Thursday, April 26, 2018

ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി- യാഥാർത്ഥ്യമെന്ത്?

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതിയുടെ കൊളീജിയം നൽകിയ ശുപാർശ കേന്ദ്രസർക്കാർ തള്ളിയതിനെ പലരും ന്യായീകരിക്കുന്നത് കണ്ടു. കൂടുതൽ പേരും അതിനായി ഉപയോഗിക്കുന്ന വാദം ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയിൽ അദ്ദേഹത്തിന്റെ സ്ഥാനം 44 ആണ് എന്നതാണ്.
ഒറ്റനോട്ടത്തിൽ ശരി എന്നുതോന്നിയേക്കാവുന്ന വാദം തന്നെയാണ് ഇത്. അതുകൊണ്ടാണ് കാര്യങ്ങളിൽ അല്പം വ്യക്തത വരുത്താനായി ഈ പോസ്റ്റ്. സർക്കാർ ചെയ്യുന്നത് എന്തും കണ്ണടച്ച് സമർത്ഥിക്കുന്നവർക്ക് തുടർന്ന് വായിക്കാതിരിക്കാം. യാഥാർത്ഥ്യം അറിയാൻ താല്പര്യമുള്ളവർക്ക് തുടർന്ന് വായിക്കാം.
ഹൈക്കോടതി ജഡ്ജിമാർക്കെല്ലാം സമയാനുസൃതമായി ലഭിക്കുന്ന ഒരു പ്രമോഷൻ അല്ല സുപ്രീം കോടതിയിലേക്കുള്ള നിയമനം. എന്തിന്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയുള്ള നിയമനം പോലും സീനിയോറിറ്റി പ്രകാരമല്ല. മറിച്ച്, കഴിവിനും ജഡ്ജി എന്ന നിലയിലുള്ള പ്രവർത്തനത്തിനും അനുസൃതമായി കൊളീജിയത്തിനാൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമാണ് ചീഫ് ജസ്റ്റിസ് ആവാനോ സുപ്രീം കോടതിയിലേക്ക് നിയമനം ലഭിക്കാനോ അർഹതയുള്ളൂ.
ജസ്റ്റിസ് ജോസഫ് തന്റെ കുറ്റമറ്റ പ്രവർത്തനത്തിലൂടെ കഴിവ് തെളിയിച്ച ഒരു ന്യായാധിപനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി തെരഞ്ഞെടുത്തത്. 44 മത്തെ ജഡ്ജിയാണ് എന്ന് പറയുന്നവർ മനഃപൂർവ്വം മറച്ചു വെക്കുന്നത് ജസ്റ്റിസ് ജോസഫ് ഇന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ ഏറ്റവും സീനിയർ ആണെന്ന യാഥാർത്ഥ്യമാണ്. ആ 43 പേരിൽ ഇപ്പോഴും ജഡ്ജിയായി തുടരുന്നവർ ഹൈക്കോടതിചീഫ് ജസ്റ്റിസ് ആവാൻ പോലും യോഗ്യരായി കൊളീജിയം കാണാത്തവർ ആണ് (അത് കൊണ്ട്  അവർ മോശം ജഡ്ജിമാർ ആണെന്ന് അർത്ഥമില്ല).
മേൽപ്പറഞ്ഞതിൽ നിന്നും കൃത്യമായി മനസ്സിലാക്കാം ജസ്റ്റിസ് ജോസഫിനെതിരായ ഘടകം സീനിയോറിറ്റി അല്ല എന്ന്.
കൂടാതെ സീനിയോറിറ്റി മാത്രമാണ് ഘടകമെങ്കിൽ ഒരു ജഡ്ജ് പോലുമല്ലാത്ത, വെറും ഒരു വക്കീൽ മാത്രമായ ഇന്ദു മൽഹോത്ര എങ്ങനെ സർക്കാരിന് അഭിമതയായി എന്ന ചോദ്യവും നിലനിൽക്കുന്നു.
മറ്റൊരു വാദം മുന്നോട്ട് വെച്ചേക്കാവുന്നത് കൊളീജിയത്തിന്റെ ശുപാർശ മടക്കാൻ സർക്കാരിന് അധികാരം ഉണ്ട് എന്നതും കൊളീജിയത്തിന്റെ തീരുമാനങ്ങൾ സുതാര്യമല്ല എന്നതുമാണ്. നിയമവ്യവസ്ഥയുടെ അടിസ്ഥാനം ഏതൊരു അധികാരവും പ്രയോഗിക്കുന്നത് ആരുടെയും തന്നിഷ്ടപ്രകാരം ആവരുത് എന്നതാണ്. ശുപാർശ മടക്കുമ്പോൾ വ്യക്തമായ, നിയമപരമായി നിലനിൽക്കുന്ന കാരണങ്ങൾ ഉണ്ടാവണം. കേരളത്തിൽ നിന്നുള്ള ജഡ്ജിമാരുടെ എണ്ണം രണ്ടാവും എന്ന മട്ടിലുള്ള കാരണങ്ങൾ ഒരുതരത്തിലും നിലനിൽക്കുന്നതല്ല എന്നത് വ്യക്തമല്ലേ? അല്ലായിരുന്നു എങ്കിൽ ഓരോ സംസ്ഥാനത്തിനും ക്വോട്ട നിശ്ചയിച്ച് ജഡ്ജിമാരെ നിയമിക്കേണ്ടി വരില്ലേ? ഇപ്പോൾത്തന്നെ ബോംബേ ഹൈക്കോടതിയിൽ നിന്നുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ ഉയർന്ന എണ്ണത്തിന് എന്തടിസ്ഥാനമാണ്?
ഇനി കൊളീജിയത്തിന്റെ ശുപാർശകൾ ശരിയല്ല എന്ന് വാദം നോക്കാം. ഇന്നത്തെ നമ്മുടെ വ്യവസ്ഥ അനുശാസിക്കുന്നത് ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയത്തിന്റെ അധികാരം തന്നെയാണ്. അത് അങ്ങനെ തുടരുന്നിടത്തോളം അനുസരിക്കാൻ സർക്കാരും ബാദ്ധ്യസ്ഥരാണ്. ഈ വ്യവസ്ഥ എല്ലാം തികഞ്ഞതാണ് എന്ന അഭിപ്രായം എനിക്കില്ല. പക്ഷേ, ജഡ്ജിമാരെ സർക്കാർതന്നെ നിയമിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ നിലനിൽപിന് അപകടകരം തന്നെയാണ്.
അവസാനമായി ഒന്നുകൂടി. ഇന്നല്ലെങ്കിൽ നാളെ ഒരുപക്ഷെ നമ്മളിൽ ഓരോരുത്തരും സർക്കാരുമായി നിയമയുദ്ധത്തിന് നിർബ്ബന്ധിതർ ആയേക്കാം (ആളുമാറി അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ചവിട്ടിക്കൊന്ന പോലീസും സർക്കാരിന്റെ ഭാഗം തന്നെ എന്നോർക്കുക). അങ്ങനെ വരുമ്പോൾ സർക്കാരിനോട് വിധേയത്വം പുലർത്തുന്ന ജഡ്ജിമാർ നമുക്കുതന്നെ ആപത്തായി ഭവിച്ചേക്കാം. ഒപ്പം നമ്മുടെ ജനാധിപത്യത്തിന്റെ നിലനിൽപ്പിനും!

Sunday, April 22, 2018

ഈ വധശിക്ഷ ആർക്ക്?

ബാലപീഡകർക്ക് വധശിക്ഷ എന്ന പുതിയ പരിഷ്കാരം അധികപേരും ആഘോഷിക്കുന്നതും സ്വാഗതം ചെയ്യുന്നതും കാണുമ്പോൾ ഞാനാകെ അത്ഭുതപ്പെടുകയാണ്!
ഇത്തരമൊരു പരിഷ്കാരത്തിന്റെ വരും വരായ്കകളെക്കുറിച്ച് നാം ശരിക്കും ബോധവാന്മാർ ആണോ?
ഒന്നാമത്, ശിക്ഷയെക്കുറിച്ച് ചിന്തിച്ചിട്ടാണോ ആരെങ്കിലും കുറ്റം ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും? അങ്ങനെ ആയിരുന്നെങ്കിൽ മരണശിക്ഷ കിട്ടാവുന്ന കൊലപാതകങ്ങൾ എപ്പൊഴേ അവസാനിക്കേണ്ടതല്ലേ?
നമ്മളിൽ എത്രപേർ ശിക്ഷയെ ഭയന്നു മാത്രമാണ് കുറ്റം ചെയ്യാതിരിക്കുന്നത് എന്ന് ആലോചിച്ചു നോക്കുക. ശരിതെറ്റുകളെ കുറിച്ചുള്ള ബോധമാണ് നമ്മെ കുറ്റകൃത്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത് എന്നാണ് എന്റെ ഉറച്ച വിശ്വാസം. ശരിതെറ്റുകളെക്കുറിച്ചുള്ള ബോധം ഉണ്ടാക്കാൻ സഹായിക്കുന്നു എന്നതുമാത്രമാണ് ഒരു പ്രവൃത്തിയെ കുറ്റവൽകരിക്കുന്നതു കൊണ്ടുള്ള ഏക ഗുണം (ശിക്ഷിക്കുന്നതിലൂടെ സമൂഹത്തിന്റെ പ്രതികാരം നടപ്പാക്കുന്നു എന്നത് കുറ്റം തടയാൻ ഉപകരിക്കുന്നില്ല എന്നത് വ്യക്തമാണ്). ഒരു പ്രവൃത്തിയെ കുറ്റവൽകരിച്ചാൽപ്പോലും സമൂഹം അതിനെ മഹത്വവൽകരിച്ചാൽ ശിക്ഷയുടെ കാഠിന്യമൊന്നും കുറ്റവാളികളെ പിന്തിരിപ്പിക്കില്ല എന്നതിന് നമ്മുടെ നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെ തെളിവല്ലേ?
ഇനി കൂടുതൽ അപകടകരമായ മറ്റൊരു കാര്യം. ചെറിയ കുട്ടികൾ വളരെയധികം ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. പലപ്പോഴും അങനെ ചെയ്യുന്നത് ചോക്കലേറ്റും ടോഫിയുമായി വരുന്ന അങ്കിൾ മാരും ബന്ധുക്കളും ഒക്കെയാണ് താനും. അത്തരം ചൂഷണങ്ങൾ കുടുംബത്തിനുള്ളിലെ കറുത്ത രഹസ്യങ്ങളായി അവസാനിക്കുന്നത് മാറി, പുറത്തറിയാൻ തുടങ്ങിയത് അടുത്ത കാലത്ത് ഉണ്ടായ ബോധവൽകരണത്തിന്റെ ഗുണം തന്നെയാണ് (അത്തരമൊരു മാറ്റം കുട്ടികളുടെ നന്മയ്ക്ക് ഗുണപരമാണ് താനും). എങ്കിലും കുട്ടികളുടെ ജീവന് അത്തരം ചൂഷണങ്ങൾ വലിയ ഭീഷണി ആയിരുന്നില്ല. എന്നാൽ ഇനിയെന്താവും സ്ഥിതി?
കുട്ടികളുമായുള്ള ഏത് ലൈംഗിക ബന്ധവും (കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) നിയമത്തിന്റെ കണ്ണിൽ ബലാത്സംഗം തന്നെയാണ്. കാരണം കുട്ടികൾക്ക് സമ്മതം നൽകാനുള്ള ശേഷി ഇല്ലെന്നതാണ് നമ്മുടെ നിയമം. അപ്പോൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഏതൊരാളും ബലാത്സംഗം എന്ന് കുറ്റത്തിന് ശിക്ഷ അർഹിക്കുന്നു. അത്തരം ചൂഷണങ്ങൾക്കുള്ള ഏറ്റവും നിർണായകമായ ഒരു തെളിവ് ഇരയായ കുട്ടിയുടെ മൊഴി തന്നെയാവും. ആ മൊഴി തന്നെ തൂക്കൂകയറേറ്റാമെന്ന് ബോധ്യമുള്ള കുറ്റവാളി ചെയ്യാൻ ശ്രമിക്കുക കുട്ടിയെ ഇല്ലാതാക്കുക എന്നത് തന്നെയല്ലേ? പ്രത്യേകിച്ച് ആ കുട്ടിയെ കൊന്നാലും ഇല്ലെങ്കിലും കിട്ടാവുന്ന ശിക്ഷ മരണം തന്നെയാവുമ്പോൾ!
കൊല ചെയ്താൽ മരണശിക്ഷയും ബലാത്സംഗം മാത്രം ചെയ്താൽ മരണത്തിൽ കുറഞ്ഞ ശിക്ഷയും ആണെങ്കിൽ ഒരു കുറ്റവാളി (ശിക്ഷ നോക്കി കുറ്റം ചെയ്യുന്നവനാണ് എങ്കിൽ) നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ വിടുകയെങ്കിലും ചെയ്യില്ലേ? അപ്പോൾ നമ്മുടെ ഈ പുതിയ പരിഷ്കാരം നമ്മുടെ കുഞ്ഞുങ്ങളെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടുകയല്ലേ ചെയ്യുന്നത്?
നമ്മുടെ നിയമവ്യവസ്ഥയിൽ ശിക്ഷാനിരക്ക് വളരെക്കുറവാണ് എന്ന സത്യവും നാം ഓർമിക്കണം. അതായത്, കുറ്റവാളി നിയമവ്യവസ്ഥയുടെ പഴുതുകളിലൂടെ രക്ഷപ്പെട്ടേക്കാമെങ്കിലും ഇരയുടെ ജീവന് അപകടം നാം ഉറപ്പുവരുത്തുന്നു!
മരണശിക്ഷ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആണെന്ന ഭരണകൂടത്തിന്റെ വിശ്വാസം നമ്മുടെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവന് ഭീഷണി വർദ്ധിപ്പിക്കുകയല്ലേ യഥാർത്ഥത്തിൽ ചെയ്തത്?
ഒരു സ്ത്രീ ബലാത്സംഗം ചെയപ്പെടുമ്പോൾ അവളുടെ ജീവനേക്കാൾ വിലപ്പെട്ടത് അവളുടെ ഉടമയായ പുരുഷന്റെ അഭിമാനത്തിനേൽക്കുന്ന ക്ഷതമാണ് എന്ന തികച്ചും പുരുഷവർഗ്ഗാധിഷ്ഠിതമായ ബോധത്തിന്റെ പ്രതിഫലനം തന്നെയല്ലേ നാം കൊട്ടിഘോഷിക്കുന്ന ഈ പരിഷ്കാരം?!

Friday, April 13, 2018

പ്രിയപ്പെട്ട കുഞ്ഞേ......മാപ്പ്, മാപ്പ്, മാപ്പ്!

പ്രിയപ്പെട്ട കുഞ്ഞേ….ഞങ്ങൾ നിന്നോട് മാപ്പ് ചോദിക്കുന്നു.

വെറും എട്ടു വയസ്സുമാത്രമുള്ള, എട്ടും പൊട്ടും തിരിയാത്ത നിന്നെ
ഒരു പൂമ്പാറ്റ പോലെ, ജമ്മുവിലെ പുൽമേടുകളിൽ
ആടുകളെയും കുതിരയെയും മേച്ചുകൊണ്ട് പാറിപ്പറന്ന നിന്നെ
പിച്ചിച്ചീന്തിയതും നിഷ്ഠൂരം കൊലചെയ്തതും
ഞങ്ങളുടെ   സമൂഹം തന്നെയായിരുന്നു!

ഞങ്ങൾ ഊട്ടി വളർത്തിയ വെറുപ്പ്, ഒരുനാൾ നിന്റെ ജീവനെടുത്തു.
എന്നിട്ടും നിനക്ക് നീതി ലഭിക്കാതിരിക്കാൻ ഞങ്ങളേറെ ശ്രമിച്ചു!
ഞങ്ങളിലെ അഭിഭാഷകർ കോടതികളെപ്പോലും അടച്ചുപൂട്ടി
ഞങ്ങളിലെ പോലീസുകാർ അവരുടെ കൈകളിൽ പടർന്ന നിന്റെ രക്തം
കഴുകി ഉണക്കി തെളിവുകളെ ഇല്ലാതാക്കി
ഞങ്ങളിലെ രാഷ്ട്രീയക്കാർ നീതിദേവതയെ ന്തിയാക്കി. എന്തിന്,
ഞങ്ങളുടെ ദൈവങ്ങൾ പോലും നിന്റെ നിലവിളിക്ക് നേരെ ചെവിയടച്ചു!

ഇന്ത്യയുടെ മകളായ നിനക്ക് നീതി നിഷേധിക്കാൻ ഞങ്ങൾ
ഇന്ത്യയുടെ ദേശീയ പതാകയുമായി തന്നെ തെരുവിലിറങ്ങി.
മതത്തിന്റെയും, ദേശീയതയുടെയും, രാഷ്ട്രീയത്തിന്റെയും,
സാദ്ധ്യമായ വഴികളെല്ലാം ഞങ്ങൾ ഉപയോഗിച്ചു.
നിനക്ക് നീതി നിഷേധിക്കാൻ….

നിന്നെ സംരക്ഷിക്കാനോ ഞങ്ങൾക്ക് കഴിഞ്ഞില്ല,
നിനക്ക് നീതി നൽകാൻ പോലും ഞങ്ങൾ വളർന്നില്ല!

ഇന്ന്…. പ്രിയപ്പെട്ട കുഞ്ഞേ,
ഞങ്ങളുടെ തെറ്റ് നീ ഞങ്ങളെ ബോധ്യപ്പെടുത്തുന്നു.
ഞങ്ങളുടെ മൗനം നിന്റെ കൊലയാളികളുടെ ആക്രോശത്തേക്കാൾ കഠിനമാണെന്ന്!
ഞങ്ങളുടെ നിഷ്ക്രിയത്വം നാളെ ജമ്മുവിലെ പുൽമേടുകളിൽ നിന്നും
നിന്നെ ഞങ്ങളുടെ അകത്തളങ്ങളിൽ എത്തിക്കുമെന്ന്.

വെറുപ്പ് വിതച്ച് സ്നേഹത്തെ കൊയ്യാനാവില്ലെന്ന് നീ ഞങ്ങളെ ബോധ്യപ്പെടുത്തി.
ഒന്നു മാത്രം  വാക്കുതരുന്നൂ കുഞ്ഞേ…..
ഇനിയും ഞങ്ങൾ നിശബ്ദരും നിഷ്ക്രിയരും വാതിരിക്കാം!
നിനക്ക് നീതി ലഭിക്കും വരെ പോരാടാം.


അതുവരെമാപ്പ്, മാപ്പ്, മാപ്പ്!

Tuesday, April 3, 2018

PSC വിജ്ഞാപനത്തിലെ ജാതിക്കോളം!

PSC വിജ്ഞാപനത്തിൽ മതവും ജാതിയും ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്ന ധാരാളം പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടു. 
ഒറ്റ നോട്ടത്തിൽ വളരെ പുരോഗമനപരമെന്ന് തെറ്റിദ്ധരിപ്പിച്ചേക്കാവുന്ന ഒരു നിലപാടാണ് അത്.
PSC വിജ്ഞാപനത്തിൽ ജാതി ഉന്മൂലനം ചെയ്യുക എന്നതിന് അർത്ഥം ജാതിയിൽ അധിഷ്ഠിതമായ സംവരണം എടുത്തുകളയുക എന്നതുതന്നെയാണ്.
ജോലിയിൽ ജാതി സംവരണം ഇല്ലായ്മ ചെയ്താൽ ആർക്കാണ് അതിന്റെ ഗുണം? നൂറ്റാണ്ടുകളായി എല്ലാ അവകാശങ്ങളും, എന്തിന് അറിവ് തേടാനുള്ള അവകാശം പോലും, നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് ലഭിക്കുന്ന ജോലി സംവരണം എന്ന ചെറിയ സഹായം പോലും 'ഉയർന്ന ജാതിക്കാർ' എന്ന് സ്വയം ഊറ്റം കൊള്ളുന്നവർക്ക് സഹിക്കാവുന്നതിലും അപ്പുറത്താണോ?
സംവരണാനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങൾക്ക് ഇന്നും ജനസംഖ്യയുടെ അനുപാതത്തിൽ കിട്ടേണ്ട അത്രയും സ്ഥാനങ്ങൾ കിട്ടിയിട്ടില്ല എന്നത് പല റിപ്പോർട്ടുകളിലൂടെയും വ്യക്തമാണ്. Special recruitment drive കൾക്കപ്പുറം എല്ലാ മേഖലകളിലും ഈ വിടവ് കാണാവുന്നതുമാണ്. ആദ്യം അവർക്ക് അർഹതപ്പെട്ട വിഹിതം ലഭിക്കട്ടെ. എന്നിട്ട് നമുക്ക് സംവരണത്തിനെതിരെ ശബ്ദമുയർത്താം!
എത്രയോ തലമുറകളായി അർഹതപ്പെട്ടതിലും എത്രയോ കൂടുതൽ
സ്ഥാനമാനങ്ങൾ കയ്യടക്കി വയ്ക്കുന്നവരും എല്ലാ സൗകര്യങ്ങളും ജനിച്ച ജാതിയുടെ പേരിൽ അനുഭവിക്കുന്നവരും തങ്ങളുടെ മെറിറ്റിൽ അത്രയേറെ ആത്മവിശ്വാസമുണ്ടെങ്കിൽ
ചെയ്യേണ്ടത് PSC ജോലിയൊക്കെ പാവങ്ങൾക്ക് വിട്ടുകൊടുത്ത് കൂടുതൽ മെറിറ്റ് ആവശ്യമുള്ള പുത്തന് തലമുറ ജോലികൾ സ്വയം കണ്ടെത്തുകയാണ്!

ജാതിയും മതവും മായേണ്ടത് ആദ്യം മനസ്സിൽ നിന്ന് തന്നെയാണ്. നമുക്കോരോരുത്തർക്കും അതിലേക്കായി ആത്മപരിശോധന നടത്താം.