Tuesday, October 17, 2017

പ്രസാദവും വിശ്വാസവും!

           മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലും വാവരുപള്ളിയിലും പോയി പ്രസാദം വാങ്ങിയതും കഴിച്ചതുമൊക്കെ വലിയ വാർത്തയായത് കണ്ടു. 
           ഈശ്വരവിശ്വാസമില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ്, പ്രസാദം വാങ്ങുന്നതിലോ കഴിക്കുന്നതിലോ ഒരു പ്രശ്നവുമില്ല എന്നതാണ് എന്റെ അഭിപ്രായം. അങ്ങിനെ ചെയ്യാതിരിക്കുന്നതാണ് ആ പ്രസാദം കൊടുക്കുന്ന മനുഷ്യരെ അവഹേളിക്കുന്നതിനു തുല്യം. 
           ദൈവവിശ്വാസമില്ലെങ്കിലും (കമ്മ്യൂണിസ്റ്റുമല്ല) എന്റെ വീട്ടിലെത്തുന്ന മധുരമുള്ള പ്രസാദങ്ങൾ ഏറ്റവും കൂടൂതൽ കഴിക്കുന്നത് ഈ ഞാൻ തന്നെയാണ്. കാരണം എനിക്ക് വിശ്വാസമില്ലാത്തത് ദൈവമെന്ന സങ്കൽപത്തിലാണ്, മറിച്ച് മധുരത്തിലല്ല!
            ഒരു മതവിഭാഗത്തിന്റെ പ്രസാദം കഴിക്കാൻ തയ്യാറാവാത്ത യുക്തിവാദികളെയും മറ്റു മതസ്ഥരെയും കണ്ടിട്ടുണ്ട്. അത് സ്വന്തം വിശ്വാസത്തിലുള്ള വിശ്വാസമില്ലായ്മയും ഭീരുത്വവുമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
           ഒരാൾ ഒരു പ്രസാദത്തിന്റെ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ അത് കേവലം ഒരു ഭക്ഷ്യവസ്തു മാത്രമല്ലേ? അത് കഴിക്കുന്നത് കൊണ്ട് തന്റെ വിശ്വാസത്തിന് എന്ത് സംഭവിക്കാൻ?

           അല്പം പായസം കുടിച്ചാൽ, ഒരു അപ്പകഷ്ണമോ കേക്കുകഷ്ണമോ തിന്നാൽ, ഒരു ആരാധനാലയം സന്ദർശിച്ചാൽ, ആഘോഷങ്ങളിൽ പങ്കുചേർന്നാൽ തകരുന്ന വിശ്വാസത്തെയും വിശ്വാസമില്ലായ്മയെയും കുറിച്ച് എന്ത് പറയാൻ!
          വിശ്വാസമില്ലാത്തവർ ആരാധനാലയങ്ങളിൽ പോവുന്നതോ പ്രസാദം കഴിക്കുന്നതോ അല്ല, വിശ്വാസമുള്ളവർ ജനങ്ങളെ കാണിക്കാനായി മാത്രം അത് മറച്ചുപിടിക്കുന്നുണ്ടെങ്കിൽ അതാണ് തെറ്റ്. 

No comments:

Post a Comment