Monday, June 22, 2020

ഇന്ത്യയുടെ അതിർത്തികളിൽ എന്താണ് സംഭവിക്കുന്നത്?

പലരും അത്ഭുതപ്പെടുന്ന ഒരു കാര്യമാണ് എന്തുകൊണ്ടാണ് ഇന്ത്യയുടെ അയൽരാജ്യങ്ങൾ മുമ്പില്ലാത്ത വിധം ഇന്ത്യക്കെതിരായ തിരിയുന്നത് എന്ന്. ഉത്തരം വളരെ ലളിതമാണ്. ഇന്ത്യ കാലങ്ങളായി തുടർന്നു വന്ന സഹവർത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാത ഉപേക്ഷിച്ചു കരുത്തുറ്റ 56'' നേതൃത്വത്തിന്റെ വലിയേട്ടൻ പാത സ്വീകരിച്ചത് തന്നെ മുഖ്യ കാരണം.
ചില ഉദാഹരണങ്ങൾ നോക്കാം:
1. ഇന്ത്യൻ സേന ബർമയിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക്. പല മുൻ സൈനിക മേധാവികളും പറഞ്ഞ പോലെ അവശ്യഘട്ടങ്ങളിൽ ഇന്ത്യൻ സൈന്യം മുമ്പും അതിർത്തികൾക്കപ്പുറം കടന്നു നടപടികൾ എടുത്തിട്ടുണ്ട്. എന്നാൽ ഒരിക്കലും അത്തരം നടപടികൾ പുരപ്പുറത്തു കയറി വിളിച്ചുകൂവി പ്രസിദ്ധപ്പെടുത്താറില്ലായിരുന്നു. കാരണം, അങ്ങിനെ ചെയ്യുന്നതോടെ നാം ആ രാജ്യങ്ങളുമായുള്ള സാമാന്യ സഹകരണം അസാദ്ധ്യമാക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ അതിർത്തി പരസ്യമായി ലംഘിക്കുന്ന ഒരു രാജ്യവുമായി സഹകരിക്കാൻ ആത്മാഭിമാനമുള്ള ഒരു രാജ്യത്തിനും കഴിയില്ല.
2. നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട്‌ നടത്തിയ അനാവശ്യ ഇടപെടൽ. ഒരു പരമാധികാര രാഷ്ട്രത്തോട് അവരുടെ ഭരണഘടനയിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന് നിർദ്ദേശിക്കുക, അവർക്കുള്ള അവശ്യ വസ്തുക്കളുടെ ചരക്കു നീക്കവും കയറ്റുമതിയും തടയുക തുടങ്ങിയ നടപടികൾ നേപ്പാളിനെ പോലെ എക്കാലവും ഇന്ത്യയുടെ സുഹൃത്തായിരുന്ന ഒരു രാജ്യത്തെ ചൈനയുടെ കാത്തിരിക്കുന്ന കൈകളിലേക്ക്‌ എത്തിച്ചു എന്നതാണ് സത്യം.
3. ബംഗ്ലാദേശിലെ ജനങ്ങളെ മുഴുവൻ ചിതലുകൾ എന്ന് വിളിച്ചതുൾപ്പെടെയുള്ള അമിത് ഷായുടെ ഏകപക്ഷീയ നടപടികൾ ഇന്ത്യ വിരുദ്ധവികാരം അവിടെ ആളിക്കത്തിച്ചു എന്നതിന് തെളിവായിരുന്നു മോഡി അങ്ങോട്ട് ചെല്ലരുതെന്നു പറഞ്ഞുകൊണ്ട് പതിനായിരങ്ങൾ നടത്തിയ റാലി. CAA നടപ്പാക്കുമ്പോൾ എല്ലാ കടന്നു കയറ്റക്കാരെയും ബംഗ്ലാദേശിലേക്ക് തുരത്തുമെന്നു പറഞ്ഞുകൊണ്ട് നടത്തിയ വാചകമടികളും ഗുണമല്ല ചെയ്യുക എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ.
4. ഇപ്പോഴും തർക്കം നിലവിലുള്ള POK യും അക്‌സായി ചിന്നും ഒക്കെ ഉൾപ്പെട്ട പഴയ ജമ്മു-കാശ്മീർ സംസ്ഥാനം തന്നെ ഇല്ലാതാക്കിയ നടപടിയും (ആർട്ടിക്കിൾ 370) തുടർന്ന് നടന്ന വീരവാദങ്ങളും ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കും എന്ന് മുൻകൂട്ടി കാണേണ്ടതായിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ച സമയത്തു അമിത് ഷാ പാർലമെൻറിൽ ചെയ്ത പ്രസംഗത്തിൽ പറഞ്ഞത് POK യും ചൈനയുടെ കൺട്രോളിലുള്ള അക്‌സായി ചിൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളും താമസിയാതെ പിടിച്ചടക്കും എന്നായിരുന്നു.
അതോടൊപ്പം തന്നെ ഇന്ത്യയുടെ ഗാൽവ്വാൻ താഴ്വരയിലൂടെയുള്ള Darbuk-Shyok-Daulat Beg Oldi (DSDBO) റോഡ് പണി പൂർത്തിയാവുമ്പോൾ കാരക്കോറം വഴി പോവുന്ന ചൈന-പാകിസ്ഥാൻ ഹൈവേ പോലും ഇന്ത്യക്കു എത്തിപ്പിടിക്കാവുന്ന ദൂരത്താവും എന്നതും ചൈനയെ പ്രകോപിപ്പിച്ചിരിക്കാം. കാർഗിലിൽ പാകിസ്ഥാൻ ചെയ്യാൻ ശ്രമിച്ച പോലെ ഗാൽവ്വാൻ താഴ്വരയിലും നമ്മുടെ റോഡിനു മേൽ ആധിപത്യം സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ചൈന നടത്തിയതും 20 ഇന്ത്യൻ സൈനികരുടെ (ചൈനയുടെ നഷ്ടം എത്രയാണ് എന്നുള്ളതിന് ഔദ്യോഗികമായ സ്ഥിരീകരണം രണ്ടു ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല) ജീവൻ നഷ്ടപ്പെടുന്നതിൽ കലാശിച്ചതും (ഇത്തരം ഒരു നീക്കം ഉണ്ടാവുമെന്ന് മുൻകൂട്ടി കാണാനും തുടങ്ങിയപ്പോൾ തന്നെ തടയാനും കഴിയാഞ്ഞതാണ്‌ നമ്മുടെ പരാജയം. കാർഗിലിൽ സംഭവിച്ച പോലെ തന്നെ പഴയ മുൻതൂക്കം ഇനി തിരിച്ചു പിടിക്കണമെങ്കിൽ നമ്മുടെ സൈന്യം വലിയ വില കൊടുക്കേണ്ടിവരും). ചൈനയുടെ 2 step forward, 1 step backward എന്ന തന്ത്രത്തെ ചെറുക്കാൻ ഏറ്റവും ഉത്തമം 2 step എടുക്കാനുള്ള ശ്രമത്തെ തുടക്കത്തിൽ തന്നെ കണ്ടെത്തി തടയുക എന്നതാണ്.
പല പല നടപടികളിലൂടെ നാം തന്നെ വഷളാക്കുന്ന അയൽ ബന്ധങ്ങളിൽ നുഴഞ്ഞു കയറി അവരുടെ താൽപ്പര്യങ്ങൾ ശക്തിപ്പെടുത്താൻ ചൈന ശ്രമിക്കുമെന്ന കാര്യം നാം മനസ്സിലാക്കണം. വലിയേട്ടന്റെ കീഴിൽ അടിപ്പെട്ട് കഴിയാനാണെങ്കിൽ എന്തിനു ഇന്ത്യ, പകരം എന്ത് കൊണ്ട് അതിലും വലിയ വലിയേട്ടനായ ചൈനയുമായി ബന്ധം സ്ഥാപിച്ചുകൂടാ എന്ന ചിന്തയായിരിക്കണം ഈ ചെറിയ രാജ്യങ്ങളെ സ്വാധീനിക്കുന്നത്.
മോഡി-ഷി "സുഹൃദ്ബന്ധവും" കെട്ടിപ്പിടുത്തവുമൊന്നും ചൈനയെ അവരുടെ താല്പര്യങ്ങളിൽ അണുവിട വ്യതാസം വരുത്താൻ പ്രേരിപ്പിക്കില്ല എന്ന സത്യവും നാം ഓർത്തേ പറ്റൂ. ഇന്ത്യയെ എല്ലാ ഭാഗത്തു നിന്നും വരിഞ്ഞു മുറുക്കി വെക്കുക എന്നത് ചൈനയുടെ ആഗോള സ്വപ്നങ്ങളുടെ ഒരു അഭിവാജ്യ ഘടകം തന്നെയാണ്.
കരുത്തുറ്റ 56" നേതൃത്വം എന്ന അവകാശവാദമൊക്കെ നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഗുണം ചെയ്തേക്കാം. എന്നാൽ അത്തരം നിലപാടുകൾ അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വരുത്തുമെന്നറിയാൻ Entire Political Science ഇൽ മാസ്‌റ്റർ ബിരുദമൊന്നും വേണ്ട.
അതേപോലെ തന്നെ, വ്യവസ്ഥാപിതമായ നയതന്ത്ര- സൈനിക ചട്ടക്കൂടുകളെ ദുർബലപ്പെടുത്തിക്കൊണ്ടു പ്രധാനമന്ത്രി തലത്തിൽ നടത്തുന്ന പരസ്പരം കെട്ടിപ്പിടിച്ചുള്ള ആഘോഷങ്ങളുടെ കാമ്പില്ലായ്മയും തുറന്ന് കാട്ടുന്നു ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ.
ബാലകോട്ട് സർജിക്കൽ സ്ട്രൈക്ക് നടത്തുന്നതിലല്ല, പകരം പുൽവാമ ആക്രമണം തടയുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. ചൈനയുടെ കടന്നു കയറ്റത്തെ ചെറുക്കാൻ സാർക് പോലുള്ള പ്രാദേശിക കൂട്ടായ്മകളെ കഴിയുന്നത്ര ഉപയോഗിക്കാൻ നാം ശ്രദ്ധിക്കണം. രാജ്യങ്ങളുടെ വലിപ്പ ചെറുപ്പമല്ല മറിച്ചു സഹവർത്തിത്വവും പരസ്പര ബഹുമാനവും ആവണം നമ്മുടെ വിദേശനയത്തിന്റെ അടിസ്ഥാനം.
ചൈനയുടെ കടന്നു കയറ്റത്തെ ചെറുത്തു തോല്പിച്ചു കൊണ്ട്‌, വീരമൃത്യു മരിച്ച നമ്മുടെ സൈനികർക്കു നീതിയും നമ്മുടെ ഭൂപ്രദേശത്തിന്റെ മേലുള്ള നമ്മുടെ പരമാധികാരവും ഉറപ്പു വരുത്താനും ചൈനയുടെ കുതന്ത്രങ്ങൾക്കെതിരെ നമ്മുടെ അയൽ രാജ്യങ്ങളെ നമ്മോടൊപ്പം നിർത്താനും നമുക്ക് കഴിയും എന്ന് പ്രത്യാശിക്കാം.
Like
Comment
Share

Monday, June 8, 2020

ആരാധനാലയങ്ങൾ തുറക്കുമ്പോൾ - പൊന്നുരുക്കുന്നിടത്തെ ചില പൂച്ചക്കാര്യങ്ങൾ!

ഞാൻ ഒരു ദൈവവിശ്വാസി അല്ല. എന്റെ വീട്ടുകാരിൽ വിശ്വാസികൾ ഉണ്ടെങ്കിലും ഈ കൊറോണക്കാലത്തും പോയെ തീരൂ എന്ന തരത്തിലുള്ള കഠിനമായ വിശ്വാസം ആർക്കും തന്നെയില്ല. അതുകൊണ്ടു തന്നെ ആരാധനാലയങ്ങൾ തുറന്നാലും ഇല്ലെങ്കിലും എന്നെ വ്യക്തിപരമായി ബാധിക്കില്ല.
എങ്കിലും ചില സംശയങ്ങൾ പറയാതിരിക്കാൻ കഴിയുന്നില്ല. ഏതാനും ദിവസങ്ങളായി കേൾക്കുന്ന ചർച്ച മുഴുവൻ ആരാധനാലയങ്ങൾ തുറക്കുന്നതിനെ കുറിച്ചാണ്. Unlockdown പരിപാടിയുടെ ഭാഗമായി മറ്റെല്ലാം തുറക്കുമ്പോൾ എന്തുകൊണ്ടാണ് ചർച്ച ആരാധനാലയങ്ങളെ കുറിച്ച് മാത്രം ആവുന്നത്? ബാറുകൾക്ക് മുന്നിലെ തിരക്കിലും, സർക്കാർ ഓഫീസുകളിലെ കുടുസ്സുമുറികളിലും, എയർ കണ്ടിഷൻ ചെയ്ത ആഭരണ ശാലകളിലും, വിമാനങ്ങളിലും, തീവണ്ടികളിലും, എന്തിനേറെ പറയുന്നു ഒപ്പം തുറക്കാൻ പോവുന്ന മാളുകളിൽ പോലും കാണാത്ത എന്ത് അപകടമാണ് ആരാധനാലയങ്ങളിൽ മാത്രം ഈ ചർച്ചക്കാർ കാണുന്നത് എന്ന് മനസ്സിലാവുന്നില്ല.
ഇളംകാറ്റിൽ കരയ്ക്കടുപ്പിച്ചു മരത്തിനോട് കെട്ടിയിട്ട തോണി കൊടുങ്കാറ്റ് തുടങ്ങിയപ്പോൾ കെട്ടഴിച്ചു തുഴയാൻ തുടങ്ങുന്നത് പോലെയുള്ള സമീപനമാണ് സർക്കാരുകളിൽ നിന്നും Lockdown എന്ന പേരിൽ നമുക്കു കാണാൻ കഴിഞ്ഞത്‌. രോഗവ്യാപനം ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തിൽ കൂടുതൽ കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ സാംഗത്യം മനസ്സിലാക്കുക എളുപ്പമല്ല. ഇനിയെല്ലാം "ദൈവത്തിന്റെ കൈകളിൽ" എന്ന നമ്മുടെ സ്ഥിരം ശൈലിയുടെ ഭാഗമാണോ എന്ന് പോലും തോന്നിപ്പോവുന്നു.
എന്ത് തന്നെയായാലും ഇക്കാര്യത്തിൽ അമ്മയ്ക്കും മകൾക്കും വേറെ വേറെ നീതി എന്നതിനോട് യോജിപ്പില്ല. സർക്കാരുകളെ സംബന്ധിച്ചിടത്തോളം അരാധനാലയങ്ങളെ മാത്രം അടച്ചിടണം എന്ന നിലപാട് എടുക്കാൻ കഴിയില്ല. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് അത് ശരിയുമല്ല. ഒന്നുകിൽ ആളുകൂടുന്ന എല്ലാ സ്ഥലങ്ങളും അടച്ചിടുക, അല്ലെങ്കിൽ എല്ലാം തുറക്കാൻ അനുവദിക്കുക. അത് തന്നെയാണ് ഉചിതം.
മറ്റൊരു വാദം ബാക്കിയെല്ലാം വരുമാനവും തൊഴിലും നൽകുന്ന ഇടങ്ങളാണ്, അതുകൊണ്ടു അധിക കാലം അടച്ചിടാൻ പറ്റുകയില്ല എന്നതാണ്. അല്പം ആലോചിച്ചു നോക്കിയാൽ കാണാൻ കഴിയും നമ്മുടെ ആരാധനാലയങ്ങളും പതിനായിരങ്ങൾക്കു തൊഴിലിടങ്ങൾ തന്നെയാണ് എന്ന കാര്യം. അവ അനന്തമായി അടച്ചിടുമ്പോൾ അന്നം മുട്ടുന്ന എത്രയോ കുടുംബങ്ങൾ നമ്മുടെ ഇടയിലുണ്ട്. അതുകൊണ്ടുതന്നെ ആ വാദവും നിലനിൽക്കുന്നതല്ല.
എല്ലാ കാലവും Lockdown ചെയ്യാൻ പറ്റില്ല എന്നും കൊറോണ എന്ന വൈറസുമായി സമരസപ്പെട്ടു ജീവിക്കാൻ നാം പഠിക്കണം എന്നും ഉള്ള വാദവും നമ്മുടെ മുന്നിലുണ്ടല്ലോ.
സർക്കാർ തുറക്കാൻ അനുവദിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. തുറക്കണം എന്ന് നിർദ്ദേശിച്ചിട്ടൊന്നുമില്ല. അതുകൊണ്ട് പല കൂട്ടായ്മകളും തീരുമാനിച്ച പോലെ, വിശ്വാസികൾ സ്വയം കൂടുതൽ കാലം തങ്ങളുടെ ആരാധനാലയങ്ങൾ അടച്ചിടണം എന്നും, തുറക്കുന്ന ആരാധനാലയങ്ങളിൽ ഒഴിച്ച് കൂടാത്ത സന്ദർഭങ്ങളിൽ മാത്രമേ പോവുകയുള്ളൂ എന്നും തീരുമാനിച്ചാൽ അത് തന്നെയാണ് ഉത്തമം.
മദ്യം കിട്ടാതെ ആത്മഹത്യ ചെയ്യാൻ തയ്യാറായ സഹോദരങ്ങളെ പോലെ ഇഷ്ടദൈവത്തെ കാണാതെ മനസ്സുരുകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ പോവട്ടെ. വിശ്വാസവും നമ്മുടെ ഭരണഘടന നൽകുന്ന അവകാശങ്ങളിൽ ഒന്നാണല്ലോ.
ഇനിയും കൊറോണ വ്യാപനം കൂടുകയും സർക്കാരുകൾക്ക് കൂടുതൽ നിയന്ത്രണം വേണം എന്ന് തോന്നുകയും ചെയ്യുമ്പോൾ വീണ്ടും സമാന സ്വഭാവമുള്ള എല്ലാ പൊതു ഇടങ്ങളും അടച്ചിടട്ടെ- കൂട്ടത്തിൽ ആരാധനാലയങ്ങളും.