Saturday, October 21, 2017

ആവിഷ്കാര സ്വാതന്ത്ര്യവും രാഷ്ട്രീയ പാർട്ടികളും

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നിലപാട് എന്തെന്ന് അറിയാൻ ആവിഷ്കാരം അവരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാവുന്നത് വരെ കാത്തിരുന്നേ പറ്റൂ.

ആരാന്റെ അമ്മക്കല്ല, സ്വന്തം അമ്മക്ക് ഭ്രാന്ത്  വരുമ്പോൾ കാണിക്കുന്നതാണ് ഒരാളുടെ അടിസ്ഥാന സ്വഭാവം.

ടി പി 51 വെട്ട് എന്ന സിനിമ CPM ന്റെയും ഇന്ദു സർക്കാർ കോൺഗ്രസ്സിന്റെയും, പർസാനിയ BJP യുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള യഥാർത്ഥ നിലപാടുകൾ നമ്മെ അറിയിച്ചിട്ടുണ്ട്. അതിന്റെ തുടർച്ച തന്നെയാണ് മെർസാലിന് നേരെ BJP ഇപ്പോൾ സ്വീകരിച്ചതും.

ഇത് എഴുതിയത് BJP യെ മെർസലിന്റെ കാര്യത്തിൽ ന്യായീകരിക്കാനല്ല, മറിച്ച് നമ്മുടെ മുഖ്യധാരാ പാർട്ടികളുടെ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടാനാണ്.

അതുകൊണ്ട്, ഇതു വായിച്ച് എന്നെ സങ്കി ആക്കുന്നതിന് പകരം സ്വന്തം മനസ്സാക്ഷിയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുക......എന്നിട്ടു പറയുക, നാളെ നിങ്ങളുടെ പ്രസ്ഥാനം ഒരു കലാസൃഷ്ടിക്ക് എതിരായി വന്നാലും നിങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമോ?

Tuesday, October 17, 2017

പ്രസാദവും വിശ്വാസവും!

           മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലും വാവരുപള്ളിയിലും പോയി പ്രസാദം വാങ്ങിയതും കഴിച്ചതുമൊക്കെ വലിയ വാർത്തയായത് കണ്ടു. 
           ഈശ്വരവിശ്വാസമില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ്, പ്രസാദം വാങ്ങുന്നതിലോ കഴിക്കുന്നതിലോ ഒരു പ്രശ്നവുമില്ല എന്നതാണ് എന്റെ അഭിപ്രായം. അങ്ങിനെ ചെയ്യാതിരിക്കുന്നതാണ് ആ പ്രസാദം കൊടുക്കുന്ന മനുഷ്യരെ അവഹേളിക്കുന്നതിനു തുല്യം. 
           ദൈവവിശ്വാസമില്ലെങ്കിലും (കമ്മ്യൂണിസ്റ്റുമല്ല) എന്റെ വീട്ടിലെത്തുന്ന മധുരമുള്ള പ്രസാദങ്ങൾ ഏറ്റവും കൂടൂതൽ കഴിക്കുന്നത് ഈ ഞാൻ തന്നെയാണ്. കാരണം എനിക്ക് വിശ്വാസമില്ലാത്തത് ദൈവമെന്ന സങ്കൽപത്തിലാണ്, മറിച്ച് മധുരത്തിലല്ല!
            ഒരു മതവിഭാഗത്തിന്റെ പ്രസാദം കഴിക്കാൻ തയ്യാറാവാത്ത യുക്തിവാദികളെയും മറ്റു മതസ്ഥരെയും കണ്ടിട്ടുണ്ട്. അത് സ്വന്തം വിശ്വാസത്തിലുള്ള വിശ്വാസമില്ലായ്മയും ഭീരുത്വവുമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
           ഒരാൾ ഒരു പ്രസാദത്തിന്റെ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ അത് കേവലം ഒരു ഭക്ഷ്യവസ്തു മാത്രമല്ലേ? അത് കഴിക്കുന്നത് കൊണ്ട് തന്റെ വിശ്വാസത്തിന് എന്ത് സംഭവിക്കാൻ?

           അല്പം പായസം കുടിച്ചാൽ, ഒരു അപ്പകഷ്ണമോ കേക്കുകഷ്ണമോ തിന്നാൽ, ഒരു ആരാധനാലയം സന്ദർശിച്ചാൽ, ആഘോഷങ്ങളിൽ പങ്കുചേർന്നാൽ തകരുന്ന വിശ്വാസത്തെയും വിശ്വാസമില്ലായ്മയെയും കുറിച്ച് എന്ത് പറയാൻ!
          വിശ്വാസമില്ലാത്തവർ ആരാധനാലയങ്ങളിൽ പോവുന്നതോ പ്രസാദം കഴിക്കുന്നതോ അല്ല, വിശ്വാസമുള്ളവർ ജനങ്ങളെ കാണിക്കാനായി മാത്രം അത് മറച്ചുപിടിക്കുന്നുണ്ടെങ്കിൽ അതാണ് തെറ്റ്. 

Monday, October 16, 2017

നികുതി നിരക്ക് കുറയ്ക്കില്ല എന്ന് എന്തിനിത്ര വാശി?

ഉമ്മൻ ചാണ്ടി സർക്കാർ കേരളം ഭരിച്ചിരുന്ന സമയത്തു, പെട്രോൾ വില കൂടുമ്പോഴൊക്കെ സംസ്ഥാനം നികുതി നിരക്ക് കുറച്ചു ജനങ്ങളെ കൂടിയ വിലയിൽ നിന്നും ഒരു പരിധി വരെ സംരക്ഷിച്ചു പോന്നിരുന്നു.  അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിന് 150 ഡോളർ വരെ എത്തിയ സമയത്തായിരുന്നു ആ വില കൂടൽ എന്ന് കൂടി നാം ഓർക്കണം. കേന്ദ്രസർക്കാർ സബ്‌സിഡി കൊടുത്തു മുടിഞ്ഞിരുന്ന കാലം! 

പത്തു വർഷത്തെ ക്രൂഡോയിൽ വിലനിലവാരം 

എന്നാലിന്നോ? അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 50 ഡോളറിനും താഴെ എത്തിയപ്പോഴും അതിന്റെ ഗുണം ഭാരതത്തിലെ ജനങ്ങൾക്ക് കിട്ടാതെ പോയി. അതിനു കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രചരിപ്പിക്കുന്നത് പോലെ എണ്ണ കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നതാണോ? അല്ല എന്നതാണ് സത്യം! അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതനുസരിച്ച് ആഭ്യന്തരവിപണിയിൽ കമ്പനികൾ വില കുറച്ചിട്ടുണ്ടായിരുന്നു. എന്നാൽ മോഡി സർക്കാർ ചെയ്തത്, കമ്പനികൾ ഓരോ പ്രാവശ്യം വില കുറയ്ക്കുബോഴും അതിന്റെ ഗുണം ജനങ്ങളിൽ എത്തിക്കാതെ നികുതി നിരക്ക് കൂട്ടുകയായിരുന്നു! അങ്ങിനെ വില കൃത്രിമമായി കൂട്ടിയപ്പോൾ അതിന്റെ ഗുണം വാറ്റുനികുതി ചുമത്തുന്ന സംസ്ഥാനങ്ങൾക്കും ലഭിച്ചു.  

അന്തരാഷ്ട്ര വിപണിയിൽ പിന്നെയും വില കൂടാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലെ എണ്ണക്കമ്പനികൾ സ്വാഭാവികമായും വില വർദ്ധിപ്പിക്കാൻ തുടങ്ങി. എന്നാൽ കേന്ദ്ര സർക്കാർ ഇടയ്ക്കു കൂട്ടിയ നികുതികൾ കുറയ്ക്കാൻ തയ്യാറായില്ല (വളരെ നാളുകൾക്കു ശേഷം ഒരു ചെറിയ കുറവ് വരുത്തിയത് ഇവിടെ മറക്കുന്നില്ല). അതോടെ ഉപഭോക്താവ് നൽകേണ്ട നികുതിയടക്കമുള്ള എണ്ണ വില അസ്വാഭാവികമായി കൂടി. ജനജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുന്ന ഈ വില വർദ്ധനവിനെ സർക്കാരുകൾ നേരിട്ടത് രണ്ടു വിധത്തിലാണ്. മോഡി സർക്കാർ കപട ദേശീയ വാദവും മറ്റും ഉയർത്തി വിലവർദ്ധനവിനെ ചോദ്യം ചെയ്യുന്നത് ഒരു ദേശവിരുദ്ധ നടപടിയാണ് എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കേരളത്തിലെ പിണറായി സർക്കാർ ചെയ്തത് ഒരു വശത്തു സംസ്ഥാന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ല എന്നും ക്ഷേമപ്രവർത്തനങ്ങൾക്കു കൂടുതൽ തുക ആവശ്യമാണ് എന്നും ഉള്ള വാദം ഉയർത്തുകയും, മറുവശത്തു കേന്ദ്ര സർക്കാരിനെയും, എണ്ണക്കമ്പനികളെയും, എണ്ണ വില നിർണയം ഉദാരവത്കരിച്ച മുൻ സർക്കാരിനെയും കുറ്റപ്പെടുത്തുക എന്നതും ആയിരുന്നു. 

(മാതൃഭൂമി 17/10/2017)

സൗകര്യപൂർവം അവർ മറച്ചുവെക്കുന്നതു അടിക്കടി നികുതി നിരക്ക് കൂട്ടിയതാണ്, മറിച്ചു വില നിർണയത്തെ അന്താരാഷ്ട്രകമ്പോള വിലയുമായി ബന്ധിപ്പിച്ച ഉദാരവത്കരണമല്ല ഭാരതത്തിലെ എണ്ണ വില ഉയർന്നു നില്ക്കാൻ കാരണം എന്നതാണ്. 

അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതനുസരിച്ച് ആഭ്യന്തര വിപണിയിൽ വില കുറയുമ്പോൾ നികുതി നിരക്ക് കൂട്ടുകയുംമറിച്ച് അതേ രീതിയിൽ വിലകൂടുമ്പോൾ നികുതി നിരക്ക് കുറയ്ക്കാതെ ജനങ്ങളെ പിഴിയുകയും ചെയ്യുന്ന സർക്കാരുകൾ ഉദാരവൽക്കരണത്തെയും എണ്ണക്കമ്പനികളെയും പഴി ചാരുന്നതിലെ വഞ്ചന ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഓരോ പ്രാവശ്യവും വിപണിയിൽ വില കൂടുമ്പോൾ കേരള സർക്കാരിന് അധികമായി ലഭിക്കുന്നത് കോടികളാണ്. ഈ അധികവരുമാനത്തിൽ അല്പമെങ്കിലും ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കാതെ പിണറായി സർക്കാർ ഉദാരവൽക്കരണത്തെയും കുറ്റം പറഞ്ഞ് നമ്മെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ്‌!

ഇന്ത്യയിൽ തന്നെ പെട്രോളിന് ഏറ്റവും കൂടൂതൽ നികുതി ചുമത്തുന്ന ആറ് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. CPM തന്നെ ഭരിക്കുന്ന ത്രിപുരയിൽ 20% വാറ്റ് ഈടാക്കുമ്പോൾ 
കേരളത്തിൽ 34.09% വാറ്റ്ഈടാക്കുന്നതിലെ യുക്തി എന്താണ്



നികുതി വരുമാനം നഷ്ടപ്പെടുത്തണമെന്നല്ലമറിച്ച് വില വർദ്ധനയെ അധികവരുമാനം കിട്ടാനുള്ള കുറുക്കുവഴിയായി കാണാതിരിക്കണം എന്നാണ് അഭ്യർത്ഥന. പ്രത്യേകിച്ചും പാവപ്പെട്ട തൊഴിലാളികൾ പോലും സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള ഉപഭോക്ത്രസംസ്ഥാനത്ത്! ഒരു രൂപയ്ക്കു ഇത്ര നികുതി എന്നതിന് പകരം ഒരു ലിറ്ററിന് ഇത്ര രൂപ നികുതി എന്നതു അടിസ്ഥാനമായി എടുത്താൽ തന്നെ ജനങ്ങളിൽ അധികഭാരം ചുമത്താതെ  വരുമാനം സംരക്ഷിക്കാൻ സർക്കാരിന് കഴിയും എന്നതാണ് വസ്തുത.   

നികുതി കുറയ്കാൻ തീരെ നിർവാഹമില്ലെന്ന് പറയുന്നവർ തെരെഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇതേ ദാർഷ്ട്യം തുടരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം...