Monday, October 16, 2017

നികുതി നിരക്ക് കുറയ്ക്കില്ല എന്ന് എന്തിനിത്ര വാശി?

ഉമ്മൻ ചാണ്ടി സർക്കാർ കേരളം ഭരിച്ചിരുന്ന സമയത്തു, പെട്രോൾ വില കൂടുമ്പോഴൊക്കെ സംസ്ഥാനം നികുതി നിരക്ക് കുറച്ചു ജനങ്ങളെ കൂടിയ വിലയിൽ നിന്നും ഒരു പരിധി വരെ സംരക്ഷിച്ചു പോന്നിരുന്നു.  അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിന് 150 ഡോളർ വരെ എത്തിയ സമയത്തായിരുന്നു ആ വില കൂടൽ എന്ന് കൂടി നാം ഓർക്കണം. കേന്ദ്രസർക്കാർ സബ്‌സിഡി കൊടുത്തു മുടിഞ്ഞിരുന്ന കാലം! 

പത്തു വർഷത്തെ ക്രൂഡോയിൽ വിലനിലവാരം 

എന്നാലിന്നോ? അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 50 ഡോളറിനും താഴെ എത്തിയപ്പോഴും അതിന്റെ ഗുണം ഭാരതത്തിലെ ജനങ്ങൾക്ക് കിട്ടാതെ പോയി. അതിനു കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രചരിപ്പിക്കുന്നത് പോലെ എണ്ണ കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നതാണോ? അല്ല എന്നതാണ് സത്യം! അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതനുസരിച്ച് ആഭ്യന്തരവിപണിയിൽ കമ്പനികൾ വില കുറച്ചിട്ടുണ്ടായിരുന്നു. എന്നാൽ മോഡി സർക്കാർ ചെയ്തത്, കമ്പനികൾ ഓരോ പ്രാവശ്യം വില കുറയ്ക്കുബോഴും അതിന്റെ ഗുണം ജനങ്ങളിൽ എത്തിക്കാതെ നികുതി നിരക്ക് കൂട്ടുകയായിരുന്നു! അങ്ങിനെ വില കൃത്രിമമായി കൂട്ടിയപ്പോൾ അതിന്റെ ഗുണം വാറ്റുനികുതി ചുമത്തുന്ന സംസ്ഥാനങ്ങൾക്കും ലഭിച്ചു.  

അന്തരാഷ്ട്ര വിപണിയിൽ പിന്നെയും വില കൂടാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലെ എണ്ണക്കമ്പനികൾ സ്വാഭാവികമായും വില വർദ്ധിപ്പിക്കാൻ തുടങ്ങി. എന്നാൽ കേന്ദ്ര സർക്കാർ ഇടയ്ക്കു കൂട്ടിയ നികുതികൾ കുറയ്ക്കാൻ തയ്യാറായില്ല (വളരെ നാളുകൾക്കു ശേഷം ഒരു ചെറിയ കുറവ് വരുത്തിയത് ഇവിടെ മറക്കുന്നില്ല). അതോടെ ഉപഭോക്താവ് നൽകേണ്ട നികുതിയടക്കമുള്ള എണ്ണ വില അസ്വാഭാവികമായി കൂടി. ജനജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുന്ന ഈ വില വർദ്ധനവിനെ സർക്കാരുകൾ നേരിട്ടത് രണ്ടു വിധത്തിലാണ്. മോഡി സർക്കാർ കപട ദേശീയ വാദവും മറ്റും ഉയർത്തി വിലവർദ്ധനവിനെ ചോദ്യം ചെയ്യുന്നത് ഒരു ദേശവിരുദ്ധ നടപടിയാണ് എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കേരളത്തിലെ പിണറായി സർക്കാർ ചെയ്തത് ഒരു വശത്തു സംസ്ഥാന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ല എന്നും ക്ഷേമപ്രവർത്തനങ്ങൾക്കു കൂടുതൽ തുക ആവശ്യമാണ് എന്നും ഉള്ള വാദം ഉയർത്തുകയും, മറുവശത്തു കേന്ദ്ര സർക്കാരിനെയും, എണ്ണക്കമ്പനികളെയും, എണ്ണ വില നിർണയം ഉദാരവത്കരിച്ച മുൻ സർക്കാരിനെയും കുറ്റപ്പെടുത്തുക എന്നതും ആയിരുന്നു. 

(മാതൃഭൂമി 17/10/2017)

സൗകര്യപൂർവം അവർ മറച്ചുവെക്കുന്നതു അടിക്കടി നികുതി നിരക്ക് കൂട്ടിയതാണ്, മറിച്ചു വില നിർണയത്തെ അന്താരാഷ്ട്രകമ്പോള വിലയുമായി ബന്ധിപ്പിച്ച ഉദാരവത്കരണമല്ല ഭാരതത്തിലെ എണ്ണ വില ഉയർന്നു നില്ക്കാൻ കാരണം എന്നതാണ്. 

അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതനുസരിച്ച് ആഭ്യന്തര വിപണിയിൽ വില കുറയുമ്പോൾ നികുതി നിരക്ക് കൂട്ടുകയുംമറിച്ച് അതേ രീതിയിൽ വിലകൂടുമ്പോൾ നികുതി നിരക്ക് കുറയ്ക്കാതെ ജനങ്ങളെ പിഴിയുകയും ചെയ്യുന്ന സർക്കാരുകൾ ഉദാരവൽക്കരണത്തെയും എണ്ണക്കമ്പനികളെയും പഴി ചാരുന്നതിലെ വഞ്ചന ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഓരോ പ്രാവശ്യവും വിപണിയിൽ വില കൂടുമ്പോൾ കേരള സർക്കാരിന് അധികമായി ലഭിക്കുന്നത് കോടികളാണ്. ഈ അധികവരുമാനത്തിൽ അല്പമെങ്കിലും ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കാതെ പിണറായി സർക്കാർ ഉദാരവൽക്കരണത്തെയും കുറ്റം പറഞ്ഞ് നമ്മെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ്‌!

ഇന്ത്യയിൽ തന്നെ പെട്രോളിന് ഏറ്റവും കൂടൂതൽ നികുതി ചുമത്തുന്ന ആറ് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. CPM തന്നെ ഭരിക്കുന്ന ത്രിപുരയിൽ 20% വാറ്റ് ഈടാക്കുമ്പോൾ 
കേരളത്തിൽ 34.09% വാറ്റ്ഈടാക്കുന്നതിലെ യുക്തി എന്താണ്



നികുതി വരുമാനം നഷ്ടപ്പെടുത്തണമെന്നല്ലമറിച്ച് വില വർദ്ധനയെ അധികവരുമാനം കിട്ടാനുള്ള കുറുക്കുവഴിയായി കാണാതിരിക്കണം എന്നാണ് അഭ്യർത്ഥന. പ്രത്യേകിച്ചും പാവപ്പെട്ട തൊഴിലാളികൾ പോലും സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള ഉപഭോക്ത്രസംസ്ഥാനത്ത്! ഒരു രൂപയ്ക്കു ഇത്ര നികുതി എന്നതിന് പകരം ഒരു ലിറ്ററിന് ഇത്ര രൂപ നികുതി എന്നതു അടിസ്ഥാനമായി എടുത്താൽ തന്നെ ജനങ്ങളിൽ അധികഭാരം ചുമത്താതെ  വരുമാനം സംരക്ഷിക്കാൻ സർക്കാരിന് കഴിയും എന്നതാണ് വസ്തുത.   

നികുതി കുറയ്കാൻ തീരെ നിർവാഹമില്ലെന്ന് പറയുന്നവർ തെരെഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇതേ ദാർഷ്ട്യം തുടരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം... 


No comments:

Post a Comment