Thursday, January 28, 2016

അധികാരികൾ ആരോപണവിധേയരാവുമ്പോൾ

കേരളത്തിൽ വളരെ പ്രചാരമുള്ള ഒരു പദമാണ് ക്വൊട്ടേഷൻ എന്നത്. ഏതാനും നാണയതുട്ടുകൾക്ക് വേണ്ടി ഒരു മുൻപരിചയവും മുൻവൈരാഗ്യവും ഇല്ലാത്ത വ്യക്തികളെ ആക്രമിച്ചു കൊല്ലാൻ വരെ തയ്യാറാവുന്ന സംഘങ്ങളെ സൂചിപ്പിക്കുന്ന പദം!

സമീപകാലത്ത് നടന്ന ചില പ്രമാദമായ രാഷ്ട്രീയകൊലപാതകങ്ങളിലും ശ്രദ്ധിക്കപ്പെട്ടത് ഇത്തരം ക്വൊട്ടേഷൻ സംഘാംഗങ്ങളുടെ ഇടപെടൽ തന്നെ ആയിരുന്നു. ഏറ്റവും വലിയ ഉദാഹരണം കുപ്രസിദ്ധി നേടിയ ടി പി ചന്ദ്രശേഖരൻ വധക്കേസ് തന്നെ. കൊലയാളികൾക്ക് തങ്ങളുടെ ഇരയെ കണ്ടാൽ പോലും മനസ്സിലാവാത്ത അവസ്ഥയിൽ, കാണിച്ചുകൊടുക്കാൻ കൂടെ ആളെ വിടേണ്ട അവസ്ഥ! 

പണത്തിനും സംരക്ഷണത്തിനും വേണ്ടി ക്രൂരമായ കൊലപാതകങ്ങൾ പോലും നടത്താൻ തയ്യാറായ ധാരാളം പേരുള്ള ഈ നാട്ടിൽ, സമാനലക്ഷ്യത്തോടെ മറ്റു താരതമേന്യേനിസ്സാരമായ കുറ്റങ്ങൾ ചെയ്യാൻ തയ്യാറുള്ള ആളുകളെ കിട്ടാനാണോ വിഷമം? പ്രത്യേകിച്ച് താൻ ചെയ്യുന്നത് തൻറെ പാർട്ടിക്കോ, മതത്തിനോ, സംഘടനക്കോ  വേണ്ടി ആണ് എന്ന് വിശ്വാസമുള്ള ആളുകൾ?

സംഗതി അങ്ങിനെ ആയിരിക്കെ, ഭരണത്തിലിരിക്കുന്ന സർക്കാരിനോ അല്ലെങ്കിൽ ഏതെങ്കിലും മന്ത്രിമാർക്കോ എതിരായി ഒരു ആരോപണം ഉന്നയിക്കാൻ എത്ര എളുപ്പം ഒരാളെ കണ്ടെത്താൻ ആവില്ല? ആവശ്യത്തിനു പണമോ, മറ്റു വിധത്തിലുള്ള സംരക്ഷണമോ വാഗ്ദാനം ചെയ്‌താൽ പോരെ? ഒരു ഭൂരിപക്ഷമുള്ള സർക്കാരിനെ അട്ടിമറിക്കാൻ എത്ര എളുപ്പം! 

ഈ ഒരപകടം ബോധ്യപ്പെട്ട നമ്മുടെ പരമോന്നത നീതിപീഠം ഇത്തരം സാഹചര്യങ്ങളെ നേരിടാൻ വേണ്ട നടപടിക്രമങ്ങൾ കൃത്യമായി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. പൊതുപ്രവർത്തകർക്ക് നേരെ അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നാൽ, ആ ആരോപണങ്ങളിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഒരു quick verification  അല്ലെങ്കിൽ ഒരു preliminary inquiry നടത്തി പ്രഥമദൃഷ്ട്യാ കഴമ്പുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്തു മുന്നോട്ടു പോകാവൂ എന്നാണു പ്രധാന നിർദ്ദേശം. ബന്ധപ്പെട്ട കോടതി അത്തരം റിപ്പോർട്ട്‌ പരിശോധിച്ച് നീതി നടപ്പാവുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും ആണ്. 
തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്നും നമ്മുടെ പൊതുപ്രവർത്തകരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ തന്നെ നന്മയ്ക്കു അനിവാര്യമാണ്. അല്ലെങ്കിൽ, അത് നമ്മുടെ ഭരണവ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും. ഒരു പക്ഷെ, കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നും നോക്കിയാൽ ആ അപകടം നമുക്ക് മനസ്സിലായില്ല എന്നുവരും. എന്നാൽ നിഷ്പക്ഷമായി ചിന്തിച്ചാൽ, നമ്മുടെ ഭരണാധികാരികൾ നിർഭയമായി പ്രവൃത്തിക്കേണ്ടതിന്റെ, അതിനായി അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം നമുക്ക് ബോധ്യപ്പെടും. 

ഒരു ചോദ്യം ഉയർന്നേക്കാം- എല്ലാവർക്കും ഒരേ നീതി ബാധകം അല്ലെ എന്ന്. ശരിയാണ്. എങ്കിലും, ഭരണനേതൃത്വത്തിന് നേരെ ആരോപണം ഉയരുമ്പോൾ ആ ആരോപണം അന്വേഷിക്കേണ്ടത് അവരുടെ തന്നെ കീഴിൽ പ്രവൃത്തിക്കുന്ന പോലിസ് ആണ് എന്നതാണ് ഒരു പ്രധാന വ്യത്യാസം. അത് കൊണ്ട്, ആരോപണം ഉയരുമ്പോൾ തന്നെ രാജിക്കായുള്ള മുറവിളിയും തുടങ്ങും. ഈ മുറവിളി തികച്ചും സ്വാർത്ഥ താൽപര്യങ്ങൾക്ക്‌ അനുസരിച്ചാണ് എന്നത് മറ്റൊരു കാര്യം. സ്വന്തം നേതാവിന് നേരെ എത്ര കൊടിയ ആരോപണം വന്നാലും നാം കണ്ണടയ്ക്കും, മറിച്ചു എതിർ ചേരിയിലെ നേതാവിന് നേരെ ഉയരുന്ന ആരോപണങ്ങൾക്ക് രാജിയിൽ കുറഞ്ഞ മറ്റൊന്നും നാം അംഗീകരിക്കുകയും ഇല്ല. 

അപ്പോൾ കരണീയമായിട്ടുള്ളത് രണ്ടു കാര്യങ്ങൾ മാത്രമാണ്. ഒന്നാമത്തെ കാര്യം, അഴിമതി അന്വേഷിക്കുന്ന Vigilance  പോലുള്ള വിഭാഗങ്ങളെ തികച്ചും സ്വതന്ത്രമായുള്ള ഒരു ഏജൻസിയുടെ കീഴിൽ കൊണ്ട് വരിക എന്നതാണ്. നമ്മുടെ ലോക്പാൽ നിയമം അത്തരം ഒരു സംവിധാനം ആണ് അനുശാസിക്കുന്നത്. എന്നാൽ ആ നിയമം ഇപ്പോഴും നിലവിൽ വന്നിട്ടില്ല. ഇനി വന്നാലും കൂട്ടിലിട്ട തത്തകൾ സ്വതന്ത്രരാവും എന്ന് ആശിക്കുന്നത് ആസ്ഥാനത്താണ് എന്നാണു അനുഭവങ്ങൾ പഠിപ്പിക്കുന്നത്‌. ഭരിക്കുന്ന സർക്കാരുകളെ വിമർശിക്കുന്നവർ പോലും അവർ അധികാരത്തിൽ വന്നാൽ Vigilance നെയോ CBI യെയോ സ്വതന്ത്രമാക്കും എന്ന് വാഗ്ദാനം നല്കില്ല എന്നതും തീർച്ച. 

അപ്പോൾ, രണ്ടാമത്തെ കാര്യം മാത്രമേ കരണീയമായിട്ടുള്ളൂ. അതാണ്‌ സുപ്രിംകോടതി അനുശാസിച്ച രീതി. ആരോപണം വന്നാൽ quick verification നടത്തി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കുക. ആരോപണത്തിന്റെ നിജസ്ഥിതി ബോധ്യമായാൽ മാത്രം കേസ് രജിസ്റ്റെർ ചെയ്യുക. കോടതിക്ക് ബോധ്യമായില്ലെങ്കിൽ തുടർ അന്വേഷണമോ മറ്റേതെങ്കിലും എജെൻസികളെ ഉപയോഗിച്ചുള്ള അന്വേഷണമോ നിർദ്ദേശിക്കുക. ഏതെങ്കിലും കക്ഷിക്ക്, ഏതെങ്കിലും തീരുമാനത്തെ, വേണമെങ്കിൽ അപ്പീലിലൂടെ ചോദ്യം ചെയ്യുകയും ആവാം. 

രാജി ആവശ്യമായി വരുന്നത് ഒന്നുകിൽ കുറ്റം ആരോപിക്കപ്പെട്ട ആളുടെ സ്വന്തം മനസ്സാക്ഷിയുടെ തീരുമാനപ്രകാരം, അല്ലെങ്കിൽ കോടതി കുറ്റം ചുമത്തി ചാർജ് ചെയ്യുമ്പോൾ മാത്രം. അല്ലാതെ, ആരെങ്കിലും ആരോപണം ഉയർത്തിയ പാടെ FIR രജിസ്റ്റെർ ചെയ്തു പ്രതിയാക്കി രാജി ആവശ്യപ്പെട്ടാൽ ഒരു പാർട്ടിയിലെ ഒരു നേതാവിനും ഇവിടെ ഭരിക്കാൻ കഴിയില്ല. പ്രത്യേകിച്ച്, സമ്പന്നരും ശക്തിശാലികളും ആയവർക്കെതിരായ തീരുമാനങ്ങൾ എടുത്തുകൊണ്ട്.  

ഒരു ജനവിധിയെ മറികടക്കാൻ ആരെങ്കിലും വളഞ്ഞ വഴികൾ സ്വീകരിക്കാനുള്ള ചെറിയ അവസരം പോലും ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. നമ്മുടെ ജനാധിപത്യവും ജനവിധിയും സംരക്ഷിക്കപ്പെടാൻ അതെ വഴിയുള്ളൂ. പിന്നെ കുറ്റവാളികൾ രക്ഷപ്പെടുന്ന കാര്യം- അതിനല്ലേ അഞ്ചു വർഷം കഴിയുമ്പോൾ ഉള്ള തിരഞ്ഞെടുപ്പും, കൂടാതെ നിയമവ്യവസ്ഥയിൽ തന്നെ ഉള്ള ഒട്ടനവധി പ്രതിവിധികളും?  





P.S.  ഇത് എഴുതാൻ പ്രചോദനം ആയതു ബാർ കോഴ കേസിൽ തൃശൂർ വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവും മന്ത്രി ബാബുവിന്റെ രാജിയും ആണ്. ആ വിധി ഇപ്പോൾ കേരള ഹൈക്കോടതി stay ചെയ്തിട്ടുമുണ്ട്. എന്നാൽ ഇവിടെ പറയുന്ന ഒരു കാര്യവും ആ കേസിനെയോ മറ്റേതെങ്കിലും കേസിനെയോ  നേരിട്ട് ആസ്പദം ആക്കിയിട്ടുള്ളതല്ല. ഏതെങ്കിലും ആരോപണത്തിന്റെ ശരി-തെറ്റുകളും ഇവിടെ പ്രതിപാദ്യവിഷയം അല്ല.