Monday, June 8, 2020

ആരാധനാലയങ്ങൾ തുറക്കുമ്പോൾ - പൊന്നുരുക്കുന്നിടത്തെ ചില പൂച്ചക്കാര്യങ്ങൾ!

ഞാൻ ഒരു ദൈവവിശ്വാസി അല്ല. എന്റെ വീട്ടുകാരിൽ വിശ്വാസികൾ ഉണ്ടെങ്കിലും ഈ കൊറോണക്കാലത്തും പോയെ തീരൂ എന്ന തരത്തിലുള്ള കഠിനമായ വിശ്വാസം ആർക്കും തന്നെയില്ല. അതുകൊണ്ടു തന്നെ ആരാധനാലയങ്ങൾ തുറന്നാലും ഇല്ലെങ്കിലും എന്നെ വ്യക്തിപരമായി ബാധിക്കില്ല.
എങ്കിലും ചില സംശയങ്ങൾ പറയാതിരിക്കാൻ കഴിയുന്നില്ല. ഏതാനും ദിവസങ്ങളായി കേൾക്കുന്ന ചർച്ച മുഴുവൻ ആരാധനാലയങ്ങൾ തുറക്കുന്നതിനെ കുറിച്ചാണ്. Unlockdown പരിപാടിയുടെ ഭാഗമായി മറ്റെല്ലാം തുറക്കുമ്പോൾ എന്തുകൊണ്ടാണ് ചർച്ച ആരാധനാലയങ്ങളെ കുറിച്ച് മാത്രം ആവുന്നത്? ബാറുകൾക്ക് മുന്നിലെ തിരക്കിലും, സർക്കാർ ഓഫീസുകളിലെ കുടുസ്സുമുറികളിലും, എയർ കണ്ടിഷൻ ചെയ്ത ആഭരണ ശാലകളിലും, വിമാനങ്ങളിലും, തീവണ്ടികളിലും, എന്തിനേറെ പറയുന്നു ഒപ്പം തുറക്കാൻ പോവുന്ന മാളുകളിൽ പോലും കാണാത്ത എന്ത് അപകടമാണ് ആരാധനാലയങ്ങളിൽ മാത്രം ഈ ചർച്ചക്കാർ കാണുന്നത് എന്ന് മനസ്സിലാവുന്നില്ല.
ഇളംകാറ്റിൽ കരയ്ക്കടുപ്പിച്ചു മരത്തിനോട് കെട്ടിയിട്ട തോണി കൊടുങ്കാറ്റ് തുടങ്ങിയപ്പോൾ കെട്ടഴിച്ചു തുഴയാൻ തുടങ്ങുന്നത് പോലെയുള്ള സമീപനമാണ് സർക്കാരുകളിൽ നിന്നും Lockdown എന്ന പേരിൽ നമുക്കു കാണാൻ കഴിഞ്ഞത്‌. രോഗവ്യാപനം ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തിൽ കൂടുതൽ കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ സാംഗത്യം മനസ്സിലാക്കുക എളുപ്പമല്ല. ഇനിയെല്ലാം "ദൈവത്തിന്റെ കൈകളിൽ" എന്ന നമ്മുടെ സ്ഥിരം ശൈലിയുടെ ഭാഗമാണോ എന്ന് പോലും തോന്നിപ്പോവുന്നു.
എന്ത് തന്നെയായാലും ഇക്കാര്യത്തിൽ അമ്മയ്ക്കും മകൾക്കും വേറെ വേറെ നീതി എന്നതിനോട് യോജിപ്പില്ല. സർക്കാരുകളെ സംബന്ധിച്ചിടത്തോളം അരാധനാലയങ്ങളെ മാത്രം അടച്ചിടണം എന്ന നിലപാട് എടുക്കാൻ കഴിയില്ല. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് അത് ശരിയുമല്ല. ഒന്നുകിൽ ആളുകൂടുന്ന എല്ലാ സ്ഥലങ്ങളും അടച്ചിടുക, അല്ലെങ്കിൽ എല്ലാം തുറക്കാൻ അനുവദിക്കുക. അത് തന്നെയാണ് ഉചിതം.
മറ്റൊരു വാദം ബാക്കിയെല്ലാം വരുമാനവും തൊഴിലും നൽകുന്ന ഇടങ്ങളാണ്, അതുകൊണ്ടു അധിക കാലം അടച്ചിടാൻ പറ്റുകയില്ല എന്നതാണ്. അല്പം ആലോചിച്ചു നോക്കിയാൽ കാണാൻ കഴിയും നമ്മുടെ ആരാധനാലയങ്ങളും പതിനായിരങ്ങൾക്കു തൊഴിലിടങ്ങൾ തന്നെയാണ് എന്ന കാര്യം. അവ അനന്തമായി അടച്ചിടുമ്പോൾ അന്നം മുട്ടുന്ന എത്രയോ കുടുംബങ്ങൾ നമ്മുടെ ഇടയിലുണ്ട്. അതുകൊണ്ടുതന്നെ ആ വാദവും നിലനിൽക്കുന്നതല്ല.
എല്ലാ കാലവും Lockdown ചെയ്യാൻ പറ്റില്ല എന്നും കൊറോണ എന്ന വൈറസുമായി സമരസപ്പെട്ടു ജീവിക്കാൻ നാം പഠിക്കണം എന്നും ഉള്ള വാദവും നമ്മുടെ മുന്നിലുണ്ടല്ലോ.
സർക്കാർ തുറക്കാൻ അനുവദിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. തുറക്കണം എന്ന് നിർദ്ദേശിച്ചിട്ടൊന്നുമില്ല. അതുകൊണ്ട് പല കൂട്ടായ്മകളും തീരുമാനിച്ച പോലെ, വിശ്വാസികൾ സ്വയം കൂടുതൽ കാലം തങ്ങളുടെ ആരാധനാലയങ്ങൾ അടച്ചിടണം എന്നും, തുറക്കുന്ന ആരാധനാലയങ്ങളിൽ ഒഴിച്ച് കൂടാത്ത സന്ദർഭങ്ങളിൽ മാത്രമേ പോവുകയുള്ളൂ എന്നും തീരുമാനിച്ചാൽ അത് തന്നെയാണ് ഉത്തമം.
മദ്യം കിട്ടാതെ ആത്മഹത്യ ചെയ്യാൻ തയ്യാറായ സഹോദരങ്ങളെ പോലെ ഇഷ്ടദൈവത്തെ കാണാതെ മനസ്സുരുകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ പോവട്ടെ. വിശ്വാസവും നമ്മുടെ ഭരണഘടന നൽകുന്ന അവകാശങ്ങളിൽ ഒന്നാണല്ലോ.
ഇനിയും കൊറോണ വ്യാപനം കൂടുകയും സർക്കാരുകൾക്ക് കൂടുതൽ നിയന്ത്രണം വേണം എന്ന് തോന്നുകയും ചെയ്യുമ്പോൾ വീണ്ടും സമാന സ്വഭാവമുള്ള എല്ലാ പൊതു ഇടങ്ങളും അടച്ചിടട്ടെ- കൂട്ടത്തിൽ ആരാധനാലയങ്ങളും.

No comments:

Post a Comment