Thursday, April 26, 2018

ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി- യാഥാർത്ഥ്യമെന്ത്?

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതിയുടെ കൊളീജിയം നൽകിയ ശുപാർശ കേന്ദ്രസർക്കാർ തള്ളിയതിനെ പലരും ന്യായീകരിക്കുന്നത് കണ്ടു. കൂടുതൽ പേരും അതിനായി ഉപയോഗിക്കുന്ന വാദം ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയിൽ അദ്ദേഹത്തിന്റെ സ്ഥാനം 44 ആണ് എന്നതാണ്.
ഒറ്റനോട്ടത്തിൽ ശരി എന്നുതോന്നിയേക്കാവുന്ന വാദം തന്നെയാണ് ഇത്. അതുകൊണ്ടാണ് കാര്യങ്ങളിൽ അല്പം വ്യക്തത വരുത്താനായി ഈ പോസ്റ്റ്. സർക്കാർ ചെയ്യുന്നത് എന്തും കണ്ണടച്ച് സമർത്ഥിക്കുന്നവർക്ക് തുടർന്ന് വായിക്കാതിരിക്കാം. യാഥാർത്ഥ്യം അറിയാൻ താല്പര്യമുള്ളവർക്ക് തുടർന്ന് വായിക്കാം.
ഹൈക്കോടതി ജഡ്ജിമാർക്കെല്ലാം സമയാനുസൃതമായി ലഭിക്കുന്ന ഒരു പ്രമോഷൻ അല്ല സുപ്രീം കോടതിയിലേക്കുള്ള നിയമനം. എന്തിന്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയുള്ള നിയമനം പോലും സീനിയോറിറ്റി പ്രകാരമല്ല. മറിച്ച്, കഴിവിനും ജഡ്ജി എന്ന നിലയിലുള്ള പ്രവർത്തനത്തിനും അനുസൃതമായി കൊളീജിയത്തിനാൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമാണ് ചീഫ് ജസ്റ്റിസ് ആവാനോ സുപ്രീം കോടതിയിലേക്ക് നിയമനം ലഭിക്കാനോ അർഹതയുള്ളൂ.
ജസ്റ്റിസ് ജോസഫ് തന്റെ കുറ്റമറ്റ പ്രവർത്തനത്തിലൂടെ കഴിവ് തെളിയിച്ച ഒരു ന്യായാധിപനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി തെരഞ്ഞെടുത്തത്. 44 മത്തെ ജഡ്ജിയാണ് എന്ന് പറയുന്നവർ മനഃപൂർവ്വം മറച്ചു വെക്കുന്നത് ജസ്റ്റിസ് ജോസഫ് ഇന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ ഏറ്റവും സീനിയർ ആണെന്ന യാഥാർത്ഥ്യമാണ്. ആ 43 പേരിൽ ഇപ്പോഴും ജഡ്ജിയായി തുടരുന്നവർ ഹൈക്കോടതിചീഫ് ജസ്റ്റിസ് ആവാൻ പോലും യോഗ്യരായി കൊളീജിയം കാണാത്തവർ ആണ് (അത് കൊണ്ട്  അവർ മോശം ജഡ്ജിമാർ ആണെന്ന് അർത്ഥമില്ല).
മേൽപ്പറഞ്ഞതിൽ നിന്നും കൃത്യമായി മനസ്സിലാക്കാം ജസ്റ്റിസ് ജോസഫിനെതിരായ ഘടകം സീനിയോറിറ്റി അല്ല എന്ന്.
കൂടാതെ സീനിയോറിറ്റി മാത്രമാണ് ഘടകമെങ്കിൽ ഒരു ജഡ്ജ് പോലുമല്ലാത്ത, വെറും ഒരു വക്കീൽ മാത്രമായ ഇന്ദു മൽഹോത്ര എങ്ങനെ സർക്കാരിന് അഭിമതയായി എന്ന ചോദ്യവും നിലനിൽക്കുന്നു.
മറ്റൊരു വാദം മുന്നോട്ട് വെച്ചേക്കാവുന്നത് കൊളീജിയത്തിന്റെ ശുപാർശ മടക്കാൻ സർക്കാരിന് അധികാരം ഉണ്ട് എന്നതും കൊളീജിയത്തിന്റെ തീരുമാനങ്ങൾ സുതാര്യമല്ല എന്നതുമാണ്. നിയമവ്യവസ്ഥയുടെ അടിസ്ഥാനം ഏതൊരു അധികാരവും പ്രയോഗിക്കുന്നത് ആരുടെയും തന്നിഷ്ടപ്രകാരം ആവരുത് എന്നതാണ്. ശുപാർശ മടക്കുമ്പോൾ വ്യക്തമായ, നിയമപരമായി നിലനിൽക്കുന്ന കാരണങ്ങൾ ഉണ്ടാവണം. കേരളത്തിൽ നിന്നുള്ള ജഡ്ജിമാരുടെ എണ്ണം രണ്ടാവും എന്ന മട്ടിലുള്ള കാരണങ്ങൾ ഒരുതരത്തിലും നിലനിൽക്കുന്നതല്ല എന്നത് വ്യക്തമല്ലേ? അല്ലായിരുന്നു എങ്കിൽ ഓരോ സംസ്ഥാനത്തിനും ക്വോട്ട നിശ്ചയിച്ച് ജഡ്ജിമാരെ നിയമിക്കേണ്ടി വരില്ലേ? ഇപ്പോൾത്തന്നെ ബോംബേ ഹൈക്കോടതിയിൽ നിന്നുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ ഉയർന്ന എണ്ണത്തിന് എന്തടിസ്ഥാനമാണ്?
ഇനി കൊളീജിയത്തിന്റെ ശുപാർശകൾ ശരിയല്ല എന്ന് വാദം നോക്കാം. ഇന്നത്തെ നമ്മുടെ വ്യവസ്ഥ അനുശാസിക്കുന്നത് ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയത്തിന്റെ അധികാരം തന്നെയാണ്. അത് അങ്ങനെ തുടരുന്നിടത്തോളം അനുസരിക്കാൻ സർക്കാരും ബാദ്ധ്യസ്ഥരാണ്. ഈ വ്യവസ്ഥ എല്ലാം തികഞ്ഞതാണ് എന്ന അഭിപ്രായം എനിക്കില്ല. പക്ഷേ, ജഡ്ജിമാരെ സർക്കാർതന്നെ നിയമിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ നിലനിൽപിന് അപകടകരം തന്നെയാണ്.
അവസാനമായി ഒന്നുകൂടി. ഇന്നല്ലെങ്കിൽ നാളെ ഒരുപക്ഷെ നമ്മളിൽ ഓരോരുത്തരും സർക്കാരുമായി നിയമയുദ്ധത്തിന് നിർബ്ബന്ധിതർ ആയേക്കാം (ആളുമാറി അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ചവിട്ടിക്കൊന്ന പോലീസും സർക്കാരിന്റെ ഭാഗം തന്നെ എന്നോർക്കുക). അങ്ങനെ വരുമ്പോൾ സർക്കാരിനോട് വിധേയത്വം പുലർത്തുന്ന ജഡ്ജിമാർ നമുക്കുതന്നെ ആപത്തായി ഭവിച്ചേക്കാം. ഒപ്പം നമ്മുടെ ജനാധിപത്യത്തിന്റെ നിലനിൽപ്പിനും!

No comments:

Post a Comment