു state സിലബസിലേക്ക് വരല്ലേ എന്ന്!  അത്രയ്ക് ഉണ്ടത്രേ പഠനവിശേഷം!